Thursday, January 5, 2012

മുന്‍വിധികള്‍ മാറുന്നു

സ്വാഗതാര്‍ഹമായ സംവേദന പരിവര്‍ത്തനത്തിനു സാക്ഷ്യം വഹിച്ച വര്‍ഷമാണ് കടന്നുപോയത്. നൂറ്റൊന്നാവര്‍ത്തിച്ച വിജയസമവാക്യങ്ങള്‍ കുടഞ്ഞെറിഞ്ഞ് പുതിയ പ്രമേയങ്ങളും ദൃശ്യപരിചരണരീതിയും അവലംബിച്ച ചില ചിത്രങ്ങള്‍ മുഖ്യധാരാ മലയാളസിനിമയുടെ ദിശാവ്യതിയാനത്തിന് തുടക്കം കുറിച്ചു. പതിവുഫോര്‍മുലകളെ ലജ്ജാകരമായി പിന്‍പറ്റുന്ന സിനിമകളും ഫാന്‍സ് അസോസിയേഷന്റെ ആര്‍പ്പുവിളികള്‍ക്കു കാതോര്‍ത്ത് താരപരിവേഷത്തിനനുസരിച്ചു തുന്നിയ നായകകേന്ദ്രിതകഥകളും പ്രേക്ഷകര്‍ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളഞ്ഞവര്‍ഷം കൂടിയായിരുന്നു ഇത്. ഇനിയുള്ളകാലം നമ്മുടെ തിരശãീല പുതിയ തെളിച്ചങ്ങളിലേക്കു കണ്‍തുറക്കുമെന്ന പ്രത്യാശയുമായാണ് 2011 പടിയിറങ്ങുന്നത്.

മനുഷ്യജീവിതത്തെ ആവിഷ്കരിക്കുന്നതില്‍ ലോകസിനിമ കൈവരിച്ച ഔന്നത്യങ്ങളെ കൃത്യമായി തിരിച്ചറിയുന്ന ഒരു തലമുറ ഇവിടെ വളര്‍ന്നുവരുന്നുണ്ട്. ചലച്ചിത്രമേളകളും ഡീവീഡി വിപ്ലവവും ഇന്റര്‍നെറ്റിലെ ടോറന്റില്‍നിന്ന് എളുപ്പം ഡൌണ്‍ലോഡു ചെയ്യാവുന്ന വിദേശഭാഷാ ചിത്രങ്ങളും ഹോളിവുഡ് ഇതര ലോകസിനിമയുടെ വിശാലമായ ഭാവനാപ്രപഞ്ചത്തിലേക്കാണ് യുവതലമുറയെ നയിക്കുന്നത്. എന്നാല്‍, ഇരുട്ടിനെ ഉപാസിച്ചുകൊണ്ട് പുതിയ വെളിച്ചങ്ങള്‍ക്കു നേരെ കണ്ണടച്ചുപോരുകയായിരുന്നു നമ്മുടെ സിനിമക്കാര്‍. പുറത്ത് ലോകം മാറുന്നുണ്ടായിരുന്നു. സിനിമ മാറുന്നുണ്ടായിരുന്നു. തൊട്ടയല്‍പക്കത്ത്, തമിഴില്‍ നടക്കുന്നതുപോലും കാണാന്‍കൂട്ടാക്കാതെ ലോകത്തെ പുറത്താക്കി അവര്‍ വാതിലടച്ച് വീട്ടിലിരുന്നു. തൊട്ടിപ്പടങ്ങള്‍ എട്ടുനിലയില്‍ പൊട്ടുമ്പോള്‍ മലയാളിപ്രേക്ഷകനെ കുറ്റം പറഞ്ഞു. അവന്റെ ആസ്വാദനശേഷിയെ വിലകുറച്ചു കണ്ടു. അങ്ങനെ വിലകുറച്ചു കാണേണ്ട ഒന്നല്ല തങ്ങളുടെ സംവേദനശേഷിയെന്ന് മലയാളിപ്രേക്ഷകന്‍ ഉറക്കെ വിളിച്ചുപറയുകയാണിപ്പോള്‍.

2011 ജനുവരിയില്‍ പ്രദര്‍ശനത്തിനെത്തിയ 'ട്രാഫിക്' എന്ന ചിത്രമാണ് ഈ ദിശാമാറ്റത്തിനു തുടക്കം കുറിച്ചത്. 'ട്രാഫിക്' നല്‍കിയ ഗ്രീന്‍സിഗ്നലുകള്‍ക്കനുസരിച്ച് പുതിയ ദിശയിലേക്കു തിരിയുകയായിരുന്നു യുവതലമുറയിലെ ചലച്ചിത്രകാരന്മാര്‍. ചവിട്ടിത്തേഞ്ഞ പാതയില്‍ മുടന്തിനീങ്ങിയ മലയാളസിനിമയുടെ ഗതിമാറ്റാന്‍ 'ട്രാഫിക്' ചില ഭാവുകത്വവിച്ഛേദങ്ങള്‍ക്കു തുടക്കമിട്ടു. താരകേന്ദ്രിതമായ ജനപ്രിയ ഫോര്‍മുലയെ ഈ ചിത്രം നിരാകരിച്ചു. നായകന്‍, നായിക, വില്ലന്‍, സുരാജ് വെഞ്ഞാറമൂട് എന്നീ അവശ്യഘടകങ്ങളെ ബോധപൂര്‍വം മാറ്റിനിര്‍ത്തി. പരിചയിച്ചുപഴകിയ രേഖീയമായ, ഋജുരേഖയിലുള്ള ആഖ്യാനരീതിയെ കൈയൊഴിഞ്ഞു. സംവേദന സന്ദിഗ്ധതകള്‍ ഇല്ലാതെ, കാഴ്ചക്കാരനില്‍ ഒരു തരത്തിലുള്ള അവ്യക്തതകളുമവശേഷിപ്പിക്കാതെ, സങ്കീര്‍ണമായ കഥാഘടന യുക്തിഭദ്രമായി അവതരിപ്പിച്ചു. ക്രമരഹിതമായ രംഗങ്ങളിലൂടെ അനുക്രമമായി വികസിക്കുന്ന ആഖ്യാനമായിരുന്നു ചിത്രത്തിന്റേത്. രണ്ടു മണിക്കൂറിനുള്ളില്‍ മൂന്നു തലമുറകളുടെ കഥ പറയുന്ന മുഖ്യധാരാ സിനിമയുടെ പൊതുരീതിയെ പൊളിച്ചുകൊണ്ട് ഒരു ദിവസം നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന് ആധാരമായത്.

കേരളത്തിലെ സാമാന്യപ്രേക്ഷകന്റെ സംവേദനനിലവാരം ഉയര്‍ത്തുകയായിരുന്നു ഈ സംരംഭം. വാസ്തവത്തില്‍ മെക്സിക്കന്‍ ചലച്ചിത്രകാരന്‍ ഇനാരിത്തുവിനെപ്പോലുള്ള നവലോകസിനിമയുടെ ശക്തരായ പ്രയോക്താക്കളുടെ ക്രാഫ്റ്റ് ആണ് 'ട്രാഫികി'ന് പ്രചോദനമായത്. സിനിമ എന്ന മാധ്യമത്തെ ഗൌരവപൂര്‍വം വീക്ഷിക്കുന്ന പ്രേക്ഷകര്‍ക്കുമാത്രം ഹിതകരമായ ഈ ശില്‍പരൂപത്തില്‍ വാര്‍ത്തെടുത്ത 'ട്രാഫിക് 'കണ്ടിട്ട് സാമാന്യപ്രേക്ഷകന്‍ കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്ന ആഹ്ലാദകരമായ കാഴ്ചക്ക് 2011 സാക്ഷ്യം വഹിച്ചു. ഒരു ശിഥിലദര്‍പ്പണത്തിലെ ഭഗ്നബിംബങ്ങളെ സമര്‍ഥമായി കൂട്ടിയോജിപ്പിച്ച് പ്രതിബിംബം വീണ്ടെടുക്കുന്ന ഇനാരിത്തുവിന്റെ ശില്‍പസങ്കേതം കടംകൊണ്ട് മൌലികമായ ചലച്ചിത്രമൊരുക്കുകയായിരുന്നു രാജേഷ് പിള്ള. ആകസ്മികമായ ഒരു സംഭവത്തിന്റെ സംഗമബിന്ദുവില്‍ ഒന്നിലധികംപേരുടെ വ്യത്യസ്തജീവിതങ്ങള്‍ സമന്വയിപ്പിക്കുന്ന വിദേശദൃശ്യശില്‍പങ്ങളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് മൌലികമായ ഒരു സൃഷ്ടിക്ക് രൂപം നല്‍കാമെന്ന് ഈ ചിത്രത്തിന്റെ അണിയറശില്‍പികള്‍ തെളിയിച്ചു. ടോറന്റ്, ഡീവീഡി വിപ്ലവത്തിന്റെ ധനാത്മകമായ ഉപലബ്ധിയാണ് രാജേഷ് പിള്ള- ബോബി സഞ്ജയ് ടീമിന്റെ ഈ സംരംഭം.

'ട്രാഫിക്' നല്‍കിയ ധൈര്യത്തില്‍നിന്നാണ് 'സാള്‍ട്ട് ആന്‍ഡ് പെപ്പര്‍', 'ചാപ്പാ കുരിശ്', 'ബ്യൂട്ടിഫുള്‍' എന്നീ ചിത്രങ്ങള്‍ പിറവികൊള്ളുന്നത്. പുതുപ്രമേയങ്ങള്‍ സ്വീകരിക്കുന്നതിലും അതിന് അനുഗുണമായ ദൃശ്യപരിചരണം നല്‍കുന്നതിലും മലയാളസിനിമയുടെ പതിവുരീതികളെ തിരസ്കരിക്കാനുള്ള ആര്‍ജവം, ആഷിഖ് അബു, സമീര്‍ താഹിര്‍, വി.കെ. പ്രകാശ് എന്നീസംവിധായകര്‍ തുറന്നു പ്രകടിപ്പിച്ചു. നായകന്‍, നായിക, ഹാസ്യതാരം, വില്ലന്‍ തുടങ്ങിയ മുഖ്യധാരാ സിനിമയെക്കുറിച്ചുള്ള മുന്‍വിധികളില്‍നിന്ന് ഒട്ടേറെ കളകള്‍ പറിച്ചെറിയാന്‍ ഈ ചിത്രങ്ങള്‍ക്കു കഴിഞ്ഞു. വിഷയവൈവിധ്യം, ദൃശ്യപരിചരണത്തിലെ വ്യത്യസ്തത എന്നിവക്കുവേണ്ടിദാഹിക്കുന്ന ഒരു പ്രേക്ഷകസമൂഹം കേരളത്തിലുണ്ടെന്നു വിളിച്ചുപറയുന്നവിധം ഈ ചിത്രങ്ങള്‍ അംഗീകരിക്കപ്പെട്ടു. മാധവ് രാമദാസിന്റെ 'മേല്‍വിലാസം', ബാബു ജനാര്‍ദനന്റെ 'ബോംബെ മാര്‍ച്ച് 12' എന്നീ ചിത്രങ്ങള്‍ പ്രദര്‍ശനവിജയം കണ്ടില്ലെങ്കിലും ഉള്ളടക്കത്തിന്റെ ഉള്‍ക്കരുത്തില്‍ ഇന്ത്യന്‍ പനോരമയില്‍ ഇടംപിടിച്ചു. 'ട്രാഫിക്', 'ചാപ്പാകുരിശ്'എന്നീ പരീക്ഷണസംരംഭങ്ങള്‍ പനോരമയില്‍ തെരഞ്ഞെടുക്കപ്പെട്ടു എന്നത് സ്വാഗതാര്‍ഹമായ കാര്യമാണ്. കേരളീയകലകളുമായി ബന്ധപ്പെട്ട പതിവു പനോരമപ്പടങ്ങളുടെ സ്വഭാവത്തില്‍നിന്നു വിട്ടുമാറുന്ന ചിത്രങ്ങളെ അംഗീകരിച്ചതിലൂടെ വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ കൈകാര്യംചെയ്യുന്ന നവതലമുറ ചലച്ചിത്രകാരന്മാര്‍ക്ക് അതൊരു പ്രോത്സാഹനമായി. 'ഉറുമി', 'കര്‍മയോഗി', 'ആദാമിന്റെ മകന്‍ അബു' തുടങ്ങി ഏഴുചിത്രങ്ങളാണ് ഇത്തവണ പനോരമയില്‍ ഇടംനേടിയത്. മറ്റൊരു പ്രാദേശിക ഭാഷയില്‍നിന്നും ഇത്രയേറെ ചിത്രങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടില്ല. ദേശീയതലത്തിലെ ഗൌരവസിനിമയില്‍ മലയാളം പുലര്‍ത്തുന്ന ആധിപത്യത്തിന് അതും ഒരടിവരയായി.

സലീം അഹമ്മദ് സംവിധാനം ചെയ്ത 'ആദാമിന്റെ മകന്‍ അബു' 2011ല്‍ പ്രഖ്യാപിച്ച ദേശീയ ,സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വാരിക്കൂട്ടി. ഗോവ, കേരള ചലച്ചിത്രമേളകളിലും ചിത്രം പുരസ്കാരം നേടി. ആത്മാര്‍ഥമായ ചലച്ചിത്രസംരംഭത്തിനുലഭിച്ച അംഗീകാരങ്ങളായിരുന്നു അവ. ഗോപിക്കും പി.ജെ. ആന്റണിക്കും ശേഷം ശരീരം, ആകാരം എന്നിവയിലൂന്നിയ താരസ്വരൂപനിര്‍മിതിയെക്കുറിച്ചുള്ള മുന്‍വിധികളെ മറികടന്ന് സലിംകുമാര്‍ ദേശീയതലത്തിലും സംസ്ഥാനതലത്തിലും ഒരുമിച്ചുനേടിയ അംഗീകാരം ചരിത്രമായി.ഡിസംബറില്‍നടന്ന ചലച്ചിത്രമേളയില്‍ ഷെറി സംവിധാനം ചെയ്ത 'ആദിമധ്യാന്തം' വിവാദചിത്രമായി. ശുദ്ധകലാസിനിമയുടെ പാതയിലേക്ക് കൂടുതല്‍ കൂടുതല്‍ ചെറുപ്പക്കാര്‍ നടന്നടുക്കുന്നുവെന്ന പ്രത്യാശഭരിതമായ പ്രവണതക്ക് ആദാമിന്റെ മകനും ആദിമധ്യാന്തവും ദൃശ്യസാക്ഷ്യങ്ങളായി. മുഖ്യധാരാ സിനിമയെ പ്രമേയപരമായി നവീകരിക്കാനുള്ള രഞ്ജിത്തിന്റെ ശ്രമങ്ങള്‍ ഇത്തവണയും വിജയം കണ്ടു. പണം എന്ന പ്രലോഭനത്തിന്റെ വഴികള്‍ യഥാതഥമായി അവതരിപ്പിച്ച 'ഇന്ത്യന്‍ റുപ്പി' ശ്രദ്ധേയമായി. കമലിന്റെ 'ഗദ്ദാമ', ബ്ലസിയുടെ 'പ്രണയം' എന്നീ ചിത്രങ്ങള്‍ മുഖ്യധാരയില്‍നിന്നുള്ള മികച്ച സംരംഭങ്ങളായിരുന്നു.

