Sunday, December 19, 2010

ചിത്രസൂത്രങ്ങള്‍

കോളജ് പഠനകാലത്താണ് 'വാര്‍ത്താളി: സൈബര്‍സ്പേസില്‍ ഒരു പ്രണയനാടകം' എന്ന കഥ വായിക്കുന്നത്. അതിനു പിന്നില്‍ ചെറുത്തുനില്‍ക്കാനാവാത്ത ഒരു പ്രേരണയുണ്ടായിരുന്നു. എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്ന ഇംഗ്ലീഷ് അധ്യാപകന്‍ എ.സോമന്റെ നിര്‍ബന്ധം. അക്കാലത്ത് അപാരമ്പര്യത്തിന്റെ ഊര്‍ജപ്രവാഹങ്ങളുമായി മേതിലും മാധവനും നിര്‍മല്‍കുമാറും എന്നെ ആവേശിച്ചുകഴിഞ്ഞിരുന്നു. എം. നന്ദകുമാറിന്റെ കഥകളെക്കുറിച്ചു പറഞ്ഞ്, 'ഇവനെക്കൂടി വായിക്കുക, ഇവനിലാണ് എന്റെ പ്രതീക്ഷ'യെന്ന്, പുസ്തകമേള നടക്കുന്ന കോഴിക്കോട് സി.എസ്.ഐ കത്തീഡ്രല്‍ ഹാളിന്റെ മതിലിനോടു ചാരിനിന്ന് തന്റെ താടിയില്‍ വിരലോടിച്ച് സോമന്‍ സര്‍ പറഞ്ഞു. (തന്റെ പ്രതീക്ഷക്കനുസരിച്ച് നന്ദകുമാര്‍ ഉയരുമോ എന്നറിയാന്‍ സോമന്‍ സാര്‍ കാത്തുനിന്നില്ല. രണ്ടുമൂന്നുവര്‍ഷങ്ങള്‍ക്കു ശേഷം അസുഖത്തിന് കീഴടങ്ങി അദ്ദേഹം പോയി).
പക്ഷേ ഈ കഥ കൈയില്‍ കിട്ടാന്‍ പിന്നെയും നേരമെടുത്തു. അന്നത്തെ ഏതൊരു മലയാളിയെയും പോലെ ഞാനും സൈബര്‍ലോകത്തിന്റെ ചിലന്തിവലയില്‍ കുരുങ്ങിയിരുന്നില്ല. കൃത്യം പത്തുവര്‍ഷം മുമ്പാണ് കലിക്കറ്റ് സര്‍വകലാശാല ലൈബ്രറിയില്‍നിന്ന് വര്‍ഷത്തില്‍ 150 രൂപ മാത്രം ഈടാക്കുന്ന ഇന്റര്‍നെറ്റ്റൂമിന്റെ തണുപ്പിലിരുന്ന് ദീര്‍ഘതപസ്സിനുശേഷം വരദാനം പോലെ തെളിയുന്ന വെബ്സൈറ്റുകളില്‍ കയറിയിറങ്ങി സൈബര്‍സ്പേസില്‍ സിറ്റിസന്‍ഷിപ്പ് നേടിയത്. എം. നന്ദകുമാറിന്റെ കഥ കൈയില്‍ കിട്ടുന്നതും ഏതാണ്ട് ആ കാലത്തു തന്നെ. മലയാളിയുടെ അനുഭവമേഖലയിലേക്ക് ഇന്റര്‍നെറ്റിന്റെ വലക്കണ്ണികള്‍ വ്യാപകമായ തോതില്‍ വന്നണയുന്നതിനു മുമ്പ് എഴുതപ്പെട്ടതാണ് ഈ കഥ.
