Monday, September 20, 2010

പുണ്യാളന്റെ ഇടപെടലുകള്‍

2002ലെ ചലച്ചിത്രമേളയില്‍ നിന്നാണ് The Posthumous Memoirs എന്ന ബ്രസീലിയന്‍ സിനിമ കണ്ടത്. 1881ല്‍ Joaquim Maria Machado De Assis എഴുതിയ The Posthumous Memoirs of Bras Cubas എന്ന നോവലിനെ ആസ്പദമാക്കി Andre Koltzel സംവിധാനം ചെയ്ത ചിത്രം. ബ്രാസ് ക്യൂബാസ് തന്റെ ശവകുടീരത്തില്‍നിന്ന് എഴുന്നേറ്റു വന്ന് ഓര്‍മകള്‍ അയവിറക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ അവതരണം. ആരാലും സ്നേഹിക്കപ്പെടാതെ, വംശപരമ്പര നിലനിര്‍ത്താന്‍ പിന്‍ഗാമികളില്ലാതെ ഒടുങ്ങിപ്പോവുന്ന ഒരു ജീവിതം. കപടനാട്യങ്ങളുടെയും പ്രണയവഞ്ചനകളുടെയും ആത്മാര്‍ഥതയില്ലാത്ത സ്നേഹപ്രകടനങ്ങളുടെയും ഒരനുഭവലോകം അയാള്‍ ഓര്‍മകളില്‍നിന്ന് വീണ്ടെടുക്കുന്നു. ജീവിതത്തിന്റെ നിരാശയും ദുരിതങ്ങളും അനുഭവിക്കാന്‍ താന്‍ കുട്ടികള്‍ക്കു ജന്മം നല്‍കിയിട്ടില്ലെന്ന് ആശ്വസിക്കുന്നുണ്ട് ക്യൂബാസ്. ഒറ്റപ്പെട്ട ഒരു മനുഷ്യന്റെ ജീവിതത്തിലൂടെയുള്ള ഒരു യാത്രയാണിത്. പരാജയപ്പെട്ട അയാളുടെ പ്രണയങ്ങള്‍, ചെയ്തുകൂട്ടിയ വിഡ്ഢിത്തങ്ങള്‍. അബദ്ധങ്ങള്‍, അസംബന്ധങ്ങള്‍.
Epitaph of a Small Winner എന്ന് ഒരു ഉപശീര്‍ഷകം കൂടിയുണ്ടായിരുന്നു അസ്സിസിന്റെ നോവലിന്. ഒരു ചെറിയ വിജയിയുടെ ശവകുടീരലിഖിതം. വാസ്തവത്തില്‍ ഒരു പരാജിതന്റെ ശിരോലിഖിതങ്ങളുടെ പുനര്‍വായനയായിരുന്നു അത്. ഇതേ ചലച്ചിത്രമേളയില്‍ തന്നെ ടി.വി. ചന്ദ്രന്റെ 'ഡാനി'യും പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. പ്രമേയപരമായ സാദൃശ്യം കൊണ്ട് ഞങ്ങള്‍ The Posthumous Memoirsനെ ബ്രസീലില്‍നിന്നുള്ള ഡാനി എന്നു വിളിച്ചു. കപടനാട്യങ്ങളുടെയും സ്നേഹാഭിനയങ്ങളുടെയും അവഗണനയുടെയും കയ്പുനിറഞ്ഞ ഒരു ജീവിതം ജീവിച്ചുതീര്‍ക്കുന്ന ഡാനിക്കും ക്യൂബാസിനും തമ്മില്‍ പൊതുവായി എന്തൊക്കെയോ ഉണ്ടായിരുന്നു. രണ്ടു ദേശങ്ങളോട് ഒരേ വികാരത്തോടെ സംസാരിച്ച ഇരുവരും ഒരു ദേശത്തിന്റെ തിരശãീലയിലിരുന്ന് സ്വയം കളിയാക്കി ചിരിച്ചു.
ഈ രണ്ടു ചിത്രങ്ങളുടെയും ദൃശ്യപഥങ്ങളില്‍ ആക്ഷേപഹാസ്യത്തിന്റെ ശക്തമായ അടിയൊഴുക്കുണ്ടായിരുന്നു. അവ നമ്മുടെ ഹിപ്പോക്രിസിയെ നല്ലവണ്ണം കളിയാക്കി. ആരെ ബോധിപ്പിക്കാനാണ് നിങ്ങളിങ്ങനെ അഭിനയിക്കുന്നത് എന്ന് നമ്മോട് ചോദിച്ചു. നിങ്ങളുടെ പുഞ്ചിരിക്കു പിന്നില്‍ സ്വാര്‍ഥതയുടെ, വഞ്ചനയുടെ എത്ര ദംഷ്ട്രകള്‍ എന്ന് വിസ്മയംകൊണ്ടു. കപടലോകത്തില്‍ ആത്മാര്‍ഥമായ ഹൃദയമുള്ളതുകൊണ്ടു മാത്രം പരാജയപ്പെടുന്ന ചില മനുഷ്യരെ കാട്ടിത്തന്നു.
പുതിയ രഞ്ജിത്തിന്റെ ('തിരക്കഥ'ക്കും ':കേരള കഫേ'ക്കും 'പാലേരി മാണിക്യ'ത്തിനും മുമ്പുള്ള രഞ്ജിത്ത് മലയാളസിനിമക്കു ചെയ്തുകൂട്ടിയ ദ്രോഹങ്ങളും ഉപദ്രവങ്ങളും ചില്ലറയല്ല. മലയാളിപ്രേക്ഷകന്റെ സംവേദനശീലത്തില്‍ നഞ്ചുകലക്കിയ അയാളെ നമുക്ക് ചലച്ചിത്രചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് നിഷ്പ്രയാസം എഴുതിത്തള്ളാം) പ്രാഞ്ചിയേട്ടനും പുണ്യാളനും കണ്ടപ്പോള്‍ ഓര്‍മ വന്നത് ഈ രണ്ടു ചിത്രങ്ങള്‍. അനുകരണമോ അനുകല്‍പനമോ ചോരണമോ ആരോപിക്കാനല്ല ആ സിനിമകളെ ഇങ്ങനെ ഓര്‍ത്തത്. മൂന്നും മൂന്നു സിനിമകള്‍ തന്നെയാണ്. കഴിഞ്ഞ പോസ്റ്റില്‍ സൂചിപ്പിച്ചതുപോലെ ഭാവനയുടെ വിഭ്രാമകമായ ഏതോ സഞ്ചാരപഥങ്ങളില്‍ പ്രതിഭകള്‍ ഒരുമിച്ചു സഞ്ചരിക്കുന്നുണ്ടാവണം. എല്ലാ സാമ്യതകളും അങ്ങനെ വരുന്നതാണ്.
കപടലോകത്തില്‍ ആത്മാര്‍ഥമായ ഒരു ഹൃദയമുള്ളതുകൊണ്ട് പരാജയപ്പെടുന്ന പ്രാഞ്ചിയേട്ടന്റെ കഥ നിരാശപ്പെടുത്തിയില്ല. കാരണങ്ങള്‍ പലതാണ്. പഞ്ചവടിപ്പാലം, സന്ദേശം, ശ്...ശ്...സയലന്‍സ് പ്ലീസ് തുടങ്ങി ഒറ്റപ്പെട്ട സറ്റയര്‍ സിനിമകള്‍ മാത്രം എടുത്തുകാട്ടാനുള്ള മലയാളത്തില്‍ ഈ ചിത്രം വേറിട്ട ഒരു സംരംഭം തന്നെയാണ്. പാളിച്ചകള്‍ ഉണ്ടാവാം. അതു പൊറുത്തുകൊടുക്കാവുന്നതേയുള്ളൂ. പ്രമേയദാരിദ്യ്രവും പ്രതിഭാശോഷണവും കൊണ്ട് മുടിഞ്ഞുപോയ മലയാള സിനിമയുടെ ദുരിതവര്‍ത്തമാനത്തില്‍ പ്രത്യേകിച്ചും.
ലോകസിനിമയില്‍ നിന്ന് ഒട്ടേറെ സങ്കേതങ്ങള്‍ നാം കടംകൊണ്ടിട്ടുണ്ടെങ്കിലും ലാറ്റിനമേരിക്കന്‍ സിനിമയിലെ മാജിക്കല്‍ റിയലിസം, യൂറോപ്യന്‍ സിനിമയിലെ അസംബന്ധ ആഖ്യാനങ്ങള്‍ (absurd narrative), ബ്ലാക്ക് ഹ്യൂമര്‍, സറ്റയര്‍ തുടങ്ങി നര്‍മരസമാര്‍ന്ന രചനാസങ്കേതങ്ങളുടെ സാധ്യതകള്‍ നാമിനിയും സ്വാംശീകരിച്ചെടുത്തിട്ടില്ല. സാത്വിക, സൌമ്യഭാവങ്ങളും വിഷാദം, വിലാപം എന്നീ സ്ഥായീഭാവങ്ങളും നിലനിറുത്തുന്ന ഏകമാനമായ ഒരു ചലച്ചിത്ര സങ്കല്‍പമാണ് മലയാള സിനിമ പിന്തുടരുന്നത്. ശുദ്ധകലാസിനിമയായാലും മുഖ്യധാരാ സിനിമയായാലും അതുതന്നെ സ്ഥിതി. അനുഭവങ്ങളുടെ നേരെ കുറ്റകരമായ ആന്ധ്യം പുലര്‍ത്തുന്നതുകൊണ്ടാവണം ഭാവുകത്വപരമായ വിച്ഛേദങ്ങള്‍ ഒരാകസ്മികതയായിപ്പോലും സംഭവിക്കുന്നില്ല. ഈ സാംസ്കാരികാലസ്യത്തില്‍ നിന്ന് മുക്തമാവുമ്പോഴേ വ്യത്യസ്തമായ പ്രമേയങ്ങള്‍ അവതരിപ്പിക്കാനും അത് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സംവേദനശേഷിയുള്ള പ്രേക്ഷകസമൂഹത്തെ സാധ്യമാക്കാനും കഴിയൂ. ആ ദിശയിലെ ഊക്കുള്ള ഒരു ചുവടുതന്നെയാണ് പ്രാഞ്ചിയേട്ടനും പുണ്യാളനും.
ആദിമധ്യാന്തപ്പൊരുത്തമുള്ള ഒരു കഥ വേണമെന്ന നിര്‍ബന്ധമുണ്ട് മലയാള സിനിമക്ക്. ഒരു തുടക്കം, ഒരു ഇന്‍ര്‍വെല്‍ പഞ്ച്, പിന്നെ ഏതാണ്ടെല്ലാ കഥാപാത്രങ്ങളും നിരക്കുന്ന ഒരു ഗ്രൂപ്പ് ഫോട്ടോ ക്ലൈമാക്സ്. ഒരു നായകന്‍, അയാള്‍ക്ക് നെഞ്ചില്‍ തൊഴിക്കാന്‍ പാകത്തില്‍ ഒരു വില്ലന്‍, അയാള്‍ക്ക് പ്രേമിക്കാനും പാട്ടുപാടാനും ഒരു കാമുകി, ഒടുവില്‍ ഫാന്‍സുകാരുടെ ആര്‍പ്പുവിളിക്കു കാതോര്‍ത്തുകൊണ്ട് നായകന്റെ ചില ഡയലോഗ് ഗീര്‍വാണങ്ങള്‍. അങ്ങനെയുള്ള ചില പതിവു ഫോര്‍മുലകളെ പ്രാഞ്ചിയേട്ടനും രഞ്ജിയേട്ടനും നിരാകരിക്കുന്നു എന്നതു തന്നെ വലിയ കാര്യം. ഈ ചിത്രത്തില്‍ ഒരു കഥയില്ല എന്നതു തന്നെ ഇതിനെ വേറിട്ട ഒരു സിനിമയാക്കുന്നുണ്ട്. ഒരു വ്യക്തിയുടെ ജീവിതത്തിലെ ചില മുഹൂര്‍ത്തങ്ങള്‍ മാത്രമാണിതില്‍. പല ഖണ്ഡങ്ങളെ വിളക്കിച്ചേര്‍ത്തിരിക്കുകയാണ് ഇവിടെ. പക്ഷേ അതുകൊണ്ട് പ്രമേയപരമായ ഏകാഗ്രത നഷ്ടമാവുന്നുമില്ല.
നമ്മെ നോക്കി ചിരിക്കാനുള്ള ഒരു അവസരം തരുന്നുണ്ട് പ്രാഞ്ചിയേട്ടന്‍. മലയാളിക്ക് മലയാളിയെ നോക്കി ചിരിക്കാനുള്ള ചില അവസരങ്ങള്‍. ഒരു സുഹൃത്ത് ജി^മെയില്‍ ചാറ്റില്‍ വന്നു പറഞ്ഞതുപോലെ എവിടെയൊക്കെയോ ചിലതുകൊള്ളുന്നുണ്ട്. അപ്സര തിയറ്ററില്‍ രണ്ടു മണിക്കൂറോളം മുഴങ്ങിയ നിലയ്ക്കാത്ത പൊട്ടിച്ചിരികള്‍ തന്നെ അതിന്റെ സാക്ഷ്യം.
