Monday, July 26, 2010

അപൂര്‍വരാഗം: ഇനി ആത്മപരിശോധനയുടെ കാലം

സ്കൂളില്‍ പഠിക്കുന്ന കാലത്താണ് 'തനിയാവര്‍ത്തനം' കാണുന്നത്. ഇപ്പോഴുമുണ്ട് നെഞ്ചിലൊരു വിങ്ങലായി ബാലന്‍ മാഷിന്റെ ഇരുട്ടില്‍ തറച്ച നോട്ടങ്ങള്‍. നാവിലുണ്ട് വാല്‍സല്യത്തില്‍ പൊതിഞ്ഞ് വെച്ചുനീട്ടിയ വിഷച്ചോറിന്റെ ചവര്‍പ്പ്.
നല്ല സിനിമയിലേക്ക് കൈപിടിച്ച് വഴി നടത്തിച്ച ആദ്യചിത്രമായിരുന്നു അത്. ജീവിതം മുന്നില്‍ കാണിച്ചു തന്ന് അനുഭവിപ്പിക്കാന്‍ കഴിയുന്ന മൂന്നാംകണ്ണിന്റെ കലയാണ് സിനിമ എന്ന് അന്ന് ബോധ്യമായി. അടൂരിനെയും അരവിന്ദനെയും സത്യജിത്റേയെയും കുറസോവയെയും പരിചയപ്പെടാന്‍ പിന്നെയും കുറേക്കാലം കഴിഞ്ഞു. എന്നാല്‍ ചലച്ചിത്രസാക്ഷരതയുടെ ആദ്യാക്ഷരം കുറിക്കുന്ന കാലത്ത് 'തനിയാവര്‍ത്തനം' കണ്ടില്ലായിരുന്നെങ്കില്‍ എനിക്ക് ഇവരെയൊന്നും വേണ്ടവിധം മനസ്സിലാവുമായിരുന്നില്ല. പിന്നീട് 'പഥേര്‍ പാഞ്ചാലി' കണ്ടപ്പോള്‍ സത്യജിത്ത് റേ ഒരു അപരിചിതനാണെന്ന് തോന്നിയില്ല. ചായം തേക്കാത്ത ജീവിതമുഖങ്ങള്‍ കണ്ടു പരിചയിക്കാനുള്ള ദൃശ്യശിക്ഷണം അപ്പോഴേക്കും കിട്ടിക്കഴിഞ്ഞിരുന്നു.
ഉറഞ്ഞു തുള്ളുന്ന മുടിയേറ്റുകാളിയുടെ മുന്നില്‍ അടുത്ത തലമുറയുടെ ഇരയായി പകച്ചുനില്‍ക്കുന്ന കുട്ടിയുടെ ഫ്രെയിമില്‍ അന്ധവിശ്വാസം എന്ന ഭ്രാന്തിന്റെ തനിയാവര്‍ത്തനം തെളിയുന്നിടത്ത് ആ ചിത്രം അവസാനിച്ചപ്പോള്‍ മനസ്സില്‍ കുറിച്ചിട്ട പേരുകളാണ് സിബിയുടെയും ലോഹിതദാസിന്റെയും. അതിഭാവുകത്വം കലരാത്ത ഗാര്‍ഹിക വ്യവഹാരങ്ങളുടെ യഥാതഥമായ ചിത്രണത്തിലൂടെ കേരളത്തിലെ കുടുംബജീവിതത്തിന്റെ വൈകാരികലോകം വരച്ചിട്ടുകൊണ്ട് അവര്‍ പിന്നെയും നല്ല സിനിമകള്‍ തന്നു. കച്ചവട സിനിമയുടെ കെട്ടുകാഴ്ചകള്‍ക്കൊപ്പം വഴിനടക്കുമ്പോഴും ജനപ്രിയ സിനിമകളെപ്പറ്റിയുള്ള മുന്‍ധാരണകളില്‍നിന്ന് അവര്‍ ഒട്ടനവധി കളകള്‍ പറിച്ചെറിഞ്ഞു.
വ്യക്തിയും സമൂഹവും തമ്മിലുള്ള നിരന്തരമായ സംഘര്‍ഷത്തിന്റെ കഥ പറഞ്ഞ 'കിരീടം', മൂന്നു സ്ത്രീകളുടെ സഹനങ്ങളിലൂടെ കടന്നുപോവുന്ന 'എഴുതാപ്പുറങ്ങള്‍', ഗര്‍ഭപാത്രം വാടകക്ക് കൊടുക്കാനുണ്ടോ എന്നു ചോദിച്ച് ക്ലാസിഫൈഡ് കോളങ്ങളില്‍ പരസ്യം വരുന്ന ഇക്കാലത്ത് മാത്രം നമുക്ക് മനസ്സിലാവുന്ന, കാലം തെറ്റി മുമ്പേ പിറന്ന 'ദശരഥം', തടവറയുടെ ഇരുള്‍മുറിയില്‍ ഒരു ജീവിതത്തിന്റെ മുഴുവന്‍ അര്‍ഥവും നിശãബ്ദതകൊണ്ടും അറുത്തു മുറിച്ച വാക്കുകള്‍ കൊണ്ടും ധ്വനിപ്പിക്കുന്ന 'സദയം' എന്നിവ അതിനാടകീയതയിലേക്ക് വഴുതിവീഴാത്ത വൈകാരികതയുടെ വിവേകപൂര്‍ണമായ ആവിഷ്കാരത്തിലൂടെ നമ്മെ അനുഭവിപ്പിച്ച ചിത്രങ്ങളായിരുന്നു. സഹനങ്ങളും ദുരന്തങ്ങളും നിറഞ്ഞ ജീവിതത്തെ വാക്കുകളിലേക്ക് പകര്‍ത്താന്‍ അസാമാന്യമായ കഴിവുള്ള ലോഹിതദാസിന്റെയും എം.ടിയുടെയും തിരക്കഥകള്‍ സിബി മലയിലിനെ ഏറെ സഹായിച്ചിട്ടുണ്ട്. അവര്‍ അക്ഷരങ്ങളില്‍ തീര്‍ത്ത വൈകാരികലോകം ശില്‍പഭദ്രതയുള്ള ഒരു ക്രാഫ്റ്റ്സ്മാന്റെ കൈയൊതുക്കത്തോടെ അദ്ദേഹം അഭ്രപാളിയിലേക്കു പകര്‍ത്തി. മൂന്നാംകിട മെലോഡ്രാമകളായി അവ നശിച്ചുപോവാതിരിക്കാന്‍ സിബിയുടെ വിവേകങ്ങള്‍ സഹായിച്ചു.
