Sunday, July 3, 2011

ഉള്ളു പൊള്ളയായ വന്‍മരങ്ങളും ചെറുചെടികളും

മലയാളിയുടെ ജനിതകപരമായ സവിശേഷതകളിലൊന്ന് നമ്മള്‍ ആരെയും അത്രപെട്ടെന്ന് അംഗീകരിക്കില്ല എന്നതാണ്. നാഡി പിടിച്ചുനോക്കി മരിച്ചു എന്നുറപ്പായാലേ പ്രതിഭകളെ നാം വാഴ്ത്തൂ. ധൈഷണികമായ അഹങ്കാരമോ കൂട്ടായ അസൂയയോ എന്നറിയില്ല,(അത് സാമൂഹികശാസ്ത്രകാരന്മാരുടെ വിഷയം) പുതിയ കലാകാരന്മാരുടെ കടന്നുവരവിനെ സംശയദൃഷ്ടിയോടെയാണ് നാം വീക്ഷിക്കുക. (പെട്ടെന്ന് തോന്നുന്ന ഒരു ഉദാഹരണം ജാസി ഗിഫ്റ്റ് ആണ്. ശബ്ദമാധുര്യത്തെക്കുറിച്ചും കലര്‍പ്പില്ലാത്ത ശുദ്ധസംഗീതത്തെക്കുറിച്ചുമുള്ള സാമ്പ്രദായിക ധാരണകളെ ഉലച്ചുകൊണ്ടുകടന്നുവന്ന ജാസി ഗിഫ്റ്റിനെ നാം തെലുങ്കിലേക്കും തമിഴിലേക്കും ഓടിച്ചുവിട്ടു. അവഗണനക്കു കാരണം ദലിത്സദൃശമായ മുഖമെന്ന് കീഴാളവായനയുണ്ടായി.) സലിം അഹമ്മദിനെയും ചലച്ചിത്രസാക്ഷരതയുള്ള പ്രബുദ്ധസമൂഹം ചില അപഭ്രംശങ്ങള്‍ ചൂണ്ടിക്കാട്ടി വിചാരണ ചെയ്യുന്നത് കണ്ടു.
അനുഭവപ്രതിസന്ധി എന്ന ഒരു ലേഖനം എ.സോമന്‍ എഴുതിയത് ഓര്‍ക്കുന്നു. ചില അനുഭവങ്ങളോട് മലയാളികള്‍ പുലര്‍ത്തുന്ന അസഹിഷ്ണുതയും ആന്ധ്യവുമായിരുന്നു അതിന്റെ ഉള്ളടക്കം. സാമൂഹിക ജീവിതത്തിലെ അനുഭവവൈവിധ്യങ്ങളെ അസഹിഷ്ണുതയോടെ കാണുന്ന മലയാളിയുടെ സഹജവാസനയെക്കുറിച്ച് ചില വഴിവിട്ട ചിന്തകള്‍ക്ക് അവസരം തന്നത് കഴിഞ്ഞയാഴ്ച പ്രദര്‍ശനത്തിനെത്തിയ 'ആദാമിന്റെ മകന്‍ അബു'വാണ്.
ഈ ചിത്രത്തെക്കുറിച്ച് ഫേസ്ബുക്കിലും വെബ്സൈറ്റുകളിലും വന്ന ചര്‍ച്ചകളില്‍ ഉയര്‍ന്ന വിയോജനസ്വഭാവമുള്ള പ്രതികരണങ്ങളില്‍ ചിലത് താഴെ ചേര്‍ക്കുന്നു. മലയാളിയുടെ സംവേദനശേഷിയെയും ഭാവുകത്വസമീപനങ്ങളെയും സംബന്ധിച്ച ചില സൂക്ഷ്മനിരീക്ഷണങ്ങള്‍ക്കും സാംസ്കാരികപഠനങ്ങള്‍ക്കും ഇവ പിന്നീട് എപ്പോഴെങ്കിലും ഉപകരിച്ചേക്കാം. അപകടകാരികളായ ചില ബുദ്ധിജീവികളില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കേണ്ടതിന്റെ മുന്നറിയിപ്പുകൂടിയാണ് ഇത്.

1) 'പതിറ്റാണ്ടുകള്‍ക്കു മുന്‍പ് മുസ്ലിം സമുദായത്തില്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തൂത്തെറിയാന്‍ കലാകാരന്മാര്‍ ശ്രമിക്കുകയുണ്ടായി. അക്കൂട്ടത്തില്‍ പെടുന്ന ഒരു നാടകമാണ് ടി.കെ. അയമുവിന്റെ ജ്ജ് നല്ലൊരു മനിസനാക്കാന്‍ നോക്ക്. ആ കാലത്തില്‍ നിന്നു നാമെത്തിച്ചേരുന്നത് ആദാമിന്റെ മകന്‍ അബു അഥവാ, ജ്ജ് നല്ലൊരു അജ്ജ് ചെയ്യാന്‍ നോക്ക് എന്ന സിനിമയിലേക്കാണ് എന്നത് സാമൂഹികപരിണതി പിന്നാക്കമാണെന്ന് എടുത്തുകാട്ടുന്നു.

2) 'ഈ സിനിമക്ക് അവാര്‍ഡു കിട്ടിയതില്‍ വിസ്മയമൊന്നുമില്ല. കാരണം, അവാര്‍ഡിന്റെ മാനദണ്ഡങ്ങളെ പൂര്‍ണമായും സംതൃപ്തിപ്പെടുത്തുന്നൊരു ചിത്രമാണിത്. ആരെയും ഇടിക്കുന്നില്ല. ഒരാളെയും പ്രകോപിപ്പിക്കുന്നില്ല, ഒരു രാഷ്ട്രീയവും പറയുന്നില്ല, ഒരു സാമൂഹികാവസ്ഥയെയും പ്രതിനിധാനം ചെയ്യുകയോ വിശകലനം ചെയ്യുകയോ പൊളിച്ചെഴുതാന്‍ ശ്രമിക്കുകയോ ചെയ്യുന്നില്ല.

3) ആദാമിന്റെ മകന്‍ അബു' ഒരു ഹജ്ജ് പ്രമോഷന്‍ & അക്ബര്‍ ട്രാവല്‍സ് പരസ്യ സിനിമയാണ്. ഈ വര്‍ഷത്തെ നാഷനല്‍ അവാര്‍ഡ് സെലക്ഷനിലേക്ക് വന്ന അനുഷാ റിസ്വിയുടെ പീപ്ലി ലൈവ്, ഗൌതം ഘോഷിന്റെ മോണേര്‍ മാനുഷ്, അപര്‍ണാസെന്നിന്റെ ദ ജാപനീസ് വൈഫ് എന്നീ ചിത്രങ്ങളുടെ നിലവാരത്തില്‍നിന്ന് വളരെ താഴെയാണ് ഈ സിനിമ. വിഷയപരമായാകട്ടെ ഇസ്ലാം മതവിശ്വാസികളെക്കുറിച്ചുള്ള യാഥാസ്ഥിതിക കാഴ്ചപ്പാട് മുന്നോട്ടുവെക്കുന്നതും. ആധുനിക മാറ്റങ്ങള്‍ (ഗള്‍ഫ് കുടിയേറ്റം, ബിസിനസ്) മോശമോ പരിഹാസ്യമോ ആയ കാര്യങ്ങളാണിതില്‍. ഹജ്ജിന് പോകലാണ് ഇസ്ലാം മതവിശ്വാസിയുടെ ജീവന്‍മരണപ്രശ്നമായി അവതരിപ്പിക്കുന്നത്. അതുപോലും ഇത്ര വ്യാപകമാകുന്നതിന് കാരണം ഗള്‍ഫ് പണവും, സൌദി അറേബ്യ ഹജ്ജിനെ ഒരു ടൂറിസം വ്യവസായമാക്കിയതുമാണ്്. സിനിമ നിഷേധിക്കുന്ന ആധുനികത തന്നെയാണ് ഹജ്ജിനെപോലും ഒരു ടൂറിസം യാത്രയാക്കി മാറ്റിയത്.

