Monday, December 21, 2009

ഇത്രയുമാണ് മേളയുടെ നീക്കിയിരിപ്പുകള്‍


അങ്ങനെ എന്റെ 14ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയും കഴിഞ്ഞു. ഒന്നാംവര്‍ഷ ആംഗലേയ ബിരുദത്തിനു പഠിക്കുമ്പോഴാണ് കോഴിക്കോട് ആദ്യത്തെ ചലച്ചിത്രമേള നടന്നത്. അന്ന് ക്ലാസ് കട്ടു ചെയ്തു പോയി ആവുന്നത്ര സിനിമകള്‍ കണ്ടുതീര്‍ത്തു. ചില ദിവസങ്ങളില്‍ എന്നെ ക്ലാസില്‍ കാണാതിരുന്ന വകുപ്പുതലൈവി ശാന്ത തമ്പി ഒരു ഉച്ചനേരത്ത്, മേതിലും മാധവനും മിലന്‍ കുന്ദേരയും നിരന്നിരുന്ന വരാന്തയിലെ പാരപ്പെറ്റിനരികെ വന്ന് ''വേര്‍ ഹാവ് യു ബീന്‍?'' എന്ന് എന്റെ നേരെ കണ്ണുരുട്ടി. മേളയില്‍ ഡേവിഡ് ലീനിന്റെ ഒലിവര്‍ ട്വിസ്റ്റ് കാണുകയായിരുന്നു മിസ് എന്ന് ഞാന്‍ വിനയാന്വിതനായി. വാല്‍സല്യമല്ലാതെ മറ്റൊരു ഭാവം വരാന്‍ ഏറെ പാടുള്ള ആ മുഖത്ത് ഒരു ചിരി തെളിഞ്ഞു. അതൊരു ഗ്രീന്‍ സിഗ്നലായി ഗണിച്ച് പിന്നെയും സിനിമകള്‍ കണ്ടുകൂട്ടി. മധ്യവയസ്സ് എത്തുന്നതിനു മുമ്പ് ജീവിതം വിട്ടിറങ്ങിപ്പോവേണ്ടിവന്ന ഞങ്ങളുടെ പ്രിയപ്പെട്ട ഇംഗ്ലീഷ് അധ്യാപകന്‍ സോമന്‍ സര്‍ (നിങ്ങള്‍ക്ക് അയാള്‍ പഴയ ഒരു സാംസ്കാരിക വിമര്‍ശകനായ എ.സോമന്‍ ആവാം, അഴിമതി കാട്ടിയ കോഴിക്കോട് മെഡിക്കല്‍ കോളജ് ഡോക്ടറെ ചെരിപ്പുമാലയണിയിച്ച് മാനാഞ്ചിറ വരെ നടത്തിച്ച് ജനകീയ വിചാരണ നടത്തിയ നക്സലൈറ്റാവാം, 'തമ്പുരാക്കള്‍ തിരിച്ചുവരുന്നു' എന്ന തലക്കെട്ടില്‍ മാതൃഭൂമിയില്‍ ലേഖനമെഴുതി മലയാള സിനിമയിലെ സവര്‍ണമൂല്യങ്ങള്‍ക്കെതിരെ ആദ്യമായി ആഞ്ഞടിച്ച ചലച്ചിത്രനിരൂപകനാവാം) ആയിരുന്നു മേളയിലെയും ഗുരു. അന്നത്തെ ബാലാരിഷ്ടതകള്‍ ഏറെയുള്ള, നിറമില്ലാത്ത സ്ക്രീനിംഗ് ഷെഡ്യൂള്‍ നോക്കി താടിയില്‍ വിരലോടിച്ച് സോമന്‍ സര്‍ കാണേണ്ട ചിത്രങ്ങളെക്കുറിച്ച് വേണ്ട മുന്നറിയിപ്പുകള്‍ തന്നു. പാതിയിരുട്ടിലിരുന്ന് പണിപ്പെട്ട് സബ്ടൈറ്റിലുകള്‍ വായിച്ച് കഥ മനസ്സിലായതില്‍ ആനന്ദംകൊണ്ടും മഹാരഥന്മാരുടെ ക്ലാസിക് രചനകള്‍ ഏല്‍പ്പിച്ച വൈദ്യുതാഘാതത്തില്‍ വിറകൊണ്ടും അന്നത്തെ മേളയെ ഞാന്‍ അനുഭവിച്ചു. പിന്നെ ഡിസംബര്‍ മാസത്തെ മഞ്ഞിന്‍പുലര്‍ച്ചകളില്‍ തട്ടുദോശയുടെ മണമുള്ള തിരുവനന്തപുരം തെരുവുകളിലേക്ക് സിനിമ കാണാനിറങ്ങി. ഒരു ഗോവ ഫെസ്റ്റിവല്‍ അടക്കം 15 മേളകളില്‍ കൈരളിശ്രീകളുടെ പടവുകള്‍ ചവിട്ടി ഗുരുസ്വാമിയായി.
ഇത്തവണ തിരുവനന്തപുരത്തു നിന്ന് കണ്ടത് 31 സിനിമകള്‍. എല്ലാ ദിവസങ്ങളിലും നല്ല രണ്ടു ചിത്രങ്ങളെങ്കിലും കാണാന്‍ കഴിഞ്ഞു. വല്ലാതെ നിരാശപ്പെടുത്തിയ ദിവസങ്ങള്‍ ഉണ്ടായിരുന്നില്ല. എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമകള്‍ ഇവയാണ്. മേളയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന സിനിമാപ്രാന്തന്മാര്‍ക്ക് ഈ ലിസ്റ്റു നോക്കി ധൈര്യമായി ബീമാപ്പള്ളിയിലോ പെന്റാ മേനകയിലോ പോയി വ്യാജ ഡി.വി.ഡി വാങ്ങാവുന്നതാണ്.
