Friday, July 17, 2009

നിലപാടുകള്‍ ഉണ്ടായിരിക്കണം

ദുരന്തം പല രൂപത്തിലും വരും. അത് ചിലപ്പോള്‍ ടി.വി. ചന്ദ്രന്റെ സിനിമയുടെ രൂപത്തിലാവും വരുക. വരാനുള്ളത് വഴിയില്‍ തങ്ങില്ല. അല്ലെങ്കില്‍ പത്രമാപ്പീസിലെ പണി കഴിഞ്ഞ് കോരിച്ചെരിയുന്ന കര്‍ക്കിടകമഴയില്‍ വല്ല വറുത്ത കായും കൊറിച്ച് ടി.വി കണ്ടിരിക്കേണ്ട ഞാന്‍ കഴിഞ്ഞ ദിവസം വൈകുന്നേരം 'വിലാപങ്ങള്‍ക്കപ്പുറം' കാണാന്‍ ഇറങ്ങിത്തിരിക്കില്ലല്ലോ. സംഭവിക്കാനുള്ളത് സംഭവിച്ചു. നിത്യജീവിതത്തിലെ സുഹൃത്തുക്കള്‍ക്കും പ്രതീതിലോകത്തിലെ ഓര്‍ക്കുട്ടന്മാര്‍ക്കും ബ്ലോഗന്മാര്‍ക്കും അത്തരം അബദ്ധങ്ങള്‍ സംഭവിക്കാതിരിക്കാനുള്ള താക്കീതാണ് ഈ പോസ്റ്റ്. (എന്നാല്‍ ഗുജറാത്ത് കലാപത്തില്‍നിന്നു രക്ഷപ്പെട്ട് ഒരു മുസ്ലിം പെണ്‍കുട്ടി കേരളത്തിലെത്തിയാല്‍ ഇവിടത്തെ മുസ്ലിംകള്‍ ഒന്നടങ്കം അവളെ പീഡിപ്പിച്ചുകൊല്ലുമെന്ന താക്കീതാണ് ഈ സിനിമ നല്‍കുന്നത്. ഈ പ്രബുദ്ധകേരളത്തില്‍ ജനിച്ചുപോയതുകൊണ്ട് പ്രവീണ്‍ തൊഗാഡിയ, പ്രമോദ് മുത്തലിക്ക് പരുവത്തിലുള്ള നേതാക്കളില്ലാത്തതില്‍ മനംനൊന്ത് വിഷമിക്കുന്ന സ്വയംസേവകര്‍ക്ക് സസന്തോഷം ഈ സിനിമ കാണാവുന്നതാണ്.)
അല്‍പസ്വല്‍പം ജനാധിപത്യബോധം ജീവിതത്തില്‍ സൂക്ഷിക്കുന്നവര്‍ക്കുള്ള പാഠം ഒന്ന്, ടി.വി ചന്ദ്രനും ആര്യാടന്‍ ഷൌക്കത്തും കൂട്ടുകൂടി ഉണ്ടാക്കുന്ന സാധനങ്ങള്‍ സ്വബോധത്തോടെ പോയി കാണരുത്. കേരളത്തില്‍ ജീവിക്കുന്ന മതേതര ജനാധിപത്യവിശ്വാസികളെ മണ്ടന്മാരാക്കുക, നമ്മുടെ നാടിനെപ്പറ്റി മറുദേശങ്ങളില്‍ തെറ്റായ ചിത്രം കൊടുക്കുക എന്നീ ദൌത്യങ്ങളുമായാണ് ഇവര്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഇടതുപക്ഷ പൊളിറ്റിക്കല്‍ സിനിമകള്‍ ചെയ്ത് സമാന്തര സിനിമയുടെ ശക്തനായ പ്രയോക്താവായി നിലകൊണ്ട ചന്ദ്രന്റെ ഭൂതകാലം മാത്രം മതി നമുക്ക്. കാശുമായി വരുന്ന അല്‍പപ്രതിഭകള്‍ക്കു പേരുണ്ടാക്കാന്‍ ഏതു പൈങ്കിളിക്കഥയും സിനിമയാക്കാന്‍ മടിയില്ലാത്ത പുതിയ ചന്ദ്രനെ ചലച്ചിത്രചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് നിഷ്പ്രയാസം ഇനി എഴുതിത്തള്ളാം എന്ന് നമ്മോടു പറയുന്നു ഈ സിനിമ. 'ഓര്‍മകളുണ്ടായിരിക്കണം' എന്ന സിനിമയെടുത്തിട്ടുണ്ട് ചന്ദ്രന്‍. നിലപാടുകള്‍ ഉണ്ടായിരിക്കണം എന്ന് ചന്ദ്രനെ ഓര്‍മപ്പെടുത്താന്‍ തോന്നും സിനിമ കണ്ടാല്‍.