(സസ്പെന്‍സ് എലിമെന്റുള്ള സിനിമയല്ലെങ്കിലും കഥയുടെ ചില വിശദാംശങ്ങള്‍ തുടര്‍ന്നുവരുന്ന രണ്ടു ഖണ്ഡികകളില്‍ സൂചിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ജിജ്ഞാസ നിലനിര്‍ത്തി സിനിമ കാണണം എന്നു നിര്‍ബന്ധമുള്ളവര്‍ക്ക് അവ സ്കിപ് ചെയ്യാം.)
അരിക്കച്ചവടക്കാരന്റെ മകന്‍ അരിപ്രാഞ്ചി എന്നറിയപ്പെടുന്നു. ആ പേര് അയാള്‍ക്ക് ഒരു പ്രശ്നമാവുന്നു. പേരു മാറ്റാന്‍ ജ്വല്ലറി തുടങ്ങി സ്വര്‍ണവില്‍പ്പനക്കാരനായപ്പോള്‍ നാട്ടുകാര്‍ പറഞ്ഞത് അരിപ്രാഞ്ചി ജ്വല്ലറി തുടങ്ങി എന്ന്. പ്രാഞ്ചി പള്ളിയില്‍ വെച്ച് തന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട പുണ്യാളനോട് തന്റെ സങ്കടം പറയുന്നു. ഒരു പേരില്ല എന്നതു തന്നെയാണ് എന്റെ പ്രശ്നം എന്ന് പ്രാഞ്ചി പറയുമ്പോള്‍ പുണ്യാളന്‍ ഒരു പേരിലെന്തിരിക്കുന്നു എന്ന ഷേക്സിപിരിയന്‍ ഡയലോഗടിക്കുന്നു. അങ്ങനെ പറയരുത് പുണ്യാളാ, ഒരു പേരിലാണ് ഞാനിരുന്നുപോയത് എന്ന് പ്രാഞ്ചി. ഇറ്റാലിയന്‍ ഭാഷയിലാണ് ആദ്യം പുണ്യാളന്‍ സംസാരിക്കുന്നത്. അതുകേട്ട് ഇക്കണ്ട കാലമത്രയും ഞങ്ങള്‍ സത്യവേദപുസ്തകം മലയാളത്തില്‍ വായിച്ചതു വെറുതെയായി അല്ലേ എന്ന് പ്രാഞ്ചി. പിന്നീട് പുണ്യാളന്റെ മുന്നിലിരുന്ന് തന്റെ സങ്കടങ്ങള്‍ പറയുകയാണ് അയാള്‍. പ്രണയപരാജയങ്ങള്‍, പത്മശ്രീ നേടാന്‍ നടത്തിയ നീക്കങ്ങള്‍ അങ്ങനെ എല്ലാം. ഇങ്ങനെ ഒപ്പിച്ചെടുക്കുന്ന പത്മശ്രീയും ശരിക്കു കിട്ടുന പത്മശ്രീയും തമ്മില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടാവുമോ എന്ന് ആശങ്കപ്പെടുന്നുണ്ട് അയാളുടെ അനുചരവൃന്ദം. പത്മശ്രീ സി.എ. ഫ്രാന്‍സിസ് എന്ന് എഴുതിയ ശവപേടകത്തിനുള്ളില്‍ ധന്യനായി മരിച്ചുകിടക്കുമ്പോള്‍ ഭരണകൂടത്തിന്റെ ആചാരവെടി മുഴങ്ങുന്നതും ഔദ്യോഗിക ബഹുമതികളോടെ തന്നെ സംസ്കരിക്കുന്നതും അയാള്‍ മനസ്സില്‍ കാണുന്നുണ്ട്. ഒന്നരക്കോടി മുടക്കിയ അയാള്‍ ഛത്തിസ്ഗഢ് ലിസ്റ്റിലാണ് നാമനിര്‍ദേശം ചെയ്യപ്പെടുന്നത്.
പത്മശ്രീ എന്ന പെണ്‍കുട്ടി പിന്നീട് അയാളുടെ മോഹങ്ങളിലേക്കു കടന്നുവരുന്നു. അവളും അയാളുടെ തൃഷ്ണകള്‍ക്ക് മുറിവേല്‍പ്പിക്കുന്നു. ഒരു സ്കൂളിന് നൂറു ശതമാനം വിജയം കൈവരിക്കുന്നതിനു വേണ്ടി ഒരു കുട്ടിയെ ജയിപ്പിച്ചെടുക്കാന്‍ താന്‍ പെട്ട പാടുകള്‍ അയാള്‍ പുണ്യാളനോടു വിവരിക്കുന്നു. ഈ കുട്ടിയുടെ ഭൂതകാലം ഇത്രയും പരത്തി പറയേണ്ടതില്ലായിരുന്നു. ചിത്രത്തിന്റെ ആക്ഷേപഹാസ്യസ്വഭാവത്തിന് ചെറുതല്ലാത്ത പോറലേല്‍പ്പിക്കുന്നുണ്ട് ആ ദൃശ്യങ്ങളും പ്രാഞ്ചി ഓടിക്കുന്ന കാറിലിരുന്നുകൊണ്ടുള്ള കുട്ടിയുടെ നിലയ്ക്കാത്ത കരച്ചിലുമൊക്കെ. കുട്ടിയുടെ അച്ഛനായി വരുന്ന ബിജു മേനോന്റെ കഥാപാത്രത്തിന്റെ തന്നെ ആവശ്യമില്ലായിരുന്നു. ലക്ഷണമൊത്ത ഒരു കണ്ണീര്‍ച്ചിത്രമോ സെന്റിമെന്റല്‍ മെലോഡ്രാമയോ അല്ല, തികഞ്ഞ ഒരു സറ്റയര്‍ ആണ് താന്‍ എടുക്കുന്നതെന്ന് ഈ സീക്വന്‍സുകളില്‍ രഞ്ജിത്ത് മറന്നുപോയതുപോലെ തോന്നി. രണ്ടാംപകുതിയില്‍ എവിടെയൊക്കെയോ ചിത്രത്തിന്റെ ഒഴുക്കു നിലയ്ക്കുന്നുണ്ട്. ഒന്നുകൂടി എഡിറ്റ് ചെയ്യാമായിരുന്നു തിരക്കഥ എന്നു തോന്നിപ്പിക്കുന്ന രംഗങ്ങള്‍. പ്രാഞ്ചി തന്റെ ബാല്യവും ഈ കുട്ടിയുടെ ബാല്യവും തമ്മില്‍ എന്തൊക്കെയോ ചില സാമ്യതകള്‍ കണ്ട് അവനെ സ്നേഹിക്കുകയാണെന്നൊക്കെ നമ്മെ തെറ്റിദ്ധരിപ്പിക്കുന്നിടത്തുനിന്നും പ്രമേയം വേറെ ഒരു വഴിയിലേക്കു തിരിയുന്നു. പ്രമേയപരമായ ഏകാഗ്രത നഷ്ടപ്പെട്ട് കഥ എവിടേക്കൊക്കെയോ പോവുന്നു എന്നു വിചാരിച്ചിരിക്കുമ്പോള്‍ വീണ്ടും ഇതിവൃത്തത്തിന്റെ ഗാത്രത്തിലേക്ക് അത് തിരിച്ചുവരുന്നു. കുട്ടി തന്നെ ഏകാഗ്രത ശീലിപ്പിക്കുന്ന ട്യൂഷന്‍ മാഷെക്കൊണ്ട് ഒരേ സമയം കാലു കറക്കി കൈ കൊണ്ട് ആറ് എന്നെഴുതിക്കുന്നുണ്ട്. അവിടെയും തന്റെ പരാജയത്തെപ്പറ്റി പ്രാഞ്ചി സങ്കടം പറയുമ്പോള്‍ പുണ്യാളന്‍ വായുവിലേക്ക് കാലുയര്‍ത്തി കറക്കിക്കൊണ്ട് കൈ കൊണ്ട് ആറ് എന്നെഴുതുന്ന രംഗം സമീപകാല മലയാള സിനിമ കണ്ട ഏറ്റവും മികച്ച ദൃശ്യങ്ങളിലൊന്നാണ്. ആ ഒരൊറ്റ ദൃശ്യത്തില്‍ ഈ സിനിമ The Posthumous Memoirs എന്ന ക്ലാസിക് ദൃശ്യശില്‍പത്തിന് ഒപ്പമെത്തുന്നു. ആഴമേറിയ നര്‍മത്തിന്റെ നാനാര്‍ഥങ്ങള്‍ നിറഞ്ഞ ആ ദൃശ്യം ചിത്രത്തെ സവിശേഷമായ ഒരു സംവേദനതലത്തിലേക്ക് ഉയര്‍ത്തുന്നുണ്ട്.
എല്ലാ കാര്യങ്ങളിലും പരാജയപ്പെട്ട് ഇനി ഇതിലെങ്കിലും ഞാന്‍ വിജയിക്കുമോ എന്ന് പ്രാഞ്ചി ചോദിക്കുമ്പോള്‍ പുണ്യാളന്‍ മൂന്നു ദൃശ്യങ്ങള്‍ കാട്ടിക്കൊടുക്കുന്നു. വിജയിച്ചു എന്നു നീ കരുതുന്നവരെല്ലാം വാസ്തവത്തില്‍ വിജയിച്ചവരാണോ, നഷ്ടപ്പെട്ടു എന്നു നീ കരുതുന്നതെല്ലാം വാസ്തവത്തില്‍ നിനക്ക് നഷ്ടപ്പെട്ടിട്ടുണ്ടോ എന്നൊക്കെ ചോദിച്ചുകൊണ്ടാണ് പുണ്യാളന്‍ ഈ ദൃശ്യങ്ങള്‍ കാട്ടിക്കൊടുക്കുന്നത്. സിനിമയുടെ പാതിവഴിയില്‍ സംവിധായകന്‍ ഇട്ടേച്ചുപോയി എന്നു നാം കരുതിയ കഥാപാത്രങ്ങളുടെ അവസ്ഥകള്‍ ആ ദൃശ്യങ്ങളിലൂടെ അദ്ദേഹം കാട്ടിത്തരുന്നു. പതിവു മലയാളസിനിമയുടെ ശില്‍പരൂപത്തില്‍നിന്നും ചിലതൊക്കെ ബോധപുര്‍വം വെട്ടിമാറ്റാനും ഇങ്ങനെ ചിലത് കൂട്ടിച്ചേര്‍ക്കാനുമുള്ള ശ്രമങ്ങള്‍ ശ്ലാഘനീയം തന്നെ.
'തൂവാനത്തുമ്പികള്‍' എന്ന പത്മരാജന്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ തൃശൂരിന്റെ പ്രാദേശികഭാഷാഭേദം രസകരമായി അവതരിപ്പിച്ചിരുന്നു. ''യേശുക്രിസ്തൂനെ റോട്ടിന്മേല്‍ കണ്ടാലും യേശൂട്ടാ എന്നു വിളിക്കണ ടീമാ'' എന്ന് തൃശൂര്‍ക്കാരെ തന്നെ കളിയാക്കിക്കൊണ്ട് മമ്മൂട്ടി ഈ ചിത്രത്തില്‍ ആ ഭാഷയും പരീക്ഷിക്കുന്നു. മലബാര്‍ മുസ്ലിമിന്റെയും തിരുവിതാംകൂര്‍ കൃസ്ത്യാനിയുടെയും വള്ളുവനാടന്‍ ഹിന്ദുവിന്റെയും തിരുവനന്തപുരത്തുകാരന്റെയും മലയാളം പഠിച്ച കന്നടക്കാരന്റെയും ഭാഷാഭേദങ്ങള്‍ക്കു ശേഷം മറ്റൊരു ദേശത്തിന്റെ വാമൊഴിവഴക്കങ്ങള്‍ കൂടി.
ഓസ്കര്‍ കിട്ടിയ ഗഫൂര്‍ ചേക്കുട്ടി, പ്രഭാഷണകലയിലെ അന്തിമവാക്കായ പ്രഭാകരന്‍ അന്തിക്കോട് തുടങ്ങിയ കാര്‍ട്ടൂണ്‍ സ്വഭാവമുള്ള പരാമര്‍ശങ്ങള്‍, പത്മപുരസ്കാരങ്ങള്‍ ഗാന്ധിയന്മാര്‍ക്കും കഥകളിനടന്മാര്‍ക്കും വീതിച്ചുനല്‍കുന്ന പതിവിനെ കളിയാക്കുന്ന വിധമുള്ള ടി.വി വാര്‍ത്ത, അനുഗ്രഹമായാലും വെറുതെ കിട്ടിയാല്‍ നല്ലതെന്നു വിചാരിക്കുന്നവരല്ലേ നിങ്ങള്‍ മലയാളികള്‍ എന്ന പുണ്യാളന്റെ വിമര്‍ശനം തുടങ്ങി ആക്ഷേപഹാസ്യത്തിന്റെ സ്പര്‍ശമുള്ള ദൃശ്യശകലങ്ങള്‍ ചിത്രത്തില്‍ ഏറെയുണ്ട്.
രഞ്ജിത്തിനെപ്പോലെ മുഖ്യധാരാ സിനിമയില്‍ കൃത്യമായ മേല്‍വിലാസമുള്ള ഒരു സംവിധായകനു മാത്രമേ ഇത്തരം പരീക്ഷണങ്ങള്‍ ഇന്നത്തെ അവസ്ഥയില്‍ സാധ്യമാവുകയുള്ളൂ. ഇങ്ങനെയൊരു പരീക്ഷണസംരംഭം നടത്താന്‍ അസാമാന്യമായ ധൈര്യം ആവശ്യമാണ്. ശില്‍പഭദ്രതയിലും ദൃശ്യപരിചരണത്തിലും എന്തൊക്കെ പാളിച്ചകളുണ്ടെങ്കിലും വേറിട്ട വഴിയില്‍ സഞ്ചരിക്കാനുള്ള രഞ്ജിത്തിന്റെ ആര്‍ജവം പ്രോല്‍സാഹിപ്പിക്കപ്പെടുക തന്നെ വേണം.

