ദുരന്തം പല രൂപത്തിലും വരും. അത് ചിലപ്പോള്‍ ടി.വി. ചന്ദ്രന്റെ സിനിമയുടെ രൂപത്തിലാവും വരുക. വരാനുള്ളത് വഴിയില്‍ തങ്ങില്ല. അല്ലെങ്കില്‍ പത്രമാപ്പീസിലെ പണി കഴിഞ്ഞ് കോരിച്ചെരിയുന്ന കര്‍ക്കിടകമഴയില്‍ വല്ല വറുത്ത കായും കൊറിച്ച് ടി.വി കണ്ടിരിക്കേണ്ട ഞാന്‍ കഴിഞ്ഞ ദിവസം വൈകുന്നേരം 'വിലാപങ്ങള്‍ക്കപ്പുറം' കാണാന്‍ ഇറങ്ങിത്തിരിക്കില്ലല്ലോ. സംഭവിക്കാനുള്ളത് സംഭവിച്ചു. നിത്യജീവിതത്തിലെ സുഹൃത്തുക്കള്‍ക്കും പ്രതീതിലോകത്തിലെ ഓര്ക്കുട്ടന്മാര്ക്കും ബ്ലോഗന്മാര്ക്കും അത്തരം അബദ്ധങ്ങള്‍ സംഭവിക്കാതിരിക്കാനുള്ള താക്കീതാണ് ഈ പോസ്റ്റ്. (എന്നാല്‍ ഗുജറാത്ത് കലാപത്തില്‍നിന്നു രക്ഷപ്പെട്ട് ഒരു മുസ്ലിം പെണ്‍കുട്ടി കേരളത്തിലെത്തിയാല്‍ ഇവിടത്തെ മുസ്ലിംകള് ഒന്നടങ്കം അവളെ പീഡിപ്പിച്ചുകൊല്ലുമെന്ന താക്കീതാണ് ഈ സിനിമ നല്‍കുന്നത്. ഈ പ്രബുദ്ധകേരളത്തില്‍ ജനിച്ചുപോയതുകൊണ്ട് പ്രവീണ്‍ തൊഗാഡിയ, പ്രമോദ് മുത്തലിക്ക് പരുവത്തിലുള്ള നേതാക്കളില്ലാത്തതില്‍ മനംനൊന്ത് വിഷമിക്കുന്ന സ്വയംസേവകര്‍ക്ക് സസന്തോഷം ഈ സിനിമ കാണാവുന്നതാണ്.)
അല്പസ്വല്പം ജനാധിപത്യബോധം ജീവിതത്തില്‍ സൂക്ഷിക്കുന്നവര്‍ക്കുള്ള പാഠം ഒന്ന്, ടി.വി ചന്ദ്രനും ആര്യാടന് ഷൌക്കത്തും കൂട്ടുകൂടി ഉണ്ടാക്കുന്ന സാധനങ്ങള്‍ സ്വബോധത്തോടെ പോയി കാണരുത്. കേരളത്തില്‍ ജീവിക്കുന്ന മതേതര ജനാധിപത്യവിശ്വാസികളെ മണ്ടന്മാരാക്കുക, നമ്മുടെ നാടിനെപ്പറ്റി മറുദേശങ്ങളില്‍ തെറ്റായ ചിത്രം കൊടുക്കുക എന്നീ ദൌത്യങ്ങളുമായാണ് ഇവര്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഇടതുപക്ഷ പൊളിറ്റിക്കല്‍ സിനിമകള്‍ ചെയ്ത് സമാന്തര സിനിമയുടെ ശക്തനായ പ്രയോക്താവായി നിലകൊണ്ട ചന്ദ്രന്റെ ഭൂതകാലം മാത്രം മതി നമുക്ക്. കാശുമായി വരുന്ന അല്‍പപ്രതിഭകള്‍ക്കു പേരുണ്ടാക്കാന്‍ ഏതു പൈങ്കിളിക്കഥയും സിനിമയാക്കാന്‍ മടിയില്ലാത്ത പുതിയ ചന്ദ്രനെ ചലച്ചിത്രചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് നിഷ്പ്രയാസം ഇനി എഴുതിത്തള്ളാം എന്ന് നമ്മോടു പറയുന്നു ഈ സിനിമ. 'ഓര്‍മകളുണ്ടായിരിക്കണം' എന്ന സിനിമയെടുത്തിട്ടുണ്ട് ചന്ദ്രന്. നിലപാടുകള്‍ ഉണ്ടായിരിക്കണം എന്ന് ചന്ദ്രനെ ഓര്മപ്പെടുത്താന് തോന്നും സിനിമ കണ്ടാല്‍.
