ഗിലര്‍മോ അരിയാഗയും അലജാന്ദ്രോ ഗോണ്‍സാലസ് ഇനാരിത്തുവും തമ്മില്‍ പിണങ്ങിയെന്നു കേട്ടപ്പോള്‍ ലോകമെമ്പാടുമുള്ള ചലച്ചിത്രപ്രേമികളെപ്പോലെ മലയാളികളില്‍ ചിലരെങ്കിലും വേദനിച്ചു കാണണം. മലയാളത്തിലെ ഏറ്റവും ജനപ്രിയനായ എഴുത്തുകാരന്‍ മാര്‍ക്വേസ് ആണെന്നു എന്‍.എസ്. മാധവന്‍ പറഞ്ഞതുപോലെ പറയുകയാണെങ്കില്‍ ഡിവിഡി, ടോറന്റ് വിപ്ലവങ്ങള്‍ മാറ്റിമറിച്ച കേരളത്തിലെ ഏറ്റവും ജനപ്രിയനായ ചലച്ചിത്രകാരന്‍ ഇനാരിത്തു തന്നെയായിരിക്കും. കഴിഞ്ഞ മാസം ഇനാരിത്തുവിന്റെ 'ബ്യൂട്ടിഫുള്‍' കാണാന്‍ തിരുവനന്തപുരം അജന്തയില്‍ കണ്ട തിരക്ക് അതിന്റെ സാക്ഷ്യമായിരുന്നു. (കിം കി ഡുകിനെ മറന്നിട്ടല്ല ഇതു പറയുന്നത്. ദക്ഷിണ കൊറിയയിലെ ഡുകിന്റെ വസതിയില്‍ 'ബീനാപോള്‍ ഈ വീടിന്റെ ഐശ്വര്യം' എന്ന് എഴുതിവെച്ചിരിക്കുന്നതായി ഒരു എസ്.എം.എസ് ഫലിതം പ്രവഹിച്ചിരുന്നല്ലോ).'അമോറസ് പെറോസ്', ബാബേല്‍, 21ഗ്രാംസ് എന്നീ സമകാലിക ലോകക്ലാസിക്കുകളുടെ രചയിതാവ് ഗിലര്‍മോ അരിയാഗയും സംവിധായകന്‍ ഇനാരിത്തുവും പള്ളിക്കൂടത്തിലേതുപോലൊരു പിണക്കത്തിന്റെ ഫലമായി വേര്‍പിരിഞ്ഞത് രണ്ടുമൂന്നു കൊല്ലം മുമ്പാണ്. എം.ടിയും ഹരിഹരനും പോലെ, ഭരതനും പത്മരാജനും പോലെ, സിബിയും ലോഹിതദാസും പോലെ ഒരേ ഭാവനയുടെ സഞ്ചാരപഥങ്ങളില്‍ ഒരുമിച്ചുസഞ്ചരിച്ചവരായിരുന്നു അവര്‍. 2006ലെ കാന്‍ചലച്ചിത്രമേളയില്‍ സംബന്ധിക്കുന്നതില്‍നിന്നും അരിയാഗയെ തടഞ്ഞ ഇനാരിത്തുവിന്റെ നടപടി പരക്കെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഓരോ ചിത്രത്തിന്റെയും ക്രെഡിറ്റ് പൂര്‍ണമായും അവകാശപ്പെടുന്ന പതിവ് അരിയാഗക്കുണ്ട് എന്നായിരുന്നു ഇനാരിത്തുവിന്റെ ആരോപണം. ഓസ്കര്‍ അവാര്‍ഡു പ്രഖ്യാപനത്തിനു തൊട്ടുമുമ്പ് ഒരു മെക്സിക്കന്‍ പ്രസിദ്ധീകരണത്തിന് ഇനാരിത്തു കത്തയക്കുകയുണ്ടായി. അരിയാഗയുടെ ഈ നടപടി നീതീകരിക്കാനാവില്ലെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. ഒരു തിരക്കഥാകൃത്ത് എന്ന നിലയിലല്ല, എഴുത്തുകാരന്‍ എന്ന് അറിയപ്പെടാനാണ് തന്റെ ആഗ്രഹം എന്ന് അരിയാഗ അഭിപ്രായപ്പെട്ടിട്ടുണ്ട്. ചലച്ചിത്രത്തിന്റെ സര്‍ഗാത്മകമായ പ്രവര്‍ത്തനങ്ങളില്‍ എഴുത്തുകാരനുള്ള നിര്‍ണായകമായ പങ്കിനെ കുറച്ചുകാണുന്ന രീതിയുടെ ഭാഗമാണ് തിരക്കഥാകൃത്ത് എന്ന വിശേഷണമെന്ന് അദ്ദേഹം പറയുന്നു. മധുരമായ ഒരു പ്രതികാരം പോലെ അരിയാഗ 'ദ 'ബേണിംഗ് പ്ലെയിന്‍' എന്ന ചിത്രം എഴുതി സംവിധാനം ചെയ്തു. കൂട്ടത്തില്‍ പറയട്ടെ, അരിയാഗയുടെ അഭാവം ഇനാരിത്തുവിന്റെ 'ബ്യൂട്ടിഫുളി'ല്‍ കാണാനുണ്ട്.
