Sunday, May 16, 2010

അന്തിക്കാട്ടുകാരന്റെ വിശുദ്ധയുദ്ധങ്ങള്‍


ശോഭന പരമേശ്വരന്‍ നായര്‍ പറഞ്ഞ കഥയാണ്. പത്തമ്പതുകൊല്ലം മുമ്പ് 'നീലക്കുയില്‍' ചിത്രീകരിക്കുന്ന കാലം. ടി.കെ പരീക്കുട്ടി സാഹീബാണ് നിര്‍മാതാവ്. ഭാസ്കരന്‍ മാഷിന്റെ 'കായലരികത്ത്....'എന്ന പാട്ട് ചിത്രീകരിക്കുകയാണ്. കുടവുമായ് പുഴക്കടവില്‍ വന്ന് തന്നെ തടവിലാക്കിയ സുന്ദരിയോട് ഒടുവില്‍ തന്നെ സങ്കടപ്പുഴ നടുവിലാക്കരുതെന്ന് കേണു പറയുകയാണ് കാതരനായ കാമുകന്‍. മുസ്ലിം വേഷം ധരിച്ച പെണ്‍കുട്ടി തലയില്‍ കുടവും വെള്ളവും വെച്ച് കടന്നുപോവുന്ന രംഗമുണ്ട് ഗാനത്തില്‍. അതു കണ്ട് പരീക്കുട്ടി സാഹിബ് പ്രശ്നമുണ്ടാക്കി.
''നിങ്ങളെന്ത് ഭ്രാന്താ ഈ കാണിക്കുന്നത്? ഞാന്‍ കൊച്ചിയില്‍ ജീവിക്കേണ്ടതാണ്. ഇതെങ്ങാനും സ്ക്രീനില്‍ കണ്ടാല്‍ സ്ക്രീന്‍ കുത്തിക്കീറും.''
ഭാസ്കരന്‍ മാഷും രാമു കാര്യാട്ടും ചാടീയെണീറ്റ് പറഞ്ഞു:
''കീറുന്നെങ്കില്‍ കീറട്ടെ. നമുക്ക് കാണാമല്ലോ.''
സംവിധായകരുടെ ധൈര്യം നിര്‍മാതാവിന് ഉണ്ടായിരുന്നില്ല.
''നിങ്ങളുടെ വീടല്ല എന്റെ വീടാ അവര് തകര്‍ക്കുക. ഞാനീ കൊച്ചിയില്‍ വഞ്ചിക്കാരുടെ ഇടയില്‍ ജീവിക്കണം.''''എന്റെ പരീക്കുട്ടി സായ്വേ, ഒന്നും സംഭവിക്കുകയില്ല. സമാധാനമായിട്ടിരിക്ക്.''
അവസാനം സാഹിബ് കീഴടങ്ങി. തൃശൂര്‍ ജോസില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന ആദ്യ ദിവസം ഈ പാട്ടിന്റെ സീന്‍ വരുമ്പോള്‍ ജനങ്ങള്‍ ഹസ്താരവം മുഴക്കി. പരീക്കുട്ടി സാഹിബിന് സന്തോഷമായി. അതിനു ശേഷമാണ് കുട്ടിക്കുപ്പായം, ഉമ്മ, അയിഷ തുടങ്ങിയ സിനിമകളെല്ലാം വരുന്നത്. മാപ്പിളപ്പാട്ട് സിനിമയുടെ അവിഭാജ്യഘടകമായിത്തീര്‍ന്നത്. പല ആശങ്കകളും വെറുതെയാണെന്ന് 'നീലക്കുയിലി'ലെ ഈ ഒരൊറ്റ ഷോട്ട് ബോധ്യപ്പെടുത്തിയതായി ശോഭനാ പരമേശ്വരന്‍ നായര്‍ പറഞ്ഞിട്ടുണ്ട്.
