സ്വാഗതാര്‍ഹമായ സംവേദന പരിവര്‍ത്തനത്തിനു സാക്ഷ്യം വഹിച്ച വര്‍ഷമാണ് കടന്നുപോയത്. നൂറ്റൊന്നാവര്‍ത്തിച്ച വിജയസമവാക്യങ്ങള്‍ കുടഞ്ഞെറിഞ്ഞ് പുതിയ പ്രമേയങ്ങളും ദൃശ്യപരിചരണരീതിയും അവലംബിച്ച ചില ചിത്രങ്ങള്‍ മുഖ്യധാരാ മലയാളസിനിമയുടെ ദിശാവ്യതിയാനത്തിന് തുടക്കം കുറിച്ചു. പതിവുഫോര്‍മുലകളെ ലജ്ജാകരമായി പിന്‍പറ്റുന്ന സിനിമകളും ഫാന്‍സ് അസോസിയേഷന്റെ ആര്‍പ്പുവിളികള്‍ക്കു കാതോര്‍ത്ത് താരപരിവേഷത്തിനനുസരിച്ചു തുന്നിയ നായകകേന്ദ്രിതകഥകളും പ്രേക്ഷകര്‍ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളഞ്ഞവര്‍ഷം കൂടിയായിരുന്നു ഇത്. ഇനിയുള്ളകാലം നമ്മുടെ തിരശãീല പുതിയ തെളിച്ചങ്ങളിലേക്കു കണ്‍തുറക്കുമെന്ന പ്രത്യാശയുമായാണ് 2011 പടിയിറങ്ങുന്നത്.
മനുഷ്യജീവിതത്തെ ആവിഷ്കരിക്കുന്നതില്‍ ലോകസിനിമ കൈവരിച്ച ഔന്നത്യങ്ങളെ കൃത്യമായി തിരിച്ചറിയുന്ന ഒരു തലമുറ ഇവിടെ വളര്‍ന്നുവരുന്നുണ്ട്. ചലച്ചിത്രമേളകളും ഡീവീഡി വിപ്ലവവും ഇന്റര്‍നെറ്റിലെ ടോറന്റില്‍നിന്ന് എളുപ്പം ഡൌണ്‍ലോഡു ചെയ്യാവുന്ന വിദേശഭാഷാ ചിത്രങ്ങളും ഹോളിവുഡ് ഇതര ലോകസിനിമയുടെ വിശാലമായ ഭാവനാപ്രപഞ്ചത്തിലേക്കാണ് യുവതലമുറയെ നയിക്കുന്നത്. എന്നാല്‍, ഇരുട്ടിനെ ഉപാസിച്ചുകൊണ്ട് പുതിയ വെളിച്ചങ്ങള്‍ക്കു നേരെ കണ്ണടച്ചുപോരുകയായിരുന്നു നമ്മുടെ സിനിമക്കാര്‍. പുറത്ത് ലോകം മാറുന്നുണ്ടായിരുന്നു. സിനിമ മാറുന്നുണ്ടായിരുന്നു. തൊട്ടയല്‍പക്കത്ത്, തമിഴില്‍ നടക്കുന്നതുപോലും കാണാന്‍കൂട്ടാക്കാതെ ലോകത്തെ പുറത്താക്കി അവര്‍ വാതിലടച്ച് വീട്ടിലിരുന്നു. തൊട്ടിപ്പടങ്ങള്‍ എട്ടുനിലയില്‍ പൊട്ടുമ്പോള്‍ മലയാളിപ്രേക്ഷകനെ കുറ്റം പറഞ്ഞു. അവന്റെ ആസ്വാദനശേഷിയെ വിലകുറച്ചു കണ്ടു. അങ്ങനെ വിലകുറച്ചു കാണേണ്ട ഒന്നല്ല തങ്ങളുടെ സംവേദനശേഷിയെന്ന് മലയാളിപ്രേക്ഷകന്‍ ഉറക്കെ വിളിച്ചുപറയുകയാണിപ്പോള്‍.
