Monday, September 20, 2010

പുണ്യാളന്റെ ഇടപെടലുകള്‍

2002ലെ ചലച്ചിത്രമേളയില്‍ നിന്നാണ് The Posthumous Memoirs എന്ന ബ്രസീലിയന്‍ സിനിമ കണ്ടത്. 1881ല്‍ Joaquim Maria Machado De Assis എഴുതിയ The Posthumous Memoirs of Bras Cubas എന്ന നോവലിനെ ആസ്പദമാക്കി Andre Koltzel സംവിധാനം ചെയ്ത ചിത്രം. ബ്രാസ് ക്യൂബാസ് തന്റെ ശവകുടീരത്തില്‍നിന്ന് എഴുന്നേറ്റു വന്ന് ഓര്‍മകള്‍ അയവിറക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ അവതരണം. ആരാലും സ്നേഹിക്കപ്പെടാതെ, വംശപരമ്പര നിലനിര്‍ത്താന്‍ പിന്‍ഗാമികളില്ലാതെ ഒടുങ്ങിപ്പോവുന്ന ഒരു ജീവിതം. കപടനാട്യങ്ങളുടെയും പ്രണയവഞ്ചനകളുടെയും ആത്മാര്‍ഥതയില്ലാത്ത സ്നേഹപ്രകടനങ്ങളുടെയും ഒരനുഭവലോകം അയാള്‍ ഓര്‍മകളില്‍നിന്ന് വീണ്ടെടുക്കുന്നു. ജീവിതത്തിന്റെ നിരാശയും ദുരിതങ്ങളും അനുഭവിക്കാന്‍ താന്‍ കുട്ടികള്‍ക്കു ജന്മം നല്‍കിയിട്ടില്ലെന്ന് ആശ്വസിക്കുന്നുണ്ട് ക്യൂബാസ്. ഒറ്റപ്പെട്ട ഒരു മനുഷ്യന്റെ ജീവിതത്തിലൂടെയുള്ള ഒരു യാത്രയാണിത്. പരാജയപ്പെട്ട അയാളുടെ പ്രണയങ്ങള്‍, ചെയ്തുകൂട്ടിയ വിഡ്ഢിത്തങ്ങള്‍. അബദ്ധങ്ങള്‍, അസംബന്ധങ്ങള്‍.
Epitaph of a Small Winner എന്ന് ഒരു ഉപശീര്‍ഷകം കൂടിയുണ്ടായിരുന്നു അസ്സിസിന്റെ നോവലിന്. ഒരു ചെറിയ വിജയിയുടെ ശവകുടീരലിഖിതം. വാസ്തവത്തില്‍ ഒരു പരാജിതന്റെ ശിരോലിഖിതങ്ങളുടെ പുനര്‍വായനയായിരുന്നു അത്. ഇതേ ചലച്ചിത്രമേളയില്‍ തന്നെ ടി.വി. ചന്ദ്രന്റെ 'ഡാനി'യും പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. പ്രമേയപരമായ സാദൃശ്യം കൊണ്ട് ഞങ്ങള്‍ The Posthumous Memoirsനെ ബ്രസീലില്‍നിന്നുള്ള ഡാനി എന്നു വിളിച്ചു. കപടനാട്യങ്ങളുടെയും സ്നേഹാഭിനയങ്ങളുടെയും അവഗണനയുടെയും കയ്പുനിറഞ്ഞ ഒരു ജീവിതം ജീവിച്ചുതീര്‍ക്കുന്ന ഡാനിക്കും ക്യൂബാസിനും തമ്മില്‍ പൊതുവായി എന്തൊക്കെയോ ഉണ്ടായിരുന്നു. രണ്ടു ദേശങ്ങളോട് ഒരേ വികാരത്തോടെ സംസാരിച്ച ഇരുവരും ഒരു ദേശത്തിന്റെ തിരശãീലയിലിരുന്ന് സ്വയം കളിയാക്കി ചിരിച്ചു.
ഈ രണ്ടു ചിത്രങ്ങളുടെയും ദൃശ്യപഥങ്ങളില്‍ ആക്ഷേപഹാസ്യത്തിന്റെ ശക്തമായ അടിയൊഴുക്കുണ്ടായിരുന്നു. അവ നമ്മുടെ ഹിപ്പോക്രിസിയെ നല്ലവണ്ണം കളിയാക്കി. ആരെ ബോധിപ്പിക്കാനാണ് നിങ്ങളിങ്ങനെ അഭിനയിക്കുന്നത് എന്ന് നമ്മോട് ചോദിച്ചു. നിങ്ങളുടെ പുഞ്ചിരിക്കു പിന്നില്‍ സ്വാര്‍ഥതയുടെ, വഞ്ചനയുടെ എത്ര ദംഷ്ട്രകള്‍ എന്ന് വിസ്മയംകൊണ്ടു. കപടലോകത്തില്‍ ആത്മാര്‍ഥമായ ഹൃദയമുള്ളതുകൊണ്ടു മാത്രം പരാജയപ്പെടുന്ന ചില മനുഷ്യരെ കാട്ടിത്തന്നു.
പുതിയ രഞ്ജിത്തിന്റെ ('തിരക്കഥ'ക്കും ':കേരള കഫേ'ക്കും 'പാലേരി മാണിക്യ'ത്തിനും മുമ്പുള്ള രഞ്ജിത്ത് മലയാളസിനിമക്കു ചെയ്തുകൂട്ടിയ ദ്രോഹങ്ങളും ഉപദ്രവങ്ങളും ചില്ലറയല്ല. മലയാളിപ്രേക്ഷകന്റെ സംവേദനശീലത്തില്‍ നഞ്ചുകലക്കിയ അയാളെ നമുക്ക് ചലച്ചിത്രചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് നിഷ്പ്രയാസം എഴുതിത്തള്ളാം) പ്രാഞ്ചിയേട്ടനും പുണ്യാളനും കണ്ടപ്പോള്‍ ഓര്‍മ വന്നത് ഈ രണ്ടു ചിത്രങ്ങള്‍. അനുകരണമോ അനുകല്‍പനമോ ചോരണമോ ആരോപിക്കാനല്ല ആ സിനിമകളെ ഇങ്ങനെ ഓര്‍ത്തത്. മൂന്നും മൂന്നു സിനിമകള്‍ തന്നെയാണ്. കഴിഞ്ഞ പോസ്റ്റില്‍ സൂചിപ്പിച്ചതുപോലെ ഭാവനയുടെ വിഭ്രാമകമായ ഏതോ സഞ്ചാരപഥങ്ങളില്‍ പ്രതിഭകള്‍ ഒരുമിച്ചു സഞ്ചരിക്കുന്നുണ്ടാവണം. എല്ലാ സാമ്യതകളും അങ്ങനെ വരുന്നതാണ്.
കപടലോകത്തില്‍ ആത്മാര്‍ഥമായ ഒരു ഹൃദയമുള്ളതുകൊണ്ട് പരാജയപ്പെടുന്ന പ്രാഞ്ചിയേട്ടന്റെ കഥ നിരാശപ്പെടുത്തിയില്ല. കാരണങ്ങള്‍ പലതാണ്. പഞ്ചവടിപ്പാലം, സന്ദേശം, ശ്...ശ്...സയലന്‍സ് പ്ലീസ് തുടങ്ങി ഒറ്റപ്പെട്ട സറ്റയര്‍ സിനിമകള്‍ മാത്രം എടുത്തുകാട്ടാനുള്ള മലയാളത്തില്‍ ഈ ചിത്രം വേറിട്ട ഒരു സംരംഭം തന്നെയാണ്. പാളിച്ചകള്‍ ഉണ്ടാവാം. അതു പൊറുത്തുകൊടുക്കാവുന്നതേയുള്ളൂ. പ്രമേയദാരിദ്യ്രവും പ്രതിഭാശോഷണവും കൊണ്ട് മുടിഞ്ഞുപോയ മലയാള സിനിമയുടെ ദുരിതവര്‍ത്തമാനത്തില്‍ പ്രത്യേകിച്ചും.