പിന്നീടിങ്ങോട്ട് മുസ്ലിം സാമൂഹിക ജീവിതം പ്രമേയമായി നിരവധി സിനിമകള്‍ വന്നു. പരീക്കുട്ടി സാഹീബും പരമേശ്വരന്‍ നായരും ഒരുമിച്ച് ഉണ്ടും ഉറങ്ങിയും നല്ല സിനിമകള്‍ ഉണ്ടാക്കിയതുപോലെ വേലിക്കരികില്‍ വന്ന് ചോറും കറിയും ഉപ്പും മുളകും കൈമാറി ഇവിടെ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ജീവിച്ചുപോന്നു. ബേപ്പൂര്‍ സുല്‍ത്താന്‍ പറഞ്ഞതുപോലെ 'സൂര്യനും ഭയങ്കര സന്തോഷത്തോടെ ഉദിച്ചു.' അതിനിടെ ചിറയിന്‍കീഴുകാരന്‍ അബ്ദുല്‍ ഖാദര്‍ പ്രേംനസീറായി. ഒരു മാപ്പിളക്കും എഴുതാന്‍ കഴിയാത്ത അത്രയും മാധുര്യമുള്ള മാപ്പിളപ്പാട്ടുകള്‍ ഭാസ്കരന്‍ മാഷ് എഴുതി. രാഘവന്‍ മാഷും ദേവരാജന്‍ മാഷും ബാബുരാജും ഈണമിട്ട മാപ്പിളപ്പാട്ടുകള്‍ യേശുദാസും ജാനകിയും സുശീലയും പാടി. കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ പാണപ്പറമ്പില്‍ ഇസ്മായില്‍ മുഹമ്മദ് കുട്ടി മമ്മൂട്ടിയായി. പാലാക്കാരന്‍ അച്ചായനായും വടക്കന്‍പാട്ടിലെ ചന്തുവായും മുഹമ്മദ് കുട്ടി വേഷങ്ങള്‍ മാറിമാറിയണിഞ്ഞു. ആരും അതില്‍ അപാകത കണ്ടില്ല. എന്നാല്‍ ഇടക്കാലത്ത് മലയാള സിനിമ മുസ്ലിമിനോട് തുറന്ന യുദ്ധം പ്രഖ്യാപിച്ചു. അദ്വാനി എയര്‍കണ്ടീഷന്‍ ചെയ്ത ടാറ്റാ സുമോയില്‍ രഥയാത്ര തുടങ്ങിയ കാലത്തു തന്നെ അത് തുടങ്ങി. ഓരോ ഹിന്ദുവിന്റെയും ഉള്ളില്‍ ഉറങ്ങിക്കിടന്ന ഫാഷിസ്റ്റിനെ ഈ സിനിമകള്‍ തൊട്ടുണര്‍ത്തി. പല കലാകാരന്മാരും കുഴലൂതി. കുറച്ചു കാലം കഴിഞ്ഞപ്പോള്‍ ആവര്‍ത്തന വിരസത കാരണം മലയാള സിനിമയുടെ വിശുദ്ധയുദ്ധത്തിന് വീര്യം കുറഞ്ഞു.
