''കടബാധ്യത മൂലം ഈ വരുന്ന ആഗസ്റ്റ് പതിനഞ്ചിന് പുലര്‍ച്ചെ 12ന് കൂട്ട ആത്മഹത്യ ചെയ്യുമെന്ന ബോര്‍ഡ് സ്വന്തം വീടിനു മുന്നില്‍ എഴുതിവെച്ച് മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ 45കാരനാണ് കുണ്ടൂര്‍ വിശ്വന്‍. ഈ പരസ്യപ്രഖ്യാപനം വര്‍ത്തമാന കേരളം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തികവും സാമൂഹികവും മാനസികവുമായ അസമത്വങ്ങളിലേക്കുള്ള ഒരു ചൂണ്ടുപലക കൂടിയാണ്. വിശ്വന്‍ സകുടുംബം മരിക്കുമോ ഇല്ലയോ? നമ്മുടെ ഉറക്കം കെടുത്തുന്ന ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ വിശ്വന്‍ ഇപ്പോള്‍ നമ്മോടൊപ്പം ലൈനിലുണ്ട്. ഇന്ത്യയുടെ 59ാം സ്വാതന്ത്യ്രദിനത്തില്‍ ഇത്തരം വിചിത്രമായ ഒരു ഭീഷണി യാഥാര്‍ഥ്യമായി തീര്‍ന്നാലുള്ള ഭവിഷ്യത്ത് എന്തായിരിക്കും, ഇതില്‍ ആരാണ് കുറ്റക്കാര്‍?..കേരളം ഉറ്റുനോക്കുന്ന ഈ പ്രശ്നത്തിന്റെ വിവിധ വശങ്ങളെപ്പറ്റി സംസാരിക്കുന്നതിനു വേണ്ടി പ്രമുഖ മനഃശാസ്ത്രജ്ഞനും സാമൂഹിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ.സി. നന്ദകുമാര്‍, വെള്ളൂര്‍ സഹകരണബാങ്ക് സെക്രട്ടറി മാധവന്‍ നായര്‍, നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് റിസര്‍ച്ച് ബ്യൂറോവിലെ ഉദ്യോഗസ്ഥന്‍ അലക്സ് പുന്നൂസ്, എന്നിവര്‍ നമ്മോടൊപ്പം സ്റ്റുഡിയോവിലും വിശ്വന്‍ കുണ്ടൂര്‍, അഡ്വക്കേറ്റ് ഫാത്തിമ ബീഗം എന്നിവര്‍ ടെലഫോണ്‍ ലൈനിലുമുണ്ട്. ന്യൂസ്ടൈം തുടരുന്നു. അതിനു മുമ്പ് ഒരിടവേള..''
നിങ്ങളുടെ സ്വപ്നഭവനം സാക്ഷാത്കരിക്കാന്‍ നിങ്ങളോടൊപ്പം ഞങ്ങളും.
മൂലൂര്‍ ടവേഴ്സ് ആന്റ് റെസിഡന്‍സി, ബെറ്റര്‍ ലൊക്കേഷന്‍സ്, ബെറ്റര്‍ ലൈഫ് സ്റ്റൈല്‍
ക്രിയേഷന്‍സ് ഫോര്‍ ജനറേഷന്‍സ്
''ന്യൂസ് ടൈം തുടരുന്നു. ശ്രീ വിശ്വന്‍ കുണ്ടൂര്‍, കേള്‍ക്കാമോ? യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചത്? നിങ്ങളുടെ കുടുംബപശ്ചാത്തലത്തെക്കുറിച്ചൊന്നു ചുരുക്കിപ്പറയാമോ?''
(സന്തോഷ് ഏച്ചിക്കാനം, കൊമാല, പേജ് 26, ഡി.സി. ബുക്സ് കോട്ടയം)
ഹുവാന്‍ റുള്‍ഫോവിന്റെ 'പെഡ്രോ പരാമോ' വായിക്കാത്ത നീയെന്ത് വായനക്കാരനാ എന്ന, സുഹൃത്തിന്റെ പുച്ഛം കലര്‍ന്ന പ്രചോദനത്തെ തുടര്‍ന്നാണ് കോളജ് പഠനകാലത്ത് കൊമാലയിലേക്ക് യാത്ര തിരിച്ചത്. മരിച്ചവര്‍ ജീവിച്ചിരിക്കുന്നവരുടെ ഇടങ്ങളിലേക്കു വന്ന് മുറിവുകള്‍ കഴുകുന്ന മാര്‍ക്വേസിന്റെ മക്കെന്‍ഡോവിലേക്കുള്ള വിഭ്രാമകമായ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയതേ ഉണ്ടായിരുന്നുള്ളൂ അപ്പോള്‍. റുള്‍ഫോവിന്റെ കൊമാല മാര്‍ക്വേസിന്റെ മക്കെന്‍ഡോ പോലെ വിസ്മയഭാവനയുടെ ഭൂമിക മാത്രമായിരുന്നില്ല. ഭൂമി വിട്ടകന്ന ആത്മാക്കളുടെ വിഹാരമേഖലയും ഒടുങ്ങാത്ത ജീവിതാസക്തികളുമായി ശരീരത്തിന്റെയും മനസ്സിന്റെയും ശാദ്വലങ്ങളില്‍ സുഖം തേടിയലയുന്നവരുടെ മേച്ചില്‍പുറങ്ങളും ഒരേ സമയം കൊമാലയില്‍ ഉണ്ടായിരുന്നു. മിഥ്യയും യാഥാര്‍ഥ്യവും അതിവിദഗ്ധമായി സമന്വയിക്കുന്ന ഭ്രമഭാവന.