സൂപ്പര്‍താരചിത്രങ്ങള്‍ക്ക് ബോക്സോഫീസില്‍ ഇത്തവണയും കാലിടറി. മലയാളിയായ സോഹന്‍റോയ് സംവിധാനം ചെയ്ത 'ഡാം 999' മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റെ പശ്ചാത്തലത്തില്‍ വന്‍മാധ്യമശ്രദ്ധ നേടിയെങ്കിലും പ്രദര്‍ശനവിജയം നേടാനായില്ല. ഫഹദ് ഫാസില്‍ എന്ന യുവനടനാണ് പോയവര്‍ഷത്തിന്റെ വാഗ്ദാനങ്ങളിലൊന്ന്. ചോക്ലേറ്റ് ഹീറോ ആയി അരങ്ങേറ്റം കുറിച്ച ഫഹദ് വര്‍ഷങ്ങള്‍ക്കുശേഷം 'ചാപ്പാകുരിശി'ലെത്തുമ്പോള്‍ വിസ്മയകരമായ പകര്‍ന്നാട്ടത്തിലൂടെ പ്രേക്ഷകരുടെ പ്രതീക്ഷയായി. വരുംവര്‍ഷങ്ങള്‍ തന്റേതുകൂടിയാണെന്ന് പ്രഖ്യാപിക്കുന്ന ഭാവപ്പകര്‍ച്ചകളുമായി ആസിഫ് അലിയുടെ താരോദയത്തിനുകൂടി പോയവര്‍ഷം സാക്ഷ്യം വഹിച്ചു. എല്ലാ പരീക്ഷണസംരംഭങ്ങളുടെയും ഭാഗമായ അനൂപ്മേനോന്‍ 'ബ്യൂട്ടിഫുള്‍' എന്ന ചിത്രത്തിലൂടെ തിരക്കഥയിലും മികവു തെളിയിച്ചു. മുഖ്യധാരയിലെ നൂറ്റൊന്നാവര്‍ത്തിച്ച ഫോര്‍മുലച്ചിത്രങ്ങളില്‍നിന്നുള്ള വഴിമാറിനടപ്പായിരുന്നു അക്കു അക്ബറിന്റെ 'വെള്ളരിപ്രാവിന്റെ ചങ്ങാതി'. മൂന്നു തലങ്ങളിലായി വികസിക്കുന്ന കഥ പറഞ്ഞുകൊണ്ട് അരങ്ങേറ്റം കുറിച്ച ജി.എസ് അനില്‍ പ്രതീക്ഷയുണര്‍ത്തുന്നു. മെലോഡ്രാമയുടെ മലവെള്ളപ്പാച്ചില്‍ ഒഴിവാക്കിയിരുന്നെങ്കില്‍, ആവശ്യമായ ഗൃഹപാഠം ചെയ്തിരുന്നെങ്കില്‍, ചമയം പോലുള്ള പ്രാഥമികമായ കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധിച്ചിരുന്നെങ്കില്‍ 2011ന്റെ മറ്റൊരു പരീക്ഷണചിത്രമാവുമായിരുന്നു ഇത്.

പരീക്ഷണാത്മകചിത്രങ്ങള്‍ സ്വീകരിക്കപ്പെടുമ്പോള്‍തന്നെ അവയുടെ മൌലികതയെക്കുറിച്ചുള്ള ചോദ്യങ്ങളും ഉയര്‍ന്നു. 'ഹാന്‍ഡ് ഫോണ്‍' എന്ന കൊറിയന്‍ സിനിമയില്‍നിന്നു കടംകൊണ്ട പ്രമേയമായിരുന്നു 'ചാപ്പാകുരിശി'ന്റേത്. എന്നാല്‍, പുതിയ ഒരു സംവേദനക്ഷമതയിലേക്ക് പ്രേക്ഷകസമൂഹത്തെ വലിച്ചണയ്ക്കുന്നതിന് അനുകരണസ്വഭാവമുള്ള ഈ ചിത്രങ്ങള്‍ സഹായിച്ചു എന്നത് യാഥാര്‍ഥ്യമാണ്. അറുപതുകളിലും എഴുപതുകളിലും മലയാള സാഹിത്യത്തില്‍ ആധുനികതാ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചത് വിദേശസാഹിത്യത്തിന്റെ സ്വാധീനത്തില്‍ എഴുതപ്പെട്ട രചനകളാണ്. അസ്തിത്വദര്‍ശനങ്ങളും സ്വത്വപ്രതിസന്ധിയും ചൂഴ്ന്നുനിന്ന ലോകത്തിന്റെ വിഹ്വലതകളെ മലയാളഭാവനയിലേക്കു പറിച്ചുനട്ടപ്പോള്‍ മികച്ച ചില രചനകളാണ് മലയാളത്തിനു ലഭിച്ചത്. പ്രമേയപരിസരത്തെയും ശില്‍പരൂപത്തെയും മാതൃകയാക്കുമ്പോള്‍തന്നെ മൌലികത നിലനിര്‍ത്തിയ സൃഷ്ടികളായിരുന്നു അക്കാലത്ത് കാക്കനാടനും മുകുന്ദനും വിജയനും എഴുതിയത്. അതുപോലെ, അടിമുടി മാറിക്കഴിഞ്ഞ നവലോക സിനിമയുടെ ശില്‍പരൂപത്തെ ഉപജീവിച്ചുകൊണ്ട് മൌലികതയിലേക്കു നടന്നടുക്കാന്‍ പുതിയ ചലച്ചിത്രകാരന്മാര്‍ക്കു കഴിയും എന്ന് നമുക്ക് പ്രത്യാശിക്കാം.

'ടി.ഡി. ദാസന്‍' എന്ന ചിത്രത്തിലൂടെ സമാന്തരസിനിമയില്‍ സവിശേഷമായ കൈയൊപ്പു പതിപ്പിച്ച മോഹന്‍ രാഘവന്‍, മനോഹരമായ ഗാനങ്ങള്‍ സമ്മാനിച്ച മുല്ലനേഴി, ജോണ്‍സണ്‍, ചലച്ചിത്രചിന്തകനും സംവിധായകനുമായ രവീന്ദ്രന്‍, മുന്‍കാല തിരക്കഥാകൃത്ത് ശാരംഗപാണി, ഗായകന്‍ മലേഷ്യാ വാസുദേവന്‍, ഛായാഗ്രാഹകന്‍ വിപിന്‍ദാസ്, നടി ആറന്മുള പൊന്നമ്മ, നടന്‍ മച്ചാന്‍ വര്‍ഗീസ്, മുന്‍കാലസംവിധായകന്‍ പി. വേണു എന്നിവര്‍ പോയ വര്‍ഷത്തിന്റെ വിയോഗങ്ങളായി.

Sunday, July 3, 2011

ഉള്ളു പൊള്ളയായ വന്‍മരങ്ങളും ചെറുചെടികളും

മലയാളിയുടെ ജനിതകപരമായ സവിശേഷതകളിലൊന്ന് നമ്മള്‍ ആരെയും അത്രപെട്ടെന്ന് അംഗീകരിക്കില്ല എന്നതാണ്. നാഡി പിടിച്ചുനോക്കി മരിച്ചു എന്നുറപ്പായാലേ പ്രതിഭകളെ നാം വാഴ്ത്തൂ. ധൈഷണികമായ അഹങ്കാരമോ കൂട്ടായ അസൂയയോ എന്നറിയില്ല,(അത് സാമൂഹികശാസ്ത്രകാരന്മാരുടെ വിഷയം) പുതിയ കലാകാരന്മാരുടെ കടന്നുവരവിനെ സംശയദൃഷ്ടിയോടെയാണ് നാം വീക്ഷിക്കുക. (പെട്ടെന്ന് തോന്നുന്ന ഒരു ഉദാഹരണം ജാസി ഗിഫ്റ്റ് ആണ്. ശബ്ദമാധുര്യത്തെക്കുറിച്ചും കലര്‍പ്പില്ലാത്ത ശുദ്ധസംഗീതത്തെക്കുറിച്ചുമുള്ള സാമ്പ്രദായിക ധാരണകളെ ഉലച്ചുകൊണ്ടുകടന്നുവന്ന ജാസി ഗിഫ്റ്റിനെ നാം തെലുങ്കിലേക്കും തമിഴിലേക്കും ഓടിച്ചുവിട്ടു. അവഗണനക്കു കാരണം ദലിത്സദൃശമായ മുഖമെന്ന് കീഴാളവായനയുണ്ടായി.) സലിം അഹമ്മദിനെയും ചലച്ചിത്രസാക്ഷരതയുള്ള പ്രബുദ്ധസമൂഹം ചില അപഭ്രംശങ്ങള്‍ ചൂണ്ടിക്കാട്ടി വിചാരണ ചെയ്യുന്നത് കണ്ടു.
അനുഭവപ്രതിസന്ധി എന്ന ഒരു ലേഖനം എ.സോമന്‍ എഴുതിയത് ഓര്‍ക്കുന്നു. ചില അനുഭവങ്ങളോട് മലയാളികള്‍ പുലര്‍ത്തുന്ന അസഹിഷ്ണുതയും ആന്ധ്യവുമായിരുന്നു അതിന്റെ ഉള്ളടക്കം. സാമൂഹിക ജീവിതത്തിലെ അനുഭവവൈവിധ്യങ്ങളെ അസഹിഷ്ണുതയോടെ കാണുന്ന മലയാളിയുടെ സഹജവാസനയെക്കുറിച്ച് ചില വഴിവിട്ട ചിന്തകള്‍ക്ക് അവസരം തന്നത് കഴിഞ്ഞയാഴ്ച പ്രദര്‍ശനത്തിനെത്തിയ 'ആദാമിന്റെ മകന്‍ അബു'വാണ്.
ഈ ചിത്രത്തെക്കുറിച്ച് ഫേസ്ബുക്കിലും വെബ്സൈറ്റുകളിലും വന്ന ചര്‍ച്ചകളില്‍ ഉയര്‍ന്ന വിയോജനസ്വഭാവമുള്ള പ്രതികരണങ്ങളില്‍ ചിലത് താഴെ ചേര്‍ക്കുന്നു. മലയാളിയുടെ സംവേദനശേഷിയെയും ഭാവുകത്വസമീപനങ്ങളെയും സംബന്ധിച്ച ചില സൂക്ഷ്മനിരീക്ഷണങ്ങള്‍ക്കും സാംസ്കാരികപഠനങ്ങള്‍ക്കും ഇവ പിന്നീട് എപ്പോഴെങ്കിലും ഉപകരിച്ചേക്കാം. അപകടകാരികളായ ചില ബുദ്ധിജീവികളില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കേണ്ടതിന്റെ മുന്നറിയിപ്പുകൂടിയാണ് ഇത്.

1) 'പതിറ്റാണ്ടുകള്‍ക്കു മുന്‍പ് മുസ്ലിം സമുദായത്തില്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തൂത്തെറിയാന്‍ കലാകാരന്മാര്‍ ശ്രമിക്കുകയുണ്ടായി. അക്കൂട്ടത്തില്‍ പെടുന്ന ഒരു നാടകമാണ് ടി.കെ. അയമുവിന്റെ ജ്ജ് നല്ലൊരു മനിസനാക്കാന്‍ നോക്ക്. ആ കാലത്തില്‍ നിന്നു നാമെത്തിച്ചേരുന്നത് ആദാമിന്റെ മകന്‍ അബു അഥവാ, ജ്ജ് നല്ലൊരു അജ്ജ് ചെയ്യാന്‍ നോക്ക് എന്ന സിനിമയിലേക്കാണ് എന്നത് സാമൂഹികപരിണതി പിന്നാക്കമാണെന്ന് എടുത്തുകാട്ടുന്നു.

2) 'ഈ സിനിമക്ക് അവാര്‍ഡു കിട്ടിയതില്‍ വിസ്മയമൊന്നുമില്ല. കാരണം, അവാര്‍ഡിന്റെ മാനദണ്ഡങ്ങളെ പൂര്‍ണമായും സംതൃപ്തിപ്പെടുത്തുന്നൊരു ചിത്രമാണിത്. ആരെയും ഇടിക്കുന്നില്ല. ഒരാളെയും പ്രകോപിപ്പിക്കുന്നില്ല, ഒരു രാഷ്ട്രീയവും പറയുന്നില്ല, ഒരു സാമൂഹികാവസ്ഥയെയും പ്രതിനിധാനം ചെയ്യുകയോ വിശകലനം ചെയ്യുകയോ പൊളിച്ചെഴുതാന്‍ ശ്രമിക്കുകയോ ചെയ്യുന്നില്ല.

3) ആദാമിന്റെ മകന്‍ അബു' ഒരു ഹജ്ജ് പ്രമോഷന്‍ & അക്ബര്‍ ട്രാവല്‍സ് പരസ്യ സിനിമയാണ്. ഈ വര്‍ഷത്തെ നാഷനല്‍ അവാര്‍ഡ് സെലക്ഷനിലേക്ക് വന്ന അനുഷാ റിസ്വിയുടെ പീപ്ലി ലൈവ്, ഗൌതം ഘോഷിന്റെ മോണേര്‍ മാനുഷ്, അപര്‍ണാസെന്നിന്റെ ദ ജാപനീസ് വൈഫ് എന്നീ ചിത്രങ്ങളുടെ നിലവാരത്തില്‍നിന്ന് വളരെ താഴെയാണ് ഈ സിനിമ. വിഷയപരമായാകട്ടെ ഇസ്ലാം മതവിശ്വാസികളെക്കുറിച്ചുള്ള യാഥാസ്ഥിതിക കാഴ്ചപ്പാട് മുന്നോട്ടുവെക്കുന്നതും. ആധുനിക മാറ്റങ്ങള്‍ (ഗള്‍ഫ് കുടിയേറ്റം, ബിസിനസ്) മോശമോ പരിഹാസ്യമോ ആയ കാര്യങ്ങളാണിതില്‍. ഹജ്ജിന് പോകലാണ് ഇസ്ലാം മതവിശ്വാസിയുടെ ജീവന്‍മരണപ്രശ്നമായി അവതരിപ്പിക്കുന്നത്. അതുപോലും ഇത്ര വ്യാപകമാകുന്നതിന് കാരണം ഗള്‍ഫ് പണവും, സൌദി അറേബ്യ ഹജ്ജിനെ ഒരു ടൂറിസം വ്യവസായമാക്കിയതുമാണ്്. സിനിമ നിഷേധിക്കുന്ന ആധുനികത തന്നെയാണ് ഹജ്ജിനെപോലും ഒരു ടൂറിസം യാത്രയാക്കി മാറ്റിയത്.