തീര്‍ന്നുവെന്നു കരുതിയ വിശുദ്ധയുദ്ധം അന്തിക്കാടു നിന്നും വീണ്ടും പൊട്ടിപ്പുറപ്പെടുകയാണ്. ലൌ ജിഹാദിന്റെ കാലമാണല്ലോ എന്ന് സത്യന്‍ അന്തിക്കാടിന്റെ പുതിയ സിനിമയില്‍ കോടതി വരാന്തയില്‍ നിന്ന് മനുജോസ് പറയുന്നു. ഊഹാപോഹങ്ങള്‍ വാര്‍ത്തകളാക്കുന്ന ചാരുകസേര ജേണലിസത്തിന്റെ ഉപോല്‍പ്പന്നമായ ഒരു സംജ്ഞ കേട്ടപ്പോള്‍ അതു തന്നെയാവാം അമ്പതാമത്തെ സിനിമയുടെ പ്രമേയം എന്ന് സത്യന്‍ സര്‍ തീരുമാനിച്ചു. അങ്ങനെ ഉണ്ടായതാണ് 'കഥ തുടരുന്നു' എന്ന കഥ. കേരളീയ സാമൂഹിക ജീവിതത്തെ റിയലിസ്റ്റിക് ആയി അവതരിപ്പിച്ച സംവിധായകനാണ്. സ്വന്തമായി എഴുത്തു തുടങ്ങിയപ്പോള്‍ അന്തവുമില്ല കുന്തവുമില്ല എന്ന അവസ്ഥയായി. സ്വന്തം പച്ചക്കറിക്കട എപ്പോള്‍ തുറന്നാലും ആളുകൂടും എന്ന തിരിച്ചറിവുണ്ട്. അതുകൊണ്ട് സ്വയം എഴുതുന്നു, സിനിമയുണ്ടാക്കുന്നു. മസാലകള്‍ നിറഞ്ഞ പോക്കിരിരാജകള്‍ കണ്ട് വശംകെട്ട് പരവശരായ കാണികള്‍ ഹതാശരായി പച്ചക്കറിപ്പീടികയിലേക്കു തന്നെ തിരിച്ചെത്തുന്നു.
ആദ്യത്തെ കുറച്ചു സീനുകള്‍ കണ്ടാല്‍ വ്യത്യസ്തമായ ഒരു സത്യന്‍സിനിമയാണെന്നൊക്കെ തോന്നിപ്പോവും. പിന്നെ ഓരോ സീന്‍ വരുമ്പോഴും ഇന്നസെന്റ് വരുന്നു, കെ.പി.എ.സി ലളിത വരുന്നു, മാമുക്കോയ വരുന്നു, അങ്ങനെ ഒരു ടിപ്പിക്കല്‍ സത്യന്‍ സിനിമയായി മാറുന്നു.
പറഞ്ഞു വന്നത് അന്തിക്കാട്ടുകാരനും വിശുദ്ധയുദ്ധം തുടങ്ങി എന്നാണ്. 'വിനോദയാത്ര'യില്‍ പച്ച അരപ്പട്ട കെട്ടിയ മാപ്പിള(ഏതു കാലത്തെ കഥയാണാവോ? ആ അരപ്പട്ട അവര്‍ അഴിച്ചെറിഞ്ഞിട്ട് കാലമെത്രയായി?) വര്‍ഗീയലഹളക്കിടെ അച്ഛനെ കുത്തിയതാണ് മീരാ ജാസ്മിന്റെ വേദന. ഇവിടെ ഷാനവാസിനെ കെട്ടിയ വിദ്യാലക്ഷ്മിയുടെ കുഞ്ഞിനെ ഇസ്ലാമായി വളര്‍ത്താന്‍ ഷാനവാസിന്റെ കുടുംബം ഇറങ്ങിക്കളിക്കുകയാണ്. അക്രമികളില്‍നിന്ന് രക്ഷ നേടാന്‍ വിദ്യ വിദേശത്തേക്ക് രക്ഷപ്പെടുന്നു. (സ്വന്തം കുഞ്ഞിനെയും കൊണ്ട് ജീവിക്കാന്‍ മുസ്ലിമായ ഭര്‍ത്താവിന്റെ കുടുംബം