ആര്‍ട്ട് സിനിമ കാണാന്‍ കൂടെ കൊണ്ടുപോവില്ല എന്ന ഉറപ്പിന്മേലാണ് എനിക്കു താലികെട്ടാന്‍ ഒരു പെണ്‍കുട്ടി തല കുനിച്ചുതന്നത്. സങ്കടം വരുന്ന സിനിമകള്‍ കാണില്ല എന്നത് അവളുടെ പ്രഖ്യാപിത തീരുമാനമാണ്. ഏതൊക്കെയോ സമ്മര്‍ദത്തിനു വഴങ്ങി കണ്ട 'കിരീട'വും 'തനിയാവര്‍ത്തന'വും 'കാഴ്ച'യുമൊക്കെ കണ്ണു നനച്ചതിന്റെ ഓര്മയുള്ളതുകൊണ്ട് അവള് എപ്പോഴും ദുരന്തപര്യവസായിയായ സിനിമകളില്‍നിന്ന് സുരക്ഷിതമായ ഒരകലം പാലിക്കുന്നുണ്ട്. (ദുര്‍ബലഹൃദയര്‍ക്കു വേണ്ടി കരണ്‍ ജോഹറും യാഷ്ചോപ്രയുടെ മറ്റു പ്രേതങ്ങളും ചുട്ടെടുക്കുന്ന ബോളിവുഡ് മസാല, സ്റ്റേയ്പിള് ഡയറ്റാക്കിയാല് വെറുതെ സങ്കടപ്പെടേണ്ടല്ലോ എന്ന അവളുടെ ചിന്തയിലും ന്യായമുണ്ട്) 'ബ്ലാക്ക് ആന്റ് വൈറ്റ് കുടുംബ'വും 'ഡ്യൂപ്ലിക്കേറ്റു'മൊക്കെ പരമാവധി ധൈര്യം സംഭരിച്ച് അവള്‍ക്കൊപ്പം തിയറ്ററില്‍ കയറി കാണാന്‍ എന്നെ പ്രേരിപ്പിച്ചതിനു കാരണവും അവളുടെ ഈ നയം തന്നെ.
അങ്ങനെയിരിക്കെ 'കേരള കഫേ' വന്നു. പുതിയ കുപ്പിയിലാക്കിയ പഴയ കാപ്പി തന്നെ വിളമ്പി ഞെളിഞ്ഞു നില്ക്കുന്ന നമ്മുടെ സമാന്തര സിനിമക്കാരുടെ, ആരും കയറാത്ത തീവണ്ടിയാപ്പീസില് ഒരു പുതിയ കാപ്പിക്കട തുടങ്ങിയ വിവരം ചാനല്‍ദ്വാരാ അറിഞ്ഞതോടെ അവിടത്തെ ചുടുകാപ്പിയില്‍ രസമുകുളങ്ങളെ ഒന്നു ത്രസിപ്പിച്ചു നോക്കിയാലോ എന്നു തോന്നി. എന്റെ നിര്‍ബന്ധത്തിനു വഴങ്ങി അവളും കൂടെ വന്നു. (കല്യാണം കഴിച്ചാലുള്ള ഭൌതികനേട്ടങ്ങളിലൊന്ന് തിയറ്ററില്‍ ടിക്കറ്റ് എടുക്കാന്‍ ക്യൂ നില്‍ക്കേണ്ടതില്ല എന്നതാണ്. കപ്പിനും ലിപ്പിനുമിടയില്‍ നഷ്ടപ്പെടുമായിരുന്ന ബാല്‍ക്കണി ടിക്കറ്റ് അങ്ങനെ കിട്ടി.)