ഇടതുപക്ഷ പൊളിറ്റിക്കല്‍ സിനിമ എടുത്തുവന്ന ചന്ദ്രന്‍ എങ്ങനെ മലപ്പുറം ഡിസ്ട്രിക്റ്റ് കോണ്‍ഗ്രസ് കമ്മിറ്റി അംഗവും നിലമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റും സര്‍വോപരി ആര്യാടന്‍ മുഹമ്മദിന്റെ മകനുമായ വലതുപക്ഷക്കാരന്റെ കഥയെടുത്ത് സിനിമയാക്കുന്നു എന്ന് ആലോചിക്കുമ്പോഴാണ് നമുക്ക് ചലച്ചിത്രം എന്ന, ഏറെ മുതല്‍മുടക്കുള്ള സര്‍ഗാത്മക വ്യാപാരത്തിന്റെ ഗുട്ടന്‍സ് പിടികിട്ടുക. കാശില്ലാതെ ഇടത്തോ വലത്തോ പക്ഷം പിടിച്ച് സിനിമയെടുക്കാന്‍ പറ്റില്ല. അപ്പോള്‍ വലതുപക്ഷ കഥകള്‍ കൊണ്ട് ചന്ദ്രന്‍ വലതുപക്ഷസിനിമ ഉണ്ടാക്കും. പച്ചനോട്ട് മുന്നില്‍ വരുമ്പോള്‍ ആദര്‍ശത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും അസ്ക്യത മാറിക്കിട്ടും.
അലിഗഢ് സര്‍വകലാശാല മുസ്ലിം തീവ്രവാദത്തിന്റെ ഫാക്ടറിയാണെന്ന് 'ദൈവനാമത്തില്‍' തുറന്നടിച്ച് മികച്ച കഥാകൃത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്കാരം വാങ്ങിയ ആളാണ് ഷൌക്കത്ത്. മികച്ച കഥാകൃത്തിന്റെ നോട്ടത്തില്‍ കേരളത്തിലെ പ്രധാനവില്ലന്മാര്‍ മുസ്ലിംകളാണ്. 'വിലാപങ്ങള്‍ക്കപ്പുറ'ത്തില്‍ ഗുജറാത്ത് കലാപത്തിനിടെ ബലാല്‍സംഗം ചെയ്യപ്പെട്ട് കേരളത്തിലെത്തിയ സാഹിറയെ ഇവിടത്തെ മുസ്ലിംകളെല്ലാം ചേര്‍ന്നു പല രൂപത്തില്‍ പീഡിപ്പിക്കുകയാണ്. അവളുടെ നിറമാറില്‍ നോട്ടമിട്ട സുധീഷ് അവതരിപ്പിക്കുന്ന കഥാപാത്രം അവളെ രണ്ടാംകെട്ട് കെട്ടാന്‍ ശ്രമിക്കുന്നു. അവളെ അനാഥാലയത്തില്‍നിന്ന് കല്യാണം കഴിക്കുന്ന സലീം(വി.കെ. ശ്രീരാമന്‍) അവളെ മോഹിച്ച് കെട്ടുന്നു. അയാള്‍ അവളെ ആദ്യരാത്രിയില്‍ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുന്നു. അങ്ങനെ ചിത്രത്തിലെ മുസ്ലിംകളെല്ലാം വഷളന്മാര്‍. ഒരു മുസ്ലിം പോലും അവളുടെ രക്ഷക്കെത്തുന്നില്ല.
സലീം സാഹിറയെ വിവാഹം കഴിക്കുന്ന ചടങ്ങില്‍ നിരന്നിരിക്കുന്ന മുസ്ലിംകള്‍ കോഴിക്കാല്‍ കടിച്ചു പറിക്കുന്നതിന്റെ വിസ്തരിച്ച ദൃശ്യങ്ങള്‍ കാണാം. ഭക്ഷണത്തോടുള്ള മുസ്ലിമിന്റെ അമിതതാല്‍പര്യം നമ്മുടെ സിനിമകളില്‍ പഴകിത്തേഞ്ഞ ഒരു ക്ലീഷേയാണ്. ഷൌക്കത്തിന്റെ 'ദൈവനാമത്തില്‍' എന്ന ചിത്രത്തില്‍ ആട്ടിന്‍തല പ്ലേറ്റില്‍ കണ്ട് ഛര്‍ദിക്കാനോടുന്ന മുസ്ലിംയുവതിയെ കാണാം. പെരുന്നാള്‍ ദിനാഘോഷവേളയില്‍ തീന്‍മേശയുടെ അലങ്കാരത്തികവായി പ്രത്യക്ഷപ്പെടുന്ന ആട്ടിന്‍തല താന്‍ രാവിലെ സുറുമയിട്ടു കണ്ണെഴുതിച്ച് താലോലിച്ച ആട്ടിന്‍കുട്ടിയുടേതാണെന്ന തിരിച്ചറിവില്‍ ഭക്ഷണം ഉപേക്ഷിച്ച് സമീറ എഴുന്നേല്‍ക്കുകയാണ്. ഭൂരിപക്ഷ സമുദായത്തിന്റെ മറുപുറം നിര്‍ത്തി മുസ്ലിം സമുദായത്തിന്റെ ഭക്ഷണശീലങ്ങളെ വിമര്‍ശിക്കുകയാണ് ഈ രംഗം. ഭാവന അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സഹജമായ നിഷ്കളങ്കതയെ ഊന്നിപ്പറയുന്നതിനുവേണ്ടിയല്ല ഈ ദൃശ്യം. മുസ്ലിമിന്റെ സവിശേഷതകളായി പൊതുസമൂഹം വിലയിരുത്തുന്ന (കുറ്റിച്ചിറയില്‍വന്ന് നമ്മെ പഠിച്ചുപോയ കരോളിന്‍ ഒസെല്ല, ഫിലിപ്പോ ഒസെല്ല എന്നീ നരവംശശാസ്ത്രജ്ഞര്‍ പറഞ്ഞതാണിത്) ആക്രമണോല്‍സുകത, ഹിംസ, മാംസഭക്ഷണശീലം എന്നീ സ്വഭാവങ്ങളെ തികച്ചും സ്വാഭാവികമായി ഒരു തീന്‍മേശയിലെ ആഹാരവേളയിലേക്ക് അവതരിപ്പിച്ചുകൊണ്ട് ലളിതമായ ഒരു വൈരുധ്യം തീര്‍ക്കുകയാണ് ഇവിടെ. നോമ്പിന് ഹോട്ടല്‍ തുറന്നതിന് പ്രതികാരമെന്നോണം അത് സ്ഫോടനത്തില്‍ തകര്‍ക്കുന്നതുപോലെയുള്ള ഹിംസ സൃഷ്ടിക്കുന്ന സാമൂഹികമായ ഉത്കണ്ഠയിലേക്ക് പ്രേക്ഷകനെ വൈകാരികമായി ഉദ്ദീപിപ്പിക്കുന്നതിനാണ് പ്ലേറ്റിലെ ആട്ടിന്‍തലയും അതിന്റെ നിസ്സഹായമായ തുറിച്ച കണ്ണുകളും വിസ്തരിച്ചു കാണിക്കുന്നത്. സമുദായത്തിന്റെ ഭക്ഷണശീലത്തില്‍ പോലും നിബദ്ധമായ ഹിംസയുടെ വംശമുദ്രയായി മുറിച്ചുവെച്ച ഈ ആട്ടിന്‍തല മാറുന്നു. അമിതലൈംഗികത (ബഹുഭാര്യാത്വം, സ്വവര്‍ഗപ്രേമം) ആക്രമണോല്‍സുകത, മതപരമായ കാര്യങ്ങളിലെ അമിതവൈകാരികത എന്നിവയുമായി ബന്ധപ്പെടുത്തിയാണ് മുസ്ലിം ന്യൂനപക്ഷത്തെ കേരളത്തിന്റെ പൊതുബോധം കാണുന്നതെന്ന് ഒസെല്ലമാര്‍ നിരീക്ഷിക്കുന്നു. ഒരു ജനസമൂഹത്തെ വഷളന്മാരാക്കി ചിത്രീകരിച്ചുകൊണ്ട് അവര്‍ക്കു മേല്‍ സാമൂഹികമായ നിയന്ത്രണം നേടിയെടുക്കുന്നതിനാണ് ഇത്തരം നെഗറ്റിവ് സ്റ്റീരിയോടൈപ്പുകളെ അവരുടെ സ്വഭാവത്തിന്റെ ഭാഗമായി ചിത്രീകരിക്കുന്നത്. ബഹുഭാര്യാത്വത്തെ മുസ്ലിമിന്റെ അമിത ലൈംഗികതയുടെ പ്രകടനമായി അവതരിപ്പിക്കുന്ന കീഴ്വഴക്കത്തിന് മലയാള സിനിമയുടെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. 'വിലാപങ്ങള്‍ക്കപ്പുറത്തി'ലും ഈ കീഴ്വഴക്കത്തെ ചന്ദ്രന്‍ നിരുപാധികം പിന്‍പറ്റുന്നു.
പ്രിയപ്പെട്ട ടി.വി ചന്ദ്രന്‍, ഗുജറാത്ത് വംശഹത്യയില്‍ സര്‍വവും നഷ്ടപ്പെട്ട മുസ്ലിംജനതയോട് ജനാധിപത്യകേരളം കാണിച്ച ആഴമേറിയ അനുകമ്പക്കും അവരുടെ സഹനങ്ങളോടുള്ള സമാനതകളില്ലാത്ത ഐക്യദാര്‍ഢ്യത്തിനും നിങ്ങള്‍ നല്‍കുന്ന അഭ്രമുദ്രയാണോ ഇത്? സംഘപരിവാറിന്റെ ഇറച്ചിവെട്ടുകാര്‍ക്കു മുന്നില്‍ പകച്ചുനിന്ന ഒരു ജനസമൂഹത്തോട് കേരളം പെരുമാറിയത് ഇങ്ങനെയാണെന്ന് അടയാളപ്പെടുത്തുന്ന ചരിത്രവിരുദ്ധതക്ക് എന്തു ന്യായീകരണമാണ് നിങ്ങള്‍ക്കു നല്‍കാനുണ്ടാവുക? കാശു കണ്ടാല്‍ കണ്ണു മഞ്ഞളിക്കുന്ന കോടമ്പാക്കത്തുകാരനായോ മാര്‍വാഡിപ്പണത്തിനു മുന്നില്‍ മുട്ടുമടക്കുന്ന തേഡ് റേറ്റ് സിനിമക്കാരനായോ അല്ല നിങ്ങളെ ഞങ്ങളുടെ മനസ്സില്‍ സ്ഥാനപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടാണ് പറയുന്നത്. നിലപാടുകള്‍ ഉണ്ടായിരിക്കണം. കൈവിടാതെ കാത്തുപോന്ന നിലപാടുകളെക്കുറിച്ച് ഓര്‍മകളുണ്ടായിരിക്കണം

