Friday, February 4, 2011

പ്രേക്ഷകന്‍ ഒരു ദുരന്തസാക്ഷി

ഒരു ദുരന്തത്തിനു സാക്ഷിയായത് കഴിഞ്ഞ ദിവസമാണ്. കന്നിച്ചിത്രം കൊണ്ട് പ്രതീക്ഷയുണര്‍ത്തിയ ഒരു യുവ സംവിധായകന്‍ വെച്ചുനീട്ടിയ ചലച്ചിത്രദുരന്തം. ട്രാഫിക്കില്‍ തുടങ്ങിയ ഈ വര്‍ഷത്തിന്റെ മറ്റൊരു പ്രതീക്ഷയാണ് തകര്‍ന്നുപോയത്.
ആത്മാര്‍ഥതയുള്ള സംരംഭമായിരുന്നു രഞ്ജിത് ശങ്കറിന്റെ ആദ്യചിത്രമായ 'പാസഞ്ചര്‍'. മികച്ച തിരക്കഥക്കുള്ള പ്രഥമ ലോഹിതദാസ് പുരസ്കാരം നേടിയ ചിത്രം. താരങ്ങളുടെ തേജോവലയത്തിനപ്പുറത്തെ ചില കാഴ്ചകളെങ്കിലും കാണാനുള്ള വേറിട്ട ഒരു ശ്രമമുണ്ടായിരുന്നു അതില്‍. ദിലീപ് താരപരിവേഷം അഴിച്ചുവെച്ച് വില്ലന്മാരെ അടിച്ചൊതുക്കാന്‍ ശേഷിയില്ലാത്ത നിസ്സഹായനായ സാധാരണക്കാരനായി. വല്ലപ്പോഴും മാത്രമാണ് നമ്മുടെ താരങ്ങള്‍ മണ്ണിലിറങ്ങിവന്ന് മനുഷ്യരാവുന്നത്. 'പാസഞ്ചറി'ന്റെ കഥ അതിനു ദിലീപിനെ പ്രേരിപ്പിച്ചിരിക്കണം. എന്നാല്‍ താരത്തെ മാനത്തേക്ക് തന്നെ ഉയര്‍ത്തുകയാണ് രഞ്ജിത് ശങ്കറിന്റെ പുതിയ ചിത്രം. പൃഥ്വിരാജ് ഫാന്‍സ് അസോസിയേഷന് നന്ദി പറഞ്ഞുകൊണ്ടാണ് ചിത്രത്തിന്റെ തുടക്കം. നാലുതടിമാടന്മാരെ ഒരു പാട്ട കൊണ്ട് അടിച്ച് പൃഥ്വിരാജ് കാരവനില്‍ കയറ്റുന്ന രംഗം അവര്‍ക്കുവേണ്ടിയുള്ളതാണ്. അതുകണ്ട് ഫാന്‍സുകാര്‍ക്ക് തരംപോലെ ചിരിക്കുകയോ കരയുകയോ ആവാം. കൂവല്‍ കേട്ടപ്പോള്‍ ഉറപ്പായി, ഓരോ അടിയും ഫാന്‍സുകാരുടെ നെഞ്ചത്താണ് കൊണ്ടത് എന്ന്.
കേരളീയാന്തരീക്ഷത്തില്‍നിന്ന് കാടുകയറിപ്പോയ, പ്രേക്ഷകന് എളുപ്പം ദഹിക്കാത്ത ഒരു ഭാവനയുണ്ടായിരുന്നു 'പാസഞ്ചറി'ല്‍. സ്ഫോടകവസ്തുക്കളുമായി വിമാനം ഇടിച്ചിറക്കി, ധാതുവിഭവങ്ങള്‍ സമൃദ്ധമായ തീരദേശഗ്രാമം ഒഴിപ്പിക്കാന്‍ ആഭ്യന്തരമന്ത്രി പദ്ധതിയിടുന്നത് കുറേ കടന്ന കൈയായി. വേള്‍ഡ്ട്രേഡ് സെന്ററൊന്നുമല്ലല്ലോ കേരളത്തിലെ പട്ടിണിപ്പാവങ്ങളുടെ കടലോരഗ്രാമം. മൂന്നുവയസ്സുള്ള പിള്ളേര്‍ കളിക്കുന്ന ഒരു വീഡിയോ ഗെയിമുപോലുള്ള, വിമാനം പൊട്ടിത്തെറിക്കുന്നതിന്റെ വിഷ്വല്‍ ഗ്രാഫിക്സ് കണ്ടത് ഓര്‍ക്കുന്നു. പക്ഷേ പൊറുക്കാവുന്നതായിരുന്നു ആ അപരാധം. 