Friday, October 23, 2009

മലയാളത്തില്‍ ഒരു ഡേവിഡ് ലീന്‍

'ഡോക്ടര്‍ ഷിവാഗോ'യും 'ബ്രിഡ്ജ് ഓണ്‍ ദ റിവര്‍ ക്വായി'യും 'ലോറന്‍സ് ഓഫ് അറേബ്യ'യുമൊക്കെ കണ്ട കാലത്ത് നമുക്ക് ഒരു ഡേവിഡ് ലീന്‍ ഇല്ലാതെ പോയതില്‍ വല്ലാതെ വിഷമിച്ചിരുന്നു. ചരിത്രത്തെ പുനഃസൃഷ്ടിക്കാനുള്ള അഭിനിവേശം, ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങള്‍, ഭൂഭാഗങ്ങളുടെ വിസ്മയിപ്പിക്കുന്ന വിതാനങ്ങള്‍, ഘോരയുദ്ധങ്ങളുടെ യാഥാര്‍ഥ്യപ്രതീതിയുള്ള ദൃശ്യങ്ങള്‍, സിനിമ കാണല്‍ എല്ലാ ഇന്ദ്രിയങ്ങളെയും സ്പര്‍ശിക്കുന്ന അനുഭവമാക്കുന്ന സാങ്കേതികത്തികവ്...അങ്ങനെ ഡേവിഡ് ലീന്‍ കാണിച്ചുതന്ന മാതൃകകള്‍ ഏറെയുണ്ട്. ക്യാമറ കൊണ്ട് എഴുതിയ മൂന്നു മണിക്കൂറിലധികം നീളുന്ന ദൃശ്യേതിഹാസങ്ങള്‍. '1921' പോലുള്ള ചിത്രങ്ങള്‍ ഐ.വി. ശശിയില്‍ ഡേവിഡ് ലീനിന്റെ ഒരു മലയാളപതിപ്പ് കാണിച്ചുതന്നിരുന്നു. ആയിരം പേരെയെങ്കിലും മുന്നില്‍ കണ്ടില്ലെങ്കില്‍ ശശിക്ക് 'സ്റ്റാര്‍ട്ട് ക്യാമറ, ആക്ഷന്‍' പറയാനാവില്ല എന്നൊരു ദുഷിപ്പ് അക്കാലത്ത് പ്രചരിച്ചിരുന്നതോര്‍ക്കുന്നു. അതുകൊണ്ടുതന്നെ ശശിയുടെയും ജോഷിയുടെയുമൊക്കെ സിനിമകള്‍ കാണുമ്പോള്‍ അവരില്‍ ഡേവിഡ് ലീന്‍ ബാധ കയറുന്നത് പ്രതീക്ഷിച്ചിരുന്നിട്ടുണ്ട് പലപ്പോഴും. എന്നാല്‍ അപ്പോഴൊന്നും ഹരിഹരനില്‍ ലീന്‍ബാധ കുറഞ്ഞ അളവില്‍ പോലും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. എം.ടിയോടൊപ്പം വഴിനടന്നതിനാല്‍ നിഷ്പ്രഭനാക്കപ്പെട്ട ഒരു പ്രതിഭ എന്ന പരിഗണന മനസ്സിലുള്ളതുകൊണ്ട് അദ്ദേഹത്തോട് ഒരുതരം സഹതാപം എക്കാലത്തും ഉണ്ടായിരുന്നുവെന്നു മാത്രം.
ഇന്നലെ രാത്രി 'പഴശ്ശിരാജ' കണ്ടപ്പോള്‍ ഡേവിഡ് ലീന്‍ ഉച്ചത്തില്‍ മലയാളം പറയുന്നതുപോലെ തോന്നി. ചലച്ചിത്രം എന്ന മാധ്യമത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുംവിധം വിശാലമായ കാന്‍വാസില്‍ ചരിത്രത്തെ പുനഃസൃഷ്ടിക്കുമ്പോള്‍ ഹരിഹരനെ ലീന്‍ അജ്ഞാതമായ ഒരു കര്‍മബന്ധത്തിന്റെ അദൃശ്യസ്പര്‍ശത്താല്‍ അനുഗ്രഹിച്ചിരിക്കണം. 'പഴശ്ശിരാജ'യെ സ്തുതിക്കാനല്ല ഇത്രയും കുറിച്ചത്. നമ്മുടെ ശുദ്ധകലാസിനിമക്കാര്‍ക്ക് നാലുപേര്‍ കൂടുന്ന രംഗം ചിത്രീകരിക്കുമ്പോള്‍ കൈ വിറയ്ക്കും. ജോഷിയും ശശിയും ചെയ്യുന്നതുപോലെ ഒരു ലാത്തിച്ചാര്‍ജ് ചിത്രീകരിച്ചാല്‍ അത് കോല്‍ക്കളിയായിപ്പോവും. (ആര്‍ട്ട് സിനിമയുടെ ആരാധകര്‍ക്ക് സാന്ദര്‍ഭികമായി 'സ്വം' എന്ന ചിത്രത്തിലെ അവസാനരംഗം ഓര്‍ക്കാവുന്നതാണ്.) സിനിമ സാങ്കേതികതയുടെ കൂടി കലയാണ്. അത് കൈയൊതുക്കത്തോടെ കൈകാര്യം ചെയ്യുക അത്ര എളുപ്പമുള്ള കാര്യമല്ല.