ഒരു ശിഥിലദര്‍പ്പണത്തിലെ ഭഗ്നബിംബങ്ങളെ സമര്‍ഥമായി കൂട്ടിയോജിപ്പിച്ച് പ്രതിബിംബം വീണ്ടെടുക്കുന്ന ചലച്ചിത്രസങ്കേതമാണ് ഇനാരിത്തുവിന്‍േത്. പല കഷണങ്ങളായി ചിതറിക്കിടക്കുന്ന ചിത്രശകലങ്ങളെ കൂട്ടിയോജിപ്പിച്ച് അതില്‍നിന്നും ചിത്രത്തിന്റെ യഥാര്‍ഥരൂപം കണ്ടെടുക്കുന്ന ഒരു പസില്‍ പോലെ. പല സാമൂഹികപാളികളിലെ ജനങ്ങളെ ആകസ്മികതയുടെ ഒരു ബിന്ദുവില്‍ തൊട്ടുകൊണ്ട് അയാള്‍ ഒരുമിപ്പിക്കുന്നു. (ഈ ഗ്രഹത്തിലെ ഓരോരുത്തരും ആറുപേരാല്‍ എങ്ങനെയെങ്കിലും കൂട്ടിയിണക്കപ്പെട്ടിരിക്കുന്നു എന്ന നവസാങ്കേതിക സിദ്ധാന്തം ഇവിടെ വെറുതെ ഓര്‍ക്കാവുന്നതാണ്. ആഫ്രിക്കന്‍ വനാന്തരങ്ങളിലെ ഒരു ചിത്രശലഭത്തിന്റെ ചിറകടി വിദൂരമായ ഒരു ദേശത്തെ കൊടുങ്കാറ്റിനിടയാക്കിയേക്കാം എന്നുപറയുന്ന, ബട്ടര്‍ഫ്ളൈ ഇഫക്റ്റ് എന്ന കാവ്യരൂപകവും ഓര്‍ക്കുക) അദൃശ്യമായ ചരടുകളിലൂടെ പരസ്പരം കൂട്ടിയിണക്കപ്പെടുന്ന ജീവിതങ്ങളുടെയും സംസ്കാരങ്ങളുടെയും കഥകളാണ് ഇനാരിത്തുവും അരിയാഗയും പറഞ്ഞത്. അത് എല്ലാ ഭാഷകളിലുമുള്ള ചലച്ചിത്രകാരന്മാര്‍ക്ക് മാറിച്ചിന്തിക്കാന്‍ പ്രചോദനമായിട്ടുണ്ട്. മണിരത്നം ഉള്‍പ്പെടെ. ഒരു സംഭവ
ത്തിന്റെ സംഗമബിന്ദുവില്‍ ഒന്നിലധികം പേരുടെ വ്യത്യസ്തജീവിതങ്ങള്‍ സമന്വയിപ്പിക്കുന്ന ഇനാരിത്തുവിന്റെ ചലച്ചിത്ര സങ്കേതത്തില്‍നിന്ന് കടംകൊണ്ടാണ് മണിരത്നം 'ആയുധ എഴുത്ത്'(2004) എന്ന തമിഴ് ചിത്രവും 'യുവ എന്ന ഹിന്ദിചിത്രവും നിര്‍മിച്ചത്. ഇനാരിത്തുവിന്റെ ആഖ്യാനസങ്കേതങ്ങള്‍ കടം കൊണ്ട് മൌലികമായ ഒരു സിനിമ മലയാളത്തില്‍ എടുക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് രാജേഷ്പിള്ള 'ട്രാഫിക്' എന്ന ചിത്രത്തില്‍. ഇങ്ങനെയൊരു