റുള്‍ഫോവിന്റെ കൊമാലയില്‍നിന്ന് സന്തോഷ് ഏച്ചിക്കാനത്തിന്റെ കൊമാലയിലേക്ക് അധികം ദൂരമില്ല. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന മട്ടില്‍ കഴിയുന്നവരുടെ കൊമാലയായി കടംപെരുകി മനുഷ്യര്‍ ജീവനൊടുക്കുന്ന കേരളത്തെ അവതരിപ്പിക്കുകയാണ് സന്തോഷ്. മാധ്യമങ്ങളുടെ നിരാര്‍ദ്രവും നിര്‍വികാരവുമായ സമീപനത്തെ നിശിതമായി വിചാരണ ചെയ്യുകയായിരുന്നു അദ്ദേഹം ഈ കഥയിലൂടെ. എത്ര ക്രൂരമായ നിസ്സംഗതയോടെയാണ് സമകാലിക ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളുടെ ഇരയായി മരണം വരിക്കാനൊരുങ്ങുന്ന ഒരു മനുഷ്യനെ നമ്മുടെ മാധ്യമങ്ങള്‍ സമീപിക്കുന്നതെന്ന് ഈ കഥ ഓര്‍മപ്പെടുത്തി. കൊമാല കേവലം ഒരു കഥയുടെ പേരല്ല. ഒരു സാങ്കല്‍പികദേശത്തിന്റെ, ഭാവനാഭൂമിയുടെ പേരുമല്ല. അത് മനുഷ്യര്‍ പലകാലങ്ങളില്‍, പല ദേശങ്ങളില്‍, ജീവിതത്തിനും മരണത്തിനുമിടയില്‍ ചെന്നുപെടുന്ന ഒരവസ്ഥയുടെ സൂചകമാണ്.
ആമിര്‍ഖാന്‍ നിര്‍മിച്ച് അനുഷ റിസ്വി സംവിധാനം ചെയ്ത 'പീപ്ലി ലൈവ്' കണ്ടപ്പോള്‍ ആദ്യം മനസ്സിലേക്കു വന്നത് 'കൊമാല' എന്ന കഥയാണ്. പ്രമേയപരമായി ഈ രണ്ടു രചനകള്‍ക്കും പ്രകടമായ സാമ്യമുണ്ട്. കലാകാരന്മാര്‍ ഒരേ പോലെ ചിന്തിക്കുന്നതുകൊണ്ടുവന്ന സാദൃശ്യമാവാം. ഭാവനയുടെ ഒരേ സഞ്ചാരപഥങ്ങളില്‍ ഇരുവരും ഏതാണ്ട് ഒരേ സമയം അലഞ്ഞിരിക്കണം. 2006 ആഗസ്റ്റ് 15നാണ് 'കൊമാല' മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ അതിന്റെ ഇംഗ്ലീഷ് പരിഭാഷ കേന്ദ്ര സാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണമായ ഇന്ത്യന്‍ ലിറ്ററേച്ചറില്‍ വന്നു. എന്‍.ഡി.ടി.വി ജേണലിസ്റ്റായ അനുഷ റിസ്വി മൂന്നുനാലു വര്‍ഷങ്ങളോളം ഈ കഥ സിനിമയാക്കാനുള്ള അഭ്യര്‍ഥനയുമായി ആമീര്‍ഖാനെ സമീപിച്ചിരുന്നു. അത് യാഥാര്‍ഥ്യമായത് 2010ലാണെന്നു മാത്രം. അമേരിക്കയിലെ സണ്‍ഡാന്‍സ് ഫിലിംഫെസ്റ്റിവല്‍, ബെര്‍ലിന്‍ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ എന്നീ മേളകളില്‍ പ്രദര്‍ശിപ്പിച്ച ശേഷമാണ് ഈ ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യുന്നത്. വിദര്‍ഭയിലെ കര്‍ഷകര്‍ ഈ ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ശബ്ദമുയര്‍ത്തിയിരുന്നു. കര്‍ഷകരുടെ ജീവിതദുരിതങ്ങളെ ചിത്രം ലളിതവത്കരിക്കുന്നുവെന്നായിരുന്നു അവരുടെ ആരോപണം.