ശരിയാണ്, പഴശ്ശിരാജയുടെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങള്‍ക്കു പിന്നിലെ രാജ്യസ്നേഹം ചരിത്രത്തില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടാവാം. പഴശ്ശിരാജയുടെ മരണത്തെക്കുറിച്ച് ചരിത്രത്തില്‍നിന്നു വേറിട്ട ഭാവന എം.ടി മെനഞ്ഞിട്ടുണ്ടാവാം. സ്കൂള്‍ ക്ലാസിലെ പാഠപുസ്തകങ്ങളില്‍ വായിച്ചറിഞ്ഞതിനപ്പുറം ചരിത്രബോധമില്ലാത്തതിനാല്‍ അക്കാര്യത്തെക്കുറിച്ച് മിണ്ടാതിരിക്കുന്നതാണ് നല്ലതെന്ന് എനിക്കു തോന്നുന്നു. യുദ്ധത്തിനു പ്രകോപിപ്പിച്ച വികാരം എന്തുതന്നെയായിരുന്നാലും ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ഒരു യോദ്ധാവായിരുന്നു പഴശ്ശിരാജ എന്നതില്‍ ചരിത്രകാരന്മാര്‍ക്ക് രണ്ടുപക്ഷമുണ്ടാവില്ല. അതുകൊണ്ടുതന്നെ ആ ജീവിതം ഡോക്യുമെന്റ് ചെയ്യപ്പെടുന്നതില്‍ അപാകത കാണാനാവില്ല.
ഇത് ഹരിഹരന്റെ സിനിമയാണ്. സംവിധായകന്റെ സിനിമ. ഞാനിവിടെയുണ്ട് എന്ന മട്ടില്‍ ചില സംഭാഷണങ്ങളില്‍ വന്ന് എം.ടി തലകാട്ടുന്നുണ്ട്. നാടിനെ ഒറ്റിക്കൊടുത്തവന്റെ കഴുത്തില്‍ കത്തി ആഴ്ത്തി ചോര തെറുപ്പിക്കുമ്പോള്‍ കുങ്കന്‍ പറയുന്നത് ''ഇത് തലയ്ക്കല്‍ ചന്തുവിന്റെ മലദൈവങ്ങള്‍ക്ക് എടച്ചേന കുങ്കന്റെ കുരുതി'' എന്നാണ്. അവിടെ ഞാന്‍ എം.ടിയെ കണ്ടു. പിന്നെ ''എന്റെ ആയുധങ്ങള്‍ക്കു കൊടുത്ത ലാളനപോലും നിനക്കു ഞാന്‍ തന്നില്ലല്ലോ'' എന്ന് ഭാര്യയോട് പഴശ്ശി പറയുന്ന രംഗത്തിലും. ഹരിഹരന് ഇനി സമാധാനിക്കാം. മുമ്പൊരിക്കല്‍ 'ഒരു വടക്കന്‍ വീരഗാഥ'യുടെ മുഴുവന്‍ ക്രെഡിറ്റും എം.ടി കൊണ്ടുപോയി. പിന്നീട് 'ഒളിയമ്പുകള്‍' എന്നൊരു ദുര്‍ബല ചിത്രം ചെയ്തപ്പോള്‍ പത്രക്കാരന്‍ ചോദിച്ചു, വീരഗാഥ പോലൊരു നല്ല ചിത്രം ചെയ്ത താങ്കള്‍ എന്തിനാണ് ഇങ്ങനെയൊരു ചിത്രം ചെയ്തത് എന്ന്. അപ്പോള്‍ ഹരിഹരന്‍ ആഹ്ലാദത്തോടെ ചിരിച്ചുവെന്നാണ് ഐതിഹ്യം. ''ഹാവൂ, സമാധാനമായി വീരഗാഥയുടെ സംവിധായകന്‍ ഞാന്‍ തന്നെയാണല്ലോ'' എന്ന് ഉച്ചത്തില്‍ സമാധാനിക്കുകയും ചെയ്തിരുന്നുവത്രെ. ബ്ലാക് ആന്റ് വൈറ്റ് കാലത്തു തുടങ്ങിയതാണ് ഹരിഹരന്റെ ചലച്ചിത്രയാത്ര. 1973ല്‍ 'ലേഡീസ് ഹോസ്റ്റലി'ല്‍ തുടക്കം. പിന്നെ അമ്പതില്‍പരം സിനിമകള്‍. എം.ടി കൂടെക്കൂടിയപ്പോഴാണ് കഴിവുകള്‍ ശരിക്കും പുറത്തുവന്നത്.
