Sunday, July 3, 2011

ഉള്ളു പൊള്ളയായ വന്‍മരങ്ങളും ചെറുചെടികളും

മലയാളിയുടെ ജനിതകപരമായ സവിശേഷതകളിലൊന്ന് നമ്മള്‍ ആരെയും അത്രപെട്ടെന്ന് അംഗീകരിക്കില്ല എന്നതാണ്. നാഡി പിടിച്ചുനോക്കി മരിച്ചു എന്നുറപ്പായാലേ പ്രതിഭകളെ നാം വാഴ്ത്തൂ. ധൈഷണികമായ അഹങ്കാരമോ കൂട്ടായ അസൂയയോ എന്നറിയില്ല,(അത് സാമൂഹികശാസ്ത്രകാരന്മാരുടെ വിഷയം) പുതിയ കലാകാരന്മാരുടെ കടന്നുവരവിനെ സംശയദൃഷ്ടിയോടെയാണ് നാം വീക്ഷിക്കുക. (പെട്ടെന്ന് തോന്നുന്ന ഒരു ഉദാഹരണം ജാസി ഗിഫ്റ്റ് ആണ്. ശബ്ദമാധുര്യത്തെക്കുറിച്ചും കലര്‍പ്പില്ലാത്ത ശുദ്ധസംഗീതത്തെക്കുറിച്ചുമുള്ള സാമ്പ്രദായിക ധാരണകളെ ഉലച്ചുകൊണ്ടുകടന്നുവന്ന ജാസി ഗിഫ്റ്റിനെ നാം തെലുങ്കിലേക്കും തമിഴിലേക്കും ഓടിച്ചുവിട്ടു. അവഗണനക്കു കാരണം ദലിത്സദൃശമായ മുഖമെന്ന് കീഴാളവായനയുണ്ടായി.) സലിം അഹമ്മദിനെയും ചലച്ചിത്രസാക്ഷരതയുള്ള പ്രബുദ്ധസമൂഹം ചില അപഭ്രംശങ്ങള്‍ ചൂണ്ടിക്കാട്ടി വിചാരണ ചെയ്യുന്നത് കണ്ടു.
അനുഭവപ്രതിസന്ധി എന്ന ഒരു ലേഖനം എ.സോമന്‍ എഴുതിയത് ഓര്‍ക്കുന്നു. ചില അനുഭവങ്ങളോട് മലയാളികള്‍ പുലര്‍ത്തുന്ന അസഹിഷ്ണുതയും ആന്ധ്യവുമായിരുന്നു അതിന്റെ ഉള്ളടക്കം. സാമൂഹിക ജീവിതത്തിലെ അനുഭവവൈവിധ്യങ്ങളെ അസഹിഷ്ണുതയോടെ കാണുന്ന മലയാളിയുടെ സഹജവാസനയെക്കുറിച്ച് ചില വഴിവിട്ട ചിന്തകള്‍ക്ക് അവസരം തന്നത് കഴിഞ്ഞയാഴ്ച പ്രദര്‍ശനത്തിനെത്തിയ 'ആദാമിന്റെ മകന്‍ അബു'വാണ്.
ഈ ചിത്രത്തെക്കുറിച്ച് ഫേസ്ബുക്കിലും വെബ്സൈറ്റുകളിലും വന്ന ചര്‍ച്ചകളില്‍ ഉയര്‍ന്ന വിയോജനസ്വഭാവമുള്ള പ്രതികരണങ്ങളില്‍ ചിലത് താഴെ ചേര്‍ക്കുന്നു. മലയാളിയുടെ സംവേദനശേഷിയെയും ഭാവുകത്വസമീപനങ്ങളെയും സംബന്ധിച്ച ചില സൂക്ഷ്മനിരീക്ഷണങ്ങള്‍ക്കും സാംസ്കാരികപഠനങ്ങള്‍ക്കും ഇവ പിന്നീട് എപ്പോഴെങ്കിലും ഉപകരിച്ചേക്കാം. അപകടകാരികളായ ചില ബുദ്ധിജീവികളില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കേണ്ടതിന്റെ മുന്നറിയിപ്പുകൂടിയാണ് ഇത്.