അനുവദിക്കാത്തതുകൊണ്ട് ഡോക്ടറായ ഒരു യുവതിക്ക് നാടുവിട്ടുപോവേണ്ട സാഹചര്യമുണ്ടോ സര്‍ ഈ കേരളത്തില്‍?) ഗുജറാത്ത് കലാപത്തില്‍ നിന്ന് രക്ഷപ്പെട്ട് ഒരു പെണ്‍കുട്ടി കേരളത്തിലെത്തിയാല്‍ ഇവിടത്തെ മുസ്ലിംകള്‍ അവളെ പീഡിപ്പിച്ച് കൊല്ലാക്കൊല ചെയ്തുകളയും എന്നൊരു മുന്നറിയിപ്പു തന്നത് ടി.വി ചന്ദ്രനും ആര്യാടന്‍ ഷൌക്കത്തും ചേര്‍ന്നാണ്. സത്യന്‍സര്‍ ഇത്ര പെട്ടെന്ന് ലൌജിഹാദ് വിഷയമാക്കിയത് ഷൌക്കത്തിന് അടിയായി. ഹൈന്ദവകേരളം വെബ്സൈറ്റിലും മറ്റും കാണുന്ന കേരളീയ യാഥാര്‍ഥ്യങ്ങള്‍ ഒക്കെ അന്നന്നേരം കലാകൌമുദിയും മനോരമപ്പത്രവും ഫീച്ചറാക്കുന്നുണ്ടല്ലോ.
പ്രിയപ്പെട്ട സത്യന്‍ സര്‍, ഒരു മുസ്ലിമും സിനിമയില്‍ വില്ലനാവരുത് എന്നല്ല പറഞ്ഞതിന്റെ അര്‍ഥം. ഒരു പൊതുസമൂഹത്തിലേക്ക് വിനിമയം ചെയ്യപ്പെടുന്ന ചില സന്ദേശങ്ങളെങ്കിലും വിപല്‍സന്ദേശങ്ങളാവുന്നുണ്ട് എന്നാണ്. ഹിന്ദു തീവ്രവാദം പോലെ തന്നെ അപകടകരമാണ് മുസ്ലിം തീവ്രവാദവും. അവക്കെതിരെ വിശുദ്ധയുദ്ധം തന്നെ വേണം. അതില്‍ ആര്‍ക്കുമില്ല തര്‍ക്കും. പക്ഷേ പ്രശ്നം അതല്ല. താങ്കളുടെ സിനിമ കേരളത്തില്‍നിന്ന് തുരത്തിയത് വിദ്യാലക്ഷ്മിയെ മാത്രമല്ല. സമാധാനപരമായ സഹവര്‍ത്തിത്വം സാധ്യമാണ് എന്ന യാഥാര്‍ഥ്യത്തെ കൂടിയാണ്. ഒരു സന്ദേശം കൊടുക്കുമ്പോള്‍ ഒന്നു കരുതിയിരിക്കേണ്ടേ സര്‍? പ്രത്യേകിച്ചും മനുഷ്യര്‍ക്കിടയില്‍ പിളര്‍പ്പുണ്ടാക്കാന്‍ ബൌദ്ധിക ജിഹാദികള്‍ തക്കം പാര്‍ത്തിരിക്കുന്ന ഈ കെട്ട കാലത്ത്.?
തീവ്രവാദികളുടെ പ്രചണ്ഡമായ പ്രചാരവേലകള്‍ക്ക് സ്വന്തം സംഭാവന കൂടി വേണമായിരുന്നോ എന്ന് ഒന്ന് ആലോചിച്ചു നോക്കണം സര്‍. ചാനല്‍ചര്‍ച്ചകള്‍ ഒഴിഞ്ഞ നേരത്ത്, അന്തിക്കാട്ടെ വയല്‍വരമ്പിലൂടെ ഗൃഹാതുരനായി നടക്കുമ്പോള്‍ വെറുതെ ഒന്ന് ചിന്തിച്ചുനോക്കണം സര്‍.