Sunday, August 29, 2010

കൊമാല കേവലം ഒരു കഥയുടെ പേരല്ല

''കടബാധ്യത മൂലം ഈ വരുന്ന ആഗസ്റ്റ് പതിനഞ്ചിന് പുലര്‍ച്ചെ 12ന് കൂട്ട ആത്മഹത്യ ചെയ്യുമെന്ന ബോര്‍ഡ് സ്വന്തം വീടിനു മുന്നില്‍ എഴുതിവെച്ച് മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ 45കാരനാണ് കുണ്ടൂര്‍ വിശ്വന്‍. ഈ പരസ്യപ്രഖ്യാപനം വര്‍ത്തമാന കേരളം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തികവും സാമൂഹികവും മാനസികവുമായ അസമത്വങ്ങളിലേക്കുള്ള ഒരു ചൂണ്ടുപലക കൂടിയാണ്. വിശ്വന്‍ സകുടുംബം മരിക്കുമോ ഇല്ലയോ? നമ്മുടെ ഉറക്കം കെടുത്തുന്ന ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ വിശ്വന്‍ ഇപ്പോള്‍ നമ്മോടൊപ്പം ലൈനിലുണ്ട്. ഇന്ത്യയുടെ 59ാം സ്വാതന്ത്യ്രദിനത്തില്‍ ഇത്തരം വിചിത്രമായ ഒരു ഭീഷണി യാഥാര്‍ഥ്യമായി തീര്‍ന്നാലുള്ള ഭവിഷ്യത്ത് എന്തായിരിക്കും, ഇതില്‍ ആരാണ് കുറ്റക്കാര്‍?..കേരളം ഉറ്റുനോക്കുന്ന ഈ പ്രശ്നത്തിന്റെ വിവിധ വശങ്ങളെപ്പറ്റി സംസാരിക്കുന്നതിനു വേണ്ടി പ്രമുഖ മനഃശാസ്ത്രജ്ഞനും സാമൂഹിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ.സി. നന്ദകുമാര്‍, വെള്ളൂര്‍ സഹകരണബാങ്ക് സെക്രട്ടറി മാധവന്‍ നായര്‍, നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് റിസര്‍ച്ച് ബ്യൂറോവിലെ ഉദ്യോഗസ്ഥന്‍ അലക്സ് പുന്നൂസ്, എന്നിവര്‍ നമ്മോടൊപ്പം സ്റ്റുഡിയോവിലും വിശ്വന്‍ കുണ്ടൂര്‍, അഡ്വക്കേറ്റ് ഫാത്തിമ ബീഗം എന്നിവര്‍ ടെലഫോണ്‍ ലൈനിലുമുണ്ട്. ന്യൂസ്ടൈം തുടരുന്നു. അതിനു മുമ്പ് ഒരിടവേള..''
നിങ്ങളുടെ സ്വപ്നഭവനം സാക്ഷാത്കരിക്കാന്‍ നിങ്ങളോടൊപ്പം ഞങ്ങളും.
മൂലൂര്‍ ടവേഴ്സ് ആന്റ് റെസിഡന്‍സി, ബെറ്റര്‍ ലൊക്കേഷന്‍സ്, ബെറ്റര്‍ ലൈഫ് സ്റ്റൈല്‍
ക്രിയേഷന്‍സ് ഫോര്‍ ജനറേഷന്‍സ്
''ന്യൂസ് ടൈം തുടരുന്നു. ശ്രീ വിശ്വന്‍ കുണ്ടൂര്‍, കേള്‍ക്കാമോ? യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചത്? നിങ്ങളുടെ കുടുംബപശ്ചാത്തലത്തെക്കുറിച്ചൊന്നു ചുരുക്കിപ്പറയാമോ?''
(സന്തോഷ് ഏച്ചിക്കാനം, കൊമാല, പേജ് 26, ഡി.സി. ബുക്സ് കോട്ടയം)
ഹുവാന്‍ റുള്‍ഫോവിന്റെ 'പെഡ്രോ പരാമോ' വായിക്കാത്ത നീയെന്ത് വായനക്കാരനാ എന്ന, സുഹൃത്തിന്റെ പുച്ഛം കലര്‍ന്ന പ്രചോദനത്തെ തുടര്‍ന്നാണ് കോളജ് പഠനകാലത്ത് കൊമാലയിലേക്ക് യാത്ര തിരിച്ചത്. മരിച്ചവര്‍ ജീവിച്ചിരിക്കുന്നവരുടെ ഇടങ്ങളിലേക്കു വന്ന് മുറിവുകള്‍ കഴുകുന്ന മാര്‍ക്വേസിന്റെ മക്കെന്‍ഡോവിലേക്കുള്ള വിഭ്രാമകമായ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയതേ ഉണ്ടായിരുന്നുള്ളൂ അപ്പോള്‍. റുള്‍ഫോവിന്റെ കൊമാല മാര്‍ക്വേസിന്റെ മക്കെന്‍ഡോ പോലെ വിസ്മയഭാവനയുടെ ഭൂമിക മാത്രമായിരുന്നില്ല. ഭൂമി വിട്ടകന്ന ആത്മാക്കളുടെ വിഹാരമേഖലയും ഒടുങ്ങാത്ത ജീവിതാസക്തികളുമായി ശരീരത്തിന്റെയും മനസ്സിന്റെയും ശാദ്വലങ്ങളില്‍ സുഖം തേടിയലയുന്നവരുടെ മേച്ചില്‍പുറങ്ങളും ഒരേ സമയം കൊമാലയില്‍ ഉണ്ടായിരുന്നു. മിഥ്യയും യാഥാര്‍ഥ്യവും അതിവിദഗ്ധമായി സമന്വയിക്കുന്ന ഭ്രമഭാവന.
റുള്‍ഫോവിന്റെ കൊമാലയില്‍നിന്ന് സന്തോഷ് ഏച്ചിക്കാനത്തിന്റെ കൊമാലയിലേക്ക് അധികം ദൂരമില്ല. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന മട്ടില്‍ കഴിയുന്നവരുടെ കൊമാലയായി കടംപെരുകി മനുഷ്യര്‍ ജീവനൊടുക്കുന്ന കേരളത്തെ അവതരിപ്പിക്കുകയാണ് സന്തോഷ്. മാധ്യമങ്ങളുടെ നിരാര്‍ദ്രവും നിര്‍വികാരവുമായ സമീപനത്തെ നിശിതമായി വിചാരണ ചെയ്യുകയായിരുന്നു അദ്ദേഹം ഈ കഥയിലൂടെ. എത്ര ക്രൂരമായ നിസ്സംഗതയോടെയാണ് സമകാലിക ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളുടെ ഇരയായി മരണം വരിക്കാനൊരുങ്ങുന്ന ഒരു മനുഷ്യനെ നമ്മുടെ മാധ്യമങ്ങള്‍ സമീപിക്കുന്നതെന്ന് ഈ കഥ ഓര്‍മപ്പെടുത്തി. കൊമാല കേവലം ഒരു കഥയുടെ പേരല്ല. ഒരു സാങ്കല്‍പികദേശത്തിന്റെ, ഭാവനാഭൂമിയുടെ പേരുമല്ല. അത് മനുഷ്യര്‍ പലകാലങ്ങളില്‍, പല ദേശങ്ങളില്‍, ജീവിതത്തിനും മരണത്തിനുമിടയില്‍ ചെന്നുപെടുന്ന ഒരവസ്ഥയുടെ സൂചകമാണ്.
ആമിര്‍ഖാന്‍ നിര്‍മിച്ച് അനുഷ റിസ്വി സംവിധാനം ചെയ്ത 'പീപ്ലി ലൈവ്' കണ്ടപ്പോള്‍ ആദ്യം മനസ്സിലേക്കു വന്നത് 'കൊമാല' എന്ന കഥയാണ്. പ്രമേയപരമായി ഈ രണ്ടു രചനകള്‍ക്കും പ്രകടമായ സാമ്യമുണ്ട്. കലാകാരന്മാര്‍ ഒരേ പോലെ ചിന്തിക്കുന്നതുകൊണ്ടുവന്ന സാദൃശ്യമാവാം. ഭാവനയുടെ ഒരേ സഞ്ചാരപഥങ്ങളില്‍ ഇരുവരും ഏതാണ്ട് ഒരേ സമയം അലഞ്ഞിരിക്കണം. 2006 ആഗസ്റ്റ് 15നാണ് 'കൊമാല' മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ അതിന്റെ ഇംഗ്ലീഷ് പരിഭാഷ കേന്ദ്ര സാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണമായ ഇന്ത്യന്‍ ലിറ്ററേച്ചറില്‍ വന്നു. എന്‍.ഡി.ടി.വി ജേണലിസ്റ്റായ അനുഷ റിസ്വി മൂന്നുനാലു വര്‍ഷങ്ങളോളം ഈ കഥ സിനിമയാക്കാനുള്ള അഭ്യര്‍ഥനയുമായി ആമീര്‍ഖാനെ സമീപിച്ചിരുന്നു. അത് യാഥാര്‍ഥ്യമായത് 2010ലാണെന്നു മാത്രം. അമേരിക്കയിലെ സണ്‍ഡാന്‍സ് ഫിലിംഫെസ്റ്റിവല്‍, ബെര്‍ലിന്‍ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ എന്നീ മേളകളില്‍ പ്രദര്‍ശിപ്പിച്ച ശേഷമാണ് ഈ ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യുന്നത്. വിദര്‍ഭയിലെ കര്‍ഷകര്‍ ഈ ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ശബ്ദമുയര്‍ത്തിയിരുന്നു. കര്‍ഷകരുടെ ജീവിതദുരിതങ്ങളെ ചിത്രം ലളിതവത്കരിക്കുന്നുവെന്നായിരുന്നു അവരുടെ ആരോപണം.
ഗൌരവമുള്ള ഒരു വിഷയം പറയാന്‍ ഗൌരവം വേണമെന്ന നിര്‍ബന്ധബുദ്ധി നമ്മുടെ ആര്‍ട്ട്ഹൌസ് സിനിമക്കാര്‍ ഉണ്ടാക്കിവെച്ച ഒന്നാണ്. അതിഭാവുകത്വം കലര്‍ന്ന നാടകീയമായ മെലോഡ്രാമകളായിരുന്നു ഇന്ത്യന്‍ ജീവിതപ്രശ്നങ്ങള്‍ പ്രമേയമായ നമ്മുടെ പനോരമച്ചിത്രങ്ങളെല്ലാം. കറുത്ത ഫലിതത്തിന്റെ നാനാര്‍ഥങ്ങള്‍ ഉപയോഗിച്ച് പ്രശ്നത്തിന്റെ തീക്ഷ്ണത അവതരിപ്പിക്കാനുള്ള സര്‍ഗാത്മകമായ ആര്‍ജവമുണ്ടായിരുന്നില്ല നമ്മുടെ പല ചലച്ചിത്രകാരന്മാര്‍ക്കും. അതുകൊണ്ടുതന്നെ സറ്റയര്‍ സിനിമ നമ്മുടെ സമാന്തരധാരയില്‍ വന്നതുമില്ല. ബാള്‍ക്കന്‍ മേഖലകളില്‍ യുദ്ധം തകര്‍ത്തെറിഞ്ഞ ജീവിതങ്ങളെക്കുറിച്ച് കുസ്തുറിക്ക എടുത്ത സിനിമകള്‍ ഓരോന്നും നോക്കുക. ഓരോ ഫ്രെയിമിലും ചിരിച്ചുലയാനുള്ള മരുന്നുണ്ടാവും. ആ ചിരിയിലൂടെയാണ് ഞെട്ടിക്കുന്ന യാഥാര്‍ഥ്യങ്ങളിലേക്ക് ചലച്ചിത്രകാരന്‍ നമ്മെ വലിച്ചണയ്ക്കുന്നത്. കരയുന്ന കുറേ കഥാപാത്രങ്ങളെ നിര്‍വികാരമായി കണ്ടിരിക്കുന്നതിനേക്കാള്‍ വികാരവിമലീകരണം സാധ്യമാക്കുക ഹാസ്യരസപ്രധാനമായ ആവിഷ്കാരം തന്നെയാണ്. ഫാഷിസത്തെക്കുറിച്ച് ചലച്ചിത്രചരിത്രം ഇന്നോളം കണ്ട ഏറ്റവും രൂക്ഷമായ ദൃശ്യപ്രസ്താവനയായ 'ദ ഗ്രേറ്റ് ഡിക്റ്റേറ്റര്‍' തന്നെ അതിന്റെ ഏറ്റവും മികച്ച ഉദാഹരണം.
സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്നു കരുതി സഹോദരന്റെ പ്രേരണയില്‍ ആത്മഹത്യക്കൊരുങ്ങുകയാണ് നാഥാ. ഈ വാര്‍ത്തയറിയുമ്പോള്‍ മാധ്യമങ്ങള്‍ ആ കുടിലിനു ചുറ്റും തമ്പടിക്കുന്നു. ലൈവ് റിപ്പോര്‍ട്ടുകളുമായി ഒരു മാധ്യമ സര്‍ക്കസിന് അവിടെ തുടക്കമാവുന്നു. പ്രഭാതകൃത്യത്തിനു പോവുന്ന നാഥായെപ്പോലും ക്യാമറക്കണ്ണുകള്‍ വെറുതെ വിടുന്നില്ല. ഇതിനിടെ ചാനല്‍ച്ചര്‍ച്ചകളുടെ പൊടിപൂരം. വ്യവസായവത്കരണമാണ് കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമെന്ന് നസിറുദ്ദീന്‍ ഷാ അവതരിപ്പിക്കുന്ന കേന്ദ്രകൃഷിമന്ത്രി. തെരഞ്ഞെടുപ്പ് അടുത്തതിന്റെ സാഹചര്യത്തില്‍ രാഷ്ട്രീയനേതാക്കളും വോട്ടുബാങ്ക് ലക്ഷ്യമിട്ട് അവിടേക്കു വരുന്നു. ഒടുവില്‍ പൊടിമൂടിയ ഒരു കണ്‍സ്ട്രക്ഷന്‍ സൈറ്റിലാണ് നാം നാഥായെ കാണുന്നത്. കൃഷിമന്ത്രി പറഞ്ഞതുപോലെ ഉപജീവനത്തിന് വ്യവസായവത്കരണത്തിന്റെ വഴിതന്നെ അയാള്‍ തേടുന്നു. സമീപകാലത്ത് കൃഷി വിട്ട് മറ്റു തൊഴിലുകളിലേക്കു മടങ്ങിയ കര്‍ഷകരുടെ സ്ഥിതിവിവരക്കണക്കുകള്‍ കാട്ടുന്ന വാചകത്തോടെ ചിത്രം അവസാനിക്കുന്നു. ബോളിവുഡ് ജനജീവിതത്തിന്റെ പ്രശ്നങ്ങളിലേക്ക് കണ്ണയക്കുന്നുവെന്നത് സ്വാഗതാര്‍ഹമായ ഒരു കാര്യമാണ്. അത് പതിവു പനോരമപ്പടങ്ങളുടെ വരണ്ട ആഖ്യാനമാവുന്നില്ല എന്നതും ആശ്വാസം പകരുന്നു. സമീപകാലത്ത് ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച കാസ്റ്റിംഗ് ഈ ചിത്രത്തില്‍ കാണാം. വരണ്ട ഗ്രാമങ്ങളിലെ വരണ്ട മനുഷ്യര്‍. ദൈന്യത മുറ്റിയ കണ്ണുകള്‍.
ഇംഗ്ലീഷ് ന്യൂസ്ചാനലുകളാണ് അനുഷ റിസ്വിയുടെ വിമര്‍ശനത്തിന് കൂടുതലും വിധേയമാവുന്നത്.അവരത് അര്‍ഹിക്കുന്നുണ്ടെന്നതും വാസ്തവം തന്നെ. ധോണിയുടെ വിവാഹത്തിന് പാപ്പരാസികള്‍ നടത്തിയ പടപ്പുറപ്പാട് നമ്മള്‍ കണ്ടതാണ്. കത്രീന കൈഫും സല്‍മാനും വേര്‍പിരിഞ്ഞത് അവര്‍ക്ക് ബ്രേക്കിംഗ് ന്യൂസ് ആയിരുന്നു. (അമൂല്യ എന്ന കന്നട നടിയുടെ ചുംബനം ഒരു ചാനല്‍ വാര്‍ത്തയാക്കിയത് കാണൂ. http://www.youtube.com/watch?v=brMUwHfQfUo&feature=related. നെഞ്ചിടിപ്പോടെയുള്ള ന്യൂസ്റീഡറുടെ വായനക്കൊപ്പം റിപ്പോര്‍ട്ടറുടെ ആവേശകരമായ വിവരണം കേള്‍ക്കൂ. എന്നിട്ട് ലജ്ജിച്ച് ലജ്ജിച്ച് തല താഴ്ത്തൂ.) എന്‍.ഡി.ടി.വി റിപ്പോര്‍ട്ടറായിരുന്ന അനുഷ സ്വന്തം തൊഴില്‍രംഗത്തെ ആത്മപരിശോധനക്കു പ്രേരിപ്പിക്കുന്ന വിധമാണ് വിചാരണ ചെയ്യുന്നത്.
ആമിര്‍ഖാന്‍ ഒരു സംഭവം തന്നെയാണ്. നമ്മുടെ താരരാജാക്കന്മാര്‍ കണ്ടു പഠിക്കണം. 1988 മുതല്‍ ബോളിവുഡിലെ മുന്‍നിര താരം. ദീപാമേത്തയുടെ 'എര്‍ത്തി'ല്‍ വേഷമിട്ട ശേഷം വ്യത്യസ്തമായ സിനിമകളിലേക്ക് ശ്രദ്ധ തിരിച്ചു. 2001ല്‍ ലഗാന്‍. ബോളിവുഡിന്റെ ദുഷ്പേരു മാറ്റിയ ചിത്രം. പിന്നീട് ദില്‍ ചാഹ്താ ഹൈ. ബോളിവുഡിന്റെ ചരിത്രത്തില്‍ അപ്പുറവും ഇപ്പുറവും എന്നു പറയാന്‍ ഒരു വിഭജനരേഖയായി മാറിയ ചിത്രം. 2005ല്‍ കേതന്‍ മേത്തയുടെ മംഗള്‍ പാണ്ഡേ. അടുത്ത വര്‍ഷം രാകേഷ് ഓംപ്രകാശ് മെഹ്റയുടെ രംഗ് ദേ ബസന്തി, 2007ല്‍ താരേ സമീന്‍ പര്‍, 2009ല്‍ ത്രീ ഇഡിയറ്റ്സ്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ മികച്ച ചിത്രങ്ങളില്‍ മാത്രം വേഷമിടുന്നു. 'പീപ്ലി ലൈവ്'പോലുള്ള വ്യത്യസ്തമായ ചിത്രങ്ങള്‍ നിര്‍മിക്കുന്നു. സൂപ്പര്‍താര പദവി വേണ്ട, സ്തുതിപാഠകര്‍ വേണ്ട. മാധ്യമങ്ങളുടെ വെള്ളിവെളിച്ചത്തില്‍നിന്ന് കഴിയുന്നതും അകന്നുനില്‍ക്കുന്നു.എപ്പോഴാണ് നമ്മുടെ താരങ്ങള്‍ ഇങ്ങനെ കെട്ടുകാഴ്ചകളില്‍നിന്ന്, പൊയ്ക്കാലുകളില്‍ കെട്ടിയുയര്‍ത്തിയ സൂപ്പര്‍പദവികളില്‍നിന്ന് മണ്ണിലിറങ്ങുക?