ഇടതുപക്ഷ പൊളിറ്റിക്കല്‍ സിനിമ എടുത്തുവന്ന ചന്ദ്രന് എങ്ങനെ മലപ്പുറം ഡിസ്ട്രിക്റ്റ് കോണ്‍ഗ്രസ് കമ്മിറ്റി അംഗവും നിലമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റും സര്‍വോപരി ആര്യാടന് മുഹമ്മദിന്റെ മകനുമായ വലതുപക്ഷക്കാരന്റെ കഥയെടുത്ത് സിനിമയാക്കുന്നു എന്ന് ആലോചിക്കുമ്പോഴാണ് നമുക്ക് ചലച്ചിത്രം എന്ന, ഏറെ മുതല്‍മുടക്കുള്ള സര്‍ഗാത്മക വ്യാപാരത്തിന്റെ ഗുട്ടന്‍സ് പിടികിട്ടുക. കാശില്ലാതെ ഇടത്തോ വലത്തോ പക്ഷം പിടിച്ച് സിനിമയെടുക്കാന്‍ പറ്റില്ല. അപ്പോള്‍ വലതുപക്ഷ കഥകള്‍ കൊണ്ട് ചന്ദ്രന് വലതുപക്ഷസിനിമ ഉണ്ടാക്കും. പച്ചനോട്ട് മുന്നില്‍ വരുമ്പോള്‍ ആദര്‍ശത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും അസ്ക്യത മാറിക്കിട്ടും.
അലിഗഢ് സര്‍വകലാശാല മുസ്ലിം തീവ്രവാദത്തിന്റെ ഫാക്ടറിയാണെന്ന് 'ദൈവനാമത്തില്‍' തുറന്നടിച്ച് മികച്ച കഥാകൃത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്കാരം വാങ്ങിയ ആളാണ് ഷൌക്കത്ത്. മികച്ച കഥാകൃത്തിന്റെ നോട്ടത്തില്‍ കേരളത്തിലെ പ്രധാനവില്ലന്മാര് മുസ്ലിംകളാണ്. 'വിലാപങ്ങള്‍ക്കപ്പുറ'ത്തില്‍ ഗുജറാത്ത് കലാപത്തിനിടെ ബലാല്‍സംഗം ചെയ്യപ്പെട്ട് കേരളത്തിലെത്തിയ സാഹിറയെ ഇവിടത്തെ മുസ്ലിംകളെല്ലാം ചേര്‍ന്നു പല രൂപത്തില്‍ പീഡിപ്പിക്കുകയാണ്. അവളുടെ നിറമാറില്‍ നോട്ടമിട്ട സുധീഷ് അവതരിപ്പിക്കുന്ന കഥാപാത്രം അവളെ രണ്ടാംകെട്ട് കെട്ടാന്‍ ശ്രമിക്കുന്നു. അവളെ അനാഥാലയത്തില്‍നിന്ന് കല്യാണം കഴിക്കുന്ന സലീം(വി.കെ. ശ്രീരാമന്) അവളെ മോഹിച്ച് കെട്ടുന്നു. അയാള്‍ അവളെ ആദ്യരാത്രിയില്‍ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുന്നു. അങ്ങനെ ചിത്രത്തിലെ മുസ്ലിംകളെല്ലാം വഷളന്മാര്. ഒരു മുസ്ലിം പോലും അവളുടെ രക്ഷക്കെത്തുന്നില്ല.