ഈ പ്രതികരണങ്ങള്‍ ഇവിടെ പകര്‍ത്തിയത് മലയാളിയുടെ സംവേദനസമീപനങ്ങളെക്കുറിച്ച് അവ നമുക്ക് ചില ഉള്‍ക്കാഴ്ചകള്‍ പകര്‍ന്നുനല്‍കുന്നതുകൊണ്ടാണ്. ഈ ചിത്രം പ്രദര്‍ശനത്തിനെത്തിയപ്പോള്‍ ദേശീയ സംസ്ഥാന അവാര്‍ഡുകമ്മിറ്റികള്‍ക്ക് തെറ്റി എന്നു കാണിക്കാനായിരുന്നു സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ പലര്‍ക്കും തിടുക്കം. ദേശീയ അവാര്‍ഡ് ഈ ചിത്രം അര്‍ഹിക്കുന്നുണ്ടോ എന്ന് ചിലരെങ്കിലും സംശയിക്കുന്നതു കണ്ടു.
ഒരു കലാരൂപത്തോട്/ ഒരു സിനിമയോട് രണ്ടുതരത്തിലുള്ള സംവേദനസമീപനങ്ങള്‍ ആവാം. സൌന്ദര്യശാസ്ത്രപരവും പ്രത്യയശാസ്ത്രപരവും. രണ്ടുതരത്തിലും ചിത്രം മോശമാണെന്ന് ഉറപ്പിക്കാനുള്ള പ്രവണതകളുണ്ടായി. വിയോജിക്കാനും വിമര്‍ശിക്കാനുമുള്ള അധികാരം ആര്‍ക്കുമുണ്ട്. പക്ഷേ, വ്യാപകമായ സ്വീകാര്യതയുള്ള ഒരു കലാസൃഷ്ടിയെക്കുറിച്ച് എതിരഭിപ്രായം പറഞ്ഞ് തന്റെ സവിശേഷമായ ഭാവുകത്വം പ്രദര്‍ശിപ്പിക്കുക എന്ന വിനോദത്തിന്റെ ആത്മരതിയാണ് ഈ വിയോജനങ്ങളില്‍ കാണാനാവുന്നത്. ഒരു കൊച്ചുസിനിമയെ, ഒരു പാവം സിനിമയെ എതിര്‍ത്തുതോല്‍പിക്കുന്നതില്‍ ആനന്ദം നേടുന്ന അസൂയാലുക്കളും ഉണ്ടാവാം.
'ആദാമിന്റെ മകന്‍ അബു' ആത്മാര്‍ഥതയുള്ള ഒരു സിനിമയായാണ് എനിക്ക് അനുഭവപ്പെട്ടത്. അവാര്‍ഡ് കിട്ടണം എന്ന് ആഗ്രഹിച്ച് എടുത്ത ചിത്രങ്ങളുടെ പൊതുസ്വഭാവം ഈ സിനിമക്കില്ല. ഇഴഞ്ഞുനീങ്ങുന്ന ഷോട്ടുകള്‍, പഴകിത്തേഞ്ഞ് ക്ലീഷേ ആയ ദൃശ്യങ്ങളും സംഭാഷണങ്ങളും, സംവിധായകനോളം ബുജികളായ കഥാപാത്രങ്ങള്‍ തുടങ്ങി നമ്മുടെ പതിവ് ആര്‍ട്ട് സിനിമകളുടെ അസ്ക്യതകളൊന്നും ഈ ചിത്രത്തില്‍ കണ്ടില്ല. (നമ്മുടെ സമാന്തര സിനിമക്ക് ഇപ്പോഴും എഴുപതുകളില്‍നിന്ന് ബസ് കിട്ടിയിട്ടില്ല. ഇറ്റാലിയന്‍ നിയോറിയലിസത്തില്‍നിന്നും ഫ്രഞ്ച് നവതരംഗത്തില്‍നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട് അക്കാലത്ത് ഇവിടെ രൂപം കൊണ്ട ചിത്രങ്ങളുടെ വ്യാകരണം അപ്പടി കടംകൊണ്ട് പരിഹാസ്യരാവുകയാണ് ഏറ്റവും പുതിയ തലമുറയിലെ സമാന്തര സിനിമക്കാര്‍. മൂന്നു യുവാക്കളുടെ സമാന്തര ചിത്രങ്ങള്‍ അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ഉപയോഗിക്കാമെന്ന് എം. ഋജു എന്ന സുഹൃത്ത്. അടൂരിനെപ്പോലുള്ളവരാണെങ്കില്‍ പഴയ എലിപ്പത്തായത്തില്‍ പുതിയ തേങ്ങാപ്പൂളുവെക്കുന്നുവെന്നും രസികനായ ആ സുഹൃത്ത് പറയുന്നു) പതിവു വ്യാപാര ഫോര്‍മുലകള്‍ക്കനുസരിച്ചുള്ള ഒത്തുതീര്‍പ്പുകള്‍ക്ക് സലിം അഹമ്മദ് വഴങ്ങിയിട്ടില്ല.
ഹജ്ജ് പ്രമോഷനു വേണ്ടിയുള്ള സിനിമയാണെന്നു പറയുന്നത് തലക്കുള്ളില്‍ ആള്‍പ്പാര്‍പ്പില്ലാത്തതുകൊണ്ടായിരിക്കാമെന്ന് കരുതി സമാധാനിക്കാം. സിനിമ ഒന്നു മനസ്സിരുത്തി കണ്ടിരുന്നുവെങ്കില്‍ ഈ ബുജികള്‍ ഇങ്ങനെ അഭിപ്രായം പറയില്ലായിരുന്നു. ചിത്രത്തിന്റെ യഥാര്‍ഥ ഇതിവൃത്തത്തിലേക്ക് പ്രേക്ഷകന്‍ നടന്നടുക്കുന്നത് അവസാനത്തെ ഒന്നോ രണ്ടോ സീനുകളിലാണ്. അവിടെയാണ് സലിം അഹമ്മദ് ശില്‍പവൈഭവമുള്ള കലാകാരനാണെന്നു തെളിയിച്ചത്. മക്കള്‍ അവഗണിക്കുന്ന എല്ലാ മാതാപിതാക്കളുടെയും ആരുമറിയാത്ത വ്യഥകളുടെ കഥയാണിത് എന്ന് സാമാന്യസംവേദനശേഷിയുള്ള ആര്‍ക്കും മനസ്സിലാവും. മുറിച്ചത് മരമാണെങ്കിലും അതും ഒരു ജീവനല്ലേ എന്ന ചിന്തയില്‍ ചിത്രമൊടുങ്ങുമ്പോള്‍ ലളിതമായ ഒരു പാരിസ്ഥിതികാവബോധം കൂടി അതിലേക്കു കടന്നുവരുന്നു. പരിചരണത്തില്‍ പാളിപ്പോയേക്കാമായിരുന്ന അതിലോലമായ പ്രമേയമാണിത്. രണ്ടേ രണ്ട് സീനുകളിലെ ഊന്നലിലൂടെ തന്റേത് ഹജ്ജ് തീര്‍ഥാടനത്തെക്കുറിച്ചുള്ള സിനിമയല്ലെന്നും അതിനപ്പുറമുള്ള ചില മാനങ്ങളിലേക്ക് അതിന്റെ ഇതിവൃത്തം വളര്‍ന്നു മുട്ടുന്നുണ്ടെന്നും പറയാതെ പറയുന്നിടത്ത് പ്രതീക്ഷയര്‍പ്പിക്കാവുന്ന ഒരു യുവചലച്ചിത്രകാരന്റെ സാന്നിധ്യം ഞാന്‍ കാണുന്നു. ദേശീയ അവാര്‍ഡു ലഭിച്ചപ്പോഴുള്ള പത്രവാര്‍ത്തകളും ഫീച്ചറുകളും ഹജ്ജ് തീര്‍ഥാടനത്തിനാഗ്രഹിക്കുന്ന ഒരു വൃദ്ധന്റെ വ്യഥകളുടെ കഥമാത്രമായി ഈ ചിത്രത്തെ സങ്കുചിതവൃത്തത്തില്‍ തളച്ചിടുകയായിരുന്നു. ചിത്രം പ്രദര്‍ശനത്തിനെത്തിയിട്ടും അതുതന്നെ ആവര്‍ത്തിക്കുന്നവരുടെ സംവേദനശേഷിയോര്‍ത്ത് സഹതപിക്കുകയല്ലാതെ നിവൃത്തിയില്ല.
നമ്മുടെ സമാന്തര സിനിമക്കാര്‍ ചില വിഷയങ്ങളെ അധികരിച്ച് സിനിമയെടുക്കുമ്പോള്‍ വിഷയം മുഴച്ചുനില്‍ക്കുകയും പത്രവാര്‍ത്ത പോലെ ചിത്രം വിരസമാവുകയും ചെയ്യുന്നതു കാണാം. സമകാലിക വിഷയത്തെ ഭാവനവത്കരിക്കാനും രചനാത്മകമായി അതിനെ ചലച്ചിത്രഗാത്രത്തില്‍ വിളക്കിച്ചേര്‍ക്കാനും പലര്‍ക്കും കഴിയാറില്ല. വിഷയം സിനിമയാക്കാതെ ഒരു വെള്ളക്കടലാസില്‍ എഴുതിത്തന്നാല്‍ മതിയായിരുന്നു എന്നു തോന്നിപ്പിക്കുന്ന വിധം ചലച്ചിത്രമാധ്യമത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താത്ത പാതിവെന്ത സിനിമകളാണ് അവ. എന്നാല്‍ ഇവിടെ സലിം അഹമ്മദ് ദൃശ്യങ്ങളുടെയും സംഭാഷണങ്ങളുടെയും മിതമായ ഉപയോഗത്തിലൂടെ ഒരു വിഷയം അല്ലെങ്കില്‍ ഒന്നിലധികം വിഷയങ്ങള്‍ ഒതുക്കിപ്പറയുന്നു. മധു അമ്പാട്ടിന്റെ ക്യാമറ, റഫീക്ക് അഹമ്മദിന്റെ വരികള്‍, സലിംകുമാറിന്റെ അഭിനയം, ഐസക് തോമസിന്റെ പശ്ചാത്തലസംഗീതം എന്നിവയും സംവിധായകനെ ഏറെ സഹായിച്ചിട്ടുണ്ട്.
ഭക്തി പ്രണയം പോലെ മധുരതരമായ ഒരു വികാരമാണ്. മതങ്ങളെല്ലാം അവയുടെ മനുഷ്യവിരുദ്ധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭക്തിയെ അനാവശ്യസമ്മര്‍ദമേല്‍പ്പിക്കുന്ന ഒരു ചടങ്ങായി മാറ്റിയിട്ടുണ്ടെങ്കിലും ആത്മസമര്‍പ്പണത്തിന്റെ വിശുദ്ധമായ നിമിഷങ്ങളുണ്ട് അതില്‍. ആ അര്‍ഥത്തില്‍ ഭക്തിയുടെ നിറവാര്‍ന്ന ചില നിശãബ്ദ നിമിഷങ്ങളും ചിത്രത്തില്‍ കാണാന്‍ കഴിഞ്ഞു. വിമുഖവും നിഷ്ക്രിയവും സാമൂഹികവിരുദ്ധവുമായ ഭക്തിയെ ഒരൊറ്റ രംഗത്തിലൂടെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട് സംവിധായകന്‍. അബു സ്കൂള്‍മാഷിന്റെ വീട്ടിലെത്തുന്ന രാത്രിയില്‍ മാഷിന്റെ അമ്മയുടെ നിസ്സംഗമായ ഭാഗവതം വായന ആഴവും അര്‍ഥവുമുള്ള രംഗമായി. സ്മാരകശിലകളിലും ഖസാക്കിന്റെ ഇതിഹാസത്തിലുമെല്ലാം അതിന്ദ്രീയ തലങ്ങളില്‍ വിശ്വാസവുമായി ചേര്‍ന്നുനില്‍ക്കുന്ന ചില കഥാപാത്രങ്ങളുണ്ടല്ലോ. ആ തലത്തിലേക്ക് ഉസ്താദ് വളരുന്നില്ല എന്നത് ഒരു പരിമിതി തന്നെയാണ്. ആ പരിണാമത്തിലേക്ക് ഭാവപ്പകര്‍ച്ച നേടാന്‍ സുരാജ് എന്ന നടന് കഴിഞ്ഞതുമില്ല. ഹാസ്യമല്ലാതെ ഒരു ഭാവം തനിക്കു വഴങ്ങില്ലെന്ന് ഈ ചിത്രത്തിലൂടെ സുരാജ് ഒന്നുകൂടി അടിവരയിട്ടു.
അക്ബര്‍ ട്രാവല്‍സിന്റെ പരസ്യമാണ് ഈ സിനിമ എന്ന വിമര്‍ശനം ബാലിശമാണ്. ഒരു കോടി ഇരുപതുലക്ഷം രൂപ ചെലവഴിച്ച് ആത്മാര്‍ഥതയുള്ള ഒരു സിനിമയുണ്ടാക്കാന്‍ ശ്രമിച്ചവരുടെ സ്ഥാപനം രണ്ടു സീനില്‍ പ്രത്യക്ഷപ്പെട്ടതില്‍ ഇത്ര അസഹിഷ്ണുത വേണോ? അക്ബര്‍ ട്രാവല്‍സ് വഴി ഗള്‍ഫില്‍ പോവാന്‍ ക്രയശേഷിയുള്ള പ്രേക്ഷകര്‍ക്കു മുന്നില്‍ മസാല പുരട്ടി വിളമ്പിയ ദൃശ്യവിരുന്ന് അല്ലല്ലോ ഈ സിനിമ. എന്തിലും ഒരു ഗൂഢപദ്ധതി കാണുന്ന ദോഷൈകദൃക്കുകള്‍ക്കിടയില്‍ ഈ പാവം സിനിമ എങ്ങനെ അതിജീവിക്കുമാവോ! ഒരു വാണിജ്യേതരസന്ദര്‍ഭത്തില്‍ വാണിജ്യ ഉല്‍പന്നത്തെ അവതരിപ്പിക്കുമ്പോള്‍ ഉപഭോക്താവിന്റെ മനസ്സില്‍ അത് ആഴത്തില്‍ പതിയുന്നുവെന്നത് പരസ്യവിജ്ഞാനീയത്തിന്റെ അടിസ്ഥാനതത്ത്വങ്ങളിലൊന്നാണ്. അതിന്റെ പ്രയോഗം ഇതില്‍ കാണാമെന്നത് ശരിതന്നെ. പക്ഷേ, ഒരു ട്രാവല്‍ ഏജന്‍സിയിലെ ചില രംഗങ്ങള്‍ ആ കഥ ആവശ്യപ്പെടുന്നുണ്ട്. അത് നിലവിലില്ലാത്ത ഒരു ഏജന്‍സിയുടെ പേരില്‍ ആയിരുന്നെങ്കില്‍ വിമര്‍ശകരുടെ സംവേദനശേഷിയെ അത് തൃപ്തിപ്പെടുത്തുമായിരുന്നോ?
മുസ്ലിംകളെ തീവ്രവാദികളും അമിതഭക്ഷണാസക്തിയുള്ളവരും ദേശക്കൂറില്ലാത്തവരുമായി ചിത്രീകരിക്കുന്ന പതിവുപ്രവണതയില്‍നിന്നുള്ള മാറിനടത്തത്തിന്റെ പേരിലും ഒരുപക്ഷേ ഈ ചിത്രം നമ്മുടെ സാംസ്കാരിക ചരിത്രത്തില്‍ ഇടം നേടിയേക്കാം. ചിത്രം ഒരു രാഷ്ട്രീയവും പറയുന്നില്ല, ഒരു സാമൂഹികവിഭാഗത്തെയും പ്രതിനിധാനം ചെയ്യുന്നില്ല എന്ന മേലുദ്ധരിച്ച വിമര്‍ശനം സിനിമ ഇങ്ങനെയൊക്കെയായിരിക്കണം എന്ന മുന്‍വിധിയില്‍നിന്ന് ഉണ്ടാവുന്നതാണ്.
മൂന്നുപതിറ്റാണ്ടിനുശേഷം തിയററ്ററിന്റെ പടി ചവുട്ടിയ സുകുമാര്‍ അഴീക്കോട് 'ആദാമിന്റെ മകന്‍ അബു' കണ്ടിറങ്ങിയപ്പോള്‍ പറഞ്ഞത് ഇങ്ങനെ: ''മലയാള സിനിമയിലെ ഉണങ്ങിയ ആല്‍മരങ്ങള്‍ ചെറിയ ചെടികളെ വളരാനനുവദിക്കുന്നില്ല. അവ വെട്ടിമാറ്റപ്പെടുമ്പോള്‍ നല്ല മരങ്ങള്‍ വളരും.'' പുതിയ പ്രതീക്ഷകളുടെ പച്ചത്തഴപ്പുകള്‍ പൊടിച്ചുവരും എന്നുതന്നെയാണ് ഈ സിനിമ സാക്ഷ്യപ്പെടുത്തുന്നത്.