ആ സിബി ഇപ്പോള്‍ സിനിമയില്‍ കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കിയിരിക്കുന്നു. നാല്‍പതോളം സിനിമകള്‍. 1985ല്‍ 'മുത്താരംകുന്ന് പി.ഒ'യിലൂടെ അരങ്ങേറ്റം. പില്‍ക്കാലത്ത് നല്ല ചിത്രമെടുക്കാന്‍ സാധ്യതയുള്ള ആളാണ് എന്ന ഒരു സൂചനയും തന്നില്ല ആദ്യചിത്രം. എന്നാല്‍ തുടര്‍ന്ന് ലോഹിതദാസിന്റെയും എം.ടിയുടെയും തിരക്കഥകള്‍ കിട്ടിയപ്പോള്‍ ഭാഗ്യജാതകം തെളിഞ്ഞു. ലോഹി സംവിധായകനായപ്പോള്‍ മറ്റുള്ള എഴുത്തുകാരെ വെച്ച് എടുത്ത സിനിമകളൊന്നും സിബി സ്പര്‍ശമില്ലാത്ത, ഉള്ളുപൊള്ളയായ കെട്ടുകാഴ്ചകളായി. 'ഉസ്താദ്' പോലെയുള്ള അതിക്രമങ്ങളും നാം കാണേണ്ടിവന്നു. (ഷാജികൈലാസിന്റെ പരകായപ്രവേശമായിരുന്നു അതെന്ന് ഉപശാലാസംസാരം). ഫ്ലാഷ്, ആലീസ് ഇന്‍ വണ്ടര്‍ലാന്റ്, അമൃതം, ജലോല്‍സവം എന്നിവ സിബിചിത്രങ്ങള്‍ തന്നെയോ എന്ന് നാം സംശയിച്ചു. ജീവിതമറിയുന്ന എഴുത്തുകാരന്റെ അഭാവത്തില്‍ കഴിവുകള്‍ പാഴായി പോവുന്ന ഹതാശനായ സംവിധായകപ്രതിഭയെ നോക്കി മലയാളിപ്രേക്ഷകന്‍ സഹതപിച്ചു.
ഒടുവില്‍ കരിയറിന്റെ 25ാംവര്‍ഷത്തില്‍ സിബി ഒരു സിനിമയുമായി വന്നിരിക്കുന്നു. താരങ്ങളില്ലാത്ത 'അപൂര്‍വരാഗം'. മുതിര്‍ന്ന സംവിധായകരും സൂപ്പര്‍താരങ്ങളും ചേര്‍ന്ന് മലയാള സിനിമയുടെ ശവപ്പെട്ടിക്ക് ആണി ആഞ്ഞടിക്കുമ്പോഴാണ് സ്വാഗതാര്‍ഹമായ ഒരു സംരംഭവുമായി സിബി വരുന്നത്. മുഖ്യധാരാ സിനിമയുടെ നാണംകെട്ട അപചയത്തില്‍ 'മലര്‍വാടി ആര്‍ട്സ് ക്ലബ്' പോലെ പ്രസക്തമായ ഒരു ചിത്രമാണ് 'അപൂര്‍വരാഗം'. മലയാളത്തിലെ മുഖ്യധാരാ സിനിമയുടെ ചില പതിവുകളെ രസകരമായി അട്ടിമറിക്കുന്നുണ്ട് ഈ ചിത്രം. ബോളിവുഡിലെ മള്‍ട്ടിപ്ലക്സ് പരീക്ഷണചിത്രങ്ങളെ പോലെ പ്രമേയത്തിലും അവതരണത്തിലും നൂറ്റൊന്നാവര്‍ത്തിച്ച ക്ലീഷേകളെ കുടഞ്ഞുകളയാനുള്ള ബോധപൂര്‍വമായ ശ്രമമുണ്ട് ഇതില്‍. വസന്തബാലനും ശശികുമാറും സമുദ്രക്കനിയും മറ്റും തമിഴിലും വിശാല്‍ ഭരദ്വാജ്, അനുരാഗ് കശ്യപ് തുടങ്ങിയവര്‍ ബോളിവുഡിലും ചെറുപ്പക്കാരായ താരങ്ങളെ വെച്ച് വിസ്മയദൃശ്യങ്ങള്‍ തീര്‍ക്കുമ്പോള്‍ 'പോക്കിരിരാജ'യും 'ചട്ടമ്പിനാടും' കളിക്കുന്ന തിയറ്ററുകള്‍ ലജ്ജിച്ച് ലജ്ജിച്ച് പൂട്ടിപ്പോയ സമകാലിക കേരളീയ സാഹചര്യത്തില്‍ ഇത്തരമൊരു സിനിമ പ്രേക്ഷകര്‍ കൈയടിച്ചു പ്രോല്‍സാഹിപ്പിക്കുന്നത് പ്രത്യാശ പകരുന്ന കാഴ്ച തന്നെയാണ്.
സിബിയെ പോലുള്ള സംവിധായകരെല്ലാം താരങ്ങളെ കേന്ദ്രീകരിച്ച് സിനിമ നിര്‍മിക്കുന്ന കാലത്ത് പ്രമേയത്തിന്റെ ബലത്തില്‍ ഇങ്ങനെയൊരു പരീക്ഷണം നടത്താന്‍ അദ്ദേഹം മുതിര്‍ന്നത് എന്തുകൊണ്ടും നന്നായി. താരങ്ങളുടെ പ്രതിച്ഛായകള്‍ക്കനുസരിച്ച് തുന്നിച്ചെടുക്കുന്ന റെഡിമെയ്ഡ് കഥാപാത്രങ്ങളെയാണ് നാം ഇപ്പോള്‍ പൊതുവെ കണ്ടുപോരുന്നത്. കൂടെ നില്‍ക്കുന്നവര്‍ക്കു വേണ്ടി എന്തും ചെയ്യുന്ന ത്യാഗരാജന്മാരായ കഥാപാത്രങ്ങള്‍, വായുവില്‍ നാലും അഞ്ചുംപേരെ പുഴക്കിയെറിയുന്നവര്‍, നാല്‍പതുകള്‍ കടന്നിട്ടും നായികക്കു ചുറ്റും ചില്ലറ വേലകളുമായി നടക്കുന്നവര്‍(പാപ്പീ അപ്പച്ചാ എന്നു വിളിച്ച് കരഞ്ഞുപോവും പല വേലകളും കണ്ടാല്‍) വേറിട്ട ഒരു ചിന്ത, വേറിട്ട ഒരു കാഴ്ച അവിടെ അസാധ്യമാവുന്നു. ഒരു നല്ല ചിത്രം ആസ്വദിക്കാനുള്ള മലയാളിപ്രേക്ഷകന്റെ സംവേദനക്ഷമതയെ നോക്കി കൊഞ്ഞനംകുത്തിക്കൊണ്ടാണ് ഇവിടെ മുഖ്യധാരാ സിനിമകള്‍ പിറവിയെടുക്കുന്നത്. അതിനിടയില്‍ ഒരാശ്വാസമായി 'അപൂര്‍വരാഗം'. കുറ്റങ്ങളും കുറവുകളുമില്ലാത്ത സിനിമയാണ് ഇതെന്നല്ല ഇപ്പറഞ്ഞതിന് അര്‍ഥം. ഒരു ദോഷൈകദൃക്കിന്റെ കണ്ണുകള്‍ ഈ സിനിമ കാണുമ്പോള്‍ ഞാന്‍ അടച്ചുവെക്കുന്നത് ഇത്തരം പല കാരണങ്ങളാലാണ്. അപ്രതീക്ഷിതമായ ചില വളവുകളും തിരിവുകളുമുള്ള കഥ 'എഡ്ജ് ഓഫ് ദ സീറ്റ് സസ്പെന്‍സ് ' നിലനിര്‍ത്തി പറഞ്ഞുപോവുന്നുണ്ട്. അകാലത്തില്‍ ജീവിതം വിട്ടിറങ്ങിപ്പോയ സന്തോഷ് ജോഗി തന്റെ വേഷം പതിവുപോലെ ഭംഗിയാക്കി. എന്നാല്‍ നിത്യാമേനോന്റേതായി നാം കേള്‍ക്കുന്ന ശബ്ദം ആ കഥാപാത്രത്തിന്റെ വ്യക്തിത്വ പ്രകാശനത്തിന് ഉതകുന്നില്ല. 'ഭ്രമര'ത്തിനും 'ആഗതനും' ശേഷം അജയന്‍ വിന്‍സെന്റിന്റെ ക്യാമറ അദ്ഭുതങ്ങളൊന്നും കാട്ടിത്തരുന്നില്ല. മാരകമായ കളികളിലൂടെ സ്വപ്നസ്വര്‍ഗങ്ങള്‍ എത്തിപ്പിടിക്കാന്‍ വെമ്പുന്ന യുവത്വത്തിന്റെ അപകടങ്ങള്‍ നിറഞ്ഞ ഇരുണ്ട ലോകത്തെ അനുഭവിപ്പിക്കാന്‍ ലൈറ്റിംഗ് പാറ്റേണിലും മറ്റും ചില പരീക്ഷണങ്ങള്‍ ആവാമായിരുന്നു എന്നു തോന്നി.
പൊതുവെ വൈകാരികതക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ഇമോഷണല്‍ ഡ്രാമകള്‍ ആണല്ലോ സിബിചിത്രങ്ങള്‍. തന്റെ പതിവുകളില്‍ നിന്നും വിട്ടുമാറി ഒരു സ്വയം അഴിച്ചുപണിക്ക് അദ്ദേഹം മുതിരുന്നു എന്നതും ഇവിടെ ശ്രദ്ധേയമാണ്. 'അപൂര്‍വരാഗ'ത്തില്‍ മനസ്സിന്റെ വിലോലതലങ്ങളെ സ്പര്‍ശിക്കുന്ന വൈകാരികതക്ക് അല്ല പ്രാമുഖ്യം. ഭ്രാന്തമായ സ്വപ്നങ്ങളുമായി ഉപരിപ്ലവമായി ജീവിതത്തെ കാണുന്ന യുവജനതയുടെ ആത്മനശീകരണപ്രവണതകളിലാണ്. സത്യന്‍ അന്തിക്കാട് ഒക്കെ ഇപ്പോഴും പഴയ പച്ചക്കറിക്കടയില്‍ തന്നെ ഇരിക്കുമ്പോഴാണ് സിബിയുടെ ഈ ചുവടുമാറ്റം എന്നോര്‍ക്കുക. തികച്ചും സാത്വികം എന്നു വിശേഷിപ്പിക്കാവുന്ന സിനിമകള്‍ സംവിധാനം ചെയ്ത സിബി താരങ്ങളുടെ തെരഞ്ഞെടുപ്പിലും പ്രമേയസ്വീകരണത്തിലും പാലിച്ച ഈ പുതുമ മുതിര്‍ന്ന മറ്റുള്ള സംവിധായകരെ ഒരു ആത്മപരിശോധനക്കു പ്രേരിപ്പിക്കുമെങ്കില്‍ അത്രയും നല്ലത്. പുതിയവര്‍ കടന്നുവരാതിരിക്കാന്‍ തലമുതിര്‍ന്ന സിനിമക്കാര്‍ വാതില്‍ അകത്തുനിന്ന് തള്ളിപ്പിടിച്ചിരിക്കുന്ന ഈ കാലത്ത് മുഖ്യധാരാ സിനിമയുടെ ജാതകം മാറ്റിയെഴുതാന്‍ 'അപൂര്‍വരാഗ'വും 'മലര്‍വാടി'യും അവ പരിചയപ്പെടുത്തിയ താരങ്ങളും ഉതകുമെങ്കില്‍ കാലത്തിന്റെ അനിവാര്യമായ നിയോഗം പോലെ നല്ല സിനിമയുടെ യുഗം കറങ്ങിത്തിരിഞ്ഞുവരാനിടയുണ്ട് എന്ന് നമുക്ക് ഉറപ്പിക്കാം.

