Tuesday, June 30, 2009

എഴുതാപ്പുറങ്ങളില്‍ അയാള്‍ ജീവിതമെഴുതി



വലിച്ചുകെട്ടിയ വെള്ളതിരശീലയിലേക്ക് പുകപിടിച്ച പ്രകാശം വന്നണയുമ്പോള്‍ അതില്‍ സ്വന്തം ജീവിതം അതേപടി കണ്ട് മലയാളി ഞെട്ടിത്തരിച്ചിരുന്നത് എണ്‍പതുകളുടെ ഒടുവിലാണ്. നാട്ടിടവഴിയിലൂടെ നടക്കുമ്പോള്‍ ആര്‍ക്ക്‌ലൈറ്റിന്റെ വെള്ളിവെളിച്ചത്തില്‍ അറിയാതെ പെട്ടുപോയതുപോലെ ചിലരെ നാം വെള്ളിത്തിരയില്‍ കണ്ടു. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും മുക്കുവനും ആശാരിയും മൂശാരിയും പുള്ളുവത്തിയും ചെത്തുകാരനുമടങ്ങുന്ന ബഹുസ്വരതയുടെ കേരളത്തെ തിരശീലയില്‍ എഴുതിവെച്ചത് ലോഹിതദാസ് ആയിരുന്നു. ഓരോ കഥ പറയുമ്പോഴും കേരളീയ സമൂഹത്തിന്റെ ബഹുസാംസ്കാരിക സ്വഭാവം ആഴമേറിയ ഫ്രെയിമുകളില്‍ അദ്ദേഹം പ്രതിഫലിപ്പിച്ചു. മുഖ്യധാരാ സിനിമയെപ്പറ്റിയുള്ള മുന്‍ധാരണകളില്‍നിന്ന് അദ്ദേഹം ഒട്ടേറെ കളകള്‍ പറിച്ചെറിഞ്ഞു. പ്രേക്ഷകനെ കബളിപ്പിച്ച് വര്‍ണശബളമായ സ്വപ്നസ്വര്‍ഗങ്ങളില്‍ തളച്ചിടാതെ കടുത്ത കേരളീയാനുഭവങ്ങളിലേക്ക് വഴിനടത്തിച്ചു. പ്രേക്ഷകനുവേണ്ട മസാലച്ചേരുവ ഏത് എന്ന് തലപുകയ്ക്കുന്ന കച്ചവടസിനിമക്കാര്‍ക്കിടയിലൂടെ തനിച്ചുവെട്ടിയ വഴിയില്‍ അയാള്‍ ഒറ്റക്കു നടന്നു. നമ്മുടെ വീടകങ്ങളില്‍നിന്നു കുടിയൊഴിഞ്ഞുപോവുന്ന വാല്‍സല്യത്തെയും കാരുണ്യത്തെയും കുറിച്ച് അയാള്‍ പേര്‍ത്തും പേര്‍ത്തും പറഞ്ഞു. ധീരോദാത്തനതിപ്രതാപഗുണവാന്‍ എന്ന സാമ്പ്രദായിക നായകസങ്കല്‍പത്തെ ഒരു കടുംവെട്ടുകൊണ്ട് അയാള്‍ തിരുത്തി. ജീവിതത്തിന്റെ സമരമുഖങ്ങളിലെല്ലാം തോറ്റു പിന്‍വാങ്ങാന്‍ വിധിക്കപ്പെട്ട നിരായുധനായ പോരാളിയായിരുന്നു ലോഹിതദാസിന്റെ നായകന്‍. 