2011 ജനുവരിയില്‍ പ്രദര്‍ശനത്തിനെത്തിയ 'ട്രാഫിക്' എന്ന ചിത്രമാണ് ഈ ദിശാമാറ്റത്തിനു തുടക്കം കുറിച്ചത്. 'ട്രാഫിക്' നല്‍കിയ ഗ്രീന്‍സിഗ്നലുകള്‍ക്കനുസരിച്ച് പുതിയ ദിശയിലേക്കു തിരിയുകയായിരുന്നു യുവതലമുറയിലെ ചലച്ചിത്രകാരന്മാര്‍. ചവിട്ടിത്തേഞ്ഞ പാതയില്‍ മുടന്തിനീങ്ങിയ മലയാളസിനിമയുടെ ഗതിമാറ്റാന്‍ 'ട്രാഫിക്' ചില ഭാവുകത്വവിച്ഛേദങ്ങള്‍ക്കു തുടക്കമിട്ടു. താരകേന്ദ്രിതമായ ജനപ്രിയ ഫോര്‍മുലയെ ഈ ചിത്രം നിരാകരിച്ചു. നായകന്‍, നായിക, വില്ലന്‍, സുരാജ് വെഞ്ഞാറമൂട് എന്നീ അവശ്യഘടകങ്ങളെ ബോധപൂര്‍വം മാറ്റിനിര്‍ത്തി. പരിചയിച്ചുപഴകിയ രേഖീയമായ, ഋജുരേഖയിലുള്ള ആഖ്യാനരീതിയെ കൈയൊഴിഞ്ഞു. സംവേദന സന്ദിഗ്ധതകള്‍ ഇല്ലാതെ, കാഴ്ചക്കാരനില്‍ ഒരു തരത്തിലുള്ള അവ്യക്തതകളുമവശേഷിപ്പിക്കാതെ, സങ്കീര്‍ണമായ കഥാഘടന യുക്തിഭദ്രമായി അവതരിപ്പിച്ചു. ക്രമരഹിതമായ രംഗങ്ങളിലൂടെ അനുക്രമമായി വികസിക്കുന്ന ആഖ്യാനമായിരുന്നു ചിത്രത്തിന്റേത്. രണ്ടു മണിക്കൂറിനുള്ളില്‍ മൂന്നു തലമുറകളുടെ കഥ പറയുന്ന മുഖ്യധാരാ സിനിമയുടെ പൊതുരീതിയെ പൊളിച്ചുകൊണ്ട് ഒരു ദിവസം നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന് ആധാരമായത്.
കേരളത്തിലെ സാമാന്യപ്രേക്ഷകന്റെ സംവേദനനിലവാരം ഉയര്‍ത്തുകയായിരുന്നു ഈ സംരംഭം. വാസ്തവത്തില്‍ മെക്സിക്കന്‍ ചലച്ചിത്രകാരന്‍ ഇനാരിത്തുവിനെപ്പോലുള്ള നവലോകസിനിമയുടെ ശക്തരായ പ്രയോക്താക്കളുടെ ക്രാഫ്റ്റ് ആണ് 'ട്രാഫികി'ന് പ്രചോദനമായത്. സിനിമ എന്ന മാധ്യമത്തെ ഗൌരവപൂര്‍വം വീക്ഷിക്കുന്ന പ്രേക്ഷകര്‍ക്കുമാത്രം ഹിതകരമായ ഈ ശില്‍പരൂപത്തില്‍ വാര്‍ത്തെടുത്ത 'ട്രാഫിക് 'കണ്ടിട്ട് സാമാന്യപ്രേക്ഷകന്‍ കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്ന ആഹ്ലാദകരമായ കാഴ്ചക്ക് 2011 സാക്ഷ്യം വഹിച്ചു. ഒരു ശിഥിലദര്‍പ്പണത്തിലെ ഭഗ്നബിംബങ്ങളെ സമര്‍ഥമായി കൂട്ടിയോജിപ്പിച്ച് പ്രതിബിംബം വീണ്ടെടുക്കുന്ന ഇനാരിത്തുവിന്റെ ശില്‍പസങ്കേതം കടംകൊണ്ട് മൌലികമായ ചലച്ചിത്രമൊരുക്കുകയായിരുന്നു രാജേഷ് പിള്ള. ആകസ്മികമായ ഒരു സംഭവത്തിന്റെ സംഗമബിന്ദുവില്‍ ഒന്നിലധികംപേരുടെ വ്യത്യസ്തജീവിതങ്ങള്‍ സമന്വയിപ്പിക്കുന്ന വിദേശദൃശ്യശില്‍പങ്ങളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് മൌലികമായ ഒരു സൃഷ്ടിക്ക് രൂപം നല്‍കാമെന്ന് ഈ ചിത്രത്തിന്റെ അണിയറശില്‍പികള്‍ തെളിയിച്ചു. ടോറന്റ്, ഡീവീഡി വിപ്ലവത്തിന്റെ ധനാത്മകമായ ഉപലബ്ധിയാണ് രാജേഷ് പിള്ള- ബോബി സഞ്ജയ് ടീമിന്റെ ഈ സംരംഭം.
