2002ലെ ചലച്ചിത്രമേളയില്‍ നിന്നാണ് The Posthumous Memoirs എന്ന ബ്രസീലിയന്‍ സിനിമ കണ്ടത്. 1881ല്‍ Joaquim Maria Machado De Assis എഴുതിയ The Posthumous Memoirs of Bras Cubas എന്ന നോവലിനെ ആസ്പദമാക്കി Andre Koltzel സംവിധാനം ചെയ്ത ചിത്രം. ബ്രാസ് ക്യൂബാസ് തന്റെ ശവകുടീരത്തില്‍നിന്ന് എഴുന്നേറ്റു വന്ന് ഓര്‍മകള്‍ അയവിറക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ അവതരണം. ആരാലും സ്നേഹിക്കപ്പെടാതെ, വംശപരമ്പര നിലനിര്‍ത്താന്‍ പിന്‍ഗാമികളില്ലാതെ ഒടുങ്ങിപ്പോവുന്ന ഒരു ജീവിതം. കപടനാട്യങ്ങളുടെയും പ്രണയവഞ്ചനകളുടെയും ആത്മാര്‍ഥതയില്ലാത്ത സ്നേഹപ്രകടനങ്ങളുടെയും ഒരനുഭവലോകം അയാള്‍ ഓര്‍മകളില്‍നിന്ന് വീണ്ടെടുക്കുന്നു. ജീവിതത്തിന്റെ നിരാശയും ദുരിതങ്ങളും അനുഭവിക്കാന്‍ താന്‍ കുട്ടികള്‍ക്കു ജന്മം നല്‍കിയിട്ടില്ലെന്ന് ആശ്വസിക്കുന്നുണ്ട് ക്യൂബാസ്. ഒറ്റപ്പെട്ട ഒരു മനുഷ്യന്റെ ജീവിതത്തിലൂടെയുള്ള ഒരു യാത്രയാണിത്. പരാജയപ്പെട്ട അയാളുടെ പ്രണയങ്ങള്‍, ചെയ്തുകൂട്ടിയ വിഡ്ഢിത്തങ്ങള്‍. അബദ്ധങ്ങള്‍, അസംബന്ധങ്ങള്‍.Epitaph of a Small Winner എന്ന് ഒരു ഉപശീര്‍ഷകം കൂടിയുണ്ടായിരുന്നു അസ്സിസിന്റെ നോവലിന്. ഒരു ചെറിയ വിജയിയുടെ ശവകുടീരലിഖിതം. വാസ്തവത്തില്‍ ഒരു പരാജിതന്റെ ശിരോലിഖിതങ്ങളുടെ പുനര്‍വായനയായിരുന്നു അത്. ഇതേ ചലച്ചിത്രമേളയില്‍ തന്നെ ടി.വി. ചന്ദ്രന്റെ 'ഡാനി'യും പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. പ്രമേയപരമായ സാദൃശ്യം കൊണ്ട് ഞങ്ങള്‍ The Posthumous Memoirsനെ ബ്രസീലില്‍നിന്നുള്ള ഡാനി എന്നു വിളിച്ചു. കപടനാട്യങ്ങളുടെയും സ്നേഹാഭിനയങ്ങളുടെയും അവഗണനയുടെയും കയ്പുനിറഞ്ഞ ഒരു ജീവിതം ജീവിച്ചുതീര്‍ക്കുന്ന ഡാനിക്കും ക്യൂബാസിനും തമ്മില്‍ പൊതുവായി എന്തൊക്കെയോ ഉണ്ടായിരുന്നു. രണ്ടു ദേശങ്ങളോട് ഒരേ വികാരത്തോടെ സംസാരിച്ച ഇരുവരും ഒരു ദേശത്തിന്റെ തിരശãീലയിലിരുന്ന് സ്വയം കളിയാക്കി ചിരിച്ചു.