22 comments:

Mammootty Fans said...
This comment has been removed by the author.
b Studio said...

കൊള്ളാം ....

പിന്നെ ചിന്തിക്കാനുള്ള കഴിവ് സത്യൻ അന്തിക്കാടിനു ഉണ്ടായിരുന്നെങ്കിൽ അച്ചുവിന്റെ അമ്മക്കു ശേഷം ഒരു സത്യൻ സിനിമ പോലും ഉണ്ടാവില്ലായിരുന്നു..

prekshakan said...

അന്തിക്കാട് സവര്‍ണ വര്‍ഗീയതയുടെ കാവി പുതച്ചു തുടങ്ങുന്നത് ഞെട്ടലോടെയേ സാധാരണ മലയാളി പ്രേക്ഷകന് കാണാനാവൂ. ഇത് സത്യന് സംഭവിച്ച വെറുമൊരു കൈപ്പിഴയാകട്ടെ

Renjith Radhakrishnan said...

athu neru.........

Vinayan said...

രസതന്ത്രം മുതല്‍ അന്തിക്കാട്ടുകാരന്‍ പേനയെടുത്ത് തുടങ്ങിയപ്പോള്‍ 'സത്യന്‍ സിനിമകള്‍' എന്ന പ്രയോഗത്തിന് മരണമണി മുഴങ്ങി.ചിന്താവിഷയം കണ്ടു ചിന്താമഗ്നനായ ഈയുള്ളവന്‍ ആ പേന എക്സ്ചേഞ്ച് ചെയ്യാതെ സിനിമകള്‍ കാണാന്‍ തീയേറ്ററിലേക്കില്ലെന്നു ശപഥവുമെടുത്തു. പക്ഷെ പേനയെടുത്ത് നല്ല സൃഷ്ടികള്‍ മെനയാന്‍ കഴിവുള്ള ആളുകള്‍ എത്ര പേര്‍ ഇന്നുണ്ട്?!. ഒടുവില്‍ ഭാഗ്യദേവത ടിവിയില്‍ കണ്ടപ്പോള്‍ സത്യന്‍ എന്ന എഴുത്തുകാരനോട് വെറുപ്പും തോന്നി. ക്ലൈമാക്സില്‍ ഭാര്യയോട് ഉള്ളില്‍ തട്ടി മാപ്പ് പറയുന്ന നായകന്‍. പക്ഷെ നായകന്‍ ഭാര്യയോട് മാപ്പ് പറയുന്നത് സ്ത്രീധന തുക കിട്ടിയ ശേഷം മാത്രം. പക്ഷെ ആ പച്ചക്കറി സിനിമാ മാര്‍ക്കെറ്റില്‍ നന്നായി വില്‍ക്കപ്പെട്ടു എന്നറിഞ്ഞപ്പോള്‍ അതിശയിച്ചു. എങ്കില്‍ ഈ സിനിമയും വിജയിക്കും!...അല്ലെങ്കില്‍ ബാക്കിയുള്ളവ തോല്‍ക്കുമ്പോള്‍ ഇത് മാത്രം എങ്ങനെയെങ്കിലും കയറും. നേരത്തെ പറഞ്ഞ പച്ചക്കറി മാര്‍ക്കറ്റില്‍....ഗുഡ്‌ റിവ്യൂ...കുറച്ചു പേര്‍ക്ക് അയച്ചു കൊടുക്കണം ഈ വിവരണം.

Shades said...

well said.. u wrote exactly what i feel everytime i see sathyan movies since 'rasathanthram'.

രജീവ് said...

ആ പാടവരമ്പത്തു നിന്ന് ഇയാൾ കയറിപ്പോകതെ ഇനി ഇയാൾടെ സിനിമക്കില്ല എന്നു എത്രയോ മുൻപേ തീരുമാനിച്ചുകഴിഞ്ഞതാണ്.

vijay said...

