Saturday, February 20, 2010

ഒരു നോവുപാട്ടിന്റെ നേര്‍ത്തരാഗങ്ങളോര്‍ത്തുപോവുന്നു ഞാന്‍...


തെളിമലയാളം ആര്‍ക്കെങ്കിലും വല്ലാതെ വഴങ്ങിക്കൊടുക്കുന്നതു കാണുമ്പോള്‍ എനിക്ക് അവരോട് കടുത്ത അസൂയ തോന്നും. അങ്ങനെ എന്നില്‍ കുശുമ്പു ജനിപ്പിച്ച ഒരാള്‍ ഈയിടെ മലയാളത്തെ വിട്ടുപോയി. ഒരു പാഴ്ക്കിനാവിലുരുകുന്നൊരെന്‍ മനസ്സിന്റെ പാട്ടുകേട്ടുവോ എന്ന് ചോദിച്ചുകൊണ്ടേയിരുന്ന ഒരാള്‍.എന്റെ തലമുറയുടെ വികാരങ്ങളോടും വിഹ്വലതകളോടും കാവ്യഭംഗിയാര്‍ന്ന വരികളിലൂടെ അയാള്‍ സംസാരിച്ചിട്ടുണ്ട്. പുലരാന്‍ തുടങ്ങുമൊരു രാത്രിയില്‍ തനിയെ കിടന്നു മിഴി വാര്‍ക്കവേ ഒരു നേര്‍ത്ത തെന്നലലിവോടെ വന്നു നെറുകില്‍ തലോടി മാഞ്ഞുവോ എന്ന് ഉത്തരം നോക്കി നശിച്ചു കിടന്ന ഉറക്കമില്ലാത്ത രാത്രികളില്‍ എനിക്കും തോന്നിയിട്ടുണ്ട്. ഗിരീഷ് പുത്തഞ്ചേരി ഇല്ലായിരുന്നെങ്കില്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിന്റെ ഗാനശാഖ ശുഷ്കമാവുമായിരുന്നു. അനര്‍ഗളമായി പ്രവഹിച്ചിരുന്ന ഗംഗയായിരുന്നു അദ്ദേഹത്തിന്റെ കാവ്യഭാവന.
കുമ്പിളില്‍ വിളമ്പിയ പൈമ്പാലെന്നോര്‍ത്തു ഞാന്‍
അമ്പിളിക്കിണ്ണത്തെ കൊതിച്ചിരുന്നു
അന്നത്തെയന്തിയില്‍ അത്താഴപ്പാത്രത്തില്‍
അമ്മ തന്‍ കണ്ണീരോ തിളച്ചിരുന്നു എന്നു കേട്ടപ്പോള്‍ മഹത്തായ ഏതു കവിതക്കും ഒപ്പം നില്‍ക്കും ഈ ഗാനം എന്ന് ഞാന്‍ തീര്‍ച്ചപ്പെടുത്തി. ആഭിജാത്യത്തിന്റെ പൂണൂലും പാളത്താറും കൊണ്ടുനടക്കുന്ന വരേണ്യനിരൂപകര്‍ക്കു ആ വരികളിലെ വിങ്ങല്‍ മനസ്സിലാവില്ല. ഗിരീഷ് പുത്തഞ്ചേരി അനുഭവിച്ച ബാല്യം ഞാനറിഞ്ഞത് ആ വരികളിലാണ്. കോഴിക്കോടു നിന്ന് എന്റെ വീട്ടിലേക്കുപോവുന്ന വഴിയിലാണ് ഉള്ള്യേരി. ഉള്ള്യേരി പഞ്ചായത്ത് ഓഫീസില്‍ ആകെയുണ്ടായിരുന്ന മര്‍ഫി റേഡിയോവില്‍നിന്നാണ് ആദ്യമായി യേശുദാസിന്റെ ശബ്ദം കേള്‍ക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. കണികാണാന്‍ ഒരു റേഡിയോപോലുമില്ലാതിരുന്ന കുഗ്രാമത്തില്‍ നിന്നും വന്ന് തിരക്കിട്ട് കുറേ ജോലികള്‍ തീര്‍ത്തുവെച്ച് അയാള്‍ പോയി.