Monday, July 26, 2010

അപൂര്‍വരാഗം: ഇനി ആത്മപരിശോധനയുടെ കാലം

സ്കൂളില്‍ പഠിക്കുന്ന കാലത്താണ് 'തനിയാവര്‍ത്തനം' കാണുന്നത്. ഇപ്പോഴുമുണ്ട് നെഞ്ചിലൊരു വിങ്ങലായി ബാലന്‍ മാഷിന്റെ ഇരുട്ടില്‍ തറച്ച നോട്ടങ്ങള്‍. നാവിലുണ്ട് വാല്‍സല്യത്തില്‍ പൊതിഞ്ഞ് വെച്ചുനീട്ടിയ വിഷച്ചോറിന്റെ ചവര്‍പ്പ്.
നല്ല സിനിമയിലേക്ക് കൈപിടിച്ച് വഴി നടത്തിച്ച ആദ്യചിത്രമായിരുന്നു അത്. ജീവിതം മുന്നില്‍ കാണിച്ചു തന്ന് അനുഭവിപ്പിക്കാന്‍ കഴിയുന്ന മൂന്നാംകണ്ണിന്റെ കലയാണ് സിനിമ എന്ന് അന്ന് ബോധ്യമായി. അടൂരിനെയും അരവിന്ദനെയും സത്യജിത്റേയെയും കുറസോവയെയും പരിചയപ്പെടാന്‍ പിന്നെയും കുറേക്കാലം കഴിഞ്ഞു. എന്നാല്‍ ചലച്ചിത്രസാക്ഷരതയുടെ ആദ്യാക്ഷരം കുറിക്കുന്ന കാലത്ത് 'തനിയാവര്‍ത്തനം' കണ്ടില്ലായിരുന്നെങ്കില്‍ എനിക്ക് ഇവരെയൊന്നും വേണ്ടവിധം മനസ്സിലാവുമായിരുന്നില്ല. പിന്നീട് 'പഥേര്‍ പാഞ്ചാലി' കണ്ടപ്പോള്‍ സത്യജിത്ത് റേ ഒരു അപരിചിതനാണെന്ന് തോന്നിയില്ല. ചായം തേക്കാത്ത ജീവിതമുഖങ്ങള്‍ കണ്ടു പരിചയിക്കാനുള്ള ദൃശ്യശിക്ഷണം അപ്പോഴേക്കും കിട്ടിക്കഴിഞ്ഞിരുന്നു.
ഉറഞ്ഞു തുള്ളുന്ന മുടിയേറ്റുകാളിയുടെ മുന്നില്‍ അടുത്ത തലമുറയുടെ ഇരയായി പകച്ചുനില്‍ക്കുന്ന കുട്ടിയുടെ ഫ്രെയിമില്‍ അന്ധവിശ്വാസം എന്ന ഭ്രാന്തിന്റെ തനിയാവര്‍ത്തനം തെളിയുന്നിടത്ത് ആ ചിത്രം അവസാനിച്ചപ്പോള്‍ മനസ്സില്‍ കുറിച്ചിട്ട പേരുകളാണ് സിബിയുടെയും ലോഹിതദാസിന്റെയും. അതിഭാവുകത്വം കലരാത്ത ഗാര്‍ഹിക വ്യവഹാരങ്ങളുടെ യഥാതഥമായ ചിത്രണത്തിലൂടെ കേരളത്തിലെ കുടുംബജീവിതത്തിന്റെ വൈകാരികലോകം വരച്ചിട്ടുകൊണ്ട് അവര്‍ പിന്നെയും നല്ല സിനിമകള്‍ തന്നു. കച്ചവട സിനിമയുടെ കെട്ടുകാഴ്ചകള്‍ക്കൊപ്പം വഴിനടക്കുമ്പോഴും ജനപ്രിയ സിനിമകളെപ്പറ്റിയുള്ള മുന്‍ധാരണകളില്‍നിന്ന് അവര്‍ ഒട്ടനവധി കളകള്‍ പറിച്ചെറിഞ്ഞു.
വ്യക്തിയും സമൂഹവും തമ്മിലുള്ള നിരന്തരമായ സംഘര്‍ഷത്തിന്റെ കഥ പറഞ്ഞ 'കിരീടം', മൂന്നു സ്ത്രീകളുടെ സഹനങ്ങളിലൂടെ കടന്നുപോവുന്ന 'എഴുതാപ്പുറങ്ങള്‍', ഗര്‍ഭപാത്രം വാടകക്ക് കൊടുക്കാനുണ്ടോ എന്നു ചോദിച്ച് ക്ലാസിഫൈഡ് കോളങ്ങളില്‍ പരസ്യം വരുന്ന ഇക്കാലത്ത് മാത്രം നമുക്ക് മനസ്സിലാവുന്ന, കാലം തെറ്റി മുമ്പേ പിറന്ന 'ദശരഥം', തടവറയുടെ ഇരുള്‍മുറിയില്‍ ഒരു ജീവിതത്തിന്റെ മുഴുവന്‍ അര്‍ഥവും നിശãബ്ദതകൊണ്ടും അറുത്തു മുറിച്ച വാക്കുകള്‍ കൊണ്ടും ധ്വനിപ്പിക്കുന്ന 'സദയം' എന്നിവ അതിനാടകീയതയിലേക്ക് വഴുതിവീഴാത്ത വൈകാരികതയുടെ വിവേകപൂര്‍ണമായ ആവിഷ്കാരത്തിലൂടെ നമ്മെ അനുഭവിപ്പിച്ച ചിത്രങ്ങളായിരുന്നു. സഹനങ്ങളും ദുരന്തങ്ങളും നിറഞ്ഞ ജീവിതത്തെ വാക്കുകളിലേക്ക് പകര്‍ത്താന്‍ അസാമാന്യമായ കഴിവുള്ള ലോഹിതദാസിന്റെയും എം.ടിയുടെയും തിരക്കഥകള്‍ സിബി മലയിലിനെ ഏറെ സഹായിച്ചിട്ടുണ്ട്. അവര്‍ അക്ഷരങ്ങളില്‍ തീര്‍ത്ത വൈകാരികലോകം ശില്‍പഭദ്രതയുള്ള ഒരു ക്രാഫ്റ്റ്സ്മാന്റെ കൈയൊതുക്കത്തോടെ അദ്ദേഹം അഭ്രപാളിയിലേക്കു പകര്‍ത്തി. മൂന്നാംകിട മെലോഡ്രാമകളായി അവ നശിച്ചുപോവാതിരിക്കാന്‍ സിബിയുടെ വിവേകങ്ങള്‍ സഹായിച്ചു.
ആ സിബി ഇപ്പോള്‍ സിനിമയില്‍ കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കിയിരിക്കുന്നു. നാല്‍പതോളം സിനിമകള്‍. 1985ല്‍ 'മുത്താരംകുന്ന് പി.ഒ'യിലൂടെ അരങ്ങേറ്റം. പില്‍ക്കാലത്ത് നല്ല ചിത്രമെടുക്കാന്‍ സാധ്യതയുള്ള ആളാണ് എന്ന ഒരു സൂചനയും തന്നില്ല ആദ്യചിത്രം. എന്നാല്‍ തുടര്‍ന്ന് ലോഹിതദാസിന്റെയും എം.ടിയുടെയും തിരക്കഥകള്‍ കിട്ടിയപ്പോള്‍ ഭാഗ്യജാതകം തെളിഞ്ഞു. ലോഹി സംവിധായകനായപ്പോള്‍ മറ്റുള്ള എഴുത്തുകാരെ വെച്ച് എടുത്ത സിനിമകളൊന്നും സിബി സ്പര്‍ശമില്ലാത്ത, ഉള്ളുപൊള്ളയായ കെട്ടുകാഴ്ചകളായി. 'ഉസ്താദ്' പോലെയുള്ള അതിക്രമങ്ങളും നാം കാണേണ്ടിവന്നു. (ഷാജികൈലാസിന്റെ പരകായപ്രവേശമായിരുന്നു അതെന്ന് ഉപശാലാസംസാരം). ഫ്ലാഷ്, ആലീസ് ഇന്‍ വണ്ടര്‍ലാന്റ്, അമൃതം, ജലോല്‍സവം എന്നിവ സിബിചിത്രങ്ങള്‍ തന്നെയോ എന്ന് നാം സംശയിച്ചു. ജീവിതമറിയുന്ന എഴുത്തുകാരന്റെ അഭാവത്തില്‍ കഴിവുകള്‍ പാഴായി പോവുന്ന ഹതാശനായ സംവിധായകപ്രതിഭയെ നോക്കി മലയാളിപ്രേക്ഷകന്‍ സഹതപിച്ചു.
ഒടുവില്‍ കരിയറിന്റെ 25ാംവര്‍ഷത്തില്‍ സിബി ഒരു സിനിമയുമായി വന്നിരിക്കുന്നു. താരങ്ങളില്ലാത്ത 'അപൂര്‍വരാഗം'. മുതിര്‍ന്ന സംവിധായകരും സൂപ്പര്‍താരങ്ങളും ചേര്‍ന്ന് മലയാള സിനിമയുടെ ശവപ്പെട്ടിക്ക് ആണി ആഞ്ഞടിക്കുമ്പോഴാണ് സ്വാഗതാര്‍ഹമായ ഒരു സംരംഭവുമായി സിബി വരുന്നത്. മുഖ്യധാരാ സിനിമയുടെ നാണംകെട്ട അപചയത്തില്‍ 'മലര്‍വാടി ആര്‍ട്സ് ക്ലബ്' പോലെ പ്രസക്തമായ ഒരു ചിത്രമാണ് 'അപൂര്‍വരാഗം'. മലയാളത്തിലെ മുഖ്യധാരാ സിനിമയുടെ ചില പതിവുകളെ രസകരമായി അട്ടിമറിക്കുന്നുണ്ട് ഈ ചിത്രം. ബോളിവുഡിലെ മള്‍ട്ടിപ്ലക്സ് പരീക്ഷണചിത്രങ്ങളെ പോലെ പ്രമേയത്തിലും അവതരണത്തിലും നൂറ്റൊന്നാവര്‍ത്തിച്ച ക്ലീഷേകളെ കുടഞ്ഞുകളയാനുള്ള ബോധപൂര്‍വമായ ശ്രമമുണ്ട് ഇതില്‍. വസന്തബാലനും ശശികുമാറും സമുദ്രക്കനിയും മറ്റും തമിഴിലും വിശാല്‍ ഭരദ്വാജ്, അനുരാഗ് കശ്യപ് തുടങ്ങിയവര്‍ ബോളിവുഡിലും ചെറുപ്പക്കാരായ താരങ്ങളെ വെച്ച് വിസ്മയദൃശ്യങ്ങള്‍ തീര്‍ക്കുമ്പോള്‍ 'പോക്കിരിരാജ'യും 'ചട്ടമ്പിനാടും' കളിക്കുന്ന തിയറ്ററുകള്‍ ലജ്ജിച്ച് ലജ്ജിച്ച് പൂട്ടിപ്പോയ സമകാലിക കേരളീയ സാഹചര്യത്തില്‍ ഇത്തരമൊരു സിനിമ പ്രേക്ഷകര്‍ കൈയടിച്ചു പ്രോല്‍സാഹിപ്പിക്കുന്നത് പ്രത്യാശ പകരുന്ന കാഴ്ച തന്നെയാണ്.
സിബിയെ പോലുള്ള സംവിധായകരെല്ലാം താരങ്ങളെ കേന്ദ്രീകരിച്ച് സിനിമ നിര്‍മിക്കുന്ന കാലത്ത് പ്രമേയത്തിന്റെ ബലത്തില്‍ ഇങ്ങനെയൊരു പരീക്ഷണം നടത്താന്‍ അദ്ദേഹം മുതിര്‍ന്നത് എന്തുകൊണ്ടും നന്നായി. താരങ്ങളുടെ പ്രതിച്ഛായകള്‍ക്കനുസരിച്ച് തുന്നിച്ചെടുക്കുന്ന റെഡിമെയ്ഡ് കഥാപാത്രങ്ങളെയാണ് നാം ഇപ്പോള്‍ പൊതുവെ കണ്ടുപോരുന്നത്. കൂടെ നില്‍ക്കുന്നവര്‍ക്കു വേണ്ടി എന്തും ചെയ്യുന്ന ത്യാഗരാജന്മാരായ കഥാപാത്രങ്ങള്‍, വായുവില്‍ നാലും അഞ്ചുംപേരെ പുഴക്കിയെറിയുന്നവര്‍, നാല്‍പതുകള്‍ കടന്നിട്ടും നായികക്കു ചുറ്റും ചില്ലറ വേലകളുമായി നടക്കുന്നവര്‍(പാപ്പീ അപ്പച്ചാ എന്നു വിളിച്ച് കരഞ്ഞുപോവും പല വേലകളും കണ്ടാല്‍) വേറിട്ട ഒരു ചിന്ത, വേറിട്ട ഒരു കാഴ്ച അവിടെ അസാധ്യമാവുന്നു. ഒരു നല്ല ചിത്രം ആസ്വദിക്കാനുള്ള മലയാളിപ്രേക്ഷകന്റെ സംവേദനക്ഷമതയെ നോക്കി കൊഞ്ഞനംകുത്തിക്കൊണ്ടാണ് ഇവിടെ മുഖ്യധാരാ സിനിമകള്‍ പിറവിയെടുക്കുന്നത്. അതിനിടയില്‍ ഒരാശ്വാസമായി 'അപൂര്‍വരാഗം'. കുറ്റങ്ങളും കുറവുകളുമില്ലാത്ത സിനിമയാണ് ഇതെന്നല്ല ഇപ്പറഞ്ഞതിന് അര്‍ഥം. ഒരു ദോഷൈകദൃക്കിന്റെ കണ്ണുകള്‍ ഈ സിനിമ കാണുമ്പോള്‍ ഞാന്‍ അടച്ചുവെക്കുന്നത് ഇത്തരം പല കാരണങ്ങളാലാണ്. അപ്രതീക്ഷിതമായ ചില വളവുകളും തിരിവുകളുമുള്ള കഥ 'എഡ്ജ് ഓഫ് ദ സീറ്റ് സസ്പെന്‍സ് ' നിലനിര്‍ത്തി പറഞ്ഞുപോവുന്നുണ്ട്. അകാലത്തില്‍ ജീവിതം വിട്ടിറങ്ങിപ്പോയ സന്തോഷ് ജോഗി തന്റെ വേഷം പതിവുപോലെ ഭംഗിയാക്കി. എന്നാല്‍ നിത്യാമേനോന്റേതായി നാം കേള്‍ക്കുന്ന ശബ്ദം ആ കഥാപാത്രത്തിന്റെ വ്യക്തിത്വ പ്രകാശനത്തിന് ഉതകുന്നില്ല. 'ഭ്രമര'ത്തിനും 'ആഗതനും' ശേഷം അജയന്‍ വിന്‍സെന്റിന്റെ ക്യാമറ അദ്ഭുതങ്ങളൊന്നും കാട്ടിത്തരുന്നില്ല. മാരകമായ കളികളിലൂടെ സ്വപ്നസ്വര്‍ഗങ്ങള്‍ എത്തിപ്പിടിക്കാന്‍ വെമ്പുന്ന യുവത്വത്തിന്റെ അപകടങ്ങള്‍ നിറഞ്ഞ ഇരുണ്ട ലോകത്തെ അനുഭവിപ്പിക്കാന്‍ ലൈറ്റിംഗ് പാറ്റേണിലും മറ്റും ചില പരീക്ഷണങ്ങള്‍ ആവാമായിരുന്നു എന്നു തോന്നി.
പൊതുവെ വൈകാരികതക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ഇമോഷണല്‍ ഡ്രാമകള്‍ ആണല്ലോ സിബിചിത്രങ്ങള്‍. തന്റെ പതിവുകളില്‍ നിന്നും വിട്ടുമാറി ഒരു സ്വയം അഴിച്ചുപണിക്ക് അദ്ദേഹം മുതിരുന്നു എന്നതും ഇവിടെ ശ്രദ്ധേയമാണ്. 'അപൂര്‍വരാഗ'ത്തില്‍ മനസ്സിന്റെ വിലോലതലങ്ങളെ സ്പര്‍ശിക്കുന്ന വൈകാരികതക്ക് അല്ല പ്രാമുഖ്യം. ഭ്രാന്തമായ സ്വപ്നങ്ങളുമായി ഉപരിപ്ലവമായി ജീവിതത്തെ കാണുന്ന യുവജനതയുടെ ആത്മനശീകരണപ്രവണതകളിലാണ്. സത്യന്‍ അന്തിക്കാട് ഒക്കെ ഇപ്പോഴും പഴയ പച്ചക്കറിക്കടയില്‍ തന്നെ ഇരിക്കുമ്പോഴാണ് സിബിയുടെ ഈ ചുവടുമാറ്റം എന്നോര്‍ക്കുക. തികച്ചും സാത്വികം എന്നു വിശേഷിപ്പിക്കാവുന്ന സിനിമകള്‍ സംവിധാനം ചെയ്ത സിബി താരങ്ങളുടെ തെരഞ്ഞെടുപ്പിലും പ്രമേയസ്വീകരണത്തിലും പാലിച്ച ഈ പുതുമ മുതിര്‍ന്ന മറ്റുള്ള സംവിധായകരെ ഒരു ആത്മപരിശോധനക്കു പ്രേരിപ്പിക്കുമെങ്കില്‍ അത്രയും നല്ലത്. പുതിയവര്‍ കടന്നുവരാതിരിക്കാന്‍ തലമുതിര്‍ന്ന സിനിമക്കാര്‍ വാതില്‍ അകത്തുനിന്ന് തള്ളിപ്പിടിച്ചിരിക്കുന്ന ഈ കാലത്ത് മുഖ്യധാരാ സിനിമയുടെ ജാതകം മാറ്റിയെഴുതാന്‍ 'അപൂര്‍വരാഗ'വും 'മലര്‍വാടി'യും അവ പരിചയപ്പെടുത്തിയ താരങ്ങളും ഉതകുമെങ്കില്‍ കാലത്തിന്റെ അനിവാര്യമായ നിയോഗം പോലെ നല്ല സിനിമയുടെ യുഗം കറങ്ങിത്തിരിഞ്ഞുവരാനിടയുണ്ട് എന്ന് നമുക്ക് ഉറപ്പിക്കാം.

Sunday, July 18, 2010

മലയാള സിനിമയില്‍ പുതിയ ആര്‍ട്സ് ക്ലബ്?

