ഒരു കാക്കക്കാലിന്റെ തണലുപോലുമില്ലാത്ത വേനലിലാണ് മലയാള സിനിമ. ആര്‍ട്ടായാലും പച്ചയായ കച്ചവടമായാലും കണ്ടിരിക്കാന്‍ കൊള്ളാവുന്ന സിനിമകളില്ല. നല്ല സിനിമയെടുക്കാന്‍ അറിയുന്നവരൊക്കെ ഒന്നുകില്‍ നമ്മെ വിട്ടുപോയി. മറ്റുള്ളവര്‍ പണി നിര്‍ത്തി വീട്ടിലിരിക്കുന്നു. തമിഴിലും ഹിന്ദിയിലും കുറെ ചെറുപ്പക്കാര്‍ ഞെട്ടിക്കുന്ന സിനിമകളുമായി വന്ന് വിലസുമ്പോള്‍ സര്‍ഗാത്മക ആര്‍ത്തവവിരാമം വന്ന കുറേപ്പേരുടെ പേക്കൂത്തുകള്‍ക്ക് സാക്ഷ്യം വഹിക്കേണ്ട ഗതികേടിലാണ് നാം. ചില പുതുമുഖങ്ങളൊക്കെ വന്നു. പക്ഷേ അതിനിടയില്‍ അക്ഷരാഭ്യാസമില്ലാത്തവര്‍ തിരക്കഥാകൃത്തുക്കളായി. കല്യാണവീഡിയോയുടെ കാമറ കണ്ടുപോലും ശീലമില്ലാത്തവര്‍ സംവിധായകരായി. രഞ്ജിത്ത് ശങ്കര്‍ മാത്രമാണ് ഈ വര്‍ഷത്തെ പ്രതീക്ഷ.
മുമ്പ് ഒരു പ്രതീക്ഷ തന്നു പോയതാണ് മധു കൈതപ്രം. 'ഏകാന്തം' എന്ന സിനിമയില്‍ നല്ല സിനിമക്കു വേണ്ടിയുള്ള ശ്രമമുണ്ടായിരുന്നു. ജയരാജ് സ്കൂളില്‍നിന്ന് രക്ഷപ്പെട്ട് പുറത്തുവന്നാല്‍ ഈ പയ്യന്നൂര്‍ക്കാരന്‍ നല്ല സിനിമ ചെയ്തേക്കും എന്ന ഭീഷണിയുണ്ടായിരുന്നു ആ ചിത്രത്തില്‍. 'ഏകാന്ത'ത്തിന് മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡ് കിട്ടി. അംഗീകാരത്തിന്റെ പെരുമഴയില്‍ കുളിച്ച് മധ്യവേനലുമായി മധു വന്നപ്പോള്‍ കണ്ടുകളയാമെന്നു കരുതി. ശ്രീ തിയറ്ററില്‍ ആളനക്കമുണ്ടായിരുന്നില്ല. ഞാന്‍ എന്നെങ്കിലും ഒരു ഓഫ്ബീറ്റ് സിനിമയെടുത്തുകളയുമെന്ന എന്റെ പേടി അതോടെ പമ്പ കടന്നു. ഉറക്കത്തില്‍ പോലും ഓഫ് ബീറ്റ് സിനിമയെടുക്കാതിരിക്കാനുള്ള പരിശീലനം ഞാന്‍ ഇന്നേ തുടങ്ങിയിട്ടുണ്ട്.