ലാര്‍സ് വോണ്‍ ട്രിയറിന്റെ ആന്റി ക്രൈസ്റ്റ്.
രതിയുടെ രസമൂര്‍ച്ഛയില്‍, ഉടലില്‍ ഇണയുടെ കയറ്റിറക്കങ്ങളില്‍ വന്യമായ ആലസ്യത്തിലമരുമ്പോള്‍ അവള്‍ തന്റെ കുഞ്ഞിന്റെ വീഴ്ചയറിഞ്ഞില്ല. അവന്‍ വീണത് മരണത്തിലേക്കായിരുന്നു. പാപബോധത്തിന്റെ വേദനയില്‍ അവള്‍ പിടഞ്ഞു. അവളുടെ ഉന്മാദവും അവന്റെ മുറിവുകളും പുകയുന്ന ഒറ്റപ്പെട്ട ഒരു വീട്. ആണും പെണ്ണും അവരുടെ ഉടലുകളുടെ കൊടുക്കല്‍ വാങ്ങലുകളും അതിന്റെ പാപബോധങ്ങളും നിറഞ്ഞ പ്രകൃതിയാവാം അത്. ദുരൂഹമായ ഒരു ലോകത്തേക്ക് കാഴ്ചക്കാരനെ വലിച്ചിഴയ്ക്കുകയാണ് ട്രിയര്‍.
പെദ്രോ അല്‍മോദോവറിന്റെ 'ബ്രോക്കണ്‍ എംബ്രേസസ്.'
മനുഷ്യബന്ധങ്ങള്‍ക്കിടയിലെ മുറിഞ്ഞുപോയ ആലിംഗനങ്ങളെക്കുറിച്ച് ഓര്‍മപ്പെടുത്തുകയാണ് അല്‍മോദോവര്‍. അദ്ദേഹത്തിന്റേതു മാത്രമായ കരസ്പര്‍ശം പതിഞ്ഞ ഫ്രെയിമുകള്‍. ബന്ധങ്ങളുടെ അതിവിചിത്രമായ വഴികള്‍. അവയുടെ അതിലും വിചിത്രമായ അവതരണം.
കിം കി ഡുക്കിന്റെ 'ഡ്രീം.'
സ്വപ്നങ്ങളാല്‍ പരസ്പരം ബന്ധിക്കപ്പെട്ട രണ്ടു മനുഷ്യരുടെ കഥ. കൈവിട്ടുപോയ കാമുകിയെ സ്വപ്നം കണ്ടു നടക്കുന്ന യുവാവ്. അയാളുടെ സ്വപ്നസ്ഥലികളിലൂടെ നിദ്രാടനം തുടരുന്ന പെണ്‍കുട്ടി. നീ സ്വപ്നം കാണുമ്പോള്‍ ദുരിതങ്ങള്‍ എന്നില്‍ പതിക്കുന്നുവെന്ന് അവള്‍. പങ്കാളിയില്‍ ലൈംഗികഭിനിവേശം ജനിപ്പിക്കുന്ന കാമ്യവസ്തുവല്ല താനിപ്പോള്‍ എന്നു തിരിച്ചറിഞ്ഞ പെണ്‍കുട്ടി മുഖം മാറ്റിവെക്കുന്നതിന്റെ കഥയായിരുന്നു കഴിഞ്ഞ സിനിമയായ 'ടൈമി'ല്‍ അദ്ദേഹം പറഞ്ഞത്. നോക്കൂ എന്തു വ്യത്യസ്തമായ വിഷയങ്ങളാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍. അതുകൊണ്ടു തന്നെ ഉള്ള ആരോഗ്യംവെച്ച് അല്‍പസ്വല്‍പം ഗുണ്ടായിസം കാട്ടി ഇടികൂടി അകത്തുകയറി സൂചികുത്താനിടമില്ലാത്ത തിയറ്ററിലെ വെറുംനിലത്ത് അന്നത്തെ പേപ്പര്‍ വിരിച്ച് 'ഡ്രീം' കണ്ടു.
അസ്ഗര്‍ ഫര്‍ഹാദിയുടെ 'എബൌട്ട് എല്ലി'
മഖ്മല്‍ബഫും മജീദ് മജീദിയും അബ്ബാസ് കിറസ്താമിയും മാത്രമല്ല ഇറാനിലുള്ളതെന്ന് അസ്ഗര്‍ ലോകത്തോടു വിളിച്ചുപറയുന്നു ഈ ചിത്രത്തിലൂടെ. എല്ലിയുടെ തിരോധാനവും അതിന്റെ അനന്തരഫലങ്ങളും അസാമാന്യമായ കൈയൊതുക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു.
'ജെര്‍മാല്‍' അഥവാ ഫിഷിംഗ് പ്ലാറ്റ്ഫോം.