Tuesday, July 14, 2009

അങ്ങനെ ഒരു മധ്യവേനല്‍ക്കാലത്ത്

ഒരു കാക്കക്കാലിന്റെ തണലുപോലുമില്ലാത്ത വേനലിലാണ് മലയാള സിനിമ. ആര്‍ട്ടായാലും പച്ചയായ കച്ചവടമായാലും കണ്ടിരിക്കാന്‍ കൊള്ളാവുന്ന സിനിമകളില്ല. നല്ല സിനിമയെടുക്കാന്‍ അറിയുന്നവരൊക്കെ ഒന്നുകില്‍ നമ്മെ വിട്ടുപോയി. മറ്റുള്ളവര്‍ പണി നിര്‍ത്തി വീട്ടിലിരിക്കുന്നു. തമിഴിലും ഹിന്ദിയിലും കുറെ ചെറുപ്പക്കാര്‍ ഞെട്ടിക്കുന്ന സിനിമകളുമായി വന്ന് വിലസുമ്പോള്‍ സര്‍ഗാത്മക ആര്‍ത്തവവിരാമം വന്ന കുറേപ്പേരുടെ പേക്കൂത്തുകള്‍ക്ക് സാക്ഷ്യം വഹിക്കേണ്ട ഗതികേടിലാണ് നാം. ചില പുതുമുഖങ്ങളൊക്കെ വന്നു. പക്ഷേ അതിനിടയില്‍ അക്ഷരാഭ്യാസമില്ലാത്തവര്‍ തിരക്കഥാകൃത്തുക്കളായി. കല്യാണവീഡിയോയുടെ കാമറ കണ്ടുപോലും ശീലമില്ലാത്തവര്‍ സംവിധായകരായി. രഞ്ജിത്ത് ശങ്കര്‍ മാത്രമാണ് ഈ വര്‍ഷത്തെ പ്രതീക്ഷ.
മുമ്പ് ഒരു പ്രതീക്ഷ തന്നു പോയതാണ് മധു കൈതപ്രം. 'ഏകാന്തം' എന്ന സിനിമയില്‍ നല്ല സിനിമക്കു വേണ്ടിയുള്ള ശ്രമമുണ്ടായിരുന്നു. ജയരാജ് സ്കൂളില്‍നിന്ന് രക്ഷപ്പെട്ട് പുറത്തുവന്നാല്‍ ഈ പയ്യന്നൂര്‍ക്കാരന്‍ നല്ല സിനിമ ചെയ്തേക്കും എന്ന ഭീഷണിയുണ്ടായിരുന്നു ആ ചിത്രത്തില്‍. 'ഏകാന്ത'ത്തിന് മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡ് കിട്ടി. അംഗീകാരത്തിന്റെ പെരുമഴയില്‍ കുളിച്ച് മധ്യവേനലുമായി മധു വന്നപ്പോള്‍ കണ്ടുകളയാമെന്നു കരുതി. ശ്രീ തിയറ്ററില്‍ ആളനക്കമുണ്ടായിരുന്നില്ല. ഞാന്‍ എന്നെങ്കിലും ഒരു ഓഫ്ബീറ്റ് സിനിമയെടുത്തുകളയുമെന്ന എന്റെ പേടി അതോടെ പമ്പ കടന്നു. ഉറക്കത്തില്‍ പോലും ഓഫ് ബീറ്റ് സിനിമയെടുക്കാതിരിക്കാനുള്ള പരിശീലനം ഞാന്‍ ഇന്നേ തുടങ്ങിയിട്ടുണ്ട്.
ആഗോളവത്കരണം നമ്മുടെ ഗ്രാമങ്ങളെ പിടിമുറുക്കുന്നത് കണ്ണൂരിന്റെ പശ്ചാത്തലത്തില്‍ പറയാന്‍ ശ്രമിക്കുകയാണ് മധു കൈതപ്രം. മധുവിനെ കുറ്റം പറയാന്‍ പറ്റില്ല. ആളൊരു സാത്വികനാണെന്നു തോന്നുന്നു. ഈ കാലത്തും സന്ദേശമുള്ള സിനിമകള്‍ ചെയ്യാന്‍ തുനിഞ്ഞ അസാമാന്യ ധൈര്യശാലി. ട്രഡീഷനല്‍ മലബാര്‍ ആര്‍ക്കിടെക്ചറില്‍ പണിത ഡിലാപിഡേറ്റഡ് മാളിക ജയരാജിന്റെ ഒബ്സഷനാണല്ലോ മധൂ. കുമാരന്‍ സഖാവിന് അത്രയും വലിയ വീടു വേണമായിരുന്നോ? മനോജ് കെ. ജയന്‍ മലയാളത്തിലെ അപാരമായ കഴിവുകളുള്ള നടനാണ്. 