Friday, July 9, 2010

ദിസ് ടൈം ഫോര്‍ ജാഫര്‍ക്ക

ഷക്കീരയുടെ വക്കാ വക്കായുടെ മലപ്പുറം പാരഡി ഇ-മെയിലായി കിട്ടിയത് കഴിഞ്ഞ ആഴ്ചയാണ്. ആമിനാമിനാ ബെക്കം ബെക്കം വാ വാ എന്ന വിളി കേട്ട് ദിസ് ടൈം ഫോര്‍ ജാഫര്‍ക്കാ എന്ന് പ്രഖ്യാപിക്കുകയാണ് ആമിന. ആഫ്രിക്ക എന്ന പദത്തിന്റെ ശബ്ദത്തിനു സമാനമായ പേരു കണ്ടെത്തിയ പാരഡിക്കാരന്റെ രസികത്വത്തില്‍ നമുക്ക് അല്‍പനേരം ചിരിച്ചു മറിയാം. പക്ഷേ ഫുട്ബാള്‍ ലഹരി നെഞ്ചില്‍ നിറയുന്ന ലോകകപ്പ് കാലത്ത് ജാഫര്‍ എന്ന പേരു കേള്‍ക്കുമ്പോള്‍ ചിരിയല്ല വരുന്നത്. സിരകളിലൂടെ സോക്കര്‍ കുതറിനീങ്ങുന്ന കളിരാവുകളില്‍ ശരീരത്തിലെ ഇന്ദ്രിയങ്ങളെല്ലാം പ്രകൃതിയിലേക്ക് തുറന്നിട്ട് കിടിലം കൊള്ളിക്കുന്ന ആരവം മുഴക്കാന്‍ സ്വാതന്ത്ര്യമുള്ള മലയാളിക്ക്, ജാഫറിന്റെ വേദന അതിന്റെ തീവ്രതയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നില്ല. ഫുട്ബാള്‍ ആയാലും സിനിമയായാലും അവ നാം ശ്വസിക്കുന്നത് തുറന്നിട്ട ഒരു ലോകത്തിന്റെ വിശാലമായ ആകാശത്തിനു ചുവട്ടില്‍ ഇരുന്നുകൊണ്ടാണ്. അതുകൊണ്ടാണ് പറഞ്ഞത്, മനസ്സിലാവില്ല നമുക്ക് ജാഫര്‍ പനാഹിയുടെ വിഹ്വലതകള്‍. അടഞ്ഞ സമൂഹത്തിന്റെ കട്ടിയിരുട്ടില്‍ കഴിയുന്നതിനെപ്പറ്റി അയാള്‍ പേര്‍ത്തും പേര്‍ത്തും പറയുന്ന കാര്യങ്ങള്‍ അതിന്റെ ഗൗരവത്തോടെ മനസ്സിലാവില്ല നമുക്ക്.
രണ്ടോ മൂന്നോ കൊല്ലം മുമ്പുള്ള ചലച്ചിത്രമേളയില്‍ തിരുവനന്തപുരം കൃപ തിയറ്ററിന്റെ ബാല്‍ക്കണിയില്‍നിന്ന് 'ഓഫ്‌സൈഡ്'കണ്ടിറങ്ങുമ്പോള്‍ രസികനായ ഒരു ഡെലിഗേറ്റ് അഭിപ്രായം പറഞ്ഞത് ജാഫര്‍ക്കാന്റെ പടങ്ങള്‍ ഇനി വിടാതെ കാണണം എന്നായിരുന്നു. ദ വൈറ്റ് ബലൂണ്‍, ദ മിറര്‍, ദ സര്‍ക്കിള്‍ തുടങ്ങിയ മികച്ച സിനിമകളിലൂടെ ഇറാനിയന്‍ നവതരംഗത്തിന്റെ ശക്തനായ പ്രയോക്താവായ ജാഫര്‍ പനാഹിയെ അയാള്‍ ആദ്യമായി അറിയുകയായിരുന്നിരിക്കണം. മേളയുടെ ഒടുവിലത്തെ ദിനം വീണുകിട്ടിയ സിനിമയായിരുന്നു അത്. ഡോക്യുമെന്ററിയാണോ ഫിക്ഷന്‍ ആണോ എന്ന തീര്‍പ്പില്ലായ്മയായിരുന്നു 'ഓഫ്‌സൈഡ്' കാണുമ്പോള്‍ എല്ലാവരിലും. ഇറാനില്‍ ചിത്രീകരിച്ച ഈ സിനിമക്ക് അവിടെ പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടിരുന്നു. എങ്ങനെയെങ്കിലും ഫുട്ബാള്‍ കാണണമെന്ന് ആഗ്രഹിച്ച മകളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ജാഫര്‍ ഈ സിനിമ നിര്‍മിച്ചിരിക്കുന്നത്. മകള്‍ക്ക് സ്‌റ്റേഡിയത്തില്‍ പ്രവേശനാനുമതി നിഷേധിക്കപ്പെട്ടത് ഇങ്ങനെയൊരു വിഷയം തെരഞ്ഞെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. 1979ലെ ഇസ്‌ലാമിക വിപ്ലവത്തിനുശേഷം പാസാക്കപ്പെട്ട നിയമപ്രകാരം സ്ത്രീകളെ ലൈവ് ഫുട്ബാള്‍ കാണുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്.