'തനിയാവര്‍ത്ത'നത്തിലെ ബാലന്‍മാഷെപ്പോലെ, 'ഭൂതക്കണ്ണാടി'യിലെ വിദ്യാധരനെപ്പോലെ, 'കിരീട'ത്തിലെ സേതുമാധവനെപ്പോലെ ദുര്‍ബലരോ പരാജിതരോ ആയിരുന്നു അവര്‍. നാലഞ്ചു വില്ലന്മാരെ ഒരേസമയം വായുവില്‍ പുഴക്കിയെറിയാനുള്ള മെയ്‌വഴക്കവും മനക്കരുത്തുമില്ലാത്തവര്‍. എല്ലാ ദൌര്‍ബല്യങ്ങളുമുള്ള ആ പച്ചമനുഷ്യരുടെ വേദനകള്‍ മലയാളി സ്വന്തമെന്നപോലെ നെഞ്ചിലേറ്റി. മനസ്സിന്റെ വിലോലമായ തലങ്ങളില്‍ തൊടുന്ന വിങ്ങുന്ന കാഴ്ചകളായി 'എഴുതാപ്പുറങ്ങളും' 'കിരീട'വും 'ഭരത'വും 'അമര'വും 'ദശരഥ'വും 'പാഥേയ'വും 'കന്മദ'വുമൊക്കെ. അനന്തരം രാജകുമാരനും രാജകുമാരിയും സുഖമായി വാണു എന്നു പറയുന്നതുപോലെ ഒരു കഥയും ശുഭമായി അവസാനിച്ചില്ല. പൊള്ളുന്ന ചില ചോദ്യങ്ങളെറിഞ്ഞുകൊണ്ട്, നെഞ്ചില്‍ കൊളുത്തിവലിക്കുന്ന ഒരു പരിണാമഗുപ്തികൊണ്ട് അദ്ദേഹം പ്രേക്ഷകമനസ്സിനെ നിര്‍ത്താതെ അലട്ടിക്കൊണ്ടിരുന്നു. വേട്ടക്കണ്ണുള്ള സമൂഹം ഭ്രാന്തനാക്കിയ ബാലന്‍ മാഷ് അമ്മയുടെ വാല്‍സല്യം കലര്‍ന്ന വിഷച്ചോറില്‍ ഒടുങ്ങിയപ്പോള്‍ ഉറഞ്ഞുതുള്ളുന്ന മുടിയേറ്റുകാളിയുടെ മുന്നില്‍ അയാളുടെ മകന്‍ പകച്ചുനില്‍ക്കുന്ന ദൃശ്യത്തിലാണ് 'തനിയാവര്‍ത്തനം' (1987) അവസാനിക്കുന്നത്. തട്ടിന്‍പുറത്തെ ചങ്ങലയില്‍ ഇനിയാരാണ് എന്ന, ഇര കാത്തുകഴിയുന്ന സമൂഹത്തിന്റെ ചോദ്യത്തിന് ക്രൂരമായ ദൃശ്യസൂചനയിലൊരു മറുപടി. അരക്ഷിതരായ പെണ്‍കുട്ടികളെയോര്‍ത്ത് നെഞ്ചുപിളര്‍ന്ന് നിലവിളിക്കുന്ന വിദ്യാധരന്‍ ഇണപ്പാമ്പുകള്‍ പകയുമായി പതിയിരിക്കുന്ന ഇടവഴിയിലേക്ക് മങ്ങിയ കാഴ്ചയുമായി മടങ്ങുന്നിടത്താണ് 'ഭൂതക്കണ്ണാടി' അവസാനിക്കുന്നത്.