21 comments:

നഗ്നന്‍ said...

മലയാള സിനിമയ്ക്ക്
അപചയത്തിന്റെ ഉറയുമായി
ഇനീയേറെയിഴയാനാവില്ല.
ഉറയൂരിയേ മതിയാവൂ.
അത് പ്രകൃതി നിയമം.
സിനിമയും
പ്രകൃതിയുടെ ഒരു ഭാഗമാണല്ലോ.

Mansoor said...

തമ്പുരാക്കന്മാരെയും, നരസിംഹാവതാരങ്ങളെയും, ഉസ്താത് വല്ല്യേട്ടന്‍മാരെയും സൂപ്പറുകള്‍ക്ക് വേണ്ടി സ്യഷ്ടിച്ച രഞ്ജിത്ത് വഴിമാറി സഞ്ചരിക്കുന്നത് ആശ്വാസമാണ്. നമ്മള്‍ പ്രേക്ഷകര്‍ അദ്ദേഹത്തിന്‍റെ പുതിയ പാതയെ പൂര്‍ണ്ണമായും പിന്തുടര്‍ന്നില്ല എന്നത് നിരാശാജനകമാണ്. തിരക്കഥയും പാലേരിയും ലാഭമല്ലാന്നിട്ടുപോലും അദ്ദേഹം പ്രാഞ്ജിയേട്ടനുമായി വീണ്ടും വരുന്നു. നല്ല സിനിമയെ സ്നേഹിക്കുന്നവര്‍ കാണാതെ പോവരുത് മേല്‍പറഞ്ഞ രണ്ടു സിനിമകളും സിഡി ഇറഞ്ഞിയിട്ടുണ്ട്.....

Haree said...

എല്ലാത്തിനോടും യോജിപ്പ്.
"മാരകമായ കളികളിലൂടെ സ്വപ്നസ്വര്‍ഗങ്ങള്‍ എത്തിപ്പിടിക്കാന്‍ വെമ്പുന്ന യുവത്വത്തിന്റെ അപകടങ്ങള്‍ നിറഞ്ഞ ഇരുണ്ട ലോകത്തെ അനുഭവിപ്പിക്കാന്‍ ലൈറ്റിംഗ് പാറ്റേണിലും മറ്റും ചില പരീക്ഷണങ്ങള്‍ ആവാമായിരുന്നു എന്നു തോന്നി." - ഇങ്ങിനെയായാല്‍ ഹോളിവുഡിന്റെ അനുകരണം എന്നു പറയില്ലേ? ചിലതൊക്കെ അനുകരിക്കുന്നതിലും തെറ്റില്ലെന്നു തോന്നുന്നു. കണ്ടുപഠിച്ച്, ചെയ്തുപഠിച്ച് മറ്റൊരു ശൈലി രൂപപ്പെടട്ടെ...

കൊതിച്ചു പോവുന്ന എഴുത്തിന്‌ സലാം. :-)
--

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

സിബി ചിത്രങ്ങളെ ആത്മപരിശോധന നടത്തി,നന്നായി എഴുതിയിരിക്കുന്നു.ഒപ്പം ഹരിയുടെ വാക്കുകള്‍ കടം കൊള്ളുന്നു. കൊതിച്ചു പോവുന്ന എഴുത്തിന്‌ സലാം. :-)

നന്ദകുമാര്‍ said...

സജീഷ് ഒരുമ്മ :)
ഇത്രയും സുന്ദരവും, സ്നേഹത്തോടെ കടിച്ചെടുക്കാന്‍ തോന്നിപ്പിക്കുന്നതുമായ ഈ എഴുത്തിനും ശൈലിക്കും. ഇത്തിരി അസൂയയും തോന്നിപ്പോയി എന്നും കൂട്ടിക്കോളു. :)

സുഖകരമായി ഇങ്ങിനെ വായിച്ചു വരുമ്പോഴാണ് “സത്യന്‍ അന്തിക്കാട് ഒക്കെ ഇപ്പോഴും പഴയ പച്ചക്കറിക്കടയില്‍ തന്നെ ഇരിക്കുമ്പോഴാണ്...” എന്നു കണ്ടത്. ഹഹഹഹ. ഈ കമന്റെഴുതുമ്പോഴും ചിരി നിര്‍ത്താന്‍ പറ്റുന്നില്ല. അപാരമായ പ്രയോഗം.

നിരീക്ഷണങ്ങള്‍ നൂറു ശതമാനം ശരി. ഈ രണ്ടു ചിത്രങ്ങള്‍ മികച്ചതോ അല്ലയോ എന്നല്ല, വരും നാളുകളില്‍ മലയാള സിനിമയില്‍ സംഭവിച്ചേക്കാവുന്ന പുതിയ സിനിമാ സംസ്ക്കാരത്തിനു ഈ രണ്ടു സിനിമകളും കാരണമായേക്കും.ഉറപ്പ്.

Shaji T.U said...

മാഷേ, തകര്‍ത്ത്‌ എഴുതിയിട്ടുണ്ട് കേട്ടോ..! :)

shajiqatar said...

പുതു താരങ്ങള്‍ വരട്ടെ, നന്നായിട്ടുണ്ട്.നമുക്ക് പ്രതീക്ഷവെക്കാം അല്ലെ.ആശംസകള്‍.

vasanthalathika said...

മലയാള സിനിമയെപ്പറ്റി പ്രതീക്ഷ തരുന്ന വാക്കുകള്‍ ...

പിള്ളാച്ചന്‍ said...

മനോഹരമായി എഴുതിയിരിക്കുന്നു.... പറയാന്‍ വാക്കുകള്‍ ഇല്ല... ആശംസകള്‍..
ഈ ചുവടുമാറ്റം മറ്റുള്ളവര്‍ കൂടി ഉള്‍ക്കൊണ്ടാല്‍ മലയാള സിനിമയില്‍ ചില നല്ല മാറ്റങ്ങള്‍ ഉണ്ടാവും എന്നാണ് എന്റെ പ്രതീക്ഷ. മാറി ചിന്തിക്കുന്നവര്‍ ഇല്ലാതില്ല, എന്നാലും അവര്‍ക്ക് വേണ്ട വിധം പ്രോത്സാഹനങ്ങള്‍ ലഭിക്കുന്നില്ല എന്നതാണ് സത്യം. ഇത്തരം കാല്‍‌വെയ്പ്പുകള്‍ അവര്‍ക്കൊരു പ്രചോദനമാകുമെന്ന്‌ പ്രത്യാശിക്കാം..

akhilesh said...