ഗൌരവമുള്ള ഒരു വിഷയം പറയാന്‍ ഗൌരവം വേണമെന്ന നിര്‍ബന്ധബുദ്ധി നമ്മുടെ ആര്‍ട്ട്ഹൌസ് സിനിമക്കാര്‍ ഉണ്ടാക്കിവെച്ച ഒന്നാണ്. അതിഭാവുകത്വം കലര്‍ന്ന നാടകീയമായ മെലോഡ്രാമകളായിരുന്നു ഇന്ത്യന്‍ ജീവിതപ്രശ്നങ്ങള്‍ പ്രമേയമായ നമ്മുടെ പനോരമച്ചിത്രങ്ങളെല്ലാം. കറുത്ത ഫലിതത്തിന്റെ നാനാര്‍ഥങ്ങള്‍ ഉപയോഗിച്ച് പ്രശ്നത്തിന്റെ തീക്ഷ്ണത അവതരിപ്പിക്കാനുള്ള സര്‍ഗാത്മകമായ ആര്‍ജവമുണ്ടായിരുന്നില്ല നമ്മുടെ പല ചലച്ചിത്രകാരന്മാര്‍ക്കും. അതുകൊണ്ടുതന്നെ സറ്റയര്‍ സിനിമ നമ്മുടെ സമാന്തരധാരയില്‍ വന്നതുമില്ല. ബാള്‍ക്കന്‍ മേഖലകളില്‍ യുദ്ധം തകര്‍ത്തെറിഞ്ഞ ജീവിതങ്ങളെക്കുറിച്ച് കുസ്തുറിക്ക എടുത്ത സിനിമകള്‍ ഓരോന്നും നോക്കുക. ഓരോ ഫ്രെയിമിലും ചിരിച്ചുലയാനുള്ള മരുന്നുണ്ടാവും. ആ ചിരിയിലൂടെയാണ് ഞെട്ടിക്കുന്ന യാഥാര്‍ഥ്യങ്ങളിലേക്ക് ചലച്ചിത്രകാരന്‍ നമ്മെ വലിച്ചണയ്ക്കുന്നത്. കരയുന്ന കുറേ കഥാപാത്രങ്ങളെ നിര്‍വികാരമായി കണ്ടിരിക്കുന്നതിനേക്കാള്‍ വികാരവിമലീകരണം സാധ്യമാക്കുക ഹാസ്യരസപ്രധാനമായ ആവിഷ്കാരം തന്നെയാണ്. ഫാഷിസത്തെക്കുറിച്ച് ചലച്ചിത്രചരിത്രം ഇന്നോളം കണ്ട ഏറ്റവും രൂക്ഷമായ ദൃശ്യപ്രസ്താവനയായ 'ദ ഗ്രേറ്റ് ഡിക്റ്റേറ്റര്‍' തന്നെ അതിന്റെ ഏറ്റവും മികച്ച ഉദാഹരണം.
സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്നു കരുതി സഹോദരന്റെ പ്രേരണയില്‍ ആത്മഹത്യക്കൊരുങ്ങുകയാണ് നാഥാ. ഈ വാര്‍ത്തയറിയുമ്പോള്‍ മാധ്യമങ്ങള്‍ ആ കുടിലിനു ചുറ്റും തമ്പടിക്കുന്നു. ലൈവ് റിപ്പോര്‍ട്ടുകളുമായി ഒരു മാധ്യമ സര്‍ക്കസിന് അവിടെ തുടക്കമാവുന്നു. പ്രഭാതകൃത്യത്തിനു പോവുന്ന നാഥായെപ്പോലും ക്യാമറക്കണ്ണുകള്‍ വെറുതെ വിടുന്നില്ല. ഇതിനിടെ ചാനല്‍ച്ചര്‍ച്ചകളുടെ പൊടിപൂരം. വ്യവസായവത്കരണമാണ് കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമെന്ന് നസിറുദ്ദീന്‍ ഷാ അവതരിപ്പിക്കുന്ന കേന്ദ്രകൃഷിമന്ത്രി. തെരഞ്ഞെടുപ്പ് അടുത്തതിന്റെ സാഹചര്യത്തില്‍ രാഷ്ട്രീയനേതാക്കളും വോട്ടുബാങ്ക് ലക്ഷ്യമിട്ട് അവിടേക്കു വരുന്നു. ഒടുവില്‍ പൊടിമൂടിയ ഒരു കണ്‍സ്ട്രക്ഷന്‍ സൈറ്റിലാണ് നാം നാഥായെ കാണുന്നത്. കൃഷിമന്ത്രി പറഞ്ഞതുപോലെ ഉപജീവനത്തിന് വ്യവസായവത്കരണത്തിന്റെ വഴിതന്നെ അയാള്‍ തേടുന്നു. സമീപകാലത്ത് കൃഷി വിട്ട് മറ്റു തൊഴിലുകളിലേക്കു മടങ്ങിയ കര്‍ഷകരുടെ സ്ഥിതിവിവരക്കണക്കുകള്‍ കാട്ടുന്ന വാചകത്തോടെ ചിത്രം അവസാനിക്കുന്നു. ബോളിവുഡ് ജനജീവിതത്തിന്റെ പ്രശ്നങ്ങളിലേക്ക് കണ്ണയക്കുന്നുവെന്നത് സ്വാഗതാര്‍ഹമായ ഒരു കാര്യമാണ്. അത് പതിവു പനോരമപ്പടങ്ങളുടെ വരണ്ട ആഖ്യാനമാവുന്നില്ല എന്നതും ആശ്വാസം പകരുന്നു. സമീപകാലത്ത് ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച കാസ്റ്റിംഗ് ഈ ചിത്രത്തില്‍ കാണാം. വരണ്ട ഗ്രാമങ്ങളിലെ വരണ്ട മനുഷ്യര്‍. ദൈന്യത മുറ്റിയ കണ്ണുകള്‍.