ചരിത്രത്തിന്റെ ചലിക്കുന്ന ചിത്രമാണ് ചലച്ചിത്രം എന്നു പറയാമോ? ഒരു സവിശേഷ കാലഘട്ടത്തില്‍ മലയാളി എങ്ങനെ ജീവിച്ചിരുന്നുവെന്നതിന്റെ ചരിത്രരേഖയായി പില്‍ക്കാലത്ത് സിനിമയെ വായിച്ചെടുക്കാമോ? സി.വി. രാമന്‍പിള്ളയുടെ കൃതികള്‍ വായിക്കുമ്പോള്‍ ഒരു നൂറ്റാണ്ടു മുമ്പുള്ള കേരളത്തെ വായിച്ചെടുക്കാവുന്നതുപോലെ, ഉറൂബിന്റെ 'സുന്ദരികളും സുന്ദരന്മാരും' വായിക്കുമ്പോള്‍ മുപ്പതുകള്‍ മുതല്‍ അറുപതുകള്‍ വരെയുള്ള ഏറനാടന്‍, വള്ളുവനാടന്‍ മലയാളിയുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നതുപോലെ അതതു കാലത്തിന്റെ കണ്ണീരും വിയര്‍പ്പും ചോരയും പതിഞ്ഞു നില്‍പ്പുണ്ടാവുമോ സെല്ലുലോയ്ഡില്‍? അങ്ങനെയാണെങ്കില്‍ കഴിഞ്ഞ പത്തുകൊല്ലത്തെ കേരളീയ യുവത്വത്തിന്റെ വേദനകളും വിചാരങ്ങളും എങ്ങനെയാവും പില്‍ക്കാലത്ത് വായിച്ചെടുക്കുക? ഈ കാലയളവില്‍ കേരളത്തില്‍ യുവത്വം ഇല്ലായിരുന്നു എന്നു വിധിക്കുമോ ചരിത്രകാരന്മാര്‍? അതിനാണ് സാധ്യത കൂടുതല്‍.
ഏതാണ്ട് ഈ കാലത്താണ് മലയാളി യുവാക്കള്‍ കൂട്ടത്തോടെ ഹൈടെക് നഗരങ്ങളിലേക്ക് ചേക്കേറിയത്. അവിടെ അവര്‍ ഒരു പുതിയ ജീവിതത്തെ നേരിട്ടു. ചെന്നുപെട്ട ലോകത്തിന്റെ വിസ്തൃതിയില്‍ വിസ്മയിച്ചു. കടുത്ത മാനസികസമ്മര്‍ദങ്ങളുള്ള ബി.പി.ഒ ജോലികള്‍ക്കിടയില്‍ അവര്‍ ജീവിതം അതിന്റെ വിചിത്രമായ അര്‍ഥങ്ങളില്‍ ആഘോഷിച്ചു. നാട്ടില്‍ തന്നെ നിന്നവര്‍ കൂടുതല്‍ കൂടുതല്‍ കരിയറിസ്റ്റുകളായി. പുരോഗമനപ്രസ്ഥാനങ്ങളുടെ അണികളാവേണ്ടിയിരുന്ന ഒരു ബഹുഭൂരിപക്ഷം, ലോകത്തെ പുറത്താക്കി വാതിലടച്ച് വീട്ടിലോ ഓഫീസിലോ ഇരുന്ന് ഞാനും കെട്ട്യോളും കുട്ട്യേളും എന്ന് പരാധീനത പറഞ്ഞു. ഒരു വിഭാഗം ചെറുപ്പക്കാരെ വിധ്വംസകര്‍ വലവീശിപ്പിടിച്ചു. അവര്‍ വെറുതെ കിട്ടിയ ബൈക്കിനും പോക്കറ്റ്മണിക്കും വേണ്ടി നാടൊട്ടുക്ക് ബോംബ് നിര്‍മിച്ചും അന്യന്റെ കൈയും തലയും വെട്ടിയും മസ്തിഷ്ക പ്രക്ഷാളനം ചെയ്യപ്പെട്ട ന്യൂനപക്ഷ യുവതയുടെ പ്രതിനിധികളായി. ഇങ്ങനെ പല വിഭാഗങ്ങളില്‍ പെട്ട കേരളീയ യുവാക്കളുടെ കണ്ണീരും പുഞ്ചിരിയും പ്രണയവും കാമവും പകയും പ്രതികാരവും പ്രതിഫലിക്കാതെ കണ്ണടച്ചിരിക്കുകയായിരുന്നു നമ്മുടെ സെല്ലുലോയ്ഡ്.
ഈ തലമുറയുടെ വികാരപ്രപഞ്ചത്തിലേക്ക് മലയാള സിനിമ ഒരു വാതിലും തുറന്നിട്ടില്ല. പകരം നാല്‍പതുകളും അമ്പതുകളും പിന്നിട്ട താരങ്ങളുടെ പലവിധത്തിലുള്ള പ്രകടനങ്ങള്‍ അവിടെ നിറഞ്ഞു. യുവാക്കളായ സര്‍ഗാത്മക, സാങ്കേതിക പ്രവര്‍ത്തകര്‍ക്കു മുന്നില്‍ മലയാള സിനിമ എല്ലാ വാതിലുകളും കൊട്ടിയടച്ചു. സിനിമയിലേക്കു പ്രവേശിക്കാന്‍ സംഘടനകള്‍ ചെറുപ്പക്കാരില്‍നിന്ന് ലക്ഷങ്ങളുടെ ഹഫ്ത പിരിച്ചു. അങ്ങനെ ഒരു തലമുറയുടെ വൈകാരിക ചരിത്രം മലയാളത്തിന്റെ അഭ്രശരീരത്തില്‍ അടയാളപ്പെടാതെ കിടന്നു. ചരിത്രപരമായ ആ പാപത്തില്‍നിന്ന് ഒളിച്ചോടാന്‍ കഴിയില്ല, ഇന്നും ഉടയാതെ എഴുന്നുനില്‍ക്കുന്ന നമ്മുടെ വിഗ്രഹങ്ങള്‍ക്കൊന്നും.
ഇവിടത്തെ പ്രേക്ഷകര്‍ ആ സമയത്ത് തമിഴ് സിനിമയിലെ യുവത്വത്തിന്റെ പ്രകടനങ്ങള്‍ക്കായി കണ്‍പാര്‍ത്തുനിന്നു. അയല്‍പക്കത്തെ യുവപരീക്ഷണങ്ങള്‍ ഇവിടെ നാം കൈയടിച്ച് വിജയിപ്പിച്ചു. പ്രണയമോ യൌവനത്തിന്റെ ഊര്‍ജസ്വലതയുള്ള മറ്റു വികാരങ്ങളോ മിന്നിമറിയുന്ന മുഖങ്ങള്‍ക്കായി കാത്തിരിക്കുകയായിരുന്നു നാം. അതുകൊണ്ടായിരിക്കണം ഒരു മലയാളിപ്പയ്യന്‍ ഒരു പെണ്‍കുട്ടിയുടെ മുഖം കണ്ട് പ്രണയാതുരനായി ചിരിക്കുന്നത് കണ്ട് കോഴിക്കോട് അപ്സര തിയറ്ററിലെ ആയിരത്തോളം വരുന്ന പ്രേക്ഷകരില്‍നിന്ന് ഒരാരവമുയര്‍ന്നത്. ചിരി വിരിയുന്ന അവളുടെ കവിളിന്റെ ക്ലോസപ് ദൃശ്യവും അവന്റെ നോട്ടവും ആ പ്രേക്ഷകര്‍ ആസ്വദിച്ചുവെന്ന് വ്യക്തം.
പ്രമേയത്തിലോ ദൃശ്യപരിചരണത്തിലോ പുതുമയൊന്നുമില്ലെങ്കിലും 'മലര്‍വാടി ആര്‍ട്സ് ക്ലബ്'മലയാള മുഖ്യധാരാ സിനിമയുടെ അഭിശപ്തമായ വര്‍ത്തമാനത്തില്‍ സവിശേഷമായ പ്രാധാന്യമുള്ള ചിത്രമാണ്. അമ്പതുകള്‍ കടന്ന അണിയറശില്‍പികളും താരങ്ങളും സാങ്കേതികപ്രവര്‍ത്തകരും ചേര്‍ന്ന് നിര്‍മിച്ച കാമ്പസ് സിനിമകള്‍ പോലും അവരറിയാത്ത ഒരനുഭവലോകത്തിന്റെ അപരിചിതമായ ആവിഷ്കാരങ്ങളായിരുന്നു. ആ പരിമിതി അത്തരം സിനിമകള്‍ക്ക് ഉണ്ടായിരുന്നു. പുതുമുഖങ്ങളായ താരങ്ങളെ വെച്ച് ഒരു കഥ പറഞ്ഞ് ചിത്രം വിജയിപ്പിക്കാമെന്ന് വിനീത് ശ്രീനിവാസന്‍ തെളിയിച്ചിരിക്കുന്നു. ഇത് ഒരു ശുഭസൂചനയാണ്. ഒരു പക്ഷേ വരാനിരിക്കുന്ന പരിവര്‍ത്തനങ്ങളുടെ തുടക്കമായിരിക്കും മലര്‍വാടി. പുതിയവര്‍ വരുന്നില്ല, ഇവിടെ ഞങ്ങളേയുള്ളൂ എന്നാണ് നമ്മുടെ സിനിമക്കാര്‍ പറഞ്ഞുകൊണ്ടിരുന്നത്. സൂപ്പര്‍താരങ്ങള്‍ പൊയ്ക്കാലുകളില്‍ കെട്ടിപ്പൊക്കിയ ഗോപുരാകാരങ്ങള്‍ക്ക് ചെറിയ ഇളക്കം തട്ടിക്കാന്‍ ഇതുപോലുള്ള ചെറുസംരംഭങ്ങള്‍ക്കു കഴിഞ്ഞാല്‍ മലയാള സിനിമയുടെ ഗതി മാറും. മുതിര്‍ന്ന നടന്‍ മധു ഇന്നലത്തെ മാതൃഭൂമിയില്‍ പറഞ്ഞതുപോലെ ഇതിനെയൊരു ചക്രമായി കാണുക. അത് കറങ്ങിത്തിരിഞ്ഞു വരും. അതുവരെ കാത്തിരിക്കുക. നല്ല സിനിമയുടെ മലയാളക്കാലം മടങ്ങിവരുക തന്നെ ചെയ്യും. പുനലൂര്‍ ബാലന്‍ പാടിയതുപോലെ ''എല്ലാം നശിച്ചുപോയിട്ടില്ല, പോകില്ല, വീണ്ടുമുല്‍ഫുല്ലമാം....''
തമിഴിലെ ചില ആണ്‍കൂട്ട് സിനിമകളുടെ നിഴല്‍ വീണുകിടപ്പുണ്ട് ചിത്രത്തിന്റെ പല ഫ്രെയിമുകളിലും. പ്രത്യേകിച്ചും സുബ്രഹ്മണ്യപുരം, ബോയ്സ് തുടങ്ങിയ ചിത്രങ്ങള്‍ നമുക്ക് ഓര്‍മ വരും. എങ്കിലും വടക്കേ മലബാറിലെ ചെറുപ്പക്കാരുടെ സൌഹൃദത്തിന്റെ ഊഷ്മളതയും ഇഴയടുപ്പവും സ്വാഭാവികത ചോരാതെ പകര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. മലയാള സിനിമക്ക് ഇതുവരെ പരിചയമില്ലാതിരുന്ന മുഖങ്ങളാണ് ഈ ചിത്രത്തില്‍. അഹ്മദ് ജലാലുദ്ദീന്‍, ജോണ്‍ ഡ്യുക്മാന്‍, രമേഷ് കൃഷ്ണന്‍ തുടങ്ങിയ പുതുതാരങ്ങള്‍ തുടക്കക്കാരുടെ പതര്‍ച്ചകളില്ലാത്ത പ്രകടനം കാഴ്ചവെക്കുന്നു. പുതിയ ഒരു ആര്‍ട്സ് ക്ലബിന്റെയും കൂട്ടായ്മയുടെയും തുടക്കമാവട്ടെ ഈ ചിത്രം.
ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ നിന്ന് നല്ല ഒരു പ്രമേയം വളര്‍ത്തിയെടുക്കാമായിരുന്നു. വടക്കന്‍ കേരളത്തിലെ ഒരു ഗ്രാമത്തിലെ അഞ്ചു ചെറുപ്പക്കാരെ കേന്ദ്രീകരിച്ചുള്ളതാണ് കഥ. പഠനം കഴിഞ്ഞ് ജോലി നോക്കേണ്ട പ്രായത്തില്‍ അവര്‍ ഇടത്താവളമായി കാണുന്നത് തങ്ങളുടെ ചില്‍ഡ്രന്‍സ് ക്ലബ് ആയ മലര്‍വാടിയാണ്. ക്ലബിന്റെ ഇന്നത്തെ സ്ഥിതി പരിതാപകരമാണ്. പുതുതലമുറയില്‍പെട്ട കുട്ടികള്‍ കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം കാണിക്കുന്നില്ല. അവരെ ഒരു രാഷ്ട്രീയകക്ഷി വാടകക്കെടുത്ത് തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണ്. ചെഗുവേരയുടെയും സ്റ്റാലിന്റെയും ചിത്രം പതിച്ച ഓഫീസ് സി.പി.എമ്മിന്റേതു തന്നെയായിരിക്കും. പാര്‍ട്ടിക്കുവേണ്ടി സ്കൂള്‍ അടപ്പിക്കാനും സ്കൂട്ടര്‍ കത്തിക്കാനും ഹര്‍ത്താല്‍ വിജയിപ്പിക്കാനും പോകുന്നുണ്ട് അവര്‍. (അതുകൊണ്ടുതന്നെ വലിയ ചിന്താശേഷിയോ രാഷ്ട്രീയബോധമോ ഒന്നുമുള്ളവരല്ല അവരെന്ന് പ്രേക്ഷകന് നിശ്ചയമായും അനുമാനിക്കാം. )''അരിയും പച്ചക്കറീം തമിഴ്നാട്ടില്‍ നിന്നു കൊണ്ടുവരുന്നതുപോലെ പാര്‍ട്ടിക്ക് അണികളെയും അവിടെ നിന്നു തന്നെ കൊണ്ടുവരേണ്ടി വരുമോ'' എന്ന് ആശങ്കപ്പെടുന്നുണ്ട് ആ പാര്‍ട്ടിയുടെ പ്രാദേശിക നേതാവ്. അതില്‍ ഒരു ശ്രീനിവാസന്‍ ടച്ച് ഉണ്ട്. ഒരിടത്ത് നോക്കുകൂലി ചോദിക്കാനെത്തുന്ന ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരെ കാണിക്കുന്നുണ്ട്. അവരുമായുള്ള വാഗ്വാദത്തിനിടെ അവരെ നിയന്ത്രിക്കുന്ന ഹൈക്കമാന്‍ഡിനെപ്പറ്റി നാം കേള്‍ക്കുന്നു. നോക്കുകൂലി വാങ്ങരുതെന്ന് ഹൈക്കമാന്‍ഡ് പറഞ്ഞിട്ടുണ്ടല്ലോ എന്ന്. സൂചിപ്പിക്കുന്നത് സി.ഐ.ടി.യുവിനെ ആണെങ്കില്‍ എന്തുകൊണ്ട് ഹൈക്കമാന്‍ഡ്? ഒരു പക്ഷേ ബാലന്‍സിംഗ് ആയിരിക്കും. കാഴ്ചയിലെ കല്ലുകടികള്‍ അങ്ങനെ പലതുണ്ടെങ്കിലും ഇത്തരമൊരു സംരംഭം മലയാള സിനിമയില്‍ നവ്യമായ ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുന്നുവെങ്കില്‍ അത്രയും നന്ന്.
കണ്ട സിനിമകളുടെ ഛായയില്ലാത്ത പ്രമേയങ്ങളും പുതിയ ദൃശ്യപരിചരണരീതിയും ഫലപ്രദമായി വിനിയോഗിച്ചാല്‍ വിനീത് മലയാളത്തിലെ പുതുതലമുറ ചലച്ചിത്രകാരന്മാരില്‍ ഒരാളായി മാറുമെന്ന സൂചന ഈ ചിത്രത്തിലുണ്ട്. at the age of 25, I've got my vein and blood full of cinema എന്ന് സ്വന്തം ബ്ലോഗില്‍ (http://vineethsreenivasan.wordpress.com/ )വിനീത് പ്രഖ്യാപിക്കുന്നുണ്ട്. യുവത്വത്തിന്റെ തുടിപ്പുകളില്ലാതെ ജരാനരകള്‍ ബാധിച്ച് മൃതപ്രായമായി കഴിയുന്ന മലയാള സിനിമക്ക് ഈ 25കാരന്റെ വരവ് എന്താണ് നല്‍കുക എന്ന് കാത്തിരുന്നു തന്നെ കാണാം. ബ്ലോഗും ഫേസ്ബുക്കും ഉപയോഗിക്കുന്ന, പ്രേക്ഷകരുമായി സംവദിക്കാന്‍ സൈബര്‍സ്പേസിനെ കൂടി ഉപയോഗപ്പെടുത്തുന്ന നവതലമുറചലച്ചിത്രകാരന്മാര്‍ മലയാളത്തില്‍ ഇല്ലെങ്കിലും ബോളിവുഡില്‍ ഇഷ്ടം പോലെ ഉണ്ട്. (http://passionforcinema.com/) ഡയറിപോലെ വേഡ്പ്രസ് ബ്ലോഗ് എഴുതി എല്ലാ കമന്റ്സിനും മറുപടി പറഞ്ഞ് സൈബര്‍സ്പേസില്‍ സജീവസാന്നിധ്യമാണ് വിനീത്. സ്വന്തം രക്തത്തിലും സിരയിലും നിറയെ സിനിമയുള്ള കേരളീയയൌവനത്തിന്റെ ഒറ്റപ്പെട്ട ഒരു ഉദാഹരണമാവരുത് വിനീത് എന്നാണ് വിനീതനായ ഈ പ്രേക്ഷകന്റെ ആഗ്രഹം.