ആഗോളവത്കരണം നമ്മുടെ ഗ്രാമങ്ങളെ പിടിമുറുക്കുന്നത് കണ്ണൂരിന്റെ പശ്ചാത്തലത്തില്‍ പറയാന്‍ ശ്രമിക്കുകയാണ് മധു കൈതപ്രം. മധുവിനെ കുറ്റം പറയാന്‍ പറ്റില്ല. ആളൊരു സാത്വികനാണെന്നു തോന്നുന്നു. ഈ കാലത്തും സന്ദേശമുള്ള സിനിമകള്‍ ചെയ്യാന്‍ തുനിഞ്ഞ അസാമാന്യ ധൈര്യശാലി. ട്രഡീഷനല്‍ മലബാര്‍ ആര്‍ക്കിടെക്ചറില്‍ പണിത ഡിലാപിഡേറ്റഡ് മാളിക ജയരാജിന്റെ ഒബ്സഷനാണല്ലോ മധൂ. കുമാരന്‍ സഖാവിന് അത്രയും വലിയ വീടു വേണമായിരുന്നോ? മനോജ് കെ. ജയന്‍ മലയാളത്തിലെ അപാരമായ കഴിവുകളുള്ള നടനാണ്. 'പെരുന്തച്ചനി'ലെ നമ്പൂതിരിയും 'സര്‍ഗ'ത്തിലെ കുട്ടന്‍ തമ്പുരാനും അതിന് സാക്ഷ്യം പറയും. പക്ഷേ ഈ ചിത്രത്തില്‍ എന്തിനാണ് മനോജ് ഇങ്ങനെ നാടകം കളിക്കുന്നത് എന്നു മനസ്സിലാവുന്നില്ല. സംഭാഷണങ്ങള്‍ ഒക്കെ നാടകമായിപ്പോയതുകൊണ്ടാവും എന്നു കരുതി ആശ്വസിക്കുക തന്നെ. നാടകകൃത്ത് തിരക്കഥ എഴുതിയതുകൊണ്ട് സ്വാഭാവികതയുള്ള സംഭാഷണങ്ങള്‍ക്ക് പഞ്ഞം വന്നതാവാം. അറുപതു വയസ്സുള്ള ഒരാളായി മനോജിനെ കാസ്റ്റു ചെയ്തത് മറ്റൊരു ദുരന്തം. ശ്വേതാമേനോന്‍ ഒരു ആഷ് കളേഡ് ഖാദി സാരിയുടുത്ത് അല്‍പസ്വല്‍പം സ്വാഭാവികമായി അഭിനയിക്കുന്നുണ്ട്. പത്തുപതിനെട്ട് കൊല്ലം മുമ്പ് 'അനശ്വരം' എന്ന അസംബന്ധത്തിലൂടെ ഈ രംഗത്ത് എത്തിയ മെലിഞ്ഞ പെണ്ണ് പിന്നെ ബോംബെയിലും ബോളിവുഡിലുമെത്തി. കാമസൂത്രക്കു മോഡലായി സദാചാര പോലീസിനെ വിറപ്പിച്ചു. ഇപ്പോള്‍ മലയാളത്തിലെ ആര്‍ട്ട് സിനിമകളില്‍ വേഷമിടാനാണ് ഭാവം. സ്മിതാപാട്ടീലിന്റെ ഒരു മലയാളപതിപ്പിനുള്ള ചില സാധ്യതകള്‍ അളവൊത്ത ശരീരത്തിലും ഭാവങ്ങളിലുമുണ്ടെന്ന് തെളിയിക്കുന്നുണ്ട് 'മധ്യവേനലി'ല്‍ ശ്വേത. തുണിയോടുള്ള നിര്‍മമത മാറിക്കിട്ടാനും ഈ വേഷമാറ്റം സഹായിച്ചേക്കും. (എന്നാലും പഠിച്ചതേ പാടൂ. ഒരു നഴ്സറിക്കുട്ടിയുടെ ഉടുപ്പിട്ടു നില്‍ക്കുന്നതു കണ്ടു പുതിയ ഇന്ത്യാ ടുഡേയില്‍. അതില്‍ വിരോധമുണ്ടെന്നല്ല വിവക്ഷ) ന്യൂ ജനറേഷന്‍ ബാങ്കിന്റെ പ്രതിനിധിയായി വന്ന് നാട്ടുകാരെ കടക്കെണിയില്‍ ആഴ്ത്തുകയും ഖാദി സഹകരണ സൊസൈറ്റി തകര്‍ക്കുകയും ചെയ്യുന്ന യുവാവായി വന്ന അരുണിനെ വകവരുത്തി പ്രശ്നങ്ങള്‍ സിമ്പിള്‍ ആയി സോള്‍വു ചെയ്യുകയാണ് നായിക.