'പെരുന്തച്ചനി'ലെ നമ്പൂതിരിയും 'സര്‍ഗ'ത്തിലെ കുട്ടന്‍ തമ്പുരാനും അതിന് സാക്ഷ്യം പറയും. പക്ഷേ ഈ ചിത്രത്തില്‍ എന്തിനാണ് മനോജ് ഇങ്ങനെ നാടകം കളിക്കുന്നത് എന്നു മനസ്സിലാവുന്നില്ല. സംഭാഷണങ്ങള്‍ ഒക്കെ നാടകമായിപ്പോയതുകൊണ്ടാവും എന്നു കരുതി ആശ്വസിക്കുക തന്നെ. നാടകകൃത്ത് തിരക്കഥ എഴുതിയതുകൊണ്ട് സ്വാഭാവികതയുള്ള സംഭാഷണങ്ങള്‍ക്ക് പഞ്ഞം വന്നതാവാം. അറുപതു വയസ്സുള്ള ഒരാളായി മനോജിനെ കാസ്റ്റു ചെയ്തത് മറ്റൊരു ദുരന്തം. ശ്വേതാമേനോന്‍ ഒരു ആഷ് കളേഡ് ഖാദി സാരിയുടുത്ത് അല്‍പസ്വല്‍പം സ്വാഭാവികമായി അഭിനയിക്കുന്നുണ്ട്. പത്തുപതിനെട്ട് കൊല്ലം മുമ്പ് 'അനശ്വരം' എന്ന അസംബന്ധത്തിലൂടെ ഈ രംഗത്ത് എത്തിയ മെലിഞ്ഞ പെണ്ണ് പിന്നെ ബോംബെയിലും ബോളിവുഡിലുമെത്തി. കാമസൂത്രക്കു മോഡലായി സദാചാര പോലീസിനെ വിറപ്പിച്ചു. ഇപ്പോള്‍ മലയാളത്തിലെ ആര്‍ട്ട് സിനിമകളില്‍ വേഷമിടാനാണ് ഭാവം. സ്മിതാപാട്ടീലിന്റെ ഒരു മലയാളപതിപ്പിനുള്ള ചില സാധ്യതകള്‍ അളവൊത്ത ശരീരത്തിലും ഭാവങ്ങളിലുമുണ്ടെന്ന് തെളിയിക്കുന്നുണ്ട് 'മധ്യവേനലി'ല്‍ ശ്വേത. തുണിയോടുള്ള നിര്‍മമത മാറിക്കിട്ടാനും ഈ വേഷമാറ്റം സഹായിച്ചേക്കും. (എന്നാലും പഠിച്ചതേ പാടൂ. ഒരു നഴ്സറിക്കുട്ടിയുടെ ഉടുപ്പിട്ടു നില്‍ക്കുന്നതു കണ്ടു പുതിയ ഇന്ത്യാ ടുഡേയില്‍. അതില്‍ വിരോധമുണ്ടെന്നല്ല വിവക്ഷ) ന്യൂ ജനറേഷന്‍ ബാങ്കിന്റെ പ്രതിനിധിയായി വന്ന് നാട്ടുകാരെ കടക്കെണിയില്‍ ആഴ്ത്തുകയും ഖാദി സഹകരണ സൊസൈറ്റി തകര്‍ക്കുകയും ചെയ്യുന്ന യുവാവായി വന്ന അരുണിനെ വകവരുത്തി പ്രശ്നങ്ങള്‍ സിമ്പിള്‍ ആയി സോള്‍വു ചെയ്യുകയാണ് നായിക.
മധുവിന് നല്ല സിനിമകള്‍ എടുക്കണമെന്ന ആഗ്രഹമുണ്ട്. എന്നാല്‍ അത് പഴകിപ്പുളിച്ച ആര്‍ട്ട്സിനിമയുടെ ഫോര്‍മാറ്റില്‍ തന്നെ വേണോ?. ഈ കരച്ചിലും പിഴിച്ചിലുമില്ലാതെ കഥകള്‍ പറയാന്‍ പറ്റില്ലേ?. കഥാപാത്രത്തിന്റെ ദുഃഖം പ്രേക്ഷകന്‍ ഉള്‍ക്കൊള്ളുന്നതിനു മുമ്പ് ശബ്ദപഥത്തില്‍ സംഗീതോപകരണങ്ങള്‍ കൂട്ടക്കരച്ചില്‍ തുടങ്ങും. അതുകേട്ട് കഥാപാത്രങ്ങള്‍ മൂക്കു പിഴിയും. തിയറ്ററിലെ കട്ടപിടിച്ച ഇരുട്ടിലേക്ക് ശിക്ഷിക്കപ്പെട്ട പ്രേക്ഷകന്‍ പോക്കറ്റില്‍ കൈയിട്ട് കരയും. അവന്റെ നിശãബ്ദമായ നിലവിളി ആരു കേള്‍ക്കാന്‍! ഓരോ ഫ്രെയിമിലും യുവത്വത്തിന്റെ തുടിപ്പുകളുള്ള, ചടുലമായ ട്രീറ്റ്മെന്റില്‍ കഥ പറയുന്ന യുവസംവിധായകരെയാണ് സര്‍ഗാത്മകത വറ്റി വരണ്ട ചലച്ചിത്രകലയുടെ മധ്യവേനല്‍ക്കാലത്ത് മലയാളം പ്രതീക്ഷിക്കുന്നത്. മുപ്പതു വര്‍ഷം മുമ്പ് നമ്മുടെ സോകോള്‍ഡ് ആര്‍ട്ട് സിനിമാക്കാരന്‍ തുപ്പിനിറച്ച തുപ്പല്‍ കോളാമ്പിയില്‍ ദയവായി ഇനിയും കൈയിടരുത്.

