Sunday, July 18, 2010

മലയാള സിനിമയില്‍ പുതിയ ആര്‍ട്സ് ക്ലബ്?

ചരിത്രത്തിന്റെ ചലിക്കുന്ന ചിത്രമാണ് ചലച്ചിത്രം എന്നു പറയാമോ? ഒരു സവിശേഷ കാലഘട്ടത്തില്‍ മലയാളി എങ്ങനെ ജീവിച്ചിരുന്നുവെന്നതിന്റെ ചരിത്രരേഖയായി പില്‍ക്കാലത്ത് സിനിമയെ വായിച്ചെടുക്കാമോ? സി.വി. രാമന്‍പിള്ളയുടെ കൃതികള്‍ വായിക്കുമ്പോള്‍ ഒരു നൂറ്റാണ്ടു മുമ്പുള്ള കേരളത്തെ വായിച്ചെടുക്കാവുന്നതുപോലെ, ഉറൂബിന്റെ 'സുന്ദരികളും സുന്ദരന്മാരും' വായിക്കുമ്പോള്‍ മുപ്പതുകള്‍ മുതല്‍ അറുപതുകള്‍ വരെയുള്ള ഏറനാടന്‍, വള്ളുവനാടന്‍ മലയാളിയുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നതുപോലെ അതതു കാലത്തിന്റെ കണ്ണീരും വിയര്‍പ്പും ചോരയും പതിഞ്ഞു നില്‍പ്പുണ്ടാവുമോ സെല്ലുലോയ്ഡില്‍? അങ്ങനെയാണെങ്കില്‍ കഴിഞ്ഞ പത്തുകൊല്ലത്തെ കേരളീയ യുവത്വത്തിന്റെ വേദനകളും വിചാരങ്ങളും എങ്ങനെയാവും പില്‍ക്കാലത്ത് വായിച്ചെടുക്കുക? ഈ കാലയളവില്‍ കേരളത്തില്‍ യുവത്വം ഇല്ലായിരുന്നു എന്നു വിധിക്കുമോ ചരിത്രകാരന്മാര്‍? അതിനാണ് സാധ്യത കൂടുതല്‍.
ഏതാണ്ട് ഈ കാലത്താണ് മലയാളി യുവാക്കള്‍ കൂട്ടത്തോടെ ഹൈടെക് നഗരങ്ങളിലേക്ക് ചേക്കേറിയത്. അവിടെ അവര്‍ ഒരു പുതിയ ജീവിതത്തെ നേരിട്ടു. ചെന്നുപെട്ട ലോകത്തിന്റെ വിസ്തൃതിയില്‍ വിസ്മയിച്ചു. കടുത്ത മാനസികസമ്മര്‍ദങ്ങളുള്ള ബി.പി.ഒ ജോലികള്‍ക്കിടയില്‍ അവര്‍ ജീവിതം അതിന്റെ വിചിത്രമായ അര്‍ഥങ്ങളില്‍ ആഘോഷിച്ചു. നാട്ടില്‍ തന്നെ നിന്നവര്‍ കൂടുതല്‍ കൂടുതല്‍ കരിയറിസ്റ്റുകളായി. പുരോഗമനപ്രസ്ഥാനങ്ങളുടെ അണികളാവേണ്ടിയിരുന്ന ഒരു ബഹുഭൂരിപക്ഷം, ലോകത്തെ പുറത്താക്കി വാതിലടച്ച് വീട്ടിലോ ഓഫീസിലോ ഇരുന്ന് ഞാനും കെട്ട്യോളും കുട്ട്യേളും എന്ന് പരാധീനത പറഞ്ഞു. ഒരു വിഭാഗം ചെറുപ്പക്കാരെ വിധ്വംസകര്‍ വലവീശിപ്പിടിച്ചു. അവര്‍ വെറുതെ കിട്ടിയ ബൈക്കിനും പോക്കറ്റ്മണിക്കും വേണ്ടി നാടൊട്ടുക്ക് ബോംബ് നിര്‍മിച്ചും അന്യന്റെ കൈയും തലയും വെട്ടിയും മസ്തിഷ്ക പ്രക്ഷാളനം ചെയ്യപ്പെട്ട ന്യൂനപക്ഷ യുവതയുടെ പ്രതിനിധികളായി. ഇങ്ങനെ പല വിഭാഗങ്ങളില്‍ പെട്ട കേരളീയ യുവാക്കളുടെ കണ്ണീരും പുഞ്ചിരിയും പ്രണയവും കാമവും പകയും പ്രതികാരവും പ്രതിഫലിക്കാതെ കണ്ണടച്ചിരിക്കുകയായിരുന്നു നമ്മുടെ സെല്ലുലോയ്ഡ്.