ലോകസിനിമയില്‍ നിന്ന് ഒട്ടേറെ സങ്കേതങ്ങള്‍ നാം കടംകൊണ്ടിട്ടുണ്ടെങ്കിലും ലാറ്റിനമേരിക്കന്‍ സിനിമയിലെ മാജിക്കല്‍ റിയലിസം, യൂറോപ്യന്‍ സിനിമയിലെ അസംബന്ധ ആഖ്യാനങ്ങള്‍ (absurd narrative), ബ്ലാക്ക് ഹ്യൂമര്‍, സറ്റയര്‍ തുടങ്ങി നര്‍മരസമാര്‍ന്ന രചനാസങ്കേതങ്ങളുടെ സാധ്യതകള്‍ നാമിനിയും സ്വാംശീകരിച്ചെടുത്തിട്ടില്ല. സാത്വിക, സൌമ്യഭാവങ്ങളും വിഷാദം, വിലാപം എന്നീ സ്ഥായീഭാവങ്ങളും നിലനിറുത്തുന്ന ഏകമാനമായ ഒരു ചലച്ചിത്ര സങ്കല്‍പമാണ് മലയാള സിനിമ പിന്തുടരുന്നത്. ശുദ്ധകലാസിനിമയായാലും മുഖ്യധാരാ സിനിമയായാലും അതുതന്നെ സ്ഥിതി. അനുഭവങ്ങളുടെ നേരെ കുറ്റകരമായ ആന്ധ്യം പുലര്‍ത്തുന്നതുകൊണ്ടാവണം ഭാവുകത്വപരമായ വിച്ഛേദങ്ങള്‍ ഒരാകസ്മികതയായിപ്പോലും സംഭവിക്കുന്നില്ല. ഈ സാംസ്കാരികാലസ്യത്തില്‍ നിന്ന് മുക്തമാവുമ്പോഴേ വ്യത്യസ്തമായ പ്രമേയങ്ങള്‍ അവതരിപ്പിക്കാനും അത് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സംവേദനശേഷിയുള്ള പ്രേക്ഷകസമൂഹത്തെ സാധ്യമാക്കാനും കഴിയൂ. ആ ദിശയിലെ ഊക്കുള്ള ഒരു ചുവടുതന്നെയാണ് പ്രാഞ്ചിയേട്ടനും പുണ്യാളനും.
ആദിമധ്യാന്തപ്പൊരുത്തമുള്ള ഒരു കഥ വേണമെന്ന നിര്‍ബന്ധമുണ്ട് മലയാള സിനിമക്ക്. ഒരു തുടക്കം, ഒരു ഇന്‍ര്‍വെല്‍ പഞ്ച്, പിന്നെ ഏതാണ്ടെല്ലാ കഥാപാത്രങ്ങളും നിരക്കുന്ന ഒരു ഗ്രൂപ്പ് ഫോട്ടോ ക്ലൈമാക്സ്. ഒരു നായകന്‍, അയാള്‍ക്ക് നെഞ്ചില്‍ തൊഴിക്കാന്‍ പാകത്തില്‍ ഒരു വില്ലന്‍, അയാള്‍ക്ക് പ്രേമിക്കാനും പാട്ടുപാടാനും ഒരു കാമുകി, ഒടുവില്‍ ഫാന്‍സുകാരുടെ ആര്‍പ്പുവിളിക്കു കാതോര്‍ത്തുകൊണ്ട് നായകന്റെ ചില ഡയലോഗ് ഗീര്‍വാണങ്ങള്‍. അങ്ങനെയുള്ള ചില പതിവു ഫോര്‍മുലകളെ പ്രാഞ്ചിയേട്ടനും രഞ്ജിയേട്ടനും നിരാകരിക്കുന്നു എന്നതു തന്നെ വലിയ കാര്യം. ഈ ചിത്രത്തില്‍ ഒരു കഥയില്ല എന്നതു തന്നെ ഇതിനെ വേറിട്ട ഒരു സിനിമയാക്കുന്നുണ്ട്. ഒരു വ്യക്തിയുടെ ജീവിതത്തിലെ ചില മുഹൂര്‍ത്തങ്ങള്‍ മാത്രമാണിതില്‍. പല ഖണ്ഡങ്ങളെ വിളക്കിച്ചേര്‍ത്തിരിക്കുകയാണ് ഇവിടെ. പക്ഷേ അതുകൊണ്ട് പ്രമേയപരമായ ഏകാഗ്രത നഷ്ടമാവുന്നുമില്ല.
നമ്മെ നോക്കി ചിരിക്കാനുള്ള ഒരു അവസരം തരുന്നുണ്ട് പ്രാഞ്ചിയേട്ടന്‍. മലയാളിക്ക് മലയാളിയെ നോക്കി ചിരിക്കാനുള്ള ചില അവസരങ്ങള്‍. ഒരു സുഹൃത്ത് ജി^മെയില്‍ ചാറ്റില്‍ വന്നു പറഞ്ഞതുപോലെ എവിടെയൊക്കെയോ ചിലതുകൊള്ളുന്നുണ്ട്. അപ്സര തിയറ്ററില്‍ രണ്ടു മണിക്കൂറോളം മുഴങ്ങിയ നിലയ്ക്കാത്ത പൊട്ടിച്ചിരികള്‍ തന്നെ അതിന്റെ സാക്ഷ്യം.
(സസ്പെന്‍സ് എലിമെന്റുള്ള സിനിമയല്ലെങ്കിലും കഥയുടെ ചില വിശദാംശങ്ങള്‍ തുടര്‍ന്നുവരുന്ന രണ്ടു ഖണ്ഡികകളില്‍ സൂചിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ജിജ്ഞാസ നിലനിര്‍ത്തി സിനിമ കാണണം എന്നു നിര്‍ബന്ധമുള്ളവര്‍ക്ക് അവ സ്കിപ് ചെയ്യാം.)
അരിക്കച്ചവടക്കാരന്റെ മകന്‍ അരിപ്രാഞ്ചി എന്നറിയപ്പെടുന്നു. ആ പേര് അയാള്‍ക്ക് ഒരു പ്രശ്നമാവുന്നു. പേരു മാറ്റാന്‍ ജ്വല്ലറി തുടങ്ങി സ്വര്‍ണവില്‍പ്പനക്കാരനായപ്പോള്‍ നാട്ടുകാര്‍ പറഞ്ഞത് അരിപ്രാഞ്ചി ജ്വല്ലറി തുടങ്ങി എന്ന്. പ്രാഞ്ചി പള്ളിയില്‍ വെച്ച് തന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട പുണ്യാളനോട് തന്റെ സങ്കടം പറയുന്നു. ഒരു പേരില്ല എന്നതു തന്നെയാണ് എന്റെ പ്രശ്നം എന്ന് പ്രാഞ്ചി പറയുമ്പോള്‍ പുണ്യാളന്‍ ഒരു പേരിലെന്തിരിക്കുന്നു എന്ന ഷേക്സിപിരിയന്‍ ഡയലോഗടിക്കുന്നു. അങ്ങനെ പറയരുത് പുണ്യാളാ, ഒരു പേരിലാണ് ഞാനിരുന്നുപോയത് എന്ന് പ്രാഞ്ചി. ഇറ്റാലിയന്‍ ഭാഷയിലാണ് ആദ്യം പുണ്യാളന്‍ സംസാരിക്കുന്നത്. അതുകേട്ട് ഇക്കണ്ട കാലമത്രയും ഞങ്ങള്‍ സത്യവേദപുസ്തകം മലയാളത്തില്‍ വായിച്ചതു വെറുതെയായി അല്ലേ എന്ന് പ്രാഞ്ചി. പിന്നീട് പുണ്യാളന്റെ മുന്നിലിരുന്ന് തന്റെ സങ്കടങ്ങള്‍ പറയുകയാണ് അയാള്‍. പ്രണയപരാജയങ്ങള്‍, പത്മശ്രീ നേടാന്‍ നടത്തിയ നീക്കങ്ങള്‍ അങ്ങനെ എല്ലാം. ഇങ്ങനെ ഒപ്പിച്ചെടുക്കുന്ന പത്മശ്രീയും ശരിക്കു കിട്ടുന പത്മശ്രീയും തമ്മില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടാവുമോ എന്ന് ആശങ്കപ്പെടുന്നുണ്ട് അയാളുടെ അനുചരവൃന്ദം. പത്മശ്രീ സി.എ. ഫ്രാന്‍സിസ് എന്ന് എഴുതിയ ശവപേടകത്തിനുള്ളില്‍ ധന്യനായി മരിച്ചുകിടക്കുമ്പോള്‍ ഭരണകൂടത്തിന്റെ ആചാരവെടി മുഴങ്ങുന്നതും ഔദ്യോഗിക ബഹുമതികളോടെ തന്നെ സംസ്കരിക്കുന്നതും അയാള്‍ മനസ്സില്‍ കാണുന്നുണ്ട്. ഒന്നരക്കോടി മുടക്കിയ അയാള്‍ ഛത്തിസ്ഗഢ് ലിസ്റ്റിലാണ് നാമനിര്‍ദേശം ചെയ്യപ്പെടുന്നത്.