ടോം ടൈക്ക്വറും വാള്‍ട്ടര്‍ സാലസും ഉള്‍പ്പെടെയുള്ള എന്റെ ദൈവങ്ങള്‍ ചേര്‍ന്നൊരുക്കിയ 18 ഹ്രസ്വചിത്രങ്ങളുടെ സമാഹാരമായ 'പാരീസ് ഐ ലവ് യു' എന്ന ചിത്രത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് രഞ്ജിത്ത് 'കേരള കഫേ' ഉണ്ടാക്കിയത്. ആദ്യം കണ്ടത് പത്മകുമാറിന്റെ 'നൊസ്റ്റാള്‍ജിയ'.ഒരു ഹ്രസ്വചിത്രമെങ്കിലും സംവിധായകന് കണ്ടിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോവും. വേഗം തീരുന്നതുകൊണ്ട് നമുക്കിതിനെ ഹ്രസ്വചിത്രം എന്നു വിളിക്കാം. രണ്ടാമത്തേത് ശങ്കര്‍ രാമകൃഷ്ണന്റെ 'ഐലന്റ് എക്സ്പ്രസ്.' ആകാശത്തു നിന്ന് പൊട്ടിവീഴുന്ന ചില കഥാപാത്രങ്ങള്‍. കോളജ് മാഗസിനിലെ പഴകിപ്പുളിച്ച സാഹിത്യത്തെ ഓര്‍മപ്പെടുത്തുന്ന വോയ്സ് ഓവറുകള്‍... പെരുമണ്‍ ദുരന്തമാണ് വിഷയം. പത്തു മിനിറ്റില്‍ തീരുന്ന മറ്റൊരു ദുരന്തം. ഷാജി കൈലാസിന്റെ 'ലളിതം ഹിരണ്മയ'ത്തില്‍ ചില ഫ്രെയിമുകള്‍, ജ്യോതിര്‍മയിയുടെ അഭിനയം എന്നിവ ബാക്കിയാവുന്നു. ഉദയ് അനന്തനെ രാംഗോപാല്‍ വര്‍മയുടെ പ്രേതം ആവേശിച്ചതിനാല്‍ 'മൃത്യുഞ്ജയം' പുതിയ സിനിമാക്കാരുടെ സ്റ്റോറി സെന്‍സിനെക്കുറിച്ച് പേടിപ്പെടുത്തുന്ന ചില സൂചനകള്‍ തന്നു. അഞ്ജലി മേനോന്റെ 'ഹാപ്പി ജേണി' ഹ്രസ്വചിത്രങ്ങളുടെ ദൃശ്യശിക്ഷണം വേണ്ടുവോളം കിട്ടിയ ഒരു ചലച്ചിത്രകാരിയെ പരിചയപ്പെടുത്തിത്തന്നു. ചാനല്‍ച്ചര്‍ച്ചകളില്‍ കണ്ട അഞ്ജലി സുന്ദരി മാത്രമല്ല സംവിധായിക കൂടിയാണെന്ന് തെളിയിച്ചു. രേവതിയുടെ 'മകള്‍' ആണ് ഹ്രസ്വചിത്രങ്ങളുടെ സങ്കലനം എന്ന സങ്കല്പത്തോട് ചേര്‍ന്നുനില്‍ക്കുന്ന മറ്റൊരു സംരംഭം. നോക്കൂ, കേരളാ കഫേയിലാണ് ആ ചിത്രത്തിന്റെ പരിണാമഗുപ്തി. രഞ്ജിത്തിന്റെ കണ്‍സെപ്റ്റിനോടു നീതിപുലര്‍ത്തുന്ന ക്രാഫ്റ്റ്. മധു അമ്പാട്ടിന്റെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കാണാതെ എത്രകാലമായി! ബി. ഉണ്ണികൃഷ്ണന്റെ 'അവിരാമ'ത്തിന് പെട്ടെന്ന് ഒരു വിരാമമായെങ്കില് എന്ന് ആഗ്രഹിച്ചുപോയി. ശ്യാമപ്രസാദിന്റെ 'ഓഫ് സീസണ്' ഒരു വിദേശഹ്രസ്വചിത്രത്തിന്റെ മൂഡില്‍ തുടങ്ങിയെങ്കിലും പ്രത്യേകിച്ച് ഒന്നും പറയാനില്ലാത്തതുകൊണ്ട് ഒരു പാട്ടും പാടി അവസാനിപ്പിക്കുകയായിരുന്നു.