ഈ രണ്ടു ചിത്രങ്ങളുടെയും ദൃശ്യപഥങ്ങളില്‍ ആക്ഷേപഹാസ്യത്തിന്റെ ശക്തമായ അടിയൊഴുക്കുണ്ടായിരുന്നു. അവ നമ്മുടെ ഹിപ്പോക്രിസിയെ നല്ലവണ്ണം കളിയാക്കി. ആരെ ബോധിപ്പിക്കാനാണ് നിങ്ങളിങ്ങനെ അഭിനയിക്കുന്നത് എന്ന് നമ്മോട് ചോദിച്ചു. നിങ്ങളുടെ പുഞ്ചിരിക്കു പിന്നില്‍ സ്വാര്‍ഥതയുടെ, വഞ്ചനയുടെ എത്ര ദംഷ്ട്രകള്‍ എന്ന് വിസ്മയംകൊണ്ടു. കപടലോകത്തില്‍ ആത്മാര്‍ഥമായ ഹൃദയമുള്ളതുകൊണ്ടു മാത്രം പരാജയപ്പെടുന്ന ചില മനുഷ്യരെ കാട്ടിത്തന്നു.
പുതിയ രഞ്ജിത്തിന്റെ ('തിരക്കഥ'ക്കും ':കേരള കഫേ'ക്കും 'പാലേരി മാണിക്യ'ത്തിനും മുമ്പുള്ള രഞ്ജിത്ത് മലയാളസിനിമക്കു ചെയ്തുകൂട്ടിയ ദ്രോഹങ്ങളും ഉപദ്രവങ്ങളും ചില്ലറയല്ല. മലയാളിപ്രേക്ഷകന്റെ സംവേദനശീലത്തില്‍ നഞ്ചുകലക്കിയ അയാളെ നമുക്ക് ചലച്ചിത്രചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് നിഷ്പ്രയാസം എഴുതിത്തള്ളാം) പ്രാഞ്ചിയേട്ടനും പുണ്യാളനും കണ്ടപ്പോള്‍ ഓര്‍മ വന്നത് ഈ രണ്ടു ചിത്രങ്ങള്‍. അനുകരണമോ അനുകല്‍പനമോ ചോരണമോ ആരോപിക്കാനല്ല ആ സിനിമകളെ ഇങ്ങനെ ഓര്‍ത്തത്. മൂന്നും മൂന്നു സിനിമകള്‍ തന്നെയാണ്. കഴിഞ്ഞ പോസ്റ്റില്‍ സൂചിപ്പിച്ചതുപോലെ ഭാവനയുടെ വിഭ്രാമകമായ ഏതോ സഞ്ചാരപഥങ്ങളില്‍ പ്രതിഭകള്‍ ഒരുമിച്ചു സഞ്ചരിക്കുന്നുണ്ടാവണം. എല്ലാ സാമ്യതകളും അങ്ങനെ വരുന്നതാണ്.
കപടലോകത്തില്‍ ആത്മാര്‍ഥമായ ഒരു ഹൃദയമുള്ളതുകൊണ്ട് പരാജയപ്പെടുന്ന പ്രാഞ്ചിയേട്ടന്റെ കഥ നിരാശപ്പെടുത്തിയില്ല. കാരണങ്ങ
ള്‍ പലതാണ്. പഞ്ചവടിപ്പാലം, സന്ദേശം, ശ്...ശ്...സയലന്‍സ് പ്ലീസ് തുടങ്ങി ഒറ്റപ്പെട്ട സറ്റയര്‍ സിനിമകള്‍ മാത്രം എടുത്തുകാട്ടാനുള്ള മലയാളത്തില്‍ ഈ ചിത്രം വേറിട്ട ഒരു സംരംഭം തന്നെയാണ്. പാളിച്ചകള്‍ ഉണ്ടാവാം. അതു പൊറുത്തുകൊടുക്കാവുന്നതേയുള്ളൂ. പ്രമേയദാരിദ്യ്രവും പ്രതിഭാശോഷണവും കൊണ്ട് മുടിഞ്ഞുപോയ മലയാള സിനിമയുടെ ദുരിതവര്‍ത്തമാനത്തില്‍ പ്രത്യേകിച്ചും.