പത്മശ്രീ എന്ന പെണ്‍കുട്ടി പിന്നീട് അയാളുടെ മോഹങ്ങളിലേക്കു കടന്നുവരുന്നു. അവളും അയാളുടെ തൃഷ്ണകള്‍ക്ക് മുറിവേല്‍പ്പിക്കുന്നു. ഒരു സ്കൂളിന് നൂറു ശതമാനം വിജയം കൈവരിക്കുന്നതിനു വേണ്ടി ഒരു കുട്ടിയെ ജയിപ്പിച്ചെടുക്കാന്‍ താന്‍ പെട്ട പാടുകള്‍ അയാള്‍ പുണ്യാളനോടു വിവരിക്കുന്നു. ഈ കുട്ടിയുടെ ഭൂതകാലം ഇത്രയും പരത്തി പറയേണ്ടതില്ലായിരുന്നു. ചിത്രത്തിന്റെ ആക്ഷേപഹാസ്യസ്വഭാവത്തിന് ചെറുതല്ലാത്ത പോറലേല്‍പ്പിക്കുന്നുണ്ട് ആ ദൃശ്യങ്ങളും പ്രാഞ്ചി ഓടിക്കുന്ന കാറിലിരുന്നുകൊണ്ടുള്ള കുട്ടിയുടെ നിലയ്ക്കാത്ത കരച്ചിലുമൊക്കെ. കുട്ടിയുടെ അച്ഛനായി വരുന്ന ബിജു മേനോന്റെ കഥാപാത്രത്തിന്റെ തന്നെ ആവശ്യമില്ലായിരുന്നു. ലക്ഷണമൊത്ത ഒരു കണ്ണീര്‍ച്ചിത്രമോ സെന്റിമെന്റല്‍ മെലോഡ്രാമയോ അല്ല, തികഞ്ഞ ഒരു സറ്റയര്‍ ആണ് താന്‍ എടുക്കുന്നതെന്ന് ഈ സീക്വന്‍സുകളില്‍ രഞ്ജിത്ത് മറന്നുപോയതുപോലെ തോന്നി. രണ്ടാംപകുതിയില്‍ എവിടെയൊക്കെയോ ചിത്രത്തിന്റെ ഒഴുക്കു നിലയ്ക്കുന്നുണ്ട്. ഒന്നുകൂടി എഡിറ്റ് ചെയ്യാമായിരുന്നു തിരക്കഥ എന്നു തോന്നിപ്പിക്കുന്ന രംഗങ്ങള്‍. പ്രാഞ്ചി തന്റെ ബാല്യവും ഈ കുട്ടിയുടെ ബാല്യവും തമ്മില്‍ എന്തൊക്കെയോ ചില സാമ്യതകള്‍ കണ്ട് അവനെ സ്നേഹിക്കുകയാണെന്നൊക്കെ നമ്മെ തെറ്റിദ്ധരിപ്പിക്കുന്നിടത്തുനിന്നും പ്രമേയം വേറെ ഒരു വഴിയിലേക്കു തിരിയുന്നു. പ്രമേയപരമായ ഏകാഗ്രത നഷ്ടപ്പെട്ട് കഥ എവിടേക്കൊക്കെയോ പോവുന്നു എന്നു വിചാരിച്ചിരിക്കുമ്പോള്‍ വീണ്ടും ഇതിവൃത്തത്തിന്റെ ഗാത്രത്തിലേക്ക് അത് തിരിച്ചുവരുന്നു. കുട്ടി തന്നെ ഏകാഗ്രത ശീലിപ്പിക്കുന്ന ട്യൂഷന്‍ മാഷെക്കൊണ്ട് ഒരേ സമയം കാലു കറക്കി കൈ കൊണ്ട് ആറ് എന്നെഴുതിക്കുന്നുണ്ട്. അവിടെയും തന്റെ പരാജയത്തെപ്പറ്റി പ്രാഞ്ചി സങ്കടം പറയുമ്പോള്‍ പുണ്യാളന്‍ വായുവിലേക്ക് കാലുയര്‍ത്തി കറക്കിക്കൊണ്ട് കൈ കൊണ്ട് ആറ് എന്നെഴുതുന്ന രംഗം സമീപകാല മലയാള സിനിമ കണ്ട ഏറ്റവും മികച്ച ദൃശ്യങ്ങളിലൊന്നാണ്. ആ ഒരൊറ്റ ദൃശ്യത്തില്‍ ഈ സിനിമ The Posthumous Memoirs എന്ന ക്ലാസിക് ദൃശ്യശില്‍പത്തിന് ഒപ്പമെത്തുന്നു. ആഴമേറിയ നര്‍മത്തിന്റെ നാനാര്‍ഥങ്ങള്‍ നിറഞ്ഞ ആ ദൃശ്യം ചിത്രത്തെ സവിശേഷമായ ഒരു സംവേദനതലത്തിലേക്ക് ഉയര്‍ത്തുന്നുണ്ട്.
എല്ലാ കാര്യങ്ങളിലും പരാജയപ്പെട്ട് ഇനി ഇതിലെങ്കിലും ഞാന്‍ വിജയിക്കുമോ എന്ന് പ്രാഞ്ചി ചോദിക്കുമ്പോള്‍ പുണ്യാളന്‍ മൂന്നു ദൃശ്യങ്ങള്‍ കാട്ടിക്കൊടുക്കുന്നു. വിജയിച്ചു എന്നു നീ കരുതുന്നവരെല്ലാം വാസ്തവത്തില്‍ വിജയിച്ചവരാണോ, നഷ്ടപ്പെട്ടു എന്നു നീ കരുതുന്നതെല്ലാം വാസ്തവത്തില്‍ നിനക്ക് നഷ്ടപ്പെട്ടിട്ടുണ്ടോ എന്നൊക്കെ ചോദിച്ചുകൊണ്ടാണ് പുണ്യാളന്‍ ഈ ദൃശ്യങ്ങള്‍ കാട്ടിക്കൊടുക്കുന്നത്. സിനിമയുടെ പാതിവഴിയില്‍ സംവിധായകന്‍ ഇട്ടേച്ചുപോയി എന്നു നാം കരുതിയ കഥാപാത്രങ്ങളുടെ അവസ്ഥകള്‍ ആ ദൃശ്യങ്ങളിലൂടെ അദ്ദേഹം കാട്ടിത്തരുന്നു. പതിവു മലയാളസിനിമയുടെ ശില്‍പരൂപത്തില്‍നിന്നും ചിലതൊക്കെ ബോധപുര്‍വം വെട്ടിമാറ്റാനും ഇങ്ങനെ ചിലത് കൂട്ടിച്ചേര്‍ക്കാനുമുള്ള ശ്രമങ്ങള്‍ ശ്ലാഘനീയം തന്നെ.
'തൂവാനത്തുമ്പികള്‍' എന്ന പത്മരാജന്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ തൃശൂരിന്റെ പ്രാദേശികഭാഷാഭേദം രസകരമായി അവതരിപ്പിച്ചിരുന്നു. ''യേശുക്രിസ്തൂനെ റോട്ടിന്മേല്‍ കണ്ടാലും യേശൂട്ടാ എന്നു വിളിക്കണ ടീമാ'' എന്ന് തൃശൂര്‍ക്കാരെ തന്നെ കളിയാക്കിക്കൊണ്ട് മമ്മൂട്ടി ഈ ചിത്രത്തില്‍ ആ ഭാഷയും പരീക്ഷിക്കുന്നു. മലബാര്‍ മുസ്ലിമിന്റെയും തിരുവിതാംകൂര്‍ കൃസ്ത്യാനിയുടെയും വള്ളുവനാടന്‍ ഹിന്ദുവിന്റെയും തിരുവനന്തപുരത്തുകാരന്റെയും മലയാളം പഠിച്ച കന്നടക്കാരന്റെയും ഭാഷാഭേദങ്ങള്‍ക്കു ശേഷം മറ്റൊരു ദേശത്തിന്റെ വാമൊഴിവഴക്കങ്ങള്‍ കൂടി.
ഓസ്കര്‍ കിട്ടിയ ഗഫൂര്‍ ചേക്കുട്ടി, പ്രഭാഷണകലയിലെ അന്തിമവാക്കായ പ്രഭാകരന്‍ അന്തിക്കോട് തുടങ്ങിയ കാര്‍ട്ടൂണ്‍ സ്വഭാവമുള്ള പരാമര്‍ശങ്ങള്‍, പത്മപുരസ്കാരങ്ങള്‍ ഗാന്ധിയന്മാര്‍ക്കും കഥകളിനടന്മാര്‍ക്കും വീതിച്ചുനല്‍കുന്ന പതിവിനെ കളിയാക്കുന്ന വിധമുള്ള ടി.വി വാര്‍ത്ത, അനുഗ്രഹമായാലും വെറുതെ കിട്ടിയാല്‍ നല്ലതെന്നു വിചാരിക്കുന്നവരല്ലേ നിങ്ങള്‍ മലയാളികള്‍ എന്ന പുണ്യാളന്റെ വിമര്‍ശനം തുടങ്ങി ആക്ഷേപഹാസ്യത്തിന്റെ സ്പര്‍ശമുള്ള ദൃശ്യശകലങ്ങള്‍ ചിത്രത്തില്‍ ഏറെയുണ്ട്.
രഞ്ജിത്തിനെപ്പോലെ മുഖ്യധാരാ സിനിമയില്‍ കൃത്യമായ മേല്‍വിലാസമുള്ള ഒരു സംവിധായകനു മാത്രമേ ഇത്തരം പരീക്ഷണങ്ങള്‍ ഇന്നത്തെ അവസ്ഥയില്‍ സാധ്യമാവുകയുള്ളൂ. ഇങ്ങനെയൊരു പരീക്ഷണസംരംഭം നടത്താന്‍ അസാമാന്യമായ ധൈര്യം ആവശ്യമാണ്. ശില്‍പഭദ്രതയിലും ദൃശ്യപരിചരണത്തിലും എന്തൊക്കെ പാളിച്ചകളുണ്ടെങ്കിലും വേറിട്ട വഴിയില്‍ സഞ്ചരിക്കാനുള്ള രഞ്ജിത്തിന്റെ ആര്‍ജവം പ്രോല്‍സാഹിപ്പിക്കപ്പെടുക തന്നെ വേണം.