"ലവ് ജിഹാദ്" എന്നത് കൊണ്ട് പെണ്‍കുട്ടിയെ വിവാഹം ചെയ്തു അവളെ മതം മാറ്റി, സ്വന്തം മതത്തില്‍ ചേര്‍ക്കുക എന്നുള്ളതാണ് എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. ഈ സിനിമയില്‍ വിദ്യാലക്ഷ്മിയെ മുസ്ലിം ആക്കി മാറ്റുവാന്‍ ഷാനവാസോ അയാളുടെ വീട്ടുകാരോ ശ്രമിക്കുന്നുണ്ട് എന്ന് ഞാന്‍ ഓര്‍ക്കുന്നില്ല. പിന്നെ "ലവ് ജിഹാദ്" എന്നത് നേരത്തെ സജീഷ് സൂചിപ്പിച്ച ഒരു സംഭാഷണത്തില്‍ മാത്രമാണ് കടന്നു വരുന്നത് എന്നും തോന്നുന്നു. ഈ പ്രമേയം ആദ്യമായല്ല മലയാള സിനിമയില്‍ വരുന്നത് എന്നും ഓര്‍ക്കേണ്ടതാണ്. കുലംകുഷമായി ചര്‍ച്ച ചെയ്തു ഇഴ കീറി പരിശോധിക്കേണ്ട ഒരു സിനിമ ആണ് ഇത് എന്നും തോന്നുന്നില്ല. വ്യക്തിപരമായി സത്യന്‍ അന്തികാടിന്റെ അടുത്ത കാലത്തെ ചിത്രങ്ങളോട് ഒരു താത്പര്യവും കാണിക്കാത്ത ഒരാളാണ് ഞാന്‍. പിന്നെ താന്തോന്നിതരവും പോക്കിരിതരവും കാണുന്നതിലും ഭേദമാണല്ലോ എന്ന് കരുതിയാണ് ഈ സിനിമയ്ക്കു കയറിയത്. ഈ ചൂടത്ത് രണ്ടു മണിക്കൂര്‍ മടുപ്പില്ലാതെ കാണുവാന്‍ പറ്റിയ ഒരു ചിത്രം എന്നതില്‍ കവിഞ്ഞു ഒന്നും ഈ സിനിമയില്‍ ഇല്ല. അടുത്ത കാലത്ത് ഇറങ്ങിയ "ടി. ഡി. ദാസന്‍" എന്ന ചിത്രത്തെ കുറിച്ച് സജീഷ് നിരൂപണമോ അഭിപ്രായമോ ഒന്നും എഴുതി കണ്ടില്ല. കുറെ കൂടി ആളുകലേക്ക് എത്തി ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു ചിത്രമായിരുന്നു അത് എന്ന് എനിക്ക് തോന്നുന്നു...

വിജയകുമാർ ബ്ലാത്തൂർ said...

തുറന്ന കാഴ്ചകൾ. സന്തോഷം,ഞാൻ ആദ്യമയാണിവിടെ... http://cinemajalakam.blogspot.com/എന്റെ ബ്ലോഗ് ഒന്നു നോക്കണേ

velicham said...

untold truth

ഷാഫി said...

സത്യന്‍ അന്തിക്കാടിനെ മാത്രം പറഞ്ഞിട്ടെന്ത്‌?. പച്ചക്കറിക്കുള്ളിലും ചില മയക്കുമരുന്നുകള്‍ തരംപോലെ കുത്തിക്കയറ്റിയാലേ ചെലവാകൂ എന്ന്‌ സത്യനും തിരിച്ചറിഞ്ഞു അത്ര തന്നെ.
വിനോദയാത്രയിലെ അരപ്പെട്ട കെട്ടിയ, തലയില്‍ ചൈനാത്തൊപ്പി വെച്ച മലപ്പുറത്തുകാരന്‍ പോലീസുകാരന്റെ പള്ളക്കിട്ടു കേറ്റുന്നതു കണ്ടപ്പോള്‍, ഒരു മലപ്പുറം ജീവി എന്ന നിലയില്‍ എനിക്ക്‌ ആ നിമിഷം തോന്നിയത്‌ ആ കത്തി വാങ്ങി സത്യനങ്കിളിന്റെ നെഞ്ച്‌ കുത്തിക്കീറാനാണ്‌... സഹവര്‍ത്തിത്തത്തോടെ ജീവിക്കുന്ന മലപ്പുറത്തെ ഹിന്ദുവിനും മുസ്ലിമിനും ക്രിസ്‌ത്യാനിക്കും ഒരേ വികാരമാണ്‌ ഇത്തരം അറപ്പുളവാക്കുന്ന സീനുകള്‍ കാണുമ്പോഴുണ്ടാവുക എന്ന്‌ ഇയാളെപ്പോലുള്ളവരെന്നാണ്‌ തിരിച്ചറിയുക?. സര്‍, ഞങ്ങള്‍ ഇനിയും ഭീകരവാദികള്‍ ആയിത്തീര്‍ന്നിട്ടില്ല. ഞങ്ങളുടെ സഹോദരങ്ങള്‍ ഫാഷിസ്റ്റുകളുമായിട്ടില്ല. ദയവായി ആക്കരുത്‌ സര്‍...