1) 'പതിറ്റാണ്ടുകള്‍ക്കു മുന്‍പ് മുസ്ലിം സമുദായത്തില്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തൂത്തെറിയാന്‍ കലാകാരന്മാര്‍ ശ്രമിക്കുകയുണ്ടായി. അക്കൂട്ടത്തില്‍ പെടുന്ന ഒരു നാടകമാണ് ടി.കെ. അയമുവിന്റെ ജ്ജ് നല്ലൊരു മനിസനാക്കാന്‍ നോക്ക്. ആ കാലത്തില്‍ നിന്നു നാമെത്തിച്ചേരുന്നത് ആദാമിന്റെ മകന്‍ അബു അഥവാ, ജ്ജ് നല്ലൊരു അജ്ജ് ചെയ്യാന്‍ നോക്ക് എന്ന സിനിമയിലേക്കാണ് എന്നത് സാമൂഹികപരിണതി പിന്നാക്കമാണെന്ന് എടുത്തുകാട്ടുന്നു.

2) 'ഈ സിനിമക്ക് അവാര്‍ഡു കിട്ടിയതില്‍ വിസ്മയമൊന്നുമില്ല. കാരണം, അവാര്‍ഡിന്റെ മാനദണ്ഡങ്ങളെ പൂര്‍ണമായും സംതൃപ്തിപ്പെടുത്തുന്നൊരു ചിത്രമാണിത്. ആരെയും ഇടിക്കുന്നില്ല. ഒരാളെയും പ്രകോപിപ്പിക്കുന്നില്ല, ഒരു രാഷ്ട്രീയവും പറയുന്നില്ല, ഒരു സാമൂഹികാവസ്ഥയെയും പ്രതിനിധാനം ചെയ്യുകയോ വിശകലനം ചെയ്യുകയോ പൊളിച്ചെഴുതാന്‍ ശ്രമിക്കുകയോ ചെയ്യുന്നില്ല.

3) ആദാമിന്റെ മകന്‍ അബു' ഒരു ഹജ്ജ് പ്രമോഷന്‍ & അക്ബര്‍ ട്രാവല്‍സ് പരസ്യ സിനിമയാണ്. ഈ വര്‍ഷത്തെ നാഷനല്‍ അവാര്‍ഡ് സെലക്ഷനിലേക്ക് വന്ന അനുഷാ റിസ്വിയുടെ പീപ്ലി ലൈവ്, ഗൌതം ഘോഷിന്റെ മോണേര്‍ മാനുഷ്, അപര്‍ണാസെന്നിന്റെ ദ ജാപനീസ് വൈഫ് എന്നീ ചിത്രങ്ങളുടെ നിലവാരത്തില്‍നിന്ന് വളരെ താഴെയാണ് ഈ സിനിമ. വിഷയപരമായാകട്ടെ ഇസ്ലാം മതവിശ്വാസികളെക്കുറിച്ചുള്ള യാഥാസ്ഥിതിക കാഴ്ചപ്പാട് മുന്നോട്ടുവെക്കുന്നതും. ആധുനിക മാറ്റങ്ങള്‍ (ഗള്‍ഫ് കുടിയേറ്റം, ബിസിനസ്) മോശമോ പരിഹാസ്യമോ ആയ കാര്യങ്ങളാണിതില്‍. ഹജ്ജിന് പോകലാണ് ഇസ്ലാം മതവിശ്വാസിയുടെ ജീവന്‍മരണപ്രശ്നമായി അവതരിപ്പിക്കുന്നത്. അതുപോലും ഇത്ര വ്യാപകമാകുന്നതിന് കാരണം ഗള്‍ഫ് പണവും, സൌദി അറേബ്യ ഹജ്ജിനെ ഒരു ടൂറിസം വ്യവസായമാക്കിയതുമാണ്്. സിനിമ നിഷേധിക്കുന്ന ആധുനികത തന്നെയാണ് ഹജ്ജിനെപോലും ഒരു ടൂറിസം യാത്രയാക്കി മാറ്റിയത്.