33 comments:

Sindhu Jose said...

Haven't watched the movie yet. But THIS REVIEW SEEMS FAR BETTER THAN MOST OTHERS. And the only one which encouraged me to watch the movie. Thank You.

Kiranz..!! said...

രഞ്ജിത്ത് ബുദ്ധിയുള്ള സംവിധായകൻ തന്നെ.അതിഭാവുകത്വത്തിന്റെ ഒരു പുളിയുള്ള പ്ലാറ്റ്ഫോറം ഉണ്ടാക്കിവച്ചിട്ട് റിയാലിറ്റിയുടെ അംശം മണക്കുന്ന ഇത്തരം കഥകളും പരീക്ഷണങ്ങളുമായി വന്ന് ഞെട്ടിക്കാനേ :)

ദരിദ്രനായി ചുമ്മാതെ ഈ വഴിയൊന്ന് വന്നു നോക്കിയതാ.വായിച്ചു കഴിഞ്ഞ് പുള്ളിക്കളസമൊക്കെയിട്ട് ആഘോഷമായിതിരികെപ്പോവുന്നു :)

Haree said...

ഓഫ്: പോസ്റ്റ് ഫീഡുകള്‍ ഫുള്‍ എന്നതില്‍ നിന്നും ഷോര്‍ട്ട് ആക്കുന്നതാവും നന്ന്. ബസ്സിലും മറ്റും ഷെയര്‍ ചെയ്യുമ്പോള്‍ പോസ്റ്റ് പൂര്‍ണരൂപത്തില്‍ ചേര്‍ക്കപ്പെടുന്നത് ഒഴിവാക്കുവാന്‍ അത് സഹായിക്കും. Check [Dashboard > Settings > Site Feed > Blog Posts Feed]
(അങ്ങിനെ വരുമെന്ന് അറിയാം, അതില്‍ കുഴപ്പമില്ലെങ്കില്‍ / അതങ്ങിനെ വേണം എന്നാണെങ്കില്‍ ഈ പറഞ്ഞത് മറന്നേക്കൂ...)
--

sijo george said...

“തിരക്കഥ'ക്കും ':കേരള കഫേ'ക്കും 'പാലേരി മാണിക്യ'ത്തിനും മുമ്പുള്ള രഞ്ജിത്ത് മലയാളസിനിമക്കു ചെയ്തുകൂട്ടിയ ദ്രോഹങ്ങളും ഉപദ്രവങ്ങളും ചില്ലറയല്ല. മലയാളിപ്രേക്ഷകന്റെ സംവേദനശീലത്തില്‍ നഞ്ചുകലക്കിയ അയാളെ നമുക്ക് ചലച്ചിത്രചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് നിഷ്പ്രയാസം എഴുതിത്തള്ളാം.“

ഈ പറഞ്ഞതിനോട് യോജിക്കുന്നില്ല. പ്രാഞ്ചിയേട്ടൻ മുടക്ക് മുതൽ തിരിച്ച് പിടിച്ചേക്കാം. പക്ഷേ, നല്ല പരീക്ഷണങ്ങളായിരുന്ന കേരളകഫേയും, പലേരിമാണിക്യവുമൊക്കെ സാമ്പത്തികമായി ലാഭമൊന്നുമുണ്ടാക്കിയിട്ടില്ല. മലയാളി പ്രേക്ഷകരെ മാത്രം ലക്ഷ്യമിട്ടുകൊണ്ടാണ് മലയാള സിനിമകൾ നിർമ്മിക്കുന്നത്. കോടികൾ മറിയുന്ന ഒരു ബിസിനസ്സ് കൂടിയാണ് സിനിമ. കേരള കഫേ'യും, പലേരിമാണിക്യവുമൊക്കെ ചെയ്യാൻ രഞ്ജിതിനു ആത്മവിശ്വാസവും, മൂലധനവുമൊക്കെ വന്നത് ‘പെരുവണ്ണാപുരത്തെ വിശേഷങ്ങൾ തുടങ്ങി, ദേവാസുരവും, ആറാംതമ്പുരാനും, നരസിംഹവുമുൾപ്പടെയുള്ള കൊമേർഷ്യൽ സിനിമകളിലൂടെയാണ്. പക്ഷേ, ആ കാലഘട്ടത്തിലും, കുറേയൊക്കെ വ്യത്യസ്തതക്ക് രഞ്ജിത് ശ്രമിച്ചിട്ടുമുണ്ട്. മായമയൂരം,നന്ദനം, സമ്മർ ഇൻ ബത്ലഹേം, മിഴി രണ്ടിലും, അമ്മക്കിളിക്കൂട്..(രഞ്ജിതിന്റെ തിരക്കഥകൾ). പിന്നെ ആറാം തമ്പുരാന് ശേഷവും മോഹൻലാലിനെ മീശപിരിപ്പിക്കാൻ പോയത് മലയാളിപ്രേക്ഷകന്റെ സംവേദനശീലത്തില്‍ നഞ്ചുകലക്കി എന്ന് വേണമെങ്കിൽ പറയാം.

Irshad said...

നല്ല സത്യമുള്ള വിവരണം. മനോഹരമായ എഴുത്തു.

പടം കണ്ടു. കഥയില്ലായ്മകള്‍കൊണ്ടൊരു കഥ വളരെ ഇഷ്ടമായി.

റോഷ്|RosH said...

-പുതിയ രഞ്ജിത്തിന്റെ ('തിരക്കഥ'ക്കും ':കേരള കഫേ'ക്കും 'പാലേരി മാണിക്യ'ത്തിനും മുമ്പുള്ള രഞ്ജിത്ത് മലയാളസിനിമക്കു ചെയ്തുകൂട്ടിയ ദ്രോഹങ്ങളും ഉപദ്രവങ്ങളും ചില്ലറയല്ല. മലയാളിപ്രേക്ഷകന്റെ സംവേദനശീലത്തില്‍ നഞ്ചുകലക്കിയ അയാളെ നമുക്ക് ചലച്ചിത്രചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് -നിഷ്പ്രയാസം എഴുതിത്തള്ളാം)---

കയ്യൊപ്പ് കൂടി ആ ലിസ്റ്റിലേക്ക് ചേര്‍ക്കാന്‍ അപേക്ഷ.
പിന്നെ, രഞ്ജിത്ത് ചെയ്തുകൂട്ടിയ ദ്രോഹങ്ങളൊക്കെ നില നില്‍പ്പിന് വേണ്ടിയുള്ള കോംപ്രമൈസുകള്‍ ആയിരുന്നു എന്ന് വിശ്വസിക്കാനാണ്എനിക്കിഷ്ടം. :)

Rare Rose said...

റിവ്യൂ മനോഹരം..ഉള്ളിലേക്കിറങ്ങിച്ചെന്നത്..

എം.ആര്‍.വിബിന്‍ said...

പുണ്യാളന്‍ വായുവില്‍ 6 എന്നെഴുതുന്ന ഒരു ലോ റേഞ്ച് ഷോട്ട് ഇപ്പോഴും മായാതെ നില്‍ക്കുന്നു...
സന്തോഷമുള്ള മറ്റൊരു കാര്യം, ഇത്രയും നാളുകള്‍ സിനിമാക്കാര്‍ പൊലിപ്പിച്ചു നശിപ്പിച്ച തൃശൂര്‍ ഭാഷ അതിന്റെ യഥാര്‍ത്ഥ തനിമയില്‍ പ്രാഞ്ചിയെട്ടനില്‍ ആസ്വദിച്ചു എന്നതാണ്.
പ്രത്യേകിച്ചും തൃശൂര്‍ നസ്രാണികളുടെ ഭാഷ.സിനിമ കണ്ടു കൊണ്ടിരുന്നപ്പോള്‍ എന്നെ പോലുള്ള തൃശൂര്‍കാര്‍ ദിനവും കാണുന്ന കുറെ പ്രാഞ്ചിയെട്ടന്മാരെ ഓര്മ വന്നു. ഫിലിം കഴിഞ്ഞിറങ്ങുമ്പോള്‍ മമ്മൂടി തൃശൂര്‍കാരന്‍ തന്നെയെന്നു മനസ്സില്‍ ഉറപ്പികാതെ തരമില്ലായിരുന്നു.സംഭാഷണത്തില്‍ അത്രെയും തന്മയത്വം കൊണ്ടു വരാന്‍ മമ്മൂട്ടിക്ക് കഴിഞ്ഞിട്ടുണ്ട് . കൂടുതല്‍ തൃശൂര്‍ അഭിനെതകളെ കാസ്റ്റ് ചെയ്തതും രഞ്ജിത്തിന്റെ മറ്റൊരു ബുദ്ധി...
പുണ്യാളന്റെ ശബ്ദത്തിലൂടെ രഞ്ജിത്തും മികച്ച പ്രകടനം തന്നെ കാഴ്ച വച്ചു.

Shameer Hameedali said...

സസ്പെന്‍സ് ത്രെഡ് ഉണ്ടെന്നു മുന്‍ കൂട്ടി പറഞ്ഞത് നന്നായി.. അവിടെ സ്കിപ് ചെയ്തു.. സിനിമ കാണാന്‍ ഇരിക്കുന്നതെ ഉള്ളൂ.. കണ്ടതിനു ശേഷം ബാക്കി.. എന്നാലും രഞ്ജിത്തിനെ ഇങ്ങനെ കൊല വിളിക്കേണ്ടിയിരുന്നില്ല..

Ragesh Dipu said...

വഴി മാറി നടത്തങ്ങള്‍ കൈതട്ടി പ്രോല്‍ത്സാഹിപ്പിക്കപെടനം... സംശയമില്ല... പക്ഷെ എന്തിനാണ് പ്രാന്ജിയേട്ടന്റെ തലയ്ക്കു ചുറ്റും ആ aura എന്ന് മനസിലായില്ല!

vmgirija said...

എനിക്ക് സജീഷിന്റെ നിരൂപണം ഹൃദ്യമായി തൊന്നുന്നു. ചില ചില പൊരുത്തക്കേടുകൾ മാറ്റി വെച്ചാൽ ഈ ചിത്രം ഒരു തെളിഞ്ഞ അനുഭവം.തിയറ്ററിനു പൊറത്ത് കടക്കുമ്പോ നമുക്ക് ഒരു നല്ല സിനിമ കണ്ട ആശ്വാസം.

Unknown said...

ആസ്വദിച്ചു വായിക്കാനൊത്ത ഒരു വിവരണം.
ഒരു സംശയം: “ശ്...ശ്...സയലന്‍സ് പ്ലീസ് ” ആരുടെ സിനിമയാണ്. ആദ്യമായി കേട്ടതുകൊണ്ട് ചോദിക്കുന്നതാ!

റോഷ്|RosH said...

@ രാകേഷ്‌, സൈലന്‍സ് പ്ലീസ്‌ ഹക്കീമിന്റെ ആണെന്ന് തോന്നുന്നു.