സ്ഥലകാലങ്ങളെ ഒടിച്ചുമടക്കി അകലത്തേക്കു പൊട്ടിത്തെറിക്കുന്ന സൂപ്പര്‍നോവ കണക്കെ മൌസ് പോയിന്റര്‍ ഏറ്റവും ആന്തരികമായ ബിന്ദുവിലേക്കു കൂപ്പുകുത്തി. അതിപൂരിത യാഥാര്‍ഥ്യത്തിന്റെ സൂപ്പര്‍ ഹൈവേകള്‍ ഹരിയെ മാടിവിളിച്ചു. സ്വപ്നാടനത്തിന്റെ അയഥാര്‍ഥഭൂമി. രമണി ഹൈപ്പര്‍ റിയാലിറ്റിയുടെ ഉള്ളറകളിലേക്കു മടങ്ങി. സൈബര്‍സ്പേസില്‍ ഏതേതു വീഥികളുടെ കെട്ടുപിണച്ചിലില്‍ അവര്‍ കണ്ടുമുട്ടി? പിന്നീട് ആലോചിച്ചപ്പോള്‍ അതെല്ലാം ആരോ പ്രോഗ്രാം ചെയ്ത ആകസ്മികതയാണെന്ന് ഹരി സംശയിച്ചു.
ആരോ പ്രോഗ്രാം ചെയ്ത ആകസ്മികതകളാണോ സൈബര്‍സ്പേസിലെ അനുഭവങ്ങളെല്ലാം? ഈ കഥയിലെ സന്ദേഹം ഇന്ന് ഒരു സമസ്യയായിത്തീര്‍ന്നിരിക്കുന്നു. വിചിത്രവും വിസ്മയകരവുമായ സാങ്കേതികാനുഭവത്തിലൂടെ നാം സഞ്ചരിക്കുന്ന ഇന്‍ഫര്‍മേഷന്‍ സൂപ്പര്‍ഹൈവേയിലെ വാഗ്ദത്തഭൂമിയിലേക്ക്, വിവിധ ജനസമൂഹങ്ങള്‍ നിറഞ്ഞ, അറിയപ്പെടാത്ത വന്‍കരകളിലേക്ക് തുഴഞ്ഞടുക്കുമ്പോള്‍ നമുക്ക് അങ്ങനെ തോന്നും.
കാലം തെറ്റി അല്‍പം മുമ്പ് പിറന്ന കഥയായിരുന്നു അത്. മലയാള സാഹിത്യചരിത്രത്തിലെ ആദ്യത്തെ സൈബര്‍കഥ. കഥാകൃത്ത് പിന്നീട് കാര്യമായി ഒന്നും എഴുതിയില്ല. അയാള്‍ ടാന്‍സാനിയയിലും മറ്റും ജോലി ചെയ്തും ഉന്മാദിയായി അലഞ്ഞുനടന്നും ജീവിച്ചു. ലഹരിയില്‍ നുരഞ്ഞും പതഞ്ഞും അയാളുടെ ആത്മവേദനകള്‍ ഒഴുകിപ്പോയിരിക്കണം. രണ്ടു വര്‍ഷം മുമ്പാണ് അയാളെ ആദ്യമായി നേരില്‍ കാണുന്നത്. ഈ വിചിത്രജീവി നാട്ടിലിറങ്ങിയിട്ടുണ്ടെന്ന് വിളിച്ച് പറഞ്ഞത് പി.കെ. രാജശേഖരനാണ്. അയാള്‍ എഴുത്തിലേക്ക് തിരിച്ചുവരാന്‍ ശ്രമിച്ചുവരുകയായിരുന്നു അപ്പോള്‍. കവിതകളിലൂടെയാണ് അയാള്‍ തന്നെത്തന്നെ വീണ്ടെടുത്തുതുടങ്ങിയത്. അളകാപുരിയിലെ ആദ്യ കൂടിക്കാഴ്ചയില്‍ ചിരപരിചിതനെപ്പോലെ നന്ദകുമാര്‍ ജീവിതം വെളിപ്പെടുത്തി. എന്റെ ബോധമണ്ഡലത്തില്‍ വിള്ളലുകള്‍ വീഴ്ത്തിയ വാര്‍ത്താളിയെക്കുറിച്ച് ആവേശത്തോടെ സൂചിപ്പിച്ചപ്പോള്‍ നന്ദകുമാര്‍ ചിരിച്ചു. വിപിന്‍ വിജയ് അത് സിനിമയാക്കുന്ന കാര്യം പറഞ്ഞു. ആ സിനിമ കാണേണ്ടി വന്നത് ഇക്കഴിഞ്ഞ 15ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലാണ്.