Friday, July 9, 2010

ദിസ് ടൈം ഫോര്‍ ജാഫര്‍ക്ക

ഷക്കീരയുടെ വക്കാ വക്കായുടെ മലപ്പുറം പാരഡി ഇ-മെയിലായി കിട്ടിയത് കഴിഞ്ഞ ആഴ്ചയാണ്. ആമിനാമിനാ ബെക്കം ബെക്കം വാ വാ എന്ന വിളി കേട്ട് ദിസ് ടൈം ഫോര്‍ ജാഫര്‍ക്കാ എന്ന് പ്രഖ്യാപിക്കുകയാണ് ആമിന. ആഫ്രിക്ക എന്ന പദത്തിന്റെ ശബ്ദത്തിനു സമാനമായ പേരു കണ്ടെത്തിയ പാരഡിക്കാരന്റെ രസികത്വത്തില്‍ നമുക്ക് അല്‍പനേരം ചിരിച്ചു മറിയാം. പക്ഷേ ഫുട്ബാള്‍ ലഹരി നെഞ്ചില്‍ നിറയുന്ന ലോകകപ്പ് കാലത്ത് ജാഫര്‍ എന്ന പേരു കേള്‍ക്കുമ്പോള്‍ ചിരിയല്ല വരുന്നത്. സിരകളിലൂടെ സോക്കര്‍ കുതറിനീങ്ങുന്ന കളിരാവുകളില്‍ ശരീരത്തിലെ ഇന്ദ്രിയങ്ങളെല്ലാം പ്രകൃതിയിലേക്ക് തുറന്നിട്ട് കിടിലം കൊള്ളിക്കുന്ന ആരവം മുഴക്കാന്‍ സ്വാതന്ത്ര്യമുള്ള മലയാളിക്ക്, ജാഫറിന്റെ വേദന അതിന്റെ തീവ്രതയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നില്ല. ഫുട്ബാള്‍ ആയാലും സിനിമയായാലും അവ നാം ശ്വസിക്കുന്നത് തുറന്നിട്ട ഒരു ലോകത്തിന്റെ വിശാലമായ ആകാശത്തിനു ചുവട്ടില്‍ ഇരുന്നുകൊണ്ടാണ്. അതുകൊണ്ടാണ് പറഞ്ഞത്, മനസ്സിലാവില്ല നമുക്ക് ജാഫര്‍ പനാഹിയുടെ വിഹ്വലതകള്‍. അടഞ്ഞ സമൂഹത്തിന്റെ കട്ടിയിരുട്ടില്‍ കഴിയുന്നതിനെപ്പറ്റി അയാള്‍ പേര്‍ത്തും പേര്‍ത്തും പറയുന്ന കാര്യങ്ങള്‍ അതിന്റെ ഗൗരവത്തോടെ മനസ്സിലാവില്ല നമുക്ക്.
രണ്ടോ മൂന്നോ കൊല്ലം മുമ്പുള്ള ചലച്ചിത്രമേളയില്‍ തിരുവനന്തപുരം കൃപ തിയറ്ററിന്റെ ബാല്‍ക്കണിയില്‍നിന്ന് 'ഓഫ്‌സൈഡ്'കണ്ടിറങ്ങുമ്പോള്‍ രസികനായ ഒരു ഡെലിഗേറ്റ് അഭിപ്രായം പറഞ്ഞത് ജാഫര്‍ക്കാന്റെ പടങ്ങള്‍ ഇനി വിടാതെ കാണണം എന്നായിരുന്നു. ദ വൈറ്റ് ബലൂണ്‍, ദ മിറര്‍, ദ സര്‍ക്കിള്‍ തുടങ്ങിയ മികച്ച സിനിമകളിലൂടെ ഇറാനിയന്‍ നവതരംഗത്തിന്റെ ശക്തനായ പ്രയോക്താവായ ജാഫര്‍ പനാഹിയെ അയാള്‍ ആദ്യമായി അറിയുകയായിരുന്നിരിക്കണം. മേളയുടെ ഒടുവിലത്തെ ദിനം വീണുകിട്ടിയ സിനിമയായിരുന്നു അത്. ഡോക്യുമെന്ററിയാണോ ഫിക്ഷന്‍ ആണോ എന്ന തീര്‍പ്പില്ലായ്മയായിരുന്നു 'ഓഫ്‌സൈഡ്' കാണുമ്പോള്‍ എല്ലാവരിലും. ഇറാനില്‍ ചിത്രീകരിച്ച ഈ സിനിമക്ക് അവിടെ പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടിരുന്നു. എങ്ങനെയെങ്കിലും ഫുട്ബാള്‍ കാണണമെന്ന് ആഗ്രഹിച്ച മകളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ജാഫര്‍ ഈ സിനിമ നിര്‍മിച്ചിരിക്കുന്നത്. മകള്‍ക്ക് സ്‌റ്റേഡിയത്തില്‍ പ്രവേശനാനുമതി നിഷേധിക്കപ്പെട്ടത് ഇങ്ങനെയൊരു വിഷയം തെരഞ്ഞെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. 1979ലെ ഇസ്‌ലാമിക വിപ്ലവത്തിനുശേഷം പാസാക്കപ്പെട്ട നിയമപ്രകാരം സ്ത്രീകളെ ലൈവ് ഫുട്ബാള്‍ കാണുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്.
2006ലെ ഫിഫ ലോകകപ്പിലേക്കുള്ള ക്വാളിഫയിംഗ് മാച്ച് കളിക്കുകയാണ് ഇറാനും ബഹ്‌റൈനും. സ്ത്രീകളെ തെഹ്‌റാനിലെ സ്‌റ്റേഡിയത്തില്‍ വന്ന് കളി കാണാന്‍ ഇറാന്‍ ഭരണകൂടം അനുവദിക്കുന്നില്ല. ഒരു പെണ്‍കുട്ടി ആണ്‍വേഷം കെട്ടി കളി കാണാന്‍ ഇറങ്ങിത്തിരിക്കുന്നു. ആണുങ്ങളായ ഫുട്ബാള്‍ ആരാധകര്‍ക്കൊപ്പം അവള്‍ ബസില്‍ യാത്ര ചെയ്യുന്നു. അവള്‍ പെണ്ണാണെന്ന് ചിലര്‍ തിരിച്ചറിയുന്നുണ്ടെങ്കിലും അവര്‍ അത് ആരോടും പറയുന്നില്ല. എന്നാല്‍ സ്‌റ്റേഡിയത്തിലെ സുരക്ഷാ സംവിധാനത്തിനടുത്തെത്തിയപ്പോള്‍ അവള്‍ പിടിക്കപ്പെടുന്നു. അറസ്റ്റു ചെയ്യപ്പെട്ട മറ്റ് സ്ത്രീകള്‍ക്കൊപ്പം സൈനികരുടെ കാവലില്‍ ആരവങ്ങളുയരുന്ന സ്‌റ്റേഡിയത്തിനരികെ അടച്ചിട്ട കവാടത്തിനിപ്പുറം നില്‍ക്കേണ്ടി വരുന്നു അവള്‍ക്ക്. സൈനികരില്‍ ചിലര്‍ സ്ത്രീകള്‍ക്ക് കളിയുടെ തല്‍സമയ വിവരണം നല്‍കുന്നുണ്ട്. അതിനിടെ ഒരു പെണ്‍കുട്ടിക്ക് ടോയ്‌ലറ്റില്‍ പോവണം. എന്നാല്‍ സ്‌റ്റേഡിയത്തില്‍ സ്ത്രീകള്‍ക്ക് ടോയ്‌ലറ്റ് സൗകര്യമില്ല. അവര്‍ക്ക് പ്രവേശനമില്ലാത്ത ഇടമാണല്ലോ അത്. (ലിംഗനീതിയെപ്പറ്റി വാതോരാതെ സംസാരിക്കുന്ന കേരളത്തിലെ മൂത്രപ്പുരകളുടെ അവസ്ഥയും മറ്റൊന്നല്ലെന്ന് മിഠായിത്തെരുവിലെ പെണ്‍കൂട്ട് സമരത്തിലൂടെയാണ് നാലുപേരറിഞ്ഞത്. ഇടക്കിടെ മൂത്രമൊഴിക്കാന്‍ പോവാതെ, ചായ കുടിക്കാതെ പണിയെടുക്കുന്ന യന്ത്രങ്ങളായതുകൊണ്ടാണ് ഇവിടെ പെണ്ണുങ്ങള്‍ക്ക് തൊഴില്‍ കൊടുക്കുന്നത്.) ഒരു ഫുട്ബാള്‍ താരത്തിന്റെ പോസ്റ്റര്‍ കൊണ്ട് മുഖം മറച്ച് അവളെ ഒരു സൈനികന്‍ ആണുങ്ങളുടെ മൂത്രപ്പുരയില്‍ എത്തിക്കുന്നു. അവിടെയുള്ളവരെ പുറത്താക്കിയും ആരും കടന്നുവരാതിരിക്കാന്‍ വഴിയടച്ചും അയാള്‍ അവള്‍ക്കു കാവല്‍ നില്‍ക്കുന്നു. മൂത്രപ്പുരയില്‍ നടന്ന ബഹളത്തിനിടെ അവള്‍ സ്‌റ്റേഡിയത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും തന്നെ സഹായിച്ച സൈനികന്‍ പ്രശ്‌നത്തിലാവുമെന്ന് പേടിച്ച് തിരിച്ചുവരുകയാണ്.
കളിയുടെ രണ്ടാം പകുതിയില്‍ സ്ത്രീകളെ ബസില്‍ കയറ്റി വൈസ് സ്‌ക്വാഡ് ആസ്ഥാനത്തേക്കു കൊണ്ടുപോവുന്നതിനിടെ റേഡിയോവില്‍ കമന്ററി കേള്‍ക്കുന്നു. ഇറാന്‍ ബഹ്‌റൈന് എതിരെ ഒരു ഗോളിന് ജയിച്ചുവെന്നറിയുമ്പോള്‍ ബസില്‍ ആഹ്ലാദം തിരയടിച്ചുയരുന്നു. സ്ത്രീകളും സൈനികരും പാട്ടുപാടി ഉല്ലസിക്കുമ്പോള്‍ ആണ്‍വേഷം കെട്ടി നാം ആദ്യം കണ്ട പെണ്‍കുട്ടിയുടെ മുഖത്ത് ഒട്ടും സന്തോഷമില്ല. കാര്യം തിരക്കുമ്പോള്‍ അവള്‍ പറയുന്നു, ഇറാന്‍-ജപ്പാന്‍ മാച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മരിച്ച സുഹൃത്തിന്റെ ഓര്‍മക്കു വേണ്ടിയാണ് താന്‍ ഈ മല്‍സരം കാണാന്‍ ഇറങ്ങിത്തിരിച്ചതെന്ന്.
സ്ത്രീകള്‍ക്ക് തുല്യനീതി നിഷേധിക്കുന്ന രാഷ്ട്രത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണിവിടെ ജാഫര്‍ പനാഹി. അതുകൊണ്ടുതന്നെയാണ് ചിത്രം ഇറാനില്‍ നിരോധിക്കപ്പെട്ടത്. കഥ അവിടം കൊണ്ട് തീരുന്നില്ല. സംവിധായകന്റെ സഹനങ്ങള്‍ അവിടെ തുടങ്ങുകയായിരുന്നു. സത്യം പറയുന്ന ഏതു കലാകാരനോടും ഒരു സമഗ്രാധിപത്യഭരണകൂടം ചെയ്യുന്നതെല്ലാം ഇറാന്‍ ജാഫറിനോട് ചെയ്തു. തിയോക്രസിയില്‍ ഫാഷിസത്തിന് ഒരു മുറിയുണ്ട് എന്ന് ആ ചലച്ചിത്രകാരന്‍ അനുഭവിച്ചറിഞ്ഞു.
കഴിഞ്ഞ വര്‍ഷം ജൂലൈ മുപ്പതിന് ജാഫര്‍ അറസ്റ്റു ചെയ്യപ്പെട്ടു. തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട ഭരണകൂട വിരുദ്ധ സിനിമയെടുക്കാന്‍ തുനിയുന്നു എന്നതായിരുന്നു ആരോപിക്കപ്പെട്ട കുറ്റം. പാസ്‌പോര്‍ട്ട് റദ്ദാക്കി വിദേശയാത്രാനുമതി നിഷേധിച്ചുകൊണ്ട് പിന്നീട് വിട്ടയച്ചു. അറുപതാമത് ബര്‍ലിന്‍ ചലച്ചിത്രമേളയില്‍ ഇറാനിയന്‍ സിനിമയെപ്പറ്റിയുള്ള സംവാദത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ അനുമതി നിഷേധിക്കപ്പെട്ടു. മാര്‍ച്ചില്‍ പിന്നെയും അറസ്റ്റു ചെയ്യപ്പെട്ടു. ഭാര്യയും മകളും പതിനഞ്ച് സുഹൃത്തുക്കളും ഒപ്പം അറസ്റ്റിലായി. മറ്റുള്ളവരെ രണ്ടു ദിവസത്തിനകം വിട്ടയച്ചെങ്കിലും ഇവിന്‍ ജയിലിന്റെ 209ാം നമ്പര്‍ മുറിയില്‍ കഴിയാനായിരുന്നു ജാഫറിന്റെ നിയോഗം. ചുമത്തപ്പെട്ട കുറ്റങ്ങള്‍ എന്താണെന്നു പോലും ജനതയോട് വിശദീകരിക്കാന്‍ ഭരണകൂടം തയാറായില്ല. വാള്‍ട്ടര്‍ സാലസ്, അബ്ബാസ് കിറസ്താമി, തമീമ മിലാനി, അസ്ഗര്‍ ഫര്‍ഹാദി (ഇക്കഴിഞ്ഞ തിരുവനന്തപുരം മേളയിലെ ജനപ്രിയചിത്രം 'എബൗട്ട് എല്ലി'യുടെ സംവിധായകന്‍) തുടങ്ങി ചലച്ചിത്രരംഗത്തെ പ്രമുഖര്‍ അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് ഭരണകൂടത്തോട് അഭ്യര്‍ഥിച്ചു. ഒരാഴ്ചക്കു ശേഷമാണ് വീട്ടിലേക്ക് ഒന്നു വിളിക്കാന്‍ ജാഫറിന് അനുമതി കിട്ടിയത്. മാര്‍ച്ച് മധ്യത്തോടെ അമ്പത് ഇറാനിയന്‍ സംവിധായകര്‍ അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് നിവേദനമയച്ചു. സ്റ്റീവന്‍ സ്പീല്‍ബര്‍ഗ്, റോബര്‍ട്ട് ഡി നീറോ, മാര്‍ട്ടിന്‍ സ്‌കോര്‍സെസി, ഒലിവര്‍ സ്‌റ്റോണ്‍ തുടങ്ങിയ വിഖ്യാത ചലച്ചിത്രകാരന്മാര്‍ കത്തയച്ചു. ഈ വര്‍ഷത്തെ കാന്‍ മേളയിലെ ജൂറിയായിരുന്നു ജാഫര്‍. പക്ഷേ തടവിലായിരുന്നതിനാല്‍ അദ്ദേഹത്തിന് അവിടെയെത്താന്‍ കഴിഞ്ഞില്ല. പ്രതീകാത്മകമായി അദ്ദേഹത്തിനുള്ള ഇരിപ്പിടം അവിടെ ഒഴിച്ചിടപ്പെട്ടു.
ജയിലധികൃതര്‍ വളരെ മോശമായാണ് അദ്ദേത്തോട് പെരുമാറിയത്. കുടുംബത്തെ അവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ജാഫറിന് ജയിലില്‍ നിരാഹാരം അനുഷ്ഠിക്കേണ്ടി വന്നു. ഒടുവില്‍ രണ്ടു ലക്ഷം ഡോളര്‍ തുകയുടെ ജാമ്യത്തിനാണ് കഴിഞ്ഞ മെയ് 25ന് അദ്ദേഹത്തെ വിട്ടയച്ചത്. ആരുടെ മുന്നിലും പ്രദര്‍ശിപ്പിച്ചിട്ടില്ലാത്ത സിനിമയെ എങ്ങനെയാണ് ഒരു കുറ്റകൃത്യമായി കാണാന്‍ കഴിയുക എന്ന് കാന്‍മേളയില്‍ വിതരണം ചെയ്ത തുറന്ന കത്തില്‍ അബ്ബാസ് കിറസ്താമി ചോദിച്ചു. ജാഫറിനുവേണ്ടി ഏറെ ശബ്ദമുയര്‍ത്തിയത് 'ടേസ്റ്റ് ഓഫ് ചെറി'യുടെയും 'ത്രൂ ദ ഒലിവ് ട്രീസി'ന്റെയും ദൃശ്യശില്‍പിയായ അബ്ബാസ് തന്നെയാണ്.
ഇത്തവണ ജാഫര്‍ പനാഹി എങ്ങനെയായിരിക്കും ലോകകപ്പ് കണ്ടത്.? രണ്ടു മാസമായതേയുള്ളൂ തുറന്ന ആകാശത്തിനു ചുവട്ടിലേക്ക് തിരിച്ചുവന്നിട്ട്. കലയുടെയും കായിക വിനോദങ്ങളുടെയും സ്വതന്ത്രമായ ആസ്വാദനത്തിനുവേണ്ടി, സര്‍വോപരി ലിംഗനീതിക്കുവേണ്ടി ഒരു ദൃശ്യപ്രസ്താവന നടത്തിയ അദ്ദേഹം കഴിഞ്ഞ വര്‍ഷത്തെ ഇറാന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആഗോള സമൂഹത്തോട് എന്താവും പറയാന്‍ ഉദ്ദേശിച്ചിരുന്നത്?. അറിയില്ല. 'ഓഫ്‌സൈഡ്'ഇറാനില്‍ ആരും കണ്ടില്ലെങ്കിലും നാം കണ്ടു. ജാഫറിനെപ്പോലുള്ളവര്‍ ഇരുള്‍നിലങ്ങളില്‍ നിന്ന് വെളിച്ചത്തിനായി വിളിച്ചുപറയുമ്പോള്‍ കണ്ണടക്കുന്ന ഇറാന്‍ ഭരണകൂടത്തെ ഇപ്പോഴത്തെ സാമ്രാജ്യത്വ വിരുദ്ധതയുടെപേരില്‍ മൂന്നാംലോകം വെള്ളപൂശിക്കാണിക്കേണ്ടതുണ്ടോ?
കൃപ തിയറ്ററിന്റെ പടിയിറങ്ങുമ്പോള്‍ സംവിധായകനോട് അടുപ്പം തോന്നി ജാഫര്‍ക്ക എന്നു വിളിച്ച ഡെലിഗേറ്റിന് ഈ കഥ അറിയുമോ ആവോ? അയാള്‍ ഇപ്പോള്‍ എവിടെയായിരിക്കും.?

