Monday, March 22, 2010

പുതിയ നായകന്റെ അരങ്ങേറ്റം


കൊച്ചി അത്ര കച്ചറ പിടിച്ച ഇടമാണോ എന്നു തോന്നിപ്പോവും നമ്മുടെ ഗ്യാങ്സ്റ്റര്‍ സിനിമകള്‍ കണ്ടാല്‍. പല പാതിരാവിലും നടന്നുപോയിട്ടുള്ള വഴികളിലൊന്നും കണ്ടിട്ടില്ല കൊച്ചിയുടെ ഇത്രയും ഇരുണ്ട മുഖം. ശരിയായിരിക്കാം, ചോരക്കറ പിടിച്ച മിനുസമുള്ള ഒരു കത്തിയുടെ വായ്ത്തല ഇരുട്ടില്‍ ഇര വീഴുന്നതും കാത്ത് പതിയിരിപ്പുണ്ടാവാം. കുടലു കീറുന്നതിന്റെ ഒരു കരച്ചില്‍ ക്ലോസ് റേഞ്ചില്‍ കേട്ട് ഉന്മത്തനായി കൊലനിലങ്ങളില്‍ മറയുന്നുണ്ടാവാം. എന്തായാലും വരിക്കാശേãരി മനയെയും ചാരുപടിയുള്ള നാലുകെട്ടുകളെയും തുളസിത്തറകളെയും ഓട്ടുരുളിയെയും മാടമ്പു കുഞ്ഞുക്കുട്ടനെയും ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെയും അരിപ്പൊടിക്കോലമെഴുതുന്ന അഗ്രഹാരത്തെരുവുകളെയും വെങ്കിടേശ സുപ്രഭാതത്തെയും കൈവിട്ട് മരണത്തിന്റെ ചോരമണം തങ്ങിനില്‍ക്കുന്ന നഗരത്തിന്റെ ഇരുണ്ട മറുപുറങ്ങളിലേക്ക് മലയാള സിനിമ കണ്ണയക്കുന്നത് ഒരര്‍ഥത്തില്‍ നല്ലതാണ്. തൈരുസാദവും സാമ്പാറും കൂട്ടി മടുത്തു. സാത്വികഭാവങ്ങള്‍ മാത്രമല്ലല്ലോ മലയാളിക്കുള്ളത്. സംഹാരഭാവങ്ങള്‍, പകയും പ്രതികാരവുമൊക്കെ അവന്റെ ജീവിതത്തിന്റെ ഭാഗമാണല്ലോ. മലയാളിക്ക് ആര്‍ദ്രമായ പ്രണയവും വിരഹവും മാത്രമല്ല, അരക്കെട്ടില്‍ അഗ്നിയാളുന്ന കാമവും എരിഞ്ഞടങ്ങാത്ത പകയുടെ തീക്കനലുകളുമുണ്ടെന്ന് നമ്മെ നിരന്തരം ബോധ്യപ്പെടുത്തിയത് ഭരതനും പത്മരാജനും ചേര്‍ന്നായിരുന്നു. നമ്മുടെ മഹാനഗരങ്ങളുടെ ഇരുണ്ട മറുപുറങ്ങള്‍ കാണിക്കുന്ന സിനിമകള്‍ അത്തരമൊരു ദൌത്യം യാഥാര്‍ഥ്യബോധത്തോടെ നിര്‍വഹിക്കുന്നുണ്ടെങ്കില്‍ അത് സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. (എ.കെ. സാജന്റെ 'വയലന്‍സ്' അത്തരത്തില്‍ ഒരു ശ്രമമായിരുന്നു. നഗരനടുവില്‍ വാഹനപ്പുഴയെ മുറിച്ചുനീന്തുന്ന കാറിലിരിക്കുമ്പോള്‍ വിന്‍ഡ്സ്ക്രീനില്‍ മുഖമടിച്ചു വീഴുന്നവന്റെ ചോരയില്‍തൊട്ട് പകച്ചുപോയ മുഖത്തോടെ ലോഹിതദാസ് പറഞ്ഞു: ''ഈ ചോരയില്‍ ഒരമ്മയുടെ കണ്ണീരുണ്ട്, ഒരച്ഛന്റെ പിഴച്ചുപോയ കണക്കുകൂട്ടലുകളുണ്ട്'')