മധുവിന് നല്ല സിനിമകള്‍ എടുക്കണമെന്ന ആഗ്രഹമുണ്ട്. എന്നാല്‍ അത് പഴകിപ്പുളിച്ച ആര്‍ട്ട്സിനിമയുടെ ഫോര്‍മാറ്റില്‍ തന്നെ വേണോ?. ഈ കരച്ചിലും പിഴിച്ചിലുമില്ലാതെ കഥകള്‍ പറയാന്‍ പറ്റില്ലേ?. കഥാപാത്രത്തിന്റെ ദുഃഖം പ്രേക്ഷകന്‍ ഉള്‍ക്കൊള്ളുന്നതിനു മുമ്പ് ശബ്ദപഥത്തില്‍ സംഗീതോപകരണങ്ങള്‍ കൂട്ടക്കരച്ചില്‍ തുടങ്ങും. അതുകേട്ട് കഥാപാത്രങ്ങള്‍ മൂക്കു പിഴിയും. തിയറ്ററിലെ കട്ടപിടിച്ച ഇരുട്ടിലേക്ക് ശിക്ഷിക്കപ്പെട്ട പ്രേക്ഷകന്‍ പോക്കറ്റില്‍ കൈയിട്ട് കരയും. അവന്റെ നിശãബ്ദമായ നിലവിളി ആരു കേള്‍ക്കാന്‍! ഓരോ ഫ്രെയിമിലും യുവത്വത്തിന്റെ തുടിപ്പുകളുള്ള, ചടുലമായ ട്രീറ്റ്മെന്റില്‍ കഥ പറയുന്ന യുവസംവിധായകരെയാണ് സര്‍ഗാത്മകത വറ്റി വരണ്ട ചലച്ചിത്രകലയുടെ മധ്യവേനല്‍ക്കാലത്ത് മലയാളം പ്രതീക്ഷിക്കുന്നത്. മുപ്പതു വര്‍ഷം മുമ്പ് നമ്മുടെ സോകോള്‍ഡ് ആര്‍ട്ട് സിനിമാക്കാരന്‍ തുപ്പിനിറച്ച തുപ്പല്‍ കോളാമ്പിയില്‍ ദയവായി ഇനിയും കൈയിടരുത്.
6 comments:
"ഇടതുപക്ഷ പൊളിറ്റിക്കല്‍ സിനിമ എടുത്തുവന്ന ചന്ദ്രന്‍ എങ്ങനെ മലപ്പുറം ഡിസ്ട്രിക്റ്റ് കോണ്‍ഗ്രസ് കമ്മിറ്റി അംഗവും നിലമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റും സര്‍വോപരി ആര്യാടന്‍ മുഹമ്മദിന്റെ മകനുമായ വലതുപക്ഷക്കാരന്റെ കഥയെടുത്ത് സിനിമയാക്കുന്നു എന്ന് ആലോചിക്കുമ്പോഴാണ് ...." ഇതെന്തു വിമര്‍ശനമാണ് സജീഷേ? തീരെ ബാലിശമായിപ്പോയില്ലേ? ചന്ദ്രന്‍ ആരുടെ തിരക്കഥയിലാവണം സിനിമ നിര്‍മ്മിക്കേണ്ടത് എന്ന് നിങ്ങളൊക്കെ തീരുമാനിക്കാന്‍ തുടങ്ങിയത് എന്ന് മുതല്‍ക്കാ? ഒരു പക്ഷത്തിന്റെ സിനിമ സ്ഥിരമായി എടുക്കാന്‍ ചന്ദ്രന്‍ ഒരു "പ്രസ്ഥാന പ്രവര്‍ത്തകന്‍ " ഒന്നുമല്ലല്ലോ സജീഷേ? ജമാ അത്തെ ഇസ്ലാമിയെ നഖശിഖാന്തം എതിര്‍ക്കുന്ന ആര്യാടന്‍ മുഹമ്മദിനും ഷൌക്കത്തിനും "മാധ്യമ" ത്തിലെ പെന്നുന്തുകാരനില്‍ നിന്ന് ഇത്തരത്തിലല്ലാത്ത സമീപനം പ്രതീക്ഷിക്കുന്നത് തന്നെ അസംബന്ധം. അല്ലാതെന്തു പറയാന്‍ ...