Monday, June 28, 2010

മണിരത്നത്തിന്റെ രാമനും രാവണനും

കുട്ടിക്കാലത്തു വായിച്ച മാലിരാമായണം ആരുടെയും ഓര്‍മയില്‍നിന്ന് എളുപ്പം മായില്ല. മനുഷ്യന്‍ എന്ന ദുരൂഹമായ രാവണന്‍കോട്ടയിലേക്ക്, ആ ജീവിയുടെ അനന്തമായ സ്വഭാവവൈചിത്യ്രങ്ങളിലേക്ക് ഏതൊരു കുട്ടിയുടെയും ജിജ്ഞാസ നിറഞ്ഞ മനസ്സിനെ, ചുവടുതെറ്റാതെ വഴിനടത്തിക്കാന്‍ മാലിക്കു കഴിഞ്ഞു. രാമന്റെയും രാവണന്റെയും കൃഷ്ണന്റെയും ദുര്യോധനന്റെയും രൂപങ്ങള്‍ വാക്കുകളില്‍ വരച്ച മാലി, ഇതിഹാസത്തിന്റെ വിശാലമായ ഭൂമിക വിട്ടിറങ്ങി ഏതു മനുഷ്യന്റെയും സ്വഭാവവിശേഷങ്ങളുടെ വൈവിധ്യങ്ങളായി അതിനെ വ്യാഖ്യാനിച്ചു.
അത് വായനയുടെ വിസ്മയകാലം. പിന്നീടിങ്ങോട്ട് ഇതിഹാസങ്ങളിലെ മൌനങ്ങള്‍ക്ക് വിഷ്ണു സഖാറാം ഖാണ്ഡേക്കറും ശിവാജി സാവന്തും എം.ടിയും പി.കെ. ബാലകൃഷ്ണനും സി.എന്‍. ശ്രീകണ്ഠന്‍ നായരും നല്‍കിയ വാക്കുകള്‍ വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞത് മാലി പണിതിട്ട അടിത്തറയില്‍ ചവിട്ടിനിന്നതുകൊണ്ടാണ്. വ്യാസനും വല്മീകിയും വിട്ടുപോയ ഇടങ്ങള്‍ പൂരിപ്പിച്ച നമ്മുടെ സ്വന്തം എഴുത്തുകാരില്‍ ശ്രീകണ്ഠന്‍ നായരുടെ വാക്കുകള്‍ക്ക് മുഴങ്ങുന്ന ആഴമുണ്ടായിരുന്നു. വ്യാസനേക്കാള്‍ ദ്രൌപദിയുടെ നെടുവീര്‍പ്പുകള്‍ കേട്ടത് പി.കെ.ബാലകൃഷ്ണന്‍ ആണെന്ന് തോന്നിയിട്ടുണ്ട്, പലപ്പോഴും. എല്ലാവരും ഭീമന്റെ ശരീരം കണ്ടപ്പോള്‍ എം.ടി ആ മനസ്സുകണ്ടു. മൂവുലകങ്ങളില്‍ അമൂല്യമായി ഏതൊന്നുണ്ടോ, അത് ലങ്കയില്‍ വേണമെന്ന് പറഞ്ഞ് സീതയെ തട്ടിക്കൊണ്ടുപോയതിന് ന്യായീകരണം ചമച്ച 'ലങ്കാലക്ഷ്മി'യിലെ രാവണന്‍ പാത്രസൃഷ്ടിയിലെ അപൂര്‍വതയായി.
മണിരത്നത്തിന്റെ 'രാവണന്‍' കണ്ടപ്പോഴാണ് ഭാവനാസമ്പന്നരായ എഴുത്തുകാര്‍ രാവണനെ കണ്ടവിധം ഓര്‍ത്തുപോയത്. മണിരത്നത്തിന്റെ പ്രതിഭാദാരിദ്യ്രത്തിന് ഈ ചിത്രം മികച്ച ഒരു ഉദാഹരണമാവുന്നുണ്ട്. രാമായണകഥയുടെ പുതിയ കാലത്തിലുള്ള വ്യാഖ്യാനം എന്ന മട്ടിലാണ് കഥ അവതരിപ്പിക്കുന്നത്. ഹനുമാന്‍ പോലും ഫോറസ്റ്റ് ഗാര്‍ഡ് ആയി രംഗത്തു വരുന്നുണ്ട്. (ആഞ്ജനേയാ, ത്രേതായുഗത്തില്‍ അങ്ങ് കളിച്ചതിനേക്കാള്‍ വലിയ കുരങ്ങന്‍കളി കളിക്കുന്നുണ്ടല്ലോ കാര്‍ത്തിക്ക്. ആ വനപാലകന്‍ ഈ കലികാലത്തില്‍ എന്തിനാണ് ഇങ്ങനെ ആകാശത്തിലുടെ പറക്കുന്നത് എന്നു പറഞ്ഞു തരൂ, വായുപുത്രാ..) വര്‍ത്തമാനത്തിലോ ഭൂതത്തിലോ വേരുകളില്ലാതെ എവിടെ നിന്നോ പൊട്ടിവീഴുന്ന കഥാപാത്രങ്ങളാണ് ഇതിലെ രാമനും രാവണനും സീതയുമൊക്കെ. ആര്‍ക്കുമില്ല വ്യക്തിത്വം. വീരപ്പനോടൊക്കെ സാമ്യം തോന്നുന്ന വീരയ്യയാണ് ഇതിലെ രാവണന്‍. പത്തു തലയുള്ള തന്റെ അസാമാന്യമായ വീറിനെക്കുറിച്ച് ഗണ്‍പോയിന്റില്‍ നിന്ന് അലറുന്നുണ്ട് വീരയ്യ. പ്രിയാമണിയുടെ രൂപത്തില്‍ കമ്പരാമായണത്തിലെ സുന്ദരിയായ ശൂര്‍പണഖയും വന്നുപോകുന്നുണ്ട് സിനിമയില്‍. നമ്മുടെ സീത രാവണനില്‍ നിന്ന് രക്ഷപ്പെടാന്‍ സ്ലോമോഷനില്‍ കൊക്കയിലേക്ക് ചാടുന്നുണ്ട്. (അതെന്തിനാണാവോ? സന്തോഷ് ശിവന് ദൃശ്യഭംഗിയുള്ള ഒരു ഫ്രെയിം ഒരുക്കാന്‍ വേണ്ടിയോ?. രാമനോടുള്ള സ്നേഹം കൊണ്ടാവാന്‍ ഏതായാലും വഴിയില്ല. അങ്ങനെ ഒരടുപ്പം ഇതില്‍ രാമനും സീതയും തമ്മിലില്ല. അല്ലെങ്കില്‍ ഉള്ളതായി തോന്നുന്നില്ല) അങ്ങനെ കഥാപാത്രങ്ങളൊക്കെ രാമായണത്തിലെ കഥാപാത്രങ്ങളുമായി അകന്ന ചാര്‍ച്ച അവകാശപ്പെടുന്നു. കൊക്കയിലേക്കുള്ള ചാട്ടങ്ങള്‍, വലിയ തൂക്കുപാലത്തിലെ സംഘട്ടനം എന്നിങ്ങനെ എ.എക്സ് എന്‍ ചാനലിലെ സാഹസികമായ കായികക്കാഴ്ചകള്‍ പോലെ ചിലതെല്ലാം കാണിക്കുന്നുണ്ട്. രണ്ടു വര്‍ഷത്തെ അധ്വാനം, നൂറുകോടിയോളം രൂപ. എന്നിട്ടും പുതിയ ഒരു രാമായണ ചിന്തയോ ഒരു പുതിയ വ്യാഖ്യാനമോ മുന്നോട്ടുവെക്കാന്‍ മണിരത്നത്തിനു കഴിഞ്ഞിട്ടില്ല. സര്‍ഗാത്മകതക്കു വേണ്ടിയുള്ള ധൂര്‍ത്ത് ആയിരുന്നെങ്കില്‍ അംഗീകരിക്കാമായിരുന്നു. ഇത് ദുര്‍വ്യയമാണ് സര്‍. ചലച്ചിത്ര ചരിത്രത്തില്‍ എവിടെയും കോടികള്‍ മുടക്കിയെടുത്ത ഈ സാധനത്തിന് ഇടമുണ്ടാവില്ല. 20 സിനിമകളോളം എടുത്തിട്ടുണ്ട് മണിരത്നം. അതിലെ മികച്ച പത്തെണ്ണത്തില്‍ പെടില്ല 'രാവണന്‍.'
രാമന്‍ ഇന്ത്യയില്‍ പലവിധ രാഷ്ട്രീയ പ്രയോഗങ്ങള്‍ക്ക് ഉതകിയ രൂപകമാണ്. ഗാന്ധിജിയുടെ സാത്വികമായ രാമരാജ്യസങ്കല്‍പം മുതല്‍ ആയിരങ്ങളുടെ ജീവനൊടുക്കിയ രാമക്ഷേത്ര നിര്‍മാണം വരെയുള്ള ധനാത്മകവും ഋണാത്മകവുമായ നിരവധി രാഷ്ട്രീയ പ്രയോഗങ്ങള്‍ക്ക് ആ മിത്ത് ഒരു നിമിത്തമായിരുന്നിട്ടുണ്ട്. അത്തരം വായനകള്‍ അസാധ്യമാക്കുന്ന ഒരു സേഫ്പ്ലേ കളിക്കുകയാണ് മണിരത്നം ഈ ചിത്രത്തില്‍. പുതിയ കാലത്തിലെ ഒരു രാമനെയും രാവണനെയും അവതരിപ്പിക്കുമ്പോള്‍ അതിന് വിശാലമായ ചില മാനങ്ങള്‍ വേണ്ടേ?. ഇതിഹാസത്തില്‍ അയോധ്യയുടെയും ലങ്കയുടെയും അധിപരായിരുന്നവരാണ് അവര്‍. ഒരു കാട്ടുകൊള്ളക്കാരനും തുപ്പാക്കി തൂക്കി നടക്കുന്ന ഒരു പൊലീസുകാരനുമായി വെട്ടിയൊതുക്കണമായിരുന്നോ ആ കഥാപാത്രങ്ങളെ? അല്ലെങ്കില്‍ എന്തുകൊണ്ട് രാവണന്‍? പ്രമുഖമായ രണ്ട് ഇന്ത്യന്‍ ഭാഷകളില്‍ നിര്‍മിക്കപ്പെടുകയും ലണ്ടനില്‍ ആദ്യപ്രദര്‍ശനം നടത്തുകയും ലോകമെമ്പാടുമുള്ള 375 സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന രാമായണകഥയുടെ ഒരു പുനരാഖ്യാനം സമകാലിക ഇന്ത്യയെ അഭിസംബോധന ചെയ്യുമ്പോള്‍ അതിന് ഗൌരവമുള്ള ഒരു ഉള്ളടക്കം ഉണ്ടായിരിക്കേണ്ടേ? ഒരു എലിയും പൂച്ചയും കളിയുടെ ലാഘവമുള്ള ടോം ആന്റ് ജെറി കാര്‍ട്ടൂണ്‍ ഷോ പോലെ അത് അധഃപതിക്കുന്നതില്‍ മണിരത്നം എന്ന ബ്രാന്‍ഡ് നെയിമിന്റെ നാണംകെട്ട തകര്‍ച്ചയില്ലേ?
അല്ലെങ്കിലും എന്നാണ് മണിരത്നത്തിന് രാഷ്ട്രീയം ഒരു വിഷയമായിരുന്നിട്ടുള്ളത്? രാഷ്ട്രീയം കൈകാര്യം ചെയ്യുന്നുവെന്ന പ്രതീതി ജനിപ്പിക്കുകയും ഉപരിപ്ലവമായ മധ്യവര്‍ഗ ആകുലതകളിലൂടെ കശ്മീര്‍ തീവ്രവാദത്തെയും ബോംബെ കലാപത്തെയും മറ്റും അവതരിപ്പിച്ചുകൊണ്ട് പ്രമേയത്തിന്റെ രാഷ്ട്രീയമായ ഉള്ളടക്കത്തെ നിര്‍വീര്യമാക്കുകയും ചെയ്യുക എന്ന ദൌത്യമാണല്ലോ പൊതുവെ മണിരത്നം സിനിമകള്‍ നിര്‍വഹിച്ചുപോന്നത്. ശ്രീലങ്കന്‍ വംശീയപ്രശ്നത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന 'കന്നത്തില്‍ മുത്തമിട്ടാല്‍' ഒഴികെയുള്ള മണിരത്നം സിനിമകള്‍ക്ക് രാഷ്ട്രീയം മസാല സിനിമക്കുള്ള ഒരു മേമ്പൊടി മാത്രമായിരുന്നു. അരയാലിന്നിലയോ അണിവയറോ, നാഭീതട വനനീലിമയോ എന്നൊക്കെ സംശയിപ്പിക്കുന്ന സോണാലി ബേന്ദ്രയുടെ മേനിപ്രദര്‍ശനം ബോംബെ കലാപത്തിന്റെ പശ്ചാത്തലത്തില്‍ എടുത്ത ചിത്രത്തില്‍ ഉണ്ടായിരുന്നല്ലോ. അങ്ങനെ പല വിധ മസാലകളില്‍ ഒന്നുമാത്രമായിരുന്നു മണിരത്നത്തിന് രാഷ്ട്രീയം. എന്നാല്‍ ഭാഗ്യത്തിന് 'രാവണനി'ല്‍ പൊടി പോലുമില്ല അത് കണ്ടെടുക്കാന്‍.
തന്നെ തന്നെ അനുകരിച്ച് മടുപ്പിക്കുന്നുണ്ട് എ.ആര്‍. റഹ്മാന്‍. അതുകൊണ്ട് പാട്ടുകള്‍ പോലും ആശ്വാസമാവുന്നില്ല. അഭിനയത്തില്‍ ആര്‍ക്കും കാര്യമായി ഒന്നും ചെയ്യാനില്ല. വിക്രം, പൃഥ്വിരാജ് എന്നീ പ്രതിഭകളെ ചൂഷണം ചെയ്യാനും മണിരത്നത്തിനു കഴിഞ്ഞിട്ടില്ല. വെറുതെ കുറേ കോടികള്‍ കൊണ്ടുപോയി ചാലക്കുടിപ്പുഴയിലും അതിരപ്പിള്ളിയിലും കര്‍ണാടകക്കാട്ടിലും കളഞ്ഞതുപോലെ അവരുടെ അഭിനയശേഷിയും അധ്വാനവും ദുരുപയോഗം ചെയ്തിരിക്കുന്നു. എല്ലാം കൂടി വെച്ചുനോക്കുമ്പോള്‍ ഈ സിനിമയെ സമീപകാലത്തെ എറ്റവും വലിയ സര്‍ഗാത്മക ദുര്‍വ്യയമായി കാണാം. രാജീവ് മസന്ദ് അഞ്ചില്‍ ഒന്നര മാര്‍ക്കാണ് ചിത്രത്തിന് കൊടുത്തത്. ചില ദൃശ്യങ്ങളുടെ പേരില്‍ വേണമെങ്കില്‍ ഒരു മാര്‍ക്കു കൊടുക്കാം.