'ട്രാഫിക്' നല്‍കിയ ധൈര്യത്തില്‍നിന്നാണ് 'സാള്‍ട്ട് ആന്‍ഡ് പെപ്പര്‍', 'ചാപ്പാ കുരിശ്', 'ബ്യൂട്ടിഫുള്‍' എന്നീ ചിത്രങ്ങള്‍ പിറവികൊള്ളുന്നത്. പുതുപ്രമേയങ്ങള്‍ സ്വീകരിക്കുന്നതിലും അതിന് അനുഗുണമായ ദൃശ്യപരിചരണം നല്‍കുന്നതിലും മലയാളസിനിമയുടെ പതിവുരീതികളെ തിരസ്കരിക്കാനുള്ള ആര്‍ജവം, ആഷിഖ് അബു, സമീര്‍ താഹിര്‍, വി.കെ. പ്രകാശ് എന്നീസംവിധായകര്‍ തുറന്നു പ്രകടിപ്പിച്ചു. നായകന്‍, നായിക, ഹാസ്യതാരം, വില്ലന്‍ തുടങ്ങിയ മുഖ്യധാരാ സിനിമയെക്കുറിച്ചുള്ള മുന്‍വിധികളില്‍നിന്ന് ഒട്ടേറെ കളകള്‍ പറിച്ചെറിയാന്‍ ഈ ചിത്രങ്ങള്‍ക്കു കഴിഞ്ഞു. വിഷയവൈവിധ്യം, ദൃശ്യപരിചരണത്തിലെ വ്യത്യസ്തത എന്നിവക്കുവേണ്ടിദാഹിക്കുന്ന ഒരു പ്രേക്ഷകസമൂഹം കേരളത്തിലുണ്ടെന്നു വിളിച്ചുപറയുന്നവിധം ഈ ചിത്രങ്ങള്‍ അംഗീകരിക്കപ്പെട്ടു. മാധവ് രാമദാസിന്റെ 'മേല്‍വിലാസം', ബാബു ജനാര്‍ദനന്റെ 'ബോംബെ മാര്‍ച്ച് 12' എന്നീ ചിത്രങ്ങള്‍ പ്രദര്‍ശനവിജയം കണ്ടില്ലെങ്കിലും ഉള്ളടക്കത്തിന്റെ ഉള്‍ക്കരുത്തില്‍ ഇന്ത്യന്‍ പനോരമയില്‍ ഇടംപിടിച്ചു. 'ട്രാഫിക്', 'ചാപ്പാകുരിശ്'എന്നീ പരീക്ഷണസംരംഭങ്ങള്‍ പനോരമയില്‍ തെരഞ്ഞെടുക്കപ്പെട്ടു എന്നത് സ്വാഗതാര്‍ഹമായ കാര്യമാണ്. കേരളീയകലകളുമായി ബന്ധപ്പെട്ട പതിവു പനോരമപ്പടങ്ങളുടെ സ്വഭാവത്തില്‍നിന്നു വിട്ടുമാറുന്ന ചിത്രങ്ങളെ അംഗീകരിച്ചതിലൂടെ വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ കൈകാര്യംചെയ്യുന്ന നവതലമുറ ചലച്ചിത്രകാരന്മാര്‍ക്ക് അതൊരു പ്രോത്സാഹനമായി. 'ഉറുമി', 'കര്‍മയോഗി', 'ആദാമിന്റെ മകന്‍ അബു' തുടങ്ങി ഏഴുചിത്രങ്ങളാണ് ഇത്തവണ പനോരമയില്‍ ഇടംനേടിയത്. മറ്റൊരു പ്രാദേശിക ഭാഷയില്‍നിന്നും ഇത്രയേറെ ചിത്രങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടില്ല. ദേശീയതലത്തിലെ ഗൌരവസിനിമയില്‍ മലയാളം പുലര്‍ത്തുന്ന ആധിപത്യത്തിന് അതും ഒരടിവരയായി.