ലിജോ ജോസ് പല്ലിശേãരിയുടെ 'നായകന്‍' ഒരു പുതിയ സംവിധായകന്റെ വരവ് വിളിച്ചറിയിക്കുന്നു. ചിത്രത്തിന്റെ കഥക്ക് ഒരു പുതുമയുമില്ല. നാം കണ്ടുമടുത്ത ഗ്യാങ്വാര്‍ കഥ തന്നെ. കൊച്ചിയില്‍ രണ്ടു സംഘങ്ങളായി ചേരി തിരിഞ്ഞു നില്‍ക്കുന്ന ഗുണ്ടാപ്പടകള്‍. അവരില്‍ ചിലര്‍ കൂറുമാറുന്നു, പരസ്പരം വെടിവെച്ചു വീഴ്ത്തുന്നു. പക്ഷേ, ഒരു സംവിധായകന്റെ കടുംനിറത്തിലുള്ള കൈയൊപ്പ് പതിഞ്ഞ നിരവധി ദൃശ്യങ്ങള്‍ ഈ ചിത്രത്തില്‍ കാണാം. ക്വിന്റിന്‍ ടരന്റിനോ കേരളത്തില്‍ വരുകയാണെങ്കില്‍ ആദ്യം വഴി ചോദിക്കുക ലിജോ ജോസിനോടായിരിക്കുമെന്ന് തീര്‍ച്ച.
അപ്രതീക്ഷിതമായി ഞെട്ടാന്‍ ഒന്നും കരുതിവെക്കാത്ത സിനിമകള്‍ കണ്ടു മടുത്തവര്‍ക്ക് ചില ഫ്രെയിമുകളെങ്കിലും നല്‍കുന്നുണ്ട് ലിജോ. വ്യത്യസ്തമായ ഒരു ലൈറ്റിംഗ് പാറ്റേണില്‍ ഇരുണ്ട ചില ജീവിതങ്ങളെ അയാള്‍ വെളിച്ചത്തുകൊണ്ടുവരുന്നു. സിദ്ദിഖിന്റെ ആ ചെകുത്താന്‍ മജീഷ്യന്‍ ആല്‍ബട്രോസിനെപ്പോലെ ചിറകുവിരിച്ച് മുകളില്‍ പറന്നിരിക്കുന്ന ആ ദൃശ്യം എന്നെ ചെറുതായൊന്നു ഞെട്ടിച്ചു. ബാത്ത്ടബില്‍ ചോരയുടെ ചെറുജലാശയത്തില്‍ മുഖം കുനിച്ചുകിടക്കുന്ന അവളും വല്ലാത്തൊരു കാഴ്ചയായി. ഭ്രാന്തമായ മോഹാവേശത്തില്‍ സിദ്ദിഖ് അവളെ ചുറ്റിപ്പിടിച്ച് കഴുത്തില്‍ മുഖമമര്‍ത്തുമ്പോള്‍ ക്യാമറ തിരഞ്ഞുചെല്ലുന്ന വിദേശപെയിന്റിംഗുകളുടെ ആ ഫ്രെയിമും തീര്‍ച്ചയായും ഭാവിയുള്ള ഒരു സംവിധായകന്റേതു തന്നെ. പിളര്‍ന്ന ശിരസ്സിന്റെ ദ്വാരത്തിലൂടെയുള്ള കമ്പ്യൂട്ടര്‍ ജനറേറ്റഡ് കാഴ്ചക്കുമുണ്ട് ഒരു പുതുമ. ഈ ചിത്രം ഒരുപക്ഷേ ഇന്ദ്രജിത്തിനെ നായകസ്ഥാനത്തേക്ക് ഉയര്‍ത്തിയേക്കാം. നല്ല അഭിനയശേഷിയുള്ള ഒരു നടനുണ്ട് അയാളില്‍. അത് ഒരു മിന്നായം പോലെ പ്രകടമാവുന്ന റോളുകളേ ഇന്നുവരെ ഇന്ദ്രജിത്തിനു കിട്ടിയിട്ടുള്ളൂ.