ഈ പ്രതികരണങ്ങള്‍ ഇവിടെ പകര്‍ത്തിയത് മലയാളിയുടെ സംവേദനസമീപനങ്ങളെക്കുറിച്ച് അവ നമുക്ക് ചില ഉള്‍ക്കാഴ്ചകള്‍ പകര്‍ന്നുനല്‍കുന്നതുകൊണ്ടാണ്. ഈ ചിത്രം പ്രദര്‍ശനത്തിനെത്തിയപ്പോള്‍ ദേശീയ സംസ്ഥാന അവാര്‍ഡുകമ്മിറ്റികള്‍ക്ക് തെറ്റി എന്നു കാണിക്കാനായിരുന്നു സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ പലര്‍ക്കും തിടുക്കം. ദേശീയ അവാര്‍ഡ് ഈ ചിത്രം അര്‍ഹിക്കുന്നുണ്ടോ എന്ന് ചിലരെങ്കിലും സംശയിക്കുന്നതു കണ്ടു.
ഒരു കലാരൂപത്തോട്/ ഒരു സിനിമയോട് രണ്ടുതരത്തിലുള്ള സംവേദനസമീപനങ്ങള്‍ ആവാം. സൌന്ദര്യശാസ്ത്രപരവും പ്രത്യയശാസ്ത്രപരവും. രണ്ടുതരത്തിലും ചിത്രം മോശമാണെന്ന് ഉറപ്പിക്കാനുള്ള പ്രവണതകളുണ്ടായി. വിയോജിക്കാനും വിമര്‍ശിക്കാനുമുള്ള അധികാരം ആര്‍ക്കുമുണ്ട്. പക്ഷേ, വ്യാപകമായ സ്വീകാര്യതയുള്ള ഒരു കലാസൃഷ്ടിയെക്കുറിച്ച് എതിരഭിപ്രായം പറഞ്ഞ് തന്റെ സവിശേഷമായ ഭാവുകത്വം പ്രദര്‍ശിപ്പിക്കുക എന്ന വിനോദത്തിന്റെ ആത്മരതിയാണ് ഈ വിയോജനങ്ങളില്‍ കാണാനാവുന്നത്. ഒരു കൊച്ചുസിനിമയെ, ഒരു പാവം സിനിമയെ എതിര്‍ത്തുതോല്‍പിക്കുന്നതില്‍ ആനന്ദം നേടുന്ന അസൂയാലുക്കളും ഉണ്ടാവാം.
'ആദാമിന്റെ മകന്‍ അബു' ആത്മാര്‍ഥതയുള്ള ഒരു സിനിമയായാണ് എനിക്ക് അനുഭവപ്പെട്ടത്. അവാര്‍ഡ് കിട്ടണം എന്ന് ആഗ്രഹിച്ച് എടുത്ത ചിത്രങ്ങളുടെ പൊതുസ്വഭാവം ഈ സിനിമക്കില്ല. ഇഴഞ്ഞുനീങ്ങുന്ന ഷോട്ടുകള്‍, പഴകിത്തേഞ്ഞ് ക്ലീഷേ ആയ ദൃശ്യങ്ങളും സംഭാഷണങ്ങളും, സംവിധായകനോളം ബുജികളായ കഥാപാത്രങ്ങള്‍ തുടങ്ങി നമ്മുടെ പതിവ് ആര്‍ട്ട് സിനിമകളുടെ അസ്ക്യതകളൊന്നും ഈ ചിത്രത്തില്‍ കണ്ടില്ല. (നമ്മുടെ സമാന്തര സിനിമക്ക് ഇപ്പോഴും എഴുപതുകളില്‍നിന്ന് ബസ് കിട്ടിയിട്ടില്ല. ഇറ്റാലിയന്‍ നിയോറിയലിസത്തില്‍നിന്നും ഫ്രഞ്ച് നവതരംഗത്തില്‍നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട് അക്കാലത്ത് ഇവിടെ രൂപം കൊണ്ട ചിത്രങ്ങളുടെ വ്യാകരണം അപ്പടി കടംകൊണ്ട് പരിഹാസ്യരാവുകയാണ് ഏറ്റവും പുതിയ തലമുറയിലെ സമാന്തര സിനിമക്കാര്‍. മൂന്നു യുവാക്കളുടെ സമാന്തര ചിത്രങ്ങള്‍ അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ഉപയോഗിക്കാമെന്ന് എം. ഋജു എന്ന സുഹൃത്ത്. അടൂരിനെപ്പോലുള്ളവരാണെങ്കില്‍ പഴയ എലിപ്പത്തായത്തില്‍ പുതിയ തേങ്ങാപ്പൂളുവെക്കുന്നുവെന്നും രസികനായ ആ സുഹൃത്ത് പറയുന്നു) പതിവു വ്യാപാര ഫോര്‍മുലകള്‍ക്കനുസരിച്ചുള്ള ഒത്തുതീര്‍പ്പുകള്‍ക്ക് സലിം അഹമ്മദ് വഴങ്ങിയിട്ടില്ല.
ഹജ്ജ് പ്രമോഷനു വേണ്ടിയുള്ള സിനിമയാണെന്നു പറയുന്നത് തലക്കുള്ളില്‍ ആള്‍പ്പാര്‍പ്പില്ലാത്തതുകൊണ്ടായിരിക്കാമെന്ന് കരുതി സമാധാനിക്കാം. സിനിമ ഒന്നു മനസ്സിരുത്തി കണ്ടിരുന്നുവെങ്കില്‍ ഈ ബുജികള്‍ ഇങ്ങനെ അഭിപ്രായം പറയില്ലായിരുന്നു. ചിത്രത്തിന്റെ യഥാര്‍ഥ ഇതിവൃത്തത്തിലേക്ക് പ്രേക്ഷകന്‍ നടന്നടുക്കുന്നത് അവസാനത്തെ ഒന്നോ രണ്ടോ സീനുകളിലാണ്. അവിടെയാണ് സലിം അഹമ്മദ് ശില്‍പവൈഭവമുള്ള കലാകാരനാണെന്നു തെളിയിച്ചത്. മക്കള്‍ അവഗണിക്കുന്ന എല്ലാ മാതാപിതാക്കളുടെയും ആരുമറിയാത്ത വ്യഥകളുടെ കഥയാണിത് എന്ന് സാമാന്യസംവേദനശേഷിയുള്ള ആര്‍ക്കും മനസ്സിലാവും. മുറിച്ചത് മരമാണെങ്കിലും അതും ഒരു ജീവനല്ലേ എന്ന ചിന്തയില്‍ ചിത്രമൊടുങ്ങുമ്പോള്‍ ലളിതമായ ഒരു പാരിസ്ഥിതികാവബോധം കൂടി അതിലേക്കു കടന്നുവരുന്നു. പരിചരണത്തില്‍ പാളിപ്പോയേക്കാമായിരുന്ന അതിലോലമായ പ്രമേയമാണിത്. രണ്ടേ രണ്ട് സീനുകളിലെ ഊന്നലിലൂടെ തന്റേത് ഹജ്ജ് തീര്‍ഥാടനത്തെക്കുറിച്ചുള്ള സിനിമയല്ലെന്നും അതിനപ്പുറമുള്ള ചില മാനങ്ങളിലേക്ക് അതിന്റെ ഇതിവൃത്തം വളര്‍ന്നു മുട്ടുന്നുണ്ടെന്നും പറയാതെ പറയുന്നിടത്ത് പ്രതീക്ഷയര്‍പ്പിക്കാവുന്ന ഒരു യുവചലച്ചിത്രകാരന്റെ സാന്നിധ്യം ഞാന്‍ കാണുന്നു. ദേശീയ അവാര്‍ഡു ലഭിച്ചപ്പോഴുള്ള പത്രവാര്‍ത്തകളും ഫീച്ചറുകളും ഹജ്ജ് തീര്‍ഥാടനത്തിനാഗ്രഹിക്കുന്ന ഒരു വൃദ്ധന്റെ വ്യഥകളുടെ കഥമാത്രമായി ഈ ചിത്രത്തെ സങ്കുചിതവൃത്തത്തില്‍ തളച്ചിടുകയായിരുന്നു. ചിത്രം പ്രദര്‍ശനത്തിനെത്തിയിട്ടും അതുതന്നെ ആവര്‍ത്തിക്കുന്നവരുടെ സംവേദനശേഷിയോര്‍ത്ത് സഹതപിക്കുകയല്ലാതെ നിവൃത്തിയില്ല.
നമ്മുടെ സമാന്തര സിനിമക്കാര്‍ ചില വിഷയങ്ങളെ അധികരിച്ച് സിനിമയെടുക്കുമ്പോള്‍ വിഷയം മുഴച്ചുനില്‍ക്കുകയും പത്രവാര്‍ത്ത പോലെ ചിത്രം വിരസമാവുകയും ചെയ്യുന്നതു കാണാം. സമകാലിക വിഷയത്തെ ഭാവനവത്കരിക്കാനും രചനാത്മകമായി അതിനെ ചലച്ചിത്രഗാത്രത്തില്‍ വിളക്കിച്ചേര്‍ക്കാനും പലര്‍ക്കും കഴിയാറില്ല. വിഷയം സിനിമയാക്കാതെ ഒരു വെള്ളക്കടലാസില്‍ എഴുതിത്തന്നാല്‍ മതിയായിരുന്നു എന്നു തോന്നിപ്പിക്കുന്ന വിധം ചലച്ചിത്രമാധ്യമത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താത്ത പാതിവെന്ത സിനിമകളാണ് അവ. എന്നാല്‍ ഇവിടെ സലിം അഹമ്മദ് ദൃശ്യങ്ങളുടെയും സംഭാഷണങ്ങളുടെയും മിതമായ ഉപയോഗത്തിലൂടെ ഒരു വിഷയം അല്ലെങ്കില്‍ ഒന്നിലധികം വിഷയങ്ങള്‍ ഒതുക്കിപ്പറയുന്നു. മധു അമ്പാട്ടിന്റെ ക്യാമറ, റഫീക്ക് അഹമ്മദിന്റെ വരികള്‍, സലിംകുമാറിന്റെ അഭിനയം, ഐസക് തോമസിന്റെ പശ്ചാത്തലസംഗീതം എന്നിവയും സംവിധായകനെ ഏറെ സഹായിച്ചിട്ടുണ്ട്.
ഭക്തി പ്രണയം പോലെ മധുരതരമായ ഒരു വികാരമാണ്. മതങ്ങളെല്ലാം അവയുടെ മനുഷ്യവിരുദ്ധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭക്തിയെ അനാവശ്യസമ്മര്‍ദമേല്‍പ്പിക്കുന്ന ഒരു ചടങ്ങായി മാറ്റിയിട്ടുണ്ടെങ്കിലും ആത്മസമര്‍പ്പണത്തിന്റെ വിശുദ്ധമായ നിമിഷങ്ങളുണ്ട് അതില്‍. ആ അര്‍ഥത്തില്‍ ഭക്തിയുടെ നിറവാര്‍ന്ന ചില നിശãബ്ദ നിമിഷങ്ങളും ചിത്രത്തില്‍ കാണാന്‍ കഴിഞ്ഞു. വിമുഖവും നിഷ്ക്രിയവും സാമൂഹികവിരുദ്ധവുമായ ഭക്തിയെ ഒരൊറ്റ രംഗത്തിലൂടെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട് സംവിധായകന്‍. അബു സ്കൂള്‍മാഷിന്റെ വീട്ടിലെത്തുന്ന രാത്രിയില്‍ മാഷിന്റെ അമ്മയുടെ നിസ്സംഗമായ ഭാഗവതം വായന ആഴവും അര്‍ഥവുമുള്ള രംഗമായി. സ്മാരകശിലകളിലും ഖസാക്കിന്റെ ഇതിഹാസത്തിലുമെല്ലാം അതിന്ദ്രീയ തലങ്ങളില്‍ വിശ്വാസവുമായി ചേര്‍ന്നുനില്‍ക്കുന്ന ചില കഥാപാത്രങ്ങളുണ്ടല്ലോ. ആ തലത്തിലേക്ക് ഉസ്താദ് വളരുന്നില്ല എന്നത് ഒരു പരിമിതി തന്നെയാണ്. ആ പരിണാമത്തിലേക്ക് ഭാവപ്പകര്‍ച്ച നേടാന്‍ സുരാജ് എന്ന നടന് കഴിഞ്ഞതുമില്ല. ഹാസ്യമല്ലാതെ ഒരു ഭാവം തനിക്കു വഴങ്ങില്ലെന്ന് ഈ ചിത്രത്തിലൂടെ സുരാജ് ഒന്നുകൂടി അടിവരയിട്ടു.
അക്ബര്‍ ട്രാവല്‍സിന്റെ പരസ്യമാണ് ഈ സിനിമ എന്ന വിമര്‍ശനം ബാലിശമാണ്. ഒരു കോടി ഇരുപതുലക്ഷം രൂപ ചെലവഴിച്ച് ആത്മാര്‍ഥതയുള്ള ഒരു സിനിമയുണ്ടാക്കാന്‍ ശ്രമിച്ചവരുടെ സ്ഥാപനം രണ്ടു സീനില്‍ പ്രത്യക്ഷപ്പെട്ടതില്‍ ഇത്ര അസഹിഷ്ണുത വേണോ? അക്ബര്‍ ട്രാവല്‍സ് വഴി ഗള്‍ഫില്‍ പോവാന്‍ ക്രയശേഷിയുള്ള പ്രേക്ഷകര്‍ക്കു മുന്നില്‍ മസാല പുരട്ടി വിളമ്പിയ ദൃശ്യവിരുന്ന് അല്ലല്ലോ ഈ സിനിമ. എന്തിലും ഒരു ഗൂഢപദ്ധതി കാണുന്ന ദോഷൈകദൃക്കുകള്‍ക്കിടയില്‍ ഈ പാവം സിനിമ എങ്ങനെ അതിജീവിക്കുമാവോ! ഒരു വാണിജ്യേതരസന്ദര്‍ഭത്തില്‍ വാണിജ്യ ഉല്‍പന്നത്തെ അവതരിപ്പിക്കുമ്പോള്‍ ഉപഭോക്താവിന്റെ മനസ്സില്‍ അത് ആഴത്തില്‍ പതിയുന്നുവെന്നത് പരസ്യവിജ്ഞാനീയത്തിന്റെ അടിസ്ഥാനതത്ത്വങ്ങളിലൊന്നാണ്. അതിന്റെ പ്രയോഗം ഇതില്‍ കാണാമെന്നത് ശരിതന്നെ. പക്ഷേ, ഒരു ട്രാവല്‍ ഏജന്‍സിയിലെ ചില രംഗങ്ങള്‍ ആ കഥ ആവശ്യപ്പെടുന്നുണ്ട്. അത് നിലവിലില്ലാത്ത ഒരു ഏജന്‍സിയുടെ പേരില്‍ ആയിരുന്നെങ്കില്‍ വിമര്‍ശകരുടെ സംവേദനശേഷിയെ അത് തൃപ്തിപ്പെടുത്തുമായിരുന്നോ?
മുസ്ലിംകളെ തീവ്രവാദികളും അമിതഭക്ഷണാസക്തിയുള്ളവരും ദേശക്കൂറില്ലാത്തവരുമായി ചിത്രീകരിക്കുന്ന പതിവുപ്രവണതയില്‍നിന്നുള്ള മാറിനടത്തത്തിന്റെ പേരിലും ഒരുപക്ഷേ ഈ ചിത്രം നമ്മുടെ സാംസ്കാരിക ചരിത്രത്തില്‍ ഇടം നേടിയേക്കാം. ചിത്രം ഒരു രാഷ്ട്രീയവും പറയുന്നില്ല, ഒരു സാമൂഹികവിഭാഗത്തെയും പ്രതിനിധാനം ചെയ്യുന്നില്ല എന്ന മേലുദ്ധരിച്ച വിമര്‍ശനം സിനിമ ഇങ്ങനെയൊക്കെയായിരിക്കണം എന്ന മുന്‍വിധിയില്‍നിന്ന് ഉണ്ടാവുന്നതാണ്.
മൂന്നുപതിറ്റാണ്ടിനുശേഷം തിയററ്ററിന്റെ പടി ചവുട്ടിയ സുകുമാര്‍ അഴീക്കോട് 'ആദാമിന്റെ മകന്‍ അബു' കണ്ടിറങ്ങിയപ്പോള്‍ പറഞ്ഞത് ഇങ്ങനെ: ''മലയാള സിനിമയിലെ ഉണങ്ങിയ ആല്‍മരങ്ങള്‍ ചെറിയ ചെടികളെ വളരാനനുവദിക്കുന്നില്ല. അവ വെട്ടിമാറ്റപ്പെടുമ്പോള്‍ നല്ല മരങ്ങള്‍ വളരും.'' പുതിയ പ്രതീക്ഷകളുടെ പച്ചത്തഴപ്പുകള്‍ പൊടിച്ചുവരും എന്നുതന്നെയാണ് ഈ സിനിമ സാക്ഷ്യപ്പെടുത്തുന്നത്.