പ്രചോദനമുള്‍ക്കൊള്ളാന്‍ മലയാളി അല്‍പം വൈകിപ്പോയതിനു കാരണമുണ്ട്. മാടമ്പിമാരും പ്രമാണിമാരും താന്തോന്നികളും പോക്കിരിരാജകളും വാഴുന്ന ചട്ടമ്പിനാട്ടിലെ പൊള്ളാച്ചിക്കാഴ്ചകള്‍ ഒരേ അച്ചില്‍ ചുട്ടെടുക്കുന്നതിനിടയില്‍ ലോകം മാറുന്നതും സിനിമ മാറുന്നതും നമ്മുടെ സിനിമാക്കാര്‍ അറിയാതെ പോയി.എമീര്‍ കുസ്തുറിക്കയുടെ 'അണ്ടര്‍ഗ്രൌണ്ടി'ല്‍ യുദ്ധകാലത്ത് ഭൂഗര്‍ഭനിലവറയില്‍ ജനിച്ച് അവിടെ ലോകം കാണാതെ വളരുന്ന ഒരു അഭയാര്‍ഥിബാലന്‍ 14ാം വയസ്സില്‍ മോചിതനായി പുറത്തുവരുമ്പോള്‍ സൂര്യനെ കണ്ട് 'ഹായ് ചന്ദ്രന്‍' എന്നു പറയുന്ന രംഗമുണ്ട്. അതുപോലെ നമ്മുടെ സിനിമക്കാര്‍ ഇരുട്ടിനെ ഉപാസിച്ചുകൊണ്ട് പുതിയ വെളിച്ചങ്ങള്‍ക്കു നേരെ കണ്ണടച്ചുപോന്നു. പുറത്ത് ലോകം മാറുന്നുണ്ടായിരുന്നു. സിനിമ മാറുന്നുണ്ടായിരുന്നു. തൊട്ടയല്‍പക്കത്ത് തമിഴില്‍ നടക്കുന്നതുപോലും കാണാന്‍ കൂട്ടാക്കാതെ ലോകത്തെ പുറത്താക്കി അവര്‍ വാതിലടച്ച് വീട്ടിലിരുന്നു. തൊട്ടിപ്പടങ്ങള്‍ എട്ടുനിലയില്‍ പൊട്ടുമ്പോള്‍ മലയാളിപ്രേക്ഷകനെ കുറ്റം പറഞ്ഞു. അവന്റെ സംവേദനശേഷിയെ വിലകുറച്ചു കണ്ടു.അങ്ങനെ വിലകുറച്ച് കാണേണ്ട ഒന്നല്ല തങ്ങളുടെ സംവേദനശേഷിയെന്ന് മലയാളിപ്രേക്ഷകന്‍ ഉറക്കെ വിളിച്ചുപറയുകയാണിപ്പോള്‍. ട്രാഫിക് എന്ന ചിത്രത്തിന് അവര്‍ കൊടുക്കുന്ന പിന്തുണ നോക്കൂ. തിങ്ങിനിറഞ്ഞ പ്രേക്ഷകര്‍ക്കിടയില്‍ ഹര്‍ഷാരവങ്ങള്‍ക്കു സാക്ഷിയായി ഇന്നലെ ചിത്രം കണ്ടു. രാജേഷ് പിള്ളയും ബോബിയും സഞ്ജയും അസാമാന്യമായ ആര്‍ജവമാണ് കാണിച്ചിരിക്കുന്നത്.
മലയാള സിനിമയുടെ വര്‍ത്തമാനത്തില്‍ ട്രാഫിക്കിന്റെ ഗ്രീന്‍ സിഗ്നലുകള്‍ ഏതെല്ലാം ദിശയിലേക്കാണ് നമ്മെ നയിക്കുക എന്നു നോക്കാം.