ശരത് കുമാറിന് അഭിനയിക്കാനറിയാം എന്ന ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യം ബോധ്യപ്പെടുത്തി തരുന്ന ചിത്രം എന്ന ചരിത്രപരമായ പ്രസക്തി കൂടി 'പഴശ്ശിരാജ'ക്ക് ഉണ്ട്. ഉരുണ്ടുറച്ച മാംസപേശികള്‍ മുറുക്കുകയും അയയ്ക്കുകയും ചെയ്യുന്നതേ ഇതുവരെ കണ്ടിരുന്നുള്ളൂ. മമ്മൂട്ടിയുടെ ആരാധകരെ തൃപ്തിപ്പെടുത്താന്‍ പ്രത്യേക ചേരുവകള്‍ ഒന്നും തന്നെയില്ലെന്നുള്ളതും ആശ്വാസകരമായി.
രണ്ടര വര്‍ഷത്തെ ചിത്രീകരണം, ആയിരത്തിലധികം താരങ്ങള്‍, മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യം, 20 കോടി കടന്ന നിര്‍മാണച്ചെലവ്^ഇതിഹാസ മാനമുള്ള സിനിമയുടെ പിന്നണിപ്രവര്‍ത്തകരുടെ പ്രായം വെറുതെ ഒന്ന് ചിന്തിച്ചുനോക്കി. 76 വയസ്സുള്ള തിരക്കഥാകൃത്ത്, 60കളിലെത്തിനില്‍ക്കുന്ന സംവിധായകന്‍, 56 വയസ്സുള്ള നായകന്‍, 78 വയസ്സുള്ള ഗാനരചയിതാവ്, 66 വയസ്സുള്ള സംഗീതസംവിധായകന്‍. എല്ലാം പ്രായം ചെന്ന പ്രതിഭകള്‍. ചടുലതയുള്ള ഒരു പിരീഡ് ഡ്രാമ ഒരുക്കുന്നതില്‍ അവര്‍ വിജയിച്ചിരിക്കുന്നു. അപ്പോള്‍ ന്യായമായ ഒരു സംശയം ഉയരുന്നു. അമ്പതുകള്‍ പിന്നിട്ട ഈ ചലച്ചിത്രപ്രതിഭകള്‍ തങ്ങളെ എഴുതിത്തള്ളാറായിട്ടില്ലെന്ന് സിനിമയെടുത്ത് കാണിക്കുമ്പോള്‍ നമ്മുടെ യൌവനം എന്തു ചെയ്യുകയാണ്? 'പഴശ്ശിരാജ' റിലീസ് ചെയ്ത ദിവസം രാത്രി ചാനലുകളില്‍ കണ്ടതുപോലെ മമ്മൂട്ടിയുടെ കൂറ്റന്‍ കട്ടൌട്ടുകളില്‍ പാലഭിഷേകം നടത്തുകയാണോ? റിലീസിന്റെ തലേ ദിവസം കൈരളി തിയറ്ററിനു മുന്നില്‍ കണ്ടതുപോലെ ഇരുപതുകളില്‍ തിളയ്ക്കുന്ന യുവത്വം ആര്‍പ്പുവിളികളോടെ ഫാന്‍സ് അസോസിയേഷന്റെ ആശംസാബോര്‍ഡ് തൂക്കുകയാണോ? അതോ എല്‍.സി.ഡി മോണിറ്ററില്‍ വിദേശചിത്രങ്ങളുടെ ഡി.വി.ഡികള്‍ കണ്ട് സ്റ്റുപിഡ് മല്ലു സിനിമയെ കുറ്റം പറഞ്ഞ് കാലം കഴിച്ച് ചെറുപ്പത്തിലേ വൃദ്ധരാവുകയാണോ?. യൌവനത്തിന്റെ എന്ത് അടയാളമാണ് നമ്മുടെ സിനിമയില്‍ പതിയുന്നത്? തിയറ്ററിലെ കാതടപ്പിക്കുന്ന, ഉള്ളുപൊള്ളയായ കൈയടികള്‍ക്കപ്പുറം യുവത്വത്തിന്റെ കൈയൊപ്പുകളില്ലാതെ വന്ധ്യമാവുന്നില്ലേ നമ്മുടെ സിനിമ?
എം.ടിയും മമ്മൂട്ടിയും ഹരിഹരനും അവരുടെ ഇരുപതുകളില്‍ തന്നെ തങ്ങളുടെ സര്‍ഗശേഷിയുടെ സാക്ഷ്യങ്ങള്‍ കാട്ടിത്തന്നവരാണ്. മുപ്പതുകളിലെത്തി നില്‍ക്കുന്ന എന്റെ തലമുറക്ക് ചോരത്തിളപ്പില്‍ തുടുത്ത എന്തു പ്രതീക്ഷയാണ് മലയാള സിനിമക്കു നല്‍കാനുണ്ടാവുക?.