Sijith said...

Silence Please..Priyanandan te alle. Nice review.
I am waiting for the Bangalore release.

N P Sajeesh said...

'സയലന്‍സ് പ്ലീസ്' എന്ന ചിത്രം സംവിധാനം ചെയ്തത് കെ.പി. ശശിയാണ്. പല്ലവി ജോഷിയെ നായികയാക്കി പണ്ട് 'ഇലയും മുള്ളും' എന്ന പെണ്‍പക്ഷസിനിമ സംവിധാനം ചെയ്ത ശശി തന്നെ. പ്രിയനന്ദനന്‍ ആയിരുന്നു നായകന്‍. തിയറ്ററില്‍ കാര്യമായി ഓടിയിട്ടില്ല. അതുകൊണ്ടാണ് രാകേഷ് കേള്‍ക്കാതെ പോയത്. സ്വാഭാവിക ശബ്ദങ്ങളും സംഭാഷണങ്ങള്‍ എന്ന് തോന്നിപ്പിക്കുന്ന അപശബ്ദങ്ങളുമാണ് ഈ ചിത്രത്തില്‍ മുഴങ്ങിക്കേള്‍ക്കുന്നത്. കഥാപാത്രങ്ങള്‍ തമ്മില്‍ പ്രാകൃതമെന്ന് തോന്നിപ്പിക്കുന്ന ഭാഷ സംസാരിക്കുന്നു. ഒരു പത്രപ്രവര്‍ത്തകനിലൂടെ മധ്യവര്‍ഗ മലയാളി ജീവിതത്തിലേക്കും അയാളുടെ സാമൂഹിക ഇടപെടലുകള്‍ വരുത്തിവെക്കുന്ന പ്രശ്നസങ്കീര്‍ണതകളിലേക്കും കണ്ണയക്കുകയാണ് ശശി ഈ ചിത്രത്തില്‍.

akhilesh said...

മലയാളത്തിലെ സാമാന്യത്തെക്കാളും നല്ല ചിത്രം. ആദ്യ പകുതിയിലെ കഥയില്ലായ്മയും സറ്റയറും ഒട്ടുമുക്കാലും ഇഷ്ടപ്പെട്ടു. മമ്മൂട്ടിയുടെ അഭിനയം ഒന്നാന്തരം. സജീഷിന്റെ എഴുത്തും വളരെ നന്നായി. പ്രത്യേകിച്ച്, ഓരോ ചിത്രത്തിന്റെയും പ്രാധാന്യം മലയാള സിനിമയുടെ larger picture ന്റെ പശ്ചാത്തലത്തില്‍ കാണാനുള്ള ശ്രമം നന്നായി തോന്നി. പക്ഷെ, ചിത്രത്തിനുള്ളതിലും ഗുണം കല്പിക്കാന്‍ ഒരു ചെറിയ താത്പര്യമുള്ളതായി ലേഖനത്തില്‍ തോന്നുന്നതിനാല്‍ സജീഷ് എടുത്തു പറഞ്ഞ ചില കാര്യങ്ങളോടുള്ള വിയോജിപ്പു പങ്കുവയ്ക്കുന്നു. (വിമര്‍ശനമല്ല. നീളം കാരണം സജീഷ് മാത്രമേ വായിക്കുള്ളൂ എന്നും പ്രതീക്ഷ)

-----Spoilers ----

"കപടലോകത്തില്‍ ആത്മാര്‍ഥമായ ഒരു ഹൃദയമുള്ളതുകൊണ്ട് പരാജയപ്പെടുന്ന പ്രാഞ്ചിയേട്ടന്റെ കഥ...." ഇത് ശരിയാണോ? ഇങ്ങനെയൊരു മാനം ചിത്രത്തിനുണ്ടോ? പത്മശ്രീ വിലയ്ക്ക് വാങ്ങാന്‍ ശ്രമിച്ചു ഇളിഭ്യനായി ഇരിക്കുന്നത് ആത്മാര്‍ഥത കൂടിയിട്ടാണോ? ബുദ്ധിശൂന്യതയെ ആത്മാര്‍ത്ഥതയായി തെറ്റിദ്ധരിക്കണോ (മറ്റാരെയും ഉപദ്രവിക്കാനും ശ്രമിക്കുന്നില്ല എന്ന 'സ്വഭാവഗുണ'വുമുണ്ട്.)? പ്രാഞ്ചിയേട്ടന്റെ ആത്മാര്‍ഥതയുടെ തന്നെ സറ്റയര്‍ അല്ലെ ചരിത്രകാരന്‍ മൂന്നു കാരണങ്ങള്‍ ഉണ്ടാക്കുമ്പോള്‍ മൂന്നു കഥാപാത്രങ്ങളുടെ അനുഭവം കാണിക്കുന്നത്? കാപട്യമില്ലാത്തത് കൊണ്ടാണോ പേര് വരാന്‍ വേണ്ടി മാത്രം എപ്പോഴും അങ്ങോട്ട്‌ ചെന്ന് ഡോണേഷിക്കുന്നത് ?

സറ്റയര്‍ ആദ്യമൊക്കെ നന്നായിരുന്നു. പക്ഷെ, പിന്നീടങ്ങോട്ടുള്ള ചിത്രത്തിന്റെ പോക്ക് കണ്ടപ്പോള്‍ പന്തികേട്‌ തോന്നി. രണ്ടു പതിറ്റാണ്ടായി സിനിമയിലുള്ളതും, ലോകസിനിമയിലെ സങ്കേതങ്ങള്‍ കണ്ടു ശീലിച്ചയാളുമാണല്ലോ രഞ്ജിത്ത്. എന്നിട്ടും രണ്ടാം പകുതി ഉപയോഗിച്ച് ചിത്രം ചളം ആക്കിയപ്പോള്‍, സറ്റയര്‍ ഒരു സങ്കേതമായി commitmentഓടു കൂടിതന്നെയായിരുന്നോ ഉപയോഗിച്ചത് അതോ ചില കോമഡിഷോകളിലെ മട്ടു സ്കിറ്റുകള്‍ തുന്നി ചേര്‍ത്തതാണോ എന്ന് സംശയം. (രഞ്ജിത്ത് മറ്റു ബോക്സ്‌ ഓഫീസ് സംവിധായകരില്‍ നിന്നും ഒരു പടി മേലെയായത് കൊണ്ട് മാത്രമാണ് സംശയത്തിന് പ്രസക്തി)

കയ്യും കാലും കറക്കുന്ന രംഗം സാമാന്യം ചളമായാണ് തോന്നിയത്. കയ്യും കാലും വിഭിന്ന ദിശയില്‍ കറക്കാന്‍ പറഞ്ഞ് പയ്യന്‍ സ്മാര്‍ട്ട് ആകാന്‍ നോക്കുന്നു. (അഞ്ചാറു കൊല്ലം മുന്‍പ് ഇമെയിലിലും എസ് എം എസിലും ഹിറ്റായിരുന്ന ഒരു റിഡില്‍ ആണിത്. ചാറ്റ് രോഗമുണ്ടായിരുന്ന കാലത്ത് ഞാനും ഇതുപയോഗിച്ച് ചില ചാറ്റര്‍മാരെ വട്ടു കളിപ്പിച്ചിട്ടുണ്ട്. ശൂന്യാകാശത്ത് പേനയ്ക്കു പകരം പെന്‍സില്‍ ഉപയോഗിച്ചാല്‍ പോരെ എന്ന് ചോദിച്ചു സ്മാര്‍ട്ട് ആകുന്ന പോലത്തെ ഒറിജിനാലിറ്റി ഇല്ലാത്ത ഒരു ട്രിക്ക്. rubik's cube, എത്രാമത്തെ മുഖ്യമന്ത്രി തുടങ്ങിയവയോട് ചേരും). പറക്കുന്നത് പോലെ മനുഷ്യന് അസാധ്യമായ ഒരു കാര്യം. അത് എല്ലാരും കൂടി ഒരുമിച്ചിരുന്നു ചെയ്യാന്‍ നോക്കുന്നതും എന്നിട്ട് പുണ്യാളനെക്കൊണ്ട് സംവിധായകന്‍ ചെയ്യിക്കുന്നതും ഉദാത്തമെന്നല്ല, കയ്യടിക്കു വേണ്ടിയുള്ള അല്പത്തമായിട്ടാണ് തോന്നിയത് . കാരണമുണ്ട്. പ്രാഞ്ചിയേട്ടനെ ചിത്രീകരിച്ചിരിക്കുന്നത് ഇങ്ങനെയാണ് : ധനികനെങ്കിലും ഒരു ക്ലാസി gentleman എന്ന അംഗീകാരമില്ലാത്ത, അത് നേടിയെടുക്കാന്‍ എന്തും ചെയ്യാന്‍ തയ്യാറായ ഒരു likable കക്ഷി‍. ഇതില്‍ ഫോക്കസ് ചെയ്തു ചിത്രീകരിച്ചത് കൊണ്ടാണ് ഒന്നാം പകുതിയിലെ പലതും നല്ല സറ്റയര്‍ ആയതും ആസ്വാദ്യമായതും. പക്ഷെ, ചിത്രം പിന്നീടങ്ങോട്ട് പോകുന്തോറും ഫോക്കസ് നഷ്ടപ്പെടുകയും പ്രാഞ്ചിയെട്ടന്റെ ചുമലില്‍ എന്ത് ഹാസ്യവും കെട്ടിവെയ്ക്കാമെന്ന നിലയാവുകയും ചെയ്യുന്നു. അതിന്റെ ഫലമാണീ കറക്കലും. (ഇതൊക്കെ എങ്ങനെയാണ് പ്രാഞ്ചിയുടെ പരാജയത്തിന്റെ പ്രതീകമാകുന്നത്?) പ്രാഞ്ചിയേട്ടനും കൂട്ടരും പുണ്യാളനും ആര്‍ക്കാണ് ഏറ്റവും ദൂരം തുപ്പാന്‍ കഴിയുക എന്ന് നോക്കുന്ന പോലൊരു സംഗതി മാത്രം. (തുപ്പിക്കളി സായിപ്പിന് പുതുമയുള്ളതായത് കൊണ്ട് പുണ്യാളന്‍ അതും ചെയ്തേനെ) ഏറ്റവും കുറഞ്ഞത്‌, പ്രാഞ്ചിയും കൂട്ടരും കറക്കം ചെയ്യുന്നത് കാണിക്കാതെ, പയ്യന്റെ കഥ കേട്ട് പുണ്യാളന്‍ രഹസ്യമായി അങ്ങനെ ചെയ്യാന്‍ നോക്കുന്നത് പശ്ചാത്തലത്തില്‍ subtle ആയി കാണിച്ചിരുന്നെങ്കില്‍ (ഇത്രയും ഉച്ചത്തില്‍ കാണിക്കാതെ), കുറച്ചു ഭംഗിയെങ്കിലുമുണ്ടാകുമായിരുന്നു. പുണ്യാളനെ trivialize ചെയ്തു എന്നുമാകും. കാണികളില്‍ പലര്‍ക്കും കറക്കം ട്രിക്ക് നേരത്തെ അറിവില്ലാത്തതുകൊണ്ടു ചിലവായി എന്ന് മാത്രം. മറ്റൊരു ചിത്രമായിരുന്നെങ്കില്‍ രംഗം ചിലപ്പോള്‍ താങ്കള്‍ പറയുന്ന പോലെ ഉദാത്തമായി ചേര്‍ന്നേനെ. മലയാളിയുടെ ഓസിനിട്ടുള്ള കുത്തുള്‍പ്പെടെ പലതും സന്ദര്‍ഭത്തിന് നിരക്കാത്ത കുത്തിത്തിരുകലായിട്ടാണ് തോന്നിയത്. 'ഇത് കയ്യടിക്കു വേണ്ടി' എന്നെഴുതി ഒട്ടിച്ച പോലൊരു പ്രതീതി.