Saturday, June 11, 2011

ഒരു മഴയൊരുമിച്ചു നനയാന്‍ വിളിച്ചപ്പോള്‍


കോഴിക്കോട്: ഗസല്‍ ഗായകന്‍ ഷഹബാസ് അമന്റെ പുതിയ ആല്‍ബം 'സജ്നി...' മന്ത്രി എം.കെ. മുനീര്‍ കലക്ടര്‍ പി.ബി. സലീമിന് നല്‍കി പ്രകാശനം ചെയ്തു. മൊത്തം എട്ട് ഗാനങ്ങളാണ് ആല്‍ബത്തിലുള്ളത്.
ഷഹബാസ് സംഗീതം നല്‍കി പാടിയ ആല്‍ബത്തില്‍ പ്രശസ്ത ഗായിക ഗായത്രിയും പാടിയിട്ടുണ്ട്.
ഷഹബാസിന്റെ 'സജ്നീ... സജ്നീ...', പി.ടി. അബ്ദുറഹ്മാന്റെ 'ഓത്തുപള്ളിയില്‍' എന്നിവക്ക് പുറമെ ഡോ. കവിത ബാലകൃഷ്ണന്റെ 'ഹേ ഗായിക...', പ്രദീപ് അഷ്ടമിച്ചിറയുടെ 'എത്ര ദൂരയാണെങ്കിലും', വീരാന്‍കുട്ടിയുടെ 'മണ്ണിനടിയില്‍', എന്‍.പി. സജീഷിന്റെ 'ഒരു മഴ', കബീറിന്റെ 'ആ പനിനീര്‍പ്പൂക്കള്‍', ഡി. സന്തോഷിന്റെ 'ഒരു പാനപാത്രം' തുടങ്ങിയ ഗാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. (മാധ്യമം, ജൂണ്‍ 5 ഞായര്‍)

Friday, February 4, 2011

പ്രേക്ഷകന്‍ ഒരു ദുരന്തസാക്ഷി

ഒരു ദുരന്തത്തിനു സാക്ഷിയായത് കഴിഞ്ഞ ദിവസമാണ്. കന്നിച്ചിത്രം കൊണ്ട് പ്രതീക്ഷയുണര്‍ത്തിയ ഒരു യുവ സംവിധായകന്‍ വെച്ചുനീട്ടിയ ചലച്ചിത്രദുരന്തം. ട്രാഫിക്കില്‍ തുടങ്ങിയ ഈ വര്‍ഷത്തിന്റെ മറ്റൊരു പ്രതീക്ഷയാണ് തകര്‍ന്നുപോയത്.
ആത്മാര്‍ഥതയുള്ള സംരംഭമായിരുന്നു രഞ്ജിത് ശങ്കറിന്റെ ആദ്യചിത്രമായ 'പാസഞ്ചര്‍'. മികച്ച തിരക്കഥക്കുള്ള പ്രഥമ ലോഹിതദാസ് പുരസ്കാരം നേടിയ ചിത്രം. താരങ്ങളുടെ തേജോവലയത്തിനപ്പുറത്തെ ചില കാഴ്ചകളെങ്കിലും കാണാനുള്ള വേറിട്ട ഒരു ശ്രമമുണ്ടായിരുന്നു അതില്‍. ദിലീപ് താരപരിവേഷം അഴിച്ചുവെച്ച് വില്ലന്മാരെ അടിച്ചൊതുക്കാന്‍ ശേഷിയില്ലാത്ത നിസ്സഹായനായ സാധാരണക്കാരനായി. വല്ലപ്പോഴും മാത്രമാണ് നമ്മുടെ താരങ്ങള്‍ മണ്ണിലിറങ്ങിവന്ന് മനുഷ്യരാവുന്നത്. 'പാസഞ്ചറി'ന്റെ കഥ അതിനു ദിലീപിനെ പ്രേരിപ്പിച്ചിരിക്കണം. എന്നാല്‍ താരത്തെ മാനത്തേക്ക് തന്നെ ഉയര്‍ത്തുകയാണ് രഞ്ജിത് ശങ്കറിന്റെ പുതിയ ചിത്രം. പൃഥ്വിരാജ് ഫാന്‍സ് അസോസിയേഷന് നന്ദി പറഞ്ഞുകൊണ്ടാണ് ചിത്രത്തിന്റെ തുടക്കം. നാലുതടിമാടന്മാരെ ഒരു പാട്ട കൊണ്ട് അടിച്ച് പൃഥ്വിരാജ് കാരവനില്‍ കയറ്റുന്ന രംഗം അവര്‍ക്കുവേണ്ടിയുള്ളതാണ്. അതുകണ്ട് ഫാന്‍സുകാര്‍ക്ക് തരംപോലെ ചിരിക്കുകയോ കരയുകയോ ആവാം. കൂവല്‍ കേട്ടപ്പോള്‍ ഉറപ്പായി, ഓരോ അടിയും ഫാന്‍സുകാരുടെ നെഞ്ചത്താണ് കൊണ്ടത് എന്ന്.
കേരളീയാന്തരീക്ഷത്തില്‍നിന്ന് കാടുകയറിപ്പോയ, പ്രേക്ഷകന് എളുപ്പം ദഹിക്കാത്ത ഒരു ഭാവനയുണ്ടായിരുന്നു 'പാസഞ്ചറി'ല്‍. സ്ഫോടകവസ്തുക്കളുമായി വിമാനം ഇടിച്ചിറക്കി, ധാതുവിഭവങ്ങള്‍ സമൃദ്ധമായ തീരദേശഗ്രാമം ഒഴിപ്പിക്കാന്‍ ആഭ്യന്തരമന്ത്രി പദ്ധതിയിടുന്നത് കുറേ കടന്ന കൈയായി. വേള്‍ഡ്ട്രേഡ് സെന്ററൊന്നുമല്ലല്ലോ കേരളത്തിലെ പട്ടിണിപ്പാവങ്ങളുടെ കടലോരഗ്രാമം. മൂന്നുവയസ്സുള്ള പിള്ളേര്‍ കളിക്കുന്ന ഒരു വീഡിയോ ഗെയിമുപോലുള്ള, വിമാനം പൊട്ടിത്തെറിക്കുന്നതിന്റെ വിഷ്വല്‍ ഗ്രാഫിക്സ് കണ്ടത് ഓര്‍ക്കുന്നു. പക്ഷേ പൊറുക്കാവുന്നതായിരുന്നു ആ അപരാധം. 'പാസഞ്ചറി'ലെ ചില നന്മകള്‍ വെച്ചുനോക്കുമ്പോള്‍ സൌകര്യപൂര്‍വം മറക്കാവുന്നതായിരുന്നു ആ യുക്തിഭംഗം. പക്ഷേ 'അര്‍ജുനന്‍ സാക്ഷി'യിലെത്തുമ്പോള്‍ രണ്ടു മണിക്കൂര്‍ തികച്ചില്ലാത്ത സിനിമയില്‍ യുക്തിഭംഗങ്ങളുടെ ഘോഷയാത്ര തന്നെ നാം കാണേണ്ടിവരും.
ഒരു സാധാരണപത്രവായനക്കാരന്റെ യുക്തിബോധമെങ്കിലും നാം ഒരു സോഫ്റ്റ്വെയര്‍ എഞ്ചിനിയറില്‍നിന്നു പ്രതീക്ഷിക്കും. പക്ഷേ അതൊന്നും സിനിമയില്‍ കാണണം എന്നു ശാഠ്യം പിടിക്കരുതെന്ന് പേര്‍ത്തും പേര്‍ത്തും പറയുകയാണ് ചിത്രത്തിലെ ഓരോ സീനിലും രഞ്ജിത് ശങ്കര്‍. വേമ്പനാട്ടുകായലിലെ പാലവും തിരുവനന്തപുരത്തെ ഐ.ടി പാര്‍ക്കുമൊക്കെ കൊണ്ടുവന്ന ഒരു കലക്ടര്‍ മെട്രോ റെയില്‍ പദ്ധതി (ദൈവമേ, ജില്ലാ ഭരണകൂടത്തിന്റെ തലപ്പത്തിരിക്കുന്ന ഒരു ബ്യൂറോക്രാറ്റിന്റെ അധികാരപരിധിയില്‍ എന്തൊക്കെ സംഭവങ്ങള്‍!) കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെടുകയാണ്. കലക്ടറെ കൊന്നാല്‍ അവസാനിക്കുന്നതാണ് മെട്രോ റെയില്‍ പോലെ ഒരു ബൃഹദ് പദ്ധതി.
'എല്‍സമ്മ എന്ന ആണ്‍കുട്ടി'യില്‍ ആന്‍ അഗസ്റ്റിന്‍ മാതൃഭൂമി ദിനപത്രത്തിന്റെ ഇടുക്കിയിലെ ഏതോ മലയോരഗ്രാമത്തിലെ പ്രാദേശിക ലേഖികയായിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ ആ കുട്ടിക്ക് മാതൃഭൂമിയില്‍ സബ് എഡിറ്ററോ റിപ്പോര്‍ട്ടറോ (രഞ്ജിത്ശങ്കറിനുപോലും തീര്‍ച്ചയില്ല. പിന്നെയല്ലേ എനിക്ക്) ആയി പ്രമോഷന്‍ കിട്ടിയതായി 'അര്‍ജുനന്‍ സാക്ഷി' കണ്ടപ്പോള്‍ മനസ്സിലായി. സിനിമ തുടങ്ങുമ്പോള്‍ സി.ആര്‍. നീലകണ്ഠനും സാറാ ജോസഫും പ്രസംഗിക്കുന്ന ചടങ്ങ് റിപ്പോര്‍ട്ടു ചെയ്യാന്‍ പോവുന്ന അവള്‍ പിന്നെ എഡിറ്റോറിയല്‍ പേജ് എഡിറ്റു ചെയ്യാനിരിക്കുന്നതാണ് നാം കാണുന്നത്. റിപ്പോര്‍ട്ടര്‍ തന്നെ സബ് എഡിറ്റര്‍! ന്യൂസ് ബ്യൂറോവിലെ ഒരു ജൂനിയര്‍ റിപ്പോര്‍ട്ടര്‍ മാതൃഭൂമിയുടെ എഡിറ്റോറിയല്‍ പേജ് കൈകാര്യം ചെയ്യുന്നത് കണ്ട് ഒന്നു ഞെട്ടി. കഴിഞ്ഞ വര്‍ഷം ജോയിന്‍ ചെയ്തപ്പോള്‍ തന്നെ ഈ കുട്ടിയാണ് ആ കോളം കൈകാര്യം ചെയ്യുന്നതെന്ന് എഡിറ്റന്‍( വി.കെ.എന്നിനോടു കടപ്പാട്) നെടുമുടി വേണു പറയുന്നതുകേട്ടു. മൂന്നാംനിരപത്രങ്ങളില്‍ പോലും എഡിറ്റോറിയല്‍ പേജ് സീനിയര്‍ എഡിറ്റര്‍മാര്‍ കൈകാര്യം ചെയ്യുന്നതായാണ് എട്ടുകൊല്ലത്തെ പത്രപ്രവര്‍ത്തനപരിചയത്തില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. കലക്ടറുടെ കൊലപാതകത്തെ സംബന്ധിച്ച ഊരും പേരുമില്ലാത്ത ഊമക്കത്ത് പ്രസിദ്ധീകരിച്ച ആ സബ് എഡിറ്റര്‍ക്ക് ചുരുങ്ങിയത് ഒരു ഷോകോസ് എങ്കിലും കൊടുക്കേണ്ടതായിരുന്നു. മുഖപ്രസംഗപേജില്‍ ഒരു കത്തു വന്നതിന്റെ പേരില്‍, പേജിലെവിടെയും പേരില്ലാത്ത പെണ്‍കുട്ടിയുടെ വീട് അടിച്ചു തകര്‍ക്കുകയാണ് വില്ലന്മാര്‍. അവരെങ്ങനെയറിഞ്ഞു ഈ കുട്ടിയാണ് കത്ത് പ്രസിദ്ധീകരിച്ചത് എന്ന്? എന്തുകൊണ്ട് പത്രാധിപരെ അപായപ്പെടുത്താന്‍ അവര്‍ ശ്രമിച്ചില്ല? കഥയില്‍ ചോദ്യമില്ല. അങ്ങനെ ചോദിക്കാന്‍ തുടങ്ങിയാല്‍ ഒന്നോ രണ്ടോ ചോദ്യങ്ങളില്‍ തീരുകയുമില്ല.
പത്രത്തിലെ വായനക്കാരുടെ എഴുത്തുകള്‍ എന്ന കോളത്തില്‍ ഒരു ഊമക്കത്തുവന്നപ്പോള്‍, ദാ വരുന്നു മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കവര്‍സ്റ്റോറി. 'അര്‍ജുനന്‍മാരുടെ കേരളം'. പിന്നാലെ 'റോയ് മാത്യു അര്‍ജുനന്‍' എന്നൊരു കവര്‍സ്റ്റോറിയും മാതൃഭൂമിയില്‍ വരുന്നുണ്ട്. വായിക്കാന്‍ കൊതിയാവുന്നു ആ കവര്‍സ്റ്റോറികള്‍. ദുഷ്കര്‍മങ്ങളുടെ നിശãബ്ദസാക്ഷികള്‍ കേരളത്തില്‍ നിരവധിയുണ്ടെന്ന് ആ കവര്‍സ്റ്റോറികള്‍ പറയുന്നുണ്ടാവണം. നോക്കണേ, വെറുമൊരു ഊമക്കത്തിന്റെ മായാജാലങ്ങള്‍. ക്ലൈമാക്സില്‍ കടലിന്റെ നടുവില്‍ കാരവന്‍ നില്‍ക്കുന്നതു കണ്ടു. അതെന്തിനാണ് അവിടെ പോയി ഇങ്ങനെ കുന്തം വിഴുങ്ങിയതുപോലെ നില്‍ക്കുന്നതെന്ന് മനസ്സിലായില്ല. വില്ലന്മാരെ പേടിപ്പിക്കാനായിരിക്കും എന്നു സമാധാനിക്കാം. സാമാന്യം സാങ്കേതികത്തികവോടെ ഒരു വാഹനാക്രമണരംഗം ചിത്രീകരിച്ചിട്ടുണ്ട്. നാലു ഭാഗത്തുനിന്നും നാലു വാഹനങ്ങള്‍ ഊക്കില്‍ വന്നിടിച്ചിട്ടും ചതുങ്ങുകയോ ചുളിവു വീഴുകയോ ചെയ്യാത്ത ആ വണ്ടി എനിക്കിഷ്ടമായി. തുടക്കത്തില്‍ കുറേ വിദേശസുന്ദരികള്‍ വെണ്‍തുടകള്‍ വിലോഭനീയമായി ചലിപ്പിച്ചു ഡാന്‍സു ചെയ്യുന്നതു കണ്ടു. ആ സ്കിന്‍ഷോയുടെ കുറവു കൂടിയേ ഉണ്ടായിരുന്നുള്ളൂ. സുരാജ് വെഞ്ഞാറമ്മൂട് എന്ന അവിഭാജ്യഘടകം കൂടിയായപ്പോള്‍ എല്ലാം തികഞ്ഞു. രഞ്ജിത് ശങ്കര്‍ ഒരു വണ്‍ടൈം വണ്ടര്‍ ആണെന്നു തെളിഞ്ഞു.
ഏതാണ്ട് എല്ലാ പ്രശ്നവും പരിഹരിക്കാന്‍ ഒളിക്യാമറ മതിയെന്ന് സിനിമക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. തെഹല്‍ക്കക്കു സ്തുതി. 'പാസഞ്ചറി'ലും അങ്ങനെ തന്നെയായിരുന്നുവെന്നാണ് ഓര്‍മ. നായകന്‍ എങ്ങനെ വില്ലന്മാരെ കുടുക്കും എന്ന് തലപുകഞ്ഞാലോചിക്കുന്നതിനു പകരം ഒരു സ്പൈ ക്യാമറ ചൂണ്ടിക്കാട്ടുന്ന സീന്‍ എഴുതിവെച്ചാല്‍ മതി. സിമ്പിള്‍. ന്യൂസ് ചാനലുകളും അതിലെ വാര്‍ത്താവതാരകരും സിനിമയിലെ പതിവുതാരങ്ങളായ സ്ഥിതിക്ക് അവരെക്കൂടി 'അമ്മ'യില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം ഇന്നസെന്റിന്റെ ഭാഗത്തുനിന്നുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
സമൂഹത്തിന്റെ പ്രശ്നങ്ങളില്‍ ആകുലതകളോ ഉത്കണ്ഠകളോ പുലര്‍ത്താത്ത നിസ്സംഗനായ ഒരു മലയാളി യുവാവ്. അയാള്‍ അത്തരം പ്രശ്നങ്ങളില്‍ ഇടപെടാന്‍ നിര്‍ബന്ധിതനാവുന്ന ചില സാഹചര്യങ്ങള്‍. നല്ല പുതുമയുണ്ടായിരുന്നു ഈ പ്രമേയത്തിന്. അതിനെയാണ് രഞ്ജിത് ശങ്കര്‍ കാരവനില്‍ കയറ്റി കടലില്‍ കൊണ്ടുപോയി തള്ളിയത്. കച്ചവട സിനിമകളുടെ കെട്ടുകാഴ്ചകളോട് നിരുപാധികം സന്ധി ചെയ്യുന്ന ഒരു സംവിധായകനെയായിരുന്നില്ല 'പാസഞ്ചര്‍' വാഗ്ദാനം ചെയ്തത്. സിനിമ എന്ന മാധ്യമത്തിന്റെ ആത്മാവുകളയുന്ന വ്യാപാരസമവാക്യങ്ങളോട് ഒത്തുതീര്‍പ്പിനില്ലെന്ന് തീര്‍ത്തു പറയുമെന്ന് നാം കരുതിയ ഒരാള്‍, അതിനുള്ള ആര്‍ജവമുണ്ടെന്ന് നമ്മെ ആദ്യചിത്രംകൊണ്ട് വ്യാമോഹിപ്പിച്ച ഒരാള്‍ ഇതാ ഈ ചിത്രത്തിലൂടെ പതിവുപാളയത്തിലേക്കുള്ള പാസഞ്ചര്‍ മാത്രമാണ് താനെന്ന് പ്രഖ്യാപിച്ചിരിക്കുന്നു.