നന്ദകുമാറിന്റെ കഥയുടെ ആത്മാവു നശിപ്പിച്ച അസംബന്ധ സിനിമയാണ് 'ചിത്രസൂത്രം' എന്നു പറയാതിരിക്കാനാവില്ല. ബുദ്ധിജീവിജാടകള്‍ കൊണ്ട് അസഹ്യമായ ഒരനുഭവമായിരുന്നു മേളയിലെ ഈ വിവാദ ചിത്രം. പരീക്ഷണ സിനിമകള്‍ ഇതിനു മുമ്പും ഏറെ കണ്ടിട്ടുണ്ട്. ഗൊദാര്‍ദിനെപ്പോലുള്ളവരുടെ ധൈഷണികവ്യായാമങ്ങളും കണ്ടിട്ടുണ്ട്. പക്ഷേ സിനിമ എന്ന മാധ്യമത്തോടുള്ള എല്ലാ അഭിനിവേശവും കെടുത്തിക്കളയുന്ന ദൃശ്യപരിചരണരീതിയാണ് ഈ ചിത്രത്തിന്റേത്. ആ കഥ വായിച്ചിട്ടുള്ളവരാരും മാപ്പുകൊടുക്കില്ല സംവിധായകന്. സൈബര്‍സ്പേസിലെ പ്രതീതിലോകങ്ങളും ആഭിചാരമന്ത്രങ്ങളുടെ വിശ്വാസലോകവും തമ്മിലുള്ള കെട്ടുപിണച്ചിലുകള്‍, ഒരു നെറ്റിസന്റെ സ്വത്വപ്രതിസന്ധികള്‍, ലൈംഗികതയിലെ മോഹഭംഗങ്ങള്‍, തലമുറകള്‍ തമ്മിലുള്ള ആദാനപ്രദാനങ്ങള്‍ അങ്ങനെ വിഭിന്നമായ തലങ്ങളില്‍ വളര്‍ന്നുമുട്ടുന്ന പ്രമേയമായിരുന്നു കഥയുടേത്. സിനിമയിലോ? ശിഥിലമായ ചില ദൃശ്യബിംബങ്ങള്‍. വീണുടഞ്ഞുപോയ ഒരു ദര്‍പ്പണത്തിലെ ഭഗ്നബിംബങ്ങള്‍. ശബ്ദപഥത്തില്‍ ചിത്രത്തിന് ആസ്പദമായ കഥ കഥാകൃത്തു തന്നെ വായിക്കുന്നു. വിരസമായ മുഴുനീള കഥാവായനയും ഞെട്ടിക്കുന്ന ചില ദൃശ്യങ്ങളുമാണ് ചുരുക്കിപ്പറഞ്ഞാല്‍ 'ചിത്രസൂത്രം' എന്ന സിനിമ.
സായിപ്പിന് കണ്ടു വിസ്മയിക്കാന്‍ വേണ്ടുവോളമുണ്ട് സിനിമയില്‍. കോണകമുടുത്ത സന്ന്യാസി ശയനപ്രദക്ഷിണം നടത്തുന്നു. പടര്‍ന്നു പന്തലിച്ച ആല്‍മരത്തിനു നേരെ നടന്നടുക്കുന്നു. കത്തിപ്പടരുന്ന അഗ്നിയുടെ വൃത്തത്തിനു നടുവില്‍ നൃത്തം ചെയ്യുന്നു. വേദങ്ങളില്‍ നിന്നും ഉപനിഷത്തുകളില്‍ നിന്നും സ്ഥാനത്തും അസ്ഥാനത്തും ഉദ്ധരിക്കുന്നു. ഇന്ത്യന്‍ മിത്തോളജിയില്‍ നിന്നുള്ള നിശ്ചലദൃശ്യങ്ങളും ദൃശ്യബിംബങ്ങളും തെളിയുന്നു. എന്തിനധികം, സംഭാഷണങ്ങളിലുടനീളം നീഷേ, സ്പിനോസ... അങ്ങനെ ദാര്‍ശികരെ ആരെയും വിട്ടുകളയുന്നില്ല. കഥാപാത്രങ്ങളെല്ലാം