28 comments:

സുസ്മേഷ് ചന്ത്രോത്ത് said...

സബാഷ് സജീഷ്,സബാഷ്!
അസ്സലായി.നല്ലതു കാണുന്പോഴും കേള്‍ക്കുന്പോളും വായിക്കുന്പോളും ‍ആസനത്തില്‍ അസ്വസ്ഥത പെരുകുന്ന ചില സ്ഥിരം കക്ഷികളുണ്ടല്ലോ.അവരുടെ ജല്പനങ്ങള്‍ പ്രോത്സാഹിപ്പിക്കാതിരിക്കുകയാണ് വേണ്ടത്.നല്ലത് അവര്‍ക്കൊരിക്കലും ഉള്‍ക്കൊള്ളാനാവില്ല.
ആദാമിന്‍റെ മകന്‍ അബു ഒരു നല്ല സിനിമയാണ്.സലീം അഹമ്മദ് കഴിവും കാഴ്ചപ്പാടും തെളിയിച്ച സംവിധായകനാണ്.സലീംകുമാര്‍ മിമിക്രിയുടെയും അതിഭാവുകത്വം നിറഞ്ഞ അഭിനയത്തിന്‍റെയും കൂട്ടില്ലാതെ മിതത്വം നിറഞ്ഞ സ്വാഭാവികാഭിനയത്തിലൂടെ കഥാപാത്രത്തെ വിജയിപ്പിച്ച സിനിമയാണിത്.സുരാജൊഴികെ(ആ പാവത്തിന്‍റെ പരമാവധി ചെയ്തു എന്നു മനസ്സിലാക്കുക.)ബാക്കിയെല്ലാ ഘടകങ്ങളിലും പങ്കെടുത്തവര്‍ കനത്ത കര്‍മ്മശേഷി പകര്‍ന്ന സിനിമയാണിത്.
നന്ദി.

Shaji T.U said...

അസ്സലായി എഴുതിയിരിക്കുന്നു ... :)

yasir fayas said...