ഈ പ്രതികരണങ്ങള്‍ ഇവിടെ പകര്‍ത്തിയത് മലയാളിയുടെ സംവേദനസമീപനങ്ങളെക്കുറിച്ച് അവ നമുക്ക് ചില ഉള്‍ക്കാഴ്ചകള്‍ പകര്‍ന്നുനല്‍കുന്നതുകൊണ്ടാണ്. ഈ ചിത്രം പ്രദര്‍ശനത്തിനെത്തിയപ്പോള്‍ ദേശീയ സംസ്ഥാന അവാര്‍ഡുകമ്മിറ്റികള്‍ക്ക് തെറ്റി എന്നു കാണിക്കാനായിരുന്നു സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ പലര്‍ക്കും തിടുക്കം. ദേശീയ അവാര്‍ഡ് ഈ ചിത്രം അര്‍ഹിക്കുന്നുണ്ടോ എന്ന് ചിലരെങ്കിലും സംശയിക്കുന്നതു കണ്ടു.
ഒരു കലാരൂപത്തോട്/ ഒരു സിനിമയോട് രണ്ടുതരത്തിലുള്ള സംവേദനസമീപനങ്ങള്‍ ആവാം. സൌന്ദര്യശാസ്ത്രപരവും പ്രത്യയശാസ്ത്രപരവും. രണ്ടുതരത്തിലും ചിത്രം മോശമാണെന്ന് ഉറപ്പിക്കാനുള്ള പ്രവണതകളുണ്ടായി. വിയോജിക്കാനും വിമര്‍ശിക്കാനുമുള്ള അധികാരം ആര്‍ക്കുമുണ്ട്. പക്ഷേ, വ്യാപകമായ സ്വീകാര്യതയുള്ള ഒരു കലാസൃഷ്ടിയെക്കുറിച്ച് എതിരഭിപ്രായം പറഞ്ഞ് തന്റെ സവിശേഷമായ ഭാവുകത്വം പ്രദര്‍ശിപ്പിക്കുക എന്ന വിനോദത്തിന്റെ ആത്മരതിയാണ് ഈ വിയോജനങ്ങളില്‍ കാണാനാവുന്നത്. ഒരു കൊച്ചുസിനിമയെ, ഒരു പാവം സിനിമയെ എതിര്‍ത്തുതോല്‍പിക്കുന്നതില്‍ ആനന്ദം നേടുന്ന അസൂയാലുക്കളും ഉണ്ടാവാം.
'ആദാമിന്റെ മകന്‍ അബു' ആത്മാര്‍ഥതയുള്ള ഒരു സിനിമയായാണ് എനിക്ക് അനുഭവപ്പെട്ടത്. അവാര്‍ഡ് കിട്ടണം എന്ന് ആഗ്രഹിച്ച് എടുത്ത ചിത്രങ്ങളുടെ പൊതുസ്വഭാവം ഈ സിനിമക്കില്ല. ഇഴഞ്ഞുനീങ്ങുന്ന ഷോട്ടുകള്‍, പഴകിത്തേഞ്ഞ് ക്ലീഷേ ആയ ദൃശ്യങ്ങളും സംഭാഷണങ്ങളും, സംവിധായകനോളം ബുജികളായ കഥാപാത്രങ്ങള്‍ തുടങ്ങി നമ്മുടെ പതിവ് ആര്‍ട്ട് സിനിമകളുടെ അസ്ക്യതകളൊന്നും ഈ ചിത്രത്തില്‍ കണ്ടില്ല. (നമ്മുടെ സമാന്തര സിനിമക്ക് ഇപ്പോഴും എഴുപതുകളില്‍നിന്ന് ബസ് കിട്ടിയിട്ടില്ല. ഇറ്റാലിയന്‍ നിയോറിയലിസത്തില്‍നിന്നും ഫ്രഞ്ച് നവതരംഗത്തില്‍നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട് അക്കാലത്ത് ഇവിടെ രൂപം കൊണ്ട ചിത്രങ്ങളുടെ വ്യാകരണം അപ്പടി കടംകൊണ്ട് പരിഹാസ്യരാവുകയാണ് ഏറ്റവും പുതിയ തലമുറയിലെ സമാന്തര സിനിമക്കാര്‍. മൂന്നു യുവാക്കളുടെ സമാന്തര ചിത്രങ്ങള്‍ അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ഉപയോഗിക്കാമെന്ന് എം. ഋജു എന്ന സുഹൃത്ത്. അടൂരിനെപ്പോലുള്ളവരാണെങ്കില്‍ പഴയ എലിപ്പത്തായത്തില്‍ പുതിയ തേങ്ങാപ്പൂളുവെക്കുന്നുവെന്നും രസികനായ ആ സുഹൃത്ത് പറയുന്നു) പതിവു വ്യാപാര ഫോര്‍മുലകള്‍ക്കനുസരിച്ചുള്ള ഒത്തുതീര്‍പ്പുകള്‍ക്ക് സലിം അഹമ്മദ് വഴങ്ങിയിട്ടില്ല.