ആര്‍ട്ടും ആക്ഷനും സമന്വയിപ്പിക്കാനുള്ള ചില ശ്രമങ്ങളുണ്ട് കഥയില്‍. തോടയം, കേളിക്കൈ, ആട്ടം, കലാശം എന്നീ ഖണ്ഡങ്ങളിലൂടെയാണ് കഥ പൂര്‍ത്തിയാവുന്നത്. അത്യാവശ്യം ഗൃഹപാഠം ചെയ്തെടുത്ത ഒരു പുതുതലമുറ സംവിധായകന്റെ സിനിമ എന്ന് ഒറ്റവാചകത്തില്‍ പറയാം.സ്റ്റോപ് വയലന്‍സ്, ബിഗ് ബി, ഇവര്‍, ഛോട്ടാ മുംബൈ, ക്വട്ടേഷന്‍, ബഡാ ദോസ്ത്, ബ്ലാക്ക്, സാഗര്‍ ഏലിയാസ് ജാക്കി (കര്‍ത്താവേ, അവസാനം പറഞ്ഞ ചിത്രത്തിന്റെ പേര് ഇനിയുമെന്നെ ഓര്‍മപ്പെടുത്തരുതേ...) തുടങ്ങിയ ഗ്യാങ്സ്റ്റര്‍ സിനിമകളില്‍നിന്ന് ചില ദൃശ്യങ്ങളുടെ വ്യത്യസ്തതകൊണ്ട് വേറിട്ടുനില്‍ക്കുന്നു ഈ ചിത്രം.മലയാളത്തിലെ ഗാങ്സ്റ്റര്‍ സിനിമയില്‍ പതിവായി പ്രത്യക്ഷപ്പെടുന്ന ഒരു നടനുണ്ട്. വിനായകന്‍. കൊച്ചി അധോലോകത്തിലെ തമ്മനം ഷാജി, വെട്ടില്‍ സുരേഷ്, കില്ലര്‍ ജെയ്മി, ചാത്തന്‍ ഗോപി, മിലിട്ടറി കണ്ണന്‍, മലയാറ്റൂര്‍ സന്തോഷ്, മകുടി കുട്ടന്‍, വേട്ടാളന്‍ ബിജു തുടങ്ങിയ ഗുണ്ടകളുടെ രൂപസാമ്യമുള്ളതുകൊണ്ടാണ് വിനായകന്‍ ഇത്തരം ചിത്രങ്ങളിലെ നിത്യസാന്നിധ്യമായത്. നായകനില്‍ പക്ഷേ അത്തരം രൂപങ്ങളില്ല. കേരളീയ സമൂഹത്തിലെ ക്രിമിനല്‍വത്കരണത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന ഉസ്മാനിയ സര്‍വകലാശാലയിലെ ഡോ.ബാബു ജോസഫ് പറയുന്നത് ഇത് ഗുണ്ടകളുടെ നാലാംതലമുറയാണെന്നാണ്. ശരീരഭാഷയുടെ പ്രത്യേകത കൊണ്ടോ വേഷവിധാനം കൊണ്ടോ വേര്‍തിരിക്കാന്‍ കഴിയാതെ പൊതുസമൂഹത്തില്‍ ലയിച്ചുചേര്‍ന്ന അപകടകാരികളുടെ തലമുറ. ഇന്ദ്രജിത്തിനെപ്പോലുള്ള സുമുഖന്മാരാണ് ഇവരില്‍ കൂടുതലും. സിനിമയില്‍ അഭിനയിപ്പിക്കാനുള്ള ഗ്ലാമര്‍ ഇല്ലേ പോള്‍വധക്കേസില്‍ അകത്തായ ഓംപ്രകാശിന്? പ്രണയമോ ആര്‍ദ്രഭാവങ്ങളോ കുടുംബജീവിതക്കാഴ്ചകളോ ഇല്ലാത്ത ഈ വരണ്ട സിനിമ തിയറ്ററില്‍ രക്ഷപ്പെട്ടാല്‍ ദൃശ്യങ്ങളില്‍ പരീക്ഷണം നടത്തുന്ന ഒരു സംവിധായകനെ കൂടി കിട്ടുമായിരുന്നു നമുക്ക്.