Monday, July 13, 2009

പുതിയ കിരീടം

രണ്ടു സിനിമകളില്‍ പട്ടാളക്കാരനായി അഭിനയിച്ചതിന് മോഹന്‍ലാലിന് ലഫ്റ്റനന്റ് കേണല്‍ പദവി. അവതരിപ്പിക്കുന്ന വേഷങ്ങളാണ് ഇതുപോലുള്ള പദവികള്‍ക്കു മാനദണ്ഡമെങ്കില്‍ ലഫ്റ്റനന്റ് കേണല്‍ മോഹന്‍ലാലിനു തന്നെ ഇനിയുമെത്ര ബഹുമതികള്‍ നല്‍കാമെന്ന കാര്യം ആലോചിക്കാവുന്നതാണ്. 'ലാല്‍സലാമി'ലും 'രക്തസാക്ഷികള്‍ സിന്ദാബാദി'ലും സഖാവായതിന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാക്കാം. അല്ലെങ്കില്‍ വി.എസിന്റെ ഒഴിവു നികത്തി പോളിറ്റ്ബ്യൂറോയില്‍ കുടിയിരുത്താം. പെണ്ണുങ്ങളുടെ പിന്നാലെ ആടിപ്പാടി മരംചുറ്റി നടന്നതിന് പൂവാലശല്യത്തിന്റെ പേരില്‍ പിടിച്ച് അകത്താക്കാം. മീശ പിരിച്ച് മുണ്ടുരിഞ്ഞ് തെറിവിളിച്ചു നടന്നതിന് ഗുണ്ടാ ആക്ട് പ്രകാരം കേസെടുക്കാം. ശ്വാസം വിടാതെ പാടുന്ന ശാസ്ത്രീയ സംഗീതത്തിനനുസരിച്ച് ചുണ്ടനക്കിയതിന്റെ പേരില്‍ ശെമ്മാങ്കുടിക്കും മറ്റും കൊടുത്ത സംഗീതകലാനിധിപ്പട്ടം കൊടുക്കാം. ജഗന്നാഥന്‍, കാശിനാഥന്‍, ഇന്ദുചൂഡന്‍, നീലകണ്ഠന്‍, കാര്‍ത്തികേയന്‍, പരമേശ്വരന്‍ എന്നൊക്കെ പേരിട്ട് അവതാരവേഷമാടിയതിന്റെ പേരില്‍ വേണമെങ്കില്‍ ഒരു ക്ഷേത്രം തന്നെ നിര്‍മിച്ച് അവിടെ പ്രതിഷ്ഠിക്കാം. ഓരോ കഥാപാത്രവും ചെയ്തുകൂട്ടിയ തെറ്റുകളുടെ പേരില്‍ എണ്ണിയെണ്ണി ശിക്ഷിക്കാം. പ്രേക്ഷകരെ രണ്ടര മണിക്കൂര്‍ തിയറ്ററിലിട്ടു പീഡിപ്പിച്ച ചില സിനിമകളില്‍ അഭിനയിച്ചതിന്റെ പേരില്‍ ജീവപര്യന്തം തടവിലിടാം.
'നായര്‍സാബ്', 'സൈന്യം', 'പട്ടാളം', 'മിഷന്‍ 90 ഡേയ്സ്' എന്നീ സിനിമകളില്‍ പട്ടാളക്കാരനായി അഭിനയിച്ചതിന്റെ പേരില്‍ മമ്മൂട്ടിക്ക് ലഫ്റ്റനന്റ് കേണല്‍ പദവി കിട്ടാത്തതില്‍ മമ്മുക്കയുടെ ആരാധകര്‍ക്ക് ക്ഷോഭമില്ല. കാരണം അവര്‍ക്കറിയാമല്ലോ. കരസേനാ മേധാവി ദീപക് കപൂറിനു മുമ്പ് ലാലിന്റെ മാറില്‍ അശോകചക്രം പതിപ്പിച്ചത് മേജര്‍ രവിയാണ്. 23 വര്‍ഷം സൈന്യത്തെ സേവിച്ച് പിന്നെ ഇന്ത്യന്‍ സിനിമയിലെ സൈനിക കാര്യങ്ങളുടെ കണ്‍സള്‍ട്ടന്റ് ആയി മാറിയ പട്ടാളക്കാരന്റെ ചലച്ചിത്രമോഹങ്ങള്‍ക്ക് ആദ്യം സാക്ഷാത്കാരം നല്‍കിയത് ലാല്‍. ആ ഉദ്ദിഷ്ടകാര്യം സാധിച്ചതിന് സൈനിക തലത്തില്‍ പിടിപാടുള്ള മേജര്‍ രവിയുടെ കീര്‍ത്തിചക്രം. ഒക്കെ ഇമേജ് സെല്ലിംഗിന്റെ ഭാഗങ്ങള്‍. പ്രതിച്ഛായ വളര്‍ത്തുന്നതിന്റെ വഴികള്‍.കശ്മീര്‍ പ്രശ്നം, കാര്‍ഗില്‍ യുദ്ധം അങ്ങനെ സങ്കീര്‍ണമായ എന്തിനെയും ലളിതമായി പരിഹരിക്കുന്ന സിനിമകളില്‍ അഭിനയിച്ച് ലഫ്റ്റനന്റ് കേണല്‍ ആയതുകൊണ്ട് പ്രതിരോധ വകുപ്പിന്റെ ഉപദേഷ്ടാവായും വേണമെങ്കില്‍ സേവനമനുഷ്ഠിക്കാവുന്നതാണ്. ഡി.ടി.എസില്‍ മുഴങ്ങുന്ന വെടിയലര്‍ച്ചകള്‍കൊണ്ട് എളുപ്പം പരിഹരിക്കാവുന്നതേയുള്ളൂ ഇന്ത്യന്‍ സൈന്യം കാലങ്ങളായി നേരിടുന്ന പ്രശ്നങ്ങള്‍.
ലാലേട്ടന് 49ാം വയസ്സില്‍ കിട്ടിയ ഈ കീര്‍ത്തിചക്രത്തിന്റെ പേരില്‍ കുറ്റം പറയാന്‍ ഈയുള്ളവന്‍ ഉദ്ദേശിക്കുന്നില്ല. ദേവാസുരന്മാരുടെയും ആറാം തമ്പുരാക്കന്മാരുടെയും നാട്ടുരാജാക്കളുടെയും കത്തിവേഷങ്ങള്‍ക്കല്ലല്ലോ ഈ ഓണററി പദവി എന്ന ആശ്വാസമുണ്ട്. കാന്തഹാര്‍ വിമാനറാഞ്ചലിന്റെ പശ്ചാത്തലത്തിലാണ് മേജര്‍ രവിയുടെ അടുത്ത ചിത്രം. ആയിരക്കണക്കിന് പ്രേക്ഷകരെ ഒരുമിച്ച് ബന്ദിയാക്കുന്ന റാഞ്ചല്‍സിനിമയില്‍ ഇനി ലഫ്റ്റനന്റ് കേണല്‍ ലാലേട്ടനെ കാണാം.
('ബെര്‍ളിത്തരങ്ങളി'ലെ പ്രമാദമായ ആ പോസ്റ്റിന്റെ ദുര്‍ബലാനുകരണമായും അനുബന്ധമായും ഈ പോസ്റ്റ് വായിക്കാവുന്നതാണ്.)