akhilesh said...

അവസാനം എല്ലാരുടെയും ജയപരാജയങ്ങള്‍ പുണ്യാളന്‍ കാണിക്കുന്നതും ശരിയായി തോന്നിയില്ല. ജോസും ഭാര്യയും സ്വന്തം അഫയറുകളുമായി സന്തോഷപൂര്‍വ്വം കഴിയുന്നത്‌ അവരുടെ ഒരു പരാജയമായി പ്രാഞ്ചിക്കോ പ്രേക്ഷകനോ തോന്നില്ല. നമ്പ്യാര്‍ അറസ്സ്റ്റിലാകുന്നതും ആകാത്തതും പ്രാഞ്ചി മൈന്‍ഡ് ചെയ്യുന്ന കാര്യമാണെന്നും തോന്നുന്നില്ല. ഇതൊന്നും പേര് സമ്പാദിക്കാനുള്ള പ്രാഞ്ചിയുടെ ശ്രമങ്ങളെ നിരുല്സാഹപ്പെടുത്താന്‍ പോന്നതല്ല. ജീവിതത്തെ പറ്റി പ്രാഞ്ചിക്ക് അതിലൂടെ എന്തെങ്കിലും insight കിട്ടുമോന്നും സംശയമാണ്. കുട്ടികളെ morals പഠിപ്പിക്കുന്ന പോലായിപ്പോയി.

പോളിയുടെ ഭൂതകാലത്തെയും അച്ഛനെ കാണിക്കുന്നതിനെയും മറ്റും പറ്റി പറഞ്ഞതിനോട് യോജിക്കുന്നു.

Rajmohan said...

കേരളത്തിലെ റിലീസിനു വളരെ മുമ്പ് ബാംഗ്ലൂരിൽ കെ.പി.ശശി തന്റെ സയലൻസിന്റെ പ്രിവ്യൂ ഷോ (ഏതോ ഒരു NGOയുടെ ഫണ്ട് ശേഖരണത്തിന്‌) നടത്തിയിരുന്നു. ഈ ചിത്രം വളരെ ദുർബലമായ, ആഴം കുറഞ്ഞ സാമൂഹ്യ വിമർശനമായാണ്‌ എനിക്ക് തോന്നിയത്. സജീഷ് ഈ ചിത്രത്തിനേക്കുറിച്ച് എഴുതി കണ്ടപ്പോൾ ഞാൻ കണ്ട സയലൻസ് തന്നെയോ ഇത് എന്ന് അത്ഭുതപ്പെട്ടു പോയി.

N P Sajeesh said...

ശരിയാണ് രാജ്മോഹന്‍. 'സയലന്‍സ് പ്ലീസ്...' ദുര്‍ബലമായ ആഴം കുറഞ്ഞ സാമൂഹിക വിമര്‍ശനമായി തന്നെയാണ് എനിക്കും തോന്നിയത്. അത് അന്ന് ഞാന്‍ എഴുതിയിട്ടുമുണ്ട്. എന്റെ പുസ്തകത്തില്‍ അസംബന്ധസിനിമയുടെ വ്യാകരണം' എന്ന ലേഖനത്തില്‍ അത് കാണാം. ആക്ഷേപഹാസ്യത്തിലൂന്നിയ പ്രമേയപരിചരണത്തിന്റെ സാധ്യതകള്‍ അന്വേഷിക്കാനുള്ള ശ്രമം എന്ന നിലയില്‍ പ്രസക്തമായിരുന്നു ആ സിനിമ. എന്നാല്‍ രചനാത്മകമായി അതു ചെയ്യുന്നതില്‍ സംവിധായകന്‍ പരാജയപ്പെടുകയായിരുന്നു.
കലാപത്തീയെരിയുന്ന നഗരത്തിലൂടെ വര്‍ത്തമാനപത്രം വായിച്ച് നിസ്സംഗനായി നടന്നുപോകുന്ന യാത്രക്കാരന്‍; ജനസംഖ്യാനിയന്ത്രണത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സെമിനാറില്‍ ഇന്ത്യന്‍ പരമ്പരക്കൊലയാളി പങ്കെടുക്കുന്നതായുള്ള പത്രവാര്‍ത്ത; സ്കൂളില്‍ ജാറുകളില്‍ നിറച്ചുവെച്ച കെമിസ്ട്രി, ഫിസിക്സ് തുടങ്ങിയ ലായനികള്‍ കുട്ടികളുടെ വായിലേക്ക് ഒഴിച്ചുകൊടുക്കുന്ന അധ്യാപകന്‍; മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഓഫീസില്‍ 'പുകവലിക്കരുത്' എന്ന ബോര്‍ഡിനു കീഴില്‍ ഇരുന്ന് പുകവലിക്കുന്ന ഓഫീസര്‍, ഉപഭോഗസംസ്കാരത്തിന്റെ നീര്‍ച്ചുഴിയില്‍ അകപ്പെട്ട കഥാപാത്രത്തെ 'കണ്‍സ്യൂമര്‍ മാനിയ വാര്‍ഡി'ല്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തി ആഡംബര വസ്തുക്കള്‍ പുറത്തെടുക്കുന്നത് തുടങ്ങിയ ഉപരിപ്ലവമായ, ആഴമില്ലാത്ത ദൃശ്യങ്ങളായിരുന്നു ആ സിനിമയില്‍. സ്കൂള്‍ നാടകങ്ങളിലും ടാബ്ലോകളിലും മൂന്നാംകിട അമേച്വര്‍ നാടകങ്ങളിലും കണ്ടുമറന്നതുപോലുള്ള രംഗങ്ങള്‍.
ആ ചിത്രം ഇവിടെ പരാമര്‍ശിച്ചത് ആക്ഷേപഹാസ്യത്തിന്റെയും അസംബന്ധ ആഖ്യാനത്തിന്റെയും സാധ്യതകള്‍ തേടാന്‍ ശ്രമിച്ച അപൂര്‍വം ചില സിനിമകളില്‍ ഒന്ന് എന്ന അര്‍ഥത്തിലാണ്.

N P Sajeesh said...