Sunday, May 16, 2010

അന്തിക്കാട്ടുകാരന്റെ വിശുദ്ധയുദ്ധങ്ങള്‍


ശോഭന പരമേശ്വരന്‍ നായര്‍ പറഞ്ഞ കഥയാണ്. പത്തമ്പതുകൊല്ലം മുമ്പ് 'നീലക്കുയില്‍' ചിത്രീകരിക്കുന്ന കാലം. ടി.കെ പരീക്കുട്ടി സാഹീബാണ് നിര്‍മാതാവ്. ഭാസ്കരന്‍ മാഷിന്റെ 'കായലരികത്ത്....'എന്ന പാട്ട് ചിത്രീകരിക്കുകയാണ്. കുടവുമായ് പുഴക്കടവില്‍ വന്ന് തന്നെ തടവിലാക്കിയ സുന്ദരിയോട് ഒടുവില്‍ തന്നെ സങ്കടപ്പുഴ നടുവിലാക്കരുതെന്ന് കേണു പറയുകയാണ് കാതരനായ കാമുകന്‍. മുസ്ലിം വേഷം ധരിച്ച പെണ്‍കുട്ടി തലയില്‍ കുടവും വെള്ളവും വെച്ച് കടന്നുപോവുന്ന രംഗമുണ്ട് ഗാനത്തില്‍. അതു കണ്ട് പരീക്കുട്ടി സാഹിബ് പ്രശ്നമുണ്ടാക്കി.
''നിങ്ങളെന്ത് ഭ്രാന്താ ഈ കാണിക്കുന്നത്? ഞാന്‍ കൊച്ചിയില്‍ ജീവിക്കേണ്ടതാണ്. ഇതെങ്ങാനും സ്ക്രീനില്‍ കണ്ടാല്‍ സ്ക്രീന്‍ കുത്തിക്കീറും.''
ഭാസ്കരന്‍ മാഷും രാമു കാര്യാട്ടും ചാടീയെണീറ്റ് പറഞ്ഞു:
''കീറുന്നെങ്കില്‍ കീറട്ടെ. നമുക്ക് കാണാമല്ലോ.''
സംവിധായകരുടെ ധൈര്യം നിര്‍മാതാവിന് ഉണ്ടായിരുന്നില്ല.
''നിങ്ങളുടെ വീടല്ല എന്റെ വീടാ അവര് തകര്‍ക്കുക. ഞാനീ കൊച്ചിയില്‍ വഞ്ചിക്കാരുടെ ഇടയില്‍ ജീവിക്കണം.''''എന്റെ പരീക്കുട്ടി സായ്വേ, ഒന്നും സംഭവിക്കുകയില്ല. സമാധാനമായിട്ടിരിക്ക്.''
അവസാനം സാഹിബ് കീഴടങ്ങി. തൃശൂര്‍ ജോസില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന ആദ്യ ദിവസം ഈ പാട്ടിന്റെ സീന്‍ വരുമ്പോള്‍ ജനങ്ങള്‍ ഹസ്താരവം മുഴക്കി. പരീക്കുട്ടി സാഹിബിന് സന്തോഷമായി. അതിനു ശേഷമാണ് കുട്ടിക്കുപ്പായം, ഉമ്മ, അയിഷ തുടങ്ങിയ സിനിമകളെല്ലാം വരുന്നത്. മാപ്പിളപ്പാട്ട് സിനിമയുടെ അവിഭാജ്യഘടകമായിത്തീര്‍ന്നത്. പല ആശങ്കകളും വെറുതെയാണെന്ന് 'നീലക്കുയിലി'ലെ ഈ ഒരൊറ്റ ഷോട്ട് ബോധ്യപ്പെടുത്തിയതായി ശോഭനാ പരമേശ്വരന്‍ നായര്‍ പറഞ്ഞിട്ടുണ്ട്.
പിന്നീടിങ്ങോട്ട് മുസ്ലിം സാമൂഹിക ജീവിതം പ്രമേയമായി നിരവധി സിനിമകള്‍ വന്നു. പരീക്കുട്ടി സാഹീബും പരമേശ്വരന്‍ നായരും ഒരുമിച്ച് ഉണ്ടും ഉറങ്ങിയും നല്ല സിനിമകള്‍ ഉണ്ടാക്കിയതുപോലെ വേലിക്കരികില്‍ വന്ന് ചോറും കറിയും ഉപ്പും മുളകും കൈമാറി ഇവിടെ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ജീവിച്ചുപോന്നു. ബേപ്പൂര്‍ സുല്‍ത്താന്‍ പറഞ്ഞതുപോലെ 'സൂര്യനും ഭയങ്കര സന്തോഷത്തോടെ ഉദിച്ചു.' അതിനിടെ ചിറയിന്‍കീഴുകാരന്‍ അബ്ദുല്‍ ഖാദര്‍ പ്രേംനസീറായി. ഒരു മാപ്പിളക്കും എഴുതാന്‍ കഴിയാത്ത അത്രയും മാധുര്യമുള്ള മാപ്പിളപ്പാട്ടുകള്‍ ഭാസ്കരന്‍ മാഷ് എഴുതി. രാഘവന്‍ മാഷും ദേവരാജന്‍ മാഷും ബാബുരാജും ഈണമിട്ട മാപ്പിളപ്പാട്ടുകള്‍ യേശുദാസും ജാനകിയും സുശീലയും പാടി. കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ പാണപ്പറമ്പില്‍ ഇസ്മായില്‍ മുഹമ്മദ് കുട്ടി മമ്മൂട്ടിയായി. പാലാക്കാരന്‍ അച്ചായനായും വടക്കന്‍പാട്ടിലെ ചന്തുവായും മുഹമ്മദ് കുട്ടി വേഷങ്ങള്‍ മാറിമാറിയണിഞ്ഞു. ആരും അതില്‍ അപാകത കണ്ടില്ല. എന്നാല്‍ ഇടക്കാലത്ത് മലയാള സിനിമ മുസ്ലിമിനോട് തുറന്ന യുദ്ധം പ്രഖ്യാപിച്ചു. അദ്വാനി എയര്‍കണ്ടീഷന്‍ ചെയ്ത ടാറ്റാ സുമോയില്‍ രഥയാത്ര തുടങ്ങിയ കാലത്തു തന്നെ അത് തുടങ്ങി. ഓരോ ഹിന്ദുവിന്റെയും ഉള്ളില്‍ ഉറങ്ങിക്കിടന്ന ഫാഷിസ്റ്റിനെ ഈ സിനിമകള്‍ തൊട്ടുണര്‍ത്തി. പല കലാകാരന്മാരും കുഴലൂതി. കുറച്ചു കാലം കഴിഞ്ഞപ്പോള്‍ ആവര്‍ത്തന വിരസത കാരണം മലയാള സിനിമയുടെ വിശുദ്ധയുദ്ധത്തിന് വീര്യം കുറഞ്ഞു.
തീര്‍ന്നുവെന്നു കരുതിയ വിശുദ്ധയുദ്ധം അന്തിക്കാടു നിന്നും വീണ്ടും പൊട്ടിപ്പുറപ്പെടുകയാണ്. ലൌ ജിഹാദിന്റെ കാലമാണല്ലോ എന്ന് സത്യന്‍ അന്തിക്കാടിന്റെ പുതിയ സിനിമയില്‍ കോടതി വരാന്തയില്‍ നിന്ന് മനുജോസ് പറയുന്നു. ഊഹാപോഹങ്ങള്‍ വാര്‍ത്തകളാക്കുന്ന ചാരുകസേര ജേണലിസത്തിന്റെ ഉപോല്‍പ്പന്നമായ ഒരു സംജ്ഞ കേട്ടപ്പോള്‍ അതു തന്നെയാവാം അമ്പതാമത്തെ സിനിമയുടെ പ്രമേയം എന്ന് സത്യന്‍ സര്‍ തീരുമാനിച്ചു. അങ്ങനെ ഉണ്ടായതാണ് 'കഥ തുടരുന്നു' എന്ന കഥ. കേരളീയ സാമൂഹിക ജീവിതത്തെ റിയലിസ്റ്റിക് ആയി അവതരിപ്പിച്ച സംവിധായകനാണ്. സ്വന്തമായി എഴുത്തു തുടങ്ങിയപ്പോള്‍ അന്തവുമില്ല കുന്തവുമില്ല എന്ന അവസ്ഥയായി. സ്വന്തം പച്ചക്കറിക്കട എപ്പോള്‍ തുറന്നാലും ആളുകൂടും എന്ന തിരിച്ചറിവുണ്ട്. അതുകൊണ്ട് സ്വയം എഴുതുന്നു, സിനിമയുണ്ടാക്കുന്നു. മസാലകള്‍ നിറഞ്ഞ പോക്കിരിരാജകള്‍ കണ്ട് വശംകെട്ട് പരവശരായ കാണികള്‍ ഹതാശരായി പച്ചക്കറിപ്പീടികയിലേക്കു തന്നെ തിരിച്ചെത്തുന്നു.
ആദ്യത്തെ കുറച്ചു സീനുകള്‍ കണ്ടാല്‍ വ്യത്യസ്തമായ ഒരു സത്യന്‍സിനിമയാണെന്നൊക്കെ തോന്നിപ്പോവും. പിന്നെ ഓരോ സീന്‍ വരുമ്പോഴും ഇന്നസെന്റ് വരുന്നു, കെ.പി.എ.സി ലളിത വരുന്നു, മാമുക്കോയ വരുന്നു, അങ്ങനെ ഒരു ടിപ്പിക്കല്‍ സത്യന്‍ സിനിമയായി മാറുന്നു.
പറഞ്ഞു വന്നത് അന്തിക്കാട്ടുകാരനും വിശുദ്ധയുദ്ധം തുടങ്ങി എന്നാണ്. 'വിനോദയാത്ര'യില്‍ പച്ച അരപ്പട്ട കെട്ടിയ മാപ്പിള(ഏതു കാലത്തെ കഥയാണാവോ? ആ അരപ്പട്ട അവര്‍ അഴിച്ചെറിഞ്ഞിട്ട് കാലമെത്രയായി?) വര്‍ഗീയലഹളക്കിടെ അച്ഛനെ കുത്തിയതാണ് മീരാ ജാസ്മിന്റെ വേദന. ഇവിടെ ഷാനവാസിനെ കെട്ടിയ വിദ്യാലക്ഷ്മിയുടെ കുഞ്ഞിനെ ഇസ്ലാമായി വളര്‍ത്താന്‍ ഷാനവാസിന്റെ കുടുംബം ഇറങ്ങിക്കളിക്കുകയാണ്. അക്രമികളില്‍നിന്ന് രക്ഷ നേടാന്‍ വിദ്യ വിദേശത്തേക്ക് രക്ഷപ്പെടുന്നു. (സ്വന്തം കുഞ്ഞിനെയും കൊണ്ട് ജീവിക്കാന്‍ മുസ്ലിമായ ഭര്‍ത്താവിന്റെ കുടുംബം അനുവദിക്കാത്തതുകൊണ്ട് ഡോക്ടറായ ഒരു യുവതിക്ക് നാടുവിട്ടുപോവേണ്ട സാഹചര്യമുണ്ടോ സര്‍ ഈ കേരളത്തില്‍?) ഗുജറാത്ത് കലാപത്തില്‍ നിന്ന് രക്ഷപ്പെട്ട് ഒരു പെണ്‍കുട്ടി കേരളത്തിലെത്തിയാല്‍ ഇവിടത്തെ മുസ്ലിംകള്‍ അവളെ പീഡിപ്പിച്ച് കൊല്ലാക്കൊല ചെയ്തുകളയും എന്നൊരു മുന്നറിയിപ്പു തന്നത് ടി.വി ചന്ദ്രനും ആര്യാടന്‍ ഷൌക്കത്തും ചേര്‍ന്നാണ്. സത്യന്‍സര്‍ ഇത്ര പെട്ടെന്ന് ലൌജിഹാദ് വിഷയമാക്കിയത് ഷൌക്കത്തിന് അടിയായി. ഹൈന്ദവകേരളം വെബ്സൈറ്റിലും മറ്റും കാണുന്ന കേരളീയ യാഥാര്‍ഥ്യങ്ങള്‍ ഒക്കെ അന്നന്നേരം കലാകൌമുദിയും മനോരമപ്പത്രവും ഫീച്ചറാക്കുന്നുണ്ടല്ലോ.
പ്രിയപ്പെട്ട സത്യന്‍ സര്‍, ഒരു മുസ്ലിമും സിനിമയില്‍ വില്ലനാവരുത് എന്നല്ല പറഞ്ഞതിന്റെ അര്‍ഥം. ഒരു പൊതുസമൂഹത്തിലേക്ക് വിനിമയം ചെയ്യപ്പെടുന്ന ചില സന്ദേശങ്ങളെങ്കിലും വിപല്‍സന്ദേശങ്ങളാവുന്നുണ്ട് എന്നാണ്. ഹിന്ദു തീവ്രവാദം പോലെ തന്നെ അപകടകരമാണ് മുസ്ലിം തീവ്രവാദവും. അവക്കെതിരെ വിശുദ്ധയുദ്ധം തന്നെ വേണം. അതില്‍ ആര്‍ക്കുമില്ല തര്‍ക്കും. പക്ഷേ പ്രശ്നം അതല്ല. താങ്കളുടെ സിനിമ കേരളത്തില്‍നിന്ന് തുരത്തിയത് വിദ്യാലക്ഷ്മിയെ മാത്രമല്ല. സമാധാനപരമായ സഹവര്‍ത്തിത്വം സാധ്യമാണ് എന്ന യാഥാര്‍ഥ്യത്തെ കൂടിയാണ്. ഒരു സന്ദേശം കൊടുക്കുമ്പോള്‍ ഒന്നു കരുതിയിരിക്കേണ്ടേ സര്‍? പ്രത്യേകിച്ചും മനുഷ്യര്‍ക്കിടയില്‍ പിളര്‍പ്പുണ്ടാക്കാന്‍ ബൌദ്ധിക ജിഹാദികള്‍ തക്കം പാര്‍ത്തിരിക്കുന്ന ഈ കെട്ട കാലത്ത്.?
തീവ്രവാദികളുടെ പ്രചണ്ഡമായ പ്രചാരവേലകള്‍ക്ക് സ്വന്തം സംഭാവന കൂടി വേണമായിരുന്നോ എന്ന് ഒന്ന് ആലോചിച്ചു നോക്കണം സര്‍. ചാനല്‍ചര്‍ച്ചകള്‍ ഒഴിഞ്ഞ നേരത്ത്, അന്തിക്കാട്ടെ വയല്‍വരമ്പിലൂടെ ഗൃഹാതുരനായി നടക്കുമ്പോള്‍ വെറുതെ ഒന്ന് ചിന്തിച്ചുനോക്കണം സര്‍.