'പാസഞ്ചറി'ലെ ചില നന്മകള്‍ വെച്ചുനോക്കുമ്പോള്‍ സൌകര്യപൂര്‍വം മറക്കാവുന്നതായിരുന്നു ആ യുക്തിഭംഗം. പക്ഷേ 'അര്‍ജുനന്‍ സാക്ഷി'യിലെത്തുമ്പോള്‍ രണ്ടു മണിക്കൂര്‍ തികച്ചില്ലാത്ത സിനിമയില്‍ യുക്തിഭംഗങ്ങളുടെ ഘോഷയാത്ര തന്നെ നാം കാണേണ്ടിവരും.
ഒരു സാധാരണപത്രവായനക്കാരന്റെ യുക്തിബോധമെങ്കിലും നാം ഒരു സോഫ്റ്റ്വെയര്‍ എഞ്ചിനിയറില്‍നിന്നു പ്രതീക്ഷിക്കും. പക്ഷേ അതൊന്നും സിനിമയില്‍ കാണണം എന്നു ശാഠ്യം പിടിക്കരുതെന്ന് പേര്‍ത്തും പേര്‍ത്തും പറയുകയാണ് ചിത്രത്തിലെ ഓരോ സീനിലും രഞ്ജിത് ശങ്കര്‍. വേമ്പനാട്ടുകായലിലെ പാലവും തിരുവനന്തപുരത്തെ ഐ.ടി പാര്‍ക്കുമൊക്കെ കൊണ്ടുവന്ന ഒരു കലക്ടര്‍ മെട്രോ റെയില്‍ പദ്ധതി (ദൈവമേ, ജില്ലാ ഭരണകൂടത്തിന്റെ തലപ്പത്തിരിക്കുന്ന ഒരു ബ്യൂറോക്രാറ്റിന്റെ അധികാരപരിധിയില്‍ എന്തൊക്കെ സംഭവങ്ങള്‍!) കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെടുകയാണ്. കലക്ടറെ കൊന്നാല്‍ അവസാനിക്കുന്നതാണ് മെട്രോ റെയില്‍ പോലെ ഒരു ബൃഹദ് പദ്ധതി.
'എല്‍സമ്മ എന്ന ആണ്‍കുട്ടി'യില്‍ ആന്‍ അഗസ്റ്റിന്‍ മാതൃഭൂമി ദിനപത്രത്തിന്റെ ഇടുക്കിയിലെ ഏതോ മലയോരഗ്രാമത്തിലെ പ്രാദേശിക ലേഖികയായിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ ആ കുട്ടിക്ക് മാതൃഭൂമിയില്‍ സബ് എഡിറ്ററോ റിപ്പോര്‍ട്ടറോ (രഞ്ജിത്ശങ്കറിനുപോലും തീര്‍ച്ചയില്ല. പിന്നെയല്ലേ എനിക്ക്) ആയി പ്രമോഷന്‍ കിട്ടിയതായി 'അര്‍ജുനന്‍ സാക്ഷി' കണ്ടപ്പോള്‍ മനസ്സിലായി. സിനിമ തുടങ്ങുമ്പോള്‍ സി.ആര്‍. നീലകണ്ഠനും സാറാ ജോസഫും പ്രസംഗിക്കുന്ന ചടങ്ങ് റിപ്പോര്‍ട്ടു ചെയ്യാന്‍ പോവുന്ന അവള്‍ പിന്നെ എഡിറ്റോറിയല്‍ പേജ് എഡിറ്റു ചെയ്യാനിരിക്കുന്നതാണ് നാം കാണുന്നത്. റിപ്പോര്‍ട്ടര്‍ തന്നെ സബ് എഡിറ്റര്‍! ന്യൂസ് ബ്യൂറോവിലെ ഒരു ജൂനിയര്‍ റിപ്പോര്‍ട്ടര്‍ മാതൃഭൂമിയുടെ എഡിറ്റോറിയല്‍ പേജ് കൈകാര്യം ചെയ്യുന്നത് കണ്ട് ഒന്നു ഞെട്ടി. കഴിഞ്ഞ വര്‍ഷം ജോയിന്‍ ചെയ്തപ്പോള്‍ തന്നെ ഈ കുട്ടിയാണ് ആ കോളം കൈകാര്യം ചെയ്യുന്നതെന്ന് എഡിറ്റന്‍( വി.