ഇംഗ്ലീഷ് ന്യൂസ്ചാനലുകളാണ് അനുഷ റിസ്വിയുടെ വിമര്‍ശനത്തിന് കൂടുതലും വിധേയമാവുന്നത്.അവരത് അര്‍ഹിക്കുന്നുണ്ടെന്നതും വാസ്തവം തന്നെ. ധോണിയുടെ വിവാഹത്തിന് പാപ്പരാസികള്‍ നടത്തിയ പടപ്പുറപ്പാട് നമ്മള്‍ കണ്ടതാണ്. കത്രീന കൈഫും സല്‍മാനും വേര്‍പിരിഞ്ഞത് അവര്‍ക്ക് ബ്രേക്കിംഗ് ന്യൂസ് ആയിരുന്നു. (അമൂല്യ എന്ന കന്നട നടിയുടെ ചുംബനം ഒരു ചാനല്‍ വാര്‍ത്തയാക്കിയത് കാണൂ. http://www.youtube.com/watch?v=brMUwHfQfUo&feature=related. നെഞ്ചിടിപ്പോടെയുള്ള ന്യൂസ്റീഡറുടെ വായനക്കൊപ്പം റിപ്പോര്‍ട്ടറുടെ ആവേശകരമായ വിവരണം കേള്‍ക്കൂ. എന്നിട്ട് ലജ്ജിച്ച് ലജ്ജിച്ച് തല താഴ്ത്തൂ.) എന്‍.ഡി.ടി.വി റിപ്പോര്‍ട്ടറായിരുന്ന അനുഷ സ്വന്തം തൊഴില്‍രംഗത്തെ ആത്മപരിശോധനക്കു പ്രേരിപ്പിക്കുന്ന വിധമാണ് വിചാരണ ചെയ്യുന്നത്.
ആമിര്‍ഖാന്‍ ഒരു സംഭവം തന്നെയാണ്. നമ്മുടെ താരരാജാക്കന്മാര്‍ കണ്ടു പഠിക്കണം. 1988 മുതല്‍ ബോളിവുഡിലെ മുന്‍നിര താരം. ദീപാമേത്തയുടെ 'എര്‍ത്തി'ല്‍ വേഷമിട്ട ശേഷം വ്യത്യസ്തമായ സിനിമകളിലേക്ക് ശ്രദ്ധ തിരിച്ചു. 2001ല്‍ ലഗാന്‍. ബോളിവുഡിന്റെ ദുഷ്പേരു മാറ്റിയ ചിത്രം. പിന്നീട് ദില്‍ ചാഹ്താ ഹൈ. ബോളിവുഡിന്റെ ചരിത്രത്തില്‍ അപ്പുറവും ഇപ്പുറവും എന്നു പറയാന്‍ ഒരു വിഭജനരേഖയായി മാറിയ ചിത്രം. 2005ല്‍ കേതന്‍ മേത്തയുടെ മംഗള്‍ പാണ്ഡേ. അടുത്ത വര്‍ഷം രാകേഷ് ഓംപ്രകാശ് മെഹ്റയുടെ രംഗ് ദേ ബസന്തി, 2007ല്‍ താരേ സമീന്‍ പര്‍, 2009ല്‍ ത്രീ ഇഡിയറ്റ്സ്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ മികച്ച ചിത്രങ്ങളില്‍ മാത്രം വേഷമിടുന്നു. 'പീപ്ലി ലൈവ്'പോലുള്ള വ്യത്യസ്തമായ ചിത്രങ്ങള്‍ നിര്‍മിക്കുന്നു. സൂപ്പര്‍താര പദവി വേണ്ട, സ്തുതിപാഠകര്‍ വേണ്ട. മാധ്യമങ്ങളുടെ വെള്ളിവെളിച്ചത്തില്‍നിന്ന് കഴിയുന്നതും അകന്നുനില്‍ക്കുന്നു.എപ്പോഴാണ് നമ്മുടെ താരങ്ങള്‍ ഇങ്ങനെ കെട്ടുകാഴ്ചകളില്‍നിന്ന്, പൊയ്ക്കാലുകളില്‍ കെട്ടിയുയര്‍ത്തിയ സൂപ്പര്‍പദവികളില്‍നിന്ന് മണ്ണിലിറങ്ങുക?
