Sunday, January 16, 2011

ട്രാഫിക് തരുന്ന ഗ്രീന്‍ സിഗ്നലുകള്‍

ഗിലര്‍മോ അരിയാഗയും അലജാന്ദ്രോ ഗോണ്‍സാലസ് ഇനാരിത്തുവും തമ്മില്‍ പിണങ്ങിയെന്നു കേട്ടപ്പോള്‍ ലോകമെമ്പാടുമുള്ള ചലച്ചിത്രപ്രേമികളെപ്പോലെ മലയാളികളില്‍ ചിലരെങ്കിലും വേദനിച്ചു കാണണം. മലയാളത്തിലെ ഏറ്റവും ജനപ്രിയനായ എഴുത്തുകാരന്‍ മാര്‍ക്വേസ് ആണെന്നു എന്‍.എസ്. മാധവന്‍ പറഞ്ഞതുപോലെ പറയുകയാണെങ്കില്‍ ഡിവിഡി, ടോറന്റ് വിപ്ലവങ്ങള്‍ മാറ്റിമറിച്ച കേരളത്തിലെ ഏറ്റവും ജനപ്രിയനായ ചലച്ചിത്രകാരന്‍ ഇനാരിത്തു തന്നെയായിരിക്കും. കഴിഞ്ഞ മാസം ഇനാരിത്തുവിന്റെ 'ബ്യൂട്ടിഫുള്‍' കാണാന്‍ തിരുവനന്തപുരം അജന്തയില്‍ കണ്ട തിരക്ക് അതിന്റെ സാക്ഷ്യമായിരുന്നു. (കിം കി ഡുകിനെ മറന്നിട്ടല്ല ഇതു പറയുന്നത്. ദക്ഷിണ കൊറിയയിലെ ഡുകിന്റെ വസതിയില്‍ 'ബീനാപോള്‍ ഈ വീടിന്റെ ഐശ്വര്യം' എന്ന് എഴുതിവെച്ചിരിക്കുന്നതായി ഒരു എസ്.എം.എസ് ഫലിതം പ്രവഹിച്ചിരുന്നല്ലോ).
'അമോറസ് പെറോസ്', ബാബേല്‍, 21ഗ്രാംസ് എന്നീ സമകാലിക ലോകക്ലാസിക്കുകളുടെ രചയിതാവ് ഗിലര്‍മോ അരിയാഗയും സംവിധായകന്‍ ഇനാരിത്തുവും പള്ളിക്കൂടത്തിലേതുപോലൊരു പിണക്കത്തിന്റെ ഫലമായി വേര്‍പിരിഞ്ഞത് രണ്ടുമൂന്നു കൊല്ലം മുമ്പാണ്. എം.ടിയും ഹരിഹരനും പോലെ, ഭരതനും പത്മരാജനും പോലെ, സിബിയും ലോഹിതദാസും പോലെ ഒരേ ഭാവനയുടെ സഞ്ചാരപഥങ്ങളില്‍ ഒരുമിച്ചുസഞ്ചരിച്ചവരായിരുന്നു അവര്‍. 2006ലെ കാന്‍ചലച്ചിത്രമേളയില്‍ സംബന്ധിക്കുന്നതില്‍നിന്നും അരിയാഗയെ തടഞ്ഞ ഇനാരിത്തുവിന്റെ നടപടി പരക്കെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഓരോ ചിത്രത്തിന്റെയും ക്രെഡിറ്റ് പൂര്‍ണമായും അവകാശപ്പെടുന്ന പതിവ് അരിയാഗക്കുണ്ട് എന്നായിരുന്നു ഇനാരിത്തുവിന്റെ ആരോപണം. ഓസ്കര്‍ അവാര്‍ഡു പ്രഖ്യാപനത്തിനു തൊട്ടുമുമ്പ് ഒരു മെക്സിക്കന്‍ പ്രസിദ്ധീകരണത്തിന് ഇനാരിത്തു കത്തയക്കുകയുണ്ടായി. അരിയാഗയുടെ ഈ നടപടി നീതീകരിക്കാനാവില്ലെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. ഒരു തിരക്കഥാകൃത്ത് എന്ന നിലയിലല്ല, എഴുത്തുകാരന്‍ എന്ന് അറിയപ്പെടാനാണ് തന്റെ ആഗ്രഹം എന്ന് അരിയാഗ അഭിപ്രായപ്പെട്ടിട്ടുണ്ട്. ചലച്ചിത്രത്തിന്റെ സര്‍ഗാത്മകമായ പ്രവര്‍ത്തനങ്ങളില്‍ എഴുത്തുകാരനുള്ള നിര്‍ണായകമായ പങ്കിനെ കുറച്ചുകാണുന്ന രീതിയുടെ ഭാഗമാണ് തിരക്കഥാകൃത്ത് എന്ന വിശേഷണമെന്ന് അദ്ദേഹം പറയുന്നു. മധുരമായ ഒരു പ്രതികാരം പോലെ അരിയാഗ 'ദ 'ബേണിംഗ് പ്ലെയിന്‍' എന്ന ചിത്രം എഴുതി സംവിധാനം ചെയ്തു. കൂട്ടത്തില്‍ പറയട്ടെ, അരിയാഗയുടെ അഭാവം ഇനാരിത്തുവിന്റെ 'ബ്യൂട്ടിഫുളി'ല്‍ കാണാനുണ്ട്.
ഒരു ശിഥിലദര്‍പ്പണത്തിലെ ഭഗ്നബിംബങ്ങളെ സമര്‍ഥമായി കൂട്ടിയോജിപ്പിച്ച് പ്രതിബിംബം വീണ്ടെടുക്കുന്ന ചലച്ചിത്രസങ്കേതമാണ് ഇനാരിത്തുവിന്‍േത്. പല കഷണങ്ങളായി ചിതറിക്കിടക്കുന്ന ചിത്രശകലങ്ങളെ കൂട്ടിയോജിപ്പിച്ച് അതില്‍നിന്നും ചിത്രത്തിന്റെ യഥാര്‍ഥരൂപം കണ്ടെടുക്കുന്ന ഒരു പസില്‍ പോലെ. പല സാമൂഹികപാളികളിലെ ജനങ്ങളെ ആകസ്മികതയുടെ ഒരു ബിന്ദുവില്‍ തൊട്ടുകൊണ്ട് അയാള്‍ ഒരുമിപ്പിക്കുന്നു. (ഈ ഗ്രഹത്തിലെ ഓരോരുത്തരും ആറുപേരാല്‍ എങ്ങനെയെങ്കിലും കൂട്ടിയിണക്കപ്പെട്ടിരിക്കുന്നു എന്ന നവസാങ്കേതിക സിദ്ധാന്തം ഇവിടെ വെറുതെ ഓര്‍ക്കാവുന്നതാണ്. ആഫ്രിക്കന്‍ വനാന്തരങ്ങളിലെ ഒരു ചിത്രശലഭത്തിന്റെ ചിറകടി വിദൂരമായ ഒരു ദേശത്തെ കൊടുങ്കാറ്റിനിടയാക്കിയേക്കാം എന്നുപറയുന്ന, ബട്ടര്‍ഫ്ളൈ ഇഫക്റ്റ് എന്ന കാവ്യരൂപകവും ഓര്‍ക്കുക) അദൃശ്യമായ ചരടുകളിലൂടെ പരസ്പരം കൂട്ടിയിണക്കപ്പെടുന്ന ജീവിതങ്ങളുടെയും സംസ്കാരങ്ങളുടെയും കഥകളാണ് ഇനാരിത്തുവും അരിയാഗയും പറഞ്ഞത്. അത് എല്ലാ ഭാഷകളിലുമുള്ള ചലച്ചിത്രകാരന്മാര്‍ക്ക് മാറിച്ചിന്തിക്കാന്‍ പ്രചോദനമായിട്ടുണ്ട്. മണിരത്നം ഉള്‍പ്പെടെ. ഒരു സംഭവത്തിന്റെ സംഗമബിന്ദുവില്‍ ഒന്നിലധികം പേരുടെ വ്യത്യസ്തജീവിതങ്ങള്‍ സമന്വയിപ്പിക്കുന്ന ഇനാരിത്തുവിന്റെ ചലച്ചിത്ര സങ്കേതത്തില്‍നിന്ന് കടംകൊണ്ടാണ് മണിരത്നം 'ആയുധ എഴുത്ത്'(2004) എന്ന തമിഴ് ചിത്രവും 'യുവ എന്ന ഹിന്ദിചിത്രവും നിര്‍മിച്ചത്. ഇനാരിത്തുവിന്റെ ആഖ്യാനസങ്കേതങ്ങള്‍ കടം കൊണ്ട് മൌലികമായ ഒരു സിനിമ മലയാളത്തില്‍ എടുക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് രാജേഷ്പിള്ള 'ട്രാഫിക്' എന്ന ചിത്രത്തില്‍. ഇങ്ങനെയൊരു പ്രചോദനമുള്‍ക്കൊള്ളാന്‍ മലയാളി അല്‍പം വൈകിപ്പോയതിനു കാരണമുണ്ട്. മാടമ്പിമാരും പ്രമാണിമാരും താന്തോന്നികളും പോക്കിരിരാജകളും വാഴുന്ന ചട്ടമ്പിനാട്ടിലെ പൊള്ളാച്ചിക്കാഴ്ചകള്‍ ഒരേ അച്ചില്‍ ചുട്ടെടുക്കുന്നതിനിടയില്‍ ലോകം മാറുന്നതും സിനിമ മാറുന്നതും നമ്മുടെ സിനിമാക്കാര്‍ അറിയാതെ പോയി.എമീര്‍ കുസ്തുറിക്കയുടെ 'അണ്ടര്‍ഗ്രൌണ്ടി'ല്‍ യുദ്ധകാലത്ത് ഭൂഗര്‍ഭനിലവറയില്‍ ജനിച്ച് അവിടെ ലോകം കാണാതെ വളരുന്ന ഒരു അഭയാര്‍ഥിബാലന്‍ 14ാം വയസ്സില്‍ മോചിതനായി പുറത്തുവരുമ്പോള്‍ സൂര്യനെ കണ്ട് 'ഹായ് ചന്ദ്രന്‍' എന്നു പറയുന്ന രംഗമുണ്ട്. അതുപോലെ നമ്മുടെ സിനിമക്കാര്‍ ഇരുട്ടിനെ ഉപാസിച്ചുകൊണ്ട് പുതിയ വെളിച്ചങ്ങള്‍ക്കു നേരെ കണ്ണടച്ചുപോന്നു. പുറത്ത് ലോകം മാറുന്നുണ്ടായിരുന്നു. സിനിമ മാറുന്നുണ്ടായിരുന്നു. തൊട്ടയല്‍പക്കത്ത് തമിഴില്‍ നടക്കുന്നതുപോലും കാണാന്‍ കൂട്ടാക്കാതെ ലോകത്തെ പുറത്താക്കി അവര്‍ വാതിലടച്ച് വീട്ടിലിരുന്നു. തൊട്ടിപ്പടങ്ങള്‍ എട്ടുനിലയില്‍ പൊട്ടുമ്പോള്‍ മലയാളിപ്രേക്ഷകനെ കുറ്റം പറഞ്ഞു. അവന്റെ സംവേദനശേഷിയെ വിലകുറച്ചു കണ്ടു.
അങ്ങനെ വിലകുറച്ച് കാണേണ്ട ഒന്നല്ല തങ്ങളുടെ സംവേദനശേഷിയെന്ന് മലയാളിപ്രേക്ഷകന്‍ ഉറക്കെ വിളിച്ചുപറയുകയാണിപ്പോള്‍. ട്രാഫിക് എന്ന ചിത്രത്തിന് അവര്‍ കൊടുക്കുന്ന പിന്തുണ നോക്കൂ. തിങ്ങിനിറഞ്ഞ പ്രേക്ഷകര്‍ക്കിടയില്‍ ഹര്‍ഷാരവങ്ങള്‍ക്കു സാക്ഷിയായി ഇന്നലെ ചിത്രം കണ്ടു. രാജേഷ് പിള്ളയും ബോബിയും സഞ്ജയും അസാമാന്യമായ ആര്‍ജവമാണ് കാണിച്ചിരിക്കുന്നത്.
മലയാള സിനിമയുടെ വര്‍ത്തമാനത്തില്‍ ട്രാഫിക്കിന്റെ ഗ്രീന്‍ സിഗ്നലുകള്‍ ഏതെല്ലാം ദിശയിലേക്കാണ് നമ്മെ നയിക്കുക എന്നു നോക്കാം.
1) താരകേന്ദ്രിതമായ ഒരു ജനപ്രിയ ഫോര്‍മുലയെ ഈ ചിത്രം നിരാകരിക്കുന്നു. ഒരു താരത്തിനു മാത്രം തിളങ്ങാനുള്ള കഥാസന്ദര്‍ഭങ്ങളോ സംഭാഷണങ്ങളോ സംഘട്ടനരംഗങ്ങളോ ചിത്രത്തിലില്ല. താരത്തിനു പകരം കഥാപാത്രങ്ങളേയുള്ളൂ ഇതില്‍. നായകന്‍, നായിക, വില്ലന്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നീ അവശ്യഘടകങ്ങളെ ബോധപൂര്‍വം മാറ്റിനിര്‍ത്തിയിരിക്കുന്നു.