ബഹുഗുണയുടെ കമന്റ് ഈ പോസ്റ്റിനൊപ്പമല്ല വേണ്ടത്. സത്യത്തില്‍ ഈ കമന്റ് ഒരു മറുപടി അര്‍ഹിക്കുന്നില്ല. എങ്കിലും അസംബന്ധങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബഹുഗുണക്ക് ഒരവസരം. എനിക്ക് എന്റേതായ നിലപാടുകള്‍ ഉണ്ട്. അതില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. മാധ്യമത്തിലെ പേനയുന്തുകാരന്‍ സ്വതന്ത്രമായി ചിന്തിക്കാനുള്ള തല ആര്‍ക്കും പണയം വെച്ചിട്ടില്ല എന്നു മനസ്സിലാക്കുന്നത് നന്നായിരിക്കും. കുറഞ്ഞ പക്ഷം വിഡ്ഢിത്തം എഴുന്നള്ളിച്ച് സ്വയം അപഹാസ്യനാവാതിരിക്കാനെങ്കിലും.
'ശ്വേതാമേനോന്റെ വസ്ത്രധാരണത്തില്‍ വിരോധമുണ്ടെന്നല്ല വിവക്ഷ' എന്ന ഒരു മുന്‍ കൂര്‍ജാമ്യത്തോടെ അവരെക്കുറിച്ചുള്ള താങ്കളുടെ പരാമര്‍ശങ്ങള്‍ കണ്ടു. തന്റെ പേര് പരാമര്‍ശിക്കുന്നിടത്തൊക്കെ കാമസൂത്ര പരസ്യത്തിനെക്കുറിച്ച് സൂചിപ്പിക്കാതെ മലയാളിക്ക് ഉറക്കം വരില്ല എന്ന് ശ്വേതാ മേനോന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. യു പ്രൂവ്ഡ് ഇറ്റ് റൈറ്റ് വണ്‍സ് എഗൈന്‍. മനോജ്. കെ. ജയനെക്കുറിച്ച് എഴുതിയകൂട്ടത്തില്‍ അദ്ദേഹത്തെക്കുറിച്ചുള്ള മറ്റു ഗോസിപ്പുകള്‍ എന്തേ എഴുതിയില്ല?
സുഹൃത്തേ, ഒരു സിനിമയുടെ ആസ്വാദനം എഴുതുമ്പോള്‍ അതിലെ നടിയുടെ അഭിനയത്തെക്കുറിച്ചുമാത്രം എഴുന്നതല്ലേ അതിന്റെ ഒരു ഇത്. അല്ലാതെ അവര്‍ ഏതുതരംവസ്ത്രം ഉടുക്കുന്നു, വ്യക്തിജീവിതത്തിലും മറ്റു പ്രൊഫഷണലുകളിലും അവര്‍ എന്തൊക്കെ ചെയ്യുന്നു എന്നതിന് വല്ല പ്രസക്തിയുമുണ്ടോ? അവര്‍ കുഞ്ഞുടുപ്പ് ഇട്ട് ഫോട്ടോ എടുത്തുവെങ്കില്‍ താങ്കള്‍ക്കെന്ത് ചേതം? സ്ത്രീലമ്പടനായതുകൊണ്ട് പിക്കാസോയുടെ പെയിന്റിങ്ങുകള്‍ ആരും ആസ്വദിക്കാറില്ലേ?
വിശാല്‍ ബരദ്വാജിന്റെ മക്ബൂല്‍ സിനിമയിലെ അഭിനയം കണ്ടിട്ട് അവര്‍ തരക്കേടില്ലാത്ത ഒരു നടിയാണെന്നാണ് എനിക്കു തോന്നിയത്.
good oneeeeeeee
"തമിഴിലും ഹിന്ദിയിലും കുറെ ചെറുപ്പക്കാര്‍ ഞെട്ടിക്കുന്ന സിനിമകളുമായി വന്ന് വിലസുമ്പോള്‍...."
പറയൂ സജീഷ്, ഈ ചിത്രങ്ങൾ എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് താങ്കളെ ഞെട്ടിച്ചത്?
dear sajish...
ningal enthu kondu Tamil sinimaye kurichezhuthunnillaa?
Post a Comment