ബുദ്ധിജീവികളായതിനാല്‍ നമ്മുടെ ഭാഷയറിയാത്തവര്‍ സബ്ടൈറ്റില്‍ വായിച്ച് വശംകെട്ടുപോവും. ഇന്ത്യന്‍ ആത്മീയതയും സൈബര്‍സ്വത്വപ്രതിസന്ധിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പ്രമേയം സായിപ്പിനെ ഞെട്ടിക്കാതിരിക്കില്ല. അയാളുടെ എക്സോട്ടിക് സെന്‍സിബിലിറ്റിയെ തൃപ്തിപ്പെടുത്താന്‍, പരദേശക്കാഴ്ചകളില്‍ അയാള്‍ക്ക് ഭ്രമിച്ചു നടക്കാന്‍ വേണ്ടുവോളമുണ്ട് ഈ സിനിമയില്‍. റോട്ടര്‍ഡാം ചലച്ചിത്രമേളയുടെ മല്‍സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ഈ ചിത്രം.
കഴിഞ്ഞ കേരളചലച്ചിത്രമേളയില്‍ പ്രിവ്യവില്‍ പുറത്തായ 'പുകക്കണ്ണാടി'യാണ് ഇത്തവണ 'ചിത്രസൂത്ര'മായി പിന്‍വാതിലിലൂടെ വന്നത് എന്നതായിരുന്നു വിവാദം. പുകക്കണ്ണാടി എന്നുതന്നെയാണ് ഈ ചിത്രത്തിന് യോജിച്ച പേര്. ചിത്രം കണ്ടിറങ്ങുമ്പോള്‍ ഒന്നും മനസ്സില്‍ അവശേഷിക്കുന്നില്ല. ആകെക്കൂടി ഒരു പുകമറയില്‍ പെട്ടതുപോലെ. ബുദ്ധിയോടോ വൈകാരികതയോടോ ഒരു തരത്തിലും സംവദിക്കാത്ത ഒരു സിനിമ.
അഞ്ചെട്ടു വര്‍ഷം മുമ്പ് കേരളത്തിലെ മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട 'ദ സീ ദാറ്റ് തിങ്ക്സ്' എന്ന നെതര്‍ലാന്റ്സ് ചിത്രം ഓര്‍മ വരുന്നു. പരസ്പരബന്ധമില്ലാത്ത ശ്ലഥബിംബങ്ങളിലൂടെ വര്‍ത്തമാനകാല ജീവിതത്തിന്റെ സങ്കീര്‍ണതകള്‍ അവതരിപ്പിക്കുകയാണ് ഈ ചിത്രം. We live in a circus of illusions we created ourselves എന്നു പറഞ്ഞുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്. ഒരാളുടെ യാഥാര്‍ഥ്യം എന്നു പറയുന്നത് അയാളുടെ വ്യക്തിവിഭ്രമം മാത്രമാണോ എന്ന ചോദ്യമാണ് ഈ ചിത്രം ഉയര്‍ത്തുന്നത്. 