ഞാന്‍ ഹേനാ രാഹുല്‍... said...

ഏറ്റവും കൂടുതല്‍ ജനങ്ങള്‍ കാണുന്നത് ഈ അന്തിക്കാട്ടുകാരന്റെ സിനിമയാണെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്.എന്നാല്‍ ഈ അന്തിക്കാട്ടുകാരനില്‍ സിനിമ പോയിട്ട് ജീവിതം പോലുമില്ല.മംഗളം വര്‍ഗ്ഗീസിന് പകരം വെക്കാവുന്ന ഒരു സാധാരണ മനുഷ്യന്‍.കേരളത്തിന്റെ നിലവാരം എത്ര താന്നു പോയി എന്നു തിരക്കിയാല്‍ ഈ സംവിധായകന്റെ പരിതാപകരമായ അവസ്ഥ പിടികിട്ടുന്നതാണ്.കവിതയില്‍ കഥയില്‍ നിങ്ങള്‍ക്ക് പ്രതിഭയില്ലെങ്കില്‍ നിലനില്പില്ല,പക്ഷെ സിനിമയില്‍ അതൊന്നും വേണ്ടെന്ന് കേരളത്തിലെ മിക്ക സിനിമകളും നമ്മേ ഓര്‍മ്മിപ്പിക്കുന്നു.(ആര്‍ട്ടും കോമേഴ്സ്യലും അടങ്ങുന്ന സിനിമ)

jayanEvoor said...

മുസ്ലീം വിമർശനം മാത്രമല്ല, തികഞ്ഞ അന്ധവിശ്വാസിയായി ഒരു നായകനെ അവതരിപ്പിക്കുകയും അതിയാന്റെ മണ്റ്റൻ വീശ്വാസങ്ങൾ ശരിയായി വരും എന്നു ദ്യോതിപ്പിച്ചുകൊണ്ട് പടം അവസാനിപ്പിക്കുകയും ചെയ്തിരിക്കുന്നു!
ഇനി തത്തജ്യോത്സരോട് ചോദിച്ച് യുവാക്കൾ പ്രനയിച്ചോളും!

shiju james said...

ശ്രീനിവാസന്‍ എന്ന സ്ക്രീന്‍ റൈറ്റര്‍ ഒന്ടെന്ഗിലെ സത്യന്‍ അന്തിക്കാട് എന്ന സംവിധായകന്‍ ഉള്ളു

SHYLAN said...

ശ്രീനിവാസനും അന്തിക്കാടുമൊക്കെ വേറെ വല്ല പണിയും നോക്കി പോവേണ്ട കാലം എന്നോ കഴിഞ്ഞിരിക്കുന്നു എന്ന് പണ്ടേ മനസിലായത് കൊണ്ടു എന്റെ കാശ് പോയില്ല..

കണ്ണൂരാന്‍ / Kannooraan said...

കലക്കി മച്ചാ കലക്കി..!

പിള്ളാച്ചന്‍ said...