മൂവന്തിത്താഴ്വരയില്‍ വെന്തുരുകും വിണ്‍സൂര്യന്‍, അകലെ...അകലെ ആരോ പാടുന്നു ഒരു നോവുപാട്ടിന്റെ നേര്‍ത്തരാഗങ്ങള്‍, നീ ജനുവരിയില്‍ വിരിയുമോ? ജൂണിലെ നിലാമഴയില്‍ നാണമായ് നനഞ്ഞവളേ, കനകമുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍, കൈക്കുടന്ന നിറയെ തിരുമധുരം തരും, മുള്ളുള്ള മുരിക്കിന്മേല്‍ മൂവന്തി പടര്‍ത്തുന്ന, കണ്ണുനട്ടു കാത്തിരുന്നിട്ടും, ആരോ വിരല്‍ മീട്ടി തുടങ്ങിയ ആര്‍ദ്രമധുരമായ നിരവധി ഗാനങ്ങള്‍ തന്നിട്ടാണ് അദ്ദേഹം മടങ്ങിയത്. നമുക്കറിയാം ഗിരീഷ് എഴുതിയ 1500 ഗാനങ്ങളില്‍ പകുതിയും പതിരായിപ്പോയി. നിലവാരം കുറഞ്ഞ സിനിമക്ക് നിലവാരം കുറഞ്ഞ ഗാനങ്ങള്‍ മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളൂ. അതിന് കുറ്റം പറയേണ്ടത് ഗിരീഷിനെയല്ല. ഗിരീഷിലെ കവിയെ ആവശ്യമില്ലാതിരുന്ന കെട്ട കാലത്തെയും പൊട്ടപ്പടങ്ങളെയുമാണ്. സിനിമാഗാനങ്ങള്‍ ഒരര്‍ഥത്തില്‍ അപ്ലൈഡ് പോയട്രി ആണ്. ഒരവസരത്തിനുവേണ്ടി കൃത്യമായ ഈണത്തിനനുസരിച്ച് എഴുതേണ്ടത്. അതിലേക്ക് കവിതയെ വഴിനടത്തിക്കുക അത്ര എളുപ്പമല്ല. എന്നിട്ടും പലപ്പോഴും അത് ഗിരീഷിന് നിഷ്പ്രയാസം കഴിഞ്ഞു. ഭാഷ അയാള്‍ക്ക് ഒരു ചെറിയ പ്രതിരോധം പോലുമില്ലാതെ വഴങ്ങിക്കൊടുത്തു. പത്തുവയസ്സുള്ളപ്പോള്‍ ഇറയിലെ ചൂരല്‍ കാട്ടി ഭീഷണിപ്പെടുത്തി അച്ഛന്‍ പഠിപ്പിച്ച 'കുമാരസംഭവ'വും 'മാളവികാഗ്നിമിത്ര'വും 'വിക്രമോര്‍വശീയ'വും ഒക്കെ ആ മനസ്സില്‍ കിടന്നിരുന്നു. മുലപ്പാലിനൊപ്പം അമ്മയില്‍നിന്നു കിട്ടിയത് 'കല്യാണി'യും 'സിന്ധുഭൈരവി'യും 'സിംഹേന്ദ്രമധ്യമ'വും, 'യദുകുലകാംബോജി'യും, 'ഹംസനാദ'വും. പദസമ്പത്തും സംഗീതബോധവും അങ്ങനെ വന്നതാണ്.