ഹജ്ജ് പ്രമോഷനു വേണ്ടിയുള്ള സിനിമയാണെന്നു പറയുന്നത് തലക്കുള്ളില്‍ ആള്‍പ്പാര്‍പ്പില്ലാത്തതുകൊണ്ടായിരിക്കാമെന്ന് കരുതി സമാധാനിക്കാം. സിനിമ ഒന്നു മനസ്സിരുത്തി കണ്ടിരുന്നുവെങ്കില്‍ ഈ ബുജികള്‍ ഇങ്ങനെ അഭിപ്രായം പറയില്ലായിരുന്നു. ചിത്രത്തിന്റെ യഥാര്‍ഥ ഇതിവൃത്തത്തിലേക്ക് പ്രേക്ഷകന്‍ നടന്നടുക്കുന്നത് അവസാനത്തെ ഒന്നോ രണ്ടോ സീനുകളിലാണ്. അവിടെയാണ് സലിം അഹമ്മദ് ശില്‍പവൈഭവമുള്ള കലാകാരനാണെന്നു തെളിയിച്ചത്. മക്കള്‍ അവഗണിക്കുന്ന എല്ലാ മാതാപിതാക്കളുടെയും ആരുമറിയാത്ത വ്യഥകളുടെ കഥയാണിത് എന്ന് സാമാന്യസംവേദനശേഷിയുള്ള ആര്‍ക്കും മനസ്സിലാവും. മുറിച്ചത് മരമാണെങ്കിലും അതും ഒരു ജീവനല്ലേ എന്ന ചിന്തയില്‍ ചിത്രമൊടുങ്ങുമ്പോള്‍ ലളിതമായ ഒരു പാരിസ്ഥിതികാവബോധം കൂടി അതിലേക്കു കടന്നുവരുന്നു. പരിചരണത്തില്‍ പാളിപ്പോയേക്കാമായിരുന്ന അതിലോലമായ പ്രമേയമാണിത്. രണ്ടേ രണ്ട് സീനുകളിലെ ഊന്നലിലൂടെ തന്റേത് ഹജ്ജ് തീര്‍ഥാടനത്തെക്കുറിച്ചുള്ള സിനിമയല്ലെന്നും അതിനപ്പുറമുള്ള ചില മാനങ്ങളിലേക്ക് അതിന്റെ ഇതിവൃത്തം വളര്‍ന്നു മുട്ടുന്നുണ്ടെന്നും പറയാതെ പറയുന്നിടത്ത് പ്രതീക്ഷയര്‍പ്പിക്കാവുന്ന ഒരു യുവചലച്ചിത്രകാരന്റെ സാന്നിധ്യം ഞാന്‍ കാണുന്നു. ദേശീയ അവാര്‍ഡു ലഭിച്ചപ്പോഴുള്ള പത്രവാര്‍ത്തകളും ഫീച്ചറുകളും ഹജ്ജ് തീര്‍ഥാടനത്തിനാഗ്രഹിക്കുന്ന ഒരു വൃദ്ധന്റെ വ്യഥകളുടെ കഥമാത്രമായി ഈ ചിത്രത്തെ സങ്കുചിതവൃത്തത്തില്‍ തളച്ചിടുകയായിരുന്നു. ചിത്രം പ്രദര്‍ശനത്തിനെത്തിയിട്ടും അതുതന്നെ ആവര്‍ത്തിക്കുന്നവരുടെ സംവേദനശേഷിയോര്‍ത്ത് സഹതപിക്കുകയല്ലാതെ നിവൃത്തിയില്ല.