2) പരിചയിച്ചു പഴകിയ രേഖീയമായ, ഋജുരേഖയിലുള്ള ആഖ്യാനരീതിയെ കൈയൊഴിയുന്നു. സംവേദന സന്ദിഗ്ധതകള്‍ ഇല്ലാതെ, കാഴ്ചക്കാരനില്‍ ഒരു തരത്തിലുള്ള അവ്യക്തതകളുമവശേഷിപ്പിക്കാതെ, സങ്കീര്‍ണമായ കഥാഘടന യുക്തിഭദ്രമായി അവതരിപ്പിക്കുന്നു. ക്രമരഹിതമായ രംഗങ്ങളിലൂടെ അനുക്രമമായി വികസിക്കുന്ന ആഖ്യാനം.
3) രണ്ടു മണിക്കൂറിനുള്ളില്‍ മൂന്നു തലമുറകളുടെ കഥ പറയുന്ന നമ്മുടെ മുഖ്യധാരാ സിനിമയുടെ പൊതുരീതിയെ പൊളിക്കുന്നു. ഒരു ദിവസം നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തില്‍. (സൈക്കിള്‍, കോക്ടെയില്‍ തുടങ്ങിയ ചില ചിത്രങ്ങളും ഇതിനു മുമ്പ് ഈ രീതി സ്വീകരിച്ചിട്ടുണ്ട്.) രണ്ടുമണിക്കൂറിനുള്ളില്‍ ഒരു ബീഡി വലിച്ചുതീരാത്ത, കഞ്ഞികുടിച്ചു തീരാത്ത നായകന്മാരുള്ള സമാന്തര സിനിമക്കാര്‍ക്കു കൂടി ഇതില്‍നിന്നു ചിലതു പഠിക്കാം. അടൂരിനു പഠിക്കുന്ന പുതുതലമുറ സമാന്തരന്മാര്‍ പ്രത്യേകം ശ്രദ്ധിക്കുമല്ലോ.
4) കേരളത്തിലെ സാമാന്യപ്രേക്ഷകന്റെ സംവേദനനിലവാരം ഉയര്‍ത്തുന്നു. വാസ്തവത്തില്‍ ക്വിന്റിന്‍ ടരന്റിനോ, ഇനാരിത്തു തുടങ്ങി നവീന സിനിമയുടെ ശക്തരായ പ്രയോക്താക്കളുടെ ക്രാഫ്റ്റ് ആണ് 'ട്രാഫികി'ന് പ്രചോദനമായത്. സിനിമ എന്ന മാധ്യമത്തെ ഗൌരവപൂര്‍വം വീക്ഷിക്കുന്ന പ്രേക്ഷകര്‍ക്കു മാത്രം ഹിതകരമായ ഈ ശില്‍പരൂപത്തില്‍ വാര്‍ത്തെടുത്ത 'ട്രാഫിക് ' കണ്ടിട്ട് സാമാന്യപ്രേക്ഷകന്‍ കൈയടിച്ചു പ്രോല്‍സാഹിപ്പിക്കുന്ന ആഹ്ലാദകരമായ കാഴ്ചക്ക് ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ സാക്ഷ്യം വഹിക്കുന്നു.
5) ക്ലാസിക് ദൃശ്യശില്‍പങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് മൌലികമായ ഒരു സൃഷ്ടിക്ക് രൂപം നല്‍കാമെന്ന് തെളിയിക്കുന്നു. വിദേശചിത്രങ്ങളില്‍ നിന്ന് ഷോട്ട് ബൈ ഷോട്ട്, ഫ്രെയിം ബൈ ഫ്രെയിം കോപ്പിയടിച്ചിട്ട് സ്വന്തം പേരില്‍ കഥ, തിരക്കഥ എന്ന് എഴുതിവെച്ചവരെ ലജ്ജിച്ചു തല താഴ്ത്താന്‍ പ്രേരിപ്പിക്കുന്നു ഈ ചിത്രം. ടോറന്റ്, ഡി.വി.ഡി വിപ്ലവത്തിന്റെ ധനാത്മകമായ ഉപലബ്ധി എന്നു പറയാം. ഭാവനാദാരിദ്യ്രവും പ്രതിഭാശോഷണവും കൊണ്ട് വിദേശസിനിമകള്‍ കണ്ട് അതില്‍നിന്ന് തനിക്കു മനസ്സിലായത് മലയാളത്തിലാക്കാന്‍ ഉറക്കമൊഴിച്ചവര്‍ ദിവസം ഒന്നുവീതം മൂന്നു നേരം ട്രാഫിക് കാണുക.
6) പൊതുവെ നമ്മുടെ സിനിമകള്‍ അവസാനിക്കുക ഒരു ഗ്രൂപ്പ് ഫോട്ടോ ക്ലൈമാക്സിലാണ്. കഥാപാത്രങ്ങളും പങ്കെടുത്തവരും 70 mm സ്ക്രീനില്‍ നിരന്നു നില്‍ക്കും. സലിംകുമാറോ സുരാജോ ബിജുക്കുട്ടനോ പറയുന്ന തമാശ കൂടി കേട്ട് കരഞ്ഞുകണ്ണുതുടച്ച് നമുക്ക് തിയറ്ററില്‍നിന്ന് ഇറങ്ങിപ്പോരാം. ഈ ചിത്രത്തില്‍ ഇത്രയും വലിയ ഒരു ദൌത്യത്തില്‍ പങ്കെടുത്തവരെ നിരത്തിനിര്‍ത്തി പ്രേക്ഷകന് മോഹമുക്തി നല്‍കുന്ന ഏര്‍പ്പാടില്ല. ഒരു ദിവസത്തിന്റെ ആകസ്മികതപോലെ അവര്‍ സ്വാഭാവികമായി വരുന്നു, പോവുന്നു. ഒരില പൊഴിയുന്നതുപോലെ ബഹളങ്ങളില്ലാതെ റിയലിസ്റ്റിക് ആയി ചിത്രം അവസാനിക്കുന്നു.
7) സമീപകാല മലയാള സിനിമയിലെ ഏറ്റവും സാങ്കേതികത്തികവുള്ള സീനുകളാണ് ചിത്രത്തിലെ രണ്ട് അപകടരംഗങ്ങളും. കുറച്ച ബജറ്റില്‍ സിനിമയെടുക്കേണ്ടി വരുന്ന പ്രതിഭാശാലികള്‍ക്ക് കുറച്ചു കാശുകൊടുത്താല്‍ അവര്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന മുന്നറിയിപ്പുണ്ട് ആ രംഗങ്ങളില്‍.
8) കെട്ടുറപ്പുള്ള തിരക്കഥയില്‍നിന്ന് ഒരു നല്ല സിനിമയുണ്ടാക്കാം എന്നു തെളിയിച്ചിരിക്കുന്നു. പൊതുവെ സ്ക്രിപ്റ്റ് ഡിസ്കഷന്‍ എന്ന കലാപരിപാടിയില്‍ സിനിമയുമായും സാഹിത്യവുമായും പുലബന്ധം പോലുമില്ലാത്തവര്‍ വന്ന് ഇടപെട്ട് നായ്ക്കും നരിക്കും വേണ്ടാത്ത കോലത്തിലാക്കി കഥയെ മാറ്റുന്നതാണ് പതിവ്. ചെന്നൈയില്‍ നടന്ന ഒരു സംഭവത്തിന്റെ ചുവടുപിടിച്ച് ഒരു കഥ മെനയുകയും അതിനെ ജനപ്രിയ സമവാക്യങ്ങള്‍ക്ക് കീഴ്പ്പെടുത്താതെ, അനാവശ്യമായ ഇടപെടലുകള്‍ക്ക് അനുവദിക്കാതെ അവതരിപ്പിക്കാന്‍ കാട്ടിയ ആര്‍ജവം അഭിനന്ദനീയമാണ്.
Hats off to Rajesh Pillai, Boby and Sanjay for stepping out of the trodden track എന്ന് ഫേസ് ബുക്കില്‍ ഒരു സ്റ്റാറ്റസ് മെസേജ് ഇട്ടപ്പോള്‍ വന്ന പ്രതികരണങ്ങള്‍ രസകരമായ ഒരു ചര്‍ച്ചക്കു വഴിവെച്ചു. എന്തുകൊണ്ടാണ് എല്ലാ പരീക്ഷണചിത്രങ്ങളും സ്ത്രീവിരുദ്ധമാവുന്നത് എന്ന ചോദ്യമുയര്‍ന്നത് ദിലീപ് രാജില്‍നിന്ന്. അലക്ഷ്യമായി കാറോടിച്ച് അപകടമുണ്ടാക്കുന്ന പെണ്‍കുട്ടി, (ഡ്രൈവിംഗ് പെണ്ണുങ്ങള്‍ക്കു പറ്റില്ലെന്ന് മലയാളിയുടെ പൊതുബോധം) ഭര്‍ത്താവിനോട് വിശ്വസ്തത കാണിക്കാത്ത ഭാര്യ (അതിന്റെ പേരില്‍ അവളെ കൊന്നാലും അവന്റെ കൂടെ നില്‍ക്കുന്ന മലയാളിയുടെ അപകടകരമായ സദാചാരം) തുടങ്ങി അങ്ങനെ വായിച്ചെടുക്കാവുന്ന കാര്യങ്ങള്‍ ചിത്രത്തിലുണ്ട്. ബീമാപള്ളിയെ അനുസ്മരിപ്പിക്കുന്ന മുസ്ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു കോളനിയിലൂടെ കടന്നുപോവുന്നതിലെ റിസ്കിനെക്കുറിച്ച് ചിത്രത്തിലുള്ള പരാമര്‍ശം ഫേസ്ബുക്കില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. തീര്‍ച്ചയായും അതില്‍ വംശീയമായ മുന്‍വിധികളുണ്ട്. ചില അപഭ്രംശങ്ങളുടെ പേരില്‍ ഒരു ജനപ്രിയ സംസ്കാര പഠിതാവിന്റെ കണ്ണിലൂടെ ചിത്രത്തെ കീറിമുറിക്കാന്‍ ഈയവസരത്തില്‍ മുതിരുന്നില്ല. http://malayal.am/ എന്ന വെബ്സൈറ്റിലെ റിവ്യൂ കാണുക. അതിന്റെ മൂര്‍ച്ഛിച്ച രൂപം അവിടെ കാണാം.
ചിത്രത്തോടുള്ള സൈബര്‍ലോകത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. സിനിമയില്‍ ഒരു സംഭാഷണമുണ്ട്. നിങ്ങള്‍ ഒരു നോ പറയുകയാണെങ്കില്‍ ഏതൊരു സാധാരണ ദിവസവും പോലെ ഈ ദിവസവും അവസാനിക്കും. മറിച്ച് യെസ് പറയുകയാണെങ്കില്‍ അത് ഒരു ചരിത്രത്തിനു തുടക്കം കുറിക്കും. ഈ പരീക്ഷണ ചിത്രത്തോട് നോ എന്നു പറഞ്ഞ് മുഖം തിരിക്കുകയാണെങ്കില്‍ നാം പൊള്ളാച്ചിച്ചന്തയില്‍ പൊള്ളിച്ചെടുക്കുന്ന പാതിവെന്ത മസാലകള്‍കൊണ്ട് തൃപ്തിപ്പെടേണ്ടിവരും. മറിച്ച് ചിത്രത്തെ പ്രോല്‍സാഹിപ്പിക്കുകയാണെങ്കില്‍ ഇതുപോലുള്ള നിരവധി പരീക്ഷണങ്ങള്‍ ഇനിയും വരും. അത്തരമൊരു ഗ്രീന്‍ സിഗ്നലാണ് 'ട്രാഫികി'ല്‍ തെളിയുന്നത്.