ആദാമിന്റെ മകന്‍ തീര്‍ച്ചയായും നന്മയുള്ളൊരു സിനിമയാണ്. അധിക വിമര്‍ശനങ്ങളുടെയും കാതല്‍ സജീഷ് സൂചിപ്പിച്ച വ്യാപകമായ സ്വീകാര്യതയുള്ള ഒന്നിനെക്കുറിച്ച് എതിരഭിപ്രായം പറഞ്ഞ് തന്റെ സവിശേഷമായ ഭാവുകത്വം പ്രദര്‍ശിപ്പിക്കുക എന്ന വിനോദത്തിന്റെ ആത്മരതി തന്നെയാണ്. ഞാനും വിമര്‍ശന ബുദ്ധിയോടെ തന്നെയാണ് സിനിമയ്ക്കിരുന്നത്. ആദ്യ ഭാഗങ്ങളൊന്നും അതിശയിപ്പിക്കുന്ന ഒരാകര്‍ഷണവും തോന്നിച്ചുമില്ല. പക്ഷേ ഒടുവില്‍ സ്‌ക്രീനില്‍ ഇരുട്ട് വീണപ്പോള്‍ എന്റെ ഉള്ളിലൊരാന്തലുണ്ടായി. അത് തന്നെയാണ് ഈ സിനിമയുടെ വിജയവും. ഒരു കോടി രൂപയൊക്കെ മുടക്കിയിട്ടും മുഖ്യധാരയുടെ പ്രലോഭനത്തില്‍ വീണ് ഗിമ്മിക്കുകള്‍ കൊണ്ട് സിനിമ നിറയ്ക്കാന്‍ തയ്യാറാകാതിരുന്ന സലീം അഹമ്മദിന്റെ നിശ്ചയദാര്‍ഢ്യത്തെ ജനം അംഗീകരിച്ചു എന്ന് തന്നെയാണ് തീയേറ്ററുകളില്‍ നിന്നുള്ള പ്രതികരണങ്ങള്‍. അല്ലെങ്കില്‍ തന്നെ ഈ ബുദ്ധീജീവികളെക്കൊണ്ട് എന്ത് പ്രയോജനം, നാടിന്.

ചെലക്കാണ്ട് പോടാ said...

സുരാജ് നന്നായി എന്നാണല്ലോ ചിരെല്ലാം പറഞ്ഞത്

Rajesh said...

This is exactly what I also thought.
- nature
- old parents without care
- good people all around

these are the real highlights of this simple feel good movie.

ShajiKumar P V said...

സജീഷേട്ടന്‍ പറഞ്ഞത് കൃത്യമായും ശരിയാണ്. ഞാന്‍ ഏറെ ആവേശത്തോടെയാണ് സിനിമ കണ്ടുതീര്‍ത്തത്. വളരെ ടൈറ്റായിട്ടുള്ള തിരക്കഥ. അതേ പോലെ ഗംഭീരമായ അവതരണം. കൃത്യമായ കാസ്റ്റിംഗ് (സ്വരാജ് ഒഴിച്ച്. ഗംഗാധരനും ശശാങ്കന്‍ കണ്ടപ്പോഴേ ഉറപ്പിച്ചിരുന്നൂ സ്വരാജ് ചട്ടിയില്‍ തുള്ളുമെന്ന്.) ഗംഭീരമായ ക്യാമറ. എല്ലാത്തിനുമപ്പുറം ഈ സിനിമ തരുന്ന സ്‌നഹത്തിലധിഷ്ഠിതമായ നന്മയുണ്ട്. അത് തന്നെയാണെന്ന് തോന്നുന്നൂ ഈ സിനിമയുടെ ഏറ്റവും വലിയ മേന്മയും. സെറീന വഹാബ് തട്ടമിട്ട് നിന്ന് നിഷ്‌കളങ്കമായി ചിരിക്കുന്ന ഒരു ചിരിയുണ്ടല്ലോ.. ഏറെ സ്‌നേഹിച്ചുപോയി. സലീം കുമാറിനൊപ്പം തന്നെ അവര്‍ക്കും അവാര്‍ഡ് കൊടുക്കണമെന്ന് തോന്നിപ്പോയി...

MINI.M.B said...

True, nothing else.

abrooz said...

നന്നായി സജീഷ്. നമ്മള്‍ പലതും കണ്ടില്ലെന്ന് നടിച്ചു ജീവിക്കുകകയാണ്. തന്‍റെ ഈ ലേഖനം മറ്റുള്ളവരിലേക്ക് എത്തട്ടെ എന്ന് ആഗ്രഹിക്കുന്നു. ഉണങ്ങിയ ആല്‍മരങ്ങള്‍ സ്വയം ഇല്ലാതാവേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ല്ലേ?

Unknown said...
This comment has been removed by the author.
Unknown said...

സജീഷേട്ടാ....കണ്ടുകൂട്ടിയ so called ക്ലാസിക് സിനിമകളൊക്കെ നിരത്തി ഈ പാവം സിനിമയെ വിചാരണ ചെയ്യുന്ന ചിലരെ ഫേസ്ബുക്കിലും ബ്ലോഗിടങ്ങളിലുമെല്ലാം കണ്ടു.. അപ്പോഴൊക്കെ സൃഷ്ടികളുടെ ഉദ്ദേശശുദ്ധി വരെ വഴി തിരിച്ചു കളയുന്ന ബുജി ആസ്വാദകരോട് തോന്നിയ അമര്‍ഷം ഈ എഴൂത്തിലും കണ്ടെത്താനായി.. സന്തോഷം....ആദാമിന്‍െറ അബു അവസാനത്തെ രണ്ടു സീനില്‍ വളര്‍ന്നു കയറിയ തലം മാത്രം മതി സലീം അഹമ്മദിന്‍െറ കയ്യടക്കം ബോധ്യപ്പെടാന്‍...ദുര്‍ഗ്രഹത എവിടെയും വന്നു കാണാഞ്ഞതിലാവും ബുജികള്‍ക്കിത്ര വിഷമം...ചിന്തിച്ചു വലയാന്‍ ഇടം കൊടുത്തില്ലല്ലോ...

കൊച്ചു കൊച്ചീച്ചി said...

നല്ല ലേഖനം. സിനിമ ഞാന്‍ കണ്ടിട്ടില്ല, അതുകൊണ്ട് അഭിപ്രായം പറയാന്‍ കഴിയില്ലല്ലോ. നാട്ടില്‍ വരുമ്പോഴേയ്ക്കും ഒരുപക്ഷേ ഡിവിഡി ഇറങ്ങുമായിരിക്കും ...

"എതിരഭിപ്രായം പറഞ്ഞ് തന്റെ സവിശേഷമായ ഭാവുകത്വം പ്രദര്‍ശിപ്പിക്കുക എന്ന വിനോദത്തിന്റെ ആത്മരതി" ഇതെവിടെയെങ്കിലും എഴുതിവയ്ക്കണം. ആ സൂക്കേടിനെ ഇതിലും നല്ല ഭാഷയില്‍ ഇത്ര വ്യക്തമായി വിശദീകരിക്കാന്‍ കഴിയില്ല. "പഴയ എലിപ്പത്തായത്തില്‍ പുതിയ തേങ്ങാപ്പൂളുവെക്കുന്നു" എന്ന പ്രയോഗവും ഇഷ്ടപ്പെട്ടു. (ആ സുഹൃത്തിന് ഏറ്റവും യോജിച്ച പേരുതന്നെ!)

nandakumar said...

ഗംഭീരം ഈ വിശകലനം എന്നേ പറയാനുള്ളൂ!!..

Sudeep said...

എനിക്ക് ആദാമിന്‍റെ മകന്‍ അബു ഈ വര്‍ഷം മലയാളത്തില്‍ ഇറങ്ങിയ ഭേദപ്പെട്ട സിനിമകളില്‍ ഒന്നായി തോന്നി. അതേസമയം, അതെപ്പറ്റി വന്ന വിമര്‍ശനങ്ങളില്‍ പലതും കാര്യമുള്ളതാണ് എന്നും തോന്നി. (ഈ വര്‍ഷത്തെ മറൊരാശ്വാസം ട്രാഫിക്ക് ആയിരുന്നു. മേല്‍വിലാസം, സിറ്റി ഓഫ് ഗോഡ് എന്നിവ പതിവ് ഫോര്‍മുലകളില്‍ നിന്ന് മാറി സിനിമ പിടിക്കാനുള്ള ശ്രമങ്ങളായിരുന്നു എന്ന് കേട്ടു, രണ്ടും കാണാന്‍ പറ്റിയില്ല അതിന്‌ മുമ്പേ തിയേറ്ററില്‍ നിന്ന് പോയി. ഗദ്ദാമയും കമലിന്റെ മറ്റ് സിനിമകളെക്കാളൊക്കെ ഭേദമായിരുന്നു.)

എന്നാല്‍ ആദാമിന്‍റെ മകന്‍ അബുവിനെപ്പറ്റി വന്ന എല്ലാ വിമര്‍ശനങ്ങളെയും ഒറ്റയടിയ്ക്ക് തകര്‍ത്തുകളഞ്ഞു സജീഷ് : "ഈ ചിത്രത്തെക്കുറിച്ച് ഫേസ്ബുക്കിലും വെബ്സൈറ്റുകളിലും വന്ന ചര്‍ച്ചകളില്‍ ഉയര്‍ന്ന വിയോജനസ്വഭാവമുള്ള പ്രതികരണങ്ങളില്‍ ചിലത് താഴെ ചേര്‍ക്കുന്നു. മലയാളിയുടെ സംവേദനശേഷിയെയും ഭാവുകത്വസമീപനങ്ങളെയും സംബന്ധിച്ച ചില സൂക്ഷ്മനിരീക്ഷണങ്ങള്‍ക്കും സാംസ്കാരികപഠനങ്ങള്‍ക്കും ഇവ പിന്നീട് എപ്പോഴെങ്കിലും ഉപകരിച്ചേക്കാം. അപകടകാരികളായ ചില ബുദ്ധിജീവികളില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കേണ്ടതിന്റെ മുന്നറിയിപ്പുകൂടിയാണ് ഇത്." എനിക്കൊരു സംശയം : മലയാളിയുടെ സംവേദനശേഷിയെയും ഭാവുകത്വസമീപനങ്ങളെയും സംബന്ധിച്ച നിരീക്ഷണങ്ങള്‍ക്ക് മാത്രമാണോ ഈ വിയോജനസ്വഭാവമുള്ള പ്രതികരണങ്ങള്‍ ഉപകരിക്കുക? സലിം അഹമ്മദ് എന്ന സംവിധായകന് കുറച്ചുകൂടി നല്ല സിനിമ(കള്‍) പിടിക്കാന്‍ ഈ വിമര്‍ശനങ്ങള്‍ ഉപയോഗപ്പെടുകയില്ല എന്നുണ്ടോ?