പ്രിയപ്പെട്ട അഖിലേഷ്, ചിത്രത്തെ സൂക്ഷ്മമായി വിലയിരുത്തുകയും സാമാന്യം ദീര്‍ഘമായ ഒരു കമന്റ് ഇടുകയും ചെയ്തതിലെ നന്ദി ആദ്യം തന്നെ അറിയിക്കട്ടെ.
ആത്മാര്‍ഥമായ ഹൃദയമുള്ള ആള്‍ എന്നു പറഞ്ഞത് പ്രാഞ്ചിയേട്ടന്‍ എന്ന പാത്രസൃഷ്ടിയുടെ സവിശേഷതകള്‍ കണ്ടതുകൊണ്ടാണ്. അയാള്‍ ക്രൂരനോ ഒറ്റുകാരനോ കപടനാട്യക്കാരനോ അല്ല. ചില സാഹചര്യങ്ങളില്‍ പെട്ട് തെറ്റോ ശരിയോ എന്നു നിശ്ചയമില്ലാത്ത എന്തൊക്കെയോ ചെയ്തുകൂട്ടുന്ന ഒരു ശുദ്ധന്‍. ഒരു പേരുണ്ടാക്കാന്‍ പത്മശ്രീ നേടാന്‍ ശ്രമിക്കുന്നതൊക്കെ അതിന്റെ ഭാഗം തന്നെ. കാശുള്ളവന്‍ ഡൊണേഷിക്കണം എന്ന അലിഖിതമായ ഒരു നിയമവും കീഴ്വഴക്കവും പുലര്‍ന്നുപോരുന്ന നാട്ടില്‍ പ്രാഞ്ചി അതിനനുസരിച്ചു നില്‍ക്കുന്നു. പേരു വരാന്‍ വേണ്ടി അയാള്‍ ചെയ്തുകൂട്ടുന്ന പല കാര്യങ്ങളിലൊന്ന്. ചില നാട്ടുനടപ്പുകളെയും അതിനനുസരിച്ച് നീങ്ങുന്ന ചില ശുദ്ധഗതിക്കാരെയും നാം കാണാറില്ലേ?
പിന്നെ ഇ^മെയില്‍, എസ്.എം.എസ് ഹിറ്റായ ആ റിഡില്‍. rubik's cube എത്രാമത്തെ മുഖ്യമന്ത്രി എന്നതിന്റെ ഇംഗ്ലീഷ് -ഇതൊക്കെ അഖിലേഷിനെപ്പോലെ പല പ്രേക്ഷകരും നേരത്തെ അറിഞ്ഞവ തന്നെയാണ്. അതൊന്നുമല്ലല്ലോ ചിത്രത്തിലെ ആ ഖണ്ഡത്തിന്റെ ഊന്നല്‍. ആ കുട്ടി പ്രാഞ്ചിയില്‍ ഒരു പുണ്യാളനെ കണ്ടെത്തുന്നതിലേക്കു നയിക്കുന്ന സ്വാഭാവികമായ സാഹചര്യങ്ങളല്ലേ?
ജീവിതത്തില്‍ പല ഘട്ടങ്ങളിലും വന്ന പരാജയങ്ങളാണല്ലോ പ്രാഞ്ചി പുണ്യാളനോടു പറയുന്നത്. അതുകൊണ്ടാണ് പ്രാഞ്ചിയുടെ പരാജയങ്ങള്‍ എന്നു സൂചിപ്പിച്ചത്. ആപേക്ഷികമാണ് ആ തോല്‍വികള്‍.

akhilesh said...

വിശദീകരണത്തിന് നന്ദി.

പ്രാഞ്ചിയേട്ടന്‍ ശുദ്ധനാണ്. പക്ഷെ, തനിക്കു വേണ്ടതെല്ലാം കാശുകൊടുത്തും മറ്റും നേടാന്‍ നോക്കി അബദ്ധം പറ്റുന്ന ശുദ്ധഗുണം ആത്മാര്‍ഥതയല്ല, നിഷ്കളങ്കമായ ബുദ്ധിശൂന്യതയാണ്. ധനികനായ ശുദ്ധന്റെ അബദ്ധങ്ങള്‍ കാണാന്‍ രസമുണ്ടാകുമെന്നതിനാല്‍ ശുദ്ധനായി അവതരിപ്പിക്കപ്പെട്ടു എന്നാണു തോന്നിയത്. അല്ലാതെ, ഇന്നത്തെ ലോകത്തിലെ ആത്മാര്‍ഥതയുടെ പരാജയം എന്ന പോലുള്ള പ്രമേയമൊന്നും ഉദ്ദേശിക്കുന്നതായി തോന്നുന്നില്ല. (കഥയുടെ സൌകര്യമനുസരിച്ച് ഈ ശുദ്ധത മൂന്നു നാല് ഔൺസ് കുറച്ചും ചിലയിടത്ത് കാണിക്കുന്നുണ്ട്.)

(rubik's cube, എത്രാമത്തെ മുഖ്യന്‍ എന്നിവ ഞാനടക്കം ചിലര്‍ക്ക് മാത്രം പരിചയമുള്ളതാണെന്നു വ്യംഗ്യമായിപ്പോലും പറഞ്ഞില്ല. എല്‍ പി സ്കൂള്‍ കുട്ടികള്‍ക്ക് പോലും പരിചയമുള്ളതാണിതൊക്കെ. പയ്യന്റെ മിടുക്ക് കാണിക്കാന്‍ ഇവ ഉപയോഗിക്കാന്‍ ഉദ്ദേശിച്ചതിലോ അവ ചിത്രീകരിച്ച രീതിയിലോ സ്വാഭാവികതയുണ്ടെന്നും തോന്നുന്നില്ല. പക്ഷെ, അതിവിടെ വിഷയമല്ല. ചിത്രത്തിന്റെ കുറവുകള്‍ ഗണിക്കുമ്പോള്‍ മാത്രമേ പ്രാധാന്യമുള്ളൂ.)

കയ്യും കാലും കറക്കുന്ന രംഗം ചിത്രത്തിലെ മികച്ച ഒന്നായി എടുത്തു പറഞ്ഞത് കൊണ്ട് മാത്രമാണ് അതിനെ പറ്റി വിയോജിപ്പ് പറഞ്ഞത്. ആ സീക്വന്‍സിനു മേന്മ ഉണ്ടെങ്കില്‍ (ഉണ്ടെന്നു തോന്നുന്നില്ല) അത് പോളിക്ക് പ്രാഞ്ചിയുടെ നന്മ മനസ്സിലാക്കാന്‍ ഉതകി എന്നതിലാണെന്നും വിശ്വസിക്കുന്നില്ല. പ്രാഞ്ചിയേട്ടന്റെ പരാജയങ്ങള്‍ ആപേക്ഷികമാണ്. പക്ഷെ, ഒരു സറ്റയര്‍ ആയി തുടങ്ങിയപ്പോള്‍ അദ്ദേഹത്തിന് വ്യക്തമായ ഒരു കാരികെച്ചര്‍ ഉണ്ടായിരുന്നു. അതിനാല്‍ ആസ്വാദ്യവുമായിരുന്നു. പക്ഷെ, തുടര്‍ന്നങ്ങോട്ട് ഈ ഫോക്കസ് നഷ്ടപ്പെട്ട്, (അതൊക്കെ കഥാകാരന്റെ ഇഷ്ടം) തന്റെ കയ്യിലുള്ള ചില ഹാസ്യ നമ്പരുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള ലോറിയായിട്ടാണ് 'പ്രാഞ്ചിയേട്ടന്റെ പരാജയങ്ങള്‍' രഞ്ജിത്ത് ഉപയോഗിക്കുന്നത് എന്ന ന്യായമായ തോന്നലുണ്ടാകും ഈ കറക്കം പോലുള്ള കുറെ സീനുകള്‍ കാണുമ്പോള്‍. (മറ്റൊരു ചിത്രത്തിലോ, ചിത്രത്തിലല്ലാതെ ഒരു standalone സീനായിട്ടോ ചിലപ്പോള്‍ ഇത് നന്നായേനെ.)

Pramod.KM said...

സിനിമ കാണണമെന്ന് തോന്നിക്കുന്ന നിരീക്ഷണം. സിനിമ കാണാത്തതിനാല്‍ വേറെയൊന്നും പറയാനില്ല.
അരിപ്രാഞ്ചി എന്ന പേരു കേട്ടപ്പോള്‍ ഓര്‍മ്മ വന്ന ഒരു തമാശ പറയട്ടെ. പണ്ടൊരാള്‍ വീടിനു ചുറ്റും പുന്നമരങ്ങള്‍ വെച്ചപ്പോള്‍ അയാള്‍ക്ക് പേര് വീണു. പുന്നന്‍ . ഈ പേരു മാറ്റാന്‍ വേണ്ടി അയാള്‍ പുന്ന മരങ്ങള്‍ നടുവേ മുറിച്ചു കളഞ്ഞു. അപ്പോള്‍ പേരു വീണു ‘അരപ്പുന്നന്‍ ‘.വീണ്ടും മുറിച്ച് കുറ്റിയവശേഷിച്ചപ്പോള്‍ ‘കുറ്റിപ്പുന്നന്‍ ‘.
സഹിക്കവയ്യാതെ മരങ്ങള്‍ പറിച്ചു കളഞ്ഞപ്പോള്‍ ..:)

സുസ്മേഷ് ചന്ത്രോത്ത് said...

നിരീക്ഷണം കൃത്യം.

ആര്‍. ശ്രീലതാ വര്‍മ്മ said...

സജീഷിന്റെ കണ്ടെത്തലുകള്‍ നേര്.പക്ഷെ എനിക്കുള്ള സംശയം മറ്റൊന്നാണ്.രഞ്ജിത്ത് അമാനുഷരെ കൂട്ട് പിടിക്കുന്നു എന്നത്..നന്ദനത്തില്‍ ഗുരുവയുരപ്പന്‍ ഇവിടെ പുണ്യാളന്‍ . ഇതിനു കാരണം എന്താകാം?പിന്നെ മറ്റൊന്നുള്ളത് ,പ്രാഞ്ചിയേട്ടന് പുണ്യാളന്‍ ഭാവി കാര്യങ്ങള്‍ പോലും വ്യ്ക്തമാക്കിക്കൊടുക്കുന്നു എന്നാ സൂചനയുള്ളപ്പോള്‍ കഴിഞ്ഞു പോയവ പറഞ്ഞു കൊടുക്കേണ്ടതുണ്ടോ?എല്ലാം അറിയുന്ന ആള്‍ പുണ്യാളന്‍ എന്ന സങ്കല്പമല്ലേ ചിത്രം പിന്തുടരുന്നത്?ആ നിലയ്ക്ക് ഈ പറയല്‍-ആഖ്യാനം-എത്രത്തോളം യുക്തിസഹമാണ്? ഇക്കാലത്ത്‌ ഇതൊരു വേറിട്ട ഇടപെടല്‍ ആണെന്നതിന് തര്‍ക്കമില്ല.

good said...

