Friday, January 8, 2010

ക്ഷുദ്രഭാവനകളേ വിട

മേരി ഷെല്ലി പതിനെട്ടാം വയസ്സില്‍ ഒരു നോവലെഴുതി. 1818ല്‍ പ്രസിദ്ധീകരിച്ച ആ ക്ലാസിക്കിന്റെ പേര് 'ഫ്രാങ്കന്‍സ്റ്റൈന്‍'. മനുഷ്യനേക്കാള്‍ പ്രബലനായ മനുഷ്യനെ സൃഷ്ടിക്കാന്‍ അഹോരാത്രം വിയര്‍പ്പൊഴുക്കിയ വിക്ടര്‍ ഫ്രാങ്കന്‍സ്റ്റൈന്‍ എന്ന ശാസ്ത്രജ്ഞന്റെ കഥയായിരുന്നു അത്. ശവങ്ങളുടെ അവയവഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് അയാള്‍ അതിമാനുഷനായ ഒരു സത്വത്തെ സൃഷ്ടിക്കുന്നു. പക്ഷേ ആ ഭീകരരൂപത്തിന്റെ പിറവിയില്‍ സ്രഷ്ടാവിന് പിന്നീട് പശ്ചാത്തപിക്കേണ്ടി വരുന്നു.
മലയാള സിനിമയിലെ വിക്ടര്‍ ഫ്രാങ്കന്‍സ്റ്റൈന്‍ ആണ് രഞ്ജിത്ത്. മനുഷ്യനേക്കാള്‍ പ്രബലനായ മനുഷ്യനെ അദ്ദേഹവും സൃഷ്ടിച്ചു. അതിന്റെ പേരില്‍ ഇപ്പോള്‍ അദ്ദേഹം പശ്ചാത്തപിച്ചു തുടങ്ങിയിരിക്കുന്നുവെന്നാണ് സമീപകാല സിനിമകള്‍ സൂചിപ്പിക്കുന്നത്. 'ദേവാസുര'ത്തില്‍ തുടങ്ങിയെങ്കിലും 'നരസിംഹ'ത്തിലാണ് ആ സത്വത്തിന്റെ വിശ്വരൂപം നാം കണ്ടത്.
മീശ നന്നായി പിരിക്കാനറിയണം, തുടയിലെ രോമങ്ങള്‍ കാണുന്ന വിധം മുണ്ടു മടക്കിക്കുത്താനറിയണം, അത്യാവശ്യം നന്നായി ആഘോഷിച്ചുകൊണ്ടുതന്നെ ഒന്നു മിനുങ്ങാനറിയണം, (കാമുകിക്കൊപ്പം കുളപ്പടവിലിരിക്കുമ്പോള്‍ സംഗതി ഡയല്യൂട്ട് ചെയ്യാന്‍ മിനറല്‍ വാട്ടര്‍ ഇല്ലെങ്കില്‍ നേരെ കലാപരമായ ഒരു കൈയടക്കത്തോടെ പാതി നിറച്ച ഗ്ലാസ് ചെരിച്ച് കുളത്തിലെ വെള്ളം കോരിയെടുക്കാന്‍ അറിയുന്നത് നന്ന്. കുളത്തിലെ വെള്ളത്തിന്റെ നടുവില്‍ പീഠമിട്ടിരുന്ന് മണ്‍കുടത്തില്‍ നാടനും വിദേശനും നിറച്ച് ഒരു ധ്യാനത്തിന്റെ പൂര്‍ണതയോടെ പാതി കണ്ണുകള്‍ കൂമ്പിയടച്ച് സേവിക്കാന്‍ അറിഞ്ഞാല്‍ ബെസ്റ്റ് കണ്ണാ ബെസ്റ്റ്) പിന്നെ അവശ്യം വേണ്ടത് അല്‍പം ക്ലാസിക്കല്‍. അത് ശുദ്ധപാലക്കാടന്‍ അയ്യരെപ്പോലെ വാപൊളിച്ചു പാടുന്ന കര്‍ണാട്ടിക് പോരാ. നല്ല തോതില്‍ ഹിന്ദുസ്ഥാനിയും