വന്ന റിവ്യൂകള്‍ മുഴുവന്‍ ജാടയാണെന്നും 'സത്യസന്ധമായ' റിവ്യൂ (എന്നുവച്ചാല്‍ പടം ഗംഭീരമാണ് എന്നല്ലാതെ ഒന്നും പറയാനില്ല എന്ന തരത്തിലുള്ള റിവ്യൂ) ആദ്യമായി എഴുതിയത് സജീഷ് ആണെന്നും ഒക്കെ സുഹൃത്തുക്കള്‍ സജീഷിന്റെ കമന്റിനോട് പ്രതികരിച്ചത് കണ്ടു (ഫേസ്ബുക്കില്‍). അതേതായാലും ശരിയല്ല. കൃഷ്ണമൂര്‍ത്തി മൂവീരാഗയില്‍ എഴുതി -- "സലിം അഹമ്മദിന്റെയും സലിം കുമാറിന്റെയും ഈ ചിത്രത്തെ Noble എന്നാണ് വിശേഷിപ്പിക്കേണ്ടത്; മുതിര്‍ന്നവരും കുട്ടികളും ഒന്നിച്ചിരുന്ന് കാണേണ്ട വിശുദ്ധമായ സിനിമ. ഹൃദയത്തിലേക്ക് പാറിവീഴുന്ന സ്നേഹത്തിന്റെ പരിശുദ്ധമായ ഒരു നിലാക്കീറ് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ സമ്പന്നവും സന്തുഷ്‌ടവുമാക്കും. It’s a must watch, undoubtedly."

ഈ സിനിമ എനിക്കിഷ്ടപ്പെട്ടതിനുള്ള ചില കാരണങ്ങള്‍ ഇതാണ് :

* തീവ്രവാദികളും തീവ്രവാദത്തില്‍ 'വീണുപോവാത്ത' ദേശസ്നേഹികളായ 'നല്ല' മുസ്ലീങ്ങളും അല്ലാതെ കുറച്ച്‌ സാധാരണ മുസ്ലീം കഥാപാത്രങ്ങളുള്ള ഒരു സിനിമ കണ്ട സന്തോഷം.

* നാലുകെട്ട്, ബാല്യവിവാഹം, വിദ്യാഭ്യാസമില്ലായ്മ, തീവ്രവാദം എന്നിങ്ങനെയൊക്കെയുള്ള സ്ഥിരം 'മുസ്ലീം സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍' ലൈനില്‍ (മുസ്ലീം പശ്ചാത്തലത്തില്‍ വരുന്ന സിനിമകള്‍ ഇങ്ങനെ ആയിരിക്കണം എന്നാണ് ഒരു അലിഖിത നിയമം) പടം പോകുന്നില്ല എന്ന സന്തോഷം.

* ഒരു രജനീകാന്ത് സിനിമ പോലെയോ മോഹന്‍ലാലിന്റെയോ മമ്മൂട്ടിയുടെയോ 'നായകത്വം' തുളുമ്പുന്ന സൂപ്പര്‍ഹിറ്റ് സിനിമകള്‍ പോലെയോ കണ്ടു കയ്യടിക്കാനും കോരിത്തരിക്കാനും കുറെ സീനുകള്‍ ഉള്ളതിന്റെ സുഖം.

* സലിം കുമാറിനെ വച്ച് ഈ പടം പിടിക്കാന്‍ കാണിച്ച ധൈര്യം.

* ക്യാമറയ്ക്കും ലൈറ്റിനുമൊക്കെ കാശ് മുടക്കേണ്ടിടത്തു മുടക്കിയിട്ടുണ്ട് എന്നതുകൊണ്ട് പടത്തിന് അതിന്റെതായൊരു quality ഉണ്ട്.

* അക്ബര്‍ ട്രാവല്‍സ് എത്ര noble ആയ കാര്യങ്ങളാണ് ചെയ്യുന്നത് എന്ന് എന്നെ (മറ്റ് കാണികളെയും) എത്ര മനോഹരമായി ഈ സിനിമ പറഞ്ഞു മനസ്സിലാക്കിത്തരുന്നു. തമാശയായിട്ടല്ല പറയുന്നത്. ഒരു പരസ്യം കണ്ട് നിങ്ങള്‍ക്ക് ഏതെങ്കിലും ഒരു ഉല്‍പ്പന്നം/സേവനം കൊള്ളാമല്ലോ എന്ന് അവസാനം തോന്നിയത് എന്നാണ്? [continued..]

Sudeep said...

.."'അബു' ആത്മാര്‍ഥതയുള്ള ഒരു സിനിമയാണ്" എന്ന് ആര് പറയുന്നതിനോടും എനിക്ക് എതിര്‍പ്പില്ല. "പതിവ് ആര്‍ട്ട് സിനിമകളുടെ അസ്ക്യതകളൊന്നും ഈ ചിത്രത്തില്‍ കണ്ടില്ല" എന്നതും ശരിയാണ്. (ഇത് ആര്‍ട്ട്‌ ഫിലിമല്ല കമേര്‍ഷ്യല്‍ ഫിലിമാണ്‌ എന്നാണ് സലിം അഹമ്മദ് ഇന്‍റര്‍വ്യൂകളിലൊക്കെ പറയുന്നത്.) "പതിവു വ്യാപാര ഫോര്‍മുലകള്‍ക്കനുസരിച്ചുള്ള ഒത്തുതീര്‍പ്പുകള്‍ക്ക് സലിം അഹമ്മദ് വഴങ്ങിയിട്ടില്ല" എന്ന് പറയുന്നതിലും കുറെ ശരിയുണ്ട്. അതേസമയം സലിം അഹമ്മദ് തെരഞ്ഞെടുക്കുന്ന വേറൊരു തരം സുരക്ഷിതത്വമുണ്ട് -- അബൂബക്ര്‍ malayal.am ലെ റിവ്യൂവില്‍ ചൂണ്ടിക്കാട്ടിയതുപോലെ, ഈ സിനിമ "ഒരാ­ളെ­യും പ്ര­കോ­പി­പ്പി­ക്കു­ന്നി­ല്ല, ഒരു രാ­ഷ്‌­ട്രീ­യ­വും പറ­യു­ന്നി­ല്ല, ഒരു സാ­മൂ­ഹി­കാ­വ­സ്ഥ­യെ­യും പ്ര­തി­നി­ധാ­നം ചെ­യ്യു­ക­യോ വി­ശ­ക­ല­നം ചെ­യ്യു­ക­യോ പൊ­ളി­ച്ചെ­ഴു­താന്‍ ശ്ര­മി­ക്കു­ക­യോ ചെ­യ്യു­ന്നി­ല്ല" എന്നത് ഒരു ഒത്തുതീര്‍പ്പാണ്.

"ബോം­ബു­രാ­ഷ്‌­ട്രീ­യ­ത്തില്‍ മു­സ്ലിം സ്വ­ത്വ­ത്തെ കു­ടു­ക്കി­യി­ടാന്‍ ശ്ര­മി­ക്കു­ന്ന ഈ കാ­ല­ത്ത്‌ വെ­റും ഹജ്ജ്‌ ചെ­യ്യാന്‍ ശ്ര­മി­ക്കു­ന്നൊ­രു ഇസ്ലാം സ്വ­ത്വ­ത്തെ പ്ര­ക­ടി­പ്പി­ച്ചു­കൊ­ണ്ട്‌, എല്ലാ­ത്ത­രം അതീ­ത­യാ­ഥാര്‍­ത്ഥ്യ­ങ്ങ­ളെ­യും നി­ശ്ശ­ബ്‌­ദ­മാ­ക്കാന്‍ കഴി­യു­ന്ന­ത്ര പരി­ശ്ര­മി­ക്കു­ന്നു" എന്നും അബൂബക്ര്‍ പറയുന്നുണ്ട്. അവസാനത്തെ ഒന്നോ രണ്ടോ സീന്‍ മാത്രമല്ല സിനിമയില്‍ ഉള്ളത് എന്നിരിക്കെ, ഹജ്ജിന്റെ പ്രാധാന്യവും സാമ്പത്തികശേഷി ഇല്ലാത്തവര്‍ക്ക്‌ പോലും ഹജ്ജിനു പോകാവുന്നതേ ഉള്ളൂ എന്നും അതിന്‌ സര്‍ക്കാരിന്‍റെ ലിസ്റ്റ് വരുന്നത് നോക്കിയിരിക്കേണ്ടതില്ല എന്നുമൊക്കെയുള്ള സന്ദേശങ്ങള്‍ ഈ സിനിമ തരുന്നത് കാണാതിരിക്കാനാവില്ല. അക്ബര്‍ ട്രാവല്‍സിന്റെ മാഹാത്മ്യം വര്‍ണ്ണിക്കുന്നതും. (ആ നിലയ്ക്ക് 'പുതിയ കമ്പോള'ത്തിന്റെ ഒരു പരസ്യം കൂടിയാണ് ഈ ചിത്രം). അക്ബര്‍ ട്രാവല്‍സിന്റെ രീതികള്‍ എത്രത്തോളം noble ആണ് എന്നതില്‍ സംശയമുള്ളവര്‍ക്ക് ഈ സിനിമയുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യാനും അത് മതിയായ കാരണമാണ്.