18 comments:
മലയാളത്തിലെ ഇറങ്ങിയ 'അച്ഛനുറങ്ങാത്ത വീട് 'എന്ന സിനിമ ആരുടെ കണ്ണ് തുറപ്പിച്ചു.മൃത ദേഹത്തെ പോലും അതും അല്പം കഥ പരന്ന പെണ്ണിന്റെ ആണെങ്കില്‍ കാമ കണ്ണുമായി നില്‍ക്കുന്ന മലയാളിയെ നമ്മള്‍ അതില്‍ കണ്ടില്ലേ?
ആമിറിന്റെ ഗജിനി പരാമര്‍ശിച്ചു കണ്ടില്ല.തമിഴില്‍ നിന്ന് ഹിന്ദിയിലേക്കും സൂര്യയില്‍ നിന്നും ആമിറിലേക്കും ഉള്ള ദൂരം ശ്രദ്ധിക്കാം
'ഗജിനി' ഞാന്‍ കണ്ടില്ല. തമിഴും ഹിന്ദിയും എങ്ങനെയോ വിട്ടുപോയതാണ്. വൈകാതെ കാണും. താരേ സമീന്‍ പര്‍, ത്രീ ഇഡിയറ്റ്സ് എന്നിവ പോലെ മുഖ്യധാരയില്‍ നിന്നു വേറിട്ടുനില്‍ക്കുന്ന ചിത്രമാണോ അത്?
കൊമാലയെ ആസ്പദമാക്കി ആയിരുന്നു ടി.കെ.രാജിവ്കുമാര്‍ സിനിമ (ഒരു നാള്‍ വരും) എടുക്കാന്‍ ഇരുന്നദ്.അങ്ങനെയെങ്കില്‍ ചാനെലുകാര്‍ക്ക് ഒരു breaking news കൂടി ആഖോഷിക്കാംമായിരുന്നു.
ദുരന്തം നടന്ന "ലേ" യിലേക്ക് പോയദും അതുപോലെ മികച്ച ചിത്രങ്ങളില്‍ അദ്ദേഹം ഭാഗമാകുന്നതം മലയാള സിനിമയിലെ ഓടി നടന്നഭിനയിക്കുന്ന ചില പൊട്ട കിണറ്റിലെ തവളകള്‍ കണ്ടുപടിക്കട്ടെ
Cinema Aamiril ninnum padikkanundu..
nannayi post
Best wishes
ഗൌരവമുള്ള ഒരു വിഷയം പറയാന്‍ ഗൌരവം വേണമെന്ന നിര്‍ബന്ധബുദ്ധി നമ്മുടെ ആര്‍ട്ട്ഹൌസ് സിനിമക്കാര്‍ ഉണ്ടാക്കിവെച്ച ഒന്നാണ്.
ശരിക്കും? അപ്പോൾ കൊടിയേറ്റവും കുമ്മാട്ടിയും ഒരിടത്തും ഡാനിയും?
ഗൗരവമുള്ള കാര്യം പറയാൻ ഗൊരവം തന്നെ അവലംബിച്ച ഒട്ടേറെ വിദേശചലചിത്രകാരന്മാരുമുണ്ടല്ലോ?
രഗ് ദേ ബസന്തിയും ത്രീ ഇഡിയറ്റ്സുമടക്കമുള്ള ആമീർ ചിത്രങ്ങൾ എങ്ങനെയാണ് മുഖ്യധാരാ ബോളിവുഡിൽ നിന്ന് വ്യത്യസ്ഥമായിരിക്കുന്നത് എന്നു കൂടി പറയാമോ?
ഈ അജ്ഞാതന്‍ ഇവിടെ ഉദ്ധരിച്ച ചിത്രങ്ങളില്‍ ഒരിടത്തും ഡാനിയും നര്‍മത്തിലൂടെയാണ് പ്രമേയപരിചരണം നടത്തുന്നത് എന്നതു ശരിതന്നെ. അപൂര്‍വമായ അപവാദങ്ങളല്ലേ അതൊക്കെ?. കൊടിയേറ്റവും കുമ്മാട്ടിയും ആ ഗണത്തില്‍ പെടുമെന്ന് എനിക്കു തോന്നുന്നില്ല. ഇങ്ങനെയുള്ള അപവാദങ്ങള്‍ നമ്മുടെ ആര്‍ട്ഹൌസ് സിനിമകളിലുണ്ട്, ഗൌരവമുള്ള വിഷയം പറയാന്‍ ഗൌരവമുള്ള ട്രീറ്റ്മെന്റ് സ്വീകരിച്ച വിദേശചലച്ചിത്രകാരന്മാരുമുണ്ട്. ആര്‍ട്ട്ഹൌസ് സിനിമകളുടെ പൊതുവായ പ്രമേയപരിചരണരീതിയെയാണ് സാമാന്യവത്കരിച്ച് ഞാന്‍ അങ്ങനെ പറഞ്ഞത്. പിന്നെ, രംഗ് ദ ബസന്തിയും ത്രീ ഇഡിയറ്റ്സുമടക്കമുള്ള ആമിര്‍സിനിമകള്‍ മുഖ്യധാരാബോളിവുഡില്‍നിന്ന് എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത് എന്ന് ഞാന്‍ വിശദീകരിക്കുന്നതിനേക്കാള്‍ നല്ലത് ആ സിനിമകള്‍ ഡി.വി.ഡി വാങ്ങി കണ്ടുനോക്കുന്നതാണ്. ഒപ്പം അതേ കാലയളവില്‍ ഇറങ്ങിയ മുഖ്യധാരാ ഹിന്ദിച്ചിത്രങ്ങള്‍ കൂടി സ്വയംശിക്ഷിച്ച് കാണാന്‍ ശ്രമിക്കുക. സ്വയംവിശദീകരിക്കുന്ന ഒരു വാചകത്തിന് ഇതില്‍പരം വിശദീകരണം ആവശ്യമില്ലല്ലോ.