34 comments:

ജീവി കരിവെള്ളൂർ said...

സിനിമ ഇഷ്ടായി .
പക്ഷേ റിയലിസ്റ്റികായി അവസാനിക്കുന്നു എന്നു പറഞ്ഞതിനോട് യോജിക്കാനൊട്ടു കഴിയുന്നുമില്ല . കേരളത്തിലെ ലോകോത്തര നിലവാരത്തിലുള്ള റോഡിലൂടെ 90-120 സ്പിഡില്‍ സര്‍ക്കാര്‍ വാഹനം ഓടിച്ച സാദാ പോലീസുകാരനും അതിസാഹസികമായ പ്രകടനം കാഴ്ചവച്ച സഹ കഥാപാത്രങ്ങള്‍ക്കും നടന്നും വണ്ടിയോടിച്ചും വീട്ടില്‍ പോകാന്‍ കഴിഞ്ഞു എന്നത് ഒരു പക്ഷേ ഒരു ശുഭാപ്തി വിശ്വാസത്തിന്റെ മാറ്റൊലിയാവാം .അതു പക്ഷേ “മ”കാരങ്ങള്‍ അവശേഷിപ്പിക്കുന്ന അതിമാനുഷികാവശിഷ്ടത്തിന്റെ തുടര്‍ച്ചതന്നെയല്ലേ ?

താരമൂല്യം ഉപയോഗിച്ചില്ല എന്നു പറയുന്നത് എത്രകണ്ട് ശരിയാണ് . ശ്രീനിവാസന്റെ സ്ഥാനത്ത് ഒരു സാദാ ജൂനിയര്‍ നടനാണ് ആ ഉദ്യമം ഏറ്റെടുത്തിരുന്നെങ്കില്‍ ഇത്രയും കയ്യടികിട്ടുമായിരുന്നോ ?

കഥാപാത്രങ്ങളെ മറച്ച് കൊണ്ട് കഥയും സന്ദര്‍ഭങ്ങളും നിറഞ്ഞു നിന്നത് ഇഷ്ടായി ,വേറിട്ട അനുഭവമായി .

കോക്ടെയിലിനും ട്രാഫിക്കിനും പുതുപ്രതീക്ഷകള്‍ മൊട്ടിടുവിക്കുവാന്‍ കാരണമായെന്നത് നിസ്സംശയം .

ശ്രീജിത് കൊണ്ടോട്ടി. said...

സിനിമ കണ്ടില്ല.. താങ്കളുടെ ഈ പോസ്റ്റു വായിച്ചപ്പോള്‍ കാണണം എന്നുണ്ട്..

noufi said...

ഇതേ കുറിച്ച് Google Buzz - ഇല്‍ നടക്കുന്ന ചര്‍ച്ചകള്‍

http://www.google.com/buzz/unmesh.dasthakhir/2ESr9QRyTPR/%E0%B4%9F-%E0%B4%B0-%E0%B4%AB-%E0%B4%95-%E0%B4%B8-%E0%B4%A8-%E0%B4%AE-%E0%B4%95%E0%B4%A3-%E0%B4%9F-%E0%B4%A8

http://www.google.com/buzz/113802473597883245288/cdSHysyoYGG/%E0%B4%8E%E0%B4%A4-%E0%B4%B0-%E0%B4%AE-%E0%B4%A4-%E0%B4%B0-%E0%B4%AE-%E0%B4%95-%E0%B4%9A-%E0%B4%9A-%E0%B4%B0

Haree said...

"സിനിമ എന്ന മാധ്യമത്തെ ഗൌരവപൂര്‍വം വീക്ഷിക്കുന്ന പ്രേക്ഷകര്‍ക്കു മാത്രം ഹിതകരമായ ഈ ശില്‍പരൂപത്തില്‍ വാര്‍ത്തെടുത്ത 'ട്രാഫിക് ' കണ്ടിട്ട് സാമാന്യപ്രേക്ഷകന്‍ കൈയടിച്ചു പ്രോല്‍സാഹിപ്പിക്കുന്ന ആഹ്ലാദകരമായ കാഴ്ചക്ക് ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ സാക്ഷ്യം വഹിക്കുന്നു." - ഒരുപക്ഷെ, ഇനി ഇതാണോ ഗൌരവപൂര്‍വം വീക്ഷിക്കുന്ന പ്രേക്ഷകര്‍ക്ക് ഹിതകരമല്ലാതെപോയത്!

Haree said...

(അതിന്റെ പേരില്‍ അവളെ കൊന്നാലും അവന്റെ കൂടെ നില്‍ക്കുന്ന മലയാളിയുടെ അപകടകരമായ സദാചാരം) അതു ചെയ്തത് തെറ്റായി എന്നും തിരുത്തേണ്ടതുണ്ട് എന്നുമല്ലേ ഒടുവില്‍ ഡോ. ആബേല്‍ മനസിലാക്കുന്നത്? എന്നുവെച്ചാല്‍ മലയാളിയുടെ അത്തരത്തിലുള്ള സദാചാരബോധം തിരുത്തേണ്ടതുണ്ടെന്ന്...

ടി.സി.രാജേഷ്‌ said...

നമ്മുടെ വായനകളും കാഴ്‌ചകളും അപൂര്‍ണമാകുമ്പോഴാണ്‌ ഹരീ ഇത്തരം പ്രശ്‌നങ്ങളുണ്ടാകുന്നത്‌. എന്തായാലും സജീഷിന്റെ നിരീക്ഷണങ്ങളോട്‌ ഞാന്‍ പൂര്‍ണമായും യോജിക്കുന്നു.