'മക്കള്‍ മാതാപിതാക്കളെ നോക്കണം', 'മരത്തിന്റെ ജീവനെടുത്തത് ശരിയായില്ല' എന്ന പോലെയുള്ള ചില കേവലസത്യങ്ങള്‍ മാത്രം പറഞ്ഞുകൊണ്ട് ഏത് തരം രാഷ്ട്രീയം പറയുന്നവരെയും ഒരുമിച്ചു തൃപ്തിപ്പെടുത്തുന്ന തന്ത്രമാണ് ചിത്രം അവലംബിക്കുന്നത്. ('യുദ്ധത്തിന്റെ ഭീകരതകള്‍' ഇത്തരത്തിലുള്ള മറ്റൊരു 'safe' subject ആണ്).

അതുപോലെ, "ആധുനിക മാറ്റങ്ങള്‍ (ഗള്‍ഫ് കുടിയേറ്റം, ബിസിനസ്) മോശമോ പരിഹാസ്യമോ ആയ കാര്യങ്ങളാണിതില്‍. ഹജ്ജിന് പോകലാണ് ഇസ്ലാം മതവിശ്വാസിയുടെ ജീവന്‍മരണപ്രശ്നമായി അവതരിപ്പിക്കുന്നത്. അതുപോലും ഇത്ര വ്യാപകമാകുന്നതിന് കാരണം ഗള്‍ഫ് പണവും, സൌദി അറേബ്യ ഹജ്ജിനെ ഒരു ടൂറിസം വ്യവസായമാക്കിയതുമാണ്. സിനിമ നിഷേധിക്കുന്ന ആധുനികത തന്നെയാണ് ഹജ്ജിനെപോലും ഒരു ടൂറിസം യാത്രയാക്കി മാറ്റിയത്." എന്ന് ഫേസ്ബുക്ക് കുറിപ്പില്‍ വിനു പറഞ്ഞതും ശരിയല്ലേ? എന്തുകൊണ്ടാണ് ഈ വിമര്‍ശനം 'അപകടകാരിയായ ബുദ്ധിജീവി'യുടേതാണെന്ന് സജീഷിനു തോന്നുന്നത്? സലിം അഹമ്മദിനുള്ളത്രയോ അതില്‍ കൂടുതലോ ആത്മാര്‍ഥത ഈ വിമര്‍ശനത്തിനും ഉണ്ടെന്ന് ഞാന്‍ കരുതുന്നു.

"ഒരു കൊച്ചുസിനിമയെ, ഒരു പാവം സിനിമയെ എതിര്‍ത്തുതോല്‍പിക്കുന്നതില്‍ ആനന്ദം നേടുന്ന അസൂയാലുക്കളും ഉണ്ടാവാം" എന്ന് പറഞ്ഞതിനോട് എനിക്ക് തീരെ യോജിപ്പില്ല. കാരണം ഈ പറയുന്ന ആരും ഇത് ഒരു തല്ലിപ്പൊളി പടമാണ് എന്ന് പറഞ്ഞിട്ടില്ല.

ഒരു എന്‍റര്‍ടെയിനര്‍ എന്ന നിലയിലും മുസ്ലീം പശ്ചാത്തലത്തില്‍ പിടിച്ചിട്ടും സ്റ്റീരിയോടൈപ്പ് മുസ്ലീം കഥകളിലോ കഥാപാത്രങ്ങളിലോ കുടുങ്ങിക്കിടക്കാത്ത ചിത്രം എന്ന നിലയിലും 'അബു' അഭിനന്ദനം അര്‍ഹിക്കുന്നു എന്ന് ഞാന്‍ പറയും (അത് ചില്ലറ കാര്യമല്ല). എന്നുവച്ച് ഇതൊരു noble ചിത്രമാണ്, വിശുദ്ധമായ സിനിമയാണ്, ഇത് കണ്ടില്ലെങ്കില്‍ ജന്മം പാഴാണ്, ആനയാണ് ചേനയാണ് എന്നൊക്കെ പറഞ്ഞാല്‍ എനിക്ക് ചിരി വരികയും ചെയ്യും.

സലിം അഹമ്മദിനെപ്പോലുള്ളവര്‍ ഇനിയും സിനിമ പിടിക്കാന്‍ ഇറങ്ങട്ടെ. ഇത്രതന്നെ 'നന്മ' ഇല്ലാത്ത നല്ല സിനിമകളും ഉണ്ടാവട്ടെ, ഓടട്ടെ, അംഗീകരിക്കപ്പെടട്ടെ.
[ഈ കുറിപ്പ് ഫേസ്ബുക്കില്‍]

വാഴക്കോടന്‍ ‍// vazhakodan said...

വളരെ സത്യസന്ധമായ നിരൂപണം. ആ സിനിമയ്ക്ക് ലഭിച്ച ഏറ്റവും നല്ല അംഗീകാരം കൂടിയാണ് ഈ ലേഖനം.നന്നായി എഴുതി! അഭിനന്ദനങ്ങള്‍!!

Anonymous said...

@Sudeep
""'മക്കള്‍ മാതാപിതാക്കളെ നോക്കണം', 'മരത്തിന്റെ ജീവനെടുത്തത് ശരിയായില്ല' എന്ന പോലെയുള്ള ചില കേവലസത്യങ്ങള്‍ മാത്രം പറഞ്ഞുകൊണ്ട് ഏത് തരം രാഷ്ട്രീയം പറയുന്നവരെയും ഒരുമിച്ചു തൃപ്തിപ്പെടുത്തുന്ന തന്ത്രമാണ് ചിത്രം അവലംബിക്കുന്നത്!!!""
Kashttam..............

Roby said...

അപ്പോൾ ആദാമിന്റെ മകൻ അബുവിൽ നന്മയുണ്ട്, വിശുദ്ധിയുണ്ട്, ആത്മാർത്ഥതയുണ്ട്.
കൊള്ളാം. ഗംഭീകരം.

നന്മ ബ്രാൻഡ് പടങ്ങൾ ഇനിയും മലയാളത്തിലുണ്ടാകട്ടെ എന്നാശംസിക്കുന്നു.

Sudeep said...

പാഠഭേദം ജൂലായ്‌ ലക്കത്തില്‍ ഹസന്‍ എഴുതുന്നു: "ആദാമിന്‍റെ മകന്‍ അബു കേരളത്തിലെ പ്രേക്ഷകരെ അമ്പരപ്പിക്കുന്നത് വിശ്വാസ പ്രതിസന്ധികളെ അനായാസമായി ഈ സിനിമ കൈകാര്യം ചെയ്ത വിധം കൊണ്ടുകൂടിയായിരിക്കും. മറ്റൊരു ചോദ്യത്തിനോ വാദത്തിനോ സ്കോപ്പില്ലാത്ത പരിധിയും പരിമിതിയും ഓരോ വിശ്വാസിയും ഉള്ളില്‍ അനുഭവിക്കുന്നുണ്ട്. പലപ്പോഴും വിശ്വാസത്തിനും എത്രയോ മുകളിലാണ് നിസ്സഹായനാവുന്ന വിശ്വാസിയുടെ സ്ഥാനം. വിശ്വാസത്തിന്റെ ഡ്രാമയില്‍ നിന്ന് വിടുതല്‍ കിട്ടാത്ത ഓരോ വിശ്വാസിയുടെയും സ്വയം കീഴടങ്ങലിനെ ആദാമിന്‍റെ മകന്‍ അബു അനുഭവിപ്പിക്കുന്നു.." -- ഈ നിരീക്ഷണത്തിന് ഏറെ പ്രസക്തിയുണ്ട് എന്ന് ഞാന്‍ കരുതുന്നു. മതവിശ്വാസങ്ങള്‍ മാത്രമല്ല രാഷ്ട്രീയ വിശ്വാസങ്ങള്‍ക്കും ഇത് ബാധകമാണ്.

Political Dinosaur said...

good one

riasnelli said...

നന്നായി എഴുതി! അഭിനന്ദനങ്ങള്‍!!

KAMARUDHEEN said...