1) താരകേന്ദ്രിതമായ ഒരു ജനപ്രിയ ഫോര്‍മുലയെ ഈ ചിത്രം നിരാകരിക്കുന്നു. ഒരു താരത്തിനു മാത്രം തിളങ്ങാനുള്ള കഥാസന്ദര്‍ഭങ്ങളോ സംഭാഷണങ്ങളോ സംഘട്ടനരംഗങ്ങളോ ചിത്രത്തിലില്ല. താരത്തിനു പകരം കഥാപാത്രങ്ങളേയുള്ളൂ ഇതില്‍. നായകന്‍, നായിക, വില്ലന്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നീ അവശ്യഘടകങ്ങളെ ബോധപൂര്‍വം മാറ്റിനിര്‍ത്തിയിരിക്കുന്നു.
2) പരിചയിച്ചു പഴകിയ രേഖീയമായ, ഋജുരേഖയിലുള്ള ആഖ്യാനരീതിയെ കൈയൊഴിയുന്നു. സംവേദന സന്ദിഗ്ധതകള്‍ ഇല്ലാതെ, കാഴ്ചക്കാരനില്‍ ഒരു തരത്തിലുള്ള അവ്യക്തതകളുമവശേഷിപ്പിക്കാതെ, സങ്കീര്‍ണമായ കഥാഘടന യുക്തിഭദ്രമായി അവതരിപ്പിക്കുന്നു. ക്രമരഹിതമായ രംഗങ്ങളിലൂടെ അനുക്രമമായി വികസിക്കുന്ന ആഖ്യാനം.
3) രണ്ടു മണിക്കൂറിനുള്ളില്‍ മൂന്നു തലമുറകളുടെ കഥ പറയുന്ന നമ്മുടെ മുഖ്യധാരാ സിനിമയുടെ പൊതുരീതിയെ പൊളിക്കുന്നു. ഒരു ദിവസം നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തില്‍. (സൈക്കിള്‍, കോക്ടെയില്‍ തുടങ്ങിയ ചില ചിത്രങ്ങളും ഇതിനു മുമ്പ് ഈ രീതി സ്വീകരിച്ചിട്ടുണ്ട്.) രണ്ടുമണിക്കൂറിനുള്ളില്‍ ഒരു ബീഡി വലിച്ചുതീരാത്ത, കഞ്ഞികുടിച്ചു തീരാത്ത നായകന്മാരുള്ള സമാന്തര സിനിമക്കാര്‍ക്കു കൂടി ഇതില്‍നിന്നു ചിലതു പഠിക്കാം. അടൂരിനു പഠിക്കുന്ന പുതുതലമുറ സമാന്തരന്മാ
ര്‍ പ്രത്യേകം ശ്രദ്ധിക്കുമല്ലോ.4) കേരളത്തിലെ സാമാന്യപ്രേക്ഷകന്റെ സംവേദനനിലവാരം ഉയര്‍ത്തുന്നു. വാസ്തവത്തില്‍ ക്വിന്റിന്‍ ടരന്റിനോ, ഇനാരിത്തു തുടങ്ങി നവീന സിനിമയുടെ ശക്തരായ പ്രയോക്താക്കളുടെ ക്രാഫ്റ്റ് ആണ് 'ട്രാഫികി'ന് പ്രചോദനമായത്. സിനിമ എന്ന മാധ്യമത്തെ ഗൌരവപൂര്‍വം വീക്ഷിക്കുന്ന പ്രേക്ഷകര്‍ക്കു മാത്രം ഹിതകരമായ ഈ ശില്‍പരൂപത്തില്‍ വാര്‍ത്തെടുത്ത 'ട്രാഫിക് ' കണ്ടിട്ട് സാമാന്യപ്രേക്ഷകന്‍ കൈയടിച്ചു പ്രോല്‍സാഹിപ്പിക്കുന്ന ആഹ്ലാദകരമായ കാഴ്ചക്ക് ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ സാക്ഷ്യം വഹിക്കുന്നു.
5) ക്ലാസിക് ദൃശ്യശില്‍പങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് മൌലികമായ ഒരു സൃഷ്ടിക്ക് രൂപം നല്‍കാമെന്ന് തെളിയിക്കുന്നു. വിദേശചിത്രങ്ങളില്‍ നിന്ന് ഷോട്ട് ബൈ ഷോട്ട്, ഫ്രെയിം ബൈ ഫ്രെയിം കോപ്പിയടിച്ചിട്ട് സ്വന്തം പേരില്‍ കഥ, തിരക്കഥ എന്ന് എഴുതിവെച്ചവരെ ലജ്ജിച്ചു തല താഴ്ത്താന്‍ പ്രേരിപ്പിക്കുന്നു ഈ ചിത്രം. ടോറന്റ്, ഡി.വി.ഡി വിപ്ലവത്തിന്റെ ധനാത്മകമായ ഉപലബ്ധി എന്നു പറയാം. ഭാവനാദാരിദ്യ്രവും പ്രതിഭാശോഷണവും കൊണ്ട് വിദേശസിനിമകള്‍ കണ്ട് അതില്‍നിന്ന് തനിക്കു മനസ്സിലായത് മലയാളത്തിലാക്കാന്‍ ഉറക്കമൊഴിച്ചവര്‍ ദിവസം ഒന്നുവീതം മൂന്നു നേരം ട്രാഫിക് കാണുക.
6) പൊതുവെ നമ്മുടെ സിനിമകള്‍ അവസാനിക്കുക ഒരു ഗ്രൂപ്പ് ഫോട്ടോ ക്ലൈമാക്സിലാണ്. കഥാപാത്രങ്ങളും പങ്കെടുത്തവരും 70 mm സ്ക്രീനില്‍ നിരന്നു നില്‍ക്കും. സലിംകുമാറോ സുരാജോ ബിജുക്കുട്ടനോ പറയുന്ന തമാശ കൂടി കേട്ട് കരഞ്ഞുകണ്ണുതുടച്ച് നമുക്ക് തിയറ്ററില്‍നിന്ന് ഇറങ്ങിപ്പോരാം. ഈ ചിത്രത്തില്‍ ഇത്രയും വലിയ ഒരു ദൌത്യത്തില്‍ പങ്കെടുത്തവരെ നിരത്തിനിര്‍ത്തി പ്രേക്ഷകന് മോഹമുക്തി നല്‍കുന്ന ഏര്‍പ്പാടില്ല. ഒരു ദിവസത്തിന്റെ ആകസ്മികതപോലെ അവര്‍ സ്വാഭാവികമായി വരുന്നു, പോവുന്നു. ഒരില പൊഴിയുന്നതുപോലെ ബഹളങ്ങളില്ലാതെ റിയലിസ്റ്റിക് ആയി ചിത്രം അവസാനിക്കുന്നു.
7) സമീപകാല മലയാള സിനിമയിലെ ഏറ്റവും സാങ്കേതികത്തികവുള്ള സീനുകളാണ് ചിത്രത്തിലെ രണ്ട് അപകടരംഗങ്ങളും. കുറച്ച ബജറ്റില്‍ സിനിമയെടുക്കേണ്ടി വരുന്ന പ്രതിഭാശാലികള്‍ക്ക് കുറച്ചു കാശുകൊടുത്താല്‍ അവര്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന മുന്നറിയിപ്പുണ്ട് ആ രംഗങ്ങളില്‍.