'ഞാന്‍' എന്നു പറയുന്ന വ്യക്തി വാസ്തവത്തില്‍ ആരാണ് എന്ന് ഈ ചിത്രം ചോദിക്കുന്നു. തിരക്കഥാകൃത്തായ ബാര്‍ത്ത് ആണ് ഗെര്‍ട്ട് ദെ ഗ്രാഫ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ മുഖ്യകഥാപാത്രം. പരിചയിച്ചുപഴകിയ ആഖ്യാനസങ്കേതങ്ങളെ നിരാകരിച്ച് പുതിയ ദൃശ്യപരിചരണരീതി അവലംബിക്കുന്ന സുധീരമായ ചലച്ചിത്രസംരംഭമായിരുന്നു 'ദ സീ ദാറ്റ് തിങ്ക്സ്'. ഒരു ചലച്ചിത്രമേളയില്‍ ഗെര്‍ട്ട് ദെ ഗ്രാഫ് ഈ ചിത്രം കാണാനിരുന്ന കാണികളോട് ഇങ്ങനെ പറഞ്ഞുവത്രെ.'ഒന്നും മനസ്സിലാക്കാന്‍ ശ്രമിക്കേണ്ട. Just watch and enjoy എന്ന്. നാം ചിന്തിക്കുന്നതിന്റെ പാരമ്പര്യ രീതികളെ തിരസ്കരിക്കാനാണ് ചിത്രം നമ്മോട് ആവശ്യപ്പെടുന്നത്. ഈ പരീക്ഷണ ചിത്രം നമ്മുടെ കാഴ്ചകളെ നവീകരിക്കുകയാണ് ചെയ്യുന്നത്. അത് ചലച്ചിത്രത്തിന്റെ ഭാഷയും വ്യാകരണവും അഴിച്ചു പണിയുന്നു.
ചിത്രസൂത്രത്തെ പരീക്ഷണാത്മക സിനിമയായി വാഴ്ത്തുന്ന ബുദ്ധിജീവികള്‍ 'ദ സീ ദാറ്റ് തിങ്ക്സ്' പോലുള്ള സിനിമകള്‍ കണ്ടുനോക്കുക. കെട്ടുകാഴ്ചകള്‍ കുത്തിനിറച്ച ജാടപ്പടവും എക്സ്പിരിമെന്റല്‍ സിനിമയും തമ്മിലുള്ള വ്യത്യാസം മനസ്സിലാവും.
അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച നവാഗത ഇന്ത്യന്‍ സംവിധായകന് മീരാ നായര്‍ ഏര്‍പ്പെടുത്തിയ ഹസ്സന്‍കുട്ടി അവാര്‍ഡ് ലഭിച്ചത് വിപിന്‍ വിജയിനാണ്. സങ്കീര്‍ണവും ദൂരൂഹവുമായ പ്രഹേളികപോലുള്ള ചലച്ചിത്രാഖ്യാനങ്ങള്‍ സൃഷ്ടിക്കാനുള്ള വിപിനിന്റെ കൈത്തഴക്കത്തിന് ഇതിലെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സാക്ഷ്യം വഹിക്കുന്നുണ്ട്. കേരളത്തെക്കുറിച്ചുള്ള ടൂറിസം ബ്രോഷറില്‍ കാണുന്ന ക്ലീഷേ ദൃശ്യങ്ങള്‍ പതിഞ്ഞുകിടക്കുന്ന സമാന്തര സിനിമകളാണല്ലോ പൊതുവെ മലയാളികള്‍ പടച്ചുവിടുന്നത്. അതില്‍ നിന്നും വേറിട്ടു നടക്കുന്നതിന്റെ പേരില്‍ വിജയിനെ അഭിനന്ദിക്കുക തന്നെ വേണം. പക്ഷേ ജീവിതം ചോര്‍ന്നുപോയ ദൃശ്യബിംബങ്ങള്‍ മാത്രം തരുന്ന ചലച്ചിത്രകാരനെ എത്ര പ്രേക്ഷകര്‍ മനസ്സില്‍ ചേര്‍ത്തുനിര്‍ത്തും? ഈ ചിത്രമുയര്‍ത്തിയ പ്രതികരണങ്ങള്‍ അങ്ങനെയൊരു ആത്മപരിശോധനക്ക് വിപിന്‍ വിജയിനെ പ്രേരിപ്പിക്കട്ടെ.