ലോകസിനിമയില്‍ നിന്ന് ഒട്ടേറെ സങ്കേതങ്ങള്‍ നാം കടംകൊണ്ടിട്ടുണ്ടെങ്കിലും ലാറ്റിനമേരിക്കന്‍ സിനിമയിലെ മാജിക്കല്‍ റിയലിസം, യൂറോപ്യന്‍ സിനിമയിലെ അസംബന്ധ ആഖ്യാനങ്ങള്‍ (absurd narrative), ബ്ലാക്ക് ഹ്യൂമര്‍, സറ്റയര്‍ തുടങ്ങി നര്‍മരസമാര്‍ന്ന രചനാസങ്കേതങ്ങളുടെ സാധ്യതകള്‍ നാമിനിയും സ്വാംശീകരിച്ചെടുത്തിട്ടില്ല. സാത്വിക, സൌമ്യഭാവങ്ങളും വിഷാദം, വിലാപം എന്നീ സ്ഥായീഭാവങ്ങളും നിലനിറുത്തുന്ന ഏകമാനമായ ഒരു ചലച്ചിത്ര സങ്കല്‍പമാണ് മലയാള സിനിമ പിന്തുടരുന്നത്. ശുദ്ധകലാസിനിമയായാലും മുഖ്യധാരാ സിനിമയായാലും അതുതന്നെ സ്ഥിതി. അനുഭവങ്ങളുടെ നേരെ കുറ്റകരമായ ആന്ധ്യം പുലര്‍ത്തുന്നതുകൊണ്ടാവണം ഭാവുകത്വപരമായ വിച്ഛേദങ്ങള്‍ ഒരാകസ്മികതയായിപ്പോലും സംഭവിക്കുന്നില്ല. ഈ സാംസ്കാരികാലസ്യത്തില്‍ നിന്ന് മുക്തമാവുമ്പോഴേ വ്യത്യസ്തമായ പ്രമേയങ്ങള്‍ അവതരിപ്പിക്കാനും അത് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സംവേദനശേഷിയുള്ള പ്രേക്ഷകസമൂഹത്തെ സാധ്യമാക്കാനും കഴിയൂ. ആ ദിശയിലെ ഊക്കുള്ള ഒരു ചുവടുതന്നെയാണ് പ്രാഞ്ചിയേട്ടനും പുണ്യാളനും.
ആദിമധ്യാന്തപ്പൊരുത്തമുള്ള ഒരു കഥ വേണമെന്ന നിര്‍ബന്ധമുണ്ട് മലയാള സിനിമക്ക്. ഒരു തുടക്കം, ഒരു ഇന്‍ര്‍വെല്‍ പഞ്ച്, പിന്നെ ഏതാണ്ടെല്ലാ കഥാപാത്രങ്ങളും നിരക്കുന്ന ഒരു ഗ്രൂപ്പ് ഫോട്ടോ ക്ലൈമാക്സ്. ഒരു നായകന്‍, അയാള്‍ക്ക് നെഞ്ചില്‍ തൊഴിക്കാന്‍ പാകത്തില്‍ ഒരു വില്ലന്‍, അയാള്‍ക്ക് പ്രേമിക്കാനും പാട്ടുപാടാനും ഒരു കാമുകി, ഒടുവില്‍ ഫാന്‍സുകാരുടെ ആര്‍പ്പുവിളിക്കു കാതോര്‍ത്തുകൊണ്ട് നായകന്റെ ചില ഡയലോഗ് ഗീര്‍വാണങ്ങള്‍. അങ്ങനെയുള്ള ചില പതിവു ഫോര്‍മുലകളെ പ്രാഞ്ചിയേട്ടനും രഞ്ജിയേട്ടനും നിരാകരിക്കുന്നു എന്നതു തന്നെ വലിയ കാര്യം. ഈ ചിത്രത്തില്‍ ഒരു കഥയില്ല എന്നതു തന്നെ ഇതിനെ വേറിട്ട ഒരു സിനിമയാക്കുന്നുണ്ട്. ഒരു വ്യക്തിയുടെ ജീവിതത്തിലെ ചില മുഹൂര്‍ത്തങ്ങള്‍ മാത്രമാണിതില്‍. പല ഖണ്ഡങ്ങളെ വിളക്കിച്ചേര്‍ത്തിരിക്കുകയാണ് ഇവിടെ. പക്ഷേ അതുകൊണ്ട് പ്രമേയപരമായ ഏകാഗ്രത നഷ്ടമാവുന്നുമില്ല.