കേരളീയ ജീവിതത്തില്‍ നിന്ന് കാവ്യബിംബങ്ങള്‍ കുടിയൊഴിഞ്ഞുപോയ കാലത്താണ് ഗിരീഷ് ഗാനരചനാരംഗത്ത് പ്രവേശിക്കുന്നത്. മലയാളിപ്പെണ്ണിന് കുടമുല്ലപ്പൂ ചൂടി നടക്കണമെങ്കില്‍ കോയമ്പത്തൂരില്‍നിന്നോ മേട്ടുപ്പാളയത്തില്‍നിന്നോ പാളയം മാര്‍ക്കറ്റില്‍ കൊണ്ടിറക്കുന്ന പൂക്കള്‍ വേണ്ടിവരുന്ന കാലം. നാരായണക്കിളി കൂടുപോലുള്ള നാലുകാലോലപ്പുരക്കു പകരം പത്തുനില ഫ്ളാറ്റ്സമുച്ചയങ്ങള്‍ ഉയര്‍ന്ന കാലം. നീരാടുവാന്‍ നിളയില്‍ ഓളങ്ങള്‍ക്കു പകരം മണല്‍ലോറികള്‍ മാത്രമുള്ള കാലം. ഈ അനുഭവ പ്രതിസന്ധി തന്നെ ആഴത്തില്‍ ബാധിച്ചിരുന്നുവെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളതാണ്. എന്നിട്ടും കാവ്യഭംഗിയാര്‍ന്ന കല്‍പനകളിലൂടെ അദ്ദേഹം നമ്മുടെ കാലത്തിന്റെ പ്രണയവും വിരഹവും ശോകഭാവങ്ങളും പകര്‍ത്തിവെച്ചു. തെളിയാതെ പൊലിയുന്ന തിരിനാളമേ, നിള പോലെ വരളുന്ന മമമോഹമേ എന്ന് അയാള്‍ വേദനയോടെ നമ്മുടെ കാലത്തെ നിളയെ എഴുതി.
1997ലെ ഏറ്റവും നല്ല ചലച്ചിത്രഗാന രചനക്കുള്ള സംസ്ഥാന അവാര്‍ഡു ലഭിച്ച 'പുനരധിവാസത്തിലെ കനകമുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍ ഒരു കുരുന്നുകുനു ചിറകുമായ് വരിക ശലഭമേ..എന്ന ഗാനം രചന കൊണ്ടും ലൂയിസ് ബാങ്ക്സിന്റെ സംഗീതംകൊണ്ടും മനസ്സിന്റെ വിലോലമായ തലങ്ങളില്‍ ചെന്നുതൊടുന്നു. ശ്യാമപ്രസാദിന്റെ 'അകലെ' ടെന്നസി വില്യംസിന്റെ ഗ്ലാസ് മെനാജറിയുടെ അനുകല്‍പനമായിരുന്നു. അതിനു വേണ്ടത് തനി നാടന്‍ മലയാളത്തിന്റെ ഗ്രാമ്യഭാവങ്ങളല്ല എന്നറിയാമായിരുന്ന ഗിരീഷ് എഴുതിയ മനോഹരമായ ആ പ്രണയ ഗാനം ഇങ്ങനെ.
നീ... ജനുവരിയില്‍ വിരിയുമോ
ഹിമമഴയില്‍ നനയുമോ
മെഴുകുപോല്‍ ഉരുകുമോ
ശിശിരമായ് പടരുമോ...?
മായാമയൂരത്തില്‍ വ്യത്യസ്തമായ ഒരു പ്രണയ കഥയാണ് സിബി മലയിലും രഞ്ജിത്തും ചേര്‍ന്നു പറഞ്ഞത്. അതില്‍ രഘുകുമാര്‍ ഈണം നല്‍കിയ