2006ലെ ഫിഫ ലോകകപ്പിലേക്കുള്ള ക്വാളിഫയിംഗ് മാച്ച് കളിക്കുകയാണ് ഇറാനും ബഹ്‌റൈനും. സ്ത്രീകളെ തെഹ്‌റാനിലെ സ്‌റ്റേഡിയത്തില്‍ വന്ന് കളി കാണാന്‍ ഇറാന്‍ ഭരണകൂടം അനുവദിക്കുന്നില്ല. ഒരു പെണ്‍കുട്ടി ആണ്‍വേഷം കെട്ടി കളി കാണാന്‍ ഇറങ്ങിത്തിരിക്കുന്നു. ആണുങ്ങളായ ഫുട്ബാള്‍ ആരാധകര്‍ക്കൊപ്പം അവള്‍ ബസില്‍ യാത്ര ചെയ്യുന്നു. അവള്‍ പെണ്ണാണെന്ന് ചിലര്‍ തിരിച്ചറിയുന്നുണ്ടെങ്കിലും അവര്‍ അത് ആരോടും പറയുന്നില്ല. എന്നാല്‍ സ്‌റ്റേഡിയത്തിലെ സുരക്ഷാ സംവിധാനത്തിനടുത്തെത്തിയപ്പോള്‍ അവള്‍ പിടിക്കപ്പെടുന്നു. അറസ്റ്റു ചെയ്യപ്പെട്ട മറ്റ് സ്ത്രീകള്‍ക്കൊപ്പം സൈനികരുടെ കാവലില്‍ ആരവങ്ങളുയരുന്ന സ്‌റ്റേഡിയത്തിനരികെ അടച്ചിട്ട കവാടത്തിനിപ്പുറം നില്‍ക്കേണ്ടി വരുന്നു അവള്‍ക്ക്. സൈനികരില്‍ ചിലര്‍ സ്ത്രീകള്‍ക്ക് കളിയുടെ തല്‍സമയ വിവരണം നല്‍കുന്നുണ്ട്. അതിനിടെ ഒരു പെണ്‍കുട്ടിക്ക് ടോയ്‌ലറ്റില്‍ പോവണം. എന്നാല്‍ സ്‌റ്റേഡിയത്തില്‍ സ്ത്രീകള്‍ക്ക് ടോയ്‌ലറ്റ് സൗകര്യമില്ല. അവര്‍ക്ക് പ്രവേശനമില്ലാത്ത ഇടമാണല്ലോ അത്. (ലിംഗനീതിയെപ്പറ്റി വാതോരാതെ സംസാരിക്കുന്ന കേരളത്തിലെ മൂത്രപ്പുരകളുടെ അവസ്ഥയും മറ്റൊന്നല്ലെന്ന് മിഠായിത്തെരുവിലെ പെണ്‍കൂട്ട് സമരത്തിലൂടെയാണ് നാലുപേരറിഞ്ഞത്. ഇടക്കിടെ മൂത്രമൊഴിക്കാന്‍ പോവാതെ, ചായ കുടിക്കാതെ പണിയെടുക്കുന്ന യന്ത്രങ്ങളായതുകൊണ്ടാണ് ഇവിടെ പെണ്ണുങ്ങള്‍ക്ക് തൊഴില്‍ കൊടുക്കുന്നത്.) ഒരു ഫുട്ബാള്‍ താരത്തിന്റെ പോസ്റ്റര്‍ കൊണ്ട് മുഖം മറച്ച് അവളെ ഒരു സൈനികന്‍ ആണുങ്ങളുടെ മൂത്രപ്പുരയില്‍ എത്തിക്കുന്നു. അവിടെയുള്ളവരെ പുറത്താക്കിയും ആരും കടന്നുവരാതിരിക്കാന്‍ വഴിയടച്ചും അയാള്‍ അവള്‍ക്കു കാവല്‍ നില്‍ക്കുന്നു. മൂത്രപ്പുരയില്‍ നടന്ന ബഹളത്തിനിടെ അവള്‍ സ്‌റ്റേഡിയത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും തന്നെ സഹായിച്ച സൈനികന്‍ പ്രശ്‌നത്തിലാവുമെന്ന് പേടിച്ച് തിരിച്ചുവരുകയാണ്.