ഇന്തോനേഷ്യയില്‍നിന്ന് നല്ല സിനിമ പ്രതീക്ഷിക്കാനാവില്ലെന്നായിരുന്നു ചലച്ചിത്രമേളകള്‍ തന്ന പാഠം. അത് തിരുത്തിക്കുറിച്ചിരിക്കുന്നു ഈ സിനിമ. നടുക്കടലിലെ ആ നഷ്ടബാല്യങ്ങള്‍ക്ക് കൊടുക്കാന്‍ ആ രാജ്യത്തിന് ഈ സിനിമയുണ്ടാവും. അവരുടെ സഹനങ്ങള്‍ക്കുള്ള ചലിക്കുന്ന രേഖയായി.
താജിക്കിസ്ഥാനില്‍നിന്നുള്ള 'ട്രൂ നൂണ്‍'
നോസിര്‍ സൈയ്ദോവിന്റെ ഈ ചിത്രം സോവിയറ്റ് യൂനിയന്‍ ശിഥിലമായതിനു ശേഷമുള്ള പഴയ റിപ്പബ്ലിക്കുകളിലൊന്നിലെ ജനജീവിതത്തിന്റെ കഥ പറയുന്നു. കാലാവസ്ഥാ കേന്ദ്രം നടത്തുന്ന വൃദ്ധനായ ആ റഷ്യക്കാരനെ മറക്കാനാവുന്നില്ല. കുഴിബോംബില്‍ കാലമര്‍ത്തി അയാള്‍ നില്‍ക്കുമ്പോള്‍ അയാള്‍ക്കുള്ള റേഡിയോ സന്ദേശം അവിടെ മുഴങ്ങുകയായിരുന്നു. ഇക്കൊല്ലത്തെ ആദ്യ മഞ്ഞുകാലത്തെങ്കിലും നിങ്ങളുടെ മുത്തച്ഛന്‍ വരുമെന്ന് ഞാന്‍ പേരക്കുട്ടികളോട് പറഞ്ഞിട്ടുണ്ട് എന്ന ഭാര്യയുടെ സന്ദേശം.
'വിസ്പര്‍ വിത്ത് ദ വിന്‍ഡ്'
കുര്‍ദിഷ് ഭാഷയിലുള്ള ശഹ്റാം അലിദിയുടെ ഈ ചിത്രം യുദ്ധം തകര്‍ത്തെറിഞ്ഞ എല്ലാ രാജ്യങ്ങള്‍ക്കും ബാധകമായ ചില വേദനകള്‍ വിളിച്ചു പറയുന്നു.
'ദ അദര്‍ ബാങ്ക്'
ഗോവ മേളയില്‍ പുരസ്കാരം നേടിയ ഈ ചിത്രം ഇവിടെ സമകാലിക ലോക സിനിമാ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു അഭയാര്‍ഥിബാലന്റെ തിരിച്ചറിവുകളും സഹനങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
'ടെയില്‍സ് ഫ്രം ദ ഗോള്‍ഡന്‍ ഏജ്'
റുമാനിയയിലെ സെഷസ്ക്യുവിന്റെ ഭരണകാലത്തെ കമ്യൂണിസ്റ്റ് ക്രൂരതകളെ അപഹസിക്കുന്ന ചിത്രം. കഴിഞ്ഞ മേളയിലെ 'ഫെയര്‍വെല്‍ ഗുല്‍സാരി' പോലെ കമ്യൂണിസം സമഗ്രാധിപത്യമാവുമ്പോള്‍ ഒരു സമൂഹം അനുഭവിക്കുന്ന വേദനകള്‍ രേഖപ്പെടുത്തുന്നു ഈ ചിത്രം.
'ദ ടൈം ദാറ്റ് റിമൈന്‍സ്'
ഏലിയ സുലൈമാന്‍ സമകാലിക ലോക സിനിമയിലെ മാസ്റ്റര്‍ ആയി ഗണിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ പുതിയ ചിത്രവും ഫലസ്തീനികളുടെ ദുരിതങ്ങളെ കറുത്ത ഹാസ്യത്തിന്റെ രൂപത്തില്‍ അടയാളപ്പെടുത്തുന്നു. ഇസ്രായേല്‍ കെട്ടിയുയര്‍ത്തിയ ആ വലിയ മതില്‍ ഏലിയ സുലൈമാന്‍ തന്നെ വന്ന് പോള്‍വാള്‍ട്ടിന്റെ വടി ഉപയോഗിച്ച് ചാടിക്കടക്കുന്ന ആ ഫാന്റസി മാത്രം മതി ഈ സിനിമയെ അളക്കാന്‍.
ഓപറേഷന്‍ ഡാന്യൂബ്, ഷെഹരസാദ് ടെല്‍ മി എ സ്റ്റോറി, അബ്ബാസ് കിറസ്താമിയുടെ ശിറീന്‍, ഹോമിറോ മാന്‍സി, എ പോയറ്റ് ഇന്‍ എ സ്റ്റോം, ഫോര്‍ട്രസ് തുടങ്ങിയ ചില ചിത്രങ്ങളെക്കൂടി നമുക്ക് ഈ പട്ടികയില്‍ ഉള്‍പ്പെടുത്താം. കുറച്ചുനേരം ഒഴിവു കിട്ടിയപ്പോള്‍ ഒരു മലയാള ചിത്രത്തിനു തല വെച്ചുകൊടുത്തതു മാത്രമാണ് മേളയിലെ അനിഷ്ടസംഭവം എന്നു പറയാവുന്നത്. അത് ഒഴിവാക്കാമായിരുന്നു. എന്റെ തലവിധി. അല്ലാതെന്തു പറയാന്‍.