സലീം സാഹിറയെ വിവാഹം കഴിക്കുന്ന ചടങ്ങില്‍ നിരന്നിരിക്കുന്ന മുസ്ലിംകള് കോഴിക്കാല് കടിച്ചു പറിക്കുന്നതിന്റെ വിസ്തരിച്ച ദൃശ്യങ്ങള്‍ കാണാം. ഭക്ഷണത്തോടുള്ള മുസ്ലിമിന്റെ അമിതതാല്പര്യം നമ്മുടെ സിനിമകളില്‍ പഴകിത്തേഞ്ഞ ഒരു ക്ലീഷേയാണ്. ഷൌക്കത്തിന്റെ 'ദൈവനാമത്തില്‍' എന്ന ചിത്രത്തില്‍ ആട്ടിന്‍തല പ്ലേറ്റില്‍ കണ്ട് ഛര്‍ദിക്കാനോടുന്ന മുസ്ലിംയുവതിയെ കാണാം. പെരുന്നാള്‍ ദിനാഘോഷവേളയില്‍ തീന്മേശയുടെ അലങ്കാരത്തികവായി പ്രത്യക്ഷപ്പെടുന്ന ആട്ടിന്‍തല താന്‍ രാവിലെ സുറുമയിട്ടു കണ്ണെഴുതിച്ച് താലോലിച്ച ആട്ടിന്‍കുട്ടിയുടേതാണെന്ന തിരിച്ചറിവില്‍ ഭക്ഷണം ഉപേക്ഷിച്ച് സമീറ എഴുന്നേല്ക്കുകയാണ്. ഭൂരിപക്ഷ സമുദായത്തിന്റെ മറുപുറം നിര്‍ത്തി മുസ്ലിം സമുദായത്തിന്റെ ഭക്ഷണശീലങ്ങളെ വിമര്‍ശിക്കുകയാണ് ഈ രംഗം. ഭാവന അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സഹജമായ നിഷ്കളങ്കതയെ ഊന്നിപ്പറയുന്നതിനുവേണ്ടിയല്ല ഈ ദൃശ്യം. മുസ്ലിമിന്റെ സവിശേഷതകളായി പൊതുസമൂഹം വിലയിരുത്തുന്ന (കുറ്റിച്ചിറയില്‍വന്ന് നമ്മെ പഠിച്ചുപോയ കരോളിന് ഒസെല്ല, ഫിലിപ്പോ ഒസെല്ല എന്നീ നരവംശശാസ്ത്രജ്ഞര്‍ പറഞ്ഞതാണിത്) ആക്രമണോല്സുകത, ഹിംസ, മാംസഭക്ഷണശീലം എന്നീ സ്വഭാവങ്ങളെ തികച്ചും സ്വാഭാവികമായി ഒരു തീന്മേശയിലെ ആഹാരവേളയിലേക്ക് അവതരിപ്പിച്ചുകൊണ്ട് ലളിതമായ ഒരു വൈരുധ്യം തീര്‍ക്കുകയാണ് ഇവിടെ. നോമ്പിന് ഹോട്ടല്‍ തുറന്നതിന് പ്രതികാരമെന്നോണം അത് സ്ഫോടനത്തില്‍ തകര്‍ക്കുന്നതുപോലെയുള്ള ഹിംസ സൃഷ്ടിക്കുന്ന സാമൂഹികമായ ഉത്കണ്ഠയിലേക്ക് പ്രേക്ഷകനെ വൈകാരികമായി ഉദ്ദീപിപ്പിക്കുന്നതിനാണ് പ്ലേറ്റിലെ ആട്ടിന്‍തലയും അതിന്റെ നിസ്സഹായമായ തുറിച്ച കണ്ണുകളും വിസ്തരിച്ചു കാണിക്കുന്നത്. സമുദായത്തിന്റെ ഭക്ഷണശീലത്തില്‍ പോലും നിബദ്ധമായ ഹിംസയുടെ വംശമുദ്രയായി മുറിച്ചുവെച്ച ഈ ആട്ടിന്‍തല മാറുന്നു. അമിതലൈംഗികത (ബഹുഭാര്യാത്വം, സ്വവര്‍ഗപ്രേമം) ആക്രമണോല്സുകത, മതപരമായ കാര്യങ്ങളിലെ അമിതവൈകാരികത എന്നിവയുമായി