ഇനിയാണ് നമ്മുടെ പുലിക്കുട്ടിയുടെ വരവ്. യെവന് പുലിയാണ് കേട്ടാ എന്ന് നാലുപേരോട് വിളിച്ചു പറയാന്‍ തോന്നി, അന്‍വര്‍ റഷീദിന്റെ 'ബ്രിഡ്ജ്' കണ്ടപ്പോള്‍. നിഷ്കാസിതരായ വൃദ്ധയും പൂച്ചക്കുഞ്ഞും കൊച്ചി നഗരത്തിന്റെ പുറമ്പോക്കില്‍ ആകാശം നോക്കിയിരിക്കുന്ന കാഴ്ച കണ്ട് ഭാര്യയുടെ കണ്ണു കലങ്ങി. അവള് ശരിക്കും കരയുകയായിരുന്നു. (സങ്കടപ്പെടുത്തുന്ന സിനിമ കാണാന്‍ എന്നെ വിളിക്കരുതെന്ന് പറഞ്ഞതല്ലേ എന്ന് അവള് പിന്നീട് രോഷം കൊണ്ടു.) ഉപേക്ഷിക്കപ്പെട്ടവരുടെ വേദന ആ ചിത്രത്തിന്റെ ഫ്രെയിമുകളില്‍ കനത്തു നിന്നിരുന്നു. തൊണ്ടയില്‍ തങ്ങിനിന്ന തേങ്ങലൊതുക്കി തിയറ്ററില്‍ ആരൊക്കെയോ കൈയടിച്ചു. ഒരു ജീവിതത്തിന്റെ മുഴുവന്‍ ദുരന്തങ്ങളും മുദ്രവെച്ച ശാന്താദേവിയുടെ മുഖം, ചേരിയില്‍ കോരിച്ചൊരിയുന്ന മഴയില്‍ കാറ്റുപിടിച്ച് ആടിയുലയുന്ന ഉടുപ്പുകള്‍, ഭൂമിയില്‍ സ്നേഹിക്കാന്‍ കിട്ടിയ പൂച്ചക്കുഞ്ഞിനെ നഷ്ടപ്പെട്ട കുട്ടിയുടെ ആര്‍ക്കും മനസ്സിലാവാത്ത വേദനകള്‍. നശിച്ച ജീവിതത്തിന്റെ പ്രാക്കുകള്‍^ഇതൊന്നും അന്‍വര്‍ റഷീദില്‍ നിന്ന് പ്രതീക്ഷിച്ചതായിരുന്നില്ല. രാജമാണിക്യവും ഛോട്ടാ മുംബൈയും അണ്ണന് തമ്പിയുമൊക്കെ എടുക്കുന്ന ഒരാളുടെ മനസ്സില്‍ ഇങ്ങനെയൊരു സിനിമയുണ്ടായിരുന്നുവെന്നത് അദ്ഭുതമായി. രാജമാണിക്യം പറഞ്ഞത് അന്‍വര്‍ റഷീദിനെപ്പറ്റിത്തന്നെയാണ് എന്ന കാര്യത്തില്‍ എനിക്കിപ്പോള്‍ സംശയമില്ല. ''യെവന് പുലിയാണ് കേട്ടാ...''ലാറ്റിനമേരിക്കന്‍ ക്ലാസിക് ചിത്രങ്ങളെ ഓര്‍മിപ്പിക്കുന്ന ദൃശ്യങ്ങളാണ് സുരേഷ് രാജന് ഈ ചിത്രത്തിനു വേണ്ടി ഒരുക്കിയത്. പ്രിയപ്പെട്ട അന്‍വര്‍ റഷീദ്, ഹാറ്റ്സ് ഓഫ് റ്റു യു ഫോര്‍ സ്റ്റെപ്പിംഗ് ഔട്ട് ഓഫ് ദ ട്രോഡന്‍ ട്രാക്ക്. ചിത്രത്തിന് കഥയൊരുക്കിയ സുഹൃത്ത് ഉണ്ണിക്കും നന്ദി. സമാന്തര സിനിമയുടെ പേരില്‍ പാതിവെന്ത ചില പദാര്‍ഥങ്ങള്‍ ഉല്പാദിപ്പിക്കുന്ന നമ്മുടെ നവതലമുറ സിനിമക്കാര്‍ ഒന്നു വീതം മൂന്നുനേരം കാണണം ഈ ഹ്രസ്വചിത്രം.