കൈക്കുടന്ന നിറയെ തിരുമധുരം തരും
കുരുന്നിളം തൂവല്‍ക്കിളിപ്പാട്ടുമായ്
ഇതളണിഞ്ഞ വഴിയിലൂടെ വരുമോ വസന്തം എന്ന ഗാനത്തിന്റെ വരികളില്‍ പ്രണയത്തിന്റെ മനോഹരമായ ഒരു വര്‍ണനയുണ്ട്.
ഉരുകും വേനല്‍പ്പാടം കടന്നെത്തുമീ
രാത്തിങ്കളായ് നീയുദിക്കേ
കനിവാര്‍ന്ന വിരലാല്‍ അണിയിച്ചതാരീ
അലിവിന്റെ കുളിരാര്‍ന്ന ഹരിചന്ദനം?
എന്തിലും ലേശം ശൃംഗാരം കണ്ടിരുന്ന വയലാറിന് വെണ്‍ചന്ദ്രലേഖ വിപ്രലംഭശൃംഗാര നൃത്തമാടാന്‍ വരുന്ന അപ്സരസ്ത്രീയായിരുന്നു. നാടന്‍പ്രണയഭാവങ്ങള്‍ മാത്രം നോക്കിക്കണ്ട ഭാസ്കരന്‍മാഷിന് അത്, പതിവായി പൌര്‍ണമി തോറും പടിവാതിലിനപ്പുറമെത്തി കണിവെള്ളരി കാഴ്ചവെക്കുന്ന കനകനിലാപ്പെണ്‍കൊടിയായിരുന്നു. ഗിരീഷിന് അത് മനസ്സിനെ തപിപ്പിച്ച വേദനകളുടെ വേനല്‍ കടന്നുവന്ന് രാത്തിങ്കളായി മുന്നിലുദിച്ച പ്രണയിനി കനിവാര്‍ന്ന വിരല്‍ കൊണ്ടുതൊട്ടപ്പോള്‍ മനസ്സില്‍ കുളിര്‍നിറച്ച ഹരിചന്ദനമായിരുന്നു.
തൊണ്ണൂറുകളിലെ ഏറ്റവും മനോഹരമായ പ്രണയഗാനങ്ങള്‍ പലതും ഗിരീഷിന്റേതാണ്.
മിഴികളില്‍ കുറുകുന്ന പ്രണയമാം പ്രാവിന്റെ
ചിറകുകള്‍ മെല്ലെപ്പിടഞ്ഞതാവാം
താനേ തുറക്കുന്ന ജാലകച്ചില്ലില്‍
നിന്‍തെളിനിഴല്‍ച്ചിത്രം തെളിഞ്ഞതാവാം എന്ന 'കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാല'ത്തിലെ ഗാനം ഓര്‍ക്കുക.
നിനക്കെന്റെ മനസ്സിന്റെ മലരിട്ട വസന്തത്തിന്‍
മഴവില്ലു മെനഞ്ഞു തരാം
മിഴിക്കുള്ളിലെരിയുന്ന നറുതിരിവെളിച്ചത്തിന്‍
ഒരു തുള്ളി കവര്‍ന്നു തരാം (ഗ്രാമഫോണ്‍)
താരാംബരം പൂക്കും തളിര്‍മിഴിയില്‍
നിന്റെ താരണിവേണി തന്‍ ചുരുളിഴയില്
‍മേടനിലാവിന്റെ പൂമ്പീലിയണിയിക്കും
മാരചന്ദ്രോദയം കണികണ്ടു ഞാന്‍(കിന്നരിപ്പുഴയോരം)
പാഴിരുള്‍ വീഴുമീ നാലുകെട്ടില്‍ നിന്റെ
പാദങ്ങള്‍ തൊട്ടപ്പോള്‍ പൌര്‍ണമിയായ്
നോവുകള്‍ മാറാല മൂടും മനസ്സിന്റെ