നമ്മുടെ സമാന്തര സിനിമക്കാര്‍ ചില വിഷയങ്ങളെ അധികരിച്ച് സിനിമയെടുക്കുമ്പോള്‍ വിഷയം മുഴച്ചുനില്‍ക്കുകയും പത്രവാര്‍ത്ത പോലെ ചിത്രം വിരസമാവുകയും ചെയ്യുന്നതു കാണാം. സമകാലിക വിഷയത്തെ ഭാവനവത്കരിക്കാനും രചനാത്മകമായി അതിനെ ചലച്ചിത്രഗാത്രത്തില്‍ വിളക്കിച്ചേര്‍ക്കാനും പലര്‍ക്കും കഴിയാറില്ല. വിഷയം സിനിമയാക്കാതെ ഒരു വെള്ളക്കടലാസില്‍ എഴുതിത്തന്നാല്‍ മതിയായിരുന്നു എന്നു തോന്നിപ്പിക്കുന്ന വിധം ചലച്ചിത്രമാധ്യമത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താത്ത പാതിവെന്ത സിനിമകളാണ് അവ. എന്നാല്‍ ഇവിടെ സലിം അഹമ്മദ് ദൃശ്യങ്ങളുടെയും സംഭാഷണങ്ങളുടെയും മിതമായ ഉപയോഗത്തിലൂടെ ഒരു വിഷയം അല്ലെങ്കില്‍ ഒന്നിലധികം വിഷയങ്ങള്‍ ഒതുക്കിപ്പറയുന്നു. മധു അമ്പാട്ടിന്റെ ക്യാമറ, റഫീക്ക് അഹമ്മദിന്റെ വരികള്‍, സലിംകുമാറിന്റെ അഭിനയം, ഐസക് തോമസിന്റെ പശ്ചാത്തലസംഗീതം എന്നിവയും സംവിധായകനെ ഏറെ സഹായിച്ചിട്ടുണ്ട്.
ഭക്തി പ്രണയം പോലെ മധുരതരമായ ഒരു വികാരമാണ്. മതങ്ങളെല്ലാം അവയുടെ മനുഷ്യവിരുദ്ധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭക്തിയെ അനാവശ്യസമ്മര്‍ദമേല്‍പ്പിക്കുന്ന ഒരു ചടങ്ങായി മാറ്റിയിട്ടുണ്ടെങ്കിലും ആത്മസമര്‍പ്പണത്തിന്റെ വിശുദ്ധമായ നിമിഷങ്ങളുണ്ട് അതില്‍. ആ അര്‍ഥത്തില്‍ ഭക്തിയുടെ നിറവാര്‍ന്ന ചില നിശãബ്ദ നിമിഷങ്ങളും ചിത്രത്തില്‍ കാണാന്‍ കഴിഞ്ഞു. വിമുഖവും നിഷ്ക്രിയവും സാമൂഹികവിരുദ്ധവുമായ ഭക്തിയെ ഒരൊറ്റ രംഗത്തിലൂടെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട് സംവിധായകന്‍. അബു സ്കൂള്‍മാഷിന്റെ വീട്ടിലെത്തുന്ന രാത്രിയില്‍ മാഷിന്റെ അമ്മയുടെ നിസ്സംഗമായ ഭാഗവതം വായന ആഴവും അര്‍ഥവുമുള്ള രംഗമായി. സ്മാരകശിലകളിലും ഖസാക്കിന്റെ ഇതിഹാസത്തിലുമെല്ലാം അതിന്ദ്രീയ തലങ്ങളില്‍ വിശ്വാസവുമായി ചേര്‍ന്നുനില്‍ക്കുന്ന ചില കഥാപാത്രങ്ങളുണ്ടല്ലോ. ആ തലത്തിലേക്ക് ഉസ്താദ് വളരുന്നില്ല എന്നത് ഒരു പരിമിതി തന്നെയാണ്. ആ പരിണാമത്തിലേക്ക് ഭാവപ്പകര്‍ച്ച നേടാന്‍ സുരാജ് എന്ന നടന് കഴിഞ്ഞതുമില്ല. ഹാസ്യമല്ലാതെ ഒരു ഭാവം തനിക്കു വഴങ്ങില്ലെന്ന് ഈ ചിത്രത്തിലൂടെ സുരാജ് ഒന്നുകൂടി അടിവരയിട്ടു.