12 comments:

SuDeeP said...

sajeesh..nalla aswadanam..nalla vayanasukham..

Unknown said...

dear sajeesh
cinema kanunnathinu munp aswadhanam vayichu
ishtamayi..cinema kandappol sajeeshinu thetty ennu manasilayi
state award winne ithra alasamaya statements nadatharuth..
it is a crime

Nat said...

sajeesh,
nilavaaramulla review...
cinema kaanan kazhinjilla... ente nashtam

Anonymous said...

നല്ല കുറിപ്പ്.

nenchidippukal said...

പുതിയ തലമുറയുടെ പണത്തിനും സുഖത്തിനും പിന്നിലുള്ള പാച്ചില്‍ തന്നെ യാണ്, അവരിലെ സര്‍ഗാത്മകത യെ വഴി തിരിച്ചുവിടുന്നത്, അന്നന്നത്തെ മെനുവിലെ കള്ളും പെണ്ണും പിന്നെ പ്രശസ്തിയും , ഇതിലപ്പുറം കലാ-സാമൂഹ്യ താല്പര്യ മുള്ള എത്രപേരുണ്ട് യുവ സിനിമാ പ്രതിഭകളില്‍ ?

സജീഷിന്റെ നിലപാടുകള്‍ പ്രശംസനീയമാണ്

Devadas V.M. said...

Good Review :)

ABDUL LATHEEF.AP said...

good review

vijay said...

മലയാള സിനിമയിലെ യുവ തലമുറയില്‍ സര്‍ഗാത്മകത ഉള്ളവര്‍ ഇല്ല എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല എന്ന് തോന്നുന്നു. അവര്‍ക്ക് അവരുടെ സര്‍ഗാത്മകത പുറത്തു കൊണ്ടുവരുവാനുള്ള അവസരങ്ങള്‍ കുറവാണ് എന്നതാണ് സത്യം. യുവ സംവിധായകരില്‍ പ്രതീക്ഷയുനര്‍ത്തുന്ന പലരെയും നാം "കേരള കഫെ" എന്ന ചിത്രത്തിലൂടെ കണ്ടു. അവരുടെ സര്‍ഗാത്മകത പുറത്തു കൊണ്ടുവരാനുള്ള ഒരു സ്പേസ് അവര്‍ക്ക് ആ ചിത്രത്തിലൂടെ ലഭിച്ചു എന്നുള്ളതാണ് കാര്യം. പഴശ്ശിരാജാ പുതിയ തലമുറയില്‍ പെട്ട ആരെങ്കിലും ആണ് ചെയ്തിരുന്നതെങ്കില്‍ ഇതിലും നന്നായിരുന്നേനെ എന്ന് തോന്നി.