മച്ചിലെ ശ്രീദേവിയായീ(ഈ പുഴയും കടന്ന്)
ഒരു മുളം തണ്ടായ് നിന്‍ ചുണ്ടത്തെ നോവുന്ന പാട്ടിന്റെ
ഈണങ്ങള്‍ ഞാനേറ്റു വാങ്ങാം(കന്മദം)
കാവിനകത്തൊരു കാര്‍ത്തികസന്ധ്യയി
ലന്നൊരു കൈത്തിരിവെച്ചു മടങ്ങിവരുംവഴി
പിന്നിമെടഞ്ഞിടുമാ മുടി, ഒന്നു തലോടി
യൊരുമ്മ കൊടുത്തു കടന്നുകളഞ്ഞൊരു
കള്ളനെ നുള്ളിയതിന്നലെയെന്നതുപോലെ
മനസ്സില്‍ തെളിയുന്നു
കൈവള ചാര്‍ത്തിയ കന്നിനിലാവിന്
കോടികൊടുത്തൊരു രാത്രിയിലന്നൊരി
ലഞ്ഞിമരത്തണലത്തു കിടന്നൊരു പാട്
കടംകഥ ചൊല്ലിയ നമ്മുടെ കൊച്ചുപിണക്കവു
മെത്രയിണക്കവുമിന്നലെയെന്നതുപോലെ മനസ്സില്‍ തെളിയുന്നു(മേഘം)
പാട്ടുകേട്ടിട്ടല്ല സത്യത്തില്‍ ഞാന്‍ അദ്ദേഹത്തിന്റെ ആരാധകനായത്. വയലാറിന്റെയും ഭാസ്കരന്‍ മാഷിന്റെയും പാട്ടുകള്‍ ഓര്‍ത്തുപാടി അവയിലെ കാവ്യകല്‍പനകളെ അസാമാന്യമായ ഭാഷാബോധമുള്ള അധ്യാപകനെപ്പോലെ ഇഴപിരിച്ചു പറയുന്ന 'പാട്ടിന്റെ പൂവരങ്ങ്'എന്ന കൈരളി ടി.വിയിലെ പരിപാടി മുടങ്ങാതെ കണ്ടപ്പോഴാണ്.പൂര്‍വസൂരികളുടെ കാല്‍പാടുകള്‍ ആദരവോടെ അദ്ദേഹം പിന്തുടര്‍ന്നു. രാത്രിലില്ലികള്‍ പൂത്ത പോലൊരു മാത്രയീ മിഴി മിന്നിയോ എന്ന വരിയിലെവിടെയോ ഇറങ്ങിനിന്ന് ഭാസ്കരന്‍ മാഷ് ഗിരീഷിന്റെ നെറുകയില്‍ തൊടുന്നത് ഞാന്‍ കണ്ടു. മുണ്ടകപ്പാടത്തെ മുത്തും പവിഴവും കൊയ്യാനെത്തണ പ്രാവാണ്, വെള്ളിച്ചിലമ്പിട്ട് തുള്ളിക്കളിക്കണ കണ്ണാടിപ്പുഴച്ചേലാണ് എന്ന 'മനസ്സിനക്കരെ'യിലെ വരികള്‍ കേട്ടപ്പോള്‍ നാട്ടുമൊഴികളുടെ വഴക്കം മാഷ് ഗിരീഷിനെ പാടിപ്പഠിപ്പിക്കുന്നത് കടുത്ത അസൂയയോടെ ഞാന്‍ നോക്കിനിന്നു. കനകമണിക്കാപ്പണിയും കന്നിനിലാവേ നിന്റെ കടക്കണ്ണിലാരെഴുതി കാര്‍നിറക്കൂട്ട്, ആറ്റിറനമ്പിലൂടെ മന്ദം നടന്നടുക്കും ഞാറ്റുവേലപ്പെണ്‍കിടാവേ നീയാരോ എന്നൊക്കെ ഗിരീഷ് എഴുതുമ്പോള്‍ പാട്ടില്‍ തനിമലയാളത്തിന്റെ തെളിച്ചം. അക്ഷരങ്ങളുടെ മഹാഗുരുക്കന്മാരെ പ്രണമിച്ച് ഭാഷയുടെ ആരൂഢം പിഴക്കാതെ ഉറപ്പിച്ച ഇളമുറക്കാരന്റെ ആത്മവിശ്വാസം.