Monday, March 8, 2010

ഖാന്‍ എന്നത് വെറുമൊരു പേരല്ല


കരണ്‍ ജോഹറിന്റെ സിനിമകളോട് ഒരു കാലത്തും എനിക്ക് താല്‍പര്യം തോന്നിയിട്ടില്ല. 'കുഛ് കുഛ് ഹോത്താ ഹെ' കാണുന്നത് പി.ജിക്കു പഠിക്കുമ്പോഴാണ്. റാണി മുഖര്‍ജി നഴ്സറിക്കുട്ടിയുടെ ഉടുപ്പിട്ട് നിഷ്കളങ്കയായി നിന്നു തുള്ളുന്ന ആ ഗാനരംഗമല്ലാതെ മറ്റൊന്നുകൊണ്ടും ആ സിനിമ എന്നെ പ്രലോഭിപ്പിച്ചിട്ടില്ല. അതുകൊണ്ടു തന്നെ പിന്നീടുവന്ന കരണ്‍ ജോഹര്‍ സിനിമകള്‍ കാണാന്‍ ശ്രമിച്ചിട്ടുമില്ല. എന്നാല്‍ ശിവസേനക്കാര്‍ക്കു നന്ദി പറയണം. ആ സ്റ്റുപിഡ് ഹൂളിഗന്‍സ് കാരണം ഞാന്‍ ജോഹറിന്റെ ഏറ്റവും പുതിയ സിനിമ കണ്ടു. ഒരു കാര്യം ഉറപ്പിച്ചു പറയാം. 'മൈ നെയിം ഈസ് ഖാന്‍' ഒരു സൂചനയാണ്. മള്‍ട്ടിപ്ലക്സ് തിയറ്ററിലെ കാണിയെ മുന്നില്‍ കണ്ട് പരീക്ഷണാത്മക സിനിമ ഒരുക്കുന്ന അനുരാഗ് കശ്യപും വിശാല്‍ ഭരദ്വാജും മധുര്‍ ഭണ്ഡാര്‍ക്കറും മാത്രമല്ല ബോളിവുഡിനെ മാറ്റി മറിക്കുന്നത്. വര്‍ണാഭമായ സെറ്റുകളും വിദേശ ലൊക്കേഷനുകളിലെ ഒറ്റപ്പീസ് സ്വിംസ്യൂട്ട് ഡാന്‍സുകളും നടീനടന്മാരെല്ലാം ക്യാമറയെ നോക്കിച്ചിരിക്കുന്ന ഗ്രൂപ്പ് ഫോട്ടോ ക്ലൈമാക്സും കണ്ട് നാമെന്നും കളിയാക്കിച്ചിരിച്ച ബോളിവുഡിന്റെ മുഖ്യധാരയും മാറുകയാണ്. ഗൌരവമുള്ള ഒരു പ്രമേയം ടിപ്പിക്കല്‍ ബോളിവുഡ് മസാലകളില്ലാതെ അവതരിപ്പിച്ച കരണ്‍ ജോഹര്‍ അതിന്റെ സൂചനയാണ്.