"സുഹൂദി അറേബ്യ യാണ് നാട് ...ശരീഹതാണ് കോടതി" എന്ന് പേടിപ്പിക്കാന്‍ പറയുന്ന പെരുമഴക്കാലത്തിലെ സലിം കുമാറിന്റെ കഥാപാത്രത്തില്‍ നിന്നും.."ആ പോരിഷയക്കപ്പെട്ട ഭൂമിയില്‍ ക്കല് കുത്താന്‍" വെമ്പല്‍ കൊള്ളുന്ന ആദാമിന്റെ മകന്‍ അബുവിലെ കഥാപാത്രതിലെക്കുള്ള മാറ്റം ഇതുവരെ മലയാള സിനിമ കണ്ടു മടുത്ത മുസ്ലിം കഥാപാത്രങ്ങളുടെ കൂടെ പോളിചെഴുതാണ്....... തലയിലൊരു തൊപ്പിയും. നിസ്കാരതഴംബും, മുറിക്കയ്യന്‍ ബനിയനും, കള്ളിമുണ്ടും ഉടുത്ത്‌ കോഴി ബിരിയാണിയും കഴിച്ചു നാല് പെണ്ണും കെട്ടി കരാ കരാ ശബ്ധത്തില്‍ വായ യില്‍ മുരുക്കനുമിട്ടു മണ്ടത്തരങ്ങള്‍ മാത്രം പറയുന്ന കഥാ പത്രങ്ങളെ വിട്ടു നന്മയുടെയും നിഷ്കളങ്കതയുടെയും ആള്‍ രൂപത്തെ പച്ചയായി അവതരിപ്പിച്ചിരിക്കുകയാണ് സലിം അഹമ്മദ്‌ .... ഇത്തരം നല്ല സിനിമകള്‍ കാണാന്‍ തിക്കും തിരക്കും കൂട്ടുന്ന ഒരു കാലം വരാതിരിക്കില്ല..........

N P Sooraj said...

തീര്‍ച്ചയും അഭിനന്ദിക്കപെടെണ്ട ഒന്നാണ് ഈ സിനിമയിലെ ചമയം.അബുവിലെക്കുള്ള വേഷ-ഭാവ പകര്‍ച്ച ഗംഭീരമാക്കിയത്തില്‍ ചമയത്തിന് അദ്വിതീയ സ്ഥാനമാണ് ഉള്ളതെന്ന് പറയാതെ വയ്യ.

Unknown said...

എനിക്ക് ഈ സിനിമ കണ്ടപ്പോള്‍ അവാര്‍ഡ്‌ ഫിലിം കണ്ട ഫീല്‍ തോണിയില പക്ഷെ ഇത് ഒരു മുസ്ലിം ബസേദ് സ്റ്റോറി അല്ല ഇതില്‍ അനാചാരം മാത്രം ആണ് കാണികുനത് , ഇത് ഒരു സിനിമ മാത്രം അത്രേ ഉള്ളു . കാണാന്‍ രസമുള്ള സലിം കുമാറിന്റെയും സരിന വാഹബിന്റെയും നല്ല അഭിനയ മുഹൂര്‍ത്തങ്ങള്‍ ഉള്ള ഒരു കൊച്ചു സിനിമ . എനിക്ക് നാല് പെണ്ണുങ്ങള്‍ എന്നുള പടം കണ്ടപ്പോള്‍ തോനിയ ബോറിന്റെ നാലില്‍ ഒരു ഭാഗം തോണിയില്‍ അത് സത്യം.

Roby said...

Cinema is mostly about its form, not content..!!

‘ആദാമിന്റെ മകൻ അബു’ മികച്ച സിനിമയാണെന്നു സ്ഥാപിക്കാൻ സജീഷ് പറയുന്ന പോയിന്റുകൾ

1. ആത്മാര്‍ഥതയുള്ള ഒരു സിനിമയായാണ് സജീഷിനു അനുഭവപ്പെട്ടത്.
ആത്മാര്‍ഥത എന്നത് സിനിമയുടെ ക്വാളിറ്റിയുമായി നേരിട്ടു ബന്ധമുള്ള സംഗതിയാണോ. ഒരു സിനിമയ്ക്ക് ആത്മാർത്ഥതയുണ്ടെന്ന് എങ്ങനെയറിയാം?

2. അവാര്‍ഡ് കിട്ടണം എന്ന് ആഗ്രഹിച്ച് എടുത്ത ചിത്രങ്ങളുടെ പൊതുസ്വഭാവം ഈ സിനിമക്കില്ല.
ഇഴഞ്ഞുനീങ്ങുന്ന ഷോട്ടുകള്‍, പഴകിത്തേഞ്ഞ് ക്ലീഷേ ആയ ദൃശ്യങ്ങളും സംഭാഷണങ്ങളും, സംവിധായകനോളം ബുജികളായ കഥാപാത്രങ്ങള്‍ തുടങ്ങി നമ്മുടെ പതിവ് ആര്‍ട്ട് സിനിമകളുടെ അസ്ക്യതകളൊന്നും ഈ ചിത്രത്തില്‍ കണ്ടില്ല.


ഇഴഞ്ഞുനീങ്ങുന്ന ഷോട്ടുകൾ എന്നാൽ ട്രാക്കിംഗ് ഷോട്ടുകളാണോ ഉദ്ദേശിക്കുന്നത്? ട്രാക്കിംഗ് ഷോട്ടുകൾ ഉപയോഗിച്ചില്ല എന്നു കരുതി ഒരു സിനിമ നല്ലതാകുമോ? എന്തിന്റെയെങ്കിലും അഭാവം കൊണ്ട് സിനിമ നന്നായെന്ന് പറയുന്നത് ‘മോരുകറി ഇല്ലാത്തതുകൊണ്ട് ഊണുനന്നായെന്ന്’ പറയുന്നതുപോലെയല്ലേ?

3. പതിവു വ്യാപാര ഫോര്‍മുലകള്‍ക്കനുസരിച്ചുള്ള ഒത്തുതീര്‍പ്പുകള്‍ക്ക് സലിം അഹമ്മദ് വഴങ്ങിയിട്ടില്ല.

വിയോജിക്കുന്നു. കൊമേഴ്സ്യൽ ഘടകങ്ങളായ മെലോഡ്രാമയും തമാശയ്ക്കുവേണ്ടിയെന്നോണമുള്ള ചില രംഗങ്ങളും പാട്ടുകളും ഈ സിനിമയിലുമുണ്ട്. മീശപിരിക്കുന്നതും ഗ്രൂപ്പ് ഡാൻസ് കളിക്കുന്നതും മാത്രമല്ല വ്യാപാരഫോർമുലകൾ.


5. രണ്ടേ രണ്ട് സീനുകളിലെ ഊന്നലിലൂടെ തന്റേത് ഹജ്ജ് തീര്‍ഥാടനത്തെക്കുറിച്ചുള്ള സിനിമയല്ലെന്നും അതിനപ്പുറമുള്ള ചില മാനങ്ങളിലേക്ക് അതിന്റെ ഇതിവൃത്തം വളര്‍ന്നു മുട്ടുന്നുണ്ടെന്നും പറയാതെ പറയുന്നിടത്ത് പ്രതീക്ഷയര്‍പ്പിക്കാവുന്ന ഒരു യുവചലച്ചിത്രകാരന്റെ സാന്നിധ്യം ഞാന്‍ കാണുന്നു.

If you are speaking for Muslim community, it's true. If you are speaking for cinema, its not.
ആദ്യമായും അവസാനമായും അബുവിന്റെ പ്രശ്നം ഹജ്ജ് തീർത്ഥാടനം തന്നെയാണ്. മകന്റെ അവഗണനയൊക്കെ വിഷയമാകുന്നത് ഹജ്ജിനു വേണ്ട കാശു സ്വരൂപിക്കാൻ കഴിയാതെ പോകുമ്പോഴാണ്. മുറിച്ചിട്ട മരം കേടായതുകൊണ്ടാണ് മരത്തിന്റെ ജീവനെപ്പറ്റി ആകുലതയുണ്ടാവുന്നത്. മരം കേടായില്ലെങ്കിൽ അതിന്റെ കാശു വാങ്ങി കാര്യം സാ‍ധിക്കുകയേ ഉള്ളൂ.


6. സലിം അഹമ്മദ് ദൃശ്യങ്ങളുടെയും സംഭാഷണങ്ങളുടെയും മിതമായ ഉപയോഗത്തിലൂടെ ഒരു വിഷയം അല്ലെങ്കില്‍ ഒന്നിലധികം വിഷയങ്ങള്‍ ഒതുക്കിപ്പറയുന്നു.

ദൃശ്യങ്ങളുടെ മിതത്വവും സംഭാഷണങ്ങളുടെ ധാരാളിത്വവും. ഈ സിനിമയിൽ ഡയലോഗില്ലാതെ ആഖ്യാനം സാധിക്കുന്ന ഒരു സീൻ പോലുമില്ലെന്നോർമ്മ.


7. ഒരു കോടി ഇരുപതുലക്ഷം രൂപ ചെലവഴിച്ച് ആത്മാര്‍ഥതയുള്ള ഒരു സിനിമയുണ്ടാക്കാന്‍ ശ്രമിച്ചവരുടെ സ്ഥാപനം രണ്ടു സീനില്‍ പ്രത്യക്ഷപ്പെട്ടതില്‍ ഇത്ര അസഹിഷ്ണുത വേണോ?

പ്രേക്ഷകനെ തിയറ്ററിലേക്ക് ആകർഷിക്കാൻ കൊമേഴ്സ്യൽ ഘടകങ്ങൾ സിനിമയിൽ തിരുകുന്നതുപോലെ തന്നെയാണ് നിർമ്മാതാവിനെ സുഖിപ്പിക്കുന്ന രംഗങ്ങൾ തിരുകുന്നതും. അപ്പോൾ ആദ്യം പറഞ്ഞ ആത്മാർത്ഥത ആരോടാണെന്ന ചോദ്യം വരുന്നു. നിർമ്മാതാവിനോടാണോ?