വയലാറിനെ ഓര്‍മിപ്പിക്കുന്ന വിധം ശൃംഗാരഭാവമുള്ള പ്രണയവര്‍ണനകള്‍ പുത്തഞ്ചേരിയുടെ രചനകളിലും കാണാം. അവിടെ മാംസനിബദ്ധം തന്നെയാണ് രാഗം പലപ്പോഴും. കാമുകന്‍ പ്രണയിനിയുടെ ചുണ്ടിലെ പനനൊങ്കില്‍നിന്ന് പാല്‍ കറന്നെടുക്കുന്നു, മുടിച്ചുരുളില്‍ മൂടിപ്പുതച്ചിരിക്കുന്നു, മാറിലെ മറുകിലും മാറിലെ മായാചന്ദനപ്പൊട്ടിലും വിവശനായി തൊടുന്നു. മഴത്തഴപ്പായ നീര്‍ത്തി വിളിക്കാത്തതില്‍ അവള്‍ പരിഭവിക്കുന്നു.
പൊട്ടുതൊട്ട നിന്‍ പട്ടുനെറ്റിയിലുമ്മ വെച്ചോളാം
പവിഴച്ചുണ്ടിലെ പനനൊങ്കിലെ പാല്‍ കറന്നോളാം,
നിന്റെയുള്ളില്‍ തുള്ളിത്തൂവും കുഞ്ഞുവെള്ളിക്കിണ്ണത്തില്‍ നീ
കാച്ചിവെക്കും ചെല്ലപ്പൈമ്പാല്‍ ഞാന്‍ കുടിച്ചോട്ടെ,
മുല്ലമുടിച്ചുരുളില്‍ മുകിലായി
ഒന്നുമൂടിപ്പുതച്ചിരുന്നാല്‍ മതിയായി
ഈറന്‍ മാറും എന്‍ മാറില്‍ മിന്നും
ഈ മാറാ മറുകില്‍ തൊട്ടീലാ
ചുരുള്‍ മുടിച്ചൂടിനുള്ളില്‍ നീയൊളിച്ചീലാ
മഴത്തഴപ്പായ നീര്‍ത്തി നീ വിളിച്ചീലാ,
നിന്റെ മാറിലെ മായാചന്ദനപ്പൊട്ടെനിക്കല്ലേ
മുറുകി നില്‍ക്കുന്ന നിന്റെ യൌവനം
രുദ്രവീണയായ് പാടുന്നോ
നീ ദേവശില്‍പമായ് ഉണരുന്നോ?
അസാധാരണമായ കാവ്യഭംഗിയോടെയാണ് അദ്ദേഹം ശോകഗാനങ്ങള്‍ എഴുതിയത്.
മൂവന്തിത്താഴ്വരയില്‍ വെന്തുരുകും
വിണ്‍സൂര്യന്‍ മുന്നാഴിച്ചെങ്കനലായ്
നിന്നുലയില്‍ വീഴുമ്പോള്‍... (കന്മദം)
മുള്ളുള്ള മുരിക്കിന്മേല്‍
മൂവന്തി പടര്‍ത്തുന്ന മുത്തുപോലെ
തുടുത്തൊരു പനിനീരേ..
മാടപ്പിറാവിന്റെ മനസ്സുള്ള നിന്റെ മാറില്‍
മൈലാഞ്ചിച്ചോര കൊണ്ട് വരഞ്ഞതാരേ? (വിലാപങ്ങള്‍ക്കപ്പുറം)
മനസ്സിന്‍ മണിച്ചിമിഴില്‍ വെറുതെ പെയ്തു നിറയും
രാത്രിമഴയായോര്‍മകള്‍ (അരയന്നങ്ങളുടെ വീട്)
അമ്മമഴക്കാറിനു കണ്‍ നിറഞ്ഞു,
ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞൂ. (മാടമ്പി)
വെണ്ണിലാവു പോലും നിനക്കിന്നെരിയും വേനലായി
വര്‍ണരാജി നീട്ടും വസന്തം വര്‍ഷശോകമായി
നിന്റെയാര്‍ദ്ര ഹൃദയം തൂവല്‍ച്ചില്ലുടഞ്ഞ പടമായി
ഇരുളില്‍ പറന്നു മുറിവേറ്റു പാടുമൊരുപാവം
തൂവല്‍ക്കിളിയായ് നീ...(പ്രണയവര്‍ണങ്ങള്‍)
തുടുവിരലിന്‍ തുമ്പാല്‍ നിന്‍ തിരുനെറ്റിയിലെന്നെ നീ
സിന്ദൂരരേണുവായണിഞ്ഞിരുന്നു
തുടിയായ് ഞാനുണരുമ്പോള്‍, ഇടനെഞ്ചില്‍ നീയെന്നും
ഒരു രുദ്രതാളമായ് ചേര്‍ന്നിരുന്നു.(രാവണപ്രഭു)
കോഴിക്കോട്ടെ വേദികളില്‍ പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും ഒരിക്കല്‍ മാത്രമേ ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചിട്ടുള്ളൂ. എന്റെ വിവാഹദിവസം ആശിര്‍വാദ് ലോണ്‍സിലെ വേദിയിലേക്കു കടന്നുവന്ന് ആശംസകള്‍ എന്നു പറഞ്ഞ് ചിരിച്ചുകൊണ്ട് എനിക്കു നേരെ കൈനീട്ടി കല്യാണപ്പെണ്ണിനെ ചൂണ്ടി ''നമ്മുടെ കുട്ടിയാ ട്ടോ'' എന്നു പറഞ്ഞു. കല്യാണത്തിന്റെ തലേദിവസം ഭാര്യയുടെ വീട്ടില്‍ വന്നപ്പോള്‍ ''ഗിരീഷ് അങ്കിള്‍ നാളെ വരില്ലേ'' എന്നു ചോദിച്ച അവളോട് ''നാളെ വരാന്‍ പറ്റില്ല. അതോണ്ടല്ലേ ഇന്നു വന്നത്''എന്നു പറഞ്ഞുവെങ്കിലും പിറ്റേന്നും വന്നു.
പിന്നീട് പലപ്പോഴും കേട്ടിട്ടുണ്ട്. തീരെ സുഖമില്ല. പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നത് അദ്ദേഹം അറിഞ്ഞിരുന്നുവോ?നെഞ്ചിലെ പിരിശംഖിലെ തീര്‍ഥമെല്ലാം വാര്‍ന്നുപോയ ആ ശരീരം കോഴിക്കോട് ടൌണ്‍ഹാളില്‍ പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍ രഘുവേട്ടന്‍ വിളിച്ചു. ''നീ വരുന്നോ?'' ഞാന്‍ പറഞ്ഞു, ''ഇല്ല.'' പകരം അദ്ദേഹം എഴുതിയ ഒരു പാട്ടിന്റെ വരികള്‍ ഓര്‍ത്തു.
നിഴല്‍ വീഴുമെന്റെയിടനാഴിയില്‍
കനിവോടെ പൂത്ത മിഴിദീപമേ
ഒരു കുഞ്ഞുകാറ്റിലണയാതെയീ
തിരിനാളമെന്നും കാത്തിടാം.