സലീം അഹമ്മദ് സംവിധാനം ചെയ്ത 'ആദാമിന്റെ മകന്‍ അബു' 2011ല്‍ പ്രഖ്യാപിച്ച ദേശീയ ,സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വാരിക്കൂട്ടി. ഗോവ, കേരള ചലച്ചിത്രമേളകളിലും ചിത്രം പുരസ്കാരം നേടി. ആത്മാര്‍ഥമായ ചലച്ചിത്രസംരംഭത്തിനുലഭിച്ച അംഗീകാരങ്ങളായിരുന്നു അവ. ഗോപിക്കും പി.ജെ. ആന്റണിക്കും ശേഷം ശരീരം, ആകാരം എന്നിവയിലൂന്നിയ താരസ്വരൂപനിര്‍മിതിയെക്കുറിച്ചുള്ള മുന്‍വിധികളെ മറികടന്ന് സലിംകുമാര്‍ ദേശീയതലത്തിലും സംസ്ഥാനതലത്തിലും ഒരുമിച്ചുനേടിയ അംഗീകാരം ചരിത്രമായി.ഡിസംബറില്‍നടന്ന ചലച്ചിത്രമേളയില്‍ ഷെറി സംവിധാനം ചെയ്ത 'ആദിമധ്യാന്തം' വിവാദചിത്രമായി. ശുദ്ധകലാസിനിമയുടെ പാതയിലേക്ക് കൂടുതല്‍ കൂടുതല്‍ ചെറുപ്പക്കാര്‍ നടന്നടുക്കുന്നുവെന്ന പ്രത്യാശഭരിതമായ പ്രവണതക്ക് ആദാമിന്റെ മകനും ആദിമധ്യാന്തവും ദൃശ്യസാക്ഷ്യങ്ങളായി. മുഖ്യധാരാ സിനിമയെ പ്രമേയപരമായി നവീകരിക്കാനുള്ള രഞ്ജിത്തിന്റെ ശ്രമങ്ങള്‍ ഇത്തവണയും വിജയം കണ്ടു. പണം എന്ന പ്രലോഭനത്തിന്റെ വഴികള്‍ യഥാതഥമായി അവതരിപ്പിച്ച 'ഇന്ത്യന്‍ റുപ്പി' ശ്രദ്ധേയമായി. കമലിന്റെ 'ഗദ്ദാമ', ബ്ലസിയുടെ 'പ്രണയം' എന്നീ ചിത്രങ്ങള്‍ മുഖ്യധാരയില്‍നിന്നുള്ള മികച്ച സംരംഭങ്ങളായിരുന്നു.