ബന്ധപ്പെടുത്തിയാണ് മുസ്ലിം ന്യൂനപക്ഷത്തെ കേരളത്തിന്റെ പൊതുബോധം കാണുന്നതെന്ന് ഒസെല്ലമാര്‍ നിരീക്ഷിക്കുന്നു. ഒരു ജനസമൂഹത്തെ വഷളന്മാരാക്കി ചിത്രീകരിച്ചുകൊണ്ട് അവര്‍ക്കു മേല്‍ സാമൂഹികമായ നിയന്ത്രണം നേടിയെടുക്കുന്നതിനാണ് ഇത്തരം നെഗറ്റിവ് സ്റ്റീരിയോടൈപ്പുകളെ അവരുടെ സ്വഭാവത്തിന്റെ ഭാഗമായി ചിത്രീകരിക്കുന്നത്. ബഹുഭാര്യാത്വത്തെ മുസ്ലിമിന്റെ അമിത ലൈംഗികതയുടെ പ്രകടനമായി അവതരിപ്പിക്കുന്ന കീഴ്വഴക്കത്തിന് മലയാള സിനിമയുടെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. 'വിലാപങ്ങള്‍ക്കപ്പുറത്തി'ലും ഈ കീഴ്വഴക്കത്തെ ചന്ദ്രന് നിരുപാധികം പിന്‍പറ്റുന്നു.
പ്രിയപ്പെട്ട ടി.വി ചന്ദ്രന്, ഗുജറാത്ത് വംശഹത്യയില്‍ സര്‍വവും നഷ്ടപ്പെട്ട മുസ്ലിംജനതയോട് ജനാധിപത്യകേരളം കാണിച്ച ആഴമേറിയ അനുകമ്പക്കും അവരുടെ സഹനങ്ങളോടുള്ള സമാനതകളില്ലാത്ത ഐക്യദാര്‍ഢ്യത്തിനും നിങ്ങള്‍ നല്കുന്ന അഭ്രമുദ്രയാണോ ഇത്? സംഘപരിവാറിന്റെ ഇറച്ചിവെട്ടുകാര്‍ക്കു മുന്നില്‍ പകച്ചുനിന്ന ഒരു ജനസമൂഹത്തോട് കേരളം പെരുമാറിയത് ഇങ്ങനെയാണെന്ന് അടയാളപ്പെടുത്തുന്ന ചരിത്രവിരുദ്ധതക്ക് എന്തു ന്യായീകരണമാണ് നിങ്ങള്‍ക്കു നല്‍കാനുണ്ടാവുക? കാശു കണ്ടാല്‍ കണ്ണു മഞ്ഞളിക്കുന്ന കോടമ്പാക്കത്തുകാരനായോ മാര്‍വാഡിപ്പണത്തിനു മുന്നില്‍ മുട്ടുമടക്കുന്ന തേഡ് റേറ്റ് സിനിമക്കാരനായോ അല്ല നിങ്ങളെ ഞങ്ങളുടെ മനസ്സില്‍ സ്ഥാനപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടാണ് പറയുന്നത്. നിലപാടുകള്‍ ഉണ്ടായിരിക്കണം. കൈവിടാതെ കാത്തുപോന്ന നിലപാടുകളെക്കുറിച്ച് ഓര്‍മകളുണ്ടായിരിക്കണം
23 comments:
nannayi
sodhesha vimarsanam
shoukathinte cinemakalil oralppam athibhavukatham pathivanu
Sajeesh, your lines ignites the flame that comes from the real keralite social fabric. The question is worhthy: Is this your cine representation of the keralite solidarity and support to the poor victims of Gujarat Genocide?