Sunday, January 16, 2011

ട്രാഫിക് തരുന്ന ഗ്രീന്‍ സിഗ്നലുകള്‍

ഗിലര്‍മോ അരിയാഗയും അലജാന്ദ്രോ ഗോണ്‍സാലസ് ഇനാരിത്തുവും തമ്മില്‍ പിണങ്ങിയെന്നു കേട്ടപ്പോള്‍ ലോകമെമ്പാടുമുള്ള ചലച്ചിത്രപ്രേമികളെപ്പോലെ മലയാളികളില്‍ ചിലരെങ്കിലും വേദനിച്ചു കാണണം. മലയാളത്തിലെ ഏറ്റവും ജനപ്രിയനായ എഴുത്തുകാരന്‍ മാര്‍ക്വേസ് ആണെന്നു എന്‍.എസ്. മാധവന്‍ പറഞ്ഞതുപോലെ പറയുകയാണെങ്കില്‍ ഡിവിഡി, ടോറന്റ് വിപ്ലവങ്ങള്‍ മാറ്റിമറിച്ച കേരളത്തിലെ ഏറ്റവും ജനപ്രിയനായ ചലച്ചിത്രകാരന്‍ ഇനാരിത്തു തന്നെയായിരിക്കും. കഴിഞ്ഞ മാസം ഇനാരിത്തുവിന്റെ 'ബ്യൂട്ടിഫുള്‍' കാണാന്‍ തിരുവനന്തപുരം അജന്തയില്‍ കണ്ട തിരക്ക് അതിന്റെ സാക്ഷ്യമായിരുന്നു. (കിം കി ഡുകിനെ മറന്നിട്ടല്ല ഇതു പറയുന്നത്. ദക്ഷിണ കൊറിയയിലെ ഡുകിന്റെ വസതിയില്‍ 'ബീനാപോള്‍ ഈ വീടിന്റെ ഐശ്വര്യം' എന്ന് എഴുതിവെച്ചിരിക്കുന്നതായി ഒരു എസ്.എം.എസ് ഫലിതം പ്രവഹിച്ചിരുന്നല്ലോ).
'അമോറസ് പെറോസ്', ബാബേല്‍, 21ഗ്രാംസ് എന്നീ സമകാലിക ലോകക്ലാസിക്കുകളുടെ രചയിതാവ് ഗിലര്‍മോ അരിയാഗയും സംവിധായകന്‍ ഇനാരിത്തുവും പള്ളിക്കൂടത്തിലേതുപോലൊരു പിണക്കത്തിന്റെ ഫലമായി വേര്‍പിരിഞ്ഞത് രണ്ടുമൂന്നു കൊല്ലം മുമ്പാണ്. എം.ടിയും ഹരിഹരനും പോലെ, ഭരതനും പത്മരാജനും പോലെ, സിബിയും ലോഹിതദാസും പോലെ ഒരേ ഭാവനയുടെ സഞ്ചാരപഥങ്ങളില്‍ ഒരുമിച്ചുസഞ്ചരിച്ചവരായിരുന്നു അവര്‍. 2006ലെ കാന്‍ചലച്ചിത്രമേളയില്‍ സംബന്ധിക്കുന്നതില്‍നിന്നും അരിയാഗയെ തടഞ്ഞ ഇനാരിത്തുവിന്റെ നടപടി പരക്കെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഓരോ ചിത്രത്തിന്റെയും ക്രെഡിറ്റ് പൂര്‍ണമായും അവകാശപ്പെടുന്ന പതിവ് അരിയാഗക്കുണ്ട് എന്നായിരുന്നു ഇനാരിത്തുവിന്റെ ആരോപണം. ഓസ്കര്‍ അവാര്‍ഡു പ്രഖ്യാപനത്തിനു തൊട്ടുമുമ്പ് ഒരു മെക്സിക്കന്‍ പ്രസിദ്ധീകരണത്തിന് ഇനാരിത്തു കത്തയക്കുകയുണ്ടായി. അരിയാഗയുടെ ഈ നടപടി നീതീകരിക്കാനാവില്ലെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. ഒരു തിരക്കഥാകൃത്ത് എന്ന നിലയിലല്ല, എഴുത്തുകാരന്‍ എന്ന് അറിയപ്പെടാനാണ് തന്റെ ആഗ്രഹം എന്ന് അരിയാഗ അഭിപ്രായപ്പെട്ടിട്ടുണ്ട്. ചലച്ചിത്രത്തിന്റെ സര്‍ഗാത്മകമായ പ്രവര്‍ത്തനങ്ങളില്‍ എഴുത്തുകാരനുള്ള നിര്‍ണായകമായ പങ്കിനെ കുറച്ചുകാണുന്ന രീതിയുടെ ഭാഗമാണ് തിരക്കഥാകൃത്ത് എന്ന വിശേഷണമെന്ന് അദ്ദേഹം പറയുന്നു. മധുരമായ ഒരു പ്രതികാരം പോലെ അരിയാഗ 'ദ 'ബേണിംഗ് പ്ലെയിന്‍' എന്ന ചിത്രം എഴുതി സംവിധാനം ചെയ്തു. കൂട്ടത്തില്‍ പറയട്ടെ, അരിയാഗയുടെ അഭാവം ഇനാരിത്തുവിന്റെ 'ബ്യൂട്ടിഫുളി'ല്‍ കാണാനുണ്ട്.
ഒരു ശിഥിലദര്‍പ്പണത്തിലെ ഭഗ്നബിംബങ്ങളെ സമര്‍ഥമായി കൂട്ടിയോജിപ്പിച്ച് പ്രതിബിംബം വീണ്ടെടുക്കുന്ന ചലച്ചിത്രസങ്കേതമാണ് ഇനാരിത്തുവിന്‍േത്. പല കഷണങ്ങളായി ചിതറിക്കിടക്കുന്ന ചിത്രശകലങ്ങളെ കൂട്ടിയോജിപ്പിച്ച് അതില്‍നിന്നും ചിത്രത്തിന്റെ യഥാര്‍ഥരൂപം കണ്ടെടുക്കുന്ന ഒരു പസില്‍ പോലെ. പല സാമൂഹികപാളികളിലെ ജനങ്ങളെ ആകസ്മികതയുടെ ഒരു ബിന്ദുവില്‍ തൊട്ടുകൊണ്ട് അയാള്‍ ഒരുമിപ്പിക്കുന്നു. (ഈ ഗ്രഹത്തിലെ ഓരോരുത്തരും ആറുപേരാല്‍ എങ്ങനെയെങ്കിലും കൂട്ടിയിണക്കപ്പെട്ടിരിക്കുന്നു എന്ന നവസാങ്കേതിക സിദ്ധാന്തം ഇവിടെ വെറുതെ ഓര്‍ക്കാവുന്നതാണ്. ആഫ്രിക്കന്‍ വനാന്തരങ്ങളിലെ ഒരു ചിത്രശലഭത്തിന്റെ ചിറകടി വിദൂരമായ ഒരു ദേശത്തെ കൊടുങ്കാറ്റിനിടയാക്കിയേക്കാം എന്നുപറയുന്ന, ബട്ടര്‍ഫ്ളൈ ഇഫക്റ്റ് എന്ന കാവ്യരൂപകവും ഓര്‍ക്കുക) അദൃശ്യമായ ചരടുകളിലൂടെ പരസ്പരം കൂട്ടിയിണക്കപ്പെടുന്ന ജീവിതങ്ങളുടെയും സംസ്കാരങ്ങളുടെയും കഥകളാണ് ഇനാരിത്തുവും അരിയാഗയും പറഞ്ഞത്. അത് എല്ലാ ഭാഷകളിലുമുള്ള ചലച്ചിത്രകാരന്മാര്‍ക്ക് മാറിച്ചിന്തിക്കാന്‍ പ്രചോദനമായിട്ടുണ്ട്. മണിരത്നം ഉള്‍പ്പെടെ. ഒരു സംഭവത്തിന്റെ സംഗമബിന്ദുവില്‍ ഒന്നിലധികം പേരുടെ വ്യത്യസ്തജീവിതങ്ങള്‍ സമന്വയിപ്പിക്കുന്ന ഇനാരിത്തുവിന്റെ ചലച്ചിത്ര സങ്കേതത്തില്‍നിന്ന് കടംകൊണ്ടാണ് മണിരത്നം 'ആയുധ എഴുത്ത്'(2004) എന്ന തമിഴ് ചിത്രവും 'യുവ എന്ന ഹിന്ദിചിത്രവും നിര്‍മിച്ചത്. ഇനാരിത്തുവിന്റെ ആഖ്യാനസങ്കേതങ്ങള്‍ കടം കൊണ്ട് മൌലികമായ ഒരു സിനിമ മലയാളത്തില്‍ എടുക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് രാജേഷ്പിള്ള 'ട്രാഫിക്' എന്ന ചിത്രത്തില്‍. ഇങ്ങനെയൊരു പ്രചോദനമുള്‍ക്കൊള്ളാന്‍ മലയാളി അല്‍പം വൈകിപ്പോയതിനു കാരണമുണ്ട്. മാടമ്പിമാരും പ്രമാണിമാരും താന്തോന്നികളും പോക്കിരിരാജകളും വാഴുന്ന ചട്ടമ്പിനാട്ടിലെ പൊള്ളാച്ചിക്കാഴ്ചകള്‍ ഒരേ അച്ചില്‍ ചുട്ടെടുക്കുന്നതിനിടയില്‍ ലോകം മാറുന്നതും സിനിമ മാറുന്നതും നമ്മുടെ സിനിമാക്കാര്‍ അറിയാതെ പോയി.എമീര്‍ കുസ്തുറിക്കയുടെ 'അണ്ടര്‍ഗ്രൌണ്ടി'ല്‍ യുദ്ധകാലത്ത് ഭൂഗര്‍ഭനിലവറയില്‍ ജനിച്ച് അവിടെ ലോകം കാണാതെ വളരുന്ന ഒരു അഭയാര്‍ഥിബാലന്‍ 14ാം വയസ്സില്‍ മോചിതനായി പുറത്തുവരുമ്പോള്‍ സൂര്യനെ കണ്ട് 'ഹായ് ചന്ദ്രന്‍' എന്നു പറയുന്ന രംഗമുണ്ട്. അതുപോലെ നമ്മുടെ സിനിമക്കാര്‍ ഇരുട്ടിനെ ഉപാസിച്ചുകൊണ്ട് പുതിയ വെളിച്ചങ്ങള്‍ക്കു നേരെ കണ്ണടച്ചുപോന്നു. പുറത്ത് ലോകം മാറുന്നുണ്ടായിരുന്നു. സിനിമ മാറുന്നുണ്ടായിരുന്നു. തൊട്ടയല്‍പക്കത്ത് തമിഴില്‍ നടക്കുന്നതുപോലും കാണാന്‍ കൂട്ടാക്കാതെ ലോകത്തെ പുറത്താക്കി അവര്‍ വാതിലടച്ച് വീട്ടിലിരുന്നു. തൊട്ടിപ്പടങ്ങള്‍ എട്ടുനിലയില്‍ പൊട്ടുമ്പോള്‍ മലയാളിപ്രേക്ഷകനെ കുറ്റം പറഞ്ഞു. അവന്റെ സംവേദനശേഷിയെ വിലകുറച്ചു കണ്ടു.
അങ്ങനെ വിലകുറച്ച് കാണേണ്ട ഒന്നല്ല തങ്ങളുടെ സംവേദനശേഷിയെന്ന് മലയാളിപ്രേക്ഷകന്‍ ഉറക്കെ വിളിച്ചുപറയുകയാണിപ്പോള്‍. ട്രാഫിക് എന്ന ചിത്രത്തിന് അവര്‍ കൊടുക്കുന്ന പിന്തുണ നോക്കൂ. തിങ്ങിനിറഞ്ഞ പ്രേക്ഷകര്‍ക്കിടയില്‍ ഹര്‍ഷാരവങ്ങള്‍ക്കു സാക്ഷിയായി ഇന്നലെ ചിത്രം കണ്ടു. രാജേഷ് പിള്ളയും ബോബിയും സഞ്ജയും അസാമാന്യമായ ആര്‍ജവമാണ് കാണിച്ചിരിക്കുന്നത്.
മലയാള സിനിമയുടെ വര്‍ത്തമാനത്തില്‍ ട്രാഫിക്കിന്റെ ഗ്രീന്‍ സിഗ്നലുകള്‍ ഏതെല്ലാം ദിശയിലേക്കാണ് നമ്മെ നയിക്കുക എന്നു നോക്കാം.
1) താരകേന്ദ്രിതമായ ഒരു ജനപ്രിയ ഫോര്‍മുലയെ ഈ ചിത്രം നിരാകരിക്കുന്നു. ഒരു താരത്തിനു മാത്രം തിളങ്ങാനുള്ള കഥാസന്ദര്‍ഭങ്ങളോ സംഭാഷണങ്ങളോ സംഘട്ടനരംഗങ്ങളോ ചിത്രത്തിലില്ല. താരത്തിനു പകരം കഥാപാത്രങ്ങളേയുള്ളൂ ഇതില്‍. നായകന്‍, നായിക, വില്ലന്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നീ അവശ്യഘടകങ്ങളെ ബോധപൂര്‍വം മാറ്റിനിര്‍ത്തിയിരിക്കുന്നു.