വിശദീകരണത്തിന് നന്ദി.

MOM said...

അഖിലേഷ്,
കൊള്ളാം

പിള്ളാച്ചന്‍ said...

നല്ല നിരൂപണം. വിലയിരുത്തലകള്‍ നന്നയിരിക്കുന്നു. ഒരു പക്ഷേ, ചിത്രം കണ്ടപ്പോള്‍ തോന്നിയ പല കാര്യങ്ങളും ഈ നിരൂപണത്തില്‍ കണ്ടു. ആശംസകള്‍..!!!

Anonymous said...

ചിത്രം കണ്ടിറങ്ങിയപ്പോള്‍ ഒരു സംശയം ബാക്കി നിന്നു. പോളിയുടെ ഭൂതകാലം (ഇത്രയും ക്രൂരമായ ഇരട്ടക്കൊലപാതകം ഒരു പക്ഷെ വേണ്ടത്ര പ്രാധാന്യത്തോടെ മീഡിയ പബ്ലിഷ് ചെയ്തിരുന്നില്ല എന്ന് തോന്നുന്നു) ഹെഡ് മാസ്റ്റര്‍ എന്തുകൊണ്ട് പ്രാഞ്ചിയില്‍ നിന്നും മറച്ചുവച്ചു? ഹെഡ് മാസ്റ്റര്‍ പക്ഷെ പൊളി കുഴപ്പക്കാരന്‍ ആണെന്നെ പറയുന്നുള്ളൂ. പൊളിയുടെ ബുദ്ധിയും പഠിപ്പും കാണിക്കുവാന്‍ സംവിധായകന്‍ ഉപയോഗിച്ച ആറ് എന്നെഴുതല്‍ പണ്ടേ പ്രചാരത്തിലുണ്ട്. പ്രാഞ്ചിയും കൂട്ടരും അതെന്തേ അറിയാതെ പോയി?

Jaleel said...

സജീഷ്, താങ്കളുടെ ഭാഷ അതിഗംഭീരം !!

രഞ്ജിത്തിന്റെ മറ്റു സിനിമകളെ പറ്റി പറയുമ്പോള്‍ പലപ്പോഴും നമ്മള്‍ ആറാം തമ്പുരാനും ദേവസുരത്തിനും ഒരു കൊട്ട് കൊടുക്കാന്‍ മറക്കാറില്ല. സജീഷിന്റെ തന്നെ വാക്കുകളില്‍ (ഫ്രം ആന്‍ ഓള്‍ഡ്‌ ബ്ലോഗ്‌):

" മംഗലശേരി നീലകണ്ഠന്റെ ബാധ ഒഴിപ്പിക്കാന്‍ ഇതുപോലെ കുറേ വിശുദ്ധതീര്‍ഥങ്ങളില്‍ അദ്ദേഹം നീന്തിക്കയറുമെന്ന് നമുക്ക് പ്രതീക്ഷിക്കാം."
പക്ഷെ എനിക്ക് തോന്നുന്നത് , മലയാള സിനിമയുടെ ചരിത്രത്തില്‍ അതിന്റെതായ ഇടം കണ്ടെത്തിയ രണ്ടു ചിത്രങ്ങളല്ലേ ഇത് രണ്ടും . സാധാരണ പ്രേക്ഷകര്‍ അത്രെയേറെ ആഘോഷിച്ച ചിത്രങ്ങള്‍ ആണിത്. ഇന്നും വീണ്ടും വീണ്ടും സിനിമ കാണണം എന്ന് തോന്നുന്നവര തിരെഞ്ഞുടുക്കുന്ന ചിത്രങ്ങള്‍ തന്നെ ഇവ. കഥാപാത്ര സൃഷ്ടിയില്‍ , ഡയലോഗ് കളില്‍ അത്രെയേറെ ഡെപ്ത് ഫീല്‍ ചെയ്യുന്നുണ്ട് .
ഒരു പാട് വായന ഉള്ള , കുറേഏറെ യാത്രകള്‍ നടത്തിയ ഒരാളുടെ കൈയൊപ്പ്‌ ആ സിനിമകളില്‍ കാണാം.

ഞാന്‍ വിചാരിക്കുന്നത് രഞ്ജിത്തിനെ കേരള കഫെ , പലെരിമാനിക്യം എന്നെ ചിത്രങ്ങളുടെ ആള്‍ മാത്രമായിട്ടല്ല , ആറാം തമ്പുരാന്റെയും ദേവസുരത്തിന്റെയും ശില്പി ആയിട്ട് കൂടി വിലയിരുതെപെടെണ്ടിയിരിക്കുന്നു. പോസിറ്റീവ് ആയ അര്‍ത്ഥതില്‍ തന്നെ..
ഒരു പാട് റേഞ്ച് ഉള്ള സിനിമ കാരന്‍ ആയിട്ട് ...

ചെതല്‌ said...

യോജിക്കുന്നു.
രഞ്ജിത്ത് ചെയ്ത പാതകം മലയാളിയെ ബാധിക്കുന്നത്
ശരിക്കും മോഹന്‍ലാലിനെ ക്രോണിക് രോഗി ആക്കി എന്നതിലൂടെയാണ്‌
ഇനി ഇതു സണ്ണി തോമസിന് കഴിയും അയാളെ ഈ രോഗത്തില്‍ നിന്നും രക്ഷിക്കാന്‍?
രഞ്ജിത് തന്നെ കയ്യൊഴിഞ്ഞു എന്ന് തോന്നുന്നു.
രഞ്ജിത്ത് നല്‍കിയ രോഗം മുറി വൈദ്യന്മാര്‍ ചികിത്സിച്ചു വഷളാക്കി.
സാമ്യം സാമ്യതെ ഭേദപ്പെടുതുമെന്നു ലാലും ധരിച്ചു.
മലയാള സിനിമയിലെ മറ്റൊരു പതോജെന്‍ ആണ് രണ്‍ജി പണിക്കര്‍.
സുരേഷ് ഗോപിയുടെ ജന്മനാലുള്ള വൈകല്യം വര്‍ധിപ്പിച്ചു മുറി വൈദ്യന്മാരെ ഏല്പിച്ചു.
ജയറാമിനെ ബാധിച്ചത് രാജസേനന്‍.
ഇങ്ങനെയ്യുള്ള വൈദ്യന്മാരില്‍ അസുഖം സ്വയം ബാധിക്കാതെ, ബാധിച്ചെങ്കിലും
കടുത്ത ഷോക്ക്‌ ട്രീട്മെന്റ്റ് ഏല്പിച്ചു രക്ഷ നേടിയ ആള്‍ എന്നാ നിലയില്‍ രഞ്ജിത്ത്
പ്രത്യേക പരിഗണന അര്‍ഹിക്കുന്നു.
ദൈവമേ ഇനി ഇത് തന്നെ ഒരു രോഗമാകാതിരുന്നാല്‍ മതിയായിരുന്നു !!!

Sanu said...

This is really a good film.

ഷാഹിദ്.സി said...

പ്രാഞ്ചിയേട്ടനിൽ കഥ ശരിക്കും turn ചെയ്യുന്നത് മദ്യത്തിന്റെ ലഹരിയിൽ ഒരച്ഛൻ വന്ന് ഒരു മകന്റെ മുൻപിലിട്ട് അവന്റെ അമ്മയെ കൊല്ലുന്നതോടു കൂടിയാണ്.ഒരു വ്യക്തി എന്നനിലയിലും സംവിധായകൻ എന്നനിലയിലും മദ്യത്തെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്ന രഞ്ജിത്ത് (ഇതേ മദ്യം തന്നെയാണ് സിനിമയിൽ മറ്റൊരിടത്ത് പ്രാഞ്ചി ധൈര്യത്തിനായി ഉപയോഗിക്കുന്നതും.); ഈ അടിസ്ഥാനകാരണം സിനിമയിൽ ചർച്ചചെയ്യുന്നേയില്ല.വളരെ ഉപരിതലത്തിൽ നിന്ന് മാത്രമെ ഈ ആർജ്ജവത്തെ പ്രോത്സാഹിപ്പിക്കനാവൂ.

ഒ എം ഗണേഷ് ഓമാനൂര്‍ | O.M.Ganesh omanoor said...

ഈ പരമ ബോറന്‍ സിനിമ(?)യ്ക്കു 2 മണിക്കൂര്‍ വേസ്റ്റാ​‍ക്കി എന്നതാണ് ജീവിതത്തില്‍ ഈയുള്ളവനു പറ്റിയ പ്രമാദ മണ്ടത്തരം...!! കാര്യമായ വെളിവില്ലാത്തവര്‍ മാത്രമേ 'പ്രാഞ്ചിയേട്ടന്‍' എന്ന വികൃത സാധനത്തെ (നോട് എ സൃഷ്ടി..) കൊള്ളാമെന്നു പറയൂ...!



ഏതായാലും മലയാള സിനിമയ്ക്കു കണ്ണു പറ്റാതിരിക്കാന്‍ ഈ സാധനം ഉപകരിച്ചേക്കും..!!


വരി നിന്ന് ടിക്കറ്റെടുത്ത് കാണാഞ്ഞതു മഹാഭാഗ്യം...! ടോറന്റ് നീണാ​‍ള്‍ വാഴട്ടെ...!!

Post a Comment