കെ.എന്നിനോടു കടപ്പാട്) നെടുമുടി വേണു പറയുന്നതുകേട്ടു. മൂന്നാംനിരപത്രങ്ങളില്‍ പോലും എഡിറ്റോറിയല്‍ പേജ് സീനിയര്‍ എഡിറ്റര്‍മാര്‍ കൈകാര്യം ചെയ്യുന്നതായാണ് എട്ടുകൊല്ലത്തെ പത്രപ്രവര്‍ത്തനപരിചയത്തില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. കലക്ടറുടെ കൊലപാതകത്തെ സംബന്ധിച്ച ഊരും പേരുമില്ലാത്ത ഊമക്കത്ത് പ്രസിദ്ധീകരിച്ച ആ സബ് എഡിറ്റര്‍ക്ക് ചുരുങ്ങിയത് ഒരു ഷോകോസ് എങ്കിലും കൊടുക്കേണ്ടതായിരുന്നു. മുഖപ്രസംഗപേജില്‍ ഒരു കത്തു വന്നതിന്റെ പേരില്‍, പേജിലെവിടെയും പേരില്ലാത്ത പെണ്‍കുട്ടിയുടെ വീട് അടിച്ചു തകര്‍ക്കുകയാണ് വില്ലന്മാര്‍. അവരെങ്ങനെയറിഞ്ഞു ഈ കുട്ടിയാണ് കത്ത് പ്രസിദ്ധീകരിച്ചത് എന്ന്? എന്തുകൊണ്ട് പത്രാധിപരെ അപായപ്പെടുത്താന്‍ അവര്‍ ശ്രമിച്ചില്ല? കഥയില്‍ ചോദ്യമില്ല. അങ്ങനെ ചോദിക്കാന്‍ തുടങ്ങിയാല്‍ ഒന്നോ രണ്ടോ ചോദ്യങ്ങളില്‍ തീരുകയുമില്ല.
പത്രത്തിലെ വായനക്കാരുടെ എഴുത്തുകള്‍ എന്ന കോളത്തില്‍ ഒരു ഊമക്കത്തുവന്നപ്പോള്‍, ദാ വരുന്നു മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കവര്‍സ്റ്റോറി. 'അര്‍ജുനന്‍മാരുടെ കേരളം'. പിന്നാലെ 'റോയ് മാത്യു അര്‍ജുനന്‍' എന്നൊരു കവര്‍സ്റ്റോറിയും മാതൃഭൂമിയില്‍ വരുന്നുണ്ട്. വായിക്കാന്‍ കൊതിയാവുന്നു ആ കവര്‍സ്റ്റോറികള്‍. ദുഷ്കര്‍മങ്ങളുടെ നിശãബ്ദസാക്ഷികള്‍ കേരളത്തില്‍ നിരവധിയുണ്ടെന്ന് ആ കവര്‍സ്റ്റോറികള്‍ പറയുന്നുണ്ടാവണം. നോക്കണേ, വെറുമൊരു ഊമക്കത്തിന്റെ മായാജാലങ്ങള്‍. ക്ലൈമാക്സില്‍ കടലിന്റെ നടുവില്‍ കാരവന്‍ നില്‍ക്കുന്നതു കണ്ടു. അതെന്തിനാണ് അവിടെ പോയി ഇങ്ങനെ കുന്തം വിഴുങ്ങിയതുപോലെ നില്‍ക്കുന്നതെന്ന് മനസ്സിലായില്ല. വില്ലന്മാരെ പേടിപ്പിക്കാനായിരിക്കും എന്നു സമാധാനിക്കാം. സാമാന്യം സാങ്കേതികത്തികവോടെ ഒരു വാഹനാക്രമണരംഗം ചിത്രീകരിച്ചിട്ടുണ്ട്. നാലു ഭാഗത്തുനിന്നും നാലു വാഹനങ്ങള്‍ ഊക്കില്‍ വന്നിടിച്ചിട്ടും