--PAM Haris
sajeesh,
relevnt views... i dont remember watching any malayalam film which is fact-based and not over sentimental except one or two... in my opinion malayalam cinema is still in its premature state... malayali's whole view about cinema should be revised with time... we are still clinging to cliches... as an art, cinema provides a very wide spectrum of options to the creator. as your header says godard said, cinema is truth 24 times per second, also (i would like to add) it can be told in infinite different ways. but indian directors seems to be afraid of exploring more about this art.
anyway, i think your comment box is not working properly, better change the template.
I am giving this blog's link to my blog. Hope you can visit my blog sometime.
but i cannot say anything about this film since i haven't watched it yet...
One of the best reading material in a best lay-out of best Analyzing..
And a best Lessons to those theater goers and rubbish-film watchers to recognize "the BEST" from those fool's concepts...
Samad Kootilangadi
വയനാട് മുസ്ലിം ഓര്ഫനേജീല് കുറേ കുഞ്ഞുങ്ങളുണ്ട്,
ഗുജറാത്തില്‍ നിന്നും കൊണ്ടു വരപ്പെട്ട മിടുക്കികള്‍.
അവരുമായി ബന്ധപ്പെട്ട കുറെ നല്ല ഓര്‍മ്മകള്‍ ഉണ്ട്,
ഇത്തരം അസംബന്ധങ്ങളെ നിരാകരിക്കാന്‍ പോന്ന അനുഭവമായി.
"ഇടതുപക്ഷ പൊളിറ്റിക്കല്‍ സിനിമ എടുത്തുവന്ന ചന്ദ്രന് എങ്ങനെ മലപ്പുറം ഡിസ്ട്രിക്റ്റ് കോണ്‍ഗ്രസ് കമ്മിറ്റി അംഗവും നിലമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റും സര്‍വോപരി ആര്യാടന് മുഹമ്മദിന്റെ മകനുമായ വലതുപക്ഷക്കാരന്റെ കഥയെടുത്ത് സിനിമയാക്കുന്നു എന്ന് ആലോചിക്കുമ്പോഴാണ് ...." ഇതെന്തു വിമര്‍ശനമാണ് സജീഷേ? തീരെ ബാലിശമായിപ്പോയില്ലേ? ചന്ദ്രന് ആരുടെ തിരക്കഥയിലാവണം സിനിമ നിര്‍മ്മിക്കേണ്ടത് എന്ന് നിങ്ങളൊക്കെ തീരുമാനിക്കാന്‍ തുടങ്ങിയത് എന്ന് മുതല്ക്കാ? ഒരു പക്ഷത്തിന്റെ സിനിമ സ്ഥിരമായി എടുക്കാന്‍ ചന്ദ്രന് ഒരു "പ്രസ്ഥാന പ്രവര്ത്തകന് " ഒന്നുമല്ലല്ലോ സജീഷേ? ജമാ അത്തെ ഇസ്ലാമിയെ നഖശിഖാന്തം എതിര്‍ക്കുന്ന ആര്യാടന് മുഹമ്മദിനും ഷൌക്കത്തിനും "മാധ്യമ" ത്തിലെ പെന്നുന്തുകാരനില് നിന്ന് ഇത്തരത്തിലല്ലാത്ത സമീപനം പ്രതീക്ഷിക്കുന്നത് തന്നെ അസംബന്ധം. അല്ലാതെന്തു പറയാന്‍ ...
സിനിമ കണ്ടിട്ടില്ല.കാണാൻ ഉദ്ദേശിക്കുന്നുമില്ല. താങ്കൾ സൂചിപ്പിച്ച കാര്യങ്ങളോട് അത് കാണാതെ തന്നെ പൊരുത്തപ്പെടാൻ കഴിയുന്നു.
ശക്തം ഈ പ്രതികരണം.