സൂപ്പര്‍താരചിത്രങ്ങള്‍ക്ക് ബോക്സോഫീസില്‍ ഇത്തവണയും കാലിടറി. മലയാളിയായ സോഹന്‍റോയ് സംവിധാനം ചെയ്ത 'ഡാം 999' മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റെ പശ്ചാത്തലത്തില്‍ വന്‍മാധ്യമശ്രദ്ധ നേടിയെങ്കിലും പ്രദര്‍ശനവിജയം നേടാനായില്ല. ഫഹദ് ഫാസില്‍ എന്ന യുവനടനാണ് പോയവര്‍ഷത്തിന്റെ വാഗ്ദാനങ്ങളിലൊന്ന്. ചോക്ലേറ്റ് ഹീറോ ആയി അരങ്ങേറ്റം കുറിച്ച ഫഹദ് വര്‍ഷങ്ങള്‍ക്കുശേഷം 'ചാപ്പാകുരിശി'ലെത്തുമ്പോള്‍ വിസ്മയകരമായ പകര്‍ന്നാട്ടത്തിലൂടെ പ്രേക്ഷകരുടെ പ്രതീക്ഷയായി. വരുംവര്‍ഷങ്ങള്‍ തന്റേതുകൂടിയാണെന്ന് പ്രഖ്യാപിക്കുന്ന ഭാവപ്പകര്‍ച്ചകളുമായി ആസിഫ് അലിയുടെ താരോദയത്തിനുകൂടി പോയവര്‍ഷം സാക്ഷ്യം വഹിച്ചു. എല്ലാ പരീക്ഷണസംരംഭങ്ങളുടെയും ഭാഗമായ അനൂപ്മേനോന്‍ 'ബ്യൂട്ടിഫുള്‍' എന്ന ചിത്രത്തിലൂടെ തിരക്കഥയിലും മികവു തെളിയിച്ചു. മുഖ്യധാരയിലെ നൂറ്റൊന്നാവര്‍ത്തിച്ച ഫോര്‍മുലച്ചിത്രങ്ങളില്‍നിന്നുള്ള വഴിമാറിനടപ്പായിരുന്നു അക്കു അക്ബറിന്റെ 'വെള്ളരിപ്രാവിന്റെ ചങ്ങാതി'. മൂന്നു തലങ്ങളിലായി വികസിക്കുന്ന കഥ പറഞ്ഞുകൊണ്ട് അരങ്ങേറ്റം കുറിച്ച ജി.എസ് അനില്‍ പ്രതീക്ഷയുണര്‍ത്തുന്നു. മെലോഡ്രാമയുടെ മലവെള്ളപ്പാച്ചില്‍ ഒഴിവാക്കിയിരുന്നെങ്കില്‍, ആവശ്യമായ ഗൃഹപാഠം ചെയ്തിരുന്നെങ്കില്‍, ചമയം പോലുള്ള പ്രാഥമികമായ കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധിച്ചിരുന്നെങ്കില്‍ 2011ന്റെ മറ്റൊരു പരീക്ഷണചിത്രമാവുമായിരുന്നു ഇത്.
പരീക്ഷണാത്മകചിത്രങ്ങള്‍ സ്വീകരിക്കപ്പെടുമ്പോള്‍തന്നെ അവയുടെ മൌലികതയെക്കുറിച്ചുള്ള ചോദ്യങ്ങളും ഉയര്‍ന്നു. 'ഹാന്‍ഡ് ഫോണ്‍' എന്ന കൊറിയന്‍ സിനിമയില്‍നിന്നു കടംകൊണ്ട പ്രമേയമായിരുന്നു 'ചാപ്പാകുരിശി'ന്റേത്. എന്നാല്‍, പുതിയ ഒരു സംവേദനക്ഷമതയിലേക്ക് പ്രേക്ഷകസമൂഹത്തെ വലിച്ചണയ്ക്കുന്നതിന് അനുകരണസ്വഭാവമുള്ള ഈ ചിത്രങ്ങള്‍ സഹായിച്ചു എന്നത് യാഥാര്‍ഥ്യമാണ്. അറുപതുകളിലും എഴുപതുകളിലും മലയാള സാഹിത്യത്തില്‍ ആധുനികതാ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചത് വിദേശസാഹിത്യത്തിന്റെ സ്വാധീനത്തില്‍ എഴുതപ്പെട്ട രചനകളാണ്. അസ്തിത്വദര്‍ശനങ്ങളും സ്വത്വപ്രതിസന്ധിയും ചൂഴ്ന്നുനിന്ന ലോകത്തിന്റെ വിഹ്വലതകളെ മലയാളഭാവനയിലേക്കു പറിച്ചുനട്ടപ്പോള്‍ മികച്ച ചില രചനകളാണ് മലയാളത്തിനു ലഭിച്ചത്. പ്രമേയപരിസരത്തെയും ശില്‍പരൂപത്തെയും മാതൃകയാക്കുമ്പോള്‍തന്നെ മൌലികത നിലനിര്‍ത്തിയ സൃഷ്ടികളായിരുന്നു അക്കാലത്ത് കാക്കനാടനും മുകുന്ദനും വിജയനും എഴുതിയത്. അതുപോലെ, അടിമുടി മാറിക്കഴിഞ്ഞ നവലോക സിനിമയുടെ ശില്‍പരൂപത്തെ ഉപജീവിച്ചുകൊണ്ട് മൌലികതയിലേക്കു നടന്നടുക്കാന്‍ പുതിയ ചലച്ചിത്രകാരന്മാര്‍ക്കു കഴിയും എന്ന് നമുക്ക് പ്രത്യാശിക്കാം.