8. മുസ്ലിംകളെ തീവ്രവാദികളും അമിതഭക്ഷണാസക്തിയുള്ളവരും ദേശക്കൂറില്ലാത്തവരുമായി ചിത്രീകരിക്കുന്ന പതിവുപ്രവണതയില്‍നിന്നുള്ള മാറിനടത്തത്തിന്റെ പേരിലും ഒരുപക്ഷേ ഈ ചിത്രം നമ്മുടെ സാംസ്കാരിക ചരിത്രത്തില്‍ ഇടം നേടിയേക്കാം.

വളരെ ശരി. ഈ സിനിമയുടെ ആകെയുള്ള പ്രസക്തി ഇതുമാത്രമാണ്. പക്ഷേ ആ കാരണം കൊണ്ട് ഒരു സിനിമയും നല്ലതോ, തെറ്റായ പ്രതിനിധാനത്തിന്റെ പേരിൽ മോശമോ ആകുന്നില്ല. ഓർക്കുക, cinema is mostly about its form, not content.

വിമുഖവും നിഷ്ക്രിയവും സാമൂഹികവിരുദ്ധവുമായ ഭക്തിയെ ഒരൊറ്റ രംഗത്തിലൂടെ വിമർശിക്കുന്നതുകൊണ്ടും മക്കള്‍ അവഗണിക്കുന്ന എല്ലാ മാതാപിതാക്കളുടെയും ആരുമറിയാത്ത വ്യഥകളുടെ കഥയാകുന്നതുകൊണ്ടുമൊക്കെയാണ് ‘അബു’ നല്ല സിനിമയാകുന്നതെന്നാണ് സജീഷിന്റെ വാദം. അതിനർത്ഥം അബു സുഖലോലുപനും തെമ്മാടിയുമായിരുന്നെങ്കിൽ,സങ്കുചിതമായ മതവിശ്വാസത്തെ പ്രോത്സാഹിപ്പിച്ചിരുന്നെങ്കിൽ ഈ സിനിമ മോശമാകുമായിരുന്നെന്നല്ലേ? അബു വിശ്വാസിയോ കള്ളനോ കൊലപാതകിയോ തെമ്മാടിയോ ആകട്ടെ, സിനിമയുടെ രാഷ്ട്രീയം എന്തുമാകട്ടെ, സിനിമയെന്ന മാധ്യമത്തെ എത്രമാത്രം ഉപയോഗിക്കുന്നു, മെച്ചപ്പെടുത്തുന്നു, നവീകരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയല്ലേ ഒരു ചലച്ചിത്രം നല്ലതോ മോശമോ എന്നു വിലയിരുത്തേണ്ടത്?

manoj kannan said...

വളരെ നന്നായിട്ടുണ്ട് സജീഷ് , പൂര്‍ണമായും യോജിക്കുന്നു. ഞാന്‍ ശ്രദ്ധിച്ച മറ്റൊരു സംഗതി കലാഭവന്‍ മണി അലമ്പില്ലാതെ അഭിനയിച്ച അപൂര്‍വ്വം സിനിമകളില്‍ ഒന്നാണ് ഇത് എന്നുള്ളതാണ് . അത് കൊണ്ട് തന്നെ കഴിവുള്ള ഒരു സംവിധായകന്റെ സാന്നിധ്യം തീര്‍ച്ചയായും അനുഭവപ്പെടും. ഈ വര്‍ഷം പ്രതീക്ഷയോടെ കാണാനിരുന്ന ഒരു ചിത്രമായിരുന്നു ടി.വി. ചന്ദ്രന്റെ 'ശങ്കരനും മോഹനനും'.
നിര്‍ഭാഗ്യവശാല്‍ പ്രേക്ഷകനെ വിഡ്ഢിയാക്കുന്ന ഒരു സിനിമയായിരുന്നു അത്. 'നിനക്കീ പണി പറ്റില്ലെന്ന് അദ്ദേഹത്തിന്റെ ഗുരുക്കന്മാര്‍ എന്തുകൊണ്ട് തുടക്കത്തില്‍ തന്നെ പറഞ്ഞു കൊടുത്തില്ല' എന്ന് തോന്നിപ്പോയി ആ സിനിമ കണ്ടപ്പോള്‍ ! അക്കാദമിയില്‍ നിന്നും സിനിമ പഠിക്കാത്ത സലിം അഹമ്മദിനെപ്പോലൊരാള്‍ എത്രയോ ഭേദപ്പെട്ട രീതിയില്‍ തന്റെ കടമ ( commitment ) നിര്‍വഹിച്ചിരിക്കുന്നു!

Anonymous said...

ആദാമിന്റെ മകൻ അബു തിയേറ്ററിൽ പോയി കാണാൻ കഴിഞ്ഞില്ല. ഇന്ന് ടിവിയിൽ കാണാൻ കഴിഞ്ഞു. സലീം കുമാറിനു മികച്ച നടൻ എന്ന അംഗീകാ‍രം കിട്ടിയതുകൊണ്ടു മാത്രമല്ല മറ്റു പലകാരണങ്ങളാലും മലയാളത്തിലെ എറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് അബു എന്ന് വിലയിരുത്താവുന്നതാണ്. വിശ്വാസത്തെ ഒരു മൂല്യവ്യവസ്ഥയായിട്ടാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത് ഒരു ആചാരമോ അനുഷ്ഠാനമോ ആയിട്ടല്ല. ചിത്രത്തിന്റെ ഒരു സന്ദേശം അതാണ്.വിശ്വാസിയായ ദർദ്രനും ധനികനും തമ്മിൽ ഭൌതിക ജീവിതത്തിൽ മാത്രമല്ല ആത്മീയ ജീവിതത്തിലും വലിയ അസമത്വം നിലനിൽക്കുന്നു എന്നും ചിത്രം ധ്വനിപ്പിക്കുന്നുണ്ട്. ഭൌതിക ജീവിതനേട്ടങ്ങൾ മാത്രമല്ല അത്മീയ അഭിലാഷങ്ങളുടെ സാക്ഷാത്ക്കാരത്തിനും സാമ്പത്തികം ഒരു ഘടകം തന്നെയാണെന്ന് ചിത്രം വ്യക്തമാക്കുന്നു. അസമത്വവും ദാരിദ്ര്യവും അവസാനിപ്പിച്ച് ഭൂമിയിൽ സ്വർഗ്ഗം സൃഷ്ടിച്ചുകൊണ്ടുമാത്രമേ പരലോകത്തിലെ സ്വർഗ്ഗം കാംക്ഷിക്കുന്നവർക്ക് അത് കൈവരിക്കാൻ കഴിയൂ എന്നും വായിച്ചെടുക്കാവുന്നതാണ്.ചിത്രത്തിന്റെ അവസാനം അബു ഭാര്യയോട് പറയുന്നു “ഒരു പക്ഷേ അല്ലാഹുവിനു നമ്മൾ മരം മുറിച്ചു വിറ്റത് ഇഷ്ടപ്പെട്ടുകാണില്ല. അതിനും ജീവനുണ്ടല്ലോ”. ദൈവഹിതം മനുഷ്യൻ പ്രകൃതിയുമായി ഇണങ്ങി ജീവിക്കാനാണ്. വിറ്റുപോയ പശുവിനേയും കുട്ടിയേയും തിരികെ വാങ്ങാൻ അവർ തീരുമാനിക്കുന്നുണ്ട്. ഒരു പ്ലാവിൻ തൈ നട്ടുകൊണ്ട്, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ജൈവബന്ധത്തെ സൂചിപ്പിച്ചുകൊണ്ട്, ശുഭാപ്തി വിശ്വാസവും പ്രതീക്ഷയും നൽകി ചിത്രം അവസാനിക്കുന്നു. ഈ രംഗം കണ്ടപ്പോൾ എനിക്ക് ബഷീറിന്റെ “ഭൂമിയുടെ അവകാശികൾ” ഓർമ്മവന്നു.

അക്ബർടൂറുകാർക്ക് കൊടുത്ത ബ്രാൻ ഡ് ഇമേജ് ഒഴിവാക്കേണ്ടതായിരുന്നു. അതുപോലെ ഉസ്താദെന്ന കഥാപാത്രവും ഒരു അധിക പറ്റായി തോന്നി.
ഡോ.ബി.ഇക്ബാൽ

പാണന്‍ said...

ആദാമിന്‍റെ മകന്‍ മലയാളത്തില്‍ നഷ്ടമായ ചില ഇടങ്ങളെ ആവിഷ്കരിക്കുന്നുണ്ട്. പടിഞ്ഞാറന്‍ വിദ്യാഭ്യാസത്തിന്‍റെ പുറം പൂച്ചില്‍ സ്വന്തം സാംസ്കാരിക അസ്ത്വിത്വം വലിച്ചെറിഞ്ഞു മുഖ്യ ധാരയില്‍ ലയിക്കാന്‍ വെമ്പല്‍ കൊണ്ടവരുടെ പൊള്ളയായ ആത്മബോധത്തിനു നേരെ പിടിച്ച കണ്ണാടിയാണ് സലീല്‍ അഹമ്മദിന്‍റെ സിനിമ. അതിനാല്‍ കല്ലെറുകള്‍ സ്വാഭാവികം.

Unknown said...

പുതിയ പോസ്റ്റ്‌ പ്രതീക്ഷിക്കുന്നു

Post a Comment