സെപ്റ്റംബര്‍ പതിനൊന്നിനു ശേഷം മുസ്ലിംകള്‍ അമേരിക്കയില്‍ നേരിടുന്ന സ്വത്വപ്രതിസന്ധിയെക്കുറിച്ചുള്ള തികഞ്ഞ ഒരു രാഷ്ട്രീയ പ്രസ്താവനയാണ് ഈ സിനിമ. ഒറ്റവായനയില്‍ പ്രോ അമേരിക്കന്‍ സിനിമ എന്ന തോന്നല്‍ ഉണ്ടാക്കുമെങ്കിലും ചിത്രത്തിലെ പോസിറ്റിവ് ആയ കാര്യങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാവില്ല. ജി.പി. രാമചന്ദ്രന്‍ പറഞ്ഞത് ശരിയാണ്. ചുഴലിക്കൊടുങ്കാറ്റില്‍പെട്ട കുടുംബത്തെ രക്ഷിച്ച് കാരുണ്യ പ്രവര്‍ത്തനം നടത്തി ടെലിവിഷന്‍ ചാനലുകളിലൂടെ ശ്രദ്ധ നേടിയ റിസ്വാന്‍ ഖാന്‍ താനൊരു മനുഷ്യ സ്നേഹിയാണ്, ഭീകരനല്ല എന്ന് അമേരിക്കയെ സ്വന്തം ജീവിതം കൊണ്ട് ധരിപ്പിക്കുന്നു എന്നിടത്താണ് പ്രമേയം പാളിപ്പോവുന്നത്. താന്‍ രാജ്യസ്നേഹിയാണ് എന്ന് തെളിയിക്കാന്‍ ഇന്ത്യയിലെ ഓരോ മുസ്ലിമും ബാധ്യസ്ഥരാവുന്നതുപോലെ അമേരിക്കയില്‍ താന്‍ മനുഷ്യസ്നേഹിയാണെന്ന് തെളിയിച്ചാല്‍ മാത്രമേ മുസ്ലിമിനും കറുത്ത വര്‍ഗക്കാരനും രക്ഷയുള്ളൂ?
ഖാന്‍ എന്നതു വെറുമൊരു പേരല്ല. ബോളിവുഡിലെ വിനോദവ്യവസായത്തിന്റെ ചരിത്രം തിരുത്തിയെഴുതിയ ബ്രാന്‍ഡ് നെയിം ആണത്. മഹ്ബൂബ് ഖാന്‍ എന്ന സംവിധായകനില്‍ തുടങ്ങുന്നു ആ ഇതിഹാസത്തിന്റെ ചരിത്രം. യൂസുഫ് ഖാന്‍ എന്ന ദിലീപ്കുമാറിലൂടെ അത് വളര്‍ന്നു. ബോളിവുഡിന്റെ ചരിത്രത്തില്‍ ഓരോ ദശകത്തെയും ആഴത്തില്‍ സ്വാധീനിച്ച ഖാന്‍മാര്‍ നിരവധി. സലിംഖാന്‍, ഫിറോസ് ഖാന്‍, സഞ്ജയ് ഖാന്‍, അംജദ് ഖാന്‍ എന്നിവരില്‍ തുടങ്ങി അതിപ്പോള്‍ ആമിര്‍ഖാന്‍, ഷാറൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, സൈഫ് അലി ഖാന്‍, ഇര്‍ഫാന്‍ ഖാന്‍, ഇമ്രാന്‍ ഖാന്‍, അര്‍ബാസ് ഖാന്‍, ഫറാ ഖാന്‍, സുഹൈല്‍ ഖാന്‍ എന്നിവരില്‍ എത്തി നില്‍ക്കുന്നു. കപൂര്‍മാരെയും ഖന്നമാരെയും പോലെ ബോളിവുഡിന്റെ ചരിത്രത്തില്‍ അവര്‍ തങ്ങളുടെ പേര് കടുംനിറത്തില്‍ എഴുതിച്ചേര്‍ത്തു. അപ്പോള്‍ ഖാന്‍ വെറുമൊരു പേരല്ല. കലയിലും സംസ്കാരത്തിലും തങ്ങളുടേതായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയ ഒരു സാമുദായികസ്വത്വത്തിന്റെ അടിവേരുകള്‍ അതില്‍ പടര്‍ന്നുകിടപ്പുണ്ട്. തുര്‍ക്കികളുടെയും മുഗളരുടെയും