ചതുങ്ങുകയോ ചുളിവു വീഴുകയോ ചെയ്യാത്ത ആ വണ്ടി എനിക്കിഷ്ടമായി. തുടക്കത്തില്‍ കുറേ വിദേശസുന്ദരികള്‍ വെണ്‍തുടകള്‍ വിലോഭനീയമായി ചലിപ്പിച്ചു ഡാന്‍സു ചെയ്യുന്നതു കണ്ടു. ആ സ്കിന്‍ഷോയുടെ കുറവു കൂടിയേ ഉണ്ടായിരുന്നുള്ളൂ. സുരാജ് വെഞ്ഞാറമ്മൂട് എന്ന അവിഭാജ്യഘടകം കൂടിയായപ്പോള്‍ എല്ലാം തികഞ്ഞു. രഞ്ജിത് ശങ്കര്‍ ഒരു വണ്‍ടൈം വണ്ടര്‍ ആണെന്നു തെളിഞ്ഞു.
ഏതാണ്ട് എല്ലാ പ്രശ്നവും പരിഹരിക്കാന്‍ ഒളിക്യാമറ മതിയെന്ന് സിനിമക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. തെഹല്‍ക്കക്കു സ്തുതി. 'പാസഞ്ചറി'ലും അങ്ങനെ തന്നെയായിരുന്നുവെന്നാണ് ഓര്‍മ. നായകന്‍ എങ്ങനെ വില്ലന്മാരെ കുടുക്കും എന്ന് തലപുകഞ്ഞാലോചിക്കുന്നതിനു പകരം ഒരു സ്പൈ ക്യാമറ ചൂണ്ടിക്കാട്ടുന്ന സീന്‍ എഴുതിവെച്ചാല്‍ മതി. സിമ്പിള്‍. ന്യൂസ് ചാനലുകളും അതിലെ വാര്‍ത്താവതാരകരും സിനിമയിലെ പതിവുതാരങ്ങളായ സ്ഥിതിക്ക് അവരെക്കൂടി 'അമ്മ'യില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം ഇന്നസെന്റിന്റെ ഭാഗത്തുനിന്നുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
സമൂഹത്തിന്റെ പ്രശ്നങ്ങളില്‍ ആകുലതകളോ ഉത്കണ്ഠകളോ പുലര്‍ത്താത്ത നിസ്സംഗനായ ഒരു മലയാളി യുവാവ്. അയാള്‍ അത്തരം പ്രശ്നങ്ങളില്‍ ഇടപെടാന്‍ നിര്‍ബന്ധിതനാവുന്ന ചില സാഹചര്യങ്ങള്‍. നല്ല പുതുമയുണ്ടായിരുന്നു ഈ പ്രമേയത്തിന്. അതിനെയാണ് രഞ്ജിത് ശങ്കര്‍ കാരവനില്‍ കയറ്റി കടലില്‍ കൊണ്ടുപോയി തള്ളിയത്. കച്ചവട സിനിമകളുടെ കെട്ടുകാഴ്ചകളോട് നിരുപാധികം സന്ധി ചെയ്യുന്ന ഒരു സംവിധായകനെയായിരുന്നില്ല 'പാസഞ്ചര്‍' വാഗ്ദാനം ചെയ്തത്. സിനിമ എന്ന മാധ്യമത്തിന്റെ ആത്മാവുകളയുന്ന വ്യാപാരസമവാക്യങ്ങളോട് ഒത്തുതീര്‍പ്പിനില്ലെന്ന് തീര്‍ത്തു പറയുമെന്ന് നാം കരുതിയ ഒരാള്‍, അതിനുള്ള ആര്‍ജവമുണ്ടെന്ന് നമ്മെ ആദ്യചിത്രംകൊണ്ട് വ്യാമോഹിപ്പിച്ച ഒരാള്‍ ഇതാ ഈ ചിത്രത്തിലൂടെ പതിവുപാളയത്തിലേക്കുള്ള പാസഞ്ചര്‍ മാത്രമാണ് താനെന്ന് പ്രഖ്യാപിച്ചിരിക്കുന്നു.