കളിയുടെ രണ്ടാം പകുതിയില്‍ സ്ത്രീകളെ ബസില്‍ കയറ്റി വൈസ് സ്‌ക്വാഡ് ആസ്ഥാനത്തേക്കു കൊണ്ടുപോവുന്നതിനിടെ റേഡിയോവില്‍ കമന്ററി കേള്‍ക്കുന്നു. ഇറാന്‍ ബഹ്‌റൈന് എതിരെ ഒരു ഗോളിന് ജയിച്ചുവെന്നറിയുമ്പോള്‍ ബസില്‍ ആഹ്ലാദം തിരയടിച്ചുയരുന്നു. സ്ത്രീകളും സൈനികരും പാട്ടുപാടി ഉല്ലസിക്കുമ്പോള്‍ ആണ്‍വേഷം കെട്ടി നാം ആദ്യം കണ്ട പെണ്‍കുട്ടിയുടെ മുഖത്ത് ഒട്ടും സന്തോഷമില്ല. കാര്യം തിരക്കുമ്പോള്‍ അവള്‍ പറയുന്നു, ഇറാന്‍-ജപ്പാന്‍ മാച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മരിച്ച സുഹൃത്തിന്റെ ഓര്‍മക്കു വേണ്ടിയാണ് താന്‍ ഈ മല്‍സരം കാണാന്‍ ഇറങ്ങിത്തിരിച്ചതെന്ന്.
സ്ത്രീകള്‍ക്ക് തുല്യനീതി നിഷേധിക്കുന്ന രാഷ്ട്രത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണിവിടെ ജാഫര്‍ പനാഹി. അതുകൊണ്ടുതന്നെയാണ് ചിത്രം ഇറാനില്‍ നിരോധിക്കപ്പെട്ടത്. കഥ അവിടം കൊണ്ട് തീരുന്നില്ല. സംവിധായകന്റെ സഹനങ്ങള്‍ അവിടെ തുടങ്ങുകയായിരുന്നു. സത്യം പറയുന്ന ഏതു കലാകാരനോടും ഒരു സമഗ്രാധിപത്യഭരണകൂടം ചെയ്യുന്നതെല്ലാം ഇറാന്‍ ജാഫറിനോട് ചെയ്തു. തിയോക്രസിയില്‍ ഫാഷിസത്തിന് ഒരു മുറിയുണ്ട് എന്ന് ആ ചലച്ചിത്രകാരന്‍ അനുഭവിച്ചറിഞ്ഞു.
കഴിഞ്ഞ വര്‍ഷം ജൂലൈ മുപ്പതിന് ജാഫര്‍ അറസ്റ്റു ചെയ്യപ്പെട്ടു. തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട ഭരണകൂട വിരുദ്ധ സിനിമയെടുക്കാന്‍ തുനിയുന്നു എന്നതായിരുന്നു ആരോപിക്കപ്പെട്ട കുറ്റം. പാസ്‌പോര്‍ട്ട് റദ്ദാക്കി വിദേശയാത്രാനുമതി നിഷേധിച്ചുകൊണ്ട് പിന്നീട് വിട്ടയച്ചു. അറുപതാമത് ബര്‍ലിന്‍ ചലച്ചിത്രമേളയില്‍ ഇറാനിയന്‍ സിനിമയെപ്പറ്റിയുള്ള സംവാദത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ അനുമതി നിഷേധിക്കപ്പെട്ടു. മാര്‍ച്ചില്‍ പിന്നെയും അറസ്റ്റു ചെയ്യപ്പെട്ടു. ഭാര്യയും മകളും പതിനഞ്ച് സുഹൃത്തുക്കളും ഒപ്പം അറസ്റ്റിലായി. മറ്റുള്ളവരെ രണ്ടു ദിവസത്തിനകം വിട്ടയച്ചെങ്കിലും ഇവിന്‍ ജയിലിന്റെ 209ാം നമ്പര്‍ മുറിയില്‍ കഴിയാനായിരുന്നു ജാഫറിന്റെ നിയോഗം. ചുമത്തപ്പെട്ട കുറ്റങ്ങള്‍ എന്താണെന്നു പോലും ജനതയോട് വിശദീകരിക്കാന്‍ ഭരണകൂടം തയാറായില്ല. വാള്‍ട്ടര്‍ സാലസ്, അബ്ബാസ് കിറസ്താമി, തമീമ മിലാനി, അസ്ഗര്‍ ഫര്‍ഹാദി (ഇക്കഴിഞ്ഞ തിരുവനന്തപുരം മേളയിലെ ജനപ്രിയചിത്രം 'എബൗട്ട് എല്ലി'യുടെ സംവിധായകന്‍) തുടങ്ങി ചലച്ചിത്രരംഗത്തെ പ്രമുഖര്‍ അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് ഭരണകൂടത്തോട് അഭ്യര്‍ഥിച്ചു. ഒരാഴ്ചക്കു