'ടി.ഡി. ദാസന്‍' എന്ന ചിത്രത്തിലൂടെ സമാന്തരസിനിമയില്‍ സവിശേഷമായ കൈയൊപ്പു പതിപ്പിച്ച മോഹന്‍ രാഘവന്‍, മനോഹരമായ ഗാനങ്ങള്‍ സമ്മാനിച്ച മുല്ലനേഴി, ജോണ്‍സണ്‍, ചലച്ചിത്രചിന്തകനും സംവിധായകനുമായ രവീന്ദ്രന്‍, മുന്‍കാല തിരക്കഥാകൃത്ത് ശാരംഗപാണി, ഗായകന്‍ മലേഷ്യാ വാസുദേവന്‍, ഛായാഗ്രാഹകന്‍ വിപിന്‍ദാസ്, നടി ആറന്മുള പൊന്നമ്മ, നടന്‍ മച്ചാന്‍ വര്‍ഗീസ്, മുന്‍കാലസംവിധായകന്‍ പി. വേണു എന്നിവര്‍ പോയ വര്‍ഷത്തിന്റെ വിയോഗങ്ങളായി.
10 comments:
'ട്രാഫിക്'' സിനിമ വിജയമായിരിക്കമെങ്കിലും ഒരു നല്ല സിനിമയായി എനിക്ക് എന്ത് കൊണ്ടോ തോന്നിയില്ല. മലയാള സിനിമയുടെ ദിശാബോധം മാറ്റാന്‍ 'ട്രാഫിക്' കാരണമായെങ്കില്‍ അതും കൊള്ളാം. എന്നാല്‍ മാധവ് രാമദാസിന്റെ 'മേല്‍വിലാസം' ഒരൊറ്റ പശ്ചാത്തലത്തില്‍ തന്നെ നല്ലൊരു സിനിമ സൃഷ്ടിക്കാമെന്ന് കാണിച്ചു തന്നു. അത് മലയാളത്തില്‍ പുതിയൊരു രീതിയായിരുന്നു. അതിലെ നടന്മാരെ തെരഞ്ഞെടുക്കന്നതിലും മാധവ് രാംദാസ് വളരെ ശ്രദ്ധിച്ചിരുന്നുവെന്നു വേണം കരുതാന്‍.അധകൃത സമൂഹം ഔദ്യോഗിക മേഖലയില്‍ നേരിടുന്ന ജാതി പ്രതിസന്ധി പറയുന്നതില്‍ 'മേല്‍വിലാസം' നന്നായി വിജയിച്ചിരിക്കുന്നു.
സൂപ്പര്‍ ഹീറോ, അമ്മ, മാര്‍കെടിങ്ങിനായി ചാനലുകളിലൂടെയുള്ള ഗീബല്‍സിയന്‍ പ്രചാരണങ്ങള്‍, മറാത്തി കാശ് കൊണ്ടുള്ള കേരള ശിവസേന- സന്ഘപരിവാരികളുടെ 'മുസ്ലിം ഭീകരരെ' കൊള്ളുന്ന ധര്മാധിഷ്ടിത സിനിമകള്‍ എന്നിവയില്‍ നിന്നൊക്കെ മലയാള സിനിമ മാറുന്നുവെന്നത് നല്ലത് തന്നെ.