നമ്മെ നോക്കി ചിരിക്കാനുള്ള ഒരു അവസരം തരുന്നുണ്ട് പ്രാഞ്ചിയേട്ടന്‍. മലയാളിക്ക് മലയാളിയെ നോക്കി ചിരിക്കാനുള്ള ചില അവസരങ്ങള്‍. ഒരു സുഹൃത്ത് ജി^മെയില്‍ ചാറ്റില്‍ വന്നു പറഞ്ഞതുപോലെ എവിടെയൊക്കെയോ ചിലതുകൊള്ളുന്നുണ്ട്. അപ്സര തിയറ്ററില്‍ രണ്ടു മണിക്കൂറോളം മുഴങ്ങിയ നിലയ്ക്കാത്ത പൊട്ടിച്ചിരികള്‍ തന്നെ അതിന്റെ സാക്ഷ്യം.
(സസ്പെന്‍സ് എലിമെന്റുള്ള സിനിമയല്ലെങ്കിലും കഥയുടെ ചില വിശദാംശങ്ങള്‍ തുടര്‍ന്നുവരുന്ന രണ്ടു ഖണ്ഡികകളില്‍ സൂചിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ജിജ്ഞാസ നിലനിര്‍ത്തി സിനിമ കാണണം എന്നു നിര്‍ബന്ധമുള്ളവര്‍ക്ക് അവ സ്കിപ് ചെയ്യാം.)
അരിക്കച്ചവടക്കാരന്റെ മകന്‍ അരിപ്രാഞ്ചി എന്നറിയപ്പെടുന്നു. ആ പേര് അയാള്‍ക്ക് ഒരു പ്രശ്നമാവുന്നു. പേരു മാറ്റാന്‍ ജ്വല്ലറി തുടങ്ങി സ്വര്‍ണവില്‍പ്പനക്കാരനായപ്പോള്‍ നാട്ടുകാര്‍ പറഞ്ഞത് അരിപ്രാഞ്ചി ജ്വല്ലറി തുടങ്ങി എന്ന്. പ്രാഞ്ചി പള്ളിയില്‍ വെച്ച് തന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട പുണ്യാളനോട് തന്റെ സങ്കടം പറയുന്നു. ഒരു പേരില്ല എന്നതു തന്നെയാണ് എന്റെ പ്രശ്നം എന്ന് പ്രാഞ്ചി പറയുമ്പോള്‍ പുണ്യാളന്‍ ഒരു പേരിലെന്തിരിക്കുന്നു എന്ന ഷേക്സിപിരിയന്‍ ഡയലോഗടിക്കുന്നു. അങ്ങനെ പറയരുത് പുണ്യാളാ, ഒരു പേരിലാണ് ഞാനിരുന്നുപോയത് എന്ന് പ്രാഞ്ചി. ഇറ്റാലിയന്‍ ഭാഷയിലാണ് ആദ്യം പുണ്യാളന്‍ സംസാരിക്കുന്നത്. അതുകേട്ട് ഇക്കണ്ട കാലമത്രയും ഞങ്ങള്‍ സത്യവേദപുസ്തകം മലയാളത്തില്‍ വായിച്ചതു വെറുതെയായി അല്ലേ എന്ന് പ്രാഞ്ചി. പിന്നീട് പുണ്യാളന്റെ മുന്നിലിരുന്ന് തന്റെ സങ്കടങ്ങള്‍ പറയുകയാണ് അയാള്‍. പ്രണയപരാജയങ്ങള്‍, പത്മശ്രീ നേടാന്‍ നടത്തിയ നീക്കങ്ങള്‍ അങ്ങനെ എല്ലാം. ഇങ്ങനെ ഒപ്പിച്ചെടുക്കുന്ന പത്മശ്രീയും ശരിക്കു കിട്ടുന പത്മശ്രീയും തമ്മില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടാവുമോ എന്ന് ആശങ്കപ്പെടുന്നുണ്ട് അയാളുടെ അനുചരവൃന്ദം. പത്മശ്രീ സി.