ഈ തലമുറയുടെ വികാരപ്രപഞ്ചത്തിലേക്ക് മലയാള സിനിമ ഒരു വാതിലും തുറന്നിട്ടില്ല. പകരം നാല്‍പതുകളും അമ്പതുകളും പിന്നിട്ട താരങ്ങളുടെ പലവിധത്തിലുള്ള പ്രകടനങ്ങള്‍ അവിടെ നിറഞ്ഞു. യുവാക്കളായ സര്‍ഗാത്മക, സാങ്കേതിക പ്രവര്‍ത്തകര്‍ക്കു മുന്നില്‍ മലയാള സിനിമ എല്ലാ വാതിലുകളും കൊട്ടിയടച്ചു. സിനിമയിലേക്കു പ്രവേശിക്കാന്‍ സംഘടനകള്‍ ചെറുപ്പക്കാരില്‍നിന്ന് ലക്ഷങ്ങളുടെ ഹഫ്ത പിരിച്ചു. അങ്ങനെ ഒരു തലമുറയുടെ വൈകാരിക ചരിത്രം മലയാളത്തിന്റെ അഭ്രശരീരത്തില്‍ അടയാളപ്പെടാതെ കിടന്നു. ചരിത്രപരമായ ആ പാപത്തില്‍നിന്ന് ഒളിച്ചോടാന്‍ കഴിയില്ല, ഇന്നും ഉടയാതെ എഴുന്നുനില്‍ക്കുന്ന നമ്മുടെ വിഗ്രഹങ്ങള്‍ക്കൊന്നും.
ഇവിടത്തെ പ്രേക്ഷകര്‍ ആ സമയത്ത് തമിഴ് സിനിമയിലെ യുവത്വത്തിന്റെ പ്രകടനങ്ങള്‍ക്കായി കണ്‍പാര്‍ത്തുനിന്നു. അയല്‍പക്കത്തെ യുവപരീക്ഷണങ്ങള്‍ ഇവിടെ നാം കൈയടിച്ച് വിജയിപ്പിച്ചു. പ്രണയമോ യൌവനത്തിന്റെ ഊര്‍ജസ്വലതയുള്ള മറ്റു വികാരങ്ങളോ മിന്നിമറിയുന്ന മുഖങ്ങള്‍ക്കായി കാത്തിരിക്കുകയായിരുന്നു നാം. അതുകൊണ്ടായിരിക്കണം ഒരു മലയാളിപ്പയ്യന്‍ ഒരു പെണ്‍കുട്ടിയുടെ മുഖം കണ്ട് പ്രണയാതുരനായി ചിരിക്കുന്നത് കണ്ട് കോഴിക്കോട് അപ്സര തിയറ്ററിലെ ആയിരത്തോളം വരുന്ന പ്രേക്ഷകരില്‍നിന്ന് ഒരാരവമുയര്‍ന്നത്. ചിരി വിരിയുന്ന അവളുടെ കവിളിന്റെ ക്ലോസപ് ദൃശ്യവും അവന്റെ നോട്ടവും ആ പ്രേക്ഷകര്‍ ആസ്വദിച്ചുവെന്ന് വ്യക്തം.
പ്രമേയത്തിലോ ദൃശ്യപരിചരണത്തിലോ പുതുമയൊന്നുമില്ലെങ്കിലും 'മലര്‍വാടി ആര്‍ട്സ് ക്ലബ്'മലയാള മുഖ്യധാരാ സിനിമയുടെ അഭിശപ്തമായ വര്‍ത്തമാനത്തില്‍ സവിശേഷമായ പ്രാധാന്യമുള്ള ചിത്രമാണ്. അമ്പതുകള്‍ കടന്ന അണിയറശില്‍പികളും താരങ്ങളും സാങ്കേതികപ്രവര്‍ത്തകരും ചേര്‍ന്ന് നിര്‍മിച്ച കാമ്പസ് സിനിമകള്‍ പോലും അവരറിയാത്ത ഒരനുഭവലോകത്തിന്റെ അപരിചിതമായ ആവിഷ്കാരങ്ങളായിരുന്നു. ആ പരിമിതി അത്തരം സിനിമകള്‍ക്ക് ഉണ്ടായിരുന്നു. പുതുമുഖങ്ങളായ താരങ്ങളെ വെച്ച് ഒരു കഥ പറഞ്ഞ് ചിത്രം വിജയിപ്പിക്കാമെന്ന് വിനീത് ശ്രീനിവാസന്‍ തെളിയിച്ചിരിക്കുന്നു. ഇത് ഒരു ശുഭസൂചനയാണ്. ഒരു പക്ഷേ വരാനിരിക്കുന്ന പരിവര്‍ത്തനങ്ങളുടെ തുടക്കമായിരിക്കും മലര്‍വാടി. പുതിയവര്‍ വരുന്നില്ല, ഇവിടെ ഞങ്ങളേയുള്ളൂ എന്നാണ് നമ്മുടെ സിനിമക്കാര്‍ പറഞ്ഞുകൊണ്ടിരുന്നത്. സൂപ്പര്‍താരങ്ങള്‍ പൊയ്ക്കാലുകളില്‍ കെട്ടിപ്പൊക്കിയ ഗോപുരാകാരങ്ങള്‍ക്ക് ചെറിയ ഇളക്കം തട്ടിക്കാന്‍ ഇതുപോലുള്ള ചെറുസംരംഭങ്ങള്‍ക്കു കഴിഞ്ഞാല്‍ മലയാള സിനിമയുടെ ഗതി മാറും. മുതിര്‍ന്ന നടന്‍ മധു ഇന്നലത്തെ മാതൃഭൂമിയില്‍ പറഞ്ഞതുപോലെ ഇതിനെയൊരു ചക്രമായി കാണുക. അത് കറങ്ങിത്തിരിഞ്ഞു വരും. അതുവരെ കാത്തിരിക്കുക. നല്ല സിനിമയുടെ മലയാളക്കാലം മടങ്ങിവരുക തന്നെ ചെയ്യും. പുനലൂര്‍ ബാലന്‍ പാടിയതുപോലെ ''എല്ലാം നശിച്ചുപോയിട്ടില്ല, പോകില്ല, വീണ്ടുമുല്‍ഫുല്ലമാം....''
തമിഴിലെ ചില ആണ്‍കൂട്ട് സിനിമകളുടെ നിഴല്‍ വീണുകിടപ്പുണ്ട് ചിത്രത്തിന്റെ പല ഫ്രെയിമുകളിലും. പ്രത്യേകിച്ചും സുബ്രഹ്മണ്യപുരം, ബോയ്സ് തുടങ്ങിയ ചിത്രങ്ങള്‍ നമുക്ക് ഓര്‍മ വരും. എങ്കിലും വടക്കേ മലബാറിലെ ചെറുപ്പക്കാരുടെ സൌഹൃദത്തിന്റെ ഊഷ്മളതയും ഇഴയടുപ്പവും സ്വാഭാവികത ചോരാതെ പകര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. മലയാള സിനിമക്ക് ഇതുവരെ പരിചയമില്ലാതിരുന്ന മുഖങ്ങളാണ് ഈ ചിത്രത്തില്‍. അഹ്മദ് ജലാലുദ്ദീന്‍, ജോണ്‍ ഡ്യുക്മാന്‍, രമേഷ് കൃഷ്ണന്‍ തുടങ്ങിയ പുതുതാരങ്ങള്‍ തുടക്കക്കാരുടെ പതര്‍ച്ചകളില്ലാത്ത പ്രകടനം കാഴ്ചവെക്കുന്നു. പുതിയ ഒരു ആര്‍ട്സ് ക്ലബിന്റെയും കൂട്ടായ്മയുടെയും തുടക്കമാവട്ടെ ഈ ചിത്രം.
ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ നിന്ന് നല്ല ഒരു പ്രമേയം വളര്‍ത്തിയെടുക്കാമായിരുന്നു. വടക്കന്‍ കേരളത്തിലെ ഒരു ഗ്രാമത്തിലെ അഞ്ചു ചെറുപ്പക്കാരെ കേന്ദ്രീകരിച്ചുള്ളതാണ് കഥ. പഠനം കഴിഞ്ഞ് ജോലി നോക്കേണ്ട പ്രായത്തില്‍ അവര്‍ ഇടത്താവളമായി കാണുന്നത് തങ്ങളുടെ ചില്‍ഡ്രന്‍സ് ക്ലബ് ആയ മലര്‍വാടിയാണ്. ക്ലബിന്റെ ഇന്നത്തെ സ്ഥിതി പരിതാപകരമാണ്. പുതുതലമുറയില്‍പെട്ട കുട്ടികള്‍ കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം കാണിക്കുന്നില്ല. അവരെ ഒരു രാഷ്ട്രീയകക്ഷി വാടകക്കെടുത്ത് തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണ്. ചെഗുവേരയുടെയും സ്റ്റാലിന്റെയും ചിത്രം പതിച്ച ഓഫീസ് സി.പി.