സജീഷ്, നന്നായി. ചന്ദ്രന്റെ നിലപാടുകളുള്ള പടംതന്നെ കാണാന്‍ വിഷമം. സൂസന്ന കണ്ടപ്പോള്‍ത്തന്നെ എനിക്കു മതിയായി. പ്രിയ ബഹുഗുണ, ആര്യാടന് ഷക്കത്തിന്റെ കഥ സിനിമയാക്കിയതു നല്ല വിമര്‍ശനമല്ലെന്നു പറയുമ്പോള്‍ ‘മാധ്യമ’ത്തിലെ എഴുത്തുമായി ഇതിനെ ബന്ധിപ്പിക്കുന്നതിലും ആ കുഴപ്പമില്ലെ? സംശയംകൊണ്ടു ചോദിച്ചതാണേ! തല്ലരുത്.
aryadan shoukathinte kadha eduth chandran film nirmikkaruthennu parayaruth....
shoukathinte vimarshanam kevalam baalishamaanu..
mathethara kaapadythainte aapath bhaavam....
nannaayittund... sajeeshinte vimarshanavum...
ugran vimarshanam. 100% yojikkunnu. follow me on twitter
"അങ്ങാടിയില്‍ തൂറിയെങ്കിലും" പ്രശസ്തനാകുക എന്നൊരുത്തന്‍ തീരുമാനിച്ചൊരുമ്പെട്ടാല് എന്തു ചെയ്യും. ഇവര്‍ക്കൊക്കെ സാംസ്കാരിക, പ്രബുദ്ധകേരളത്തിന്റെ മാല്യന്യങ്ങള് ചികഞ്ഞ് ഭോജിക്കുന്നതാണിഷ്ടം....
ente vaka ee commentin oropp
Ithutpole shakthmayi prathikarikkunnvar koodi varratte
Ashamsakal
സിനിമ കാണാതെ എന്തു പറയാന്‍...!!
എഴുത്ത് ഗംഭീരമായി.
സജീഷ് നന്നായിടുണ്ട്
നമ്മുടെ നാട്ടിലെ പെന്നുന്തികള്ക്കും സിനിമാകാര്‍ക്കും ഒരു ധാരനയുന്ടു മുസ്ലിം സമുദായത്തെ ഒന്ന് തള്ളിയാലെ സിനിമക്കും എഴുത്തിനും അല്പം എരിവു കിട്ടുകയുള്ളൂ എന്ന് പ്രതിയെകിച്ചു മുസ്ലിം നാമധാരികളായ ചിലര്‍ക്ക്, ഇവരൊക്കെ അനാചാരങ്ങളെ എടുത്തു കാണിക്കുന്നതോടൊപ്പം നല്ല വശങ്ങളെയും പ്രദര്ശിപ്പിചിരുനെങ്കില് മനസിലാക്കാംമയിരുന്നു ഉദ്ദേശ ശുദ്ധി.
രാജു ഇരിങ്ങല്‍ said:
"താങ്കളുടേ നിലപാടുകള്‍ ഉണ്ടായിരിക്കണം എന്ന് ബ്ലോഗ് പോസ്റ്റ് ഇന്നാണ് വായിച്ചത്. നന്നായി എഴുതിയിരിക്കുന്നു. എന്നാല്‍ ചില സ്ഥലങ്ങളിലെ പരാമര്‍ശം സിനിമയും രാഷ്ട്രീയവും വിട്ട് വ്യക്തി സ്വാതന്ത്ര്യത്തില്‍ കൈ കടത്തുന്നില്ലേന്ന് സംശയം ധ്വനിപ്പിക്കുന്നു. പക്ഷെ അതൊക്കെയും “നിലപാടുകള്‍ ഉണ്ടായിരിക്കണം” എന്ന തലക്കെട്ടില്‍ മുങ്ങിപ്പോവുകയും ചെയ്യുന്നുണ്ട്"
ചന്ദ്രന് ആരുടെ തിരക്കഥയിലാവണം സിനിമ നിര്‍മ്മിക്കേണ്ടത് എന്ന്
തീരുമാനിക്കാന്‍ കാണികള്‍ ശക്തരാണോ...