സി.വി. ശ്രീരാമന്റെ കഥക്ക് ലാല്‍ജോസ് തിരക്കഥയൊരുക്കി സംവിധാനം ചെയ്ത 'പുറംകാഴ്ചകള്‍' ഈ പാക്കേജിലെ മികച്ച സംരംഭങ്ങളിലൊന്നാണ്. ഒരു ഹ്രസ്വചിത്രത്തിന്റെ ശില്പഭദ്രത ഈ ചിത്രത്തിനുണ്ട്. ലാല്‍ജോസ് ഇപ്പോള്‍ പഴയ ഒരു എം.ടി ചിത്രം പൊടി തട്ടിയെടുത്തിട്ടുണ്ട്. രഞ്ജിത്തും ലാല്‍ജോസും പക്കാ കച്ചവടത്തിന്റെ പാതയില്‍നിന്ന് വഴിമാറി നടക്കാന്‍ ഒരുമ്പെട്ടിറങ്ങിയതാണോ? അങ്ങനെയെങ്കില്‍ ഞങ്ങള്‍ കാണികള്‍ രക്ഷപ്പെട്ടു.
9 comments:
another lose of mine.... 'paris i love you' kand sankadam theerkkatte...
പൂര്‍ണ്ണമായും യോജിക്കുന്നു
സജീഷേ, ഈ കറുപ്പില്‍ വെളുപ്പെഴുത്ത് മാറ്റണം, വായനക്കുഴപ്പമുണ്ടാക്കുന്നൂ കണ്ണിനിത്
നല്ല റിവ്യൂ.. അല്‍പ്പം കൂടി എഴുതാമായിരുന്നു എന്നു തോന്നി
sajeesh, good review... it would be nice if u change the black background...I have some different views on this film, if u like to see it please visit
http://cinemafocuz.blogspot.com/2009/11/kerala-cafe-kerala-cafe.html
നല്ല നിരീക്ഷണം ,, അതിലുമേറെ ഇഷ്ടായത് താങ്കള്ടെ ബീവീനെ ...
ഞാനും ആ ജനുസ്സില്‍ ആണേ ..
പലേരി മാണിക്യം കണ്ട്ട്ട് ഞാന്‍ എഴുതിയ പോസ്റ്റ് ഒന്ന് വായിക്കുക ,(വേറെ പണി ഒന്നും ഇല്ലേല് ...)
ഇനീം വരാം
keyboardandfingers.blogspot.com
കല്യാണം കഴിച്ചാലുള്ള ഭൌതികനേട്ടങ്ങളിലൊന്ന് തിയറ്ററില്‍ ടിക്കറ്റ് എടുക്കാന്‍ ക്യൂ നില്‍ക്കേണ്ടതില്ല എന്നതാണ്.
ഒരു പെണ്ണ് കെട്ടിയാലോന്നു ആലോചന ഇല്ലാതില്ല... സുഖമുള്ള വായന...
"യെവന് പുലിയാണ് കേട്ടാ എന്ന്
നാലുപേരോട് വിളിച്ചു പറയാന്‍ തോന്നി..."
ശരിക്കും തോന്നിയിരുന്നു.
പിന്നീട് പറയുകയും ചെയ്തു,
മലയാള സിനിമയില്‍ ഞാന്‍ കണ്ട ഏറ്റവും സുന്ദരദൃശ്യങ്ങള്‍...
ക്യാമറ, എഡിറ്റിങ്,... എല്ലാം...
Post a Comment