എമ്മിന്റേതു തന്നെയായിരിക്കും. പാര്‍ട്ടിക്കുവേണ്ടി സ്കൂള്‍ അടപ്പിക്കാനും സ്കൂട്ടര്‍ കത്തിക്കാനും ഹര്‍ത്താല്‍ വിജയിപ്പിക്കാനും പോകുന്നുണ്ട് അവര്‍. (അതുകൊണ്ടുതന്നെ വലിയ ചിന്താശേഷിയോ രാഷ്ട്രീയബോധമോ ഒന്നുമുള്ളവരല്ല അവരെന്ന് പ്രേക്ഷകന് നിശ്ചയമായും അനുമാനിക്കാം. )''അരിയും പച്ചക്കറീം തമിഴ്നാട്ടില്‍ നിന്നു കൊണ്ടുവരുന്നതുപോലെ പാര്‍ട്ടിക്ക് അണികളെയും അവിടെ നിന്നു തന്നെ കൊണ്ടുവരേണ്ടി വരുമോ'' എന്ന് ആശങ്കപ്പെടുന്നുണ്ട് ആ പാര്‍ട്ടിയുടെ പ്രാദേശിക നേതാവ്. അതില്‍ ഒരു ശ്രീനിവാസന്‍ ടച്ച് ഉണ്ട്. ഒരിടത്ത് നോക്കുകൂലി ചോദിക്കാനെത്തുന്ന ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരെ കാണിക്കുന്നുണ്ട്. അവരുമായുള്ള വാഗ്വാദത്തിനിടെ അവരെ നിയന്ത്രിക്കുന്ന ഹൈക്കമാന്‍ഡിനെപ്പറ്റി നാം കേള്‍ക്കുന്നു. നോക്കുകൂലി വാങ്ങരുതെന്ന് ഹൈക്കമാന്‍ഡ് പറഞ്ഞിട്ടുണ്ടല്ലോ എന്ന്. സൂചിപ്പിക്കുന്നത് സി.ഐ.ടി.യുവിനെ ആണെങ്കില്‍ എന്തുകൊണ്ട് ഹൈക്കമാന്‍ഡ്? ഒരു പക്ഷേ ബാലന്‍സിംഗ് ആയിരിക്കും. കാഴ്ചയിലെ കല്ലുകടികള്‍ അങ്ങനെ പലതുണ്ടെങ്കിലും ഇത്തരമൊരു സംരംഭം മലയാള സിനിമയില്‍ നവ്യമായ ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുന്നുവെങ്കില്‍ അത്രയും നന്ന്.
കണ്ട സിനിമകളുടെ ഛായയില്ലാത്ത പ്രമേയങ്ങളും പുതിയ ദൃശ്യപരിചരണരീതിയും ഫലപ്രദമായി വിനിയോഗിച്ചാല്‍ വിനീത് മലയാളത്തിലെ പുതുതലമുറ ചലച്ചിത്രകാരന്മാരില്‍ ഒരാളായി മാറുമെന്ന സൂചന ഈ ചിത്രത്തിലുണ്ട്. at the age of 25, I've got my vein and blood full of cinema എന്ന് സ്വന്തം ബ്ലോഗില്‍ (http://vineethsreenivasan.wordpress.com/ )വിനീത് പ്രഖ്യാപിക്കുന്നുണ്ട്. യുവത്വത്തിന്റെ തുടിപ്പുകളില്ലാതെ ജരാനരകള്‍ ബാധിച്ച് മൃതപ്രായമായി കഴിയുന്ന മലയാള സിനിമക്ക് ഈ 25കാരന്റെ വരവ് എന്താണ് നല്‍കുക എന്ന് കാത്തിരുന്നു തന്നെ കാണാം. ബ്ലോഗും ഫേസ്ബുക്കും ഉപയോഗിക്കുന്ന, പ്രേക്ഷകരുമായി സംവദിക്കാന്‍ സൈബര്‍സ്പേസിനെ കൂടി ഉപയോഗപ്പെടുത്തുന്ന നവതലമുറചലച്ചിത്രകാരന്മാര്‍ മലയാളത്തില്‍ ഇല്ലെങ്കിലും ബോളിവുഡില്‍ ഇഷ്ടം പോലെ ഉണ്ട്. (http://passionforcinema.com/) ഡയറിപോലെ വേഡ്പ്രസ് ബ്ലോഗ് എഴുതി എല്ലാ കമന്റ്സിനും മറുപടി പറഞ്ഞ് സൈബര്‍സ്പേസില്‍ സജീവസാന്നിധ്യമാണ് വിനീത്. സ്വന്തം രക്തത്തിലും സിരയിലും നിറയെ സിനിമയുള്ള കേരളീയയൌവനത്തിന്റെ ഒറ്റപ്പെട്ട ഒരു ഉദാഹരണമാവരുത് വിനീത് എന്നാണ് വിനീതനായ ഈ പ്രേക്ഷകന്റെ ആഗ്രഹം.

