കൊച്ചി അത്ര കച്ചറ പിടിച്ച ഇടമാണോ എന്നു തോന്നിപ്പോവും നമ്മുടെ ഗ്യാങ്സ്റ്റര്‍ സിനിമകള്‍ കണ്ടാല്‍. പല പാതിരാവിലും നടന്നുപോയിട്ടുള്ള വഴികളിലൊന്നും കണ്ടിട്ടില്ല കൊച്ചിയുടെ ഇത്രയും ഇരുണ്ട മുഖം. ശരിയായിരിക്കാം, ചോരക്കറ പിടിച്ച മിനുസമുള്ള ഒരു കത്തിയുടെ വായ്ത്തല ഇരുട്ടില്‍ ഇര വീഴുന്നതും കാത്ത് പതിയിരിപ്പുണ്ടാവാം. കുടലു കീറുന്നതിന്റെ ഒരു കരച്ചില്‍ ക്ലോസ് റേഞ്ചില്‍ കേട്ട് ഉന്മത്തനായി കൊലനിലങ്ങളില്‍ മറയുന്നുണ്ടാവാം. എന്തായാലും വരിക്കാശേãരി മനയെയും ചാരുപടിയുള്ള നാലുകെട്ടുകളെയും തുളസിത്തറകളെയും ഓട്ടുരുളിയെയും മാടമ്പു കുഞ്ഞുക്കുട്ടനെയും ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെയും അരിപ്പൊടിക്കോലമെഴുതുന്ന അഗ്രഹാരത്തെരുവുകളെയും വെങ്കിടേശ സുപ്രഭാതത്തെയും കൈവിട്ട് മരണത്തിന്റെ ചോരമണം തങ്ങിനില്‍ക്കുന്ന നഗരത്തിന്റെ ഇരുണ്ട മറുപുറങ്ങളിലേക്ക് മലയാള സിനിമ കണ്ണയക്കുന്നത് ഒരര്‍ഥത്തില്‍ നല്ലതാണ്. തൈരുസാദവും സാമ്പാറും കൂട്ടി മടുത്തു. സാത്വികഭാവങ്ങള്‍ മാത്രമല്ലല്ലോ മലയാളിക്കുള്ളത്. സംഹാരഭാവങ്ങള്‍, പകയും പ്രതികാരവുമൊക്കെ അവന്റെ ജീവിതത്തിന്റെ ഭാഗമാണല്ലോ. മലയാളിക്ക് ആര്‍ദ്രമായ പ്രണയവും വിരഹവും മാത്രമല്ല, അരക്കെട്ടില്‍ അഗ്നിയാളുന്ന കാമവും എരിഞ്ഞടങ്ങാത്ത പകയുടെ തീക്കനലുകളുമുണ്ടെന്ന് നമ്മെ നിരന്തരം ബോധ്യപ്പെടുത്തിയത് ഭരതനും പത്മരാജനും ചേര്‍ന്നായിരുന്നു. നമ്മുടെ മഹാനഗരങ്ങളുടെ ഇരുണ്ട മറുപുറങ്ങള്‍ കാണിക്കുന്ന സിനിമകള്‍ അത്തരമൊരു ദൌത്യം യാഥാര്‍ഥ്യബോധത്തോടെ നിര്‍വഹിക്കുന്നുണ്ടെങ്കില്‍ അത് സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. (എ.കെ. സാജന്റെ 'വയലന്‍സ്' അത്തരത്തില്‍ ഒരു ശ്രമമായിരുന്നു. നഗരനടുവില്‍ വാഹനപ്പുഴയെ മുറിച്ചുനീന്തുന്ന കാറിലിരിക്കുമ്പോള്‍ വിന്‍ഡ്സ്ക്രീനില്‍ മുഖമടിച്ചു വീഴുന്നവന്റെ ചോരയില്‍തൊട്ട് പകച്ചുപോയ മുഖത്തോടെ ലോഹിതദാസ് പറഞ്ഞു: ''ഈ ചോരയില്‍ ഒരമ്മയുടെ കണ്ണീരുണ്ട്, ഒരച്ഛന്റെ പിഴച്ചുപോയ കണക്കുകൂട്ടലുകളുണ്ട്'')
ലിജോ ജോസ് പല്ലിശേãരിയുടെ 'നായകന്‍' ഒരു പുതിയ സംവിധായകന്റെ വരവ് വിളിച്ചറിയിക്കുന്നു. ചിത്രത്തിന്റെ കഥക്ക് ഒരു പുതുമയുമില്ല. നാം കണ്ടുമടുത്ത ഗ്യാങ്വാര്‍ കഥ തന്നെ. കൊച്ചിയില്‍ രണ്ടു സംഘങ്ങളായി ചേരി തിരിഞ്ഞു നില്‍ക്കുന്ന ഗുണ്ടാപ്പടകള്‍. അവരില്‍ ചിലര്‍ കൂറുമാറുന്നു, പരസ്പരം വെടിവെച്ചു വീഴ്ത്തുന്നു. പക്ഷേ, ഒരു സംവിധായകന്റെ കടുംനിറത്തിലുള്ള കൈയൊപ്പ് പതിഞ്ഞ നിരവധി ദൃശ്യങ്ങള്‍ ഈ ചിത്രത്തില്‍ കാണാം. ക്വിന്റിന്‍ ടരന്റിനോ കേരളത്തില്‍ വരുകയാണെങ്കില്‍ ആദ്യം വഴി ചോദിക്കുക ലിജോ ജോസിനോടായിരിക്കുമെന്ന് തീര്‍ച്ച.