എ. ഫ്രാന്‍സിസ് എന്ന് എഴുതിയ ശവപേടകത്തിനുള്ളില്‍ ധന്യനായി മരിച്ചുകിടക്കുമ്പോള്‍ ഭരണകൂടത്തിന്റെ ആചാരവെടി മുഴങ്ങുന്നതും ഔദ്യോഗിക ബഹുമതികളോടെ തന്നെ സംസ്കരിക്കുന്നതും അയാള്‍ മനസ്സില്‍ കാണുന്നുണ്ട്. ഒന്നരക്കോടി മുടക്കിയ അയാള്‍ ഛത്തിസ്ഗഢ് ലിസ്റ്റിലാണ് നാമനിര്‍ദേശം ചെയ്യപ്പെടുന്നത്.
പത്മശ്രീ എന്ന പെണ്‍കുട്ടി പിന്നീട് അയാളുടെ മോഹങ്ങളിലേക്കു കടന്നുവരുന്നു. അവളും അയാളുടെ തൃഷ്ണകള്‍ക്ക് മുറിവേല്‍പ്പിക്കുന്നു.
ഒരു സ്കൂളിന് നൂറു ശതമാനം വിജയം കൈവരിക്കുന്നതിനു വേണ്ടി ഒരു കുട്ടിയെ ജയിപ്പിച്ചെടുക്കാന്‍ താന്‍ പെട്ട പാടുകള്‍ അയാള്‍ പുണ്യാളനോടു വിവരിക്കുന്നു. ഈ കുട്ടിയുടെ ഭൂതകാലം ഇത്രയും പരത്തി പറയേണ്ടതില്ലായിരുന്നു. ചിത്രത്തിന്റെ ആക്ഷേപഹാസ്യസ്വഭാവത്തിന് ചെറുതല്ലാത്ത പോറലേല്‍പ്പിക്കുന്നുണ്ട് ആ ദൃശ്യങ്ങളും പ്രാഞ്ചി ഓടിക്കുന്ന കാറിലിരുന്നുകൊണ്ടുള്ള കുട്ടിയുടെ നിലയ്ക്കാത്ത കരച്ചിലുമൊക്കെ. കുട്ടിയുടെ അച്ഛനായി വരുന്ന ബിജു മേനോന്റെ കഥാപാത്രത്തിന്റെ തന്നെ ആവശ്യമില്ലായിരുന്നു. ലക്ഷണമൊത്ത ഒരു കണ്ണീര്‍ച്ചിത്രമോ സെന്റിമെന്റല്‍ മെലോഡ്രാമയോ അല്ല, തികഞ്ഞ ഒരു സറ്റയര്‍ ആണ് താന്‍ എടുക്കുന്നതെന്ന് ഈ സീക്വന്‍സുകളില്‍ രഞ്ജിത്ത് മറന്നുപോയതുപോലെ തോന്നി. രണ്ടാംപകുതിയില്‍ എവിടെയൊക്കെയോ ചിത്രത്തിന്റെ ഒഴുക്കു നിലയ്ക്കുന്നുണ്ട്. ഒന്നുകൂടി എഡിറ്റ് ചെയ്യാമായിരുന്നു തിരക്കഥ എന്നു തോന്നിപ്പിക്കുന്ന രംഗങ്ങള്‍. പ്രാഞ്ചി തന്റെ ബാല്യവും ഈ കുട്ടിയുടെ ബാല്യവും തമ്മില്‍ എന്തൊക്കെയോ ചില സാമ്യതകള്‍ കണ്ട് അവനെ സ്നേഹിക്കുകയാണെന്നൊക്കെ നമ്മെ തെറ്റിദ്ധരിപ്പിക്കുന്നിടത്തുനിന്നും പ്രമേയം വേറെ ഒരു വഴിയിലേക്കു തിരിയുന്നു. പ്രമേയപരമായ ഏകാഗ്രത നഷ്ടപ്പെട്ട് കഥ എവിടേക്കൊക്കെയോ പോവുന്നു എന്നു വിചാരിച്ചിരിക്കുമ്പോള്‍ വീണ്ടും ഇതിവൃത്തത്തിന്റെ ഗാത്രത്തിലേക്ക് അത് തിരിച്ചുവരുന്നു. കുട്ടി തന്നെ ഏകാഗ്രത ശീലിപ്പിക്കുന്ന ട്യൂഷന്‍ മാഷെക്കൊണ്ട് ഒരേ സമയം കാലു കറക്കി കൈ കൊണ്ട് ആറ് എന്നെഴുതിക്കുന്നുണ്ട്. അവിടെയും തന്റെ പരാജയത്തെപ്പറ്റി പ്രാഞ്ചി സങ്കടം പറയുമ്പോള്‍ പുണ്യാളന്‍ വായുവിലേക്ക് കാലുയര്‍ത്തി കറക്കിക്കൊണ്ട് കൈ കൊണ്ട് ആറ് എന്നെഴുതുന്ന രംഗം സമീപകാല മലയാള സിനിമ കണ്ട ഏറ്റവും മികച്ച ദൃശ്യങ്ങളിലൊന്നാണ്. ആ ഒരൊറ്റ ദൃശ്യത്തില്‍ ഈ സിനിമ The Posthumous Memoirs എന്ന ക്ലാസിക് ദൃശ്യശില്‍പത്തിന് ഒപ്പമെത്തുന്നു. ആഴമേറിയ നര്‍മത്തിന്റെ നാനാര്‍ഥങ്ങള്‍ നിറഞ്ഞ ആ ദൃശ്യം ചിത്രത്തെ സവിശേഷമായ ഒരു സംവേദനതലത്തിലേക്ക് ഉയര്‍ത്തുന്നുണ്ട്.എല്ലാ കാര്യങ്ങളിലും പരാജയപ്പെട്ട് ഇനി ഇതിലെങ്കിലും ഞാന്‍ വിജയിക്കുമോ എന്ന് പ്രാഞ്ചി ചോദിക്കുമ്പോള്‍ പുണ്യാളന്‍ മൂന്നു ദൃശ്യങ്ങള്‍ കാട്ടിക്കൊടുക്കുന്നു. വിജയിച്ചു എന്നു നീ കരുതുന്നവരെല്ലാം വാസ്തവത്തില്‍ വിജയിച്ചവരാണോ, നഷ്ടപ്പെട്ടു എന്നു നീ കരുതുന്നതെല്ലാം വാസ്തവത്തില്‍ നിനക്ക് നഷ്ടപ്പെട്ടിട്ടുണ്ടോ എന്നൊക്കെ ചോദിച്ചുകൊണ്ടാണ് പുണ്യാളന്‍ ഈ ദൃശ്യങ്ങള്‍ കാട്ടിക്കൊടുക്കുന്നത്. സിനിമയുടെ പാതിവഴിയില്‍ സംവിധായകന്‍ ഇട്ടേച്ചുപോയി എന്നു നാം കരുതിയ കഥാപാത്രങ്ങളുടെ അവസ്ഥകള്‍ ആ ദൃശ്യങ്ങളിലൂടെ അദ്ദേഹം കാട്ടിത്തരുന്നു. പതിവു മലയാളസിനിമയുടെ ശില്‍പരൂപത്തില്‍നിന്നും ചിലതൊക്കെ ബോധപുര്‍വം വെട്ടിമാറ്റാനും ഇങ്ങനെ ചിലത് കൂട്ടിച്ചേര്‍ക്കാനുമുള്ള ശ്രമങ്ങള്‍ ശ്ലാഘനീയം തന്നെ.