അറിഞ്ഞിരിക്കണം. ഇടക്കിടെ സ്ഥാനത്തും അസ്ഥാനത്തും ശെമ്മാങ്കുടിയോ താന്‍സനോ ആണെന്ന് തെളിയിച്ചുകൊണ്ടിരിക്കണം. നെഞ്ചിന്‍കൂടു കലക്കുന്ന വിധം തൊഴിക്കാനറിയണം. വില്ലന്റെ നെഞ്ചത്ത് ചവിട്ടുന്നതില്‍ പ്രത്യേക പ്രാവീണ്യം സിദ്ധിച്ചിരിക്കണം. അവന്റെ അപ്പനപ്പൂപ്പന്‍മാരെ തെറി പറയണം. ഇത്രയുമായിരുന്നു ഇത്രയും കാലം രഞ്ജിത്തിന്റെ മാതൃകാ നായകന്റെ അടിസ്ഥാന യോഗ്യതകള്‍. പേരുകളില്‍ മാത്രമേ മാറ്റമുള്ളൂ. കഥാപാത്രങ്ങള്‍ക്കെല്ലാം ഒരേ രൂപം. ഒരേ ഭാവം. സ്തോഭചലനങ്ങള്‍ക്കനുസരിച്ചു വലിഞ്ഞു മുറുകുന്ന മുഖപേശികള്‍ക്കു പോലുമുണ്ടായിരുന്നു ഒരേ താളം, തരംഗദൈര്‍ഘ്യം. ഈ പുതിയ അവതാരത്തിന്റെ വിശ്വരൂപം കണ്ട് മലയാളി പ്രേക്ഷകന്‍ വിസ്മയിച്ചുപോയി എന്നത് ശരിയാണ്. പക്ഷേ പിന്നീട് അവതാരം സ്രഷ്ടാവിന്റെ കൈവിട്ട് വിശാലമായ ഒരു ഭൂമികയിലേക്കു പടര്‍ന്നു. ശരിക്കും ഒരു ഫ്രാങ്കന്‍സ്റ്റൈന്‍ മോണ്‍സ്റ്റര്‍. കാണുന്ന പടങ്ങളിലെല്ലാം ലാലേട്ടന്‍ അവതാരവേഷമാടി. ഷെഡില്‍ കയറും എന്ന ഘട്ടം വന്നപ്പോള്‍ ലാലേട്ടന്‍ അതങ്ങു നിര്‍ത്തി. 'പ്രജാപതി' പോലെയുള്ള ചിത്രങ്ങളില്‍ ഇതേ കുപ്പായമിടീച്ച് മമ്മൂട്ടിയെ ഷെഡില്‍ കയറ്റാനും ഒരു ശ്രമം നടന്നു.
ഇനിയിപ്പോള്‍ രഞ്ജിത്തിന് ചുവടുമാറ്റത്തിന്റെ കാലം. അദ്ദേഹം തന്റെ ക്ഷുദ്രഭാവനകളോട് വിട പറയുന്നതിന്റെ ലക്ഷണങ്ങള്‍ കാണുന്നു. അതിന്റെ തുടക്കം 'തിരക്കഥ'യിലായിരുന്നു. സിനിമ എന്ന മാധ്യമത്തെ അല്‍പസ്വല്‍പം ഗൌരവത്തോടെ കാണുന്ന സംരംഭം. മുണ്ടുപൊക്കുകയും മീശ പിരിക്കുകയും ചെയ്യുന്നവരല്ലാത്ത ചിലരും സമൂഹത്തിലുണ്ടെന്ന് രഞ്ജിത്തിനറിയാമെന്ന ഞെട്ടിക്കുന്ന യാഥാര്‍ഥ്യം പ്രേക്ഷകനു മനസ്സിലായി. ഗുരുവായൂര്‍ അമ്പലത്തിന്റെ കോര്‍പറേറ്റ് അഡ്വര്‍ട്ടൈസിംഗ് ആയ 'നന്ദനം' പോലുള്ള സാത്വിക സിനിമകളില്‍നിന്നും കുറച്ചുകൂടി മുന്നോട്ടുവന്നു രഞ്ജിത്ത്. പിന്നെ 'കേരള കഫേ' എന്ന സംരംഭം. പത്തു ചിത്രങ്ങളില്‍ മൂന്നെണ്ണമെങ്കിലും നന്നായിരുന്നു. ഇങ്ങനെയൊരു പരീക്ഷണസംരംഭത്തിന് ചങ്കൂറ്റം കാണിച്ച രഞ്ജിത്തിനെ അഭിനന്ദിക്കുക തന്നെ വേണം. കേരള കഫേയുടെ ആദ്യപ്രദര്‍ശനങ്ങില്‍ കൂവി വിളിച്ചത് രഞ്ജിത്ത് തന്നെ കുടം തുറന്നുവിട്ട, മംഗലശേãരി നീലകണ്ഠനെ പ്രതീക്ഷിച്ചു വന്ന പ്രേക്ഷകരായിരുന്നുവെന്ന ലതീഷ് മോഹന്റെ നിരീക്ഷണം അദ്ദേഹം വായിച്ചിട്ടുണ്ടാവും. അപ്പോള്‍ നല്ല സിനിമയിലേക്ക് നടന്നുവരുന്ന രഞ്ജിത്ത് ഇനി നേരിടേണ്ടത് താന്‍ തന്നെ സൃഷ്ടിച്ച മംഗലശേãരി നീലകണ്ഠനെയാണ്. വിക്ടര്‍ ഫ്രാങ്കന്‍സ്റ്റൈന്‍ താന്‍ സൃഷ്ടിച്ച സത്വത്തെ നേരിട്ടതുപോലെ.
'തിരക്കഥ' പോലെ 'കേരള കഫേ' പോലെ, രഞ്ജിത്തിന്റെ ഏറ്റവും പുതിയ സംരംഭമായ 'പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ'യും പുതിയ പശ്ചാത്താപങ്ങളുടെ ഉപോല്‍പന്നമാണ്. ഒരു കാലഘട്ടം ഇതില്‍ പുനര്‍ജനിക്കുന്നുണ്ട്. എന്റെ വീട്ടില്‍നിന്നും പത്തുപന്ത്രണ്ടു കിലോമീറ്റര്‍ അകലെയാണ് പാലേരി. അവിടത്തെ നാട്ടുവഴികള്‍, ഭാഷ, വേഷം എല്ലാം ചിത്രത്തിലുണ്ട്. സിദ്ദിഖിനെപ്പോലുള്ള തെക്കന്മാര്‍ക്ക് ഞങ്ങളുടെ നാട്ടിന്റെ വാമൊഴിവഴക്കങ്ങള്‍ വേണ്ടത്ര വഴങ്ങുന്നില്ലെങ്കിലും. ടി.പി. രാജീവന്റെ നോവലില്‍നിന്നു വേറിട്ട ചില കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും കൂട്ടിച്ചേര്‍ത്ത് തിരക്കഥയൊരുക്കിയതും രഞ്ജിത്തിന്റെ മിടുക്ക്. മമ്മൂട്ടിയില്‍ ഇനിയും നാം കണ്ടിട്ടില്ലാത്ത വിസ്മയങ്ങള്‍ ബാക്കിക്കിടക്കുന്നു എന്ന് ചില ഭാവപ്രകടനങ്ങളിലൂടെ അദ്ദേഹം വെളിവാക്കിത്തരുന്നു.
ഇനി നല്ല സിനിമകള്‍ രഞ്ജിത്തില്‍നിന്ന് പ്രതീക്ഷിക്കാം എന്ന ഭീഷണി ഒളിഞ്ഞിരിപ്പുണ്ട് അദ്ദേഹത്തിന്റെ സമീപകാല സിനിമകളില്‍. മംഗലശേãരി നീലകണ്ഠന്റെ ബാധ ഒഴിപ്പിക്കാന്‍ ഇതുപോലെ കുറേ വിശുദ്ധതീര്‍ഥങ്ങളില്‍ അദ്ദേഹം നീന്തിക്കയറുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