അല്ലെന്നാണ് എന്റെ അഭിപ്രായം
ചന്ദ്രന് ഇടതുപക്ഷ കാഴ്ചപ്പാടുള്ള സംവിധായകനാണെന്ന്
നമുക്ക് തോന്നിയേക്കാം
അത് വേറും തോന്നല്‍ മാത്രമാണെന്ന് കണ്ട്
സിനിമകാണുക.
നിലപാടുകള്‍ മാറ്റപ്പെടേണ്ടതാണ്
ചന്ദ്രന്റെ 'വിലാപങ്ങൾക്കപ്പുറം' ഒരു മോശം ചിത്രമാണെന്ന താങ്കളുടെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു. ചന്ദ്രനും ഷൗക്കത്തും ചേർന്ന് വർഷത്തിലൊന്ന് എന്ന കണക്കിൽ പടച്ചുവിടുന്ന 'സാധനങ്ങൾ' കണ്ടിരിക്കുക വിഷമമുള്ള കാര്യമാണെന്ന അഭിപ്രായത്തിനോടും യോജിക്കുന്നു. പിന്നീടങ്ങോട്ട് താങ്കളെഴുതിയ പലതിനോടും ഞാൻ വിയോജിക്കുന്നു.
സാരമാഗോയുടെ 'അന്ധത'യിൽ ഒരുതരം വെളുത്ത അന്ധതയെക്കുറിച്ചു പറയുന്നുണ്ട്. സജീഷേ, വെളുത്ത അന്ധത പോലെ തന്നെ അപകടകാരിയാണ് കാവി അന്ധതയും പച്ച അന്ധതയും ചുവന്ന അന്ധതയുമെല്ലാം. അവസാനം പറഞ്ഞ അന്ധത താങ്കളെയും ബാധിച്ചിരിക്കുന്നു എന്ന് ഞാൻ ഭയക്കുന്നു. ഈ അന്ധതയിൽനിന്ന് ഉത്ഭവിച്ചതാവാം വളരെ ഉപരിപ്ലവമായ ചന്ദ്രൻ സിനിമയെക്കുറിച്ചുള്ള അതിലും ഉപരിപ്ലവമായ താങ്കളുടെ നിരീക്ഷണങ്ങൾ. സ്റ്റീരിയോറ്റൈപ്പായ, വളരെ ഫ്ലാറ്റായ കഥാപാത്രങ്ങളെ താങ്കൾ അതിലും ഫ്ലാറ്റായിട്ടാണ് മനസ്സിലാക്കിയിരിക്കുന്നത്.
ഏതെങ്കിലുമൊരു പക്ഷത്തിന്റെ രാഷ്ട്രീയ പ്രചാരകരല്ല കലാകാരന്മാർ. രാഷ്ട്രീയ പ്രചാരണത്തിനുള്ള സിനിമയേക്കാൾ ഫലപ്രദമായ മാർഗ്ഗങ്ങളാണ് നോട്ടീസുകൾ, പോസ്റ്ററൂകൾ, കവലപ്രസംഗങ്ങൾ, മനുഷ്യച്ചങ്ങലകൾ തുടങ്ങിയവ.
ഇസ്ലാമിലെ വർഗ്ഗീയതയെക്കുറിച്ച് സംസാരിക്കുന്നത് ഹിന്ദു വർഗ്ഗീയതയെ സഹായിക്കുമെന്നുമൊക്കെയുള്ള ഇടതുപക്ഷത്തിന്റെ സ്യൂഡോ നിലപാടാണ് താങ്കളും ഇവിടെ പ്രതിഫലിപ്പിച്ചിരിക്കുന്നത്. വാസ്തവത്തിൽ ഈ രണ്ടു വർഗ്ഗീയതകളും പരസ്പരം വളമേകി തഴച്ചു വളരുകയല്ലേ നമ്മുടെ നാട്ടിൽ?