Tuesday, July 7, 2009

മോഹന്‍ലാല്‍ വീണ്ടും മനുഷ്യനാവുന്നു

ഇടക്കിടെ ദൈവമായും ചെകുത്താനായും അവതരിച്ചതിന്റെ പരിക്കുകള്‍ ദേഹത്തു നീറുന്നതുകൊണ്ടാവാം ലാലേട്ടന്‍ മനുഷ്യനാവാന്‍ തീരുമാനിച്ചത്. അവസാനം ദൈവമായത് 'ഭഗവാന്‍' എന്ന സിനിമയിലായിരുന്നു. ഭഗവാനേ എന്തൊരു പരീക്ഷണമായിരുന്നു അത്. ആ സിനിമ കണ്ടിരുന്നെങ്കില്‍ സാക്ഷാല്‍ ഭഗവാന്‍ വന്ന് സംവിധായകനെയും ലാലേട്ടനെയും നരകത്തില്‍ കൊണ്ടുപോയി എരീതിയില്‍ എണ്ണയിലിട്ട് പൊരിക്കുമായിരുന്നു. ഭൂമിയില്‍ വിനാശങ്ങള്‍ വരുമ്പോള്‍ സംഭവാമീ യുഗേ യുഗേ എന്നു പറഞ്ഞ് അവതരിപ്പിക്കുമെന്നൊക്കെ മോഹിപ്പിച്ചിട്ട് സാക്ഷാല്‍ ഭഗവാന്‍ കാലുമാറി. ഈയടുത്ത കാലത്ത് ഭൂമിയില്‍ ഈ സിനിമയോളം വലിയ വിനാശം വന്നതായി അറിവില്ല. ഒരു ദിവസം കൊണ്ടാണത്രെ സിനിമ ചിത്രീകരിച്ചത്. മുപ്പതു ദിവസം ഷൂട്ട് ചെയ്തിട്ട് മലയാളസിനിമ നന്നാവുന്നില്ല. പിന്നെയല്ലേ ഒരു ദിവസം കൊണ്ടുള്ള കാക്കക്കുളി. തിരുവനന്തപുരം ശ്രീകുമാര്‍ തിയറ്ററില്‍നിന്നാണ് പടം കണ്ടത്. ലാലേട്ടന്റെ ആരാധകസാന്ദ്രത കൂടിയ അപകടമേഖലയായതുകൊണ്ട് ഒട്ടും നീരസം കാണിക്കാതെ മസിലുപിടിച്ച് ഓരോ ഫ്രെയിമും ആസ്വദിക്കുന്നതായി പാതിയിരുട്ടിലിരുന്ന് ഞാന്‍ അഭിനയിച്ചു. ഇന്റര്‍വെല്‍ ആയപ്പോള്‍ ലൈറ്റ് തെളിഞ്ഞു. ഞാനും വിശന്ന് അവശരായ രണ്ട് എലികളും മാത്രമുള്ള, യുഗദൈര്‍ഘ്യമുള്ള ആ ഏകാന്തതയില്‍ എന്റെ അഭിനയം വെറുതെയായി. ആശുപത്രിയില്‍ ബോംബു വെച്ച തീവ്രവാദികളെ ടെറസില്‍ പതിയിരുന്ന് ലാലേട്ടന്‍ കമ്പിപ്പാര കൊണ്ട് തലക്കടിച്ച് ക്രൈസിസ് മാനേജ്മെന്റ് നടത്തുന്ന രംഗം കണ്ടപ്പോള്‍ സത്യം പറയാമല്ലോ നെഞ്ചുതകര്‍ന്നുപോയി. ആ കമ്പിപ്പാര എന്റെ നെഞ്ചത്താണ് കൊണ്ടത്. അതൊക്കെ പോട്ടെ. ഒക്കെ ഓര്‍ക്കാന്‍ മടിക്കുന്ന കാര്യങ്ങള്‍. ഇപ്പോള്‍ ഇക്കാര്യം ഓര്‍ത്തുപോയത് ബ്ലെസിയുടെ 'ഭ്രമരം' കണ്ടപ്പോഴാണ്. ഇടക്കിടെ ദൈവമാകുന്ന സൂക്കേട് ലാലിന് ഭേദമായി വരുന്നതിന്റെ ലക്ഷണം കാണിക്കുന്ന ലാന്റ് മാര്‍ക്ക് സിനിമയായിരിക്കും 'ഭ്രമരം'.

വേണ്ട ചികില്‍സ തക്ക സമയത്ത് കിട്ടാതിരുന്ന കാലത്ത് ചില പ്രാന്തന്‍ ഡയലോഗുകള്‍ ലാലേട്ടന്‍ തട്ടിവിട്ടിട്ടുണ്ട്. (ഓര്‍ക്കാന്‍ മടിക്കുന്നവര്‍ സേഫായി ഈ പാര സ്കിപ്പ് ചെയ്തോളൂ. ഇക്കാര്യത്തില്‍ അല്‍ഷിമേഷ്സ് ബാധിച്ചവര്‍ക്ക് ധൈര്യമായി വായന തുടരാം) ''സര്‍വപ്രപഞ്ചത്തിന്റെയും കേന്ദ്രമായ പരബ്രഹ്മത്തിന്റെ കണ്‍ട്രോളുള്ള ഈ ചെറുപ്രപഞ്ചത്തിലെ ഹൈവേകളില്‍ ഞാന്‍ ഡ്യൂട്ടിക്കിറങ്ങാറുണ്ട്. ഇതുപോലുള്ള പാവം കൌണ്ടര്‍മാരുടെ രക്ഷകനായി''('രാവണപ്രഭു') ജഗന്നാഥന്‍, കാശിനാഥന്‍, ഇന്ദുചൂഡന്‍, നീലകണ്ഠന്‍, കാര്‍ത്തികേയന്‍, പരമേശ്വരന്‍ എന്നിങ്ങനെ പേരുകളെല്ലാം ശിവമയമായിരുന്നു. 'ഉന്നതങ്ങളില്‍', അച്ഛനെയാണെനിക്കിഷ്ടം' എന്നീ ചിത്രങ്ങളില്‍ ശരിക്കും ഭഗവാനായിരുന്നു ലാലേട്ടന്‍. എല്ലാം കാണുന്ന സാക്ഷാല്‍ ഭഗവാന്‍ ഇതൊന്നും കണ്ടില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ യുക്തിവാദിയാവാന്‍ അന്നെനിക്കു തോന്നിയിരുന്നു. തേരാളി മാസികയും ഇടമറുകിന്റെ ലേഖനങ്ങളും സത്യത്തില്‍ ഞാന്‍ അക്കാലത്താണ് വായിച്ചു തുടങ്ങിയത്.