nalla review
padam njan kandilla
amirkhan ishtapettathalle
nallathayirikkum ennurappu
ikkalathu buji jadakalillathe oru padam
manushyanu manassilakunna vidhathil irakkuka,
athuma manushyante yathartha prasnangale
samooham kaikaryam cheyyunathengane ennu
pachayayi paryunna reethiyil, ennathu pothuve
puthan malayali buji onthukalkku ishtapedilla.
karanam thannekondu cheyyan pattathathu
kanumbol......
pinne glsnostum peristrikkem avumbol avanavanu
polum manassilakanam enna nirbandham illallo?
സാമാന്യവത്കരണമാണെന്നും മനസ്സിലായി. എന്തിനാണു സാമാന്യവത്കരിച്ചതെന്നും മനസ്സിലായി. അതുകൊണ്ടുതന്നെയാണ് വേറിട്ടു നിൽക്കുന്ന ചിലത് ചൂണ്ടിക്കാണിച്ചത്.
രംഗ് ദേ ബസന്തിയും ത്രീ ഇഡിയറ്റ്സും ചില മുഖ്യധാരാ പടങ്ങളും കണ്ടതുകൊണ്ടുതന്നെയാണ്, ഇവ എങ്ങനെയാണു വ്യത്യാസപ്പെട്ടിരിക്കുന്നത് എന്ന് ചോദിച്ചത്. അങ്ങനെ പറയാനുള്ള ക്രൈറ്റീരിയ എന്താണ്? രാഷ്ട്രീയം, പ്രമേയം, പ്രമേയപരിചരണം, ആഖ്യാനഘടന? ഇതിലേതാണു സജീഷിന്റെ ക്രൈറ്റീരിയ?
മാനദണ്ഡം പ്രമേയവും അതിന്റെ പരിചരണവും തന്നെയാണ്. ആഖ്യാനഘടനയില്‍ വലിയ പൊളിച്ചെഴുത്തൊന്നും നടത്തുന്നില്ല ഈ ചിത്രങ്ങള്‍. പ്രമേയസ്വീകരണത്തിലും അതിന്റെ ട്രീറ്റ്മെന്റിലും ഇവ മറ്റു ബോളിവുഡ് സിനിമകളില്‍നിന്ന് വേറിട്ടു നില്‍ക്കുന്നു. പൊതുവെ ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ ആകുലതകള്‍ പങ്കിടുമ്പോഴും അതിന്റെ രാഷ്ട്രീയം അങ്ങേയറ്റം നിഷേധാത്മകമാവുന്നില്ല. നൂറ്റൊന്നാവര്‍ത്തിച്ച ബോളിവുഡിന്റെ ബോയ് മീറ്റ്സ് എ ഗേള്‍ ഫോര്‍മുലയില്‍നിന്നും മാറിച്ചിന്തിക്കുന്നു ഈ ചിത്രങ്ങളുടെ അണിയറശില്‍പികള്‍. പ്രമേയത്തിന്റെ കാര്യം നോക്കുകയാണെങ്കില്‍ 'ത്രീ ഇഡിയറ്റ്സ്'ഒക്കെ ഇന്‍സ്പിരേഷനല്‍ ബെസ്റ്റ് സെല്ലറുകളുടെ ഒരു ഫിക്ഷന്‍ രൂപം മാത്രമാണ്. പക്ഷേ ബോളിവുഡിന്റെ സാമ്പ്രദായിക ഭാവുകത്വത്തില്‍ ചില വെട്ടിത്തിരുത്തലുകള്‍ നടത്തി രചനാത്മകമായ അതിനെ മാറ്റിപ്പണിയുന്നുണ്ട് രാജ്കുമാര്‍ ഹിരാനി.