അക്ബര്‍ ട്രാവല്‍സിന്റെ പരസ്യമാണ് ഈ സിനിമ എന്ന വിമര്‍ശനം ബാലിശമാണ്. ഒരു കോടി ഇരുപതുലക്ഷം രൂപ ചെലവഴിച്ച് ആത്മാര്‍ഥതയുള്ള ഒരു സിനിമയുണ്ടാക്കാന്‍ ശ്രമിച്ചവരുടെ സ്ഥാപനം രണ്ടു സീനില്‍ പ്രത്യക്ഷപ്പെട്ടതില്‍ ഇത്ര അസഹിഷ്ണുത വേണോ? അക്ബര്‍ ട്രാവല്‍സ് വഴി ഗള്‍ഫില്‍ പോവാന്‍ ക്രയശേഷിയുള്ള പ്രേക്ഷകര്‍ക്കു മുന്നില്‍ മസാല പുരട്ടി വിളമ്പിയ ദൃശ്യവിരുന്ന് അല്ലല്ലോ ഈ സിനിമ. എന്തിലും ഒരു ഗൂഢപദ്ധതി കാണുന്ന ദോഷൈകദൃക്കുകള്‍ക്കിടയില്‍ ഈ പാവം സിനിമ എങ്ങനെ അതിജീവിക്കുമാവോ! ഒരു വാണിജ്യേതരസന്ദര്‍ഭത്തില്‍ വാണിജ്യ ഉല്‍പന്നത്തെ അവതരിപ്പിക്കുമ്പോള്‍ ഉപഭോക്താവിന്റെ മനസ്സില്‍ അത് ആഴത്തില്‍ പതിയുന്നുവെന്നത് പരസ്യവിജ്ഞാനീയത്തിന്റെ അടിസ്ഥാനതത്ത്വങ്ങളിലൊന്നാണ്. അതിന്റെ പ്രയോഗം ഇതില്‍ കാണാമെന്നത് ശരിതന്നെ. പക്ഷേ, ഒരു ട്രാവല്‍ ഏജന്‍സിയിലെ ചില രംഗങ്ങള്‍ ആ കഥ ആവശ്യപ്പെടുന്നുണ്ട്. അത് നിലവിലില്ലാത്ത ഒരു ഏജന്‍സിയുടെ പേരില്‍ ആയിരുന്നെങ്കില്‍ വിമര്‍ശകരുടെ സംവേദനശേഷിയെ അത് തൃപ്തിപ്പെടുത്തുമായിരുന്നോ?
മുസ്ലിംകളെ തീവ്രവാദികളും അമിതഭക്ഷണാസക്തിയുള്ളവരും ദേശക്കൂറില്ലാത്തവരുമായി ചിത്രീകരിക്കുന്ന പതിവുപ്രവണതയില്‍നിന്നുള്ള മാറിനടത്തത്തിന്റെ പേരിലും ഒരുപക്ഷേ ഈ ചിത്രം നമ്മുടെ സാംസ്കാരിക ചരിത്രത്തില്‍ ഇടം നേടിയേക്കാം. ചിത്രം ഒരു രാഷ്ട്രീയവും പറയുന്നില്ല, ഒരു സാമൂഹികവിഭാഗത്തെയും പ്രതിനിധാനം ചെയ്യുന്നില്ല എന്ന മേലുദ്ധരിച്ച വിമര്‍ശനം സിനിമ ഇങ്ങനെയൊക്കെയായിരിക്കണം എന്ന മുന്‍വിധിയില്‍നിന്ന് ഉണ്ടാവുന്നതാണ്.
മൂന്നുപതിറ്റാണ്ടിനുശേഷം തിയററ്ററിന്റെ പടി ചവുട്ടിയ സുകുമാര്‍ അഴീക്കോട് 'ആദാമിന്റെ മകന്‍ അബു' കണ്ടിറങ്ങിയപ്പോള്‍ പറഞ്ഞത് ഇങ്ങനെ: ''മലയാള സിനിമയിലെ ഉണങ്ങിയ ആല്‍മരങ്ങള്‍ ചെറിയ ചെടികളെ വളരാനനുവദിക്കുന്നില്ല. അവ വെട്ടിമാറ്റപ്പെടുമ്പോള്‍ നല്ല മരങ്ങള്‍ വളരും.'' പുതിയ പ്രതീക്ഷകളുടെ പച്ചത്തഴപ്പുകള്‍ പൊടിച്ചുവരും എന്നുതന്നെയാണ് ഈ സിനിമ സാക്ഷ്യപ്പെടുത്തുന്നത്.