'തൂവാനത്തുമ്പികള്‍' എന്ന പത്മരാജന്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ തൃശൂരിന്റെ പ്രാദേശികഭാഷാഭേദം രസകരമായി അവതരിപ്പിച്ചിരുന്നു. ''യേശുക്രിസ്തൂനെ റോട്ടിന്മേല്‍ കണ്ടാലും യേശൂട്ടാ എന്നു വിളിക്കണ ടീമാ'' എന്ന് തൃശൂര്‍ക്കാരെ തന്നെ കളിയാക്കിക്കൊണ്ട് മമ്മൂട്ടി ഈ ചിത്രത്തില്‍ ആ ഭാഷയും പരീക്ഷിക്കുന്നു. മലബാര്‍ മുസ്ലിമിന്റെയും തിരുവിതാംകൂര്‍ കൃസ്ത്യാനിയുടെയും വള്ളുവനാടന്‍ ഹിന്ദുവിന്റെയും തിരുവനന്തപുരത്തുകാരന്റെയും മലയാളം പഠിച്ച കന്നടക്കാരന്റെയും ഭാഷാഭേദങ്ങള്‍ക്കു ശേഷം മറ്റൊരു ദേശത്തിന്റെ വാമൊഴിവഴക്കങ്ങള്‍ കൂടി.
ഓസ്കര്‍ കിട്ടിയ ഗഫൂ
ര്‍ ചേക്കുട്ടി, പ്രഭാഷണകലയിലെ അന്തിമവാക്കായ പ്രഭാകരന്‍ അന്തിക്കോട് തുടങ്ങിയ കാര്‍ട്ടൂണ്‍ സ്വഭാവമുള്ള പരാമര്‍ശങ്ങള്‍, പത്മപുരസ്കാരങ്ങള്‍ ഗാന്ധിയന്മാര്‍ക്കും കഥകളിനടന്മാര്‍ക്കും വീതിച്ചുനല്‍കുന്ന പതിവിനെ കളിയാക്കുന്ന വിധമുള്ള ടി.വി വാര്‍ത്ത, അനുഗ്രഹമായാലും വെറുതെ കിട്ടിയാല്‍ നല്ലതെന്നു വിചാരിക്കുന്നവരല്ലേ നിങ്ങള്‍ മലയാളികള്‍ എന്ന പുണ്യാളന്റെ വിമര്‍ശനം തുടങ്ങി ആക്ഷേപഹാസ്യത്തിന്റെ സ്പര്‍ശമുള്ള ദൃശ്യശകലങ്ങള്‍ ചിത്രത്തില്‍ ഏറെയുണ്ട്.രഞ്ജിത്തിനെപ്പോലെ മുഖ്യധാരാ സിനിമയില്‍ കൃത്യമായ മേല്‍വിലാസമുള്ള ഒരു സംവിധായകനു മാത്രമേ ഇത്തരം പരീക്ഷണങ്ങള്‍ ഇന്നത്തെ അവസ്ഥയില്‍ സാധ്യമാവുകയുള്ളൂ. ഇങ്ങനെയൊരു പരീക്ഷണസംരംഭം നടത്താന്‍ അസാമാന്യമായ ധൈര്യം ആവശ്യമാണ്. ശില്‍പഭദ്രതയിലും ദൃശ്യപരിചരണത്തിലും എന്തൊക്കെ പാളിച്ചകളുണ്ടെങ്കിലും വേറിട്ട വഴിയില്‍ സഞ്ചരിക്കാനുള്ള രഞ്ജിത്തിന്റെ ആര്‍ജവം പ്രോല്‍സാഹിപ്പിക്കപ്പെടുക തന്നെ വേണം.