2) പരിചയിച്ചു പഴകിയ രേഖീയമായ, ഋജുരേഖയിലുള്ള ആഖ്യാനരീതിയെ കൈയൊഴിയുന്നു. സംവേദന സന്ദിഗ്ധതകള്‍ ഇല്ലാതെ, കാഴ്ചക്കാരനില്‍ ഒരു തരത്തിലുള്ള അവ്യക്തതകളുമവശേഷിപ്പിക്കാതെ, സങ്കീര്‍ണമായ കഥാഘടന യുക്തിഭദ്രമായി അവതരിപ്പിക്കുന്നു. ക്രമരഹിതമായ രംഗങ്ങളിലൂടെ അനുക്രമമായി വികസിക്കുന്ന ആഖ്യാനം.
3) രണ്ടു മണിക്കൂറിനുള്ളില്‍ മൂന്നു തലമുറകളുടെ കഥ പറയുന്ന നമ്മുടെ മുഖ്യധാരാ സിനിമയുടെ പൊതുരീതിയെ പൊളിക്കുന്നു. ഒരു ദിവസം നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തില്‍. (സൈക്കിള്‍, കോക്ടെയില്‍ തുടങ്ങിയ ചില ചിത്രങ്ങളും ഇതിനു മുമ്പ് ഈ രീതി സ്വീകരിച്ചിട്ടുണ്ട്.) രണ്ടുമണിക്കൂറിനുള്ളില്‍ ഒരു ബീഡി വലിച്ചുതീരാത്ത, കഞ്ഞികുടിച്ചു തീരാത്ത നായകന്മാരുള്ള സമാന്തര സിനിമക്കാര്‍ക്കു കൂടി ഇതില്‍നിന്നു ചിലതു പഠിക്കാം. അടൂരിനു പഠിക്കുന്ന പുതുതലമുറ സമാന്തരന്മാര്‍ പ്രത്യേകം ശ്രദ്ധിക്കുമല്ലോ.
4) കേരളത്തിലെ സാമാന്യപ്രേക്ഷകന്റെ സംവേദനനിലവാരം ഉയര്‍ത്തുന്നു. വാസ്തവത്തില്‍ ക്വിന്റിന്‍ ടരന്റിനോ, ഇനാരിത്തു തുടങ്ങി നവീന സിനിമയുടെ ശക്തരായ പ്രയോക്താക്കളുടെ ക്രാഫ്റ്റ് ആണ് 'ട്രാഫികി'ന് പ്രചോദനമായത്. സിനിമ എന്ന മാധ്യമത്തെ ഗൌരവപൂര്‍വം വീക്ഷിക്കുന്ന പ്രേക്ഷകര്‍ക്കു മാത്രം ഹിതകരമായ ഈ ശില്‍പരൂപത്തില്‍ വാര്‍ത്തെടുത്ത 'ട്രാഫിക് ' കണ്ടിട്ട് സാമാന്യപ്രേക്ഷകന്‍ കൈയടിച്ചു പ്രോല്‍സാഹിപ്പിക്കുന്ന ആഹ്ലാദകരമായ കാഴ്ചക്ക് ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ സാക്ഷ്യം വഹിക്കുന്നു.
5) ക്ലാസിക് ദൃശ്യശില്‍പങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് മൌലികമായ ഒരു സൃഷ്ടിക്ക് രൂപം നല്‍കാമെന്ന് തെളിയിക്കുന്നു. വിദേശചിത്രങ്ങളില്‍ നിന്ന് ഷോട്ട് ബൈ ഷോട്ട്, ഫ്രെയിം ബൈ ഫ്രെയിം കോപ്പിയടിച്ചിട്ട് സ്വന്തം പേരില്‍ കഥ, തിരക്കഥ എന്ന് എഴുതിവെച്ചവരെ ലജ്ജിച്ചു തല താഴ്ത്താന്‍ പ്രേരിപ്പിക്കുന്നു ഈ ചിത്രം. ടോറന്റ്, ഡി.വി.ഡി വിപ്ലവത്തിന്റെ ധനാത്മകമായ ഉപലബ്ധി എന്നു പറയാം. ഭാവനാദാരിദ്യ്രവും പ്രതിഭാശോഷണവും കൊണ്ട് വിദേശസിനിമകള്‍ കണ്ട് അതില്‍നിന്ന് തനിക്കു മനസ്സിലായത് മലയാളത്തിലാക്കാന്‍ ഉറക്കമൊഴിച്ചവര്‍ ദിവസം ഒന്നുവീതം മൂന്നു നേരം ട്രാഫിക് കാണുക.
6) പൊതുവെ നമ്മുടെ സിനിമകള്‍ അവസാനിക്കുക ഒരു ഗ്രൂപ്പ് ഫോട്ടോ ക്ലൈമാക്സിലാണ്. കഥാപാത്രങ്ങളും പങ്കെടുത്തവരും 70 mm സ്ക്രീനില്‍ നിരന്നു നില്‍ക്കും. സലിംകുമാറോ സുരാജോ ബിജുക്കുട്ടനോ പറയുന്ന തമാശ കൂടി കേട്ട് കരഞ്ഞുകണ്ണുതുടച്ച് നമുക്ക് തിയറ്ററില്‍നിന്ന് ഇറങ്ങിപ്പോരാം. ഈ ചിത്രത്തില്‍ ഇത്രയും വലിയ ഒരു ദൌത്യത്തില്‍ പങ്കെടുത്തവരെ നിരത്തിനിര്‍ത്തി പ്രേക്ഷകന് മോഹമുക്തി നല്‍കുന്ന ഏര്‍പ്പാടില്ല. ഒരു ദിവസത്തിന്റെ ആകസ്മികതപോലെ അവര്‍ സ്വാഭാവികമായി വരുന്നു, പോവുന്നു. ഒരില പൊഴിയുന്നതുപോലെ ബഹളങ്ങളില്ലാതെ റിയലിസ്റ്റിക് ആയി ചിത്രം അവസാനിക്കുന്നു.
7) സമീപകാല മലയാള സിനിമയിലെ ഏറ്റവും സാങ്കേതികത്തികവുള്ള സീനുകളാണ് ചിത്രത്തിലെ രണ്ട് അപകടരംഗങ്ങളും. കുറച്ച ബജറ്റില്‍ സിനിമയെടുക്കേണ്ടി വരുന്ന പ്രതിഭാശാലികള്‍ക്ക് കുറച്ചു കാശുകൊടുത്താല്‍ അവര്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന മുന്നറിയിപ്പുണ്ട് ആ രംഗങ്ങളില്‍.
8) കെട്ടുറപ്പുള്ള തിരക്കഥയില്‍നിന്ന് ഒരു നല്ല സിനിമയുണ്ടാക്കാം എന്നു തെളിയിച്ചിരിക്കുന്നു. പൊതുവെ സ്ക്രിപ്റ്റ് ഡിസ്കഷന്‍ എന്ന കലാപരിപാടിയില്‍ സിനിമയുമായും സാഹിത്യവുമായും പുലബന്ധം പോലുമില്ലാത്തവര്‍ വന്ന് ഇടപെട്ട് നായ്ക്കും നരിക്കും വേണ്ടാത്ത കോലത്തിലാക്കി കഥയെ മാറ്റുന്നതാണ് പതിവ്. ചെന്നൈയില്‍ നടന്ന ഒരു സംഭവത്തിന്റെ ചുവടുപിടിച്ച് ഒരു കഥ മെനയുകയും അതിനെ ജനപ്രിയ സമവാക്യങ്ങള്‍ക്ക് കീഴ്പ്പെടുത്താതെ, അനാവശ്യമായ ഇടപെടലുകള്‍ക്ക് അനുവദിക്കാതെ അവതരിപ്പിക്കാന്‍ കാട്ടിയ ആര്‍ജവം അഭിനന്ദനീയമാണ്.
Hats off to Rajesh Pillai, Boby and Sanjay for stepping out of the trodden track എന്ന് ഫേസ് ബുക്കില്‍ ഒരു സ്റ്റാറ്റസ് മെസേജ് ഇട്ടപ്പോള്‍ വന്ന പ്രതികരണങ്ങള്‍ രസകരമായ ഒരു ചര്‍ച്ചക്കു വഴിവെച്ചു. എന്തുകൊണ്ടാണ് എല്ലാ പരീക്ഷണചിത്രങ്ങളും സ്ത്രീവിരുദ്ധമാവുന്നത് എന്ന ചോദ്യമുയര്‍ന്നത് ദിലീപ് രാജില്‍നിന്ന്. അലക്ഷ്യമായി കാറോടിച്ച് അപകടമുണ്ടാക്കുന്ന പെണ്‍കുട്ടി, (ഡ്രൈവിംഗ് പെണ്ണുങ്ങള്‍ക്കു പറ്റില്ലെന്ന് മലയാളിയുടെ പൊതുബോധം) ഭര്‍ത്താവിനോട് വിശ്വസ്തത കാണിക്കാത്ത ഭാര്യ (അതിന്റെ പേരില്‍ അവളെ കൊന്നാലും അവന്റെ കൂടെ നില്‍ക്കുന്ന മലയാളിയുടെ അപകടകരമായ സദാചാരം) തുടങ്ങി അങ്ങനെ വായിച്ചെടുക്കാവുന്ന കാര്യങ്ങള്‍ ചിത്രത്തിലുണ്ട്. ബീമാപള്ളിയെ അനുസ്മരിപ്പിക്കുന്ന മുസ്ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു കോളനിയിലൂടെ കടന്നുപോവുന്നതിലെ റിസ്കിനെക്കുറിച്ച് ചിത്രത്തിലുള്ള പരാമര്‍ശം ഫേസ്ബുക്കില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. തീര്‍ച്ചയായും അതില്‍ വംശീയമായ മുന്‍വിധികളുണ്ട്. ചില അപഭ്രംശങ്ങളുടെ പേരില്‍ ഒരു ജനപ്രിയ സംസ്കാര പഠിതാവിന്റെ കണ്ണിലൂടെ ചിത്രത്തെ കീറിമുറിക്കാന്‍ ഈയവസരത്തില്‍ മുതിരുന്നില്ല. http://malayal.am/ എന്ന വെബ്സൈറ്റിലെ റിവ്യൂ കാണുക. അതിന്റെ മൂര്‍ച്ഛിച്ച രൂപം അവിടെ കാണാം.
ചിത്രത്തോടുള്ള സൈബര്‍ലോകത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. സിനിമയില്‍ ഒരു സംഭാഷണമുണ്ട്. നിങ്ങള്‍ ഒരു നോ പറയുകയാണെങ്കില്‍ ഏതൊരു സാധാരണ ദിവസവും പോലെ ഈ ദിവസവും അവസാനിക്കും. മറിച്ച് യെസ് പറയുകയാണെങ്കില്‍ അത് ഒരു ചരിത്രത്തിനു തുടക്കം കുറിക്കും. ഈ പരീക്ഷണ ചിത്രത്തോട് നോ എന്നു പറഞ്ഞ് മുഖം തിരിക്കുകയാണെങ്കില്‍ നാം പൊള്ളാച്ചിച്ചന്തയില്‍ പൊള്ളിച്ചെടുക്കുന്ന പാതിവെന്ത മസാലകള്‍കൊണ്ട് തൃപ്തിപ്പെടേണ്ടിവരും. മറിച്ച് ചിത്രത്തെ പ്രോല്‍സാഹിപ്പിക്കുകയാണെങ്കില്‍ ഇതുപോലുള്ള നിരവധി പരീക്ഷണങ്ങള്‍ ഇനിയും വരും. അത്തരമൊരു ഗ്രീന്‍ സിഗ്നലാണ് 'ട്രാഫികി'ല്‍ തെളിയുന്നത്.