അപ്രതീക്ഷിതമായി ഞെട്ടാന്‍ ഒന്നും കരുതിവെക്കാത്ത സിനിമകള്‍ കണ്ടു മടുത്തവര്‍ക്ക് ചില ഫ്രെയിമുകളെങ്കിലും നല്‍കുന്നുണ്ട് ലിജോ. വ്യത്യസ്തമായ ഒരു ലൈറ്റിംഗ് പാറ്റേണില്‍ ഇരുണ്ട ചില ജീവിതങ്ങളെ അയാള്‍ വെളിച്ചത്തുകൊണ്ടുവരുന്നു. സിദ്ദിഖിന്റെ ആ ചെകുത്താന്‍ മജീഷ്യന്‍ ആല്‍ബട്രോസിനെപ്പോലെ ചിറകുവിരിച്ച് മുകളില്‍ പറന്നിരിക്കുന്ന ആ ദൃശ്യം എന്നെ ചെറുതായൊന്നു ഞെട്ടിച്ചു. ബാത്ത്ടബില്‍ ചോരയുടെ ചെറുജലാശയത്തില്‍ മുഖം കുനിച്ചുകിടക്കുന്ന അവളും വല്ലാത്തൊരു കാഴ്ചയായി. ഭ്രാന്തമായ മോഹാവേശത്തില്‍ സിദ്ദിഖ് അവളെ ചുറ്റിപ്പിടിച്ച് കഴുത്തില്‍ മുഖമമര്‍ത്തുമ്പോള്‍ ക്യാമറ തിരഞ്ഞുചെല്ലുന്ന വിദേശപെയിന്റിംഗുകളുടെ ആ ഫ്രെയിമും തീര്‍ച്ചയായും ഭാവിയുള്ള ഒരു സംവിധായകന്റേതു തന്നെ. പിളര്‍ന്ന ശിരസ്സിന്റെ ദ്വാരത്തിലൂടെയുള്ള കമ്പ്യൂട്ടര്‍ ജനറേറ്റഡ് കാഴ്ചക്കുമുണ്ട് ഒരു പുതുമ. ഈ ചിത്രം ഒരുപക്ഷേ ഇന്ദ്രജിത്തിനെ നായകസ്ഥാനത്തേക്ക് ഉയര്‍ത്തിയേക്കാം. നല്ല അഭിനയശേഷിയുള്ള ഒരു നടനുണ്ട് അയാളില്‍. അത് ഒരു മിന്നായം പോലെ പ്രകടമാവുന്ന റോളുകളേ ഇന്നുവരെ ഇന്ദ്രജിത്തിനു കിട്ടിയിട്ടുള്ളൂ.
ആര്‍ട്ടും ആക്ഷനും സമന്വയിപ്പിക്കാനുള്ള ചില ശ്രമങ്ങളുണ്ട് കഥയില്‍. തോടയം, കേളിക്കൈ, ആട്ടം, കലാശം എന്നീ ഖണ്ഡങ്ങളിലൂടെയാണ് കഥ പൂര്‍ത്തിയാവുന്നത്. അത്യാവശ്യം ഗൃഹപാഠം ചെയ്തെടുത്ത ഒരു പുതുതലമുറ സംവിധായകന്റെ സിനിമ എന്ന് ഒറ്റവാചകത്തില്‍ പറയാം.സ്റ്റോപ് വയലന്‍സ്, ബിഗ് ബി, ഇവര്‍, ഛോട്ടാ മുംബൈ, ക്വട്ടേഷന്‍, ബഡാ ദോസ്ത്, ബ്ലാക്ക്, സാഗര്‍ ഏലിയാസ് ജാക്കി (കര്‍ത്താവേ, അവസാനം പറഞ്ഞ ചിത്രത്തിന്റെ പേര് ഇനിയുമെന്നെ ഓര്‍മപ്പെടുത്തരുതേ...) തുടങ്ങിയ ഗ്യാങ്സ്റ്റര്‍ സിനിമകളില്‍നിന്ന് ചില ദൃശ്യങ്ങളുടെ വ്യത്യസ്തതകൊണ്ട് വേറിട്ടുനില്‍ക്കുന്നു ഈ ചിത്രം.മലയാളത്തിലെ ഗാങ്സ്റ്റര്‍ സിനിമയില്‍ പതിവായി പ്രത്യക്ഷപ്പെടുന്ന ഒരു നടനുണ്ട്. വിനായകന്‍. കൊച്ചി അധോലോകത്തിലെ തമ്മനം ഷാജി, വെട്ടില്‍ സുരേഷ്, കില്ലര്‍ ജെയ്മി, ചാത്തന്‍ ഗോപി, മിലിട്ടറി കണ്ണന്‍, മലയാറ്റൂര്‍ സന്തോഷ്, മകുടി കുട്ടന്‍, വേട്ടാളന്‍ ബിജു തുടങ്ങിയ ഗുണ്ടകളുടെ രൂപസാമ്യമുള്ളതുകൊണ്ടാണ് വിനായകന്‍ ഇത്തരം ചിത്രങ്ങളിലെ നിത്യസാന്നിധ്യമായത്. നായകനില്‍ പക്ഷേ അത്തരം രൂപങ്ങളില്ല. കേരളീയ സമൂഹത്തിലെ ക്രിമിനല്‍വത്കരണത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന ഉസ്മാനിയ സര്‍വകലാശാലയിലെ ഡോ.