എഴുത്ത് ഒന്നാന്തരമാണെന്ന് പറയാതെ വയ്യ.

cynical noir സിനിമകള്‍ non - noir സിനിമകളുടെ ശൈലിയേയും നല്ല രീതിയില്‍ സ്വാധീനിക്കുമെന്നാണ് എന്റെ പ്രതീക്ഷ.

റോബി said...

അപൂര്‍വരാഗം കണ്ടില്ല.

ഈ കുറിപ്പില്‍, എം.ടി, ലോഹിതദാസ്, സിബി എന്നിവരുടെ ആദ്യകാലചിത്രങ്ങളെക്കുറിച്ചുള്ള സജീഷിന്റെ അഭിപ്രായങ്ങളോടു യോജിക്കാനാവുന്നില്ല.

സഹനങ്ങളും ദുരന്തങ്ങളും നിറഞ്ഞ ജീവിതത്തെ വാക്കുകളിലേക്ക് പകര്‍ത്താന്‍ അസാമാന്യമായ കഴിവുള്ള ലോഹിതദാസിന്റെയും എം.ടിയുടെയും തിരക്കഥകള്‍ സിബി മലയിലിനെ ഏറെ സഹായിച്ചിട്ടുണ്ട്.

ഇതു ശരി തന്നെ. പക്ഷേ, ജീവിതത്തെ വാക്കുകളിലേക്ക് പകര്‍ത്തുന്നതായിരുന്നു എം.ടിയുടേയും ലോഹിതദാസിന്റെയും പരിമിതി. മറിച്ച് ജീവിതത്തെ ദൃശ്യങ്ങളിലാക്കിയിരുന്നെങ്കില്‍ നല്ല സിനിമകളുണ്ടായേനെ. എം.ടി സ്വയം സംവിധാനം ചെയ്ത ചിത്രങ്ങളില്‍ അല്പമെങ്കിലും മികവു കാണിച്ചിട്ടുണ്ട്. ലോഹി ഭൂതക്കണ്ണാടിയിലും. എന്നാല്‍ ഇവര്‍ എഴുതിയ തിരക്കഥകള്‍ മിക്കതും വാചകമേളകള്‍ മാത്രമായിരുന്നു.

അടൂരും അരവിന്ദനും തിളങ്ങി നിന്ന കാലത്തിനു ശേഷമുള്ള കാലത്തെ അടയാളപ്പെടുത്തുന്നത് ഈ രണ്ട് തിരക്കഥാകൃത്തുക്കളും കൂടിയാണെന്നു പറയാം. അടൂരും അരവിന്ദനും ജോര്‍ജ്ജും കുറച്ചൊക്കെ പത്മരാജനും കൂടി രൂപപ്പെടുത്തിയ ദൃശ്യഭാഷയിലുള്ള ആഖ്യാനങ്ങളില്‍ നിന്നും വാചകമേളകളിലേക്ക് മലയാളസിനിമയെ തിരിച്ചു കൊണ്ടുവന്നു എന്നതായിരുന്നു എം.ടിയും ലോഹിയും മലയാളസിനിമയോടു ചെയ്ത പാതകം. ആ കണക്കിനു, ഇന്നത്തെ മലയാളസിനിമയുടെ ദുരവസ്ഥയ്ക്കു കാരണക്കാരും ഇവര്‍ തന്നെ.

സിബിയെക്കുറിച്ചു പറഞ്ഞാല്‍, അതിവൈകാരികതയുടെ ആശാനാണു കക്ഷി. സദയം പോലെ സ്കോപ്പുണ്ടായിരുന്ന ഒരു ത്രെഡിലും അതിവൈകാരികത കുത്തിക്കയറ്റി നശിപ്പിച്ചത് സിബിയുടെ പരിമിതികള്‍ വിളിച്ചു പറയുന്നു. സദയത്തിലെ ക്ലൈമാക്സ് സീനൊക്കെ കണ്ടാല്‍ സഹതാപം തോന്നും. അപൂര്‍വരാഗത്തില്‍ കക്ഷി അതിവൈകാരികത ഉപേക്ഷിക്കുന്നുവെങ്കില്‍ നല്ല കാര്യം.

ആദ്യത്തെ 2-3 പാരഗ്രാഫ് മീഡിയോക്രിറ്റിയുടെ ആഘോഷമായേ തോന്നുന്നുള്ളൂ...സജീഷിന്റെ ഉദ്ദേശ്യവും അതുതന്നെയെന്നറിയാം. അതാവശ്യമാണോ എന്നേ സംശയമുള്ളൂ.

N P Sajeesh said...
This comment has been removed by the author.
N P Sajeesh said...