12 comments:

nallapreman said...
This comment has been removed by the author.
nallapreman said...

മംഗലശേരിയില്‍ ഇത്ര കാലം നില്ക്കണൊ... നമ്മളും?

Dhanush | ധനുഷ് said...

രഞ്ജിത്ത് ശരിക്കും ഒരു പ്രതീക്ഷയാണ്. നല്ല മലയാള സിനിമയുടെ പ്രതീക്ഷ. ഇതേ രഞ്ജിത് എങ്ങനെ അല്ലങ്കില്‍ എന്തിന് റോക്ക് ആന്‍ റോള്‍, പ്രജാപതി പോലുള്ള ചിത്രങ്ങള്‍ എടുക്കുന്നു.

k.a.saifudeen said...

mangalasshery sajeesh....

ചേച്ചിപ്പെണ്ണ് said...

vasthunishtamayi ezhuthiyirikkunnu .... Congrats.
pinne bharya enthu paranju
(Abt film) ennariyan kouthukamund...

I can't copy paste malayalam in ur comment box why ?

N P Sajeesh said...

ചേച്ചിപ്പെണ്ണേ, കമന്റ് ബോക്സിന് എന്തു പറ്റി എന്നറിയില്ല. എന്നാലും ഇംഗ്ലീഷില്‍ കമന്റാമല്ലോ. ഭാര്യക്കും മാണിക്യത്തെ ഇഷ്ടപ്പെട്ടു. അതുകൊണ്ട് ഇനി ധൈര്യമായി ഇത്തരം സിനിമകള്‍ക്കു കൊണ്ടുപോവാം.

സാംഷ്യ റോഷ്|samshya roge said...

രഞ്ജിത്ത് എന്നും നല്ല ഒരു കഥാകാരനും സംവിധായകനും ആണെന്ന് കരുതുന്ന ഒരാളാണ് ഞാന്‍. ദേവാസുരം ശരിക്കും രഞ്ജിത്തിന്റെ മലയാള സിനിമക്കുള്ള സംഭാവന തന്നെയാണ്. അത്രയ്ക്ക് വ്യത്യസ്തമായ ഒരു നായകന്‍ അതിനു മുന്‍പ്‌ നമുക്കുണ്ടായിരുന്നോ?
പക്ഷെ പിന്നീട് വന്ന അലമ്പുകളെല്ലാം തന്നെ ഒരു കോമ്പ്രമൈസ് എന്ന് വിശ്വസിക്കാനാണിഷ്ടം. പിന്നെ യാഥാര്‍ത്ഥ രഞ്ജിത്തിനെ നമ്മള്‍ കണ്ടു തുടങ്ങിയത്, 'തിരക്കഥ'യ്ക്കും മുന്‍പ് 'കയ്യൊപ്പി'ലല്ലേ?

പുതു കവിത said...

nalla thiricharivukal....

C R said...

kayyoppu marakkaruthu

കിഷോര്‍ലാല്‍ പറക്കാട്ട് said...

films like summer in betlahem, georgekutti c/o georgekutti, peruvannapurathe visheshangal, nanma niranjavan sreenivasan.. are also from ranjith.. so you must admit he is good at screenwriting for all kinds of generes.. and that makes him one of the best..

vijay said...

sajeesh pls change this black background....

പ്രദീപ്‌ said...

ഞാന്‍ ആ രഞ്ജിത്തിനെ ഭ്രാന്തമായി ഇഷ്ടപ്പെടുന്ന ഒരാളാണ് . അയാളുടെ എല്ലാ സൃഷ്ടിയും ഒരു ഭ്രാന്തമായ ഇഷ്ടത്തോടെ ഞാന്‍ കാണാറുണ്ട്‌ . എനിക്കേറ്റവും ഇഷ്ടപ്പെട്ട രഞ്ജിത്ത് സിനിമ ഒരു പക്ഷെ "മിഴി രണ്ടിലും " ആയിരിക്കും .

Post a Comment