Kiranz..!! said...

ഈ പരീക്ഷണ ചിത്രത്തോട് നോ എന്നു പറഞ്ഞ് മുഖം തിരിക്കുകയാണെങ്കില്‍ നാം പൊള്ളാച്ചിച്ചന്തയില്‍ പൊള്ളിച്ചെടുക്കുന്ന പാതിവെന്ത മസാലകള്‍കൊണ്ട് തൃപ്തിപ്പെടേണ്ടിവരും.

അൾട്ടിമേറ്റ്ലി ഇതാണു കാര്യം.കഴിഞ്ഞ വർഷം 92 ചിത്രങ്ങൾ റിലീസായതിൽ 16 എണ്ണത്തിൽക്കൂടുതലൊന്നും പച്ച തൊട്ടില്ലെന്നാണറിവ്. മെഗാഹിറ്റുകളായതൊക്കെയും കലാസാംസ്ക്കാരികമൂല്യവുമായൊന്നും തട്ടിച്ച് നോക്കാൻ കൂടി പറ്റാത്തതാണ്.അത്തരമൊരു സ്ഥിതിവിശേഷത്തിലേക്കാണ് മിനിമം കോമൺസെൻസുള്ള ഇത്തരം സിനിമകൾ ഇറങ്ങിവരുന്നത്.യാതൊരു വിശേഷണങ്ങളുമില്ലാതിറങ്ങുന്ന ഇത്തരം സിനിമകളെ സാധാരണ പ്രേക്ഷകനിഷ്ടമായി എന്നത് വെച്ചു കൊണ്ട് മാത്രം അതിനെ ഇഴകീറിപരിശോധിച്ച് വിമർശിക്കുന്നത് എത്രമാത്രം നല്ലതാണെന്ന സംശയമുണ്ട്.ബാക്കി 80-85 ചിത്രങ്ങളെക്കുറിച്ച് ആർക്കും മിണ്ടാട്ടമില്ലെന്നതും വിചിത്രമാണ്.ചർച്ചപോലും അർഹമില്ലെന്നാവും എന്ന തരത്തിൽ നോക്കിയാലും ട്രാഫിക് അതിന്റെ ധർമ്മം നിറവേറ്റിയെന്ന് തോന്നുന്നു.അണിയറ ശില്‍പ്പികൾ പോലും ഒരു പക്ഷേ അവകാശപ്പെടാത്ത നിലവാരത്തിലേക്ക് അതിനെ താരതമ്യപ്പെടുത്തുന്ന,അനാവശ്യവിവാദങ്ങൾ അതിനെ ടാഗ് ചെയ്തുണ്ടാക്കി,സിനിമ കാണാൻ ആഗ്രഹമുള്ളവരേക്കൂടി അത് തീയറ്ററിൽക്കാണാതെ കൺഫ്യൂസ് ചെയ്യിപ്പിച്ച് പൈറസി വർദ്ധിപ്പിക്കുന്നതുകൊണ്ടൊന്നും സിനിമയിലെ നിലവാരം വർദ്ധിക്കുമെന്ന് തോന്നുന്നില്ല.വിരുദ്ധാഭിപ്രായങ്ങളാകാം പക്ഷേ അതൊരു സിനിമാവിരുദ്ധ കാമ്പയിൻ പോലെ കൊണ്ടുനടക്കുന്നത് സിനിമ എന്ന മാധ്യമത്തിന് എത്രത്തോളം ഗുണം ചെയ്യുമെന്ന് കണ്ടു തന്നെ അറിയേണ്ടിയിരിക്കുന്നു. പണ്ടാരോ പറയാറുണ്ട് “കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ കൊല്ലാറുണ്ടെന്ന്” :)

Shaji T.U said...

നല്ല നിരീക്ഷണങ്ങള്‍ സജീഷ്...

Anoopkumar said...

നല്ല നിരീക്ഷണം

KAMARUDHEEN said...

നാല് ജീവിതങ്ങള്‍ കുറച്ചു സമയത്തേക്ക് ഒരു ജങ്ക്ഷനില്‍ വന്നു ചേര്‍ന്ന് പിരിയുന്ന കഥ അവതരണ ശൈലിയും ലേഖകന്റെ നിരീക്ഷണവും നന്നായിട്ടുണ്ട്... ഓരോ നടനും വളരെ ജെനുവിന്‍ ആയി കഥാ പാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് ... പ്രേക്ഷകര്‍ സിനിമ കാണുന്ന വിവരം മറന്നു അതൊരു യാധാര്ത്യമായി അംഗീകരിച്ചു കഥാ പട്രങ്ങല്‍ക്കൊപ്പം സഞ്ചരിക്കുന്നു, സിനിമയും പ്രേക്ഷകനും ഒന്നായി മാറുന്നു...ഇത്തരം സിനിമകള്‍ക്ക്‌ പച്ച സിഗ്നല്‍ കൊടുക്കാതെ നിര്‍വാഹമില്ല......
pls visit
www.kamarkp.blogspot.com

വിശ്വസ്തന്‍ (Viswasthan) said...

നിങ്ങള്‍ ഒരു നോ പറയുകയാണെങ്കില്‍ ഏതൊരു സാധാരണ ദിവസവും പോലെ ഈ ദിവസവും അവസാനിക്കും. മറിച്ച് യെസ് പറയുകയാണെങ്കില്‍ അത് ഒരു ചരിത്രത്തിനു തുടക്കം കുറിക്കും. ഈ പരീക്ഷണ ചിത്രത്തോട് നോ എന്നു പറഞ്ഞ് മുഖം തിരിക്കുകയാണെങ്കില്‍ നാം പൊള്ളാച്ചിച്ചന്തയില്‍ പൊള്ളിച്ചെടുക്കുന്ന പാതിവെന്ത മസാലകള്‍കൊണ്ട് തൃപ്തിപ്പെടേണ്ടിവരും. മറിച്ച് ചിത്രത്തെ പ്രോല്‍സാഹിപ്പിക്കുകയാണെങ്കില്‍ ഇതുപോലുള്ള നിരവധി പരീക്ഷണങ്ങള്‍ ഇനിയും വരും. അത്തരമൊരു ഗ്രീന്‍ സിഗ്നലാണ് 'ട്രാഫികി'ല്‍ തെളിയുന്നത്.
nalla dialouge!!!!!!!!!!

ഇപ്പോ അനൂപ്‌ മേനോന്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ ,ധൈര്യമായി ആ പടത്തിനു പോകാം ,കാരണം ഇപ്പോ മലയാളത്തില്‍ ഇറങ്ങുന്ന പുതിയ പരീക്ഷണ ചിത്രങ്ങളുടെ എല്ലാം പുറകില്‍ അനൂപ് മേനോന്‍ ഉണ്ട് . ഇനി ഒരു പടം വരുന്നുണ്ട് lavender എങ്ങനെ ഉണ്ട് എന്ന് കാത്തിരുന്നു കാണാം .

My review-Traffic

http://sintochittattukara.blogspot.com/

ചെതല്‌ said...

ശ്രീനിയോഴികെ എല്ലാം നന്നായി എന്ന് പറയണം എന്ന് പറയാന്‍ തോന്നുന്നു
എന്തായാലും ഈ പദമാണ്‌ വിജയിക്കേണ്ടത്
നൂറു ശതമാനം വിജയിക്കേണ്ട പടം
പക്ഷെ എനിക്കെന്തോ മലയാളി എന്ന കപടനില്‍ വിശ്വാസമില്ല
ഒരേ സമയം നല്ല പടമില്ല ഈനു പറയുകയും മോശം
പദത്തെ വിജയിപ്പിക്കുകയും
മോശം പദം മാത്രമേ ഉള്ളൂ എന്ന് പറയുകയും നല്ല പടം കാണാതിരിക്കുകയും
ചെയ്യുന്ന കപടന്‍
ഇവന്‍ ഈ പദത്തിന്റെ കോമ്പ്ലെക്സ് ഘടനയെ കുറിച്ച്
പരാതിപ്പെടും തീര്‍ച്ച
പാസ്സെന്ചെര്‍ ന്റെ ലാളിത്യം അതിന്റെ പോള്ളതരങ്ങളെ
മറച്ചിരുന്നു
പക്ഷെ ഈ പദത്തിന്റെ കോമ്പ്ലെക്സിടി ആളുകളെ സംശയാലുക്കള്‍ ആക്കും

eda ee thendikalu kayyadikkoollaa
ee thendiklu parayunna "no" kondu ee
padathinte ayussu avasanikkum ennu vedanikkanum
naale veroralkku 'yes' parayan pattukayum cheyyilla ennu athmarthamayum bhayakkunnuu

sorry for this negative response

ചെതല്‌ said...

അടൂരിനു പഠിക്കുന്ന പുതുതലമുറ സമാന്തരന്മാര്‍ പ്രത്യേകം ശ്രദ്ധിക്കുമല്ലോ

prathyeka vishayamakki oru sadhanam ezhuthendathalle

N P Sajeesh said...

ശരിയാണ് ചെതലേ. നമ്മുടെ തലമുറയിലെ സമാന്തരന്മാര്‍ ഇപ്പോഴും എഴുപതുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. എഴുപതുകള്‍ക്കു ശേഷം ജനിച്ചവരാണെങ്കിലും അവര്‍ ആര്‍ട്ട്സിനിമയെടുത്ത് അകാലത്തില്‍ വൃദ്ധരായി. അക്രമാസക്രരായ ജനക്കൂട്ടത്തെ പിരിച്ചുവിടാനല്ലാതെ ഈ സിനിമകള്‍ ഒന്നിനും ഉപകരിക്കില്ല. ഇന്നലെ രാത്രി ഒരു സിനിമ കണ്ടു. കഴിഞ്ഞയാഴ്ച റിലീസ് ചെയ്തെങ്കിലും തിയറ്ററില്‍ എനിക്കു പിടിതരാതെ തകരപ്പെട്ടിയിലേക്കു തിരിച്ചുപോയ ചിത്രം ഡിവിഡിയിലാണ് കണ്ടത്. കണ്ടു എന്ന് അങ്ങനെ തികച്ചു പറയാനാവില്ല. ഫാസ്റ്റ് ഫോര്‍വാര്‍ഡ് എന്നൊരു കീ റിമോട്ടില്‍ ഉണ്ടായിരുന്നതുകൊണ്ട് ഓടിച്ചുനോക്കി എന്നു പറയാം. അത്രയേ തൊലിക്കട്ടിയുള്ളൂ. സംവിധായകന്‍ ഒരു സുഹൃത്തായതുകൊണ്ട് പേരു പറയുന്നില്ല.