ശേഷമാണ് വീട്ടിലേക്ക് ഒന്നു വിളിക്കാന്‍ ജാഫറിന് അനുമതി കിട്ടിയത്. മാര്‍ച്ച് മധ്യത്തോടെ അമ്പത് ഇറാനിയന്‍ സംവിധായകര്‍ അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് നിവേദനമയച്ചു. സ്റ്റീവന്‍ സ്പീല്‍ബര്‍ഗ്, റോബര്‍ട്ട് ഡി നീറോ, മാര്‍ട്ടിന്‍ സ്‌കോര്‍സെസി, ഒലിവര്‍ സ്‌റ്റോണ്‍ തുടങ്ങിയ വിഖ്യാത ചലച്ചിത്രകാരന്മാര്‍ കത്തയച്ചു. ഈ വര്‍ഷത്തെ കാന്‍ മേളയിലെ ജൂറിയായിരുന്നു ജാഫര്‍. പക്ഷേ തടവിലായിരുന്നതിനാല്‍ അദ്ദേഹത്തിന് അവിടെയെത്താന്‍ കഴിഞ്ഞില്ല. പ്രതീകാത്മകമായി അദ്ദേഹത്തിനുള്ള ഇരിപ്പിടം അവിടെ ഒഴിച്ചിടപ്പെട്ടു.
ജയിലധികൃതര്‍ വളരെ മോശമായാണ് അദ്ദേത്തോട് പെരുമാറിയത്. കുടുംബത്തെ അവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ജാഫറിന് ജയിലില്‍ നിരാഹാരം അനുഷ്ഠിക്കേണ്ടി വന്നു. ഒടുവില്‍ രണ്ടു ലക്ഷം ഡോളര്‍ തുകയുടെ ജാമ്യത്തിനാണ് കഴിഞ്ഞ മെയ് 25ന് അദ്ദേഹത്തെ വിട്ടയച്ചത്. ആരുടെ മുന്നിലും പ്രദര്‍ശിപ്പിച്ചിട്ടില്ലാത്ത സിനിമയെ എങ്ങനെയാണ് ഒരു കുറ്റകൃത്യമായി കാണാന്‍ കഴിയുക എന്ന് കാന്‍മേളയില്‍ വിതരണം ചെയ്ത തുറന്ന കത്തില്‍ അബ്ബാസ് കിറസ്താമി ചോദിച്ചു. ജാഫറിനുവേണ്ടി ഏറെ ശബ്ദമുയര്‍ത്തിയത് 'ടേസ്റ്റ് ഓഫ് ചെറി'യുടെയും 'ത്രൂ ദ ഒലിവ് ട്രീസി'ന്റെയും ദൃശ്യശില്‍പിയായ അബ്ബാസ് തന്നെയാണ്.
ഇത്തവണ ജാഫര്‍ പനാഹി എങ്ങനെയായിരിക്കും ലോകകപ്പ് കണ്ടത്.? രണ്ടു മാസമായതേയുള്ളൂ തുറന്ന ആകാശത്തിനു ചുവട്ടിലേക്ക് തിരിച്ചുവന്നിട്ട്. കലയുടെയും കായിക വിനോദങ്ങളുടെയും സ്വതന്ത്രമായ ആസ്വാദനത്തിനുവേണ്ടി, സര്‍വോപരി ലിംഗനീതിക്കുവേണ്ടി ഒരു ദൃശ്യപ്രസ്താവന നടത്തിയ അദ്ദേഹം കഴിഞ്ഞ വര്‍ഷത്തെ ഇറാന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആഗോള സമൂഹത്തോട് എന്താവും പറയാന്‍ ഉദ്ദേശിച്ചിരുന്നത്?. അറിയില്ല. 'ഓഫ്‌സൈഡ്'ഇറാനില്‍ ആരും കണ്ടില്ലെങ്കിലും നാം കണ്ടു. ജാഫറിനെപ്പോലുള്ളവര്‍ ഇരുള്‍നിലങ്ങളില്‍ നിന്ന് വെളിച്ചത്തിനായി വിളിച്ചുപറയുമ്പോള്‍ കണ്ണടക്കുന്ന ഇറാന്‍ ഭരണകൂടത്തെ ഇപ്പോഴത്തെ സാമ്രാജ്യത്വ വിരുദ്ധതയുടെപേരില്‍ മൂന്നാംലോകം വെള്ളപൂശിക്കാണിക്കേണ്ടതുണ്ടോ?
കൃപ തിയറ്ററിന്റെ പടിയിറങ്ങുമ്പോള്‍ സംവിധായകനോട് അടുപ്പം തോന്നി ജാഫര്‍ക്ക എന്നു വിളിച്ച ഡെലിഗേറ്റിന് ഈ കഥ അറിയുമോ ആവോ? അയാള്‍ ഇപ്പോള്‍ എവിടെയായിരിക്കും.?