വ്യക്തിയും സമൂഹവും തമ്മിലുള്ള തീക്ഷ്ണമായ സംഘര്‍ഷങ്ങളുടെ കഥകളാണ് ലോഹിതദാസ് പറഞ്ഞത്. ആദ്യമായി തിരക്കഥയെഴുതിയ 'തനിയാവര്‍ത്തന'വും ആദ്യമായി സംവിധാനം ചെയ്ത 'ഭൂതക്കണ്ണാടി'യും മലയാളസിനിമയുടെ ചരിത്രത്തിലെതന്നെ ഏറ്റവും മികച്ച രണ്ട് ദൃശ്യരചനകളാണ്. ആദ്യരചന മികച്ച കഥക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്കാരം നേടി. 1997ല്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട 'ഭൂതക്കണ്ണാടി', മികച്ച തിരക്കഥക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്, മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡ് എന്നിവ നേടി. പാരമ്പര്യനിബദ്ധവും അബദ്ധജടിലവുമായ അന്ധവിശ്വാസങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ചിത്രമായിരുന്നു 'തനിയാവര്‍ത്തനം'. സ്കൂള്‍ ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആ സിനിമ ആദ്യം കാണുന്നത്. പ്രണയമോ ലൈംഗികതയോ ഗാനങ്ങളോ വര്‍ണഭംഗിയാര്‍ന്ന ദൃശ്യങ്ങളോ ഇല്ലാതെ ആദ്യ തിരക്കഥ എഴുതാന്‍ കാണിച്ച ധൈര്യം ഇനി മലയാള സിനിമയില്‍ പ്രതീക്ഷിക്കാമോ? അന്ധവിശ്വാസത്തിനെതിരെ അതിലെ നായകന്‍ ഘോരഘോരം പ്രസംഗിച്ചില്ല. അനിവാര്യമായ ഒരു ദുരന്തത്തിന് കീഴടങ്ങാന്‍ അയാളെ ലോഹിതദാസ് നിഷ്കരുണം വിട്ടുകൊടുത്തു. അതുകൊണ്ടാവണം ഇന്നുമുണ്ട് നെഞ്ചിലൊരു വിങ്ങലായി അയാളുടെ ഇരുട്ടില്‍ തറച്ച നോട്ടങ്ങള്‍. പിന്നീടൊരിക്കല്‍ യൂനിവേഴ്സിറ്റി ഹോസ്റ്റലിന്റെ ടി.വി ഹാളില്‍ സൂചി വീണാല്‍ കേള്‍ക്കാവുന്ന കനത്ത മൌനത്തില്‍ ആ രംഗത്തെ നേരിട്ട പത്തിരുപതു പി.ജി വിദ്യാര്‍ഥികളുടെ മുഖത്ത് ഞാന്‍ ബാലന്‍മാഷുടെ ദുരന്തം വായിച്ചു. ആ അന്തരീക്ഷത്തിന്റെ ഭാരം താങ്ങാനാവാതെ അരസികനായ സുഹൃത്ത് ഒരപശബ്ദമുണ്ടാക്കി. അവന്‍ വിങ്ങുന്ന ആ വേദനയെ നേരിട്ടത് അങ്ങനെയായിരുന്നു.
90കളുടെ ആദ്യപാദങ്ങളില്‍ സ്ത്രീപീഡനക്കേസുകള്‍ മാധ്യമങ്ങളുടെ തിളങ്ങുന്ന ഉപരിതലങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. സൂര്യനെല്ലി, വിതുര, കടവന്ത്ര തുടങ്ങി അനേകം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ബാല്യം വിട്ടിട്ടില്ലാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മൃഗീയതകള്‍ക്ക് വിധേയമാക്കുന്ന