'ഭ്രമരം' വലിയ പ്രതീക്ഷകളൊന്നുമില്ലാതെയാണ് കാണാന്‍ പോയത്. 'കാഴ്ച'ക്കും 'തന്മാത്ര'ക്കും ശേഷം ബ്ലെസിക്ക് ചുവടുപിഴച്ചുപോയിരുന്നു. 'പളുങ്കും' 'കല്‍ക്കട്ട ന്യൂസും' വല്ലാതെ നിരാശപ്പെടുത്തി. ബ്ലെസി അസോസിയേറ്റായി വര്‍ക്ക് ചെയ്ത ലോഹിതദാസിന്റെ 'സൂത്രധാരന്‍' തന്നെ അതേപടി കല്‍ക്കട്ടയില്‍ കൊണ്ടുപോയി റീമേക്ക് ചെയ്തത് എന്നെ അദ്ഭുതപ്പെടുത്തി. രണ്ടിലും മീരാ ജാസ്മിന്‍ വേശ്യാലയത്തില്‍ അകപ്പെടുന്നു. ദിലീപ് സൂത്രം കാണിച്ച് അവളെ രക്ഷപ്പെടുത്തുന്നു. മന്ത്രവാദത്തിന് ശാസ്ത്രീയാടിത്തറ ഉണ്ടെന്നൊക്കെ ദിലീപ് വാദിക്കുമ്പോള്‍ ദൈവമേ ബ്ലെസിയും പിന്തിരിപ്പനായോ എന്നു ചോദിച്ചുപോയി. മുണ്ടൂര്‍ രാവുണ്ണിയെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് തിരുവല്ലയില്‍ ജാഥ നയിച്ച നക്സലൈറ്റ് ഭൂതകാലം ഉണ്ടെന്ന് എവിടെയോ വായിച്ചിരുന്നു.

ഏതായാലും 'ഭ്രമരം' ബ്ലെസിയില്‍ ചില പ്രതീക്ഷകള്‍ ബാക്കിയാക്കുന്നു. ഏറെ കാലത്തിനു ശേഷം മോഹന്‍ലാല്‍ 'അഭിനയിച്ച' സിനിമയും ഇതാണ്. രാംഗോപാല്‍ വര്‍മയുടെ 'റോഡ്', ഭരതന്റെ 'താഴ്വാരം' എന്നീ ചിത്രങ്ങളെ ചിലപ്പോഴെങ്കിലും ഓര്‍മിപ്പിക്കുന്നുണ്ട് എന്നത് ഒരു കുറ്റമല്ല. മലയാളത്തിലെ ആദ്യത്തെ പാതചിത്ര(road movie)മായിരിക്കാം ഈ സിനിമ. മോഹന്‍ലാലിന്റെ മകളായി അഭിനയിച്ച കുട്ടിയുടെ കാസ്റ്റിംഗ് അമ്പേ പാളിപ്പോയി. ആ കഥാപാത്രത്തിന്റെ സ്വഭാവത്തിനുമില്ല ഒരു അടിത്തറ. ഒരു സുപ്രഭാതത്തില്‍ ഒരു പെണ്‍കുഞ്ഞ് അച്ഛനെ വെറുക്കുമോ? ഹിന്ദി സീരിയലുകളില്‍ വേഷമിടുന്ന സുരേഷ് മേനോന്‍ നല്ല അരങ്ങേറ്റമാണ് മലയാളത്തില്‍ നടത്തിയിരിക്കുന്നത്. ഭരത്ഗോപിയുടെ മകന്‍ വി.ജി. മുരളികൃഷ്ണന് അച്ഛന്റെ പേരു കളഞ്ഞില്ല. ഇനി ഇംഗ്ലീഷ് പത്രത്തില്‍ ചലച്ചിത്രം നിരൂപിച്ചു കഴിയേണ്ടിവരില്ല. ലാല്‍ജോസിനെ മൂലക്കിരുത്തുക എന്ന ഗൂഢലക്ഷ്യവുമായി 'രസികന്റെ' കഥയെഴുതിയതും മുഖ്യവില്ലനായി അഭിനയിച്ചതും അതില്‍ പാട്ടുപാടിയതും (ദൈവമേ എന്തും ചെയ്യും സുകുമാരന്‍) ഇനി ആരോടും പറയരുത്. ആരും ഇക്കാര്യം അദ്ദേഹത്തെ ഓര്‍മിപ്പിക്കുകയുമരുത്.

കോഴിക്കോട് അപ്സര തിയറ്ററില്‍ ഒഴിഞ്ഞു കിടക്കുന്ന കസേരകള്‍ ഒരു കാര്യം സാക്ഷ്യപ്പെടുത്തി. അത്ര വലിയ പരീക്ഷണങ്ങളൊന്നും ഇവിടെ പ്രേക്ഷകര്‍ക്ക് ആവശ്യമില്ല. അതിന് അവര്‍ തമിഴ്സിനിമ കണ്ടോളും എന്ന്.