വളരെ കൃത്യവും കണിശവും കാര്യമാത്ര പ്രസക്തവുമായ വിലയിരുത്തല്‍.
മലയാള സിനിമ ഈ മാറ്റത്തെ നിലനിര്‍ത്തുമെന്ന പ്രത്യാശ തരുന്ന ചിത്രങ്ങള്‍ ഇനിയും ഉണ്ടാകട്ടെ.
അതേസമയം,കുറച്ചു വര്‍ഷങ്ങളായി എതിരില്ലാതെ കുതിച്ച തമിഴ് സിനിമ കിതച്ചുപോയ വര്‍ഷം കൂടിയായിരുന്നു കഴിഞ്ഞത് എന്നതും കാണാതിരുന്നുകൂടാ.
അവിടെനിന്നും നല്ല സിനിമകള്‍ വരും വര്‍ഷങ്ങളില്‍ ഉണ്ടാകട്ടെ.
ഇന്ത്യന്‍ റുപീ എന്ന സിനിമ ഈ വര്‍ഷത്തെ എല്ലാവരുടെയും ഫെവോരിറ്റ് ലിസ്റ്റില്‍ ഉണ്ട്. ബഹളങ്ങള്‍ ഒന്നുമില്ലാത്ത ചിത്രം എന്ന് പറയുമ്പോള്‍ തന്നെ, ഈ സിനിമ യാത്ര്‍ശ്ചികതകളുടെ ഒരു ഘോഷയാത്രയായിരുന്നില്ലേ?പണത്തിന്റെ ഗുണം, ദോഷം എന്നൊക്കെ പറയുമ്പോഴും,എന്തോ ഒന്ന് അതില്‍ എനിക്ക് ദഹിക്കാതെ കിടക്കുന്നു.(എന്റെ സ്വന്തം അഭിപ്രായം ).
ഈ വര്ഷം കണ്ടു തീര്‍ത്ത ചിത്രങ്ങളില്‍ ഇപ്പോഴും മനസ്സില്‍ നില്ക്കുന്നവ വിരളിലെന്നാവുന്നവ . മുകളില്‍ പറഞ്ഞ ചിത്രങ്ങള്‍ എന്റെ ലിസ്റ്റിലും ഉണ്ടാവും. മിത്യ എന്ന ഹിന്ദി മൂവി യുടെ റിമേക്ക് ആണെങ്കിലും, മേല്‍വിലാസം നന്നായിരുന്നു.ബ്യുടിഫുള്‍, പ്രണയം,സാള്‍ട്ട് ആന്‍ഡ് പെപ്പെര്‍ എന്നിവയും നന്നായി.
കൂതറ പടങ്ങളുടെ ലിസ്റ്റ് എടുക്കുന്നില്ല...ഒരുപാടുണ്ടേ...!!
നല്ല വിലയിരുത്തൽ.ട്രാഫികിൽ നിന്നും തുടങ്ങിയ പുത്തൻ പ്രതീക്ഷകൾ 2012 ലും ഉണ്ടാവുമെന്നു കരുതുന്നു.
nazar koodali
വളരെ നല്ല ലേഖനം. നമ്മൾ എൺപതുകളിൽ ചവച്ചുതുപ്പിയ കഥാതന്തുക്കളുമായി വന്ന തമിഴ് സിനിമകളെ വാനോളം പുകഴ്ത്തുകയും, നമ്മുടെ മലയാള സിനിമ നശിച്ചുപോവുകയും ചെയ്യുന്നു എന്ന് വാവിട്ടു കരഞ്ഞവർക്കുള്ള മറുപടിയായിരുന്നു 2011. പല ചിത്രങ്ങളും അവ അർഹിക്കുന്ന വിജയം സാമ്പത്തികമായി നേടിയില്ലെങ്കിലും ( അതിന് മലയാളികൾ നല്ല ചിത്രങ്ങൾ തീയേറ്ററിൽ പോയി കാണാൻ തുടങ്ങണം) അവ ക്രമേണ നമ്മുറ്റെ ആസ്വാദനരീതിയിൽ വരുത്തുന്ന മാറ്റം ശ്ലാഘനീയമാണ്.
