Friday, January 1, 2010

സിനിമയുടെ പുതിയ ദൈവങ്ങള്‍ക്ക് ചില സ്തുതിഗീതങ്ങള്‍


സമകാലിക ലോകസിനിമയെക്കുറിച്ച് കുറ്റകരമായ മൌനം പാലിക്കുന്ന അവസ്ഥയെ മറികടക്കാനുള്ള ഒരു ശ്രമമാണ് എന്റെ ഏറ്റവും പുതിയ പുസ്തകം. അന്താരാഷ്ട്ര ചലച്ചിത്രമേളകളും ഡി.വി.ഡി വിപ്ലവവും ഇന്റര്‍നെറ്റിലെ സിനിമാക്കാഴ്ചകളും സാധ്യമാക്കിയ അനുഭവാന്തരീക്ഷത്തിന്റെ ഉപലബ്ധികളാണ് ഇതിലെ ലേഖനങ്ങള്‍. കുറസോവക്കും ഫെല്ലിനിക്കും ഗൊദാര്‍ദിനും ബര്‍ഗ്മാനുമൊക്കെ ശേഷം വന്ന പുതിയ ദൈവങ്ങള്‍ക്കുള്ള പ്രണാമമാണ് ഈ പുസ്തകം.
മലയാളത്തില്‍ ലഭ്യമായ ചലച്ചിത്രഗ്രന്ഥങ്ങളെല്ലാം ക്ലാസിക്കുകള്‍ പിറന്ന സവിശേഷമായ ദശാസന്ധിയുടെ ചരിത്രരേഖകളാണ്. ഇരുപതാം നൂറ്റാണ്ടിന്റെ കലയെ അവ സമഗ്രമായി പരിചയപ്പെടുത്തി. ഫ്രഞ്ച് ന്യൂവേവ്, ഇറ്റാലിയന്‍ നിയോ റിയലിസം തുടങ്ങിയ തരംഗങ്ങള്‍ തിരശãീലയില്‍ സൃഷ്ടിച്ച പ്രകമ്പനങ്ങളെ ആഴത്തില്‍ വിലയിരുത്തുന്ന ലാവണ്യശാസ്ത്രപരമായ പഠനങ്ങള്‍കൊണ്ട് സമ്പന്നമായിരുന്നു ഈ ഗ്രന്ഥങ്ങള്‍. കേരളത്തിന്റെ ചലച്ചിത്ര സാക്ഷരതയെ പരിപോഷിപ്പിക്കുന്നതിലും ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് സാംസ്കാരികോര്‍ജം പകരുന്നതിലും അവ നിര്‍ണായകമായ പങ്കുവഹിച്ചു. അങ്ങനെ ഗൊദാര്‍ദും കുറസോവയും ഫെല്ലിനിയും ബര്‍ഗ്മാനും ഡിസിക്കയും നമ്മുടെ വീട്ടുമുറ്റത്തുകൂടെ വഴിനടന്നു. എന്നാല്‍, ആഗോളീകരണവും അധിനിവേശങ്ങളില്‍ അധിഷ്ഠിതമായ നവലോകക്രമവും ചേര്‍ന്ന് തകര്‍ത്തെറിഞ്ഞ പുതിയ കാലത്തിന്റെ നേരുകളെ അഭ്രപാളിയില്‍ അടയാളപ്പെടുത്തുന്ന നവതലമുറ ചലച്ചിത്രകാരന്മാരെ അടുത്തറിയാന്‍ സഹായിക്കുന്ന ഗ്രന്ഥങ്ങള്‍ മലയാളത്തില്‍ പരിമിതമാണ്. മധ്യവര്‍ഗത്തിന്റെ ഡി.വി.ഡി ഷെല്‍ഫുകളില്‍ ഞെരുങ്ങിക്കിടക്കുന്ന ഈ പ്രതിഭകളുടെ രാഷ്ട്രീയ സമീപനങ്ങളും ദൃശ്യപരിചരണരീതികളും നമ്മുടെ ചലച്ചിത്ര സാഹിത്യത്തില്‍ വേണ്ടവിധം അപഗ്രഥിക്കപ്പെട്ടിട്ടില്ല. വിദേശചിത്രങ്ങളുടെ പൂര്‍ണമായ ആസ്വാദനത്തിന് പുസ്തകം ഒരനിവാര്യതയല്ലാതാക്കുന്ന വിധം ഡി.വി.ഡി വിപ്ലവം നമ്മുടെ കാഴ്ചാശീലങ്ങളില്‍ ചില തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട് എന്നത് ഒരു യാഥാര്‍ഥ്യമാണ്. സംവിധായകനുമായുള്ള അഭിമുഖം, കഥയുടെ സംക്ഷിപ്തവിവരണം തുടങ്ങിയ സ്പെഷല്‍ ഫീച്ചേഴ്സ്, ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോയ ദൃശ്യങ്ങള്‍ ആവര്‍ത്തിച്ചു കാണാനുള്ള അയത്നലളിതമായ സാങ്കേതിക സൌകര്യങ്ങള്‍ എന്നിവ കാരണം, പഴയ ഫിലിം സൊസൈറ്റി കാലത്തെ പൊട്ടലും ചീറ്റലും നിറഞ്ഞ, സ്ക്രാച് വീണ പ്രിന്റുകളുടെ ഒറ്റക്കാഴ്ചയുടെ പരിമിതികള്‍ ഇന്നില്ല. എങ്കിലും സിനിമ എന്ന മാധ്യമത്തെയും അതിന്റെ രാഷ്ട്രീയത്തെയും സംബന്ധിച്ച ഗൌരവമായ വിചാരങ്ങള്‍ പങ്കുവെക്കുന്ന സംവാദാത്മകമായ ഒരു ചലച്ചിത്ര കൂട്ടായ്മക്ക് രൂപംകൊടുക്കുന്നതില്‍ ചലച്ചിത്രസാഹിത്യത്തിന് നിര്‍ണായകമായ പങ്കുവഹിക്കാനുണ്ട്. നമ്മുടെ ചലച്ചിത്രമേളകളില്‍ യുവത്വത്തിന്റെ സാന്നിധ്യം വര്‍ധിച്ചുവരുകയും പ്ലസ്ടു ഉള്‍പ്പെടെയുള്ള കോഴ്സുകളുടെ പാഠ്യപദ്ധതിയില്‍ സിനിമയെ ഉള്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് അക്കാദമിക് താല്‍പര്യമുയരുകയും ചെയ്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും. ആ വഴിക്കുള്ള ശ്രമമാണ് ഈ പുസ്തകം. ഭൂപടത്തില്‍ ചോര കൊണ്ട് നനഞ്ഞ് നിറം കൊടുക്കാന്‍ മറന്നുപോയ ദേശങ്ങളിലെ ജീവിതങ്ങള്‍ക്കുള്ള സ്മാരകങ്ങളാണ് അവിടങ്ങളില്‍നിന്നുള്ള ദൃശ്യശില്‍പങ്ങള്‍. അവയിലൂടെ കടന്നുപോവാന്‍ നിങ്ങളെയും ക്ഷണിക്കുന്നു.
ദൃശ്യദേശങ്ങളുടെ ഭൂപടം(ചലച്ചിത്രപഠനം)
പേജ് :182
വില: 100.00
പ്രസാധനം: ഡി.സി. ബുക്സ്

2 comments:

Post a Comment