ക്രൂരതയോട് നിസ്സംഗമായാണ് പ്രബുദ്ധ മലയാളി പ്രതികരിച്ചത്. ഇതുസംബന്ധിച്ച ആകുലതകളുടെ പ്രതിഫലനമെന്ന നിലയില്‍ അഞ്ചു മണി കഴിഞ്ഞിട്ടും തിരിച്ചെത്താത്ത പെണ്‍മക്കളെ അങ്കലാപ്പോടെ അന്വേഷിച്ചിറങ്ങുന്ന ഏതൊരച്ഛന്റെയും മാനസികവ്യഥകളെ 'മാഗ്നിഫൈ' ചെയ്ത് അവതരിപ്പിക്കുകയായിരുന്നു 'ഭൂതക്കണ്ണാടി'. 'മാഗ്നിഫൈയിംഗ് ലെന്‍സ്‌' എന്ന ഇംഗ്ലീഷ് ശീര്‍ഷകത്തില്‍ ഈ ചിത്രം വിദേശമേളകളില്‍ ശ്രദ്ധപിടിച്ചുപറ്റി. യാഥാര്‍ഥ്യപ്രതീതിയുള്ള സ്വപ്നദൃശ്യങ്ങളും വിഭ്രാത്മകബിംബങ്ങളും ഈ ചിത്രത്തിന്റെ ഫ്രെയിമുകളില്‍ അതിവിദഗ്ധമായി വിളക്കിച്ചേര്‍ത്തിരുന്നു. കടവാവലുകള്‍ ചിറകൊടിഞ്ഞുവീഴുന്ന പുലരികള്‍, വെടിയൊച്ചകള്‍, വേട്ടക്കാരന്റെ അലറിച്ചിരികള്‍, ഇണപ്പാമ്പുകള്‍ പകയുമായി പതിയിരിക്കുന്ന ഇടവഴി, വിഹ്വലമായ മനസ്സിനെ പുതിപ്പിച്ചുനിര്‍ത്തുന്ന പുള്ളവന്‍പാട്ടിന്റെ ഈണം, നാഴികമണിയുടെ മുഴക്കങ്ങള്‍, ഇരുട്ടിനെ മുറിച്ച് വടക്കേയറ്റത്തേക്ക് പോകുന്ന തീവണ്ടി, ഐലെന്‍സിലൂടെ കൈവെള്ളയില്‍ തെളിയുന്ന ഭീമാകാരമായ വിധിരേഖകള്‍, ഒറ്റപ്പെട്ടുകിടക്കുന്ന പ്രദേശത്തെ കുന്നിനെ വലംവെച്ചുകയറുന്ന തീനാളങ്ങളുടെ മരണവൃത്തത്തിനകത്ത് പെട്ടുപോയ മകളെയോര്‍ത്ത് തലതല്ലിക്കരയുന്ന അന്ധദമ്പതികള്‍ എന്നീ ഭ്രമദൃശ്യങ്ങളുടെ ശൃംഖലയിലൂടെ ഫാന്റസിയും റിയലിസവും ഇടകലര്‍ത്തി കേരളീയ ജീവിതത്തിന്റെ വര്‍ത്തമാനത്തില്‍ സത്യസന്ധമായി ഇടപെട്ടു ഈ സിനിമ.
തമ്പുരാക്കളുടെ തേര്‍വാഴ്ചകള്‍ ആഘോഷിച്ചുകൊണ്ട് മലയാള സിനിമ അതിതീവ്രമായി സവര്‍ണവത്കരിക്കപ്പെട്ട '90കളില്‍ ലോഹിതദാസ് വഴിമാറി നടന്നു. യഥാര്‍ഥ കലാകാരന്‍ എല്ലാ വിഭാഗീയതകള്‍ക്കുമപ്പുറത്താണെന്നും തീവ്രമായ മനുഷ്യത്വം നിറഞ്ഞുനില്‍ക്കുന്നവനേ കലാകാരനാവൂ എന്നും ഉറക്കെ പ്രഖ്യാപിച്ചു 'ആധാരം' പോലെ സാമുദായിക സൌഹാര്‍ദത്തിന്റെ സന്ദേശത്തിലൂന്നിയ സോദ്ദേശ്യ സിനിമകള്‍ ചെയ്തു. 'ആധാര'വും സ്ത്രീധനം എന്ന സാമൂഹിക പ്രശ്നത്തെ വിഷയമാക്കിയ 'മാലയോഗ'വും സംസ്ഥാന സര്‍ക്കാര്‍ വിനോദനികുതിയില്‍നിന്ന് ഒഴിവാക്കി പ്രദര്‍ശിപ്പിച്ചു. 'ജാതക'ത്തിലൂടെ അന്ധവിശ്വാസങ്ങള്‍ക്കെതിരെ അയാള്‍ പിന്നെയും കലഹിച്ചു. കലകൊണ്ട് കേരളീയ ജീവിതത്തെ മാറ്റിയെടുക്കാമെന്ന് വ്യാമോഹിച്ചിരുന്നു അദ്ദേഹം.