2012 ഇൽ ഓർക്കുട്ട് എന്ന ഓർമ്മക്കൂട്ടിലൂടെയും ഈ പതിവുതിരുത്തൽശ്രമം തുടർന്നുകൊണ്ടിരിക്കുന്നു എന്നത് ഒരു മലയാളസിനിമാപ്രേമി എന്ന നിലയിൽ വളരെ സന്തോഷം തരുന്നു.
ഒപ്പം നല്ല ചിത്രങ്ങൾ - ആര് അഭിനയിച്ചതായാലും-ടൊറന്റിൽ നിന്ന് ഡൗൺലോഡ് ചെയ്തു കാണാതെ തീയേറ്ററിൽ പോയി കണ്ട് വിജയിപ്പിക്കുമെന്നും നമുക്ക് പ്രതിജ്ഞ ചെയ്യാം. അങ്ങനെയാണ് നാം ഇത്തരം കലാകാരന്മാരെ പ്രോത്സാഹിപ്പിക്കേണ്ടത്.
you havent mentioned about indian rupee i believe..oppam ee year il manikyakallu,urumi,veetilekkulla vazhy,indian rupee yilokke mikacha prakadanam kazcha vecha prithviraj ine kurichum onnum paranjitilla....!!!!!!
വിദേശ ചിത്രത്തിന്റെ അനുകരണമാണോ എന്നൊക്കെ ചിലര്‍ തിരയുമ്പോള്‍ പ്രേക്ഷകന്‍ എന്ന നിലയില്‍ പുതിയ ചില ചിത്രങ്ങളെ ആഹ്ലാദത്തോടെ ആണ് കാണുന്നത്. ട്രാഫിക്കും, ചാപ്പാ കുരിശും, കോക്ടെയിലും, ടി.ഡി.ദാസനും പോലെ കൊച്ചു ചിത്രമായ ബ്യൂട്ടിഫുള്ളും നിരാശപ്പെടുത്തിയില്ല.
ചില വൈകല്യ മനസ്കര്‍ നിരൂപകര്‍ എന്ന പേരില്‍ സിനിമയില്‍ പ്രോഡക്ഷന്‍ ഭോയ്, നടന്‍, കഥാപാത്രം, സംവിധായകന്‍ മുതല്‍ പോസ്റ്റര്‍ ഒട്ടിക്കുന്നവന്‍ വരെ ഉള്ളവരുടെ ജാതിയും മതവും വര്‍ഗ്ഗീയതയും തപ്പിയെടുത്ത് ഒന്നുകൂടെ അഴുക്കു ചേര്‍ത്ത് അതിനെ മനുഷ്യമനസ്സിന്റെ ചിന്തകളിലേക്ക് അലസമായി എന്നാല്‍ കൃത്യമായ ലക്ഷ്യത്തോടെ തള്ളുന്നത് ഗൂഢലക്ഷ്യത്തോടെ ആകാം. എന്നാല്‍ ഡബിള്‍സും, സരോജ്കുമാറും പോലെ ഉള്ള വൈകൃതങ്ങള്‍ക്കപ്പുറം മടുപ്പില്ലാതെ സിനിമയെ ആസ്വദിക്കുവാന്‍ എത്തുന്ന സാധാരണക്കാരായ മലയാളി പ്രേക്ഷകനു ബ്യൂട്ടിഫുള്‍ പോലെ ഉള്ള കൊച്ചു ചിത്രങ്ങള്‍ പുതിയ അനുഭവങ്ങള്‍ ആയി മാറുന്നു.
iiyide cenema kanunnathu nirthiyirunnu, da ii varsham nalla pratheekshayode veendum thudangiyirikanu. lekhanam nannayi, krithyamayi paranju theerthirikkunnu. nalla sramam..
nice article ..
Very Nice article ! great job. Thanks for sharing.
Promote your business brands with bulk SMS marketing, contact us at +917404900081
Bulk SMS Service provider in UAE
Bulk SMS Service provider in U.S.
Bulk SMS Service provider in U.K.
Bulk sms Service provider in India
Post a Comment