ഒ എം ഗണേഷ് ഓമാനൂര്‍ | O.M.Ganesh omanoor said...

vijay said... പഴശ്ശിരാജാ പുതിയ തലമുറയില്‍ പെട്ട ആരെങ്കിലും ആണ് ചെയ്തിരുന്നതെങ്കില്‍ ഇതിലും നന്നായിരുന്നേനെ എന്ന് തോന്നി.


വിജയ് സാററിയാന്‍,

പഴശ്ശിരാജ പുതിയ തലമുറയില്‍ പെട്ട ആര് ചെയ്താലാണു സാറേ നന്നാവുക..!! പഴകിയ ഷോട്ടുകളെടുത്ത് വേര്‍പ്പൊഴുക്കാനല്ലാതെ ഇവന്മാര്‍ക്കെന്തറിയാം..!! (യൗവ്വനമുള്ള ഷോട്ടുകളുടെ തമ്പ്രാക്കന്മാരായ പ്രിയദര്‍ശനേയും ഷാജി കൈലാസിനേയും മറക്കുന്നില്ല) പുതിയ തലമുറ ഹരിഹരന്‍ സാറിലെ സംവിധായകനെ കണ്ട് പടിക്കട്ടെ..!! ക്യാമറ അവിടേം ഇവിടേം വച്ചാല്‍, ഓട്ടുപാത്രവും മണ്ണെണ്ണ വിളക്കും വെളിച്ചം കുറച്ചെടുത്താല്‍ ലോകോത്തര സിനിമ എന്നു കൂവി നടക്കുന്ന സിനിമ ബുജികള്‍ കേരളത്തില്‍ മാത്രേ കാണൂ..!!


പഴശ്ശിരാജയിലൂടെ ഹരിഹരന്‍ മലയാള സിനിമയിലും ആണ്‍കുട്ടികളുണ്ടെന്ന്‍ ലോകത്തിനോടു വിളംബരം ചെയ്യുന്നു. സിനിമ ദൃശ്യഭംഗിയുടെ മാന്ത്രിക കലയാണെന്ന്‍ കാണിച്ചുതരുന്നു..!!
മലയാള സിനിമയിലെ ക്ലാസിക് എന്നു ഉറക്കെ വിളിച്ചു പറയാന്‍ 'പഴശ്ശിരാജ' ധാരാളം..!!

Anonymous said...

കിടിലൻ ഡയലോഗ്‌ ഗണേശാ! രൺജി പണിക്കർ തോറ്റു പോകും!!

"സിനിമ ദൃശ്യഭംഗിയുടെ മാന്ത്രിക കലയാണ്‌" തുടങ്ങിയ അബദ്ധങ്ങൾ കാണാതെ പഠിച്ച്‌ ഉരുവിടുന്ന സമയത്ത്‌ കുറേ നല്ല സിനിമകൾ കാണുവാൻ താങ്കൾ സമയം ചിലവഴിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു പോവുന്നു.

Safeer Mohammed.. said...

"ചടുലതയുള്ള ഒരു പിരീഡ് ഡ്രാമ ഒരുക്കുന്നതില്‍ അവര്‍ വിജയിച്ചിരിക്കുന്നു"..
ഇപ്പറഞ്ഞത് ശരിയായിരുന്നോ?
ഭംഗിയുള്ള ഒരുപാട് ദൃശ്യങ്ങള്‍ എന്നതില്‍ കവിഞ്ഞ് പഴശ്ശിരാജ ഒരു മികച്ച സിനിമ ആയിരുന്നോ?

ഒ എം ഗണേഷ് ഓമാനൂര്‍ | O.M.Ganesh omanoor said...

ശൂന്യേട്ടോ, അവിടുന്നരുളിയ 'നല്ല സിനിമ'കളുടെ പട്ടിക കിട്ടിയിരുന്നേല്‍ ഒന്നു പോയി കാണാമായിരുന്നു...!! നല്ല സിനിമ എന്നൊരു സംഭവം ഒരു പുതിയ അറിവാണേയ്...!!

Post a Comment