റോബി പറഞ്ഞതില്‍ ചില യാഥാര്‍ഥ്യങ്ങളുണ്ട്. വാക്കുകളില്‍ സമ്പന്നവും ദൃശ്യങ്ങളില്‍ ദരിദ്രവുമാണ് എം.ടി, ലോഹിതദാസ് ചിത്രങ്ങള്‍ പലതും. വരച്ചുവെച്ച ദൃശ്യങ്ങളുടെ ശ്രേണി പോലെ സിനിമയെടുത്ത ഭരതന്റെ കുട്ടുകാരനായ പത്മരാജന്‍ ചില ചിത്രങ്ങളിലെങ്കിലും ജീവിതം പറഞ്ഞത് കാഴ്ചകളിലൂടെയായിരുന്നു. എന്നാല്‍ ദൃശ്യബിംബങ്ങളുടെ പ്രയോഗം ലോഹിതദാസിനോ എം.ടിക്കോ അറിയില്ലായിരുന്നുവെന്ന് ഇതിന് അര്‍ഥമില്ല. തങ്ങള്‍ സര്‍ഗാത്മക സ്വാതന്ത്യ്രം അനുഭവിച്ചിരുന്ന ചിത്രങ്ങളില്‍ അവരത് മറ്റാരേക്കാളും ഭംഗിയായി ഉപയോഗിച്ചിരുന്നു. മുഖ്യധാരയുടെ ഭാഗമായി നിന്ന് ഒത്തുതീര്‍പ്പുകള്‍ നടത്തുമ്പോഴാണ് അവരെഴുതിയ പല സിനിമകളും റോബി പറയുന്നതുപോലെ വാചകമേളകളായി പോയത്. അടിസ്ഥാനപരമായി അവരിരുവരും എഴുത്തുകാരാണ്. അതു കഴിഞ്ഞേ ചലച്ചിത്രകാരന്മാരാവുന്നുള്ളൂ. ഇരുവരുടെയും കൈയൊപ്പുകളില്ലാത്ത മുഖ്യധാരാ സിനിമ പ്രമേയപരമായി എത്രമാത്രം ദരിദ്രമായിപ്പോവുമായിരുന്നു എന്നു ചിന്തിക്കുമ്പോള്‍, ദൃശ്യങ്ങളേക്കാള്‍ വാക്കുകളെ ആശ്രയിച്ച അവരുടെ തിരക്കഥയുടെ രീതിശാസ്ത്രപരമായ പരിമിതി പൊറുത്തുകൊടുക്കാവുന്നതല്ലേയുള്ളൂ?
റോബിയോട് ഞാന്‍ ശക്തമായി വിയോജിക്കുന്നത് ആദ്യത്തെ രണ്ടു മൂന്നു പാരഗ്രാഫ് മീഡിയോക്രിറ്റിയുടെ ആഘോഷമാണെന്ന വിമര്‍ശനത്തിലെത്തുമ്പോഴാണ്. ഏഴിലോ എട്ടിലോ പഠിക്കുമ്പോള്‍ സിനിമയെ സംബന്ധിച്ച എന്റെ കാഴ്ചപ്പാടുകളെ മാറ്റിമറിച്ച ഒരു സിനിമയെ ഗൃഹാതുരതയോടെ ഓര്‍ത്തെടുക്കുന്ന ഭാഗം. മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ട മലയാള സിനിമയിലെ പ്രധാനപ്പെട്ട പത്തു സിനിമകളില്‍ ഒന്ന് എന്ന് ഞാന്‍ ഇന്നും വിശ്വസിക്കുന്ന സിനിമയാണത്. ആഢ്യത്വത്തിന്റെ പൂണൂലും പാളത്താറും വലിച്ചെറിയാന്‍ കൂട്ടാക്കാത്ത വരേണ്യനിരൂപകര്‍ വാഴ്ത്തിയ അടൂരും അരവിന്ദനും ജോണ്‍ എബ്രഹാമും മാത്രമല്ല നല്ല സിനിമയുടെ പ്രയോക്താക്കള്‍ എന്നു വിളിച്ചു പറയാന്‍ എനിക്കു മടിയില്ല. അതില്‍ ഭരതനും പത്മരാജനും ലോഹിതദാസും എം.ടിയും മോഹനും കെ.ജി. ജോര്‍ജും ലെനിന്‍ രാജേന്ദ്രനും ജോണ്‍പോളും സിബിയും ഒക്കെയുണ്ട്. ഘട്ടക്കിനെയും റേയെയും ബര്‍ഗ്മാനെയും കുറസോവയെയും ബഹുമാനിക്കുമ്പോള്‍ തന്നെ ഇവരെ ഞാന്‍ അറിഞ്ഞ് ആദരിക്കുന്നു.
കിരീടവും ദശരഥവും സദയവും എഴുതാപ്പുറങ്ങളും നല്ലതോ ചീത്തയോ അല്ലാത്ത, ശരാശരിയില്‍ നില്‍ക്കുന്ന, റോബിയുടെ ഭാഷയില്‍ പറഞ്ഞാല്‍ മീഡിയോക്കര്‍ ആയ സിനിമകളാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. മലയാളിയുടെ വൈകാരികതയുടെ ചലച്ചിത്രചരിത്രത്തില്‍ അവക്ക് നിഷേധിക്കാനാവാത്ത സ്ഥാനമുണ്ടെന്ന് ഞാന്‍ കരുതുന്നു.
നല്ലതെന്നു വിശ്വസിക്കുന്ന ചിത്രങ്ങളെ ഓര്‍മയില്‍ ആഘോഷിക്കുന്നതില്‍ തെറ്റുണ്ടെന്നും കരുതുന്നില്ല. ജനങ്ങള്‍ കാണുന്ന നല്ല സിനിമയോട് എന്നും അയിത്തം കാണിച്ചിട്ടുള്ള ആഢ്യ,വരേണ്യനിരൂപകരുടെ ഇടയില്‍ ഇരിപ്പിടം കൊതിക്കാത്തതിനാല്‍ കലാമൂല്യമുള്ള സിനിമയെക്കുറിച്ചുള്ള ശുദ്ധകലാവാദികളുടെ മൌലികവാദങ്ങള്‍ക്ക് ചെവിയോര്‍ക്കാതെ കടുംപിടുത്തങ്ങളും ദുര്‍വാശികളും വിട്ട്, സ്വന്തം അഭിപ്രായങ്ങള്‍ തുറന്നുപറയുന്നതില്‍ എന്താണ് തെറ്റ്?

റോബി said...

എനിക്കിതിഷ്ടപ്പെട്ടു, അതുകൊണ്ടിതു നല്ലതാണെന്നു പറയുന്ന തികച്ചും സബ്‌ജക്ടീവ് ആയ ഒരു ലൈനിലാണെങ്കില്‍ പ്രശ്നമില്ല.

എന്റെ പ്രശ്നം, ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ‘തനിയാവര്‍ത്തനം’ കണ്ടില്ല എന്നതാണെന്നു തോന്നുന്നു. ഞാനതു കണ്ടതു 2006-ലാണ്. അതു പോലെ സദയവും ദൈവത്തിന്റെ വികൃതികളും എല്ലാം കണ്ടത് അടുത്ത കാലത്താണ്. കാലം തെറ്റി കാണുന്നതിന്റെ പ്രശ്നമാകാം. വടക്കന്‍ വീരഗാഥ കണ്ടത് 7-ല്‍ പഠിക്കുമ്പോള്‍. അതിനു ശേഷം ഏറെക്കാലം അതായിരുന്നു ഇഷ്ടസിനിമ. ഇന്നതു കാണുന്നത് അരോചകമായിരിക്കുന്നു. ഇത്രയും പ്രായമായിട്ടിനിയും 12 വയസ്സിലെ സെന്‍സിബിലിറ്റിയില്‍ കുടുങ്ങിക്കിടക്കാന്‍ എനിക്കേതായാലും താത്പര്യമില്ല.