16 comments:

Rajesh said...

Agree with the review mostly. Its surprising that a real Newspaper is used here.
Traffic -inum Arjunan Sakshi - okke idakku, oru onnandaram Tamil cinema vannu pokunnathu pala malayaalikalum arinjilla ennu thonnunnu, atho kandillendu nadikkuvaano, asooya kaaranam. Aadukalam enna cinemayekkurichaanu parayunnathu. Pollaadhavan enna normal entertaineril ninnum Aadukalathilekku Vetri maaran oru kuthichu chaattam thanne nadathi. Ividi Malayaalathil valare pratheeksha unarthiya oru samvidhaayakan donde thaazhekku chaadunnu.

ചെതല്‌ said...

നന്നായി സജീഷേ
ഇത് പോലൊരെണ്ണം അവന്‍ അര്‍ഹിക്കുന്നുണ്ട്
സ്ഥിരമായി നെറ്റ് നോക്കാന്‍ സാധ്യതയുള്ള
സംവിധായകനായത് കൊണ്ടാണോ എല്ലാ ബ്ലോഗ്‌ പുലികളും
അര്‍ജുനന്‍ വില്ലാളി വീരന്റെ അളിയനെങ്കിലും ആണെന്ന് വാദിക്കുന്നത്?

ചിന്തിക്കുന്നവര്‍ക്കുവേണ്ടിയും രസിക്കുന്നവര്‍ക്ക് വേണ്ടിയും
ഒന്നും കരുതി വെക്കാന്‍ കഴിയാതെ പോയ;
സിസ്റ്റം, പോരായ്മ, നന്മ, കാരുണ്യം, സ്നേഹം, എന്നിങ്ങനെയുള്ള
വാക്കുകള്‍ വെറുതെ ഉപദേശ രൂപേണ വാരിക്കോരി നല്‍കുന്ന
ബ്ലന്ടെര്‍.

അമച്ച്വേര്‍ എന്ന് മുന്‍ സിനിമയിലെ ഗ്രാഫിക്സ്
ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്ന,
കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ കൂടി ആയ സംവിധായകന്റെ,
നന്മയിലധിഷ്ടിദ്ധമായ സോദേശ ചിത്രങ്ങള്‍ ഒരുക്കുന്നവന്‍
എന്ന ബ്രാന്‍ഡില്‍
സ്വയം ഭ്രമിച്ച,
സത്യന്‍ അന്തിക്കാട് (കുടുംബ ബ്രാന്‍ഡ്‌), കമല്‍ (കോളേജ് ബ്രാന്‍ഡ്‌) ഗണതില്ലേക്ക്
മത്സരിക്കുന്ന രഞ്ജിത്ത് ശങ്കറിന് അഭിവാദ്യങ്ങള്‍
ഇനിയും നന്മ നിറഞ്ഞ ചിത്രങ്ങള്‍ക്ക് വേണ്ടി അവന്‍ വരും
നമ്മുടെ ഉറക്കം കെടുത്താന്‍
പ്രേക്ഷകാ കരുതിയിരിക്കുക


--
ജീവിതം
ഈവിധം
ഒരുവിധം
ധിം

വിനയന്‍ said...