വംശപരമ്പരയില്‍നിന്നു വന്ന പേര്. ഖാന്‍ എന്ന സര്‍നെയിമുള്ളവരെ പേടിക്കുന്ന ഒരു രാജ്യത്ത് ഒരു ഖാന്‍ വന്നുപെട്ടാല്‍ എന്തു സംഭവിക്കും? അതിനുള്ള ഉത്തരമാണ് 'മൈ നെയിം ഈസ് ഖാന്‍'. അതില്‍ പേടി കൊണ്ട് നിലതെറ്റിയ ഒരു നാടിന്റെ ദയനീയമായ ചിത്രമുണ്ട്. മതാതീതമായ മനുഷ്യസ്നേഹത്തിനുവേണ്ടിയുള്ള പ്രാര്‍ഥനയുണ്ട്. പലരുടെയും കയ്പേറിയ അനുഭവങ്ങളുടെ കറയുണ്ട്. ഖാന്‍ എന്ന പേരു മൂലം അമേരിക്കയില്‍ ഒരാള്‍ നേരിടുന്ന പ്രയാസങ്ങള്‍ പറയുന്ന സിനിമ പൂര്‍ത്തിയാക്കി രണ്ടാഴ്ചക്കുള്ളില്‍ അവിടെ അതേ അനുഭവം ഷാറൂഖിന് നേരിടേണ്ടി വന്നിരുന്നു.
'അമേരിക്ക ഒരു കാര്യം മനസ്സിലാക്കണം. ഇരുനൂറോളം രാജ്യങ്ങള്‍ ചേര്‍ന്നതാണ് ലോകം. അതില്‍ അമേരിക്ക സമാന്തരമായി നില്‍ക്കുന്ന ഒരു പ്രപഞ്ചമല്ല. ലോകത്തു നടക്കുന്ന നന്മ തിന്മകള്‍ സൃഷ്ടിക്കുന്നതില്‍ ലോകത്തിന് മുഴുവന്‍ ഉത്തരവാദിത്തമുണ്ട്. ഭീകരവാദത്തെയും അക്രമത്തെയും ഭയക്കുന്നുവെങ്കില്‍ അതിനുത്തരവാദികള്‍ ലോകം മുഴുവനുമാണ്. അതില്‍ അമേരിക്ക മാത്രമായി നിറവേറ്റേണ്ട പ്രത്യേക ഉത്തരവാദിത്തമൊന്നുമില്ല. അമേരിക്കയില്‍ വരുന്നവര്‍ ആ രാജ്യത്തിന്റെ നിയമങ്ങള്‍ അനുസരിക്കണമെന്ന വസ്തുത അംഗീകരിക്കുന്നു. എന്നാല്‍, കുറച്ചുകൂടി നല്ല രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അമേരിക്കയും ശ്രമിക്കുന്നത് നന്നായിരിക്കും' വില്ലനു നേരെ തോക്കു ചൂണ്ടി ഡയലോഗടിച്ചതല്ല. സഹികെട്ട ഷാറൂഖ് ഖാന്‍ സി.എന്‍.എന്‍ ഐ.ബി.എന്‍ ചാനല്‍ മുമ്പാകെ പറഞ്ഞുപോയതാണ്. ഇന്ത്യന്‍ സ്വാതന്ത്യ്ര ദിനാഘോഷത്തിന്റെ ഭാഗമായി അമേരിക്കയിലെത്തിയതായിരുന്നു അദ്ദേഹം. നെവാര്‍ക് വിമാനത്താവളത്തിലെ കമ്പ്യൂട്ടറില്‍ ഒരു തീവ്രവാദിപ്പട്ടികയുണ്ട്. അതില്‍ കുറേ ഖാന്‍മാരുണ്ട്. പട്ടികയിലെ പേരുമായി സാമ്യമുണ്ടെന്നു തോന്നി ഉദ്യോഗസ്ഥര്‍ രണ്ടു മണിക്കൂര്‍ ചോദ്യംചെയ്തു. അമേരിക്കയിലെ ന്യൂസ് വീക്ക് എന്ന വാരിക ലോകത്തെ ശക്തരായ അമ്പതുപേരില്‍ ഒരാളായി തെരഞ്ഞെടുത്തയാളാണ്. അവിടത്തെ മള്‍ട്ടിപ്ലക്സുകളില്‍ മാസങ്ങളോളം നിറഞ്ഞോടുന്ന ബോളിവുഡ് മസാലകളിലെ ചിരപരിചിതമായ രൂപം. അങ്ങനെയുള്ളവര്‍ക്കുപോലും അമേരിക്കയില്‍ രക്ഷയില്ല.