ലോഹിതദാസിന്റെ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോഴെല്ലാം താരങ്ങള്‍ മണ്ണിലിറങ്ങി വന്ന് മനുഷ്യരായി. കിരീടത്തിലെ സേതുമാധവനും അമരത്തിലെ അച്ചുട്ടിയും ഭൂതക്കണ്ണാടിയിലെ വിദ്യാധരനും തനിയാവര്‍ത്തനത്തിലെ ബാലന്‍ മാഷും ഏതൊക്കെയോ കേരളീയഗ്രാമങ്ങളില്‍ നിന്ന് ചായം തേക്കാതെ നമ്മുടെ മുന്നില്‍ വന്നിരുന്ന് ജീവിതം പറഞ്ഞു. മോഹന്‍ലാല്‍ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയത് ലോഹിയുടെ കഥാപാത്രത്തിലൂടെ. മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച വേഷങ്ങള്‍ ലോഹി നല്‍കിയതാണ്. 'എഴുതാപ്പുറ'ങ്ങളും 'ചകോര'വും 'കന്മദ'വും 'ഭൂതക്കണ്ണാടി'യും സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി. സുഹാസിനിയും ശാന്തികൃഷ്ണയും മീരാ ജാസ്മിനും അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍പകര്‍ന്ന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടി. കാലം തെറ്റിപ്പിറന്ന സിനിമയായിരുന്നു 'ദശരഥം'. 'ഗര്‍ഭപാത്രം വാടകക്ക്, മനുഷ്യഭ്രൂണം വില്‍പനക്ക്'തുടങ്ങിയ പത്രറിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെടുന്നത് ഇക്കാലത്താണ്. കൃത്യം 20 കൊല്ലം മുമ്പ് ലോഹിതദാസ് സ്വന്തം ഗര്‍ഭപാത്രം വാടകക്കു കൊടുക്കുന്ന അമ്മമനസ്സിന്റെ ആഴങ്ങളറിഞ്ഞു. കേരളീയ ഗാര്‍ഹിക ജീവിതത്തെ അതിഭാവുകത്വം കലരാതെ യാഥാര്‍ഥ്യബോധത്തോടെ അദ്ദേഹം അവതരിപ്പിച്ചു. വീണ്ടും ചില വീട്ടുകാര്യങ്ങള്‍, കുടുംബപുരാണം, വാല്‍സല്യം, അരയന്നങ്ങളുടെ വീട് എന്നീ ചിത്രങ്ങള്‍ ഇതിനുദാഹരണമാണ്. സെമിക്ലാസിക്കല്‍ സംഗീതത്തെ ജനകീയമാക്കിയതില്‍ ലോഹിതദാസിന്റെ രചനകള്‍ക്കുള്ള പങ്ക് ചെറുതല്ല. ഹിസ് ഹൈനസ് അബ്ദുല്ല, ഭരതം, കമലദളം തുടങ്ങിയ സംഗീതപ്രധാനമായ ചിത്രങ്ങള്‍ വിപണിവിജയം നേടി. കലയും കച്ചവടവും അതിവിദഗ്ധമായി സമന്വയിപ്പിക്കുന്ന രചനാതന്ത്രം ലോഹിതദാസിന് അറിയാമായിരുന്നു. സിബി മലയില്‍^ലോഹിതദാസ് കൂട്ടുകെട്ട് മുഖ്യധാരാ സിനിമയുടെ ഉള്ളടക്കത്തെ സമഗ്രമായി അഴിച്ചുപണിതു. ഭരതനുവേണ്ടി എഴുതിയ അമരം, വെങ്കലം, പാഥേയം എന്നിവ വിഷയ വൈവിധ്യംകൊണ്ട് ശ്രദ്ധേയമായി. മഹായാനം, മൃഗയ,മുദ്ര തുടങ്ങിയ ചിത്രങ്ങള്‍ കേരളത്തിന്റെ വന്യമായ ഭൂമികയിലെ നാടന്‍ ജീവിതത്തെ പകര്‍ത്തിവെച്ചു. 'ഭൂതക്കണ്ണാടി'യുടെ ആഴമുള്ള ചിത്രങ്ങളൊന്നും ലോഹിതദാസില്‍നിന്ന് പിന്നീട് ലഭിച്ചില്ല. കാരുണ്യം, കന്മദം, ഓര്‍മച്ചെപ്പ്, ചക്രം, സൂത്രധാരന്‍, അരയന്നങ്ങളുടെ വീട്, നിവേദ്യം തുടങ്ങി ശരാശരി നിലവാരമുള്ള ചിത്രങ്ങള്‍ മാത്രമാണ് അദ്ദേഹം സംവിധാനം ചെയ്തത്. ഈ ചിത്രങ്ങളിലെ ചില ഫ്രെയിമുകളിലെങ്കിലും ജീവിതത്തില്‍ തൊട്ട് കഥപറയുന്ന ലോഹിതദാസിനെ പ്രേക്ഷകര്‍ കണ്ടു. ഭാവനാദാരിദ്യ്രം വന്നുവെന്ന് അവസാനകാലത്ത് പഴികേട്ട അദ്ദേഹത്തിന്റെ തിരിച്ചുവരവ് ആഗ്രഹിച്ചിരുന്നു പ്രേക്ഷകര്‍. ഭരതനെയും പത്മരാജനെയും പോലെ ഭൂമിയിലെ നിയോഗം തിരക്കിട്ടു തീര്‍ത്തുവെച്ച് അയാള്‍ പോയി.