സുസ്മേഷ് ചന്ത്രോത്ത് said...

സജീഷിന്റെ നിരീക്ഷണങ്ങളോട്‌ പൂര്‍ണമായും യോജിക്കുന്നു

Rajmohan said...

സജീഷ്‌,

ആദ്യമേതന്നെ താങ്കൾ എഴുതിയ പുസ്തകമായ 'ദൃശ്യദേശങ്ങളുടെ ഭൂപട'ത്തിൽ നിന്ന് ഏതാനും വാചകങ്ങൾ ഇവിടെ എടുത്തെഴുതട്ടെ:

"ഒരു സംഭാഷണവുമില്ലാത്ത 20 മിനിറ്റുകൾ ഈ ചിത്രത്തിൽ ഉണ്ട്‌. ഒഴിഞ്ഞ ഒരു പാർക്കിൽ ഒരു യുവതി കരയുന്ന ഏഴു മിനിറ്റുദൈർഘ്യമുള്ള ലോങ്ങ്‌ ടേക്ക്‌ ഈ ചിത്രത്തിലുണ്ട്‌. നാഗരികതയുടെയും അന്യവത്കരണത്തിന്റെയും തീക്ഷണത പ്രതിഫലിക്കുന്ന ഫ്രെയിമുകൾ" (സായ്‌ മിംഗ്‌ ലിയങ്ങിന്റെ Vive L' Amour നെ പറ്റി) ലിയാങ്ങിന്റെ ' മന്ദഗതിയൽ ഇഴഞ്ഞുനീങ്ങുന്ന' സിനിമകളെ താങ്കൾ ഇങ്ങനെ ഉപസംഹരിച്ചു: "നമുക്ക്‌ സ്വയം കാണാൻ കഴിയാത്ത മനസ്സിന്റെ ആ ഇരുണ്ട മറുപുറങ്ങളിലേക്കാണ്‌ സായ്‌ മിംഗ്‌ ലിയാങ്ങ്‌ ക്യാമറ തിരിച്ചുവെക്കുന്നത്‌. അതിൽ തെളിയുന്നത്‌ നഗരവത്കരണവും ആഗോളവത്കരണവും പിടിമുറുക്കിക്കഴിഞ്ഞ സമകാലിക ലോകജീവിതത്തിലെ അസ്വസ്ഥബാധിത പ്രദേശങ്ങളാണ്‌; ആ ഇരുണ്ട മൂലയിലെ ആഴമേറിയ മുറിവുകളാണ്‌"

Rajmohan said...

"ആത്മാവിന്റെ വിലോലമായ തലങ്ങളിൽ ഒരു മഴസ്പർശംപോലെ വന്നുതൊടുകയാണ്‌ സോകുറോവിന്റെ സിനിമകൾ. സംവേദനത്തിന്റെ മായികമായ ആ ഇന്ദ്രിയാനുഭവത്തിലൂടെ നാം അപരിചിതവും അജ്ഞേയവുമായ ആത്മാവിലേക്കുള്ള വഴി കണ്ടെത്തുന്നു. മനുഷ്യാവസ്ഥയെയും അതിജീവനത്തെയും സംബന്ധിച്ച ആഴമേറിയ ചോദ്യങ്ങൾ ഉന്നയിക്കുന്ന താർക്കോവസ്കിയുടെ ആത്മീയ സമീപനത്തിന്റെ രചനാത്മകമായ തുടർച്ചകൾ സോകുറോവിന്റെ ചിത്രങ്ങളിൽ കാണാം. വാഴ്‌വിന്റെ അർത്ഥങ്ങളെയും അനർത്ഥങ്ങളെയും കുറിച്ച്‌ ആത്മാവിന്റെ ആഴങ്ങളിൽ അശിനിപാതമ്പോലെ വീഴുന്ന ചോദ്യങ്ങൾക്ക്‌ താർക്കോവ്സ്കിയെപ്പോലെ ചലച്ചിത്രങ്ങളിലൂടെ ഉത്തരം തേടുകയാണ്‌ സോകുറോവ്‌". തുടർന്ന് താങ്കൾ അദ്ദേഹത്തിന്റെ 'മദർ ആൻഡ്‌ സൺ'ന്റെ വിശതമായ വിവരണത്തിലേക്ക്‌ കടക്കുന്നു. ഈ ചിത്രവും 'മന്ദഗതിയിൽ ഇഴഞ്ഞുനീങ്ങുന്ന' സിനിമതന്നെ.

'ട്രാഫിക്ക്‌' കണ്ടതിന്റെ ആവേശത്തിൽ സജീഷ്‌ കൂട്ടിക്കുഴക്കാൻ ബുദ്ധിമുട്ടുള്ള പലതിനേയും അനായാസം കൂട്ടിക്കുഴക്കുന്നു. മുമ്പ്‌ കണ്ട പലതിനേയും തള്ളിപ്പറയുന്നു. സമകാലിക സമാന്തരന്മാരെ കളിയാക്കുന്ന കൂട്ടത്തിൽ 'അടൂരിനു പഠിക്കുന്ന' എന്ന ഒറ്റ പ്രയോഗത്തിൽ യാഥാർത്ഥ്യങ്ങൾ പലതും backgroundലേക്ക്‌ തള്ളപ്പെടുന്നു. അടൂരും അരവിന്ദനും ജോണുമൊക്കെ എഴുപതുകളിലും എൺപതുകളിലുമായി സൃഷ്ടിച്ച ഏതാനും ചിത്രങ്ങളല്ലാതെ ലോകത്തിനു മുമ്പിൽ കാട്ടുവാൻ യോഗ്യതയുള്ള എത്ര സിനിമകൾ മലയാളത്തിലുണ്ടായിട്ടുണ്ട്‌?

ചടുലതയില്ലാത്ത മെല്ലേപ്പോക്ക്‌ ചിത്രങ്ങളെ കളിയാക്കുമ്പോൾ സജീഷ്‌ സജീഷിന്റെ തന്നെ മേൽപ്പറഞ്ഞ വാക്കുകളെ contradict ചെയ്യുന്നു. ആൾക്കൂട്ടത്തിനെ കൈയിലെടുക്കാൻ സിനിമയുടെ ചടുലത ഒരു അത്യാവശ്യ ഘടകമായിരിക്കാം. പക്ഷെ സിനിമയുടെ ലക്ഷ്യം അതിനുമപ്പുറത്തേക്ക്‌ പോകുമ്പോൾ അങ്ങനെ ആവണമെന്നില്ല. കൂട്ടിക്കുഴക്കാൻ പറ്റാത്ത കാര്യങ്ങളെ കൂട്ടിക്കുഴക്കാതിരിക്കുന്നതല്ലേ നല്ലത്‌?

സമകാലീക ലോകസിനിമ ഇന്നാരിത്തു ടൊറന്റിനോ തുടങ്ങിയവരിൽ അവസാനിക്കുന്നില്ലല്ലോ? ഇവരുടെ സ്റ്റൈലൻ സിനിമകളെക്കാൾ എത്രയോ ആഴമേറിയ ലോക സിനിമകൾ നാം കണ്ടിരിക്കുന്നു, താങ്കൾ തന്നെ താങ്കളുടെ പുസ്തകത്തിൽ പ്രതിപാതിച്ചിരിക്കുന്നു. അപ്പോൾ 'അടൂരിനു പഠിക്കുന്നവർ' കണ്ടുപഠിക്കേണ്ടത്‌ ഇവരുടെ സിനിമകൾ മാത്രമല്ലല്ലോ?

Rajmohan said...

സജീഷ്‌, പറഞ്ഞുവരുന്നത്‌ ഇത്രമാത്രം. നമ്മുടെ ജനപ്രിയ സിനിമയിൽ sensible ആയ ഒരു work ഉണ്ടാവുന്നത്‌ സന്തോഷകരമായ കാര്യം തന്നെ. പക്ഷെ അതിന്റെ ആവേശത്തിൽ നമ്മുടെ കണ്ണുകൾ മഞ്ഞളിച്ച്‌ പോകരുത്‌. അങ്ങനെ സംഭവിക്കുമ്പോൾ നാം ഒരുപാടുകാര്യങ്ങൾ കൂട്ടിക്കുഴക്കുന്നു. നിറഞ്ഞുതുളുമ്പുന്ന തിയറ്ററിൽ ഉണ്ടാവുന്ന standing ovation മാത്രം ഒരു സിനിമയുടെ മഹത്വമാകുന്നില്ല (ആരും കാണത്ത സിനിമകൾ ഗംഭീരങ്ങളാണെന്നല്ല പറഞ്ഞുവരുന്നത്‌). ജനപ്രിയങ്ങളായാലും ഇല്ലെങ്കിലും ജീവിതത്തെ ആഴത്തിൽ കാണുന്ന സിനിമകൾ ഉണ്ടാവേണ്ടതുണ്ട്‌. എന്തെങ്കിലുമൊന്നിനെ ആഴത്തിൽ മനസ്സിലാക്കുവാൻ ശ്രമിക്കുമ്പോൾ അത്‌ ചടുലമായി ചെയ്യണമെന്ന് വാശിപിടിക്കുകയുമരുത്‌.

'ട്രാഫിക്ക്‌' ഇതുവരെ കണ്ടിട്ടില്ല. താങ്കളുടെയും മറ്റു ബ്ലോഗന്മാരുടേയും അഭിപ്രായങ്ങൾ വായിച്ചിട്ട്‌ ചിത്രം ഉടൻ തന്നെ കാണണമെന്ന് ഉറപ്പിച്ചിരിക്കുന്നു.

Roby said...