കമല്‍ഹാസനിലെ ഹാസന്‍ ഹസനാണോ എന്നൊക്കെ പരിശോധിക്കാന്‍ വിമാനത്താവളത്തില്‍ പ്രത്യേകം സ്ക്വാഡിനെ ഏര്‍പ്പാടാക്കിയിട്ടുള്ള രാജ്യമാണ് അത്. മമ്മൂട്ടി എന്ന പേര് പൊതുവെ തീവ്രവാദികള്‍ക്കാണ് എന്ന് ഏതാണ്ടൊരു തീര്‍പ്പുള്ളതുകൊണ്ട് മലയാളത്തിന്റെ മെഗാതാരത്തിനും അവിടെ കാത്തുകെട്ടിക്കിടക്കേണ്ടി വന്നു കുറേ നേരം. മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിനെ അമേരിക്കയിലേക്കുള്ള യാത്രക്കു മുമ്പുതന്നെ യു.എസ് വിമാനക്കമ്പനി ന്യൂദല്‍ഹിയില്‍ ദേഹപരിശോധന നടത്തി, ലോകവ്യാപാരകേന്ദ്രം തകര്‍ക്കാന്‍ തക്ക വീര്യമുള്ള ബോംബൊന്നും ആ വന്ദ്യവയോധികന്‍ അരയില്‍ കരുതിയിട്ടില്ലെന്ന് ഉറപ്പുവരുത്തിയിരുന്നു. ഇസ്ലാമോ ഫോബിയ തൊലി വെളുത്ത സായിപ്പിനു മാത്രം പറഞ്ഞിട്ടുള്ളതല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ഇങ്ങ് ഇന്ത്യയില്‍ ശിവസൈനികര്‍ പോസ്റ്ററുകള്‍ കീറിയും കോലം കത്തിച്ചും നേരം കളഞ്ഞു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പാകിസ്താന്‍ കളിക്കാര്‍ക്കു കൂടി ഇടം നല്‍കണമെന്നു പറഞ്ഞതാണ് പ്രശ്നം. അപ്പോള്‍തന്നെ അവര്‍ക്ക് കിംഗ് ഖാന്റെ രാജ്യസ്നേഹത്തില്‍ സംശയം തോന്നി. ഒരു ആശയത്തെയും ആശയംകൊണ്ട് നേരിടാന്‍ അറിയാത്തതുകൊണ്ട് ശിവസേന അണികള്‍ക്ക് കുന്തവും ത്രിശൂലവും പെട്രോളും തീപ്പെട്ടിയുംകൊടുത്ത് നെറ്റിയില്‍ നീട്ടി കുറി വരച്ച് ആരതിയുഴിഞ്ഞ് വിട്ടു. അത്രയുമാണ് സംഭവിച്ചത്. 'മൈ നെയിം ഈസ് ഖാന്‍' അര്‍ഹിക്കുന്ന പ്രീ പബ്ലിസിറ്റി അവര്‍ കൊടുത്തു. അതുകൊണ്ടു തന്നെ രാഷ്ട്രീയ ഉള്ളടക്കമുള്ള ഒരു ഹിന്ദി സിനിമ കൂടുതല്‍ പേര്‍ കണ്ടു. അമേരിക്കയുടെ വംശീയ മുന്‍വിധിയെപ്പറ്റിയുള്ള സിനിമ കണ്ടപ്പോള്‍ കരണ്‍ ജോഹറെക്കുറിച്ചുള്ള എന്റെ മുന്‍വിധി മാറിക്കിട്ടി.