11 comments:

വി. കെ ആദര്‍ശ് said...

അസാധാരണ പദസമ്പത്തിന്റെ ഉടമയായിരുന്നു ഗിരീഷ് പുത്തഞ്ചേരി.
സജീഷിന്റെ കുറിപ്പ് പാട്ടിന്റെ പാലാഴിയിലൂടെ ഒരു യാത്രയായി. ഈ വിടവ് നികത്താന്‍ നമുക്കാരുമില്ല. പഞ്ചനക്ഷത്ര,പാര്‍ട്ടി....കവികളുടെ മുന്നില്‍ ഈ മനുഷ്യന്‍ ഇവിടെ ജീവിച്ചത് അസമാന്യമായ രചനാ വൈഭവം കൊണ്ടുമാത്രമാണ്.

നഗ്നന്‍ said...

നല്ലൊരു കവിത കൊഴിഞ്ഞുപോയി.

Sijith said...

വീണുടഞ്ഞ സുര്യകിരീടത്തിനു എന്റെ പ്രണാമം...
എന്റെ പ്രിയ ഗാനരചയിതാവ് ഇനി എഴുതി കൊതിപ്പിച്ച വരികളിലൂടെ ജീവിയ്ക്കും...
-കുട്ടന്‍സ്‌

Bachoo said...

really a good tribute!

ഇബ്രാഹിം ചമ്പക്കര said...

അര്‍ഥമില്ലാത്ത പദങ്ങളുടെ സഞ്ചയങ്ങളായിരുന്നു അദ്ദേഹത്തിന്റെ ചില പാട്ടുകളെങ്കില്‍ മറ്റു ചിലത് ഹൃദയത്തില്‍ തട്ടും വിധം അര്‍ഥസന്ബുഷ്ടമായിരുന്നു. അങ്ങനെ സംഭവിച്ചത് താളത്തിനനൂസരിച്ച് എഴുതിയത് കൊണ്ടാകും. എന്തായാലും ശരത്ചന്ദ്രവര്‍മയെക്കാള്‍ വളരെ ഭേദം. നികത്താനാവാത്ത നഷ്ടം തന്നെ അദ്ദേഹത്തിന്റെ വിയോഗം.

ഏറുമാടം മാസിക said...

kaneerode pranaam

രാജേഷ്‌ ചിത്തിര said...

nannayi sajeesh...

ee ormakkurippu!

Bijuraj said...

nice. really.

Dhanush | ധനുഷ് said...

ഹൃദ്യമായ ഓര്‍മ്മകുറിപ്പ്. മലയാളസിനിമയ്ക്ക് ഈയിടെയായി നഷ്ടങ്ങളുടെ പെരുമഴയാണല്ലോ :(

അഭിലാഷങ്ങള്‍ said...

സജീഷ്, വളരെ നന്നായി ഈ കുറിപ്പ്...

ഗിരീഷ് പുത്തഞ്ചേരി എന്നും ജീവിച്ചിരിക്കും, അദ്ദേഹത്തിന്റെ വരികളിലൂടെ. ഒരായിരം മനോഹരഗാനങ്ങള്‍ മലയാളികള്‍ക്കായ് സമ്മാനിച്ച ആ അതുല്യപ്രതിഭയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് ഫംങ്ങ്ഷനില്‍ ബെസ്റ്റ് ലിറിസിസ്റ്റ് അവാഡ് ഏറ്റുവാങ്ങിയശേഷം വേദിയില്‍ അദ്ദേഹം പറഞ്ഞ വാചകങ്ങള്‍ കടമെടുത്താല്‍: “നന്ദി പറയുന്നില്ല. കാരണം, അത് പറഞ്ഞുതീര്‍ക്കാനുള്ളതല്ല, അത് മനസ്സില്‍ സൂക്ഷിക്കാനുള്ളതാണ്!!”

-അഭിലാഷങ്ങള്‍

ലേഖാവിജയ് said...

തെളിമലയാളം ആര്‍ക്കെങ്കിലും വല്ലാതെ വഴങ്ങിക്കൊടുക്കുന്നതു കാണുമ്പോള്‍ എനിക്ക് അവരോട് കടുത്ത അസൂയ തോന്നും.
എനിക്കു താങ്കളോടും അതേ അസൂയ.

Post a Comment