ബാബു ജോസഫ് പറയുന്നത് ഇത് ഗുണ്ടകളുടെ നാലാംതലമുറയാണെന്നാണ്. ശരീരഭാഷയുടെ പ്രത്യേകത കൊണ്ടോ വേഷവിധാനം കൊണ്ടോ വേര്‍തിരിക്കാന്‍ കഴിയാതെ പൊതുസമൂഹത്തില്‍ ലയിച്ചുചേര്‍ന്ന അപകടകാരികളുടെ തലമുറ. ഇന്ദ്രജിത്തിനെപ്പോലുള്ള സുമുഖന്മാരാണ് ഇവരില്‍ കൂടുതലും. സിനിമയില്‍ അഭിനയിപ്പിക്കാനുള്ള ഗ്ലാമര്‍ ഇല്ലേ പോള്‍വധക്കേസില്‍ അകത്തായ ഓംപ്രകാശിന്? പ്രണയമോ ആര്‍ദ്രഭാവങ്ങളോ കുടുംബജീവിതക്കാഴ്ചകളോ ഇല്ലാത്ത ഈ വരണ്ട സിനിമ തിയറ്ററില്‍ രക്ഷപ്പെട്ടാല്‍ ദൃശ്യങ്ങളില്‍ പരീക്ഷണം നടത്തുന്ന ഒരു സംവിധായകനെ കൂടി കിട്ടുമായിരുന്നു നമുക്ക്.
8 comments:
വ്യത്യസ്തമായ നിരൂപണം........ നല്ല ഭാഷ നല്ല പ്രയോഗങ്ങള്‍ ..............
ഈ സിനിമ കാണാന്‍ ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല...... ഇനി എന്തായാലും കാണണം.. കണ്ടിട്ട് ബാക്കി പറയാം
ശ്രദ്ധിക്കപ്പെടാതെ പോകേണ്ട ഒരു സിനിമയെക്കുറിച്ച് ഇങ്ങനെ ഒരു ലേഖനം എഴുതിയതിനു നന്ദി. എന്തായാലും ഈ സിനിമ കാണാന്‍ ശ്രമിക്കാം. സംവിധായകരില്‍ സിനിമയെ ഗൌരവമായി കാണുന്നവര്‍ കുറഞ്ഞു വരുന്ന ഈ കാലത്ത് , ലിജോ ജോസ് ഒരു വേറിട്ട ശൈലിക്ക് ഉടമയാകും എന്ന് പ്രതീക്ഷിക്കാം.
വളരെ നല്ല നിരൂപണം. ഇന്നെങ്കിലും പടം കാണണം എന്നുണ്ട്. അതിനുള്ള ഊര്‍ജമാണ് തീര്‍ച്ചയായും ഇത്തരം നല്ല നിരൂപണങ്ങള്‍.
ഇനി ഈ പടം തീര്‍ച്ചയായും കാണണം. നമ്മളെക്കൊണ്ടാവുന്നത് നമുക്ക് ചെയ്യാം.
നന്നായി എഴുതി..സിനിമ കാണണം...സിദ്ദിഖിന്റെ റോള്‍ ക്രിസ്റ്റഫര്‍ നോളാന്റെ "The prestige" ല്‍ നിന്നും ഇന്സ്പയേര്‍ഡാണെന്ന് കേട്ടു..
അതേ അത് പ്രസ്റ്റീജില്‍ നിന്നും ആര്‍ജ്ജവം ഉള്‍ക്കൊണ്ടത് തന്നെയാണ്. ചിത്രം ഇറങ്ങുന്നതിന് മുമ്പ് എവിടെയോ വായിച്ച ഒരു ലേഖനത്തില്‍ ഇക്കാര്യം കണ്ടിരുന്നു....
ലേഖനം നന്നായി...
yours is undoubtedly the best among the movie review blogs in malayalam.
Post a Comment