>>നല്ല പുതുമയുണ്ടായിരുന്നു ഈ പ്രമേയത്തിന്. അതിനെയാണ് രഞ്ജിത് ശങ്കര്‍ കാരവനില്‍ കയറ്റി കടലില്‍ കൊണ്ടുപോയി തള്ളിയത്.<< Exactly :) ...ഒരു ബ്ലണ്ടര്‍ സിനിമ എന്ന് ഒറ്റവാക്കില്‍ പറയാം... സിനിമയിലെ മണ്ടത്തരങ്ങള്‍ സജീഷ് പറഞ്ഞതില്‍ മാത്രം ഒതുങ്ങുന്നില്ല , എന്റെ സുഹൃത്ത് പറഞ്ഞതനുസരിച്ച് ക്യാബിനറ്റ്‌ യോഗത്തിനു ജഡ്ജിമാരുടെ പാനലിനെ നിയോഗിക്കാന്‍ അധികാരമില്ല ... പോട്ടെ , ഇതിലും ഒരുപാട് പ്രശ്നങ്ങള്‍ സിനിമയില്‍ അക്കമിട്ടു നിരത്താനുണ്ട് ...എന്തായാലും ഒരു സിനിമ കൊണ്ട് രഞ്ജിത്ത് ശങ്കര്‍ കത്തിക്കഴിഞ്ഞുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു

ഷാഫി said...

ചിത്രം കണ്ടില്ല. ഏതായാലും കാണണ്ടെന്ന്‌ തീരുമാനിച്ചു

nandakumar said...

<< നല്ല പുതുമയുണ്ടായിരുന്നു ഈ പ്രമേയത്തിന്. അതിനെയാണ് രഞ്ജിത് ശങ്കര്‍ കാരവനില്‍ കയറ്റി കടലില്‍ കൊണ്ടുപോയി തള്ളിയത്.>>>
വാസ്തവം. അത്തരമൊരു പുതുമയുടെ പിന്‍ബലത്തിലും പാസഞ്ചര്‍ എന്ന സിനിമകൊണ്ട് രജ്ഞിത് ശങ്കറിലുള്ള വിശ്വാസവും. പക്ഷെ, താനും താരങ്ങളുടേയും ഫാന്‍സിന്റേയും ശിങ്കിടി എന്ന് വ്യക്തമായ സൂചന ഇതിലൂടേ തരുകയാണുണ്ടായത്. ഇനി മോഹന്‍ലാല്‍/മമ്മൂട്ടിയെ വെച്ച മീശപിരിച്ചോ അല്ലാതേയോ സൂപ്പര്‍മാന്‍ വേഷവും കൂടി കെട്ടിച്ചാല്‍ തൃപ്തിയായി ശങ്കറേട്ടാ തൃപ്തിയായി.:)

Unknown said...

100% യോജിപ്പ്.
ഇങ്ങനെ സിനിമയെടുക്കാന്‍ ഇവിടെ ഷാജി കൈലാസ് ഒക്കെയുണ്ട് അപ്പോള്‍ രഞ്ജിത് ശങ്കര്‍ കഷ്ടപ്പെടണമെന്നില്ല.

ചെലക്കാണ്ട് പോടാ said...

ഉം, പുള്ളി അടുത്തതില്‍ നന്നാക്കുമെന്ന് കരുതാം...

Shameer Hameedali said...

യോജിക്കുന്നു സാര്‍..
ഒരു സുഹൃത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി സിനിമ കാണേണ്ടി വന്നു.
മലയാളി പ്രേക്ഷകര്‍ക്ക് ഇത്തരം കഥകളും സന്ദര്‍ഭങ്ങളും മതിയെന്ന് ഇവര്‍ തീരുമാനിച്ച് ഇറങ്ങിയാല്‍ എന്ത് ചെയ്യും?
ഒരുപാട് പ്രതീക്ഷകളും ആയാണ് പ്രിത്ത്വിരാജ് ചിത്രം കാണാന്‍ പോയത്. പക്ഷെ.....

ഇതൊരു പാഠം ആവട്ടെ.

sony said...