രാജ്മോഹൻ,
‘അടൂരിനു പഠിക്കുന്ന' എന്ന പ്രയോഗം, സമീപകാലത്തെ ആർട്ട്-നാട്യ പടങ്ങളോടുള്ള പരിഹാസമായാണു ഞാൻ വായിച്ചത്. അല്ലാതെ അടൂരിന്റെ ശൈലിയ്ക്കു നേരെയുള്ള പരിഹാസമായല്ല. കടാക്ഷം, ഏകാന്തം, ആത്മകഥ, നോട്ടം തുടങ്ങിയ കുറെ ആർട്ട്-നാട്യ പീഡനങ്ങൾ ഞാനും കണ്ടിരുന്നു.

ടു ബി ഫ്രാങ്ക്, അടൂരിന്റെ വിധേയൻ വരെയുള്ള സിനിമകൾ ഒന്നും തന്നെ സ്ലോ ആണെന്ന് എനിക്കു തോന്നിയിട്ടില്ല. ആർട്ട് സിനിമാക്കാരിൽ നിന്നും ശൈലി മാത്രം കോപ്പി ചെയ്യാൻ ശ്രമിച്ച്, ജീവനുള്ള ഒരു പ്രമേയമോ ബൗദ്ധികതപ്രകടമാക്കുന്ന ഒരു അവതരണമോ ഡെപ്ത്തുള്ള ഒരു ഫ്രെയിമോ സൃഷ്ടിക്കാൻ കഴിയാത്ത പുതിയകാലത്തെ ആർട്ട് പടങ്ങളോട് എനിക്കും സഹതാപമേ ഒള്ളൂ.

സജീഷ്,
നമ്മുടെ തലമുറയിലെ സമാന്തരന്മാര്‍ ഇപ്പോഴും എഴുപതുകളില്‍ കുടുങ്ങിക്കിടക്കുകയാണ്
മലയാളസിനിമയിലെ ആർട്ട് ഫിലിം എന്ന ജനുസ്സിന്റെ ഭാവുകത്വങ്ങളെ തന്നെ മാറ്റിമറിച്ച ഒരു സിനിമയായിട്ടാണ് കുട്ടിസ്രാങ്ക് എനിക്കു തോന്നിയത്. വലിയൊരു പ്രൊഡ്യൂസറും താരസാനിധ്യവുമൊക്കെയുണ്ടായിരുന്നെങ്കിലും, മലയാളസിനിമ എന്ന മാഫിയ-പ്രസ്ഥാനത്തിനു പുറത്ത് നടന്ന നിർമ്മാണമായിരുന്നതുകൊണ്ട് സമാന്തര സിനിമ എന്നു വിളിക്കാമെന്ന് തോന്നുന്നു. അതിനെക്കുറിച്ച് സജീഷ് ബ്ലോഗിലൊന്നും എഴുതി കണ്ടില്ല. പ്രിന്റിൽ എഴുതിയിരുന്നോ എന്നറിയില്ല. മലയാളസിനിമയുടെ ചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്ന് എന്നു വിശേഷിപ്പിക്കാവുന്ന ആ സിനിമയെ അവഗണിച്ചത് നീതിയായില്ല എന്ന് അഭിപ്രായം.

N P Sajeesh said...

രാജ്മോഹന്‍, റോബി പറഞ്ഞതാണ് ഞാനും ഉദ്ദേശിച്ചത്. അടൂരിന്റെയും അരവിന്ദന്റെയും മന്ദഗതിയിലുള്ള ധ്യാനാത്മകമായ ശൈലിയെ വികൃതമായി അനുകരിക്കുന്ന പുതിയ തലമുറയിലെ സമാന്തര ചലച്ചിത്രകാരന്മാരെ പരിഹസിക്കാനാണ് ഞാന്‍ അങ്ങനെ പറഞ്ഞത്്. അത് അടൂരിന്റെ ശൈലിയുടെ വിമര്‍ശനമല്ല. (എന്റെ പ്രിയപ്പെട്ട ചലച്ചിത്രകാരനാണ് അടൂര്‍. ഞാന്‍ വിവര്‍ത്തനം ചെയ്ത അദ്ദേഹത്തിന്റെ ജീവചരിത്രം മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്നു.) രണ്ടു മണിക്കൂറിനുള്ളില്‍ മൂന്നു തലമുറയുടെ കഥ പറയുന്ന റിയലിസ്റ്റിക് അല്ലാത്ത അന്നത്തെ സിനിമയോടുള്ള സര്‍ഗാത്മകപ്രതിഷേധം കൂടിയായിരുന്നു അവരുടെ ശൈലി. അത് അന്നത്തെ ശരിയായിരുന്നു. സിനിമക്കു ഗൌരവമുണ്ടാവണമെങ്കില്‍ slow paceല്‍ കഥ പറയണം എന്ന മുന്‍ധാരണയെ ലോകസിനിമ തിരുത്തിക്കുറിച്ചിട്ട് കാലമേറെയായി. വേഗതയേറിയ ഒരു ലോകത്തെ ഇന്ന് ടരന്റിനോയും ഇനാരിത്തുവും ഫത്തിഹ് അകിനുമൊക്കെ അതിന്റെ ഭ്രാന്തവേഗങ്ങളില്‍തന്നെ ആവിഷ്കരിക്കുന്നു. രാജ്മോഹന്‍ ഉദ്ധരിച്ച എന്റെ പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന സോകുറോവും സായ് മിങ് ലിയാങും റോബി തന്റെ ബ്ലോഗില്‍ പരാമര്‍ശിക്കുന്ന വീരസെതാകുലും (http://thinkingframes.blogspot.com/ )ഒക്കെയാണ് മന്ദഗതിയില്‍ കഥ പറയുന്ന സമകാലിക ചലച്ചിത്രകാരന്മാര്‍. (വീരസെതാകുലിന്റെ 'സിന്‍ഡ്രംസ് ഓഫ് എ സെഞ്ച്വറി' കഴിഞ്ഞ മേളയില്‍ കണ്ടുവെങ്കിലും എനിക്ക് ഒന്നും ഉള്‍ക്കൊള്ളാനായില്ല.) അവരുടെ ഫ്രെയിമുകളില്‍ ധ്യാനപൂര്‍ണിമയുടെ ഒരു സംവേദനതലമുണ്ട്. അങ്ങനെയൊന്നും അനുഭവിപ്പിക്കാനാവാതെ ചത്ത ഫ്രെയിമില്‍ വരണ്ട കാഴ്ചകള്‍ കെട്ടിയെഴുന്നള്ളിച്ചുകൊണ്ട് സമാന്തര സിനിമയുടെ പേരില്‍ മലയാളത്തില്‍ അവതാരമെടുക്കുന്ന കള്ളനാണയങ്ങളെ തിരിച്ചറിയണമെന്നു മാത്രമാണ് ഞാന്‍ ഉദ്ദേശിച്ചത്.
രാജ്മോഹന്‍ എന്റെ പുസ്തകം ശ്രദ്ധയോടെ വായിച്ചുവെന്നറിയുന്നതില്‍ സന്തോഷം.

N P Sajeesh said...

അടൂരും അരവിന്ദനും ജോണും മാത്രമല്ല ലോകത്തിനു മുന്നില്‍ എടുത്തുകാട്ടാന്‍ പറ്റുന്ന മലയാള സിനിമകള്‍ ചെയ്തിട്ടുള്ളത്. വിദേശമേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു എന്നത് ലോകനിലവാരത്തിനുള്ള മാനദണ്ഡമാണോ?. കെ.ജി. ജോര്‍ജും പത്മരാജനും ഭരതനും ലെനിന്‍ രാജേന്ദ്രനുമൊക്കെ ചെയ്ത സിനിമകള്‍ വിദേശ ഫെസ്റ്റിവല്‍ സര്‍ക്യൂട്ടില്‍ കറങ്ങിയില്ല എന്നതുകൊണ്ട് അവക്ക് അടൂരിന്റെയും അരവിന്ദന്റെയും ചിത്രങ്ങളുടെ നിലവാരമില്ല എന്നു പറയുന്നതില്‍ അര്‍ഥമില്ല. ലോകനിലവാരം എന്ന പ്രയോഗം ഉദ്ദേശിക്കുന്ന നിലവാരത്തിന്റെ മാനദണ്ഡം എന്താണെന്ന് എനിക്ക് ഇനിയും വ്യക്തമായിട്ടില്ല. ഓരോ ദേശത്തിനും ഓരോ ജനസമൂഹത്തിനും അവരുടേതായ സാംസ്കാരിക, വൈകാരിക വൈജാത്യങ്ങള്‍ ഉണ്ടായിരിക്കും. ഗൊദാര്‍ദിന് മലയാളിയുടെ ജീവിതപ്രശ്നങ്ങളോ വൈകാരിക സങ്കീര്‍ണതകളോ അവതരിപ്പിക്കാനാവില്ല. മലയാളസിനിമ ഏറ്റവും ഫലപ്രദമായി സംവദിക്കുക കേരളീയസമൂഹത്തിലെ പ്രേക്ഷകരോടു മാത്രമായിരിക്കും. ലോകത്തെവിടെയായിരുന്നാലും മനുഷ്യന്റെ വികാരങ്ങള്‍ ഒന്നുതന്നെയാണെന്നു പറയാമെങ്കിലും അവയുടെ പ്രകടനത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ട് എന്നത് ഒരു വസ്തുതയാണ്. പ്രാപഞ്ചികമായ മനുഷ്യാവസ്ഥകളെ അവതരിപ്പിക്കുന്ന ചിത്രങ്ങള്‍ മലയാളത്തില്‍ നിരവധി ഉണ്ടായിട്ടുണ്ട്.
റോബീ,
കുട്ടിസ്രാങ്ക് കാണാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. തിയറ്ററില്‍ വന്നപ്പോള്‍ കാണാനൊരുങ്ങുന്നതിനു മുമ്പു തന്നെ മാറിപ്പോയി. വൈകാതെ ഡിവിഡി സംഘടിപ്പിച്ചു കാണും. അവഗണിച്ചതോ തമസ്കരിച്ചതോ അല്ല.

Roby said...