8) കെട്ടുറപ്പുള്ള തിരക്കഥയില്‍നിന്ന് ഒരു നല്ല സിനിമയുണ്ടാക്കാം എന്നു തെളിയിച്ചിരിക്കുന്നു. പൊതുവെ സ്ക്രിപ്റ്റ് ഡിസ്കഷന്‍ എന്ന കലാപരിപാടിയില്‍ സിനിമയുമായും സാഹിത്യവുമായും പുലബന്ധം പോലുമില്ലാത്തവര്‍ വന്ന് ഇടപെട്ട് നായ്ക്കും നരിക്കും വേണ്ടാത്ത കോലത്തിലാക്കി കഥയെ മാറ്റുന്നതാണ് പതിവ്. ചെന്നൈയില്‍ നടന്ന ഒരു സംഭവത്തിന്റെ ചുവടുപിടിച്ച് ഒരു കഥ മെനയുകയും അതിനെ ജന
പ്രിയ സമവാക്യങ്ങള്‍ക്ക് കീഴ്പ്പെടുത്താതെ, അനാവശ്യമായ ഇടപെടലുകള്‍ക്ക് അനുവദിക്കാതെ അവതരിപ്പിക്കാന്‍ കാട്ടിയ ആര്‍ജവം അഭിനന്ദനീയമാണ്.Hats off to Rajesh Pillai, Boby and Sanjay for stepping out of the trodden track എന്ന് ഫേസ് ബുക്കില്‍ ഒരു സ്റ്റാറ്റസ് മെസേജ് ഇട്ടപ്പോള്‍ വന്ന പ്രതികരണങ്ങള്‍ രസകരമായ ഒരു ചര്‍ച്ചക്കു വഴിവെച്ചു. എന്തുകൊണ്ടാണ് എല്ലാ പരീക്ഷണചിത്രങ്ങളും സ്ത്രീവിരുദ്ധമാവുന്നത് എന്ന ചോദ്യമുയര്‍ന്നത് ദിലീപ് രാജില്‍നിന്ന്. അലക്ഷ്യമായി കാറോടിച്ച് അപകടമുണ്ടാക്കുന്ന പെണ്‍കുട്ടി, (ഡ്രൈവിംഗ് പെണ്ണുങ്ങള്‍ക്കു പറ്റില്ലെന്ന് മലയാളിയുടെ പൊതുബോധം) ഭര്‍ത്താവിനോട് വിശ്വസ്തത കാണിക്കാത്ത ഭാര്യ (അതിന്റെ പേരില്‍ അവളെ കൊന്നാലും അവന്റെ കൂടെ നില്‍ക്കുന്ന മലയാളിയുടെ അപകടകരമായ സദാചാരം) തുടങ്ങി അങ്ങനെ വായിച്ചെടുക്കാവുന്ന കാര്യങ്ങള്‍ ചിത്രത്തിലുണ്ട്. ബീമാപള്ളിയെ അനുസ്മരിപ്പിക്കുന്ന മുസ്ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു കോളനിയിലൂടെ കടന്നുപോവുന്നതിലെ റിസ്കിനെക്കുറിച്ച് ചിത്രത്തിലുള്ള പരാമര്‍ശം ഫേസ്ബുക്കില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. തീര്‍ച്ചയായും അതില്‍ വംശീയമായ മുന്‍വിധികളുണ്ട്. ചില അപ
ഭ്രംശങ്ങളുടെ പേരില്‍ ഒരു ജനപ്രിയ സംസ്കാര പഠിതാവിന്റെ കണ്ണിലൂടെ ചിത്രത്തെ കീറിമുറിക്കാന്‍ ഈയവസരത്തില്‍ മുതിരുന്നില്ല. http://malayal.am/ എന്ന വെബ്സൈറ്റിലെ റിവ്യൂ കാണുക. അതിന്റെ മൂര്‍ച്ഛിച്ച രൂപം അവിടെ കാണാം.ചിത്രത്തോടുള്ള സൈബര്‍ലോകത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. സിനിമയില്‍ ഒരു സംഭാഷണമുണ്ട്. നിങ്ങള്‍ ഒരു നോ പറയുകയാണെങ്കില്‍ ഏതൊരു സാധാരണ ദിവസവും പോലെ ഈ ദിവസവും അവസാനിക്കും. മറിച്ച് യെസ് പറയുകയാണെങ്കില്‍ അത് ഒരു ചരിത്രത്തിനു തുടക്കം കുറിക്കും. ഈ പരീക്ഷണ ചിത്രത്തോട് നോ എന്നു പറഞ്ഞ് മുഖം തിരിക്കുകയാണെങ്കില്‍ നാം പൊള്ളാച്ചിച്ചന്തയില്‍ പൊള്ളിച്ചെടുക്കുന്ന പാതിവെന്ത മസാലകള്‍കൊണ്ട് തൃപ്തിപ്പെടേണ്ടിവരും. മറിച്ച് ചിത്രത്തെ പ്രോല്‍സാഹിപ്പിക്കുകയാണെങ്കില്‍ ഇതുപോലുള്ള നിരവധി പരീക്ഷണങ്ങള്‍ ഇനിയും വരും. അത്തരമൊരു ഗ്രീന്‍ സിഗ്നലാണ് 'ട്രാഫികി'ല്‍ തെളിയുന്നത്.