സിനിമ തുടങ്ങിയപ്പോള്‍ത്തന്നെ തോന്നിയത് ഇതാണ്
ദൈവം സാക്ഷി !
അര്‍ജുനന്‍ സാക്ഷി !!
നമ്മളും സാക്ഷി (ഈ വൃത്തികേടിനു) .!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

രഞ്ജിത്ത് ശങ്കരിനു രണ്ടു പൊട്ടിക്കുകയാണ് ശരിക്കും വേണ്ടത്. ഏതായാലും അത് പോലൊരു പ്രവൃത്തി ഈ ലേഖനം ചെയ്യുന്നുണ്ട്
നന്ദി

ആദ്യം തൊട്ടു പേടിതൂറനായി ചിത്രീകരിച്ച വിജീഷിന്റെ കഥാപാത്രം പെട്ടന്നൊരു നിമിഷം കൊണ്ട് കൊച്ചിയെ വിറപ്പിക്കുന്ന ഉസ്താതായി ബിസിനെസ്സ് മഗ്നടുകളുടെ മൊബൈല്‍ ഫോണെടുത്തു പുച്ഛത്തോടെ വെള്ളതിലെരിഞ്ഞു കളയുന്ന സീന്‍ മാത്രം മനസ്സില്‍ നിന്ന് പോകുന്നില്ല (ഒപ്പം യുക്തി ഭദ്രതയില്ലയ്മയ്ക്ക് സിനിമയെന്ന് പേരിട്ടപ്പോ ഓടിച്ചെന്നു കണ്ട എന്റെ മണ്ടത്തരവും)

Minu MT said...

i haven't seen the movie
oh greatly written
minu

nikhimenon said...

this review s a good one..sharikkum nalloru theme ayirunnu..but nashipichu kalanju..climax dayaneeyam

Unknown said...

ഈ പോസ്റ്റ്‌ വായിച്ചെങ്കിലും രഞ്ജിത്ത് ശങ്കറിന് തിരിച്ചറിവുണ്ടാവട്ടെ എന്ന് പ്രതീക്ഷിക്കാം. പാസേന്ജ്ജരില്‍ ഇത്തിരി പ്രതീക്ഷ തന്നത് പലിശ സഹിതം കക്ഷി തിരിച്ചു പിടിച്ചു.
പത്രക്കാരെ കുറിച് ചില പൊതു കാര്യങ്ങള്‍ ഇനിയും രഞ്ജിത്ത് ശങ്കര്‍ മനസിലാകാന്‍ ഉണ്ടെന്നു തോനുന്നു. കഴിഞ്ഞ പടത്തിലെ പത്രപ്രവര്‍ത്തക മന്ത്രിയുടെ പത്രസമ്മേളനത്തില്‍ ഇടയ്ക്കിടെ എഴുന്നേറ്റു നിന്ന് ചോദ്യം ചോദിക്കുന്നുണ്ടായിരുന്നു.

Unknown said...

hi sajeesh valare nananyitund

സുദേഷ് എം രഘു said...

ഈ ബ്ലോഗില്‍ സെര്‍ച്ച് ഓപ്ഷന്‍ ഇല്ലല്ലോ! ഏതെങ്കിലും ഒരു റിവ്യൂ ഉണ്ടോ എന്നു നോക്കാന്‍ വല്ലാതെ പാടു പെടും.നിസ്സാരമായ കാര്യമാണ് ആ ഓപ്ഷന്‍ ചേര്‍ക്കുക എന്നത്.(Add a Gadjetല്‍ ഉണ്ടത്) ദയവായി സെര്‍ച്ച് ഓപ്ഷന്‍ ഉടന്‍ ചേര്‍ക്കുക.

ദീപുപ്രദീപ്‌ said...

നല്ല റിവ്യൂ....
ബ്ലോഗില്‍ ക്ഴിഞ്ഞ പോസ്റ്റുകളുടെ ഒരു ലിസ്റ്റ് ഇട്ടാല്‍ നന്നായിരിക്കും.
ആശംസകള്‍.

M.K.KHAREEM said...

എണ്‍പതുകളില്‍ മലയാളത്തില്‍ കലാ മൂല്യമുള്ള ചിത്രങ്ങള്‍ ഉണ്ടായിരുന്നു. അതിനു എത്രയോ മുമ്പുള്ള ചെമ്മീന്‍ ഇന്നും ക്ലാസിക് ആയി തുടരുന്നു. എണ്‍പതുകളില്‍ തമിഴന്‍ മലയാളത്തെ നോക്കി പകര്‍ത്തി. ഇന്ന് മലയാളി തമിഴനെ പകര്‍ത്തുന്നു. മലയാള പ്രക്ഷകന്റെ കാലക്കേട്‌...

Post a Comment