കിരീടത്തിനും ദശരഥത്തിനും സദയത്തിനുമൊക്കെ മലയാളിയുടെ വൈകാരികതയുടെ ചലച്ചിത്രചരിത്രത്തില്‍ നിഷേധിക്കാനാവാത്ത സ്ഥാനമുണ്ടാകാം. അതുപോലെ ബച്ചന്റെയും ചിരഞ്ജിവിയുടെയുമൊക്കെ തട്ടുപൊളിപ്പന്‍ ചിത്രങ്ങള്‍ക്കും അതാതിടങ്ങളിലെ ആളുകളുടെ ചലചിത്രാസ്വാദനചരിത്രത്തില്‍ നിഷേധിക്കാനാകാത്ത സ്ഥാനമുണ്ടാകും. എന്നു കരുതി അതെല്ലാം നല്ല സിനിമകളാണെന്നു പറയണോ?
എലിപ്പത്തായത്തിനും യവനികയ്ക്കും ഭൂരിപക്ഷം മലയാളിയുടെയും വൈകാരികതയുടെ ചലച്ചിത്രചരിത്രത്തില്‍ ഒരിടവുമുണ്ടാകില്ല. എന്നതു കൊണ്ട് അതു മോശം സിനിമകളാകുമോ?

കിരീടം കണ്ടാല്‍ എനിക്കിപ്പോഴും കരച്ചില്‍ വന്നേക്കാം. അതുകൊണ്ട് അതു നല്ല സിനിമയാകുമോ? ഇല്ല.
കോപവും കാമവും പോലൊരു വികാരമാണു താപവും. ഇക്കിളിപ്പടം കണ്ടാല്‍ ലൈംഗികവികാരം ഉണര്‍ന്നെന്നു വരും. കിരീടം കണ്ടാല്‍ സങ്കടം വരുന്നതും അതുപോലെതന്നെയേയുള്ളൂ. പ്രേക്ഷകനെ വൈകാരികമായി ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ചലച്ചിത്രങ്ങള്‍ പോണ്‍ ആണെന്നാണ് എന്റെ പക്ഷം. ആ അര്‍ത്ഥത്തില്‍ സിബിയുടെ ചിത്രങ്ങളില്‍ ചിലതെങ്കിലും സെന്റിമെന്റല്‍ പോണ്‍ എന്ന വിഭാഗത്തില്‍ വരും. ഈ സെന്റിമെന്റ്‌സിനപ്പുറം സിനിമ എന്തു നല്‍കുന്നു എന്നതാണു ചോദ്യം.
കിരീടം തന്നെ ഉദാഹരണമായെടുത്താല്‍, വ്യക്തിജീവിതത്തിലെ വിജയം, പരാജയം എന്നീ കോണ്‍‌സെപ്റ്റുകളെ അന്വേഷണപരിധിയില്‍ നിര്‍ത്തുന്നുവെങ്കിലും അതൊരു വ്യക്തിയുടെ ഒറ്റപ്പെട്ട, വൈയക്തികാനുഭവം മാത്രമാണ്. തട്ടുപൊളിപ്പന്‍ ഹിന്ദി സിനിമയുടെ പ്ലോട്ടിനെ മലയാളത്തിലേക്ക് പകര്‍ത്തിവെച്ചിരിക്കുന്നു. കേരളത്തില്‍ ഗുണ്ടകളും ഗുണ്ടാവാഴ്ചകളും ഉണ്ടായ അനുഭവങ്ങളുണ്ട്. എന്നാല്‍ അവയെ രാഷ്ട്രീയമായി നേരിട്ട ചരിത്രങ്ങളാവും യാഥാര്‍ത്ഥ്യത്തോടടുത്തു നില്‍ക്കുന്നത്. ഗുണ്ടയോട് ഒറ്റയ്ക്കു പൊരുതി ജയിക്കുന്ന ഹീറോയെ അവതരിപ്പിക്കാന്‍, കേരളസമൂഹത്തിലെ രാഷ്ട്രീയാനുഭവങ്ങളെ കിരീടം കണ്ടില്ലെന്നു നടിക്കുന്നു.

പിന്നെ ഒരു സഹായം ചെയ്യാമോ?
പൂണുലും പാളത്താറുമുള്ള, ആഢ്യ,വരേണ്യനിരൂപകരില്‍ ചിലരുടെ പേരു പറയാമോ? ഒന്നറിഞ്ഞിരിക്കാനാ. എനിക്കിവരെ ആരെയും പരിചയമില്ല.

vijay said...

സജീഷ് നന്നായി എഴുതിയിട്ടുണ്ട്... പക്ഷെ ഞാന്‍ ഇവിടെ റോബി പറഞ്ഞതിനോടാണ് കൂടുതല്‍ യോജിക്കുന്നത്... നിങ്ങളുടെ ചര്‍ച്ച തുടരും എന്ന് പ്രതീക്ഷിക്കുന്നു.... സജീഷില്‍ നിന്ന് ഇതുപോലെയുള്ള കൂടുതല്‍ ലേഖനങ്ങള്‍ക്കായി കാത്തിരിക്കുന്നു.

എതിരന്‍ കതിരവന്‍ said...