Monday, January 3, 2011

വിളവെടുപ്പില്‍ ഏറെയും പതിരുകള്‍

എപ്പോഴും ദോഷം മാത്രം പറയരുതല്ലോ. മലയാള സിനിമയില്‍ ഗുണപരമായ പരിവര്‍ത്തനത്തിന്റെ ദിശാസൂചികളായ ചില ചലനങ്ങളെങ്കിലും സംഭവിച്ച വര്‍ഷമാണ് കടന്നുപോയത്.
കഴിഞ്ഞ സെപ്റ്റംബറില്‍ പ്രഖ്യാപിക്കപ്പെട്ട ദേശീയ ചലച്ചിത്രപുരസ്കാരങ്ങളില്‍ മലയാളം ശക്തമായ ആധിപത്യം പുലര്‍ത്തി. അവാര്‍ഡിന്റെ പരിഗണനക്കു വന്നത് 2009ലെ ചിത്രങ്ങളായിരുന്നെങ്കിലും മുന്‍വര്‍ഷങ്ങളില്‍ നിറംമങ്ങിയ സാന്നിധ്യം ദേശീയതലത്തില്‍ തിരിച്ചുപിടിക്കാന്‍ മലയാളത്തിനു കഴിഞ്ഞു. ഇന്ത്യയിലെ ഏറ്റവും മികച്ച നടനുള്ള പുരസ്കാരം കപ്പിനും ലിപ്പിനുമിടയില്‍ മമ്മൂട്ടിക്ക് നഷ്ടമായി. നാലാമത് പുരസ്കാരം കിട്ടിയിരുന്നുവെങ്കില്‍ അമിതാഭിനെയും കമലിനെയും കടത്തിവെട്ടി ഒരു ചുവടു മുന്നില്‍ നില്‍ക്കുമായിരുന്നു മമ്മൂട്ടി. ഈ മനുഷ്യന്റെ പേരിലുള്ള മലയാളിയുടെ സ്വകാര്യമായ അഹങ്കാരത്തിന് (പ്രയോഗത്തിന് മോഹന്‍ലാലിനോട് കടപ്പാട്) ശക്തി കൂടുമായിരുന്നു.
മുന്‍വര്‍ഷങ്ങളില്‍ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പ്രാദേശിക ഭാഷാ സിനിമകള്‍ തളരുമ്പോള്‍ ആ പ്രവണതയുടെ ഭീതിദമായ ചില സൂചനകള്‍ കേരളത്തിലും പ്രകടമായിരുന്നു. 2006ല്‍ 43 ഉം 2008ല്‍ 55 ഉം, 2007ല്‍ 66 ഉം, 2009ല്‍ 70ഉം സിനിമകളാണ് നിര്‍മിക്കപ്പെട്ടത്. പക്ഷേ 2010ല്‍ 93 ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തി. ഉള്‍ക്കരുത്തുള്ള പ്രമേയങ്ങളില്ലാത്ത പതിരുകളായിരുന്നു അവയില്‍ ഏറെയും. ചിത്രങ്ങളുടെ എണ്ണത്തിലെ കാര്യമായ ഈ വര്‍ധനവ് കാണിക്കുന്നത് വ്യാവസായികമായ പ്രതിസന്ധിയില്‍നിന്ന് മലയാളസിനിമ ഒരു പരിധിവരെ കരകയറി എന്നു തന്നെയാണ്. കലാപരമായ വളര്‍ച്ചക്ക് അനുയോജ്യമായ അന്തരീക്ഷം രൂപപ്പെടുന്നതിന് അത് വഴിയൊരുക്കുമെന്ന് പ്രത്യാശിക്കാം. തിയറ്ററുകള്‍ അടച്ചുപൂട്ടുകയും പൊളിക്കുകയും ചെയ്യുന്ന പ്രവണത 2010ലും നാം കണ്ടു. പക്ഷേ, ഉപഗ്രഹ സംപ്രേഷണാവകാശം പോലുള്ള ടേബിള്‍ ബിസിനസിന്റെ സാമ്പത്തിക സമവാക്യങ്ങളിലൂടെ പ്രേക്ഷകര്‍ തിയറ്ററില്‍ പോയി സിനിമ കണ്ടില്ലെങ്കിലും മുടക്കുമുതല്‍ തിരിച്ചുപിടിക്കാവുന്ന അവസ്ഥ വന്നു.
ചിത്രങ്ങളുടെ എണ്ണത്തിലെ വര്‍ധനവിനു പുറമെ താരാധിപത്യത്തിന് ക്ഷീണം തട്ടുന്നതിനും പുതുമുഖചിത്രങ്ങള്‍ സ്വീകരിക്കപ്പെടുന്നതിനും 2010 സാക്ഷ്യം വഹിച്ചു. അപൂര്‍വരാഗം, മലര്‍വാടി ആര്‍ട്സ് ക്ലബ് എന്നീ ചിത്രങ്ങള്‍ പ്രദര്‍ശനവിജയത്തിന് സൂപ്പര്‍താരസാന്നിധ്യം അനിവാര്യമല്ലെന്ന് അടിവരയിട്ടു പറഞ്ഞു.
സമാന്തരസിനിമ എന്ന ജനുസ്സ് അമ്പേ കുറ്റിയറ്റുപോയിട്ടില്ലെന്ന് അറിയിക്കുന്ന ചില സംരംഭങ്ങളുണ്ടായി. ആത്മകഥ, ടി.ഡി ദാസന്‍ Std IV B, യുഗപുരുഷന്‍, സൂഫി പറഞ്ഞ കഥ, ചിത്രക്കുഴല്‍, ചിത്രസൂത്രം എന്നിവയാണ് ഈ ഗണത്തില്‍ പെട്ട പ്രധാന ചലച്ചിത്രസംരംഭങ്ങള്‍. പോയ വര്‍ഷം പ്രദര്‍ശനത്തിനെത്തിയ കുട്ടിസ്രാങ്ക്, ആത്മകഥ തുടങ്ങി വ്യത്യസ്തമായ ചിത്രങ്ങളോട് പ്രേക്ഷകര്‍ പതിവുപോലെ മുഖം തിരിച്ചു. ശ്രീനാരായണഗുരുവിന്റെ ജീവിതത്തെയും ദര്‍ശനങ്ങളെയും ആധാരമാക്കി ആര്‍.സുകുമാരന്‍ സംവിധാനം ചെയ്ത 'യുഗപുരുഷന് ബോക്സ് ഓഫീസില്‍ ചലനങ്ങള്‍ സൃഷ്ടിക്കാനായില്ല.
മാധവിക്കുട്ടിയുടെ 'മനോമി' എന്ന നോവലിനെ ആസ്പദമാക്കിയുള്ള 'രാമരാവണന്‍', കെ.പി. രാമനുണ്ണിയുടെ നോവലിനെ ആസ്പദമാക്കിയുള്ള 'സൂഫി പറഞ്ഞ കഥ', എം. നന്ദകുമാറിന്റെ 'വാര്‍ത്താളി: സൈബര്‍സ്പേസില്‍ ഒരു പ്രണയനാടകം' എന്ന ചെറുകഥയെ ആധാരമാക്കിയുള്ള 'ചിത്രസൂത്രം' എന്നിവയാണ് പോയവര്‍ഷം സാഹിത്യത്തില്‍ നിന്നു കടംകൊണ്ട പ്രമേയങ്ങള്‍. കഴിഞ്ഞതവണ 'പുകക്കണ്ണാടി' എന്ന പേരില്‍ വന്ന് തള്ളിപ്പോയ 'ചിത്രസൂത്രം' ഇത്തവണ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ വിവാദമുയര്‍ന്നു. ബൌദ്ധികജാടകള്‍ ഒഴിവാക്കിയാല്‍ ഒരുപക്ഷേ നല്ല സിനിമകളിലേക്ക് നടന്നെത്താവുന്ന ദൃശ്യബോധമുള്ള വിപിന്‍ വിജയ് എന്ന നവാഗത ചലച്ചിത്രകാരനെ ഈ ചിത്രം പരിചയപ്പെടുത്തി. ചലച്ചിത്രമേളയിലെ മല്‍സരവിഭാഗത്തില്‍ ഇടംപിടിച്ച ടി.ഡി ദാസന്റെ സംവിധായകന്‍ മോഹന്‍ രാഘവന്‍ മറ്റൊരു പ്രതീക്ഷയായി.
മുഖ്യധാരാ സിനിമയില്‍ കലയും കച്ചവടവും സമന്വയിപ്പിക്കുന്ന മലയാളത്തിന്റെ സവിശേഷമായ പാരമ്പര്യത്തിന് കാര്യമായ തുടര്‍ച്ചകള്‍ ഉണ്ടായില്ല. പരീക്ഷണസംരംഭങ്ങളുമായി വഴിമാറിനടക്കുന്ന രഞ്ജിത്തിന്റെ 'പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ്' മുഖ്യധാരയിലെ ചലച്ചിത്രവിസ്മയമായി. നിലവാരമുള്ള നര്‍മവും ഫാന്റസിയും സാമാന്യപ്രേക്ഷകന്‍ കൂടി ആസ്വദിക്കുന്ന തരത്തില്‍ അവതരിപ്പിച്ച ഈ ചിത്രം ഒരപൂര്‍വമാതൃകയായി. അമിതാഭ് ബച്ചനെ ആദ്യമായി മലയാളത്തിലെത്തിച്ച മേജര്‍ രവിയുടെ 'കാണ്ഡഹാറി'നോട് ചലച്ചിത്രപ്രേമികളും ദേശസ്നേഹികളും ഒരുപോലെ മുഖം തിരിച്ചു. പോക്കിരിരാജ, ശിക്കാര്‍, കാര്യസ്ഥന്‍ തുടങ്ങിയ നൂറ്റൊന്നാവര്‍ത്തിച്ച കെട്ടുകാഴ്ചകള്‍ ഫാന്‍സ് അസോസിയേഷനുകളുടെ പൊയ്ക്കാലുകളിലൂന്നി വിജയമാഘോഷിച്ചു. ചട്ടമ്പിനാട്ടിലെ താന്തോന്നികളുടെയും പോക്കിരിരാജകളുടെയും കഥകള്‍ പതിവുപോലെ ആവര്‍ത്തിച്ചു. യുവതാരങ്ങളെ ഉള്‍പ്പെടുത്തി പാതിവെന്ത പ്രമേയങ്ങളുമായി പുറത്തുവന്ന ചിത്രങ്ങളെല്ലാം ബോക്സോഫീസില്‍ മൂക്കുകുത്തിവീണു. ഹോളിഡേയ്സ്, കോളജ് ഡേയ്സ്, ബെസ്റ്റ് ഓഫ് ലക്ക് തുടങ്ങിയ ചിത്രങ്ങള്‍ മലയാളത്തിലെ യുവതാരനിരയെ സ്ഥിരമായി വീട്ടിലിരുത്താന്‍ താരരാജാക്കന്മാര്‍ ആസൂത്രണം ചെയ്ത ഗൂഢപദ്ധതികളായിരുന്നുവെന്ന് കരുതുന്ന കാണികളെ കുറ്റപ്പെടുത്താനാവില്ല.
ചലച്ചിത്രം എന്ന കലയെ പച്ചയായ കച്ചവടം എന്ന പരിമിതമായ ലക്ഷ്യത്തിനപ്പുറം കാണുന്ന ലാല്‍ജോസും കമലും സത്യന്‍ അന്തിക്കാടും ഇത്തവണ പ്രേക്ഷകരെ വല്ലാതെ നിരാശപ്പെടുത്തി. ഈ പുഴയും കടന്ന്, കന്മദം തുടങ്ങി നിരവധി ചിത്രങ്ങളില്‍ നാം കണ്ട, ഉറ്റവര്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ത്യാഗരാജ്ഞി എല്‍സമ്മയിലൂടെ വീണ്ടും അവതരിച്ചു. മുട്ടത്തുവര്‍ക്കിക്കഥ പോലെ പൈങ്കിളിയുടെ ചിറകടി ഓരോ ഫ്രെയിമിലും മുഴങ്ങി. കമലിന്റെ 'ആഗതന്‍' ആഗമിച്ചതും പോയതും അധികമാരും അറിഞ്ഞില്ല. സ്വന്തം കുഞ്ഞിനെയും കൊണ്ട് കേരളത്തില്‍ ജീവിക്കാന്‍ മുസ്ലിമായ ഭര്‍ത്താവിന്റെ കുടുംബം അനുവദിക്കാത്തതുകൊണ്ട് ഹിന്ദു യുവതി കുവൈത്തിലേക്കു രക്ഷപ്പെടുന്ന കരളലിയിക്കുന്ന കദനകഥയായിരുന്നു അന്തിക്കാട്ടുകാരന്റെ അമ്പതാമത്തെ ചിത്രത്തിന്റേത്. 'കഥ തുടരുന്നു' എന്ന ഭീഷണിയിലാണ് അത് അവസാനിച്ചത്.
ഭാവനാദാരിദ്യ്രവും പ്രതിഭാശോഷണവും സിനിമയെ ഗ്രസിക്കുന്നതിന്റെ സ്പഷ്ടമായ സൂചനകളും പോയവര്‍ഷം കാട്ടിത്തന്നു. ഫോര്‍ ഫ്രണ്ട്സ് (ദ ബക്കറ്റ്ലിസ്റ്റ്) കോക് ടെയില്‍ (ബട്ടര്‍ഫ്ലൈ ഓണ്‍ എ വീല്‍), അന്‍വര്‍ (ട്രെയ്റ്റര്‍), ഏപ്രില്‍ ഫൂള്‍ (ഭേജാ ഫ്രൈ) തുടങ്ങിയ ചിത്രങ്ങള്‍ കടപ്പാട് രേഖപ്പെടുത്താതെ തന്നെ പ്രമേയങ്ങള്‍ നിര്‍ലജ്ജം അപഹരിച്ചു. 'ഇന്‍ ഹരിഹര്‍ നഗറി'ന്റെ രണ്ടും മൂന്നും ഭാഗങ്ങളുടെ വിജയത്തെ തുടര്‍ന്ന് പഴയകാല ഹിറ്റ് സിനിമകളുടെ പുതിയ പതിപ്പുകളും രണ്ടാംഭാഗങ്ങളും ദ്രുതഗതിയില്‍ ചുട്ടെടുക്കുന്നതിന് സാക്ഷ്യം വഹിച്ചുകൊണ്ടാണ് 2010 പടിയിറങ്ങുന്നത്. മേലേപ്പറമ്പില്‍ ആണ്‍വീട്, നാടുവാഴികള്‍, ആഗസ്റ്റ് 15, ഉപ്പുകണ്ടം ബ്രദേഴ്സ്, നിന്നിഷ്ടം എന്നിഷ്ടം എന്നീ സിനിമകള്‍ ഭാവനാദാരിദ്യ്രത്തിന്റെ മകുടോദാഹരണങ്ങളായി വൈകാതെ തിയറ്ററുകളിലെത്തും. 'കാസര്‍കോഡ് കാദര്‍ഭായി'യുടെ രണ്ടാംഭാഗത്തിന് പോയവര്‍ഷം പ്രേക്ഷകര്‍ അര്‍ഹിക്കുന്ന തിരിച്ചടി തന്നെ കൊടുത്തു. മാറിയ ജീവിതസാഹചര്യങ്ങളും സാമൂഹികാന്തരീക്ഷവും കണക്കിലെടുക്കാതെയുള്ള വിജയഫോര്‍മുലക്ക് ഏറ്റ ആദ്യ തിരിച്ചടി. തെലുങ്കില്‍നിന്നും കന്നടയില്‍നിന്നുമായി എട്ടു സിനിമകള്‍ മൊഴിമാറ്റിവന്നു. അല്ലു അര്‍ജുനന്റെ ശല്യം വല്ലാതെ ഉണ്ടായില്ല.
2009ല്‍ ലോഹിതദാസ്, മുരളി എന്നീ മഹാപ്രതിഭകള്‍ നമ്മെ വിട്ടുപോയപ്പോള്‍ വേണു നാഗവള്ളി, ഗിരീഷ് പുത്തഞ്ചേരി, കൊച്ചിന്‍ ഹനീഫ, സന്തോഷ് ജോഗി, ആദ്യശബ്ദചിത്രമായ 'ബാലനി'ലെ നായിക എം.കെ. കമലം, ശ്രീനാഥ്, പി.ജി. വിശ്വംഭരന്‍, അടൂര്‍ പങ്കജം, എം.ജി. രാധാകൃഷ്ണന്‍, സുബൈര്‍, ഗായിക സ്വര്‍ണലത, കോഴിക്കോട് ശാന്താദേവി, മങ്കട രവിവര്‍മ എന്നിവര്‍ 2010ന്റെ നഷ്ടങ്ങളായി.