ഏതു കലാമാധ്യമവും ആസ്വാദകനെ കീഴടക്കുന്നത് മനസ്സിനെ സ്‌പര്‍ശിക്കുമ്പോഴാണ്.സിനിമയില്‍ കാണിയുടെ മനസ്സിനെ സ്വാധീനിക്കാന്‍ നടന്റെ/നടിയുടെ തിരഞ്ഞെടുപ്പിലെ നിലപാടിന് വലിയ പ്രസക്തിയുണ്ട്.പീപ്പീ ലൈവിലെ കാസ്റ്റിംഗ് ഏറെ നന്നായിട്ടുണ്ട്.
'അജ്ഞാതന്‍' തന്റെ മുന്‍വിധികളില്‍ നിന്നുകൊണ്ട് സംസാരിക്കുന്നതായിട്ടാണ് എനിക്കു മനസ്സിലായത്.
mukhyadharayil ninnulla veridal hindi films il chila amshangalil matrame arthavathavukayulloo.vyathyasthamennu thonnunna paricharanareethikal ulchernnu varunna pala cinemakalilum pathivu masalakal kalarunnathu kanam.'Fanaa' kandukanumallo.'Fanaa'yil chila vyathyasthathakal undennu paranjalum paattum premavum thirichariyalum ellam aavarthikkunnundu.ore vesham 2 pramukha nadanmariloode kazhchappedunnu ennathine mun nirthiyanu 'Ghajini'yekkurich paranjath.engane nokkiyalum mukhyadhara hindi cinema munkala apachayangalil ninnu kureyokke karakayariyittundennu parayam.paattiloode thirichariyunna sahodarangal{hum bhayi hein!},thrikonapremam,ottkkannulla villanmar...ingane tharam thana aavarthanangal kandu janam etreyo maduthittundu.Basu Chatterjeeyudeyum Sai Paranjapeyudeyum pala chitrangalum entertain cheyyunnathodoppam uyarnna jeevitha chinthakalum veekshanavum avatharippichirunnu enna vasthutha marakkan kazhiyilla.
ടീച്ചര്‍ പറഞ്ഞത് ശരിയാണ്. ചില അംശങ്ങളില്‍ വേറിട്ടു നില്‍ക്കുന്ന ചിത്രങ്ങള്‍ മറ്റുപല ഘടകങ്ങളിലും പതിവു വിജയസമവാക്യങ്ങളോട് സന്ധിയാവുന്നതു കാണാം. പാട്ടും നൃത്തവും പോലുള്ള ചേരുവകളില്‍ പ്രത്യേകിച്ചും. പക്ഷേ സിനിമ എന്നത് ഒരു കലാരൂപം ആയിരിക്കുമ്പോള്‍ തന്നെ അത് മൂലധനതാല്‍പര്യങ്ങള്‍ ഉള്ള ഒരു വ്യവസായം കൂടിയല്ലേ? ചലച്ചിത്രകലയെ സംബന്ധിച്ച അനിഷേധ്യമായ ഒരു ഇന്ത്യന്‍ യാഥാര്‍ഥ്യമല്ലേ അത്? വിപണിമൂല്യങ്ങള്‍ക്കു വേണ്ടി ചില ഒത്തുതീര്‍പ്പുകള്‍ അനിവാര്യമായി വരുന്നത് അപ്പോള്‍ സ്വാഭാവികം. കല ആത്മാവിഷ്കാരമാണെന്നൊക്കെ കലാവിമര്‍ശകര്‍ക്കു പറയാം. ഒരു കവിക്കോ കഥാകൃത്തിനോ ആത്മാവിഷ്കാരം സാധ്യമാവണമെങ്കില്‍ പേനയും കടലാസും മതി. പക്ഷേ സിനിമയുടെ കാര്യം അങ്ങനെയല്ലല്ലോ. ഒരു ലോ ബജറ്റ് മലയാള ചിത്രത്തിനുപോലും അറുപതു ലക്ഷം മിനിമം മുതല്‍മുടക്കുവരും. പീപ്പ്ലി ലൈവ് എന്ന ലോ ബജറ്റ് ബോളിവുഡ് ചിത്രത്തിന്റെ മുതല്‍മുടക്ക് പത്തുകോടിരൂപയാണ് എന്ന് വിക്കിപീഡിയ. (തിരിച്ചുകിട്ടിയത് 21 കോടി 28 ലക്ഷം) അപ്പോള്‍ സിനിമയില്‍ കലയും കച്ചവടവും തമ്മിലുള്ള അതിവിദഗ്ധമായ സമന്വയം അനിവാര്യമായി വരുന്നു.