തുടക്കവും മധ്യവും ഒടുക്കവും ആ ക്രമത്തിലാകുന്നതായിരുന്നല്ലോ ആദ്യകാല സിനിമയുടെ രീതി. എന്നാൽ ഇവ മൂന്നും വേണമെന്നും എന്നാൽ ഇതേ ക്രമത്തിലായിരിക്കണമെന്നില്ലെന്നും ഗൊദാർദ് പറഞ്ഞു. അതായത് ഏറ്റവും പരീക്ഷണങ്ങൾ കാണിച്ച ഗൊദാർദ് പോലും സിനിമ നറേറ്റീവായിരിക്കണമെന്നതിൽ സംശയമൊന്നും കാണിച്ചില്ല. വീരസേതാകുളിന്റെ സിൻ‌ഡ്രോംസ് ആൻഡ് എ സെഞ്ച്വറി പറയുന്നത്, സിനിമയെന്നാൽ നറേറ്റീവാകണമെന്നില്ല എന്നാണ്. അതായത് തുടക്കവും ഒടുക്കവും ഒന്നും വേണമെന്നില്ലെന്ന്. ഒരു ആർട്ട് ഇൻസ്റ്റലേഷൻ പോലെ, പ്രത്യക്ഷബന്ധങ്ങളില്ലാത്ത, കേന്ദ്രകഥാപാത്രങ്ങളോ തുടർച്ചയോ ഇല്ലാത്ത രംഗങ്ങൾക്കും സിനിമയാകാം എന്നാണു ഈ സിനിമ വാദിക്കുന്നത്. ലോകസിനിമയിൽ ഇതിന്റെ ഒരു ഏകദേശ തുടർച്ചയായി എനിക്കു തോന്നിയത് ഴാങ്ങ് കെ ജിയയുടെ ‘24 സിറ്റി’ ആണ്. പക്ഷേ അതും, അബോധത്തിൽ ഒരു പ്രത്യേക അവസ്ഥയുടെ ആഖ്യാനമായി മാറുന്നു എന്നതാണു വാസ്തവം. (ഴാങ്ങ് കെ ജിയയെ ശ്രദ്ധിച്ചിട്ടില്ലാത്തവർ ഒന്നു ഗൗരവമായി പരിഗണിച്ചോളൂ. ജിയയുടെ സ്റ്റിൽ ലൈഫ് സമീപകാലത്തെ മികച്ച സിനിമകളിലൊന്നാണ്.)

തുർക്കിയിൽ നിന്നുമുണ്ട് രണ്ടു ‘മെല്ലെപ്പോക്കുകാർ’. Semih Kaplanoglu, Nuri Bilge Ceylan എന്നിവർ.

Roby said...

ലോകനിലവാരം എന്ന പ്രയോഗം ഉദ്ദേശിക്കുന്ന നിലവാരത്തിന്റെ മാനദണ്ഡം എന്നു ഞാൻ കരുതുന്നത്, സിനിമയ്ക്കാധാരമായ സമൂഹത്തിന്റെ കാലദേശ-അതിർത്തികൾക്കുപുറത്ത് ഒരു പ്രേക്ഷകനുമായി ബൗദ്ധികമായോ വൈകാരികമായോ സിനിമാറ്റിക് നറേഷൻ തരുന്ന ആനന്ദം വഴിയോ സംവദിക്കാൻ കഴിയുന്ന ചലച്ചിത്രസൃഷ്ടികളാണു ലോകസിനിമകൾ. ഇതു മൂന്നും ഒത്തുചേർന്ന അപൂർവസൃഷ്ടികളായിരുന്നു 80-90കളിൽ അടൂർ സംവിധാനം ചെയ്ത സിനിമകൾ. അടൂരിന്റെ പ്രമേയങ്ങൾക്കും ഭാഷയ്ക്കും യൂണിവേഴ്സൽ അപ്പീലുണ്ടായിരുന്നു. എന്നാൽ ജോർജിന്റെ സിനിമകൾ പ്രമുഖമായും കേരളസമൂഹത്തെയാണു അഡ്രസ് ചെയ്തത്. ജോർജ്ജിന്റെ പ്രമേയങ്ങൾ മിക്കവാറും തന്നെ കേരളീയരുടേത് (ഒരുപക്ഷേ ഇന്ത്യക്കാരന്റേതു) മാത്രമായ ചില പ്രതിസന്ധികളൊക്കെയായിരുന്നു.

അരവിന്ദന്റെ വളരെക്കുറച്ചു സിനിമകളേ കണ്ടിട്ടുള്ളൂ. ജോണിന്, സിനിമയെന്നാൽ പ്രാഥമികമായി ആക്ടിവിസമായിരുന്നു. ജോണിന്റെ 2 സിനിമകൾ കണ്ടതിൽ, കുറച്ചുകൂടി സാർവലൗകികമായ ആഖ്യാനവും പ്രമേയവുമുണ്ടായിരുന്നത് ‘കഴുതൈ’യ്ക്കാണ്. അതും ബൽത്താസറിനു ശേഷമാണു വന്നത്.

Roby said...

പത്മരാജന്റെ ആദ്യകാലസിനിമകൾ ശേഷമുള്ളവയെ വെച്ച് ആഖ്യാനം കൊണ്ടും പ്രമേയം കൊണ്ടും ഭേദമായിരുന്നു. പിന്നീട് കൂടുതൽ മുഖ്യധാരയോടടുപ്പമുള്ള സിനിമകളിലേക്ക് ചുവടുമാറ്റിയപ്പോൾ, ആഖ്യാനവും പ്രമേയവും കൂടുതൽ ജനപ്രിയമാക്കാനുള്ള ശ്രമത്തിൽ, അവയുടെ യൂണിവേഴ്സൽ സ്വഭാവം നഷ്ടമായി. ജാതീയത അടക്കുമുള്ള പല നെഗറ്റീവ് ഘടകങ്ങളും ഉപരിതലത്തിലേക്ക് പൊന്തിവന്നു.

ഭരതൻ ഒരുക്കലും കണ്ടന്റിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല എന്ന് തോന്നുന്നു. ദൃശ്യഭംഗിയുള്ള ഫ്രെയിമുകൾക്ക് സാധ്യതയുള്ള പ്രമേയങ്ങൾ തേടിപോയപ്പോൾ കണ്ടന്റിനെക്കുറിച്ച് മറന്നതുപോലെ. ഫയൽ‌വാനുശേഷമുള്ള പത്മരാജൻ-ഭരതൻ വർക്കുകളിൽ പരിമിതമായെങ്കിലും കാലത്തെ അതിജീവിക്കുന്നവ വളരെ കുറവ്. ഇതിലൊന്നും തന്നെ ദേശത്തിന്റേതായ വൈകാരിക-സാംസ്കാരികതകളുമായി പരിചയമില്ലാത്ത പുറം‌നാട്ടിലെ പ്രേക്ഷകനുമായി സംവദിക്കുന്നവയല്ല. അപരൻ, ഇന്നലെ പോലെയുള്ള സിനിമകൾക്ക് കാല്പനികമെങ്കിലും പ്രമേയപരമായ സാധ്യതകൾ ഉണ്ടായിരുന്നെങ്കിലും, ജനപ്രിയതയെ അന്വേഷിക്കുന്ന വാചികാഖ്യാനവുമൊക്കെക്കൊണ്ട് സാംസ്കാരികാതിർത്തികൾക്കു പുറത്ത് പരാജയപ്പെടുന്നു.
ലെനിൻ, ഒരിക്കലും പാകതയെത്തിയ ചലച്ചിത്രകാരനെന്ന് തോന്നിയിട്ടില്ല.

Rajmohan said...

സജീഷ്‌ /റോബി,

സജീഷിന്റെ പ്രയോഗം ഞാൻ തെറ്റായിട്ടാകാം മനസ്സിലാക്കിയത്‌.

കേരളത്തിൽ കുറഞ്ഞ കാലം കൊണ്ട്‌ പൊട്ടിമുളച്ച അസംഖ്യം മീഡിയ സ്കൂളുകളിൽ ചിലതിൽ guest അദ്ധ്യാപകനായി പോകുന്ന ഒരു വ്യക്തിയുമായി ഈയിടെ സംസാരിക്കുവാൻ ഇടയായി. ഈ സ്കൂളുകളിലെ പ്രധാന ചർച്ചാവിഷയം ഇന്നോരിത്തുവും ടൊറന്റിനോയും ഒക്കെ ആണ്‌ എന്നാണ്‌ എനിക്ക്‌ അദ്ദേഹത്തിൽനിന്നും മനസ്സിലാക്കുവാൻ കഴിഞ്ഞത്‌. കാലത്തിനൊപ്പം നാം മാറണമെന്നതാണ്‌ ഇവിടത്തെ ലോജിക്ക്‌. ഇന്നത്തെ കാലത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്രകാരന്മാർ ഇവരൊക്കെയാണെന്ന പ്രചരണവും ഇവിടെ നടക്കുന്നുണ്ട്‌. ഇത്‌ അത്രകണ്ട്‌ സത്യമാണെന്ന വിശ്വസമില്ലാത്തതിനാലും സജീഷും മേൽപറഞ്ഞതരത്തിലുള്ള പ്രചരണത്തിൽ പങ്കാളിയാകുന്നു എന്ന് തോന്നിയതിനാലുമാണ്‌ ഇത്തരത്തിൽ പ്രതികരിച്ചുപോയത്‌.

Rajmohan said...

ഭ്രാന്തമായ വേഗത്തിൽ പായുന്ന ലോകത്തിന്റെ അതേ വേഗത്തിൽ പായുന്ന കലാകാരനേക്കാൾ ഈ പരക്കം പാച്ചിലിനെ ശാന്തനായി നോക്കിക്കാണുന്ന കലാകാരനാവില്ലേ നമ്മൾ ജീവിക്കുന്ന ലോകത്തിന്റെ കുറേക്കൂടി ആഴത്തിലുള്ള കാഴ്ച നമുക്ക്‌ കാട്ടിത്തരുവാൻ ആവുക? എന്തായാലും ശരി, ഇനി ലോക സിനിമയിൽ ചടുല സിനിമകളുടെ കാലമാണ്‌ വരാനിരിക്കുന്നതെന്ന് generalize ചെയ്യുവാൻ പറ്റുമെന്ന് എനിക്ക്‌ തോന്നുന്നില്ല. എല്ലാ ട്രണ്ടുകളേയും തിയറികളേയും തിരസ്കരിച്ച്‌ സ്വന്തം വഴികളിൽ കൂടി സഞ്ചരിക്കുന്ന എത്രയോ ചലച്ചിത്രകാരന്മാർ പുതിയ തലമുറയിലും ഉണ്ടായിക്കൊണ്ടിരിക്കുന്നു.