7 comments:

SHYLAN said...

ഓഫ്‌-സൈഡ്" കണ്ടിരുന്നു.. പക്ഷെ പനാഹി ക്ക് ഇങ്ങനെയൊരു പുരസ്കാരം ഇറാനില്‍ കിട്ടിയത് അറിഞ്ഞില്ലായിരുന്നു.. thaanxz സജീഷ്!

Unknown said...

വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഭരണകൂടഭീകരത....
ഇത് ഇറാനില്‍ മാത്രമുള്ള പ്രശ്നമല്ല. പല തരത്തില്‍ ലോകത്തിന്റെ എല്ലാക്കോണിലും ഉള്ള ഒരു പ്രശ്നം തന്നെ.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ജാഫറിനെപ്പോലുള്ളവര്‍ ഇരുള്‍നിലങ്ങളില്‍ നിന്ന് വെളിച്ചത്തിനായി വിളിച്ചുപറയുമ്പോള്‍ കണ്ണടക്കുന്ന ഇറാന്‍ ഭരണകൂടത്തെ ഇപ്പോഴത്തെ സാമ്രാജ്യത്വ വിരുദ്ധതയുടെപേരില്‍ മൂന്നാംലോകം വെള്ളപൂശിക്കാണിക്കേണ്ടതുണ്ടോ?

--
കാലത്തിന്‍റെ കാതലായ ചോദ്യം

Anonymous said...

“ജാഫറിനെപ്പോലുള്ളവർ ഇരുൾനിലങ്ങളിൽ നിന്ന് വെളിച്ചത്തിനായി വിളിച്ചു പറയുമ്പോൾ കണ്ണടക്കുന്ന ഇറാൻ ഭരണകൂടത്തെ ഇപ്പോഴത്തെ സാമ്രാജ്യത്വ വിരുദ്ധതയുടെ പേരിൽ മൂന്നാം ലോകം വെള്ളപൂശി കാണിക്കേണ്ടതുണ്ടോ?”

വെള്ള പൂശുന്നവർ അവനവനോട് തന്നെ സ്വയം ചോദിക്കേണ്ടതുണ്ട് ഈ ചോദ്യം.

പാവപ്പെട്ടവൻ said...

ലളിത സുന്ദരമായ ഒരു പരിചയ പെടുത്തല്‍ ആശംസകള്‍

Vinodkumar Thallasseri said...

കൊള്ളാം. നല്ല പ്രസക്തമായ കുറിപ്പ്‌. നന്ദി.

Shamli Nishad said...

Nalla oru lekhanam. Thanks.

The white Balloonum Offsidum kanda oral enna nilakk aa mahad vyakthiyodu akamazhinja aaradhana thonniyuirunnu...

Post a Comment