13 comments:

SHYLAN said...

hatzz
off!!

shajiqatar said...

നന്നായിട്ട് എഴുതി.ഇങ്ങിനത്തെ സിനിമകള്‍ ഉണ്ടാകട്ടെ വിജയിക്കട്ടെ.

കാണി ഫിലിം സൊസൈറ്റി said...

പുതിയ മലയാള സിനിമകളെ ഗൌരവമായി വിലയിരുത്താന്‍ ശ്രമിച്ചതില്‍ സന്തോഷം.

ManzoorAluvila said...

വളരെ ശക്തമായ നിരീക്ഷണം ..ഒരു പച്ചയായ സത്യം വളരെ സത്യസന്ധമായ്‌ അവതരിപ്പിച്ചു .ആശംസകൾ

I want U to rebel !!! said...

അതുകൊണ്ടായിരിക്കണം ഒരു മലയാളിപ്പയ്യന്‍ ഒരു പെണ്‍കുട്ടിയുടെ മുഖം കണ്ട് പ്രണയാതുരനായി ചിരിക്കുന്നത് കണ്ട് കോഴിക്കോട് അപ്സര തിയറ്ററിലെ ആയിരത്തോളം വരുന്ന പ്രേക്ഷകരില്‍നിന്ന് ഒരാരവമുയര്‍ന്നത്

ഒരു പയ്യന്റെ പ്രണയാര്‍ദ്ര ഭാവം കാണുമ്പോള്‍ ഇതു എല്ലായ്പ്പോഴും ഉണ്ടാകുന്നതാണ് , അകമ്പടിയായെത്തിയ മാട പ്രാവാണ് പ്രേക്ഷകരെ ആവേശം കൊള്ളിച്ചതെന്നാണ് എനിക്ക് തോന്നിയത് , ഇന്നും ഈ ഗാനം യുവാക്കളെ ത്രസിപ്പിക്കുന്നു എന്നത് ഒരു അത്ഭുതം തന്നെയാണ് !

റോബി said...

അപ്പന്റെ അരാഷ്ട്രീയതയുടെ ബാക്കിയും കൊണ്ടാണോ മകനും വരുന്നത്?

A.FAISAL said...

നല്ല വിലയിരുത്തല്‍..!!

...: അപ്പുക്കിളി :... said...

കണ്ടില്ല... ഇത് വായിച്ച് കഴിഞ്ഞപ്പോ ഇപോ തന്നെ കാണണമെന്ന മോഹം...

akhilesh said...

ഈ ചിത്രത്തില്‍ ഒരു പുതിയ കാറ്റിന്റെ മണവും ഇല്ല. കേന്ദ്രകഥാപാത്രങ്ങള്‍ യുവാക്കളാണ് (അത് പുതുമയല്ല), അവരെ അവതരിപ്പിക്കുന്നത്‌ പുതുമുഖങ്ങളാണ് - ഇത്ര മാത്രം. കഥ മെനയുന്നതിനോടുള്ള സമീപനത്തിലും ആഖ്യാന ശൈലിയിലും ചില നിര്‍ബന്ധിത ചേരുവകള്‍ ചേര്‍ക്കുന്നതിലുമൊക്കെ കഴിഞ്ഞ പത്ത് പതിനഞ്ചു കൊല്ലമായി കാണുന്ന, ഒഴിവാക്കാവുന്ന രീതികള്‍ തന്നെയാണ് ഈ പടത്തിലുമുള്ളത്.