മറ്റൊരു കാര്യം, പെട്ടെന്നുള്ള ഒരു ഭാവുകത്വവിച്ഛേദനത്തിന് പ്രേക്ഷകന്‍ മാനസികമായി സന്നദ്ധനായിരിക്കില്ല എന്നതാണ്. പടിപടിയായുള്ള വിച്ഛേദനങ്ങളിലൂടെ മാത്രമേ പ്രേക്ഷകന്റെ സംവേദനശേഷിയില്‍ പരിവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയൂ. അതുകൊണ്ട് അവന്‍ അനുശീലിച്ചുപോന്ന സാമ്പ്രദായികമായ ചില സംവേദനശീലങ്ങളെ തൃപ്തിപ്പെടുത്താന്‍ ചലച്ചിത്രകാരന്‍ നിര്‍ബന്ധിതനാവുന്നു. ആദ്യം ടീച്ചര്‍ സൂചിപ്പിച്ചതുപോലുള്ള ക്ലീഷേ പ്രമേയങ്ങളെ കുടഞ്ഞെറിയുക, പുതിയ കഥയും കഥാപശ്ചാത്തലങ്ങളും പരീക്ഷിക്കുക, പിന്നീട് പതുക്കെ പതുക്കെ ആഖ്യാനഘടനയെ അഴിച്ചു പണിയുക അങ്ങനെ gradual ആയ പടവുകളിലൂടെ മാത്രമേ പരീക്ഷണങ്ങളോട് വിമുഖത കാട്ടാത്ത ഒരു പ്രേക്ഷകസമൂഹത്തെ സാധ്യമാക്കാന്‍ കഴിയൂ. മേതില്‍ രാധാകൃഷ്ണന്‍ ഒരിക്കല്‍ മറ്റൊരു സന്ദര്‍ഭത്തില്‍ പറഞ്ഞത് ഇവിടെ യോജിക്കും: കല അത്ര വലിയ കലാപങ്ങളൊന്നും അനുവദിക്കുന്നില്ല. പലപ്പോഴും അതിന് വ്യാജകലാപങ്ങളും അര്‍ധകലാപങ്ങളുംകൊണ്ട് തൃപ്തിപ്പെടേണ്ടിവരുന്നു.
mooladhana thatparyamulla oru vyavasayam koodiyanu cinema ennathil oru tharkkavumilla.sajeeshinte abhiprayathodu poornamayum yojikkunnu.aatmavishkaram kavithayilo kadhayilo poleyalla cinemayil ennathum vasthavam.pakshe cinemayile aatmavishkarathinu bahuvidha maanangalalle ullath?aathyanthikamayi cinema aarude kalayanu?thirakkadhakruth,abhinethakkal,mattu kalakaranmar{sageetham,nrutham etc},cinematographer,editor,art director,pinne director ivarude ellam aatmavishkarathinte oru sathayalle cinema?methilinte pakshathe pinthudarnnukondu thanne,vyajamakanamennilla,ardhamayalum mathi,kalapathinte prasakthi nashtappedathirikkanam ennu chinthikkunnathilum valiya apakathayonnum illennu thonnunnu.
ശ്രീലത ടീച്ചറെ പോലെ ഞാനും ആഗ്രഹിക്കുന്നു, ദൃശ്യപരവും പ്രമേയപരവുമായ കലാപങ്ങള്‍ കൊണ്ട് കലുഷിതമായ ഒരു കലാലോകത്തെ. ലാറ്റിനമേരിക്കന്‍ സിനിമകള്‍ കണ്ട്, അതിലെ ഞെട്ടിക്കുന്ന പരീക്ഷണങ്ങള്‍ കണ്ട് വിസ്മയിച്ചിട്ടുണ്ട് പലപ്പോഴും. കൊച്ചുരാഷ്ട്രങ്ങളില്‍നിന്നുപോലും സംവേദനത്തിന്റെ പതിവുരീതികളെ, അംഗീകൃത കീഴ്വഴക്കങ്ങളെ ധിക്കരിക്കുന്ന, വിഷ്വല്‍ക്ലീഷേകളെ കുടഞ്ഞെറിയുന്ന പരീക്ഷണങ്ങള്‍ വരുന്നുണ്ട്. ഇന്ത്യന്‍ സിനിമ ഇപ്പോഴും ഉള്ളടക്കത്തിന്റെ കാര്യത്തിലായാലും ട്രീറ്റ്മെന്റിന്റെ കാര്യത്തിലായാലും ദൃശ്യകലാപങ്ങളോട് വിമുഖത കാണിക്കുന്നു എന്നതാണ് പ്രേക്ഷകര്‍ എന്ന നിലയില്‍ നമ്മുടെ ദുര്യോഗം.
സജീഷ് അർദ്ധവിപ്ലവമെന്നു വാഴ്ത്തുന്ന അമീർഖാൻ സ്കൂളിനെക്കുറിച്ച് വേറിട്ടൊരു നിരീക്ഷണം.
Aamir Khan school of thoughtlesness
അജ്ഞാതൻ മുൻവിധിയിൽ നിന്നു സംസാരിക്കുകയാണെന്നു പറഞ്ഞ സുസ്മേഷിനും വായിക്കാം.
കൊമാല മനോഹരമായ ഒരു സൃഷ്ടി തന്നെ. കുണ്ടൂര്‍ വിശ്വനിലൂടെ പറയുന്ന ആ കഥ അത്രയേറെ മനസ്സിനെ ആകര്‍ഷിച്ചതുമാണ്..
this night i spent with ur writings...thanks it was really worth reading..
Post a Comment