സിബി മലയിലിന്റെ ഏറ്റവും നല്ല സിനിമ തനിയാവർത്തനം തന്നെ. സമൂഹവും കുടുംബവും കൂടി അതിനു പുറത്തെയ്യ്ക്കു എടുത്തെറിയുന്ന വ്യക്തിയുടെ സംഘർഷങ്ങൾ സാമാന്യം മിതത്വത്തോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. പാരമ്പര്യം എന്ന ഭോഷ്കെന്ന സമൂഹനീതിയ്ക്കെതിരേ ചൂണ്ടിയ വിരലായിരുന്നു അത്. ആ നീതിയിൽ ഒറ്റയാനായിപ്പോകുന്നവന്റെ സങ്കടങ്ങളും കിരീടം പോലെ ക്ലീഷെ നിറച്ചല്ല ദൃശ്യപ്പെടുത്തിയത്. ഭ്രാന്ത്/ഭ്രാന്തില്ലായ്മ എന്നിവയുടെ ആപേക്ഷികതയും തെളിച്ചു കാണിക്കാൻ സിനിമ ശ്രമിച്ചു എന്നതും ശ്രദ്ധേയമാണ്.പാരമ്പര്യം ഭേദിക്കാൻ ഒരുമ്പെടുന്നത് അമ്മസ്വരൂപമാണേന്നുള്ളത് ഇൻഡ്യൻ സിനിമയ്ക്ക് അന്യവുമാണ്. സ്വന്തം മകന് അമ്മ തന്നെ വിഷം കൊടുത്തു കൊല്ലുന്നത് നമ്മുടെ സിനിമാ നിബന്ധനകൾക്ക് ചേർന്നതല്ല താനും.(അതും കവിയൂർ പൊന്നമ്മ! “ഉണ്ണിക്കിടാവിന്നു നൽകാൻ അമ്മ നെഞ്ചിൽ പാലാഴിയേന്തി എന്ന ‘കിരീട‘ വിലാപത്തിന്റേ നേർവിപരീതം) മിക്കവാറും രാത്രിയിലാണ് സിനിമാ ചിത്രീകരിച്ചിരിക്കുന്നത്. സീനുകൾക്ക് അതുകൊണ്ട് സ്വൽ‌പ്പം ആഴം വന്നിട്ടുണ്ട്. അനിയത്തിയുടെ കല്യാണാലോചനക്കാരുടെ മുൻപിൽ ‘അടുത്ത വീട്ടിലെയാ‘ എന്നു പറഞ്ഞൊഴിയുന്ന മമ്മുട്ടിയുടെ അഭിനയം നന്നായിട്ടുണ്ടു താനും.

RAJMOHAN said...

സജീഷ്, കാര്യങ്ങളൊക്കെ അതീവ ഭംഗിയായി പറഞ്ഞു പോകുമ്പോൾ റോബിക്കുള്ള മറുപടിയിൽ തലയിലുള്ള കുട്ട മറിഞ്ഞ് സാധനങ്ങൾ തെറിച്ച് പോയതുപോലെ ആഢ്യത്വം, പൂണൂല്‌, പാളത്താറ്‌, വരേണ്യൻ, ശുദ്ധകലാവാദം, മൗലികവാദം തുടങ്ങിയ വാക്കുകൾ താങ്കളിൽ നിന്നും തുളുമ്പിത്തെറിച്ചു.

ആരൊക്കെയാണീ ആഢ്യ സിനിമാക്കാർ? ബർഗ്മാനും, ഹെർസോഗും, തർക്കോവ്സ്കിയും, റേയു, ഘട്ടക്കും, അടൂരും, അരവിന്ദനുമൊക്കെയോ? ഇവരേക്കുറിച്ചൊക്കെ എഴുതുന്നവരാണോ വരേണ്യ നിരൂപകർ?

സിദ്ധാന്തങ്ങളൂടെയും, ഭാഷയുടെയും ഒക്കെ പുകമറയിൽ ആനയെ ചേനയാക്കിയും ചേനയെ പേനയാക്കിയുമൊക്കെ നടക്കുന്ന നിരൂപകശിരോമണിമാരെ എന്താണാവോ വിളിക്കുക?

Shajikumar said...

good Write up SajeeshettnS...

വാക്കേറുകള്‍ said...

സിനിമയുടെ ശാപം കുറേ സൂപ്പറ് സാറന്മാരും അവരുടെ ശിങ്കിടികളും ആണെന്ന് ഓരോ ദിവസവും തെളിയുന്നു. ചവറ് കഥയും അതിലും ചവറായ സംവിധാനവുമായി എട്ടുനിലയില്‍ പൊട്ടുന്നു പടങ്ങള്‍, എന്നിട്ടും നാണമില്ലാതെ സൂപ്പര്‍സ്റ്റാര്‍ പട്ടവും ഒട്ടിച്ച് നടക്കുന്നു ചിലര്‍.
സിബിയുടെ ഈ ചിത്രം ഉഗ്രനായിട്ടുണ്ട്. മലര്‍വാടി പൊ‌ള്യാട്ടാ മാഷേ.. പോരാത്തേന്ന് മറ്റേ ടീമിന്റെ സംസ്ഥാന സമ്മേളനത്തിന്റെ പരസ്യം പാട്ടില്‍ കേറ്റേം ചെയ്തു..ഇമ്മടെ കൈവെട്ട് ടീമിന്റെ ബി.ടീമിന്റേയ്.
സത്യന്‍ അന്തിക്കാട് പണീ നിര്‍ത്താന്‍ സമയമായി ഇല്ലേല്‍ കൊള്ളാവുന്നവരെക്കോണ്ട് തിരക്കഥ എഴുതിക്കണം..ബോറ് പടങ്ങളാ ഇപ്പോള്‍ വരണത് മുഴുവന്‍.
അട്യോളി ആയിട്ടുണ്ട്..ഇങ്ങനെ വേണം സിനിമയെ നിരൂപണം ചെയ്യാന്‍. അല്ലാണ്ടെ ആ സിനിമയിലെ നായകന്‍ നായരായിരുന്നു..എഴുത്യോന്‍ ചോനായിരുന്നു...അടികൊണ്ടവന്‍ ചെറുമനായിരുന്നു....വില്ലന്‍ ന്യൂപക്ഷക്കാരന്‍ ആയിരുന്നു...ശവം കോണ്ടോക്കുമ്പോള്‍ മോളീന്ന് ക്യാമറ വച്ചു എന്നൊക്കെ
എഴുതിയില്ലല്ലോ...ഗഡ്യേ അഭിനന്ദങ്ങള്‍...ഉഷറായി ഇനിയും എഴുതാട്ടാ‍ ചുള്ളാ...

Shameer Mahe said...
This comment has been removed by the author.
Shameer Hameedali said...

Good write up, Sir!

സിനിമ കണ്ടില്ലെങ്കിലും സിബി മലയില്‍ മോശമാക്കിയില്ല എന്ന് തോന്നുന്നു.

എഴുത്തിനെ കുറിച്ച് പറയേണ്ടതില്ലല്ലോ!

Post a Comment