താങ്കളുടെ ബ്ലോഗിന്റെ തലക്കെട്ടിൽത്തന്നെ കാണുന്ന Godardനെ ക്കുറിച്ച്: Photography is truth. The cinema is truth twenty-four times per second എന്ന് ഉദ്ഘോഷിച്ചിട്ടുള്ള ഈ മഹാൻ തന്നെ Cinema is the most beautiful fraud in the world എന്നും പിന്നീടൊരിക്കൽ പറഞ്ഞിട്ടുണ്ട്! തിമിരക്കാഴ്ച ബാധിച്ച മറ്റൊരു ബുജി. Godardനെക്കുറിച്ച് Werner Herzog ഇങ്ങിനെ പറഞ്ഞിട്ടുണ്ട്: Someone like Jean-Luc Godard is for me intellectual counterfeit money when compared to a good Kung Fu film.
ഈ സിനിമ ഇന്നു കണ്ടു. കണ്ടു കഴിഞ്ഞപ്പോള്‍ ഒന്നു പൊട്ടിച്ചിരിക്കാനാണ് തോന്നിയത്. റ്റി വി ചന്ദ്രന്റെ ഉദ്ദേശമെന്താണെന്നു മനസ്സിലാകുന്നില്ല. എന്തു പറയണം എങ്ങനെ പറയണം എന്നറിയാതെ എന്തൊക്കെയോ ചിത്രീകരിച്ചിരിക്കുന്നു. 'ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം' പോലെയുള്ള സിനിമകളെടുത്ത സംവിധായകനു എങ്ങനെ ഇത്ര ആത്മാര്‍ത്ഥത ഇല്ലാതെ സിനിമ എടുക്കാന്‍ കഴിയുന്നു.
പ്രമേയത്തിലെ ന്യൂനതകളെ പറ്റി പറയേണ്ട കാര്യമില്ല. സംവിധാന മികവെങ്കിലുമുണ്ടായിരുന്നെങ്കില്.... സമയം പോയതു മാത്രം മിച്ചം.
ഈ സിനിമ സര്‍ഗാത്മക വ്യാപാരമല്ല, സര്‍ഗാത്മക വ്യഭിചാരമാണ്.
അങ്ങാടിയില്‍ തൂറിയെങ്കിലും" പ്രശസ്തനാകുക എന്നൊരുത്തന്‍ തീരുമാനിച്ചൊരുമ്പെട്ടാല് എന്തു ചെയ്യും.
ഇവിടെ ഈയുള്ളവനും അടിവരയിട്ടു വയ്ക്കുന്നു..!!
ഒരു സമുദായത്തിന്റെ (എല്ലാ സമുദായത്തിനുമുണ്ട്) വൈകല്യവശങ്ങള് പൊക്കിക്കാണിച്ചു സ്വയം കോമാളിയാകുന്ന ആര്യാടന് ഷൌക്കത്ത് ആരുടെക്കെയോ ആസനം തടവി സുഗിപ്പിക്കുന്ന നിര്വൃതിയി അനുഭവിക്കുന്നു. പാവം...!! അവാര്‍ഡും കുപ്രസിദ്ധിയുമൊപ്പിക്കാന് ചിലര്‍ പെറ്റ തള്ളയുടെ അടിപ്പാവാടയഴിച്ചു ആളെ കൂട്ടും..!! മനോരോഗികള്‍ കൂടുതലും കേരളത്തിലെ ബുജികളിലാണല്ലോ തിങ്ങിപ്പാര്‍ക്കുന്നത്..!!
അംഗന്‍വാടി നാടകത്തിനു പോലുമുണ്ടാകും ഈ പടത്തിനേക്കാള് നിലവാരം..!!
ദൈവനാമത്തില്‍ കണ്ടിരുന്നു.. "നിരാശാജനകം" എന്നല്ലാതെ മറ്റു വാക്കില്ല !!
കൂടുതല്‍ നിരാശപ്പെടുന്നതില് നിന്നും രക്ഷപ്പെടുത്തി തന്നതിന് നന്ദി..
Post a Comment