Roby said...

എന്റെ സംശയം ഇനാരിത്തുവും ടരന്റീനോയുമൊക്കെ ഫാസ്റ്റാണോ എന്നതാണ്. ടരന്റീനോ നീണ്ട, സ്റ്റാറ്റിക് സീനുകൾക്ക് പ്രസിദ്ധനാണ്. ഡയലോഗുകളുടേ ആധിക്യമൊഴിച്ചാൽ കക്ഷിയുടേ സിനിമകളുടെ ദൃശ്യസ്വഭാവം വേഗതയേറിയതല്ല എന്നാണെന്റെ തോന്നൽ. അതുപോലെ ഇനാരിത്തുവും വലിയവേഗക്കാരനാണെന്ന് തോന്നിയിട്ടില്ല. സമീപകാലത്ത് വേഗം തോന്നിയത് പാവ്‌ലോ സോറന്റീനോയുടെ ഇൽ ദിവോ, റാൽഫ് സിമാന്റെ ജറുസലെമ, സിറ്റി ഓഫ് ഗോഡ് തുടങ്ങിയ സിനിമകൾക്കാണ്.

Rajesh said...

Apart from the intentions of looking down at a community, the colony scene lacks the quality which carried Traffic, till then. These scenes not only lack the quality of logic and common sense, but also visually.
These apart, Traffic is like a tonic for Malayalam movies.

ശങ്കരനാരായണന്‍ മലപ്പുറം said...

Yes, OK!

ലാസര്‍ ഷൈന്‍ said...

ട്രാഫിക്ക് കണ്ടു. ഇടവേളയ്ക്ക് പുറത്തിറങ്ങിയപ്പോള്‍ വാച്ചില്‍ നോക്കി, സമയം പോയതറിഞ്ഞില്ല. അതേ സമയം ബെസ്റ്റാക്ടര്‍ കണ്ടിറങ്ങിയപ്പോള്‍ വായ നിറയെ തെറിയായിരുന്നു.

ഇടവേളയ്ക്ക് ശേഷം ചില പ്രശ്‌നങ്ങള്‍ തോന്നി
1. സൂപ്പര്‍സ്റ്റാര്‍ ഇമേജിനെ ഉപയോഗിച്ചാണ് ബിലാല്‍ കോളനി കടന്നത്
2. കുഞ്ചാക്കോയുടെ ഭാര്യയെ വെറുതെയങ്ങ് രക്ഷപെടുത്തിയതെന്തിന്, മലയാളി പുരുഷന് വഞ്ചകിയായ ഭാര്യയോട് അങ്ങനെയല്ലാതെ പെരുമാറാനാകില്ലെന്നിരിക്കെ..
3. മരണാസന്നയായ പെണ്‍കുട്ടിയുടെ അമ്മയുടെ അസമയത്തെ കമന്റുകള്‍
4. ഭയങ്കര ബുദ്ധിമാന്‍ എന്ന നിലയിലുള്ള അനൂപ് മേനോന്റെ ഈഗോ ഇത്തവണയും കല്ലുകടിയായി. കാരണം നവരസങ്ങളില്‍ ബുദ്ധി എന്നൊരു രസമില്ല.ഈ ചങ്ങാതിയുടെ മുഖത്ത് അതേ ഉള്ളുതാനും. ബുദ്ധിയല്ല, സാമാന്യബുദ്ധിയാണ് വേണ്ടതെന്നാണ് ട്രാഫിക് വിളിച്ചു പറയുന്നത്.

എന്നാല്‍ പോലും...,

ശരിക്കും ട്രാഫിക്ക് മാറിയ മലയാളം കൊമേഷ്യല്‍ സിനിമയുടെ ആദ്യ രൂപമാണ്. നല്ല ഉത്തരവാദിത്തമുള്ള സിനിമ. എന്റെ വീട് അപ്പൂന്റേം, നോട്ട് ബുക്ക് എന്നിവയില്‍ പ്രകടിപ്പിച്ച ഉത്തരവാദിത്തമുള്ള എഴുത്ത് തിരക്കഥയില്‍ ആവര്‍ത്തിച്ചു. ക്ലാസ്‌മേറ്റ്‌സ് അവതരിപ്പിച്ച ഋജുവല്ലാത്ത കഥ പറച്ചില്‍ ഇതിലെത്തിയതോടെ പൂര്‍ണ്ണരൂപം പ്രാപിക്കുകയാണ്. ഫഌഷിലേയ്ക്ക് പോകുമ്പോള്‍ കൊതുകുതിരി വട്ടമില്ലാതെ തന്നെ, അതു ഫഌഷാണെന്ന് കാണിക്ക് മനസിലാകുമെന്ന് മനസിലാക്കാന്‍ ട്രാഫിക്ക് ഉപകരിക്കും.

മലയാളി വെറും പോഴനല്ല എന്നാണ് ഈ സിനിമയുടെ വിജയം വിളിച്ചു പറയുന്നത്. ഇനിയും ഇത്തരം ചിത്രങ്ങള്‍ ആവര്‍ത്തിക്കേണ്ടി വരും... സമാന്തരന്‍മാരും ഈ വേഗതയിലേയ്ക്ക് വരേണ്ടി വരും. ആസ്വാദനത്തെ കാളവണ്ടിയില്‍ കയറ്റാന്‍ ഇനി ഒക്കത്തില്ല ചങ്ങാതിമാരേ... പൊള്ളാച്ചി ചന്ത പിരിയാന്‍ നേരമായി..

കാളിയമ്പി said...

@69 ,"നവരസങ്ങളില്‍ ബുദ്ധി എന്നൊരു രസമില്ല.ഈ ചങ്ങാതിയുടെ മുഖത്ത് അതേ ഉള്ളുതാനും"
Beautiful observation.

SMASH said...

ഈ സിനിമയില്‍ യുക്തിരാഹിത്യങ്ങള്‍ ഒരു ടിപ്പിക്കല്‍ മലയാള സിനിമയിലെതുപോലെ തന്നെ നന്നായി മുഴച്ചു നില്‍ക്കുമ്പോഴും, മലയാളി വെറും വിവരമില്ലാത്ത പൈകിളി പ്രേക്ഷകരാണ് എന്ന സിനിമാ തമ്പുരാക്കന്മാരുടെ മുന്‍വിധി ഇനി വേണ്ട എന്ന് തന്നെ ചിത്രത്തിന്റെ വിജയം സാക്ഷ്യപെടുത്തുന്നു!

ഷാഫി said...

ആവശ്യത്തിലധികം റിവ്യൂ വായിച്ചു പോയതുകൊണ്ടാകാം ട്രാഫിക്‌ ഒരു മഹാ സംഭവമായി തോന്നിയില്ല. പക്ഷേ, സംഭവമാണ്‌. "ബാബേലി'ലെ സങ്കേതം കടംകൊണ്ടു എന്നാണെല്ലാവരും പറയുന്നത്‌. എനിക്കതും മനസ്സിലായില്ല. ഓരോ സംഭവ ഗതിയെയും മുള്‍മുനയില്‍ നിര്‍ത്തി മറ്റൊന്നിലേക്ക്‌ ക്യാമറ മാറ്റുന്ന രീതിയാണ്‌ ബാബേല്‍ അവലംബിച്ചിരുന്നത്‌. ക്ലൈമാക്‌സിനോടടുക്കുംതോറും ആകാംക്ഷയുടെ അതിമൂര്‍ച്ഛ അനുഭവിപ്പിച്ചു ഇനാരിത്തു. പക്ഷേ, കൊച്ചിയില്‍ നിന്ന്‌ പാലക്കാട്ടേക്കൊരു രണ്ടു മണിക്കൂര്‍ യാത്ര എന്നു വെളിപ്പെട്ടതോടെ തന്നെ ട്രാഫിക്കിന്റെ ഗതി പിടികിട്ടി. പിന്നെ, ആകെ ചെയ്യാനുള്ളത്‌ അവരെങ്ങനെ എത്തിപ്പെടുന്നു എന്നു കാത്തിരിക്കുക മാത്രം. എങ്കിലും, ബോറടിക്കാതെ കണ്ടിരിക്കാന്‍ പറ്റുന്ന, സ്‌മൂത്തും വേഗതയുള്ളതുമായ ചിത്രം. ചിത്രവിശേഷത്തില്‍ ഹരി പറഞ്ഞ പോലെ, ഈ പ്രമേയത്തിന്‌ യെസ്‌ മൂളിയ നിര്‍മാതാവു കൂടി കയ്യടി അര്‍ഹിക്കുന്നു. എങ്കിലും, ബാബേലുമായി ഒരു തലത്തിലും താരതമ്യം അര്‍ഹിക്കുന്നില്ലെന്നാണ്‌ എന്റെ അഭിപ്രായം.
പ്രാഞ്ചിയേട്ടന്‍, അപൂര്‍വ രാഗം, ടി.ഡി ദാസന്‍, ഇപ്പോള്‍ ഇതും. മലയാള സിനിമയെപ്രതി ശുഭപ്രതീക്ഷക്ക്‌ യോഗ്യതയുണ്ട്‌.

ShajiKumar P V said...

ട്രാഫിക്കില്‍ അതിഭാവുകത്വത്തിന്റെ റെഡ്‌സിഗ്നല്‍ ഒക്കെയുണ്ടെങ്കിലും നിര്‍മ്മാതാക്കള്‍ പുതുമുഖങ്ങളെ ഉദ്ദേശിച്ച് എടുക്കാന്‍ പോകുന്ന പടങ്ങള്‍ക്ക് പൈസയിറക്കാന്‍ തയ്യാറാകും എന്നുള്ളടിത്താണ് ട്രാഫികിന്റെ പച്ചലൈറ്റ് കത്തുന്നത്...

Post a Comment