പക്ഷെ, ഒരു നല്ല കാര്യമുണ്ട്. സൂപ്പര്‍ സ്ടാറുകളില്ലാതെ വിജയിക്കുന്ന ഓരോ സിനിമയും, മലയാളസിനിമയുടെ ആരോഗ്യത്തിനു ഗുഡ് ന്യൂസ്‌ തന്നെയാണ്.

N P Sajeesh said...

ശരിയാണ് അഖിലേഷ്. ചിത്രത്തിന്റെ പ്രമേയത്തിലോ അവതരണത്തിലോ പുതുമയില്ലെന്ന് ഞാന്‍ സൂചിപ്പിച്ചിട്ടുണ്ടല്ലോ. താരങ്ങളില്ലാതെയും സിനിമ വിജയിപ്പിക്കാം എന്നു തെളിയിച്ചതു തന്നെയാണ് ചിത്രത്തിന്റെ പ്ലസ്പോയിന്റ്. പുതിയ മുഖങ്ങളുടെയും സാങ്കേതിക വിദഗ്ധരുടെയും സംവിധായകരുടെയും കടന്നുവരവിന് നിമിത്തമായേക്കാവുന്ന സിനിമ എന്ന അര്‍ഥത്തില്‍ ഈ ചിത്രം പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടതുണ്ട് എന്നു തന്നെയാണ് ഞാന്‍ കരുതുന്നത്.

MOM said...

ലേഖനം ഇഷ്ടമായി.ആദ്യപകുതി വായിച്ച് കരച്ചില്‍ വന്നു.
‘മലര്‍വാടി’ - ഇഷ്ടമായില്ല.‘അതൊക്കെയാലോചിക്കുമ്പോള്‍ ഇതു കൊള്ളാം’ എന്നൊക്കെയുള്ള സ്വയം ആശ്വസിപ്പിക്കലുകള്‍ നാമെത്രകാലം നടത്തും? അതിനിനി സമയവും ദയയും മലയാളസിനിമ അര്‍ഹിക്കുന്നുവെന്ന് തോന്നുന്നില്ല.

എതിരന്‍ കതിരവന്‍ said...

ഈ സിനിമ കണ്ടിട്ടില്ല. കാണാൻ ആൾക്കാരുണ്ട് എന്നു കേട്ടിട്ട് ഒരു സന്തോഷമുണ്ട്. പക്ഷേ സിനിമയുടെ നന്മ കൊണ്ടായിരിക്കുമോ ഇത്? സൂപർ സ്റ്റാർ എഫെക്റ്റ്കൾ ഇല്ലാത്ത ചെറുപ്പക്കാർ പുതുമുഖങ്ങൾ നിറഞ്ഞ പടം കാണാൻ തിർക്കേറുന്നത് ശുഭസൂചകമാണേന്ന് ഉറപ്പിക്കാനാവുമോ? തൈക്കിളവന്മാർ കൂട്ടുകാരുടെ കോപ്പിരാട്ടി (ഇൻ ഹരിഹർനഗർ 2) കാണാനും ഈയിടെ ആൾക്കാർ കൂടി.

സുസ്മേഷ് ചന്ത്രോത്ത് said...

മലര്‍വാടി ആര്‍ട്ട്‌സ്‌ ക്ലബ്‌ എന്ന ചലച്ചിത്രത്തില്‍ ഞാനനുഭവിച്ച പ്രധാന പ്രത്യകത,അതിനൊരു 'ഫീല്‍ ' പ്രേക്ഷകരിലേക്ക്‌ പകരാനാവുന്നുണ്ട്‌ എന്നതാണ്‌.സമാനതകളുള്ള തമിഴ്‌-ഹിന്ദി-മറുഭാഷാ പടങ്ങളുണ്ടായിട്ടും അവയൊക്കെ നമ്മള്‍ കണ്ടിട്ടും,മലര്‍വാടിക്ക്‌ ഒരു വൈകാരികാനുഭവം തരാന്‍ കഴിയുന്നതാണ്‌ നേട്ടം.
അതിനൊപ്പം അസാധാരണ കഴിവുകളുള്ള ഒരുകൂട്ടം പുതിയ ആഭിനേതാക്കളെ സിനിമയ്‌ക്ക്‌ സമ്മാനിച്ചു എന്നതും.
വിനീതിനെ ഞാന്‍ അഭിനന്ദിക്കുന്നു.

Post a Comment