Sunday, December 19, 2010

ചിത്രസൂത്രങ്ങള്‍

കോളജ് പഠനകാലത്താണ് 'വാര്‍ത്താളി: സൈബര്‍സ്പേസില്‍ ഒരു പ്രണയനാടകം' എന്ന കഥ വായിക്കുന്നത്. അതിനു പിന്നില്‍ ചെറുത്തുനില്‍ക്കാനാവാത്ത ഒരു പ്രേരണയുണ്ടായിരുന്നു. എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്ന ഇംഗ്ലീഷ് അധ്യാപകന്‍ എ.സോമന്റെ നിര്‍ബന്ധം. അക്കാലത്ത് അപാരമ്പര്യത്തിന്റെ ഊര്‍ജപ്രവാഹങ്ങളുമായി മേതിലും മാധവനും നിര്‍മല്‍കുമാറും എന്നെ ആവേശിച്ചുകഴിഞ്ഞിരുന്നു. എം. നന്ദകുമാറിന്റെ കഥകളെക്കുറിച്ചു പറഞ്ഞ്, 'ഇവനെക്കൂടി വായിക്കുക, ഇവനിലാണ് എന്റെ പ്രതീക്ഷ'യെന്ന്, പുസ്തകമേള നടക്കുന്ന കോഴിക്കോട് സി.എസ്.ഐ കത്തീഡ്രല്‍ ഹാളിന്റെ മതിലിനോടു ചാരിനിന്ന് തന്റെ താടിയില്‍ വിരലോടിച്ച് സോമന്‍ സര്‍ പറഞ്ഞു. (തന്റെ പ്രതീക്ഷക്കനുസരിച്ച് നന്ദകുമാര്‍ ഉയരുമോ എന്നറിയാന്‍ സോമന്‍ സാര്‍ കാത്തുനിന്നില്ല. രണ്ടുമൂന്നുവര്‍ഷങ്ങള്‍ക്കു ശേഷം അസുഖത്തിന് കീഴടങ്ങി അദ്ദേഹം പോയി).
പക്ഷേ ഈ കഥ കൈയില്‍ കിട്ടാന്‍ പിന്നെയും നേരമെടുത്തു. അന്നത്തെ ഏതൊരു മലയാളിയെയും പോലെ ഞാനും സൈബര്‍ലോകത്തിന്റെ ചിലന്തിവലയില്‍ കുരുങ്ങിയിരുന്നില്ല. കൃത്യം പത്തുവര്‍ഷം മുമ്പാണ് കലിക്കറ്റ് സര്‍വകലാശാല ലൈബ്രറിയില്‍നിന്ന് വര്‍ഷത്തില്‍ 150 രൂപ മാത്രം ഈടാക്കുന്ന ഇന്റര്‍നെറ്റ്റൂമിന്റെ തണുപ്പിലിരുന്ന് ദീര്‍ഘതപസ്സിനുശേഷം വരദാനം പോലെ തെളിയുന്ന വെബ്സൈറ്റുകളില്‍ കയറിയിറങ്ങി സൈബര്‍സ്പേസില്‍ സിറ്റിസന്‍ഷിപ്പ് നേടിയത്. എം. നന്ദകുമാറിന്റെ കഥ കൈയില്‍ കിട്ടുന്നതും ഏതാണ്ട് ആ കാലത്തു തന്നെ. മലയാളിയുടെ അനുഭവമേഖലയിലേക്ക് ഇന്റര്‍നെറ്റിന്റെ വലക്കണ്ണികള്‍ വ്യാപകമായ തോതില്‍ വന്നണയുന്നതിനു മുമ്പ് എഴുതപ്പെട്ടതാണ് ഈ കഥ.
സ്ഥലകാലങ്ങളെ ഒടിച്ചുമടക്കി അകലത്തേക്കു പൊട്ടിത്തെറിക്കുന്ന സൂപ്പര്‍നോവ കണക്കെ മൌസ് പോയിന്റര്‍ ഏറ്റവും ആന്തരികമായ ബിന്ദുവിലേക്കു കൂപ്പുകുത്തി. അതിപൂരിത യാഥാര്‍ഥ്യത്തിന്റെ സൂപ്പര്‍ ഹൈവേകള്‍ ഹരിയെ മാടിവിളിച്ചു. സ്വപ്നാടനത്തിന്റെ അയഥാര്‍ഥഭൂമി. രമണി ഹൈപ്പര്‍ റിയാലിറ്റിയുടെ ഉള്ളറകളിലേക്കു മടങ്ങി. സൈബര്‍സ്പേസില്‍ ഏതേതു വീഥികളുടെ കെട്ടുപിണച്ചിലില്‍ അവര്‍ കണ്ടുമുട്ടി? പിന്നീട് ആലോചിച്ചപ്പോള്‍ അതെല്ലാം ആരോ പ്രോഗ്രാം ചെയ്ത ആകസ്മികതയാണെന്ന് ഹരി സംശയിച്ചു.
ആരോ പ്രോഗ്രാം ചെയ്ത ആകസ്മികതകളാണോ സൈബര്‍സ്പേസിലെ അനുഭവങ്ങളെല്ലാം? ഈ കഥയിലെ സന്ദേഹം ഇന്ന് ഒരു സമസ്യയായിത്തീര്‍ന്നിരിക്കുന്നു. വിചിത്രവും വിസ്മയകരവുമായ സാങ്കേതികാനുഭവത്തിലൂടെ നാം സഞ്ചരിക്കുന്ന ഇന്‍ഫര്‍മേഷന്‍ സൂപ്പര്‍ഹൈവേയിലെ വാഗ്ദത്തഭൂമിയിലേക്ക്, വിവിധ ജനസമൂഹങ്ങള്‍ നിറഞ്ഞ, അറിയപ്പെടാത്ത വന്‍കരകളിലേക്ക് തുഴഞ്ഞടുക്കുമ്പോള്‍ നമുക്ക് അങ്ങനെ തോന്നും.
കാലം തെറ്റി അല്‍പം മുമ്പ് പിറന്ന കഥയായിരുന്നു അത്. മലയാള സാഹിത്യചരിത്രത്തിലെ ആദ്യത്തെ സൈബര്‍കഥ. കഥാകൃത്ത് പിന്നീട് കാര്യമായി ഒന്നും എഴുതിയില്ല. അയാള്‍ ടാന്‍സാനിയയിലും മറ്റും ജോലി ചെയ്തും ഉന്മാദിയായി അലഞ്ഞുനടന്നും ജീവിച്ചു. ലഹരിയില്‍ നുരഞ്ഞും പതഞ്ഞും അയാളുടെ ആത്മവേദനകള്‍ ഒഴുകിപ്പോയിരിക്കണം. രണ്ടു വര്‍ഷം മുമ്പാണ് അയാളെ ആദ്യമായി നേരില്‍ കാണുന്നത്. ഈ വിചിത്രജീവി നാട്ടിലിറങ്ങിയിട്ടുണ്ടെന്ന് വിളിച്ച് പറഞ്ഞത് പി.കെ. രാജശേഖരനാണ്. അയാള്‍ എഴുത്തിലേക്ക് തിരിച്ചുവരാന്‍ ശ്രമിച്ചുവരുകയായിരുന്നു അപ്പോള്‍. കവിതകളിലൂടെയാണ് അയാള്‍ തന്നെത്തന്നെ വീണ്ടെടുത്തുതുടങ്ങിയത്. അളകാപുരിയിലെ ആദ്യ കൂടിക്കാഴ്ചയില്‍ ചിരപരിചിതനെപ്പോലെ നന്ദകുമാര്‍ ജീവിതം വെളിപ്പെടുത്തി. എന്റെ ബോധമണ്ഡലത്തില്‍ വിള്ളലുകള്‍ വീഴ്ത്തിയ വാര്‍ത്താളിയെക്കുറിച്ച് ആവേശത്തോടെ സൂചിപ്പിച്ചപ്പോള്‍ നന്ദകുമാര്‍ ചിരിച്ചു. വിപിന്‍ വിജയ് അത് സിനിമയാക്കുന്ന കാര്യം പറഞ്ഞു. ആ സിനിമ കാണേണ്ടി വന്നത് ഇക്കഴിഞ്ഞ 15ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലാണ്.
നന്ദകുമാറിന്റെ കഥയുടെ ആത്മാവു നശിപ്പിച്ച അസംബന്ധ സിനിമയാണ് 'ചിത്രസൂത്രം' എന്നു പറയാതിരിക്കാനാവില്ല. ബുദ്ധിജീവിജാടകള്‍ കൊണ്ട് അസഹ്യമായ ഒരനുഭവമായിരുന്നു മേളയിലെ ഈ വിവാദ ചിത്രം. പരീക്ഷണ സിനിമകള്‍ ഇതിനു മുമ്പും ഏറെ കണ്ടിട്ടുണ്ട്. ഗൊദാര്‍ദിനെപ്പോലുള്ളവരുടെ ധൈഷണികവ്യായാമങ്ങളും കണ്ടിട്ടുണ്ട്. പക്ഷേ സിനിമ എന്ന മാധ്യമത്തോടുള്ള എല്ലാ അഭിനിവേശവും കെടുത്തിക്കളയുന്ന ദൃശ്യപരിചരണരീതിയാണ് ഈ ചിത്രത്തിന്റേത്. ആ കഥ വായിച്ചിട്ടുള്ളവരാരും മാപ്പുകൊടുക്കില്ല സംവിധായകന്. സൈബര്‍സ്പേസിലെ പ്രതീതിലോകങ്ങളും ആഭിചാരമന്ത്രങ്ങളുടെ വിശ്വാസലോകവും തമ്മിലുള്ള കെട്ടുപിണച്ചിലുകള്‍, ഒരു നെറ്റിസന്റെ സ്വത്വപ്രതിസന്ധികള്‍, ലൈംഗികതയിലെ മോഹഭംഗങ്ങള്‍, തലമുറകള്‍ തമ്മിലുള്ള ആദാനപ്രദാനങ്ങള്‍ അങ്ങനെ വിഭിന്നമായ തലങ്ങളില്‍ വളര്‍ന്നുമുട്ടുന്ന പ്രമേയമായിരുന്നു കഥയുടേത്. സിനിമയിലോ? ശിഥിലമായ ചില ദൃശ്യബിംബങ്ങള്‍. വീണുടഞ്ഞുപോയ ഒരു ദര്‍പ്പണത്തിലെ ഭഗ്നബിംബങ്ങള്‍. ശബ്ദപഥത്തില്‍ ചിത്രത്തിന് ആസ്പദമായ കഥ കഥാകൃത്തു തന്നെ വായിക്കുന്നു. വിരസമായ മുഴുനീള കഥാവായനയും ഞെട്ടിക്കുന്ന ചില ദൃശ്യങ്ങളുമാണ് ചുരുക്കിപ്പറഞ്ഞാല്‍ 'ചിത്രസൂത്രം' എന്ന സിനിമ.
സായിപ്പിന് കണ്ടു വിസ്മയിക്കാന്‍ വേണ്ടുവോളമുണ്ട് സിനിമയില്‍. കോണകമുടുത്ത സന്ന്യാസി ശയനപ്രദക്ഷിണം നടത്തുന്നു. പടര്‍ന്നു പന്തലിച്ച ആല്‍മരത്തിനു നേരെ നടന്നടുക്കുന്നു. കത്തിപ്പടരുന്ന അഗ്നിയുടെ വൃത്തത്തിനു നടുവില്‍ നൃത്തം ചെയ്യുന്നു. വേദങ്ങളില്‍ നിന്നും ഉപനിഷത്തുകളില്‍ നിന്നും സ്ഥാനത്തും അസ്ഥാനത്തും ഉദ്ധരിക്കുന്നു. ഇന്ത്യന്‍ മിത്തോളജിയില്‍ നിന്നുള്ള നിശ്ചലദൃശ്യങ്ങളും ദൃശ്യബിംബങ്ങളും തെളിയുന്നു. എന്തിനധികം, സംഭാഷണങ്ങളിലുടനീളം നീഷേ, സ്പിനോസ... അങ്ങനെ ദാര്‍ശികരെ ആരെയും വിട്ടുകളയുന്നില്ല. കഥാപാത്രങ്ങളെല്ലാം ബുദ്ധിജീവികളായതിനാല്‍ നമ്മുടെ ഭാഷയറിയാത്തവര്‍ സബ്ടൈറ്റില്‍ വായിച്ച് വശംകെട്ടുപോവും. ഇന്ത്യന്‍ ആത്മീയതയും സൈബര്‍സ്വത്വപ്രതിസന്ധിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പ്രമേയം സായിപ്പിനെ ഞെട്ടിക്കാതിരിക്കില്ല. അയാളുടെ എക്സോട്ടിക് സെന്‍സിബിലിറ്റിയെ തൃപ്തിപ്പെടുത്താന്‍, പരദേശക്കാഴ്ചകളില്‍ അയാള്‍ക്ക് ഭ്രമിച്ചു നടക്കാന്‍ വേണ്ടുവോളമുണ്ട് ഈ സിനിമയില്‍. റോട്ടര്‍ഡാം ചലച്ചിത്രമേളയുടെ മല്‍സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ഈ ചിത്രം.
കഴിഞ്ഞ കേരളചലച്ചിത്രമേളയില്‍ പ്രിവ്യവില്‍ പുറത്തായ 'പുകക്കണ്ണാടി'യാണ് ഇത്തവണ 'ചിത്രസൂത്ര'മായി പിന്‍വാതിലിലൂടെ വന്നത് എന്നതായിരുന്നു വിവാദം. പുകക്കണ്ണാടി എന്നുതന്നെയാണ് ഈ ചിത്രത്തിന് യോജിച്ച പേര്. ചിത്രം കണ്ടിറങ്ങുമ്പോള്‍ ഒന്നും മനസ്സില്‍ അവശേഷിക്കുന്നില്ല. ആകെക്കൂടി ഒരു പുകമറയില്‍ പെട്ടതുപോലെ. ബുദ്ധിയോടോ വൈകാരികതയോടോ ഒരു തരത്തിലും സംവദിക്കാത്ത ഒരു സിനിമ.
അഞ്ചെട്ടു വര്‍ഷം മുമ്പ് കേരളത്തിലെ മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട 'ദ സീ ദാറ്റ് തിങ്ക്സ്' എന്ന നെതര്‍ലാന്റ്സ് ചിത്രം ഓര്‍മ വരുന്നു. പരസ്പരബന്ധമില്ലാത്ത ശ്ലഥബിംബങ്ങളിലൂടെ വര്‍ത്തമാനകാല ജീവിതത്തിന്റെ സങ്കീര്‍ണതകള്‍ അവതരിപ്പിക്കുകയാണ് ഈ ചിത്രം. We live in a circus of illusions we created ourselves എന്നു പറഞ്ഞുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്. ഒരാളുടെ യാഥാര്‍ഥ്യം എന്നു പറയുന്നത് അയാളുടെ വ്യക്തിവിഭ്രമം മാത്രമാണോ എന്ന ചോദ്യമാണ് ഈ ചിത്രം ഉയര്‍ത്തുന്നത്. 'ഞാന്‍' എന്നു പറയുന്ന വ്യക്തി വാസ്തവത്തില്‍ ആരാണ് എന്ന് ഈ ചിത്രം ചോദിക്കുന്നു. തിരക്കഥാകൃത്തായ ബാര്‍ത്ത് ആണ് ഗെര്‍ട്ട് ദെ ഗ്രാഫ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ മുഖ്യകഥാപാത്രം. പരിചയിച്ചുപഴകിയ ആഖ്യാനസങ്കേതങ്ങളെ നിരാകരിച്ച് പുതിയ ദൃശ്യപരിചരണരീതി അവലംബിക്കുന്ന സുധീരമായ ചലച്ചിത്രസംരംഭമായിരുന്നു 'ദ സീ ദാറ്റ് തിങ്ക്സ്'. ഒരു ചലച്ചിത്രമേളയില്‍ ഗെര്‍ട്ട് ദെ ഗ്രാഫ് ഈ ചിത്രം കാണാനിരുന്ന കാണികളോട് ഇങ്ങനെ പറഞ്ഞുവത്രെ.'ഒന്നും മനസ്സിലാക്കാന്‍ ശ്രമിക്കേണ്ട. Just watch and enjoy എന്ന്. നാം ചിന്തിക്കുന്നതിന്റെ പാരമ്പര്യ രീതികളെ തിരസ്കരിക്കാനാണ് ചിത്രം നമ്മോട് ആവശ്യപ്പെടുന്നത്. ഈ പരീക്ഷണ ചിത്രം നമ്മുടെ കാഴ്ചകളെ നവീകരിക്കുകയാണ് ചെയ്യുന്നത്. അത് ചലച്ചിത്രത്തിന്റെ ഭാഷയും വ്യാകരണവും അഴിച്ചു പണിയുന്നു.
ചിത്രസൂത്രത്തെ പരീക്ഷണാത്മക സിനിമയായി വാഴ്ത്തുന്ന ബുദ്ധിജീവികള്‍ 'ദ സീ ദാറ്റ് തിങ്ക്സ്' പോലുള്ള സിനിമകള്‍ കണ്ടുനോക്കുക. കെട്ടുകാഴ്ചകള്‍ കുത്തിനിറച്ച ജാടപ്പടവും എക്സ്പിരിമെന്റല്‍ സിനിമയും തമ്മിലുള്ള വ്യത്യാസം മനസ്സിലാവും.
അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച നവാഗത ഇന്ത്യന്‍ സംവിധായകന് മീരാ നായര്‍ ഏര്‍പ്പെടുത്തിയ ഹസ്സന്‍കുട്ടി അവാര്‍ഡ് ലഭിച്ചത് വിപിന്‍ വിജയിനാണ്. സങ്കീര്‍ണവും ദൂരൂഹവുമായ പ്രഹേളികപോലുള്ള ചലച്ചിത്രാഖ്യാനങ്ങള്‍ സൃഷ്ടിക്കാനുള്ള വിപിനിന്റെ കൈത്തഴക്കത്തിന് ഇതിലെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സാക്ഷ്യം വഹിക്കുന്നുണ്ട്. കേരളത്തെക്കുറിച്ചുള്ള ടൂറിസം ബ്രോഷറില്‍ കാണുന്ന ക്ലീഷേ ദൃശ്യങ്ങള്‍ പതിഞ്ഞുകിടക്കുന്ന സമാന്തര സിനിമകളാണല്ലോ പൊതുവെ മലയാളികള്‍ പടച്ചുവിടുന്നത്. അതില്‍ നിന്നും വേറിട്ടു നടക്കുന്നതിന്റെ പേരില്‍ വിജയിനെ അഭിനന്ദിക്കുക തന്നെ വേണം. പക്ഷേ ജീവിതം ചോര്‍ന്നുപോയ ദൃശ്യബിംബങ്ങള്‍ മാത്രം തരുന്ന ചലച്ചിത്രകാരനെ എത്ര പ്രേക്ഷകര്‍ മനസ്സില്‍ ചേര്‍ത്തുനിര്‍ത്തും? ഈ ചിത്രമുയര്‍ത്തിയ പ്രതികരണങ്ങള്‍ അങ്ങനെയൊരു ആത്മപരിശോധനക്ക് വിപിന്‍ വിജയിനെ പ്രേരിപ്പിക്കട്ടെ.