8 comments:

Unknown said...

:)

Pramod.KM said...

രാഹുല്‍ രാധാകൃഷ്ണന്‍ മലയാളം വാരികയില്‍ ഈ സിനിമയെക്കുറിച്ച് പ്രശംസിച്ചെഴുതിയിരുന്നു, കൂടെ ജയചന്ദ്രന്‍ നായരുടെ കുറിപ്പുമുണ്ട്. എഫ്.ഇ.സി യില്‍ ഇതിനെ പറ്റി വിരുദ്ധാഭിപ്രായങ്ങള്‍ കണ്ടു. ഇതും കൂടി വായിച്ചപ്പോള്‍ സിനിമ കാണണം എന്ന് ആഗ്രഹം:)

ടി.സി.രാജേഷ്‌ said...

രാഹുല്‍ രാധാകൃഷ്‌ണന്‍ ഈ സിനിമയുടെയും വിപിന്‍ വിജയിന്റെയും പി.ആര്‍.ഒ ആണെന്നു തോന്നുന്നു.

ആര്‍. ശ്രീലതാ വര്‍മ്മ said...

sajeesh,film kandilla.kure kelvikalum vayanayum maathram..athil ninnu aadhikaarikamayi onnum parayanilla enkilum ella vaikarikathakalum chorthikkalanju ,stalavum sthala rahithyavum jadeebhoothamaya reethiyil randu kadhapathrangalude bhashanam engane avatharippikkanakum ennu athishayichu,chila varthamanangaliloodeyum vayanakaliloodeyum kadannu poayappol.sthalvum(real)sthalarahithyavum(virtual)prashnavatkarikkanulla shramam vallathum film il undo?kazhcha aanallo ettavum sathyatmakam,ennum....

Shaji T.U said...

ഈ 'ബൌദ്ധിക സൂത്രം' കാണുവാന്‍ കഴിഞ്ഞില്ല. സജീഷിന് സമാനമായ അഭിപ്രായങ്ങളാണ് സൗഹൃദ വൃത്തങ്ങളില്‍ നിന്നും കേട്ടതും...

Unknown said...

ഏതാണ്ട് എല്ലാവരും തന്നെ ഇതാണ് പറഞ്ഞത്...പിന്നെ ഹസ്സന്‍ കുട്ടി അവാര്‍ഡ് അനൌണ്‍സ് ചെയ്തപ്പോള്‍ മാത്രമായിരിന്നു കൂവല്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ തോന്നുന്നു അതൊരു സ്വാഭാവിക പ്രതികരണം മാത്രമായിരിന്നു എന്ന്...

എന്നാലും ഇതെങ്ങനെ റോട്ടര്‍ഡാമിലെത്തി!!! എം ഏ ബേബിക്ക് അവിടെയും സ്വാധീനമുണ്ടോ!! :-)

(ഓഫ്: മാഷേ...ഈ വേഡ് വേരിഫിക്കേഷന്‍ എടുത്ത് മാറ്റിക്കൂടേ!)

Anonymous said...

nallath
puthiya prathibhaye angeekarihallo
athu nannayi

Anonymous said...

“ചിത്രസൂത്രം” പ്രേക്ഷകന്റെ ബുദ്ധിയേയും ക്ഷമയേയും പരീക്ഷിച്ച ചിത്രം തന്നെ. പക്ഷെ, ഈ ബുദ്ധിജീവി ജാഡക്ക് ബദലായി താങ്കൾ ഉയർത്തിപ്പിടിക്കുന്ന ചിത്രമായ "Sea That Thinks" സാങ്കേതിക ചെപ്പടിവിദ്യകൾ കാട്ടി പ്രേക്ഷകനെ വിഡ്ഡിയാക്കിയ ചിത്രമായിരുന്നില്ലേ?

Post a Comment