സത്യന്‍ അന്തിക്കാട്‌ “മണ്ണിന്റെ മണമുള്ള” ചിത്രങ്ങള്‍ എടുത്ത കാലം മറന്നു. വിഷയ ദാരിദ്ര്യം അദ്ദേഹത്തേയും ബാധിച്ചിരിക്കുന്നു എന്നു വേണം കരുതാന്‍. രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം, വിനോദയാത്ര, ഭാഗ്യദേവത, കഥ തുടരുന്നു എന്നീ ചിത്രങ്ങള്‍ പരിശോധിച്ചാല്‍, അല്പമെങ്കിലും പാസ്സ് മാര്‍ക്ക്‌ നല്‍കാവുന്നത്‌ ഭാഗ്യദേവത, കഥ തുടരുന്നു എന്നീ ചിത്രങ്ങള്‍ക്ക്‌ മാത്രമാണ്. അതില്‍ ഭാഗ്യദേവത അദ്ദേഹം 90കളില്‍ എടുക്കേണ്ട ചിത്രവുമായിരുന്നു. താന്‍ ചെയ്യുന്ന പാതകത്തെക്കുറിച്ച്‌ അദ്ദേഹത്തിന് ഇനിയെങ്കിലും തിരിച്ചറിവുണ്ടാകും എന്ന പ്രതീക്ഷ മാത്രമാണ് നമുക്ക്‌ ബാക്കി..

അനൂപ് അമ്പലപ്പുഴ said...

Great POST ..... Ente post um koodi onnu nokkane , etha link .... http://xxxx.xxx . Engane vallavantem kadayil swantham ulpannam vilkkan sramikkunnavar eppozhum undoo? Kashtam!

G P RAMACHANDRAN said...

http://ulkazhcha.blogspot.com/2010/07/blog-post_21.html

വാക്കേറുകള്‍ said...

ജി.പി.രാമചന്ദ്രന്റെ അത്രയും മൂര്‍ച്ചിച്ചിട്ടില്ലെങ്കിലും ഇപ്പളേ ചികിത്സിക്കണത് നല്ലതാണ് മാഷേ. പോപ്പുലര്‍ ടീംസിന്റെ കലാപരിപാട്യോള്‍ ഒക്കെ കേരളം കണ്ടു. കൂടുതല്‍ ഒന്നും പറയണ്ടല്ലോ?
മതത്തിന്റെ പേരില്‍ ഇത്രയും വെറിപിടിച്ച് പ്രതികരിക്കുന്ന ഒരു വിഭാഗത്തെ ചൂണ്ടിക്കാട്ടാന്‍ പറ്റോ?
പിന്നെ സംഗതി ഇതൊക്കെ ആണേലും നിങ്ങള്‍ പറഞ്ഞ ഒരു കാര്യത്തോട് യോജിക്കണൂ..സത്യന്‍ പടങ്ങള്‍ അറു ബോറായിത്തുടങ്ങി.
സത്യന്‍ അന്തിക്കാട് സംവിധാന പണീ നിര്‍ത്താന്‍ സമയമായി ഇല്ലേല്‍ സ്വന്തമായി എഴുത്തു നിര്‍ത്തി കൊള്ളാവുന്നവരെക്കോണ്ട് തിരക്കഥ എഴുതിക്കണം..ബോറ് പടങ്ങളാ ഇപ്പോള്‍ വരണത് മുഴുവന്‍. അത് സമ്മതിക്കണൂ.

paltalk said...

മാധ്യമം ഊരുടിതരുന്ന ഉണ്ടയാണ്‌ താങ്കള്‍ വിഴുങ്ങുന്നത്. അല്ലേ?

kaalaal said...

അന്തികാട് സിനിമകളെ പറ്റി ഇനി മുതല്‍ വേറെ ഒരു തരത്തില്‍ ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്നു ഈ ചിന്താവ്യതിചലനം....കേരള യാധാര്‍ത്ധ്യങ്ങളുടെ ഒരു പരിച്ചേതനമായിട്ടാണ് ഇത് വരെയും അന്തികാട് സിനിമകളെ വ്യക്തിപരമായി ഞാന്‍ പരിഗണിച്ചിട്ടുള്ളത്...

Post a Comment