6 comments:

kcsubin said...

melayude guruswami
nalla depthund saranam vilikk
orotta vachakathil kazhchayude sathaye pizhinjedukkunnu...

സ്വതന്ത്ര ചിന്തകൻ said...

പെന്റാ മേനകയില്‍ ഇപ്പോള്‍ വ്യാജന്‍ കിട്ടുമോ? ആ ദുഷ്ടന്‍ റ്ഷിരാജ് സിങ് എല്ലാം റെയ്‌‌ഡ് ചെയ്‌‌ത് നശിപ്പിച്ചില്ലേ?
നന്ദി സജീഷേ.

റോബി said...

15 ഫെസ്റ്റിവൽ...!!!
ഒരു ഫെസ്റ്റിവലിനും ഇതുവരെ പോയിട്ടില്ലാത്തതിനാൽ അസൂയപ്പെടണോ എന്നു നിശ്ചയമില്ല.
IFFK-യിലെ ഇരുപതോളം സിനിമകൾ ഫെസ്റ്റിവലിനു മുന്നെ കണ്ടിരുന്നു. ബാക്കി കൂടി കാണണം.

ആൾക്കൂട്ടമല്ലാതെ മറ്റൊന്നും നഷ്ടപ്പെടുന്നില്ലെന്നു കരുതുന്നു. ഏതായാലും ഈ കുറിപ്പിനു നന്ദി.

Anonymous said...

സമകാലിക സാമൂഹിക രാഷ്ട്രീയ വിഷയങ്ങളുടെ ഉപരിപ്ലവങ്ങളായ കമന്ററികളായി അധ:പതിച്ച ഇന്ത്യൻ സിനിമയിൽനിന്നും വളരെ വിഭിന്നമായി ഒരു പുതിയ തലമുറയുടെ മറാഠി സിനിമകൾ ഉയർന്നു വരുന്ന ആശ്വാസകരമായ കാഴ്ചയും IFFKയിൽ കാണുവാൻ സാധിച്ചു.

sudheesh kottembram said...

aafrican film ezra kandirunnille sajeeshetta?

നഗ്നന്‍ said...

അസൂയമൂത്ത് അഭിനന്ദിയ്ക്കാൻ പോലും പറ്റുന്നില്ല.
ഭാഗ്യവാൻ.

Post a Comment