ശരിയാണ്, കച്ചവടസിനിമകളുടെ കെട്ടുകാഴ്ചകള്‍ക്കൊപ്പം അയാള്‍ വഴിനടന്നിട്ടുണ്ട്. ജനങ്ങള്‍ കാണുന്ന നല്ല സിനിമ സാധ്യമാണെന്ന് തെളിയിക്കാനുള്ള ബദ്ധപ്പാടിലെ ചില അപഭ്രംശങ്ങള്‍ മാത്രമായിരുന്നു അവ. ഒരു കാര്യം ഉറപ്പാണ്. മലയാള സിനിമയുടെ ചരിത്രത്തില്‍ എം.ടിക്കും പത്മരാജനുമൊപ്പം ലോഹിതദാസ് ഉണ്ടായിരിക്കും. അദ്ദേഹം തന്നെ പറഞ്ഞതുപോലെ മരിച്ചതുകൊണ്ട് ഇനി നമ്മള്‍ അദ്ദേഹത്തെ വാഴ്ത്തും.

1 comment:

Roby said...

ഓരോരുത്തർക്കും സിനിമ കാണുന്നതിനൊരു രീതിയുണ്ടാവുമല്ലോ. ഏതായാലും എന്റെ അഭിപ്രായത്തിൽ ഭൂതക്കണ്ണാടിയും ഒരു പരിധി വരെ തനിയാവർത്തനവും ഒഴികെ ലോഹിതദാസിന്റെ മറ്റു സിനിമകളെല്ലാം ഫ്ലാറ്റായ മെലോഡ്രാമകൾ തന്നെയായിരുന്നു. ലോഹിതദാസ് വെള്ളിത്ത്തിരയിൽ ജീവിതം കാണിച്ചുതന്നു, ജീവനുള്ള കഥാപാത്രങ്ങളെ സൃഷ്ടിച്ചു എന്നൊക്കെ ആലങ്കാരീകമായി പറയാമെന്നല്ലാതെ, ഒരു തറത്തിലുമുള്ള കൾചറൽ ഡോകുമെന്റേഷൻ അദ്ദേഹം നടത്തിയിട്ടില്ല. വ്യക്തിത്വമുള്ള കുറെ കഥാപാത്രങ്ങളും അവരുടെ exaggerated ജീവിതവും തന്നെയായിരുന്നു ലോഹിതദാസിന്റെ സിനിമ. ഈ കഥാപാത്രങ്ങളല്ല്ലാതെ മാറ്റൊന്നും ലോഹിതദാസിന്റെ ഫോക്കസിൽ വന്നതുമില്ല.

---മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച വേഷങ്ങള്‍ ലോഹി നല്‍കിയതാണ്.---
സക്കറിയയും പട്ടേലരും മാടയും ഡാനിയും ബഷീറും എല്ലാം ലോഹിതദാസിന്റേതായിരുന്നോ? അതോ സജീഷ് ഉദ്ദേശിച